ഓണക്കാലത്തെ സ്മൃതിജീവിതം

ഓണക്കാലത്തെ സ്മൃതിജീവിതം

അഭിലാഷ് ഫ്രേസര്‍

ഇത്രയും സങ്കടകരമായ ഒരു ഓണക്കാലത്തിന് നമ്മുടെ തലമുറ സാക്ഷികളായിട്ടുണ്ടാവില്ല. നമ്മുടെ സന്തോഷങ്ങളുടെയും ആഘോഷങ്ങളുടെയും പൂക്കളങ്ങളിലേക്ക് ഒരു വിഷപ്പൂവ് പോലെ പാറി വീണ കൊറോണ വൈറസ് ഈ വസന്തത്തെ കെടുത്തി കളയുമ്പോഴും ഓണപ്പാട്ടുകളില്‍ നാം പാടാറുള്ള ആ വരികള്‍ പക്ഷേ, ഇവിടെ അന്വര്‍ത്ഥമാകുന്നു, മാനുഷരെല്ലാരും ഒന്നു പോലെ. ധനിക ദരിദ്ര വ്യത്യാസമില്ലാതെ പണ്ഡിത പാമര വ്യത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ മര്‍ത്യബോധങ്ങളിലേക്ക് നയിച്ച കൊറോണ. എല്ലാവരെ യും കാത്തിരിക്കുന്ന പാതാളത്തെക്കുറിച്ച്, അല്ലെങ്കില്‍ പരലോകത്തെക്കുറിച്ച് ഓര്‍മിപ്പിച്ച കൊറോണ.
കൊറോണ ഒരു മിന്നലൊളിയിലെന്നതു പോലെ മനുഷ്യനെ പല തും ഓര്‍മപ്പെടുത്തുകയായിരുന്നു. പെട്ടെന്ന് എല്ലാവരും മരണമുള്ള മര്‍ത്യരായി എന്നതാണ് ഏറ്റവും ശക്ത മായ വെളിപാട്. എല്ലാവരും ബലഹീനരായ മനുഷ്യരായി. മുഖാവരണമിട്ടു, കൈകഴുകി, സാമൂഹിക അകലം പാലിച്ചു, വീടനകത്ത് അടച്ചിരുന്നു… മറന്നു പോയ മര്‍ത്യബോധം നമ്മെ ഓര്‍മപ്പെടുത്തിയ ഈ കൊറോണ ക്കാലഘട്ടത്തില്‍ തിരുവോണം വീ ണ്ടും വരികയാണ്!
ഓണം നമ്മള്‍ കൊണ്ടു നടക്കുന്ന ഓരോര്‍മയാണ്. പ്രകാശപൂര്‍ണ മായ ഏതോ ഭൂതകാലഘട്ടത്തിന്റെ ഓര്‍മയുടെ തനിയാവര്‍ത്തനങ്ങള്‍. കള്ളവുമില്ല, ചതിയുമില്ല എന്നു പറയുമ്പോള്‍ നാം അമ്പരപ്പോടെ ഒരു നിര്‍മലമായ കാലത്തെക്കുറിച്ച് ഓര്‍മിക്കുകയാണ്. കള്ളങ്ങളുടെയും ചതിയുടെയും അതിപരിചയം കൊണ്ട് തിരുവോണം വിഭാവനം ചെയ്യുന്ന തരത്തിലുള്ള ഒരു കാലഘട്ടത്തെ നാം ഒരു അയഥാര്‍ത്ഥ സ്വപ്‌നമാണെന്ന് ധരിക്കുന്നു. എന്നാല്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ തന്റെ ആത്മകഥയായ മണ്‍പാത്രത്തിലെ നിധി എന്ന പുസ്തകത്തില്‍ മോഷണമെന്തെന്ന് അറിയാത്ത ഒരു സമൂഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്:
ഒരിക്കല്‍ ബോര്‍ണിയോ എന്ന അപരിഷ്‌കൃതരുടെ സ്ഥ ലത്തു നിന്ന് ആന്റണി കാല്‍വിന്‍ മെത്രാന്‍ ഷീനിനെ സന്ദര്‍ശിച്ചു. ഈ മെത്രാന്റെ ജനങ്ങള്‍ വസിക്കുന്ന ഭവനങ്ങള്‍ ഒന്നായി കിടക്കുന്നവയാണ്. ഒറ്റ നിലയുള്ള ആ കെട്ടിടത്തിന് ഭിത്തികളോ കുടുംബങ്ങളെ വേര്‍തിരിക്കുന്ന അടയാളങ്ങളോ പോലുമില്ല. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ അപരിഷ്‌കൃതമായ കെട്ടിടങ്ങള്‍. ചിലപ്പോള്‍ അതിന് രണ്ട് ഫല്‍ലോംഗ് വരെ നീളമുണ്ട്. കുടുംബങ്ങളെ വേര്‍തിരിക്കുന്ന ഭിത്തിയില്ലാത്തതു പോലെ ഓരോ കുടുംബവും നദിയില്‍ മീന്‍പിടിക്കുന്ന സ്ഥലവും അടയാളപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓരോ കുടുംബത്തിന് നിര്‍ദേശിച്ചു കൊടുത്തിട്ടുള്ള മീന്‍ പിടിക്കുന്നതിനുള്ള പരിധി ആരും അതിക്രമിച്ചു കടക്കുകയില്ല. കാല്‍വിന്‍ മെത്രാന്‍ ഒരിക്കല്‍ അവരെ ദൈവപ്രമാണങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നതിനിടയില്‍ മോഷ്ടിക്കരുത് എന്ന പ്രമാണം എത്തിയപ്പോള്‍ അവര്‍ കാര്യം മനസ്സിലാകാതെ ചോദിച്ചു: മോഷ്ടിക്കുക എന്നു പറഞ്ഞാല്‍ എന്താണ്? മെത്രാന്‍ അവര്‍ക്ക് മോ ഷണം വിശദീകരിച്ചു കൊടുത്തപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ ചോദിച്ചുവത്രേ: ലോകത്തില്‍ ആരെങ്കിലും മോഷ്ടിക്കുമോ?
ഈ ലോകത്തില്‍ തന്നെ എന്താണ് മോഷണം എന്നറിയില്ലാത്ത, മോഷണപ്രവണതയില്ലാതെ ജനങ്ങള്‍ വസിക്കുമ്പോള്‍ നമുക്ക് ഓണസങ്കല്‍പത്തിലെ ഓര്‍മകളെ വിശ്വസിക്കാന്‍ വകുപ്പുണ്ട്!
നിര്‍ഭാഗ്യവശാല്‍ ഓര്‍മകളെ വലിച്ചു കീറി കളയാന്‍ പ്രേരിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നാദെല്ല മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കുള്ള തന്റെ ആദ്യ ഇമെയില്‍ സന്ദേശത്തില്‍ നമ്മുടെ കാലത്തിന്റെ മുഖമുദ്രയെ കുറിക്കുന്ന ഒരു വാക്യം പറയു ന്നുണ്ട്, പാരമ്പര്യത്തെ ബഹുമാനിക്കാത്ത ഒരു വ്യവസായമാണ് നമ്മുടേത്. നിരന്തരമായ ക്രിയാത്മകതയ്ക്കു മാത്രമേ ഇവിടെ സ്ഥാനമുള്ളൂ. ഇത് വ്യവസായത്തിന്റെ മാത്രം സ്വഭാവമല്ല എന്നു നമുക്കറിയാം. സമൂഹത്തെ ബാധിക്കുന്ന ഒരു മറവിരോഗത്തിന്റെ ലക്ഷണമാണത്. ഇന്നലെ വരെ നിങ്ങള്‍ എന്തു ചെയ്തു എന്നത് പ്രസക്തമല്ല, ഇന്ന് ഈ നിമിഷം നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കെല്‍പുണ്ട് എന്നതു മാത്രമാണ് പ്രധാനം.
ഒരിക്കല്‍ വിദ്യാര്‍ത്ഥികളോട് ഞാന്‍ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ചരിത്രത്തെക്കുറിച്ചു പരാമര്‍ശം വന്ന സന്ദര്‍ഭത്തില്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു നിന്നു പറഞ്ഞു, നമുക്ക് ശാസ്ത്രവും ഗണിതവും മാത്രം പഠിച്ചാല്‍ പോരേ? എന്തിനാണ് നാം കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് പഠിക്കുന്നത്? അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? കഴിഞ്ഞു പോയ എന്തിനെയും വിലകെട്ടതായി കണക്കാക്കുന്ന പ്രവണതയും ശീല വും നമ്മുടെ തലമുറയില്‍ വര്‍ദ്ധിച്ചു വരികയാണ്. ചരിത്രം വരെ മാറ്റിയെഴുതുന്ന കാലമാണല്ലോ ഇത്!


പ്രിയപ്പെട്ടൊരു ഓര്‍മയെ താലോലിക്കാനാണ് ഓണം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ വേരുകള്‍ കുടികൊള്ളുന്ന ഓര്‍മകളെ തള്ളിക്കളയാന്‍ നാം വെമ്പുന്ന ഈ കാലഘട്ടത്തില്‍ പോലും ഓര്‍മയുടെ പ്രസക്തിയെ കുറിച്ച് ഓണം ഓര്‍മിപ്പിക്കുന്നു. ഓര്‍മയില്‍ നിന്നാണ് ഭാവി മുളയെടുക്കുന്നതെന്ന് ചരിത്രത്തെ അവഗണിച്ച് ശാസ്ത്രപുരോഗതിയുടെ പിന്നാലെ മാത്രം പായുന്ന ഒരു തലമുറ അറിയാതെ പോകുന്നു. സംസ്‌കാരങ്ങളുടെ ആധാരം ഓര്‍മയാണ്.
ഇസ്രായേലിന്റെ ഏറ്റവും പ്രിയതരവും ഊര്‍ജദായകവുമായ ഓര്‍മ ഒരു പുറപ്പാടനുഭവമായിരുന്നു. മേഘത്തൂണായും അഗ്നിസ്തംഭമായും വഴികാട്ടിയ ദൈവത്തെക്കുറിച്ചുള്ള ഓര്‍മകള്‍. ആണ്ടോടാണ്ട് അവര്‍ അതിന്റെ സ്മൃതികളില്‍ മുഴുകി. അത് അവര്‍ ക്ക് ഊര്‍ജം പകര്‍ന്നു. പെസഹാ പിന്നീട് ക്രിസ്ത്യാനികളെ സംബന്ധിച്ച് ക്രിസ്തുവിന്റെ അപ്പം മുറിക്കലിന് വഴിമാറിയപ്പോള്‍, ദിവ്യബലി പ്രിയതരമായ ഒരു ഓര്‍മയായി. കുരിശിലെ മഹാബലി അര്‍പ്പിച്ച ശേഷം പാതാളങ്ങളില്‍ ഇറങ്ങിയ ദൈവപുത്രന്റെ ഓര്‍മ. ലോകത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയിലും യേശു 'മഹാബലി'യാകുമ്പോള്‍ അവിടുത്തെ ഓര്‍മ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്!
കോവിഡിന്റെ കാലത്ത് നാം സാമൂഹിക അകലം പാലിച്ചും കൈകഴുകിയും പേടിച്ചും അടച്ചു പൂട്ടി കഴിഞ്ഞ കാലത്ത് നാം ഓര്‍മകളില്‍ ജീവിക്കുകയായിരുന്നില്ല എന്ന് ആര്‍ക്ക് പറയാന്‍ കഴിയും? കോവിഡ് വരുന്നതിന് മുമ്പുള്ള ആ സൈ്വരതയുടെയും സ്വാതന്ത്ര്യത്തിന്റെയും കാലം നാം മനസ്സില്‍ അയവിറക്കുകയായിരുന്നു. നാം പോയ വിനോദയാത്രകള്‍, സൗഹൃദക്കൂട്ടായ്മകള്‍, പൊതുവേദികള്‍, ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍, തീവണ്ടി, ബസ് യാത്രകള്‍… മാസ്‌കിന്റെ പാരതന്ത്ര്യം ഇല്ലാതെയും ഭയമില്ലാതെയും നമ്മുടെ തന്നെ തെരുവുകളിലൂടെയുള്ള യാത്രകളെ നാം അയവിറക്കി. ഇപ്പോഴും ആ മധുരസ്മൃതികളെ അയവിറക്കിക്കൊണ്ടിരിക്കുന്നു.
ഈ സ്മൃതിജീവിതത്തിലേക്കാണ് വീണ്ടും ഓണം വരുന്നത്. കോവിഡിന് മുമ്പുള്ള സ്വച്ഛമായ കാലത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന നമ്മുടെ മധ്യത്തിലേക്ക്… ഇപ്പോള്‍ നമുക്ക് ഓണത്തെ കുറേക്കൂടി വ്യക്തമായി മനസ്സിലാകുന്നു. പൊയ്‌പ്പോയ കാലത്തിന്റെ മധുരിമ! കോവിഡ് ഭീതി ഇല്ലാത്ത ഇന്നലെകള്‍ ഇന്ന് നമുക്ക് തിരുവോണമാണ്. ഇപ്പോള്‍ ഓണം നമ്മുടെ കാലത്തില്‍ വന്ന് നിലയുറപ്പിക്കുന്നു. ഓര്‍മയും വര്‍ത്തമാനകാലവും ഒന്നായിത്തീ രുന്ന നിമിഷം. കോവിഡ് തുല്യ രാക്കി തീര്‍ത്ത മനുഷ്യര്‍. ആ മര്‍ത്യബോധത്തിന്റെ തെളിമകള്‍, വെളിച്ചങ്ങള്‍. മായുന്ന ഉച്ചനീചത്വങ്ങള്‍. ജ്ഞാനത്തിന്റെ കാലടികള്‍ കൊണ്ട് അളക്കുന്ന ത്രിലോകങ്ങള്‍. ഇനി ഈ ജ്ഞാനത്തിന്റെ കാല്‍വിരല്‍ത്തുമ്പ് ശിരസ്സിലേക്ക്. വിശുദ്ധമായ ഓര്‍മയിലേക്ക്, ബോധത്തിന്റെ തെളിമയിലേക്ക്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org