നൃത്തം ചെയ്യുന്ന, മഴവില്ലിന്‍റെ നിറമുള്ള ദൈവം

നൃത്തം ചെയ്യുന്ന, മഴവില്ലിന്‍റെ നിറമുള്ള ദൈവം


വി.ജി. തമ്പി

പ്രളയാനന്തരം പുതിയ കേരളത്തെ നാമെങ്ങനെയാണ് നിര്‍മ്മിക്കാന്‍ പോകുന്നത്? നവകേരളം എന്ത്, എങ്ങനെ എന്നതിനെക്കുറിച്ച് നമുക്കെന്തെങ്കിലും വ്യക്തതയുണ്ടോ? ഈ പ്രളയം എത്രകാലം നമ്മുടെ ഓര്‍മ്മകളിലുണ്ടാകും? പ്രളയം ഒഴുക്കിക്കൊണ്ടുപോയ പലതും നമുക്കിനി ആവശ്യമില്ല. തിരിച്ചുപോകേണ്ടത് പഴയ വീടുകളിലേക്കല്ല എന്ന പാഠഭേദത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി. മണ്ണിനോടും പ്രകൃതിയോടും പുലര്‍ത്തിയ അവിവേകങ്ങള്‍, അത്യാചാരങ്ങള്‍, ആസകലമുള്ള ഉപഭോഗാര്‍ത്ഥികള്‍, വികലമായ ഭൂവിനിയോഗങ്ങള്‍, വികസനമിഥ്യകള്‍, പഴകിയ വാസനകള്‍, മുന്‍വിധികള്‍, അപരത്വനിര്‍മ്മിതികള്‍, വ്യാജ സദാചാരം, ജാതിപ്പോര്, സ്ത്രീവിരുദ്ധത, കീഴാളവിവേചനങ്ങള്‍… അങ്ങനെ എത്രയോ മാലിന്യങ്ങള്‍ ഈ പ്രളയം ഒഴുക്കിക്കളയേണ്ടതായിരുന്നു.

പ്രളയം തകര്‍ത്ത മതിലുകളെല്ലാം തിരിച്ച് അതേ സ്ഥാനത്ത് കൂടുതല്‍ ആഴത്തില്‍ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ജാതി തിരിഞ്ഞുള്ള ഭിന്നിപ്പുകളും തെറികളും പൂര്‍വ്വാധികം ശക്തമായി. പെണ്‍പീഡനങ്ങള്‍ ഒളിവിലും മറവിലും അല്ലാതെ തന്നെ തെളിഞ്ഞുവന്നു. വ്യാജസദാചാരങ്ങളുണ്ടാക്കി ആള്‍ക്കൂട്ടക്കൊലവിളികള്‍ കൂടി വരുന്നു. മതങ്ങള്‍ വെറുപ്പും അകല്‍ച്ചയും സൃഷ്ടിച്ച് വര്‍ഗ്ഗീയത പടര്‍ത്തുന്നതില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള ഒരു വാര്‍പ്പു മാതൃകയും പ്രളയം കൊണ്ടുപോയില്ല. പഴകി തുരുമ്പിച്ച മലയാളിയുടെ യാഥാസ്ഥിതികത്വങ്ങള്‍ക്കെല്ലാം പൊതു മാന്യത വര്‍ദ്ധിക്കുന്നു. സത്യത്തില്‍ നവകേരള നിര്‍മ്മിതി എന്നതു തന്നെ നുണകള്‍ക്കുമേല്‍ കെട്ടിപ്പൊക്കുന്ന നമ്മുടെ വ്യാജബോധമല്ലേ?

സര്‍ക്കാരും ദേശാന്തര ഏജന്‍സികളും നവകേരള നിര്‍മ്മിതിയുടെ ആശയങ്ങളും നയങ്ങളും കെട്ടിയിറക്കുന്നുണ്ട്. സത്യത്തില്‍ ജനങ്ങള്‍, അവരുടെ നിശ്ചയങ്ങള്‍, വിമര്‍ശനങ്ങള്‍, മനോഭാവങ്ങള്‍, മുന്‍ഗണനകള്‍, പരിഗണനകള്‍, ഉത്തരവാദിത്വങ്ങള്‍ അതേക്കുറിച്ച് ആരെങ്കിലും അന്വേഷിച്ചുവോ? അഴിച്ചുപണിയലുകള്‍ സ്വന്തം തൊലിക്കുള്ളില്‍ നിന്നുതന്നെ തുടങ്ങണം. ആഗ്രഹങ്ങളില്‍, ലൈംഗികതയില്‍, രുചികളില്‍, വിശ്വാസങ്ങളില്‍ അങ്ങനെ എത്രയോ സൂക്ഷ്മാനുഭവങ്ങളില്‍ വീട്ടില്‍നിന്നു തന്നെ തിരുത്തലുകള്‍ തുടങ്ങണം. ഒരുമയുടെ ഓര്‍മ്മകളെ ദൃഢമാക്കാനുള്ള സൂക്ഷ്മശ്രമങ്ങളുണ്ടാകണം.

ഇതിനെല്ലാം അടിസ്ഥാനം പുതിയൊരു വിചാരമാതൃകയാണ്. പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ ആസകലം മഴ നനഞ്ഞു നില്‍ക്കുന്ന ദൈവത്തെക്കുറിച്ച് ഒരാലോചന ആവശ്യമാണെന്നു തോന്നുന്നു. ദൈവവിമര്‍ശനത്തില്‍നിന്നും മത വിമര്‍ശനത്തില്‍നിന്നും ആരംഭിക്കേണ്ട ഒന്നാണ് സമൂഹപരിവര്‍ത്തനം.

നമ്മുടെ മത-ദൈവവിശ്വാസങ്ങളുടെ ഉറ കെട്ടുപോയി. വിമോചിപ്പിക്കുന്നതിനെയാണ് വിശ്വാസമെന്ന് നിര്‍വചിക്കേണ്ടത്. പകരം വിശ്വാസം അന്ധവും അടഞ്ഞതുമായി. മതങ്ങള്‍ അവന്‍റെ നിസ്സഹായമായ ചുമലുകളില്‍ അധികാരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും വലിയ നുകങ്ങള്‍ കെട്ടിവയ്ക്കുന്നു. മതത്തിന്‍റെ സഹജഭാവമാകേണ്ട ആത്മീയമുഖമാണ് അതിന് നഷ്ടപ്പെട്ടിരിക്കുന്നത്.

കത്തോലിക്കാമതത്തെ നോക്കൂ. പുറംപോക്കുകളില്‍ ജീവിക്കുന്ന നിസ്വരും ദരിദ്രരുമായ ജനതയുടെ നീതിയുടെ ആത്മാവിഷ്കാരമായി വളര്‍ന്നുവന്ന മതമായിരുന്നു അത്. ഇന്നത് പൗരോഹിത്യത്തിന്‍റെ ആണധികാരം കൊണ്ടും ആചാരങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍കൊണ്ടും സാമ്പത്തിക ആര്‍ഭാഡതകള്‍ക്കൊണ്ടും നീതിബോധം വറ്റിയ ജനാധിപത്യവിരുദ്ധമായ ഒരു സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്നു. ദരിദ്രന്‍റെ സുവിശേഷം സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും സുവിശേഷമായി മാറുന്നു. കീഴാളരെ കുറിച്ചും അവഗണിതരെ കുറിച്ചും ഒരു വേവലാതിയും ഇല്ല. പുറംപോക്കിലുള്ളവര്‍ക്ക് അഭയമാകാന്‍ കഴിയുന്നില്ലെങ്കില്‍ അത് എന്തു ക്രിസ്തുപാതയാണ്? ഭൂമിയിലെ ഏറ്റവും ദരിദ്രരായവര്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാടുകളും നീതിക്കുവേണ്ടിയുള്ള നിലവിളിയും പോരാട്ടവും ആവിഷ്കരിക്കേണ്ട ഒരു മതമാണിങ്ങനെ ആന്തരികമായി ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നതെന്നോര്‍ക്കുക.

വാക്കിലും പെരുമാറ്റങ്ങളിലും നിലപാടുകളിലുമെല്ലാം സഭ സുതാര്യവും ലളിതവും നീതിനിഷ്ഠവുമാകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ തന്നെയാണ് ഈ സഭ ഇന്ന് ആദ്യം റദ്ദു ചെയ്യുന്നത്. ലോകത്തെ എല്ലാ നുണകളില്‍നിന്നും മോചിപ്പിക്കേണ്ട മതം നുണകള്‍ക്കു മേല്‍ അധികാരസാമ്രാജ്യങ്ങള്‍ ഉണ്ടാക്കുകയാണ്. കാലഹരണപ്പെട്ട കാനോന്‍ചട്ടങ്ങള്‍ക്കുവേണ്ടി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. യഥാര്‍ത്ഥ ദൈവത്തെ ഇല്ലാതാക്കിയിട്ട് തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുന്ന ഒരു അദൈവത്തെയാണ് ദേവാലയങ്ങളില്‍ ആരാധിക്കുന്നത്. ദസ്തെ യോവ്സ്കിയുടെ കരമസോവ് സഹോദരന്മാരില്‍ മതദ്രോഹ വിചാരണ ചെയ്യുന്ന കര്‍ദ്ദിനാള്‍ യേശുവിനെ പുറത്താക്കുന്ന ഒരു രംഗമുണ്ട്. യേശു വന്നാല്‍ അവരുടെ കാര്യങ്ങള്‍ നടക്കില്ല. ചാട്ടവാറിന്‍റെ നേരം വളരെ വൈകിപ്പോയി. ചെറിയ മട്ടിലുള്ള ദേവാലയശുദ്ധീകരണം കൊണ്ടൊന്നും യേശുവിന്‍റെ വിമോചനസത്തയെ വീണ്ടെടുക്കുവാന്‍ കഴിയുമെന്ന് എനിക്കു വിശ്വാസമില്ല.

ഇതെല്ലാം ഏതെങ്കിലുമൊരു മതത്തില്‍ മാത്രം അടിഞ്ഞു കൂടിയ അഴുക്കുകളാണെന്ന് പറയാന്‍ കഴിയില്ല. സ്ത്രീവിരുദ്ധതയും കെട്ടിവരിഞ്ഞ ആചാരങ്ങളും അസഹിഷ്ണുതയും വ്യാജലൈംഗിക സദാചാരസങ്കല്പങ്ങളും പണാധിപത്യവുമെല്ലാം ഇസ്ലാംമതത്തിലെ വിമോചനധാരകളെയെല്ലാം കവര്‍ന്നെടുത്തു കഴിഞ്ഞു. സാര്‍വത്രിക നീതിബോധത്തിന്‍റെ മാനവികതയെ ഉല്‍ഘോഷിച്ചുകൊണ്ടാരംഭിച്ച മതമാണിങ്ങനെ അന്ധതയില്‍ ജീര്‍ണ്ണിച്ചുപോയത്.

ഈ ജീവിതം സ്വതന്ത്രവും സുന്ദരവും അന്തസ്സുമുള്ളതുമാക്കുവാന്‍ മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഇനിയുമൊരു ഊഴമുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇരുട്ടുകൊണ്ട് കണ്ണു കഴുകി വെളിച്ചത്തെ പ്രാര്‍ത്ഥിക്കുവാനാണ് എനിക്കിഷ്ടം. ഇരുളിന് കനംവയ്ക്കുമ്പോഴാണല്ലോ നക്ഷത്രങ്ങള്‍ തിളങ്ങിക്കാണുന്നത്. മതങ്ങള്‍ തമ്മില്‍ ഇടകലരണം. ബഹുത്വത്തെ ആദരിക്കണം. മാനവികതയുടെ ഏറ്റവും ഉയര്‍ന്ന നീതിബോധമായി മാറണം.

ഓരോ വിശ്വാസിയും അയാളുടെ ആന്തരികതയുടെ കെട്ടഴിച്ചു വിടട്ടെ. സ്വന്തം നീതിബോധത്തെ ജ്വലിപ്പിക്കുന്ന ഒരു ദൈവത്തെ നിര്‍മ്മിച്ചെടുക്കട്ടെ. മതവും ദൈവവും ചരിത്രത്തില്‍ സ്തംഭിച്ചു പോയ നിശ്ചല യാഥാര്‍ത്ഥ്യങ്ങളല്ല. ദൈവത്തെ ചരിത്രത്തിലേക്ക് തുറന്നുവിടണം. നമ്മിലെ ദൈവസങ്കല്പത്തെ കാലാകാലങ്ങളില്‍ മാറ്റിവരയ്ക്കുന്നില്ലെങ്കില്‍, പുതുക്കിപ്പണിയുന്നില്ലെങ്കില്‍ ദൈവം സാത്താനാകും. പണിത മതങ്ങളെല്ലാം രാക്ഷസകോട്ടകളാകും. വിശ്വാസം വിശാലമാകുന്നത് നമുക്കുള്ളിലെ ലോകത്തെ വികസ്വരമാക്കിക്കൊണ്ടാണ്. അതിരുകളെ മായ്ച്ചു കളഞ്ഞുകൊണ്ടാണ്. സ്ഥലകാലങ്ങളെയും ദൈവ-മത- സങ്കല്പങ്ങളെയും പുനര്‍ഭാവന ചെയ്യുന്നില്ലെങ്കില്‍ രണ്ടാമതൊരു മരണം നമുക്കാവശ്യമില്ല. ജീവിതത്തെ സരളവും അഗാധവുമാക്കുന്ന ആകാശം പോലെ പടര്‍ന്നു നിവരുന്ന മതങ്ങളെയാണ് നമുക്കിന്നാവശ്യം.

ദൈവത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഏറ്റവും ഉയര്‍ന്ന ഭാവന കൊണ്ടും സ്വപ്നംകൊണ്ടു നിര്‍മ്മിച്ച ഭാഷ ഉപയോഗിച്ചുവേണം. മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും വിസ്മയകരമായ സാഹസികഭാവനയാണല്ലോ ദൈവം.

എനിക്കൊരു ദൈവം വേണം. പുറംപോക്കുകളിലൂടെ ചരിത്രാവശിഷ്ടങ്ങളിലൂടെ അനുകമ്പയോടെ നടന്നുപോകുന്ന ദൈവം. കാറ്റില്‍ തൂവല്‍പ്പോലെ ആരെയും ഭാരപ്പെടുത്താതെ പറന്നുനീങ്ങുന്ന ദൈവം. അരുവിയുടെ കുളിര്‍മ്മയുള്ള മര്‍മ്മരങ്ങള്‍ക്കൊപ്പം മെല്ലെ പാട്ടുപാടുന്ന പ്രകൃതിരമണീയമായ ഒരു ദൈവം. മഴവില്ലിന്‍റെ നിറമുള്ള ഒരു ദൈവം. വിഷാദികള്‍ക്കും ഏകാകികള്‍ക്കും പരാജിതര്‍ക്കും പാപികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അനാഥര്‍ക്കും ലിംഗന്യൂനപക്ഷങ്ങള്‍ക്കും ജാതി ഭ്രഷ്ടര്‍ക്കും കുഞ്ഞുങ്ങള്‍ക്കും തുണയും ബലവുമായി നിവര്‍ന്നുനിന്ന് ചേര്‍ത്തുപിടിക്കുന്ന ഒരു ദൈവം. ആണിനും പെണ്ണിനും മിശ്ര പ്രകൃതികള്‍ക്കും മതവും വിശ്വാസവും ഇല്ലാത്തവര്‍ക്കും ജീവിതത്തില്‍ അന്തസ്സു പകരുന്ന ഒരു ദൈവം. നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തില്‍ എനിക്കു വിശ്വാസമില്ല എന്നു പറഞ്ഞത് ദൈവനിഷേധിയായ നീഷേയാണെന്നോര്‍ക്കണം.

വിശ്വാസിയാകാനുള്ള ആത്മയുദ്ധങ്ങളാണ് എനിക്ക് കവിതകള്‍ എന്ന് ആദ്യകാവ്യ സമാഹാരത്തിന്‍റെ ആദ്യവാചകമായി ഞാന്‍ കുറിച്ചുവച്ചിരുന്നു.

വിശ്വസിക്കുന്നെങ്കില്‍ പ്രാര്‍ത്ഥിക്കുക

വിശ്വാസമില്ലെങ്കില്‍ വിസ്മയിക്കുക

വിസ്മയത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനാണ് ഞാന്‍. പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ മഴ നനഞ്ഞുനില്‍ക്കുന്ന ഇത്തരം ഒരു ദൈവത്തെ എനിക്കു ചേര്‍ത്തു പിടിക്കണം.

vgthampy@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org