മെറീബ

മെറീബ


ഫാ. ജോഫി തോട്ടങ്കര

വെനീസ്

ഞാനിതെഴുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു ദേശത്തിരുന്നുകൊണ്ടാണ്. അപകടം കയ്യെത്തും ദൂരത്തുണ്ട്. ചുറ്റും വിജനമായ വഴികള്‍… അടഞ്ഞ ഭവനങ്ങള്‍… ശൂന്യമായ ദേവാലയം… അനുദിനം എന്നോണം കേള്‍ക്കുന്ന മരണമണികള്‍! പരമ്പരാഗതം എന്ന് പെരുമ പറയുന്ന ആചാരങ്ങളോടൊക്കെ അകലം പാലിക്കുന്ന കാലം. എന്തിനേറെ അന്ത്യചുംബനങ്ങള്‍ പോയിട്ട് അവസാനമായി ഒരു നോക്കു കാണാന്‍ പോലും പറ്റാതെ യാത്രയാവുന്ന മനുഷ്യര്‍, അവരെ ഓര്‍ത്തു വിലപിക്കുന്ന പ്രിയജനങ്ങള്‍! ആശങ്കകള്‍ക്കും ഭയങ്ങള്‍ക്കും നടുവിലാണെങ്കിലും ദൈവത്തോടെനിക്കു കലഹങ്ങളില്ല.

ഞാന്‍ നടത്തിയിട്ടുള്ള വിനോദയാത്രകളില്‍ എനിക്കല്പം പോലും വിനോദം തോന്നാതിരുന്ന ഒരു യാത്രയുണ്ട്. അത് പോളണ്ടിന്‍റെ ഔഷ്വിറ്റ്സിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലൂടെയുള്ള യാത്രയായിരുന്നു. മാനവ ചരിത്രത്തിലെ മനുഷ്യത്വം മരിച്ച ഏറ്റവും ക്രൂരമായ ഏട് എന്ന് വിശേഷിപ്പിക്കാവുന്നവയാണ് നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍. ദൈവം പീഡസഹിച്ച ജറുസേലെമിന്‍റെ വീഥികളിലും, അവനെ ക്രൂശിലേറ്റിയ കാല്‍വരിയിലും തീര്‍ത്ഥാടനം നടത്തിയപ്പോള്‍ പോലും തോന്നാത്ത വിചാരങ്ങളും വികാരങ്ങളും മനുഷ്യന്‍ പീഡിപ്പിക്കപ്പെട്ട നാസി തടങ്കല്‍ പാളയങ്ങളില്‍ എത്തുമ്പോള്‍ തോന്നും. ഒരല്പമെങ്കിലും നെഞ്ചുപിടയാതെ, ഒരിറ്റു കണ്ണീരെങ്കിലും പൊടിയാതെ ആ യാത്ര അവസാനിപ്പിക്കാനാവില്ല! അവിടെ കാണപ്പെടുന്ന അവശിഷ്ടങ്ങള്‍ പലതും – കൂട്ടിയിട്ടിരിക്കുന്ന മുടികള്‍, ചെരുപ്പുകള്‍, കൊച്ചുകുട്ടികളുടെ പോലും വസ്ത്രങ്ങള്‍ അങ്ങനെ നിരവധി വസ്തുക്കള്‍ – ആ കാലഘട്ടത്തിന്‍റെ ക്രൂരത മുഴുവനും വിളിച്ചറിയിക്കാന്‍ പോന്നവയാണ്. വാസ്തവത്തില്‍ ദൈവം പീഡിപ്പിക്കപ്പെട്ട ഇടങ്ങളിലൂടെയുള്ള യാത്ര മാത്രമല്ല, മനുഷ്യന്‍ (അവന്‍ ഏതു മതത്തില്‍പ്പെട്ടവനാണെങ്കിലും) പീഡിപ്പിക്കപ്പെട്ട എല്ലാ ഇടങ്ങളിലൂടെയുള്ള യാത്രകളും തീര്‍ത്ഥാടനങ്ങളാണ് എന്ന് എഴുതപ്പെടേണ്ടതാണ്.

ഇങ്ങനെ പീഡിപ്പിക്കപ്പെടുമ്പോള്‍, സഹനങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍, മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ ഒക്കെ മനുഷ്യന്‍ ചോദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. "ദൈവം എവിടെ?" "മനുഷ്യന്‍ ഇങ്ങനെ അതിദാരുണമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ദൈവം എന്തുകൊണ്ട് ഇടപെടുന്നില്ല?" എന്നൊക്കെ. ലോകം മുഴുവനും കോവിഡ് ബാധ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴും, ഇന്നും ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ദൈവം എവിടെ?

ദൈവം എവിടെ എന്നു മനുഷ്യന്‍ ചോദിക്കുകയും പരീക്ഷിക്കുകയും കലഹിക്കുകയും ഒക്കെ ചെയ്യുന്ന ഇടത്തിന്‍റെ പേരാണ് മെറീബ (പുറ. 17:7). മഹാമാരികളെ അയച്ച് ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചിട്ടും, മരുഭൂമിയില്‍ അവര്‍ക്ക് പകല്‍ മേഘമായും രാത്രിയില്‍ അഗ്നിസ്തംഭമായും നടന്നിട്ടും, ചെങ്കടലിനു നടുവേ പാത തീര്‍ത്ത് അവരെ വഴി നടത്തിയിട്ടും, വിശന്നപ്പോള്‍ മന്നയും കാടപ്പക്ഷിയും കൊടുത്തിട്ടും – ദാഹിച്ചപ്പോള്‍ അവര്‍ വീണ്ടും കലഹിക്കുകയാണ്. ഒടുവില്‍ മോശ പാറയില്‍ വടി വീശുമ്പോള്‍ അവിടെയും ദൈവം അനുഗ്രഹ ഉറവ തീര്‍ക്കുകയാണ്. "ഇസ്രായേല്‍ക്കാര്‍ അവിടെ വച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു." ദൈവസാന്നിദ്ധ്യത്തെ പരീക്ഷിക്കുന്ന 'മെറീബ'കളാവുകയാണ് നമ്മുടെ ചില സാമൂഹ്യമാധ്യമങ്ങള്‍ പലപ്പോഴും.

1975-ല്‍ ന്യൂയോര്‍ക്കിലെ സെ. ജോണ്‍ കത്തീഡ്രലില്‍ വച്ച് "In search of God at Auschwitz" എന്ന പേരില്‍ ഒരു സിമ്പോസിയം നടന്നു. ആറ് മില്യനോളം യഹൂദര്‍ കൊല്ലപ്പെട്ട നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ദൈവസാന്നിദ്ധ്യം തന്നെയായിരുന്നു ചര്‍ച്ചാവിഷയം. അതില്‍ യഹൂദനായ പ്രൊഫ. ഫാക്കെന്‍ ഹൈന്‍ (Fackenheim) സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു, ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ യഹൂദരെ സംബന്ധിച്ച് രണ്ടു തരത്തിലാണ് ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാകുന്നത്. ഒന്ന്: രക്ഷയുടെ അനുഭവമാകുന്ന ദൈവം (Salvific experience of God). രണ്ട്, കല്പനകള്‍ നല്കുന്ന ദൈവം (Commanding experience of God). "രക്ഷകനാകുന്ന ദൈവം" പഴയ നിയമത്തില്‍ നിരവധി രംഗങ്ങളില്‍ കാണാനാകും. മരുഭൂമിയിലൂടെയുള്ള പുറപ്പാടിന്‍റെ അനുഭവങ്ങളില്‍ ഉടനീളം ഇടപെടുന്ന ദൈവം, സിംഹക്കുഴിയില്‍ സിംഹങ്ങളുടെ വായ അടപ്പിച്ചു ദാനിയേലിനെ രക്ഷിക്കുന്ന ദൈവം, തീച്ചൂളയുടെ നടുവില്‍ യുവാക്കള്‍ക്ക് കുളിര്‍ക്കാറ്റാകുന്ന ദൈവം, യുദ്ധം നയിക്കുന്ന ദൈവം അങ്ങനെ നിരവധി രക്ഷയുടെ, വിജയത്തിന്‍റെ സംവാഹകനാകുന്ന ദൈവാനുഭവം യഹൂദര്‍ക്കുണ്ട്. രണ്ടാമത്തേത്, സീനായ് മലയില്‍ അവര്‍ക്കു കല്പന നല്കി അവരോട് സംസാരിക്കുന്ന ദൈവമാണ്. മോശയും അഹറോനും ഉള്‍പ്പെടെയുള്ള നേതാക്കന്മാരിലൂടെയും പിന്നീടുള്ള പ്രവാചകരിലൂടെയും അവരോട് സംസാരിച്ച ദൈവം. ഫാക്കെന്‍ ഹൈന്‍ തുടര്‍ന്ന് പറയുന്നു, "നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഇത്തരത്തില്‍ രക്ഷിക്കുന്ന ദൈവത്തെയാണു തേടുന്നതെങ്കില്‍ നമുക്കതു കണ്ടെത്താനാവില്ല. എന്നാല്‍ സംസാരിക്കുന്ന ദൈവത്തെ തേടുന്നവന് ഒരു പക്ഷേ, അവനെ കേള്‍ക്കാന്‍ സാധിക്കും" എന്ന്. ദുരന്തങ്ങളുടെ നടുവില്‍ എന്തായിരിക്കും ദൈവം നമ്മോടു സംസാരിക്കുക? എത്രപേര്‍ക്കാണ് ഇത്തരത്തില്‍ ദുരന്തങ്ങളുടെ നിലയില്ലാക്കയങ്ങളില്‍ നില്‍ക്കുമ്പോള്‍ ദൈവത്തെ കേള്‍ക്കാനുള്ള ആത്മബലം ഉള്ളത്? ഔസ്ട്രിയയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ചുവരില്‍ കാണപ്പെട്ട ഒരു വാചകത്തെക്കുറിച്ച് കേട്ടിട്ടില്ലേ? "If there is a God, He will have to beg my forgiveness." ഏതോ ഒരു തടവുകാരന്‍ ചുമരില്‍ കുറിച്ച വാക്കുകളാണിത്. "ഒരു ദൈവം ഉണ്ടെങ്കില്‍ ആ ദൈവം എന്നോട് ക്ഷമ യാചിക്കേണ്ടി വരുമെന്ന്." ഇതൊരു അവിശ്വാസിയുടെയോ ദൈവനിഷേധിയുടെയോ വാക്കുകളായി കരുതുന്നില്ല. ജീവിതത്തിലെ ദുരിതങ്ങളുടെ നടുവില്‍ നിലവിട്ടു പോകുന്ന ഒരു മനുഷ്യന്‍റെ ഒരുപക്ഷേ, ജീവിതത്തിലുടനീളം യഹൂദമതം പറയുന്ന എല്ലാ അനുഷ്ഠാനങ്ങളും ആചാരങ്ങളും അനുഷ്ഠിച്ചിട്ടും, ദൈവം ഇടപെടാത്തതു കാണുമ്പോഴുള്ള അവന്‍റെ കരച്ചിലുകളും കണ്ണീരുകളുമാകാം ഈ വരികള്‍. സത്യത്തില്‍ ആര്‍ക്കാണ് പിഴവു സംഭവിക്കുന്നത്. മനുഷ്യനോ ദൈവത്തിനോ?

കുറച്ചുകൂടെ ആഴത്തില്‍ ദുഃഖവെള്ളിയെ ധ്യാനിക്കേണ്ടിയിരിക്കുന്നു. അക്കാലമത്രയും നിലവിലുണ്ടായിരുന്ന ചില ദൈവ സങ്കല്പങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്ന ദിനമാണ് ദുഃഖവെള്ളി. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും രാജാവിനെപ്പോലെ ന്യായവിധികള്‍ നടത്തുന്നവനുമായി "രക്ഷയുടെയും, കല്പനകളുടെയും" മാത്രം കണ്ണുകളിലൂടെ ദൈവത്തെ നോക്കിയവര്‍ക്കു മുമ്പില്‍ പീഡനമേല്‍ക്കേണ്ടി വരുന്ന, മുറിവുകള്‍ നിറഞ്ഞ, രക്തംപൊടിയുന്ന, പരിഹസിക്കപ്പെട്ട, കുരിശു ചുമന്ന, വിവസ്ത്രനാക്കപ്പെട്ട, അപമാനിതനായ ഒരു ദൈവത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ദിനമാണ് ദുഃഖവെള്ളി. വാസ്തവത്തില്‍ ദൈവസങ്കല്പത്തില്‍ മായം ചേര്‍ക്കപ്പെടുന്നതാണ് ഈ കാലഘട്ടത്തിന്‍റെ ആത്മീയതയ്ക്കു സംഭവിച്ച പരാജയം എന്നതില്‍ തര്‍ക്കമില്ല. അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും മാത്രം ദൈവമല്ല എന്‍റെ ദൈവം. എന്ന് ഓരോ വിശ്വാസിയും സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ കള്ളനെപ്പോലെ നഗ്നനായി മരക്കുരിശില്‍ തൂക്കപ്പെട്ടവനാണ് എന്‍റെ ദൈവം! മുറിവുകളില്‍ നിന്നും രക്തം കിനിയുന്ന ആ മുഖത്തേക്കു നോക്കി 'ദൈവമേ എനിക്കു മുറിപ്പാടുകള്‍ തരരുതേ' എന്ന് പ്രാര്‍ത്ഥിക്കുന്നതല്ലേ വിരോധാഭാസം.

സഹനങ്ങള്‍ രക്ഷയിലേക്കുള്ള മാര്‍ഗ്ഗങ്ങളാണെന്നുള്ള വചനങ്ങള്‍ വായിക്കാതിരുന്നിട്ടു കാര്യമുണ്ടോ? 'വരാനിരിക്കുന്ന മഹത്വത്തെ തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമെന്നു' പറയുന്ന അപ്പസ്തോലന്‍റെ വാക്കുകള്‍ക്കു എന്നും ജീവനുണ്ട് (റോമാ 8:18).

സര്‍വ്വശക്തനും നിത്യനുമായവന്‍ കല്ലറ പിളര്‍ന്നു ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഹാല്ലേലൂയ പാടുമ്പോഴും അതിനു മുമ്പു അവന് മുറിവേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തു എന്നു നമ്മള്‍ മറന്നുപോകരുത്! ഒരു സഹനവും ആശ്വസിപ്പിക്കപ്പെടാതിരിക്കില്ല! മരണങ്ങള്‍ക്കൊടുവില്‍ ഉത്ഥാനവും.

തെറ്റു പറ്റുന്നത് മനുഷ്യനു തന്നെയാണ്. തര്‍ക്കമില്ല. ചരിത്രത്തിലുടനീളം മനുഷ്യന്‍റെ സ്വാര്‍ത്ഥതയും, അധികാരഭ്രമവും, അഹന്തയും തീര്‍ത്ത കറകളാണ് മായാതെ കറുത്ത അടയാളങ്ങളായി അവശേഷിക്കുന്നത്. ഏറ്റവും ഒടുവിലെ ഈ കോവിഡ് ബാധയില്‍ പോലും 'അഹങ്കാരിയും സ്വാര്‍ത്ഥനുമായ' മനുഷ്യന്‍റെ കരങ്ങള്‍ തന്നെയല്ലേ? ദൈവം എന്തു പിഴച്ചു? 19-ാം നൂറ്റാണ്ടിനെ ദൈവനിഷേധത്തിന്‍റെ ചിന്തകള്‍കൊണ്ട് വെല്ലുവിളിച്ച ഫ്രെഡറിക് നീത്ഷെയുടെ ചില പുനര്‍വായനകള്‍ ഇവിടെ അനിവാര്യമാണെന്നു തോന്നുന്നു. ക്രൈസ്തവ ധാര്‍മ്മികതയെ 'അടിമത്ത ധാര്‍മ്മികത' (Slave morality) എന്നു കുറ്റപ്പെടുത്തുന്ന നീത്ഷെയുടെ "ദൈവം മരിച്ചു" (God is dead) എന്ന തത്ത്വചിന്ത വിരല്‍ ചൂണ്ടുന്ന ചില അപകടകരമായ സൂചനകളുണ്ട്, അദ്ദേഹത്തിന്‍റെ തത്ത്വചിന്തകളുടെ അടിസ്ഥാനം "അധികാരത്തിനുള്ള ഇച്ഛ" (will to power) എന്ന സങ്കല്പമാണ്. എല്ലാ മനുഷ്യരിലും ഇത്തരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ഇച്ഛയുണ്ടെന്നും ആ ഇച്ഛയുടെ കൃത്യമായ ഉപയോഗത്തില്‍ അവനു സംഭവിക്കുന്ന രൂപാന്തരങ്ങളെയും കുറിച്ചാണ് നിത്ഷെ പറയുന്നത്. മനുഷ്യന്‍ അവന്‍റെ എല്ലാ "സാധ്യതകളെ" യും (potentials) അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കുമ്പോള്‍ അവനില്‍ അവനു തന്നെ ഒരു അതിമാനുഷനെ (Overman/ Superman) കണ്ടെത്താനാകുമെന്നും, ഇത്തരത്തില്‍ മനുഷ്യന്‍ തന്നെ അതിമാനുഷരായി മാറുന്നിടത്ത് ദൈവം മരിക്കുമെന്നും, പിന്നെ ദൈവത്തിനു പ്രസക്തിയില്ലെന്നുമാണ് നിത്ഷെ കുറിക്കുന്നത്. എന്നാല്‍ നിത്ഷെയെ തെറ്റായി വായിച്ച്  will to power എന്നത് ലോകം മുഴുവനും കിഴടക്കുന്ന അധികാര പിശാചാണ് എന്ന് തെറ്റിദ്ധരിച്ചവനാണ് ഹിറ്റ്ലര്‍ എന്നും ചില സൂചനകളുണ്ട്. എന്തുതന്നെയായാലും – ഒന്നുകില്‍ ഒരു ഭാഗത്ത് മനുഷ്യന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് തന്നെത്തന്നെ അതിമാനുഷനായി പ്രതിഷ്ഠിക്കുന്നതും അല്ലെങ്കില്‍ മറുഭാഗത്ത് ലോകത്തെ ഭരിക്കാനുള്ള അധികാരത്തിനു വേണ്ടിയുള്ള ചില ഹിറ്റ്ലര്‍ വായനകള്‍ നടത്തുന്നതുമാണ് – ഈ കാലഘട്ടത്തിലും തുടരുന്ന അപകടസൂചന. സ്വയം അതിമാനുഷ്യരാണെന്നു ചിന്തിക്കുന്നവരുടെ ഭൂമികയില്‍ ദൈവത്തിനു അവര്‍ കല്ലറ പണിയും.

ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള വീണ്ടു വിചാരങ്ങളും, പുനര്‍ വായനകളും ധ്യാനങ്ങളും തന്നെയാണ് ഈ കാലഘട്ടത്തിനനിവാര്യം, പലതിനും പരിഹാരവും. എല്ലാ "സാധ്യതകളുടെയും" (potentials) പൂര്‍ത്തീകരണത്തിലും മനുഷ്യന്‍ മനുഷ്യന്‍ തന്നെ ആണെന്നും ഒരിക്കലും ദൈവത്തിനു പകരക്കാരനാകില്ലെന്നും തിരിച്ചറിയണം. ദൈവത്തെപ്പോലെയാകാനുള്ള മനുഷ്യമോഹങ്ങള്‍ ഏദന്‍ തോട്ടത്തിനു പുറത്തും സംഭവിച്ചിട്ടുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. കൂടാതെ ദൈവം എന്നത് അരുളിക്കയില്‍ എഴുന്നള്ളിക്കപ്പെട്ട് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്നവന്‍ മാത്രമല്ല എന്നും, സഹിച്ചവനും സഹനത്തെ അതിജീവിച്ചവനും, ഇന്നും നമ്മോടൊപ്പം സഹിക്കുന്നവനുമാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നു.

നിര്‍വചനങ്ങള്‍ക്കതീതനാണു ദൈവം എന്നതില്‍ തര്‍ക്കമില്ല. കാരണം ഓരോരുത്തര്‍ക്കും 'ദൈവാനുഭവം' വ്യത്യസ്തമായിരിക്കും എന്നതു യാഥാര്‍ത്ഥ്യവുമാണ്. മലമുകളില്‍ നില്‍ക്കുന്ന മോശയ്ക്കും ഏലിയായ്ക്കും ദൈവം അനുഭവമാകുന്നത് വ്യത്യസ്ത രീതികളിലാണ്. ഇടിമുഴക്കത്തിന്‍റെയും മിന്നല്‍പിണരിന്‍റെയും മേഘങ്ങളുടെയും അകമ്പടിയോടെ അഗ്നിയായാണ് മോശയ്ക്കു മുമ്പില്‍ ദൈവം പ്രത്യക്ഷനാകുന്നത് (പുറ. 19:16-17). ഏലിയായും ദൈവത്തെ കാത്തു നില്‍ക്കുകയാണ് മലമുകളില്‍! ആദ്യം കൊടുങ്കാറ്റടിച്ചു എന്നാല്‍ ആ കൊടുങ്കാറ്റില്‍ ദൈവമില്ലായിരുന്നു. പിന്നെ ഭൂകമ്പമുണ്ടായി അതിലും കര്‍ത്താവില്ലായിരുന്നു. പിന്നെ അഗ്നിയുണ്ടായി, അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നിയടങ്ങിയപ്പോള്‍ ഒരു മൃദുസ്വരമായി ദൈവം വന്നു (1 രാജ. 19:11- 13). അതെ ദൈവം ഇന്നതു മാത്രമാണെന്ന് പറയാനാകില്ല. അള്‍ത്താരയും സക്രാരിയും മാത്രമാണ് ദൈവത്തിന്‍റെ ഇരിപ്പിടങ്ങളെന്നു ചിന്തിക്കുന്നതു തന്നെ അവിവേകമാണ്. ബലിപീഠങ്ങള്‍ ദേവാലയങ്ങളില്‍ മാത്രമല്ലല്ലോ! സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും രക്തവും വെള്ളവും വീണു നനയുന്ന ഇടങ്ങളൊക്കെയും ബലിപീഠങ്ങളാണ്.

നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയേണ്ടി വന്നവനായ നോബല്‍ സമ്മാന ജേതാവ് എലി വീസെല്‍ (Elie Wiesel)-ന്‍റെ ആത്മകഥാപരമായ കൃതിയാണ് The night.

അതില്‍ അദ്ദേഹം വിവരിക്കുന്ന ഒരു രംഗമിതാണ്. ആ ക്യാമ്പില്‍ തടവുകാരോടൊപ്പം അവര്‍ക്കെല്ലാം വാത്സല്യവും കൗതുകവും തോന്നിയ ഒരു ബാലനും ഉണ്ടായിരുന്നു. സങ്കടം തളംകെട്ടിയ മുഖമുള്ള മാലാഖ എന്നാണ് വീസെല്‍ ആ ബാലനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം ഇവരെല്ലാവരും അന്നത്തെ ജോലി കഴിഞ്ഞ് തിരിച്ചു ക്യാമ്പിലെത്തുമ്പോള്‍ മൈതാനത്തിനു നടുവില്‍ മൂന്ന് കഴുമരങ്ങള്‍ ഒരുക്കിയിരിക്കുന്നതു കണ്ടു. എല്ലാവരും അതിനു ചുറ്റും വട്ടംകൂടി. അപ്പോള്‍ മൂന്ന് പേരെ തൂക്കിലേറ്റാനായി ബന്ധിതരാക്കി കൊണ്ടുവന്നു. രണ്ടു മുതിര്‍ന്നവരും പിന്നെ ഈ ബാലനും. ചുറ്റും നില്‍ക്കുന്നവര്‍ അവരുടെ സങ്കടം നിലവിളികളായ് ഉയര്‍ത്തുകയാണ്. ചിലര്‍ ചോദിക്കുന്നുണ്ട്. ഈ നിഷ്കളങ്ക ബാലനെ പോലും രക്ഷിക്കാതെ ദൈവം എവിടെയാണ്? അവരെ മൂന്നു പേരെയും കഴുമരത്തിനടുത്തേക്ക് കൊണ്ടുവന്നു. മുതിര്‍ന്നവര്‍ രണ്ടുപേരും സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! എന്നു മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഈ കുഞ്ഞാകട്ടെ നിശബ്ദനായി കഴുമരത്തോടടുത്തു. ആ കുഞ്ഞിനെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ക്കുപോലും സങ്കടമായിരുന്നു എന്നാണ് വിസെല്‍ എഴുതുന്നത്!

തൂക്കിലേറ്റാന്‍ കല്പന വന്നു! മൂന്നു പേരുടെയും മുഖം മറച്ചു, കഴുത്ത് തൂക്കു മരത്തില്‍ വച്ച് ആരാച്ചാര്‍ അവരെ തൂക്കിലേറ്റി. കണ്ടു നിന്ന ജനം വാവിട്ടു കരഞ്ഞു. മുതിര്‍ന്ന രണ്ടുപേരും പെട്ടെന്നു തന്നെ മരണപ്പെട്ടു. എന്നാല്‍ ആ ബാലന്‍റെ ശരീരം അരമണിക്കൂറോളം ജീവനോടെ തൂക്കുമരത്തില്‍ കിടന്നുപിടഞ്ഞു.

ജനം വാവിട്ടു നിലവിളിക്കുകയാണ്. 'എവിടെയാണ് ദൈവം?' എന്ന ചോദ്യം വീണ്ടും ജനക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു. വീസെല്‍ കുറിക്കുന്നു: "എന്‍റെ ഉള്ളില്‍ ഒരു ശബ്ദം ഞാന്‍ കേട്ടു… ദൈവം… അവനാണീ തൂക്കു മരത്തില്‍ കിടന്നാടുന്നത് എന്ന്."

മനുഷ്യനോടൊപ്പം സഹിക്കുന്ന ഒരു ദൈവത്തെയാണ് ഗ്രന്ഥകര്‍ത്താവ് നമുക്കു നല്കുന്ന ആത്മീയ അനുഭവം. തുടര്‍ന്നു അദ്ദേഹം എഴുതുന്ന വരികള്‍ ഇപ്രകാരമാണ്; "ആ രാത്രിയിലെ സൂപ്പിന് ശവശരീരങ്ങളുടെ രുചിയായിരുന്നു" എന്ന്.

മരണത്തിന്‍റെ നിഴല്‍ വീണതും ശവശരീരങ്ങളുടെ ഗന്ധമുള്ളതുമായ കാഴ്ചകളും കേള്‍വികളുമാണ് നമുക്കു ചുറ്റും ഇന്ന്. ക്രിസ്തുവിന്‍റെ സഹനങ്ങള്‍ക്കു അര്‍ത്ഥമുണ്ടായപോലെ നമ്മുടെ സഹനങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകും എന്നതാണ് നമ്മുടെയും പ്രതീക്ഷ.

സഹനങ്ങളില്‍ കൂടെയിരിക്കുന്ന സഹനങ്ങളുടെ തമ്പുരാന്‍ നമ്മോടു പറയുന്നതു കേള്‍ക്കാന്‍ നമുക്കു കഴിയുന്നുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org