സോഷ്യല്‍ മീഡിയക്കാലത്തെ മാധ്യമ പ്രവര്‍ത്തനം

സോഷ്യല്‍ മീഡിയക്കാലത്തെ മാധ്യമ പ്രവര്‍ത്തനം

ജോണി ലൂക്കോസ്
(ന്യൂസ് ഡയറക്ടര്‍, മനോരമ ന്യൂസ്)

ജോണി ലൂക്കോസ്
ജോണി ലൂക്കോസ്

പുതിയ കാലത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് "വൈറലാക്കുക" എന്നതാണ്. സാധാരണ ഒരു നല്ലകാര്യം പറഞ്ഞാല്‍ വൈറലാകാന്‍ വിഷമമാണ്. എങ്ങനെയുള്ള കാര്യങ്ങളാണു വൈറലാകുന്നത് എന്നു നമുക്കറിയാം. ടെലിവിഷന്‍ മാധ്യമം ഇന്നു ശരിക്കും Rule of Noise ആയി മാറി. സുപ്രീംകോടതിയില്‍ മാധ്യമങ്ങളെക്കുറിച്ചു അവിടത്തെ ജഡ്ജിമാരും പ്രഗത്ഭരായ അഭിഭാഷകരും നടത്തിയ പരാമര്‍ശമാണ് The Rule of Noise എന്നത്. എന്തുകൊണ്ടാണ് ഇതു rule of noise ആയിപ്പോയത് എന്നു ചിന്തിക്കുമ്പോള്‍ സമൂഹത്തില്‍ വന്ന ചില മാറ്റങ്ങളെ പരാമര്‍ശിക്കേണ്ടതുണ്ട്. മുന്‍പ് നാം പറഞ്ഞിരുന്ന തത്വം Survival of the Fittest എന്നാണ്. ഒരു മത്സരാന്തരീക്ഷത്തില്‍ അതില്‍ ഏറ്റവും സജ്ജനായ വ്യക്തിയാണു വിജയിക്കുക. എന്നാല്‍ ഇന്നത്തെ സമൂഹമാധ്യമങ്ങളുടെ ചുറ്റുപാടില്‍ ഇതു പുതിയ നിര്‍വ്വചനത്തിലേക്കു മാറിയിട്ടുണ്ട്. ഇപ്പോഴത്തെ നിര്‍വ്വചനം Survival of the Shameless എന്നാണ്. ലജ്ജാനാശം സംഭവിച്ചാല്‍ ഒരു മനുഷ്യനു വിജയിക്കാനുള്ള സാധ്യത വളരെ കൂടുകയാണ്. മുന്‍പ്, ഇങ്ങനെയൊക്കെ പറയാമോ, ശരിയാണോ എന്നൊരു ചോദ്യമുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്നവരെ ബഹുമാനിക്കണം എന്നൊക്കെയുള്ള ധാരണയൊക്കെ മാറ്റിമറിച്ചു ലജ്ജാനാശരായിത്തീരാന്‍ കഴിയുന്നവരാണു സമൂഹത്തില്‍ യോഗ്യര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സ്വകാര്യ സംഭാഷണത്തേക്കാള്‍ ഒരു പൊതുസമ്മേളനം പോലെയായിരിക്കുന്നു സമൂഹമാധ്യമങ്ങളിലെ എഴുത്തുകള്‍. അതില്‍ പോസ്റ്റിടുന്ന ഓരോരുത്തര്‍ക്കും അഭിപ്രായമുണ്ട്.

അതേക്കുറിച്ച് അറിവില്ലെങ്കിലും അഭിപ്രായമുണ്ടാകും. നിയന്ത്രണമോ എഡിറ്റിംഗോ ഇല്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണത്.

കുറേക്കാലമായി മതപരമായ സത്വം, നമ്മുടെ രാഷ്ട്രീയ തിര ഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്ന ഒരു ഘടകമായി മാറിവരുന്നുണ്ട്. ഇതിനൊക്കെ അതീതമായി നിന്ന ക്രൈസ്തവസമൂഹം പോലും സാ വധാനം അതിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് ജാതിക്കും മതത്തിനുമൊക്കെ അതീതമായി നിലനിന്നിരുന്ന ഒന്നായിട്ടാണ് രാഷ്ട്രീയം നമ്മെ ആകര്‍ഷിച്ചിരുന്നത്. സാമ്പത്തിക അസമത്വവും അവിടെ ഉണ്ടായിരുന്നില്ല. അതിനൊക്കെ അപ്പുറത്ത് കുട്ടികളുടെ കൂട്ടായ്മ എന്ന വിധത്തിലായിരുന്നു കാമ്പസുകളില്‍ രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. ഇന്നതു മാറി അവരവരുടെ സത്വത്തിലേക്കു വന്നിരിക്കുന്നു. അതിനു സോഷ്യല്‍ മീഡിയ വളരെ സഹായിക്കുന്നുണ്ട്. നാം പറയുന്നത് ശരിയായിരിക്കണം എന്ന നിര്‍ബന്ധമൊന്നും അവിടെ ഇല്ല. അതു ശരിയാണെന്ന ധാരണ ഉണ്ടാക്കിയാല്‍ മതി എന്നാണവസ്ഥ. ഞാന്‍ വിചാരിക്കുന്നതാണു ശരി, അത് എല്ലാവര്‍ക്കും ശരിയായില്ലെങ്കിലും പ്രശ്‌നമില്ല എന്ന മനോഭാവം.

"ഞാന്‍ ഉരുണ്ടു വീണു" എന്നു പറയുന്നതിനെക്കുറിച്ച് "ഞങ്ങളൊക്കെ വീണു കഴിഞ്ഞിട്ടാണല്ലോ ഉരുളുന്നത്" എന്നു ക്രിസോസ്റ്റം തിരുമേനിയുടെ ഒരു ഫലിതമുണ്ട്. ഇന്നത്തെ ടിവി ജേണലിസവും സമൂഹമാധ്യമങ്ങളുമൊക്കെ വീണു കഴിഞ്ഞിട്ടുള്ള ഉരുളലാണു കാണിക്കുന്നത്. എന്തുകൊണ്ടു വീണു എന്ന അന്വേഷണമൊന്നും അവിടെ വരുന്നില്ല. പണ്ട് പാര്‍ലമെന്റിലോ നിയമസഭയിലോ നടക്കുന്ന ചര്‍ച്ചകള്‍ ഡിബേറ്റും ഡിസ്‌കഷനും കഴിഞ്ഞ് ഡിസിഷനിലേക്ക് എത്താന്‍ വേണ്ടിയുള്ളതായിരുന്നു. ഇപ്പോള്‍ അവിടെയൊക്കെ dissent ഉം ഡിസ്‌കോഡും ഡിസ്‌റപ്ഷനും ആണ്. അസന്റ്, ഡിസന്റ്, കണ്‍സെന്റ് എന്നൊക്കെ പറയുമായിരുന്നുവെങ്കിലും ഇന്നു ഏറ്റവും കൂടുതല്‍ ഡിസ്‌കോഡ്, ഡിസ്‌റപ്ഷന്‍, ഡിവിഷന്‍ ഉണ്ടാക്കാന്‍ ആര്‍ക്കാണു കഴിയുന്നത്? ആ 'ഡി'കള്‍ക്കാണ് വിലയുള്ളത് എന്ന സ്ഥിതിയായി. പണ്ട് ദിവസേന കെ. കരുണാകരനെ കളിയാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഒരു പത്രത്തിന്റെ കാര്‍ട്ടൂണിസ്റ്റ്, ഇത്തരത്തില്‍ കളിയാക്കുന്നതില്‍ വിഷമമുണ്ടോ എന്ന് അദ്ദേഹത്തോടു ചോദിച്ചു. നിങ്ങള്‍ വരയ്ക്കുന്നതല്ലേയുള്ളൂ വലയ്ക്കുന്നില്ലല്ലോ എന്നായിരുന്നു കരുണാകരന്റെ മറുപടി. എന്നാല്‍ ഇന്നു നേതാക്കളുടെയൊക്കെ മനോ ഭാവം മാറി. അവരെ സംബന്ധിച്ചിടത്തോളം ശക്തനായ ഒരു ഭരണാധികാരി ഉണ്ടായാല്‍ ആ ഭരണാധികാരിയുടെ ആംപ്ലിഫയര്‍ എന്ന നിലയിലേക്കു മാധ്യമങ്ങള്‍ മാറിക്കൊള്ളണം എന്നതാണു മനോ ഭാവം. ഇതു രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമല്ല, സമുദായ സംഘടനകള്‍ക്കും ഒക്കെ ബാധകമാണ്.

ഇന്നിപ്പോള്‍ ഒരു വാര്‍ത്ത, ചാനലില്‍ നിന്നോ പത്രത്തില്‍ നിന്നോ നേരിട്ട് അറിയണമെന്നില്ല. സോഷ്യല്‍ മീഡിയയില്‍ അതിനെക്കുറിച്ചു വരുന്ന പ്രതികരണത്തിലൂടെയാണ് അത് ആദ്യം പലരും അറിയുന്നത്. മുമ്പൊക്കെ നമ്മുടെ അറിവിലുള്ള കാര്യങ്ങളോടാണു നാം പ്രതികരിച്ചിരുന്നതെങ്കില്‍ ഇന്നു പ്രതികരണങ്ങളോടാണ് പ്രതികരിക്കുന്നത്. ആ പ്രതികരണം ശരിയാണോ എന്നു പോലും നാം ആലോചിക്കുന്നില്ല. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് ദൃശ്യ മാധ്യമങ്ങളാണ്.

സംസ്‌ക്കാരം എന്ന വാക്കിന്റെ അര്‍ത്ഥം അപരനെക്കുറിച്ചുള്ള കരുതലാണ്. എന്നാല്‍ ഈ സംസ്‌ക്കാരത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള സംസ്‌ക്കാരമാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സമൂഹമാധ്യമങ്ങള്‍ മുഴുവനായും തെറ്റാണെന്നോ അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നോ അല്ല ഞാന്‍ പറയുന്നത്. മറ്റെല്ലാ തരത്തിലുമുള്ള ചിന്തകളെയും ആശയങ്ങളെയും അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷ്യം എന്ന നിലയിലേക്കാണ് അവ പോകുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ നിയന്ത്രിക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു മുമ്പ് പങ്കുണ്ടായിരുന്നുവെങ്കില്‍ തങ്ങളുടെ തന്നെ സൈബര്‍ സംഘങ്ങളിലൂടെ എന്തും പ്രചരിപ്പിക്കാന്‍ പറ്റും എന്നാണ് അവര്‍ ഇന്നു പറയുന്നത്. തങ്ങളുടെ വളര്‍ച്ചയ്ക്കു നിങ്ങളുടെ ആവശ്യമില്ല, വേണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ആംപ്ലിഫയര്‍ ആയിക്കൊള്ളൂ എന്നതാണ് അവരുടെ ഭാവം. അത്തരത്തില്‍ വലിയൊരു മാറ്റം വന്നിട്ടുണ്ട്.

എത്രയോ കാലമായി നമ്മുടെ രാഷ്ട്രീയത്തില്‍ കാലുമാറ്റ പ്രവണതയുണ്ട്. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം പല സംസ്ഥാനങ്ങളിലായി 170 ലേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കു മാറിയിട്ടുണ്ട്. തിരഞ്ഞെടുത്ത ജനങ്ങളെ അവഗണിച്ചുകൊണ്ട് അവര്‍ക്കു കാലുമാറാന്‍ കഴിയുന്നു. പക്ഷേ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവ് നിലപാടു മാറ്റിയതായി കണ്ടിട്ടുണ്ടോ? അതു ചെയ്യില്ല. അവിടെ വെറുതെ തര്‍ക്കിക്കാന്‍ വരുന്നതാണ്. അത് അവരുടെ ബോധ്യം കൊണ്ടല്ല. അവര്‍ എടുത്തിരിക്കുന്ന പ്രത്യേക നിലപാടുണ്ട്. അതിനെ സാധൂകരിക്കുക എന്നതു മാത്രമാണവര്‍ ചെയ്യുന്നത്. അവിടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ അവര്‍ വാദിക്കും. അതേ ആളുകള്‍ തന്നെ ഒരു ബോധ്യവുമില്ലാതെ പിറ്റേദിവസം വേറൊരു പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും വരും. പക്ഷേ ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നിടത്തോളം കാലം തങ്ങളുടെ ബോസുമാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തങ്ങളുടെ ബോധ്യങ്ങള്‍ക്കും അപ്പുറമുള്ള നിലപാടുകള്‍ മാത്രമേ പറയൂ. അതുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകളില്‍ ഒരു തരത്തിലുള്ള കാലുമാറ്റവും ഇന്നുവരെ ഉണ്ടാകാത്തത്. അപ്പുറത്തു നില്‍ക്കുന്നവന്റെ വായ അടപ്പിക്കാന്‍ കഴിയണം എന്നതാണ് ചര്‍ച്ചയ്ക്കു വരുന്നവരുടെ ഉദ്ദേശ്യം. മിതഭാഷികള്‍ക്ക് ഇന്നത്തെ കാലത്ത് ടെലിവിഷനില്‍ വലിയ സ്ഥാനമില്ല. അമിതഭാഷികള്‍ക്കേ അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.

ഇന്നിപ്പോള്‍ ആരും പ്രതികരിക്കാറില്ല (respond). ടെലിവിഷനിലായാലും സമൂഹമാധ്യമങ്ങളിലായാലും ചോദ്യങ്ങളോടു പ്രതികരിക്കുകയല്ല ചെയ്യുന്നത്, മറിച്ച് എതിരായി പറയുകയാണ് (react). രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആരും respect എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. ബഹുമാനത്തിനു പകരം ആളുകള്‍ക്കു വേണ്ടത് ശ്രദ്ധയാണ് (attention). സമൂഹമാധ്യമങ്ങളിലൂടെ ഇക്കാലത്തുണ്ടായ മാറ്റമാണിത്. എല്ലാവരും ഇന്‍ഫര്‍മേഷന്‍ യൂണിവേഴ്‌സ് എന്ന പോലെയാണു സ്വയം കാണുന്നത്. ഞാന്‍ എന്നില്‍ തന്നെ സ്വയംപര്യാപ്തനായ ഇന്‍ഫര്‍മേഷന്‍ യൂണിവേഴ്‌സാണ്. എനിക്കു തന്നെ ഒരുപാടു വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഒരുപാടു വാര്‍ത്തകള്‍ വിശകലനം ചെയ്യാന്‍ കഴിയും. ഞാന്‍ വിചാരിക്കുന്നതാണു വാര്‍ത്ത, നിങ്ങള്‍ സംപ്രേക്ഷണം ചെയ്താല്‍ മതി എന്ന മനോഭാവമാണു പലര്‍ക്കും. ഓരോരുത്തരും ഒരു ഇക്കോ ചേംബറിലാണു ജീവിക്കുന്നത് എന്നു പറയുന്നത് അതുകൊണ്ടാണ്. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടു എപ്പോഴും കേള്‍ക്കുന്ന വാക്കാണ് ഇക്കോ ചേംബര്‍. എന്റെ ആശയങ്ങളുമായി യോജിക്കുന്നവരുമായി ചേര്‍ന്നു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതില്‍ വരുന്നതെല്ലാം എന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നവ മാത്രമാകുകയും ചെയ്യുന്നു. അതല്ലാതെ പുറംലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ഞാന്‍ ശ്രദ്ധാലുവല്ല, എനിക്ക് അത് അറിയേണ്ട ആവശ്യവുമില്ല. ഞാന്‍ വിശ്വസിക്കുന്നതു തന്നെയാണു ശരിയെങ്കില്‍ അതിനോടു യോജിക്കുന്ന ആളുകള്‍ മാത്രം ഈ ഗ്രൂപ്പില്‍ മതി. അവരോടു മാത്രമേ എനിക്കു ബന്ധമുള്ളൂ. അതുകൊണ്ടാണ് നാം ഒരു ഇക്കോ ചേംബറിലാണ് ജീവിക്കുന്നതെന്നു പറയുന്നത്.

ഇപ്പോള്‍ ടെലിവിഷന്‍ മാധ്യമങ്ങളില്‍ പുതിയ തിയറികള്‍ വന്നിട്ടുണ്ട്. അതിലൊന്ന് കണ്‍ഫര്‍മേഷന്‍ ബയസ് എന്നതാണ്. നമ്മള്‍ ഏതെങ്കിലും കാര്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, അതാണു ശരി എന്ന ബോധ്യത്തിലാണു നില്‍ക്കുന്നതെങ്കില്‍, അതിനെ ബലപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമാണ് നാം എവിടെയും തിരയുക. അല്ലാതെ അതിനെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ആവശ്യമായ ഒരു തെളിവും നമ്മള്‍ എങ്ങും തിരയുകയില്ല. നമുക്കു വേണ്ടത്, ഞാന്‍ വിശ്വസിക്കുന്നത് ശരിയാണ് എന്നു സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ മാത്രമാണ്. അതിനെയാണ് കണ്‍ഫര്‍മേഷന്‍ ബയസ് എന്നു പറയുന്നത്. Backfire effect എന്ന വേറൊരു തിയറിയും ഇപ്പോള്‍ പറയാറുണ്ട്. ഒരാള്‍ ഒരുകാര്യം ഉറച്ചു വിശ്വസിക്കുന്നുവെന്നു കരുതുക. ആ വിശ്വാസത്തിനെതിരായ തെളിവുകള്‍ നിരത്തി അതിനെ വെല്ലുവിളിച്ചാല്‍ ഒരുപക്ഷേ, താന്‍ വിശ്വസിക്കുന്ന കാര്യം അയാള്‍ കൂടുതല്‍ ഉറപ്പോടെ വിശ്വസിച്ചേക്കാം എന്നതാണത്. അതു രാഷ്ട്രീയമാകാം, സാമൂഹികമാകാം, ജാതിയാകാം, മതമാകാം. എന്റെ വിശ്വാസം എന്താണോ ആ വിശ്വാസത്തിന് എതിരായ തെളിവുകള്‍ നിരത്തി എന്നെ വെല്ലുവിളിക്കുമ്പോള്‍ സംഭവിക്കുന്നത് എന്റെ വിശ്വാസത്തെ അത് ഊട്ടി ഉറപ്പിക്കുന്നു എന്നതാണ്. നമ്മള്‍ എന്താണോ അതുപോലെയാണ് നാം കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അല്ലാതെ കാര്യങ്ങള്‍ എങ്ങനെയാണ് എന്ന അടിസ്ഥാനത്തിലല്ല. ഇത് സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ ഒരു മാറ്റമാണ്.

നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന വാര്‍ത്ത എനിക്ക് അനുഗുണമല്ലെങ്കില്‍ പിന്നെ അതു വ്യാജവാര്‍ത്തയാക്കി ചിത്രീകരിക്കുക എന്നതാണ് സോഷ്യല്‍ മീഡിയക്കാലത്തെ മറ്റൊരു രീതി. ഒരു തെറ്റു തിരുത്തിയാലും ആദ്യം പറഞ്ഞതിന്റെ സ്‌ക്രീന്‍ ഗ്രാബ് വച്ചു ലോകം മുഴുവന്‍ അതു പ്രചരിപ്പിക്കുകയും തെറ്റു വരുത്തിയ ചാനലോ പത്രമോ ഏതുമാകട്ടെ ഇതാണവരുടെ സ്വഭാവം എന്നു പ്രഖ്യാപിക്കുകയും ചെയ്യും. അതേസമയം തെറ്റു തിരുത്തിയ കാര്യം ഒരിക്കലും പറയില്ല. പൊതുവേ യുദ്ധങ്ങളില്‍ കാണിക്കുന്ന ധാര്‍മ്മികതപോലും ഈ പ്രചാരണയുദ്ധങ്ങളിലോ മാധ്യമങ്ങളുടെ മത്സരങ്ങളിലോ കാണാനാകില്ല എന്ന നിലവന്നിരിക്കുന്നു.

ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ എവിടെയും പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റാത്തതുകൊണ്ട് പൊതുവേദികളില്‍ ടെലിവിഷന്‍ ചാനലുകളെയും അവതാരകരെയുമൊക്കെ ചെറുതാക്കാന്‍ ശ്രമിക്കുന്ന പ്രവണതയുമുണ്ട്. തങ്ങളുടെ മുന്‍ വിധികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ ആ മാധ്യമത്തെക്കുറിച്ചു എന്തും പറയും എന്നതാണ് ഈ കാല ഘട്ടത്തില്‍ ഞങ്ങള്‍ നേരിടുന്ന തൊഴില്‍പരമായ പ്രതിസന്ധി. നേരത്തെയൊക്കെ മാധ്യമസ്ഥാപനങ്ങളെയാണ് ആക്രമിച്ചിരുന്നതെങ്കില്‍ മാധ്യപ്രവര്‍ത്തകരെയോ, അവതാരകരെയോ ആക്രമിക്കുന്ന രീതിയും വന്നുചേര്‍ന്നിരിക്കുന്നു. പഠിച്ചിരുന്ന കാലത്തെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും വരെ നോക്കി അതുപയോഗിച്ചു മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലിയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. നോം ചോസ്‌കിയൊക്കെ പറഞ്ഞ manufacturing consent എന്ന ഒരു സങ്കല്‍പം ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്നത്  manufacturing conflict ആണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൊണ്ട് ടെലിവിഷന്‍ മാധ്യമത്തില്‍ ഉള്‍പ്പെടെ വന്നുപെട്ട മാറ്റത്തെക്കുറിച്ചു കൂടിയാണു ഞാന്‍ പറയുന്നത്…

ടെലിവിഷന്‍ കാലത്തെ Ravan School of Journalism എന്നു വിളിക്കാറുണ്ട്. ടെലിവിഷന്‍ ചര്‍ച്ചയില്‍ അതിലെ വിന്‍ഡോയിലൂടെ രാവണന്റെ പത്തു തലകള്‍ സംസാരിക്കുന്നതു നമുക്കു കാണാനാകും അതിനാണു Ravan School of Journalism എന്നു പറയുന്നത്. ഈ പത്തു തലകളും സംസാരിക്കും ചിലപ്പോള്‍ ഒരേസമയം തന്നെ അവ പത്തും സംസാരിക്കും… ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കേള്‍ക്കുന്നില്ല, പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിലുള്ള ജേര്‍ണലിസത്തിലേക്കു നാം മാറിയിട്ടുണ്ട്.

Engaged (ബദ്ധശ്രദ്ധന്‍) ആയിട്ടുള്ള പ്രേക്ഷകനോടു നമുക്ക് എന്തും പറയാന്‍ പറ്റും എന്നാല്‍ Enraged (പ്രക്ഷുബ്ധന്‍) ആയിട്ടുള്ള പ്രേക്ഷകനോട് എന്താണു പറയുക. ഇപ്പോഴുള്ള പ്രേക്ഷകരെല്ലാം ഈ രണ്ടാം ഘട്ടത്തിലാണുപ്പെടുന്നത്. ഞാനാദ്യം പറഞ്ഞ പോലെ തങ്ങളുടെ ബോധ്യങ്ങളില്‍ ഉറച്ചുനിന്ന് ചോദ്യം ചെയ്യാന്‍ വരുന്നവരാണവര്‍. സോഷ്യല്‍ മീഡിയ വന്നതിനുശേഷമുള്ള വലിയ മാറ്റം എല്ലാം binaries  ആയതാണ്. എല്ലാം രണ്ടു കള്ളികളിലാക്കി തിരിക്കുകയാണ്. അതിനിടയില്‍ മധ്യദൂരത്തിന്റെ കള്ളി ഇല്ല. ഞാന്‍ ഒരു കാര്യത്തിനു വേണ്ടി നിലകൊള്ളുന്നു, ഞാന്‍ എന്റെ സമുദായത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ ആ സമീപനത്തെ എതിര്‍ക്കുന്നവരോടു വലിയ വിരോധം ഇല്ലെന്നു കരുതുക. പക്ഷേ അതില്‍ നിക്ഷ്പക്ഷരായി നില്‍ക്കുന്നവരെ ഇരുപക്ഷത്തുകാര്‍ക്കും വേണ്ട എന്ന നിലയാണ്. അതാണ് എല്ലാം രണ്ടു പക്ഷം മാത്രമായി തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞത്. എന്റെ പക്ഷം, മറു പക്ഷം ഇതിനിടയില്‍ വസ്തുനിഷ്ഠമായൊരു പക്ഷം ആരും വക വച്ചു തരില്ല. അതുകൊണ്ടു തന്നെ ടെലിവിഷനിലായാലും സമൂഹ മാധ്യമങ്ങളിലായാലും വാദവും പ്രതിവാദവും മാത്രമേയുള്ളൂ. അല്ലാതെ സംഭാഷണം അവിടെ ഇല്ല.

ഇതിന്റെ പ്രതിഫലനം ഭാഷയിലും വന്നിട്ടുണ്ട്. പലരും കോ പിഷ്ഠരാണ്. കഠോരഭാവമാണ് പലര്‍ക്കുമുള്ളത്. ഇത്തരത്തില്‍ ടെലിവിഷന്‍ ചാനലില്‍ വരുന്നവരുടെ ഭാഷയില്‍ വന്ന മാറ്റത്തെക്കുറിച്ചു ഗവേഷണം നടത്താവുന്നതാണ്. "തലയ്ക്കു കിട്ടിയ അടി, മുഖം അടച്ചു കിട്ടി, ആറടി മണ്ണില്‍ കുഴിച്ചു മൂടി, കൊന്നു കൊലവിളിച്ചു, വലിച്ചു കീറി ഒട്ടിച്ചു…" എന്നൊക്കെയുള്ള പ്രയോഗങ്ങളാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍. മുമ്പുണ്ടായിരുന്ന മാന്യമായ ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് ആരുടെയും ശ്രദ്ധ കിട്ടില്ല എന്നു വന്നിരിക്കുന്നു. എങ്ങനെ ഓവറാകാം എന്ന നിലയിലേക്കു മാറി. സൈബര്‍ കേന്ദ്രങ്ങളൊക്കെ ഒരുതരം തെറി ഉല്‍പാദന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

അതുപോലെ മാധ്യമ വേട്ട എന്ന പ്രയോഗവും കേള്‍ക്കുന്നുണ്ട്. വേട്ട എന്നു പറയുന്നത് എന്താണ്? ബലഹീനനായ ഒരാളെ ശക്തിയുള്ളവന്‍ ആക്രമിക്കുമ്പോഴാണ് അതു വേട്ടയാകുന്നത്. ഭരണത്തിലിരിക്കുന്ന അതിശക്തര്‍ പറയുകയാണ് ഞങ്ങളെ മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ അതു വേട്ടയാടലായി തോന്നുന്നു. ഒരു മാധ്യമത്തിന് എങ്ങനെയാണു ഭരണത്തിലിരിക്കുന്ന ശക്തരെ വേട്ടയാടാന്‍ പറ്റുക? മറിച്ചു ഭരണത്തിലിരിക്കുന്നവര്‍ക്കാണു മറ്റുള്ളവരെ വേട്ടയാടാന്‍ കഴിയുക. ഈ പുതിയ കാലത്തു സമൂഹമാധ്യമങ്ങള്‍ കൊണ്ടുവന്ന മറ്റൊരു വകഭേദമാണ് ഈ വേട്ടയാടല്‍. സവിശേഷാധികാരമുള്ളവര്‍ ഞങ്ങള്‍ ഇരകളാണെന്നു വിലപിക്കുകയാണ്.

ഇനി ഡിബേറ്റ് എന്നതിലേക്കു വരാം. കൗണ്ടര്‍ പോയിന്റ് പോലുള്ള ഡിബേറ്റുകള്‍ കാണുന്നവരാണു പലരും. പണ്ടു റോമന്‍ സാമ്രാജ്യത്തിലെ പടയാളികളെ പോലെ, ഗ്ലാഡിയേറ്റേഴ്‌സിനെ പോലെ പട പൊരുതാന്‍ തയ്യാറായിട്ടാണ് പലരും ഡിബേറ്റില്‍ പങ്കെടുക്കുന്നത്. അര്‍ണാബ് ഗോസാമിയുടെയൊക്കെ ശൈലിയൊക്കെ നാം കാണുന്നുണ്ട്. ബിഗ് ബി എന്നൊക്കെ വിളിക്കുന്നപോലെ അദ്ദഹത്തെ ബിഗ് ബുള്ളി എന്നാണു പറയുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരാളോട് അദ്ദേഹത്തിനു കാട്ടാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരം ഒരു നിമിഷം മൗനം പാലിക്കുക എന്നതാണ് എന്നു തമാശയായി പറയാറുണ്ട്.

ഡബ്ല്യു. ബി യേറ്റ്‌സിന്റെ ഒരു കവിതയുണ്ട്:
"The best lack all conviction, while the worst
Are full of passionate intenstiy"
ഇതാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം മര്യാദയുള്ളവരും മിതഭാഷിയും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണുന്നവരുമൊക്കെ അതില്‍ നിന്നു മാറി നില്‍ക്കും. അവര്‍ ഈ പോരിനു പോകില്ല. അതുകൊണ്ട് ഈ പുതിയ ടെലിവിഷന്‍ കാലത്തെ Ravan School of Journalism  എന്നു വിളിക്കാറുണ്ട്. ടെലിവിഷന്‍ ചര്‍ച്ചയില്‍ അതിലെ വിന്‍ഡോയിലൂടെ രാവണന്റെ പത്തു തലകള്‍ സംസാരിക്കുന്നതു നമുക്കു കാണാനാകും അതിനാണു Ravan School of Journalism എന്നു പറയുന്നത്. ഈ പത്തു തലകളും സംസാരിക്കും ചിലപ്പോള്‍ ഒരേ സമയംതന്നെ അവ പത്തും സംസാരിക്കും… ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കേള്‍ക്കുന്നില്ല, പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഇത്തരത്തിലുള്ള ജേര്‍ണലിസത്തിലേക്കു നാം മാറിയിട്ടുണ്ട്.

വിനോദ് മേത്ത എന്ന പ്രശസ്തനായ എഡിറ്റര്‍ ഉണ്ടായിരുന്നു. അദ്ദേഹം വോഡ്ക കഴിക്കുന്നയാളായിരുന്നു. ടെലിവിഷന്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഒരു കൈയില്‍ വോഡ്ക ഗ്ലാസ് കാണും. ചര്‍ച്ചയ്ക്കിടയില്‍ അതു കുടിക്കും. ചര്‍ച്ച നടത്താന്‍ അതു വേണം എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ടെലിവിഷനെ സംബന്ധിച്ച് അദ്ദേഹം പറയുന്നത്, Behave as indecently as possible എന്നാണ്. സംസാരിക്കാന്‍ തങ്ങള്‍ക്കു ലഭിക്കുന്ന സമയത്തിന്റെ കണക്കുക്കൂട്ടിപോലും അവതാരകരെയും ചാനലുകളെയും ആക്രമിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അപരവിദ്വേഷം അടിസ്ഥാന സ്വഭാവമാക്കി പ്രതികരിക്കുന്നു. ആ പ്രതികരണങ്ങള്‍ പലതും പ്രകോപനമാകുന്നു. ഇത്തരത്തിലുള്ള അവസ്ഥയില്‍ മാധ്യമങ്ങള്‍ എന്തോ വലിയ പ്രശ്‌നമാണ് എന്ന പ്രതീതിയാണു പൊതുസമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. സമൂഹത്തില്‍ അനിവാര്യമായ Inclusiveness നമുക്ക് ഇല്ലാതാകുന്നു എന്നതാണ് ഈ കാലത്ത് ഏറ്റവും വേദനിപ്പിക്കുന്നതായി എനിക്കു തോന്നുന്നത്. നമുക്ക് ഒന്നിനും Inclusiveness വേണ്ട. എല്ലാത്തിലും Exclusive ആകാനുള്ള ശ്രമമാണ്. എന്തും ഏതും വൈറലാക്കാനുള്ള ശ്രമം. ഇന്നിപ്പോള്‍ ഒരു വാര്‍ത്ത, ചാനലില്‍ നിന്നോ പത്രത്തില്‍ നിന്നോ നേരിട്ട് അറിയണമെന്നില്ല. സോഷ്യല്‍ മീഡിയയില്‍ അതിനെക്കുറിച്ചു വരുന്ന പ്രതികരണത്തിലൂടെയാണ് അത് ആദ്യം പലരും അറിയുന്നത്. മുമ്പൊക്കെ നമ്മുടെ അറിവിലുള്ള കാര്യങ്ങളോടാണു നാം പ്രതികരിച്ചിരുന്നതെങ്കില്‍ ഇന്നു പ്രതികരണങ്ങളോടാണ് പ്രതികരിക്കുന്നത്. ആ പ്രതികരണം ശരിയാണോ എന്നു പോലും നാം ആലോചിക്കുന്നില്ല. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് ദൃശ്യമാധ്യമങ്ങളാണ്.
(തൃക്കാക്കര ഭാരതമാതാ കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ നിന്ന്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org