Latest News
|^| Home -> Cover story -> ഏതു കോടതിവിധിയേക്കാളും മികച്ചത് ഒത്തുതീര്‍പ്പ്

ഏതു കോടതിവിധിയേക്കാളും മികച്ചത് ഒത്തുതീര്‍പ്പ്

Sathyadeepam

അഡ്വ. റ്റിബു ഡി പാറായി
(അക്രെഡിറ്റഡ് മീഡിയേറ്റര്‍)

പരമ്പരാഗത നീതിന്യായക്കോടതികള്‍ക്കു പുറമെ തര്‍ക്കപരിഹാരങ്ങള്‍ക്കുള്ള കുറെ ബദല്‍ മാര്‍ഗങ്ങള്‍ ഭരണകൂടം തന്നെ വിഭാവനം ചെയ്തു നടപ്പാക്കിയിട്ടുണ്ട്. ആര്‍ബിട്രേഷന്‍, അനുരഞ്ജനം, ജുഡീഷ്യല്‍ സെറ്റില്‍മെന്‍റ്, ലോക് അദാലത്ത്, മാദ്ധ്യസ്ഥം എന്നിവയാണവ.

ഈ അംഗീകൃത മാര്‍ഗങ്ങളിലൊന്നായ മാദ്ധ്യസ്ഥം (മീഡിയേഷന്‍) രണ്ടു തരത്തിലുണ്ട്. പ്രാഥമിക മാദ്ധ്യസ്ഥവും (പ്രൈമറി മീഡിയേഷന്‍) കോടതിയനുബന്ധ മാദ്ധ്യസ്ഥവും (കോര്‍ട്ട് അനക്സ്ഡ് മീഡിയേഷന്‍). പ്രൈമറി മീഡിയേഷന്‍ ഇന്ത്യയില്‍ ഇപ്പോഴില്ല. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഉണ്ട്. മീഡിയേഷന്‍ ഉള്‍പ്പെടെയുളള ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ പല രാജ്യങ്ങളിലും വളരെ ശക്തമാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ 96% കേസുകളും ഇത്തരം മാര്‍ഗങ്ങള്‍ മുഖേനയാണു പരിഹരിക്കപ്പെടുന്നത്. ബാക്കി നാലു ശതമാനം കേസുകള്‍ മാത്രമേ കോടതികളില്‍ എത്തുന്നുള്ളൂ.

ഇന്ത്യയില്‍ പ്രൈമറി മീഡിയേഷന്‍ ഔദ്യോഗികമായി ഇല്ല. പത്തു വര്‍ഷമായി കോര്‍ട്ട് അനക്സ്ഡ് മീഡിയേഷന്‍ ഉണ്ട്. ആദ്യം ദല്‍ഹിയിലാണ് ഇതാരംഭിച്ചത്. നാലാമതായാണ് കേരളത്തില്‍ തുടങ്ങിയത്. കേരളത്തില്‍ ഇപ്പോള്‍ എല്ലാ ജില്ലകളുടെയും ആസ്ഥാനങ്ങളിലും മറ്റു സബ് സെന്‍ററുകളിലുമായി 580 ഓളം മീഡിയേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. അനേകം കേസുകള്‍ തീര്‍പ്പാക്കാന്‍ ഇവര്‍ക്കു സാധിച്ചു. എന്നാല്‍, ഇതിന്‍റെ സാദ്ധ്യതകള്‍ നാം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നു പറയാനും വയ്യ.

സിവില്‍ നടപടി നിയമത്തിലെ (സിപിസി) സെക്ഷന്‍ 89 പ്രകാരം കോടതിക്ക് ഒരു കേസ് മാദ്ധ്യസ്ഥത്തിനായി നിര്‍ദേശിച്ചയക്കാം. അത്തരം കേസുകളിലെ വാദിയും പ്രതിയും കേസുമായി മീഡിയേഷന്‍ സെന്‍ററില്‍ എത്തുന്നു. ഒരു അക്രെഡിറ്റഡ് മീഡിയേറ്റര്‍ ഇവരുമായി സംസാരിച്ച് തര്‍ക്കം പരിഹരിക്കുന്നു. അതൊരു ധാരണയായി എഴുതി കോടതിക്ക് അയക്കുന്നു. കോടതി, അതു കോടതിയുടെ തന്നെ ഉത്തരവായി പുറപ്പെടുവിക്കുന്നു. ജഡ്ജി ഒപ്പു വച്ച് സീല്‍ ചെയ്യുന്ന ഏതൊരു കോടതിയുത്തരവും പോലെ നിയമപരമാണ് അത്. അതേസമയം ആ ഉത്തരവിന്മേല്‍ പിന്നെ അപ്പീലിന് അവസരമില്ല. അന്തിമ വിധിതീര്‍പ്പാണത്.

മീഡിയേഷനു വന്നു എന്നതുകൊണ്ട് മീഡിയേഷനു വഴങ്ങണം എന്നു യാതൊരു നിര്‍ബന്ധവുമില്ല. കക്ഷികള്‍ക്കോ അവരുടെ കേസിനോ ഒരു ദോഷവും ചെയ്യാന്‍ മീഡിയേഷന്‍ പ്രക്രിയ കൊണ്ടു സാധിക്കില്ല. സഹായം ലഭിച്ചേക്കാം, ലഭിക്കാതിരിക്കാം എന്നല്ലാതെ ദോഷമൊന്നും ഉണ്ടാകുകയില്ല. കാലതാമസമില്ലാതെ രമ്യമായി പ്രശ്നങ്ങള്‍ പരിഹരിച്ചു പോകാനുള്ള സാദ്ധ്യതയാണ് മീഡിയേഷന്‍ സെന്‍ററുകളില്‍ ആരായുന്നതും കണ്ടെത്തുന്നതും.

വിജയവും തോല്‍വിയും
പരമ്പരാഗത ശൈലിയില്‍ കോടതി, തെളിവുകള്‍ പരിശോധിച്ചു, വിചാരണ നടത്തി ഒരു വിധി പുറപ്പെടുവിച്ചാല്‍ തോല്‍ക്കുന്നയാളിന് അപ്പീല്‍ പോകാം. കോടതിവിധികളുടെ ഒരു പ്രശ്നമിതാണ്. ഒരാള്‍ തോല്‍ക്കും, ഒരാള്‍ ജയിക്കും. ജഡ്ജി മൂന്നാം സ്ഥാനത്തു നിന്നു നീതിപൂര്‍വകമായി എടുക്കുന്ന തീരുമാനമാണെങ്കിലും തോല്‍ക്കുന്നയാള്‍ക്ക് അതു സാധാരണയായി സ്വീകാര്യമായിരിക്കില്ല. തോല്‍ക്കുക എന്നാണല്ലോ പറയുന്നതും. അയാള്‍ മേല്‍കോടതിയില്‍ പോകും. അവിടെയും ഒരാള്‍ തോല്‍ക്കും, മറ്റൊരാള്‍ ജയിക്കും. തോല്‍ക്കുന്നയാള്‍ അതിനു മേലുള്ള കോടതിയില്‍ പോകും. അങ്ങനെ കേസ് അനന്തമായി നീണ്ടുപോകുന്നു. അതിനായി ഒരുപാടു പണവും സമയവും ചിലവഴിക്കുന്നു. വ്യക്തിബന്ധങ്ങള്‍ വഷളാകുന്നു. പലപ്പോഴും കേസിലെ അനുകൂല വിധി കൊണ്ടു ജീവിതത്തില്‍ പ്രയോജനമില്ലാത്ത സ്ഥിതി വരുന്നു. നീണ്ട പക്രിയകള്‍ക്കൊടുവില്‍ വിധി നേടി കഴിഞ്ഞാല്‍ വിധിനടത്ത് എന്ന ഘട്ടമുണ്ട്. കോടതിയുടെ വിധി ബലപ്രയോഗത്തിലൂടെ നടത്തിയെടുക്കുകയാണ് ചെയ്യുക.

ചെക്ക്, പ്രോനോട്ട് കേസുകളില്‍ കാശു വാങ്ങിക്കൊടുക്കാന്‍ വിധിച്ചുവെന്നു കരുതുക. അതു നടപ്പാക്കണമെങ്കില്‍ ചെക്ക് കൊടുത്തയാളുടെ പേരില്‍ ഭൂമി വേണം, അതു ജപ്തി ചെയ്യണം, ലേലത്തില്‍ വയ്ക്കണം, ആരെങ്കിലും അതു ലേലത്തില്‍ വാങ്ങണം, വില കോടതിയില്‍ കെട്ടി വയ്ക്കണം, അതില്‍ നിന്നു പണം വിധി നേടിയ ആള്‍ക്കു കൊടുക്കണം. അത്രയും നടപടിക്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഏറ്റവും വ്യക്തമായ കേസുകളില്‍ പോലും വിധിയുടെ പ്രയോജനങ്ങള്‍ കേസ് കൊടുത്തയാള്‍ക്കു ലഭ്യമാകുന്നുള്ളൂ.

എന്നാല്‍ ഈ കേസ് മീഡിയേഷന്‍ വഴി പരിഹരിക്കുകയാണെന്നു വയ്ക്കുക. ഒരു ലക്ഷം രൂപ ഒരാള്‍ കൊടുക്കാനുണ്ട്. അതയാള്‍ മീഡിയേറ്ററോടു സമ്മതിക്കുന്നു. എന്നാല്‍ 80,000 രൂപയേ കൊടുക്കാന്‍ നിവൃത്തിയുള്ളൂ. അതാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ കൊടുക്കാം എന്നറിയിക്കുന്നു. കാശ് കിട്ടാനുള്ളയാളോട് മീഡിയേറ്റര്‍ ഇതു പറയുന്നു. അയാള്‍ അതു സമ്മതിക്കുകയാണെങ്കില്‍ കേസ് തീരുകയാണ്. രണ്ടു പേരും സ്വമനസ്സോടെ ഈ തുക സമ്മതിച്ച്, സ്വമനസ്സോടെ ധാരണയില്‍ ഒപ്പിടുന്നു. കോടതി അതൊരു ഒത്തുതീര്‍പ്പു ഉത്തരവായി പുറപ്പെടുവിക്കുന്നു. അപ്പീലുകള്‍ക്ക് അവസരമില്ലാതെ നടപ്പാക്കുന്നു. ഇരുകക്ഷികളും സമ്മതിച്ചു പുറപ്പെടുവിക്കുന്ന ഉത്തരവായതിനാല്‍ വിധിനടത്തിപ്പ് എന്ന പ്രക്രിയ വേണ്ടി വരുന്നില്ല. എന്നാല്‍ ആവശ്യമെങ്കില്‍ ഭരണകൂടത്തിന്‍റെ ഇടപെടലിലൂടെ നടത്തിയെടുക്കാന്‍ സാധിക്കുന്ന വിധിയുമാണ് ഇത്.

ഇത് കോടതിയനുബന്ധ മാദ്ധ്യസ്ഥ സംവിധാനമായതിനാല്‍ കോടതി നിര്‍ദേശിച്ചെങ്കില്‍ മാത്രമേ ഒരു കേസ് മാദ്ധ്യസ്ഥത്തിലേയ്ക്ക് എത്തുകയുള്ളൂ. കോടതിയനുബന്ധ മാദ്ധ്യസ്ഥത്തില്‍ കേരളത്തില്‍ ഇപ്പോള്‍ 40% വിജയനിരക്കുണ്ട്. അതായത് മദ്ധ്യസ്ഥരുടെ അടുത്തേയ്ക്ക് കോടതി അയച്ച കേസുകളില്‍ 40 ശതമാനവും ഇരുകൂട്ടര്‍ക്കും സമ്മതമായ തീരുമാനത്തിലെത്തി പരിഹരിച്ചു. തീരുമാനമുണ്ടാക്കാന്‍ കഴിയാത്ത കേസുകള്‍ പതിവു പോലെ കോടതികളില്‍ തുടരുന്നു. ആയിരകണക്കിനു കേസുകള്‍ കെട്ടികിടക്കുകയും വര്‍ഷങ്ങളായി ആളുകള്‍ പരിഹാരം തേടി കോടതികള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോള്‍ ഇതു വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.

മീഡിയേറ്റര്‍മാര്‍ അവരുടെ വിശ്വസ്തത സത്യപ്രതിജ്ഞയിലൂടെ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ചുമതലയേല്‍ക്കുന്നത്. അവര്‍ നിരവധി പ്രൊഫഷണല്‍ പരിശീലന പരിപാടികളിലും സംബന്ധിക്കുന്നുണ്ട്. തങ്ങളുടെ മുമ്പിലെത്തുന്ന കേസുകളിലെ ഒരു വിവരവും പുറത്തു പറയാന്‍ മീഡിയേറ്റര്‍മാര്‍ക്ക് അനുവാദമില്ല. ഒരു കക്ഷി പറയുന്നത് അവരുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ എതിര്‍ കക്ഷിയോടു പറയുകയുള്ളൂ. മീഡിയേഷനില്‍ സത്യങ്ങള്‍ പറയാന്‍ ആര്‍ക്കും തടസ്സമില്ല. ഉദാഹരണത്തിനു ഒരു ചെക്ക് കേസില്‍ പ്രതിയായ ആള്‍ കോടതിയില്‍ അതൊരു പക്ഷേ നിഷേധിച്ചെന്നു വരും. അതു നിയമയുദ്ധത്തിന്‍റെ ഭാഗമാണ്. എന്നാല്‍ മീഡിയേഷനില്‍ സത്യം പറയും. കൊടുക്കാനുണ്ടെങ്കില്‍ അതു സമ്മതിച്ചെന്നു വരും. പക്ഷേ കേസ് മീഡിയേഷനില്‍ തീരുന്നില്ലെങ്കില്‍ കോടതിയില്‍ എടുത്ത നിലപാട് മാറ്റേണ്ടി വരുന്നില്ല. ഈ ഉദാഹരണത്തില്‍, താന്‍ കാശു കൊടുക്കാനില്ല എന്നു തന്നെ കോടതിയില്‍ തുടര്‍ന്നും പറയാന്‍ തടസ്സമില്ല. മീഡിയേറ്റര്‍മാരെ വിസ്തരിക്കാന്‍ കോടതികള്‍ക്കു സാധിക്കില്ല. മീഡിയേഷന്‍റെ ഭാഗമായി അവരുടെ മുമ്പില്‍ കക്ഷികള്‍ പറഞ്ഞ ഒരു കാര്യവും പുറത്തു പോകാനോ തെളിവിന്‍റെ ഭാഗമാകാനോ കഴിയുന്നതല്ല. മീഡിയേഷനിലൂടെ ഒരു കേസ് തീരുമാനമാകുന്നില്ലെങ്കില്‍ കോടതികളിലെ തുടര്‍ പ്രക്രിയ സാധാരണ മട്ടില്‍ നടക്കുന്നുവെന്നുറപ്പാക്കുവാന്‍ വേണ്ടിയാണിതെല്ലാം.

കുടുംബകേസുകള്‍
മീഡിയേഷനിലൂടെ തീര്‍ക്കാന്‍ ഏറ്റവുമനുയോജ്യം കുടുംബകേസുകളാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം കോടതികളില്‍ പറയാന്‍ കഴിയുന്നതോ കോടതിയുത്തരവിലൂടെ പരിഹരിക്കാന്‍ കഴിയുന്നതോ അല്ല. കോടതിവിധികള്‍ ഒരാള്‍ക്കു തൃപ്തികരമാകുകയില്ല, അയാള്‍ അപ്പീലിനു പോകും. സാധാരണ സിവില്‍ കേസുകളാണെങ്കില്‍ ഏതെങ്കിലും കാലത്ത് പരിഹാരമുണ്ടായാലും മതി എന്നു വേണമെങ്കില്‍ കരുതാം. 30 വയസ്സില്‍ ഒരാള്‍ വിവാഹ കേസു തുടങ്ങിയിട്ട്, നാല്‍പതോ നാല്‍പത്തഞ്ചോ വയസ്സില്‍ ഒരു തീര്‍പ്പു കിട്ടിയിട്ട് എന്തു കാര്യം? മീഡിയേഷനിലൂടെ ഉടന്‍ പരിഹാരം കണ്ടെത്തിയാല്‍ തുടര്‍ന്നുള്ള ജീവിതം ആരംഭിക്കാനാകും.

ഇത്തരം കേസുകളില്‍ കേസിന്‍റെ മെറിറ്റ് നോക്കിയാണ് അഭിഭാഷകര്‍ ഹര്‍ജികള്‍ തയ്യാറാക്കുന്നതും വാദമുഖങ്ങള്‍ നിരത്തുന്നതും. വിജയമാണ് ലക്ഷ്യം. വിവാഹബന്ധത്തിലെ പ്രശ്നങ്ങളുടെ അടിസ്ഥാനപരമായ കാരണങ്ങള്‍ വിസ്മരിക്കപ്പെടും. അത് ആരും ചോദിക്കുകയില്ല, പറയുകയില്ല. വിവാഹമോചനമോ, കുട്ടികളുടെ സംരക്ഷണാവകാശമോ നഷ്ടപരിഹാരമോ ഏതിനൊക്കെയാണു മുന്‍ഗണന എന്നതു വച്ചാണ് അഭിഭാഷകര്‍ കേസ് കെട്ടിപ്പൊക്കുക. പല കാര്യങ്ങളും അതിശയോക്തിവത്കരിക്കുകയും ഇല്ലാത്തതു പറയുകയുമൊക്കെ ചെയ്യും. ഇതു ബന്ധങ്ങളെ കൂടുതല്‍ വഷളാക്കും. മീഡിയേറ്ററുടെ അടുത്ത് ഇതിനൊന്നും പ്രസക്തിയില്ല.

കുടുംബകേസുകളില്‍ കൗണ്‍സലിംഗ് പ്രധാനമാണ്. കുടുംബകോടതികള്‍ കൗണ്‍സലിംഗ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതു പര്യാപ്തമല്ല. പുറത്തുള്ള കൗണ്‍സിലര്‍മാര്‍ വേണ്ടത്ര പരിശീലനം നേടിയവരല്ല.

വിവാഹമോചനക്കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അതിനു കാരണം പണ്ടത്തേക്കാള്‍ പ്രശ്നങ്ങള്‍ ഇന്നു വര്‍ദ്ധിച്ചു എന്നല്ല. സ്ത്രീകള്‍ അവരുടെ അവകാശങ്ങളെ കുറിച്ചു കൂടുതല്‍ ബോധവതികളായി എന്നതാണ് പ്രധാന കാരണം. വിവാഹമോചനക്കേസുകളില്‍ വാദികള്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. പ്രശ്നങ്ങള്‍ പണ്ടും ഉണ്ടായിരുന്നതാണ്. എന്നാല്‍ അതൊക്കെ സഹിച്ചു കഴിയുന്നവരായിരുന്നു സ്ത്രീകളില്‍ ഏറെയും. കല്യാണം കഴിച്ചു എന്നു വച്ച് അടിയും ഇടിയും കൊണ്ട് ഒരാളുടെ അടിമയായി കഴിയേണ്ടതില്ല എന്നു ഇന്നത്തെ സ്ത്രീകള്‍ കരുതുകയാണ്. മര്‍ദ്ദനമേറ്റും മദ്യാസക്തി സഹിച്ചും ജീവിതം കളയേണ്ടതില്ല എന്നു നിശ്ചയിച്ച് അവര്‍ വിവാഹമോചനം തേടുന്നു.

ശത്രുത വേണ്ട
കക്ഷികള്‍ തമ്മിലുള്ള സമാധാനം സ്ഥാപിക്കുക, വീണവനെ എണീല്‍പിക്കുക, നഷ്ടപ്പെട്ട ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുക, പൊട്ടിയതു കൂട്ടിച്ചേര്‍ക്കുക എന്നിവയാണ് മീഡിയേഷന്‍റെ ലക്ഷ്യം. കക്ഷികള്‍ തമ്മിലുള്ള സ്ഥിരമായ ശത്രുത ഇല്ലാതാക്കുക എന്നതാണ് മീഡിയേഷന്‍ സംവിധാനത്തിന്‍റെ ഒരു വലിയ വിജയം. പരമ്പരാഗത കേസ് നടത്തിപ്പില്‍ വൈരാഗ്യവും വിരോധവും വര്‍ദ്ധിപ്പിക്കുന്ന ശൈലിയാണുള്ളത്. കേസിനു ബലം കിട്ടാന്‍ വേണ്ടി ഹര്‍ജിയില്‍ ഉള്ളതും ഇല്ലാത്തതും ഒക്കെ എഴുതി വയ്ക്കുമ്പോള്‍ മുതല്‍ ശത്രുത വര്‍ദ്ധിക്കുകയാണ്. വക്കീലിനടുത്ത് ഒരു കേസ് ഏല്‍പിക്കുമ്പോള്‍ വക്കീലിന്‍റെ ലക്ഷ്യം ആ കേസ് ജയിക്കുക എന്നതാണ്. അതിനു സാധിക്കുന്ന വിധത്തിലാണ് അയാള്‍ ആ കേസ് എഴുതുക. അതു രേഖയായി മാറുകയാണ്. അതു വര്‍ദ്ധിച്ച ശത്രുതയിലേയ്ക്കു നയിക്കും.

കമ്മ്യൂണിറ്റി മീഡിയേഷന്‍ എന്ന സംവിധാനം ജില്ലാ നിയമസഹായസമിതികളുടെ മുന്‍കൈയോടെ നടപ്പായി വരുന്നുണ്ട്. സമുദായ സംഘടനകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കേസുകള്‍ പരിഹരിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. അവിടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം കൊടുക്കുന്നു. അവരുടെ സഹായത്തോടെ ഓരോ സമുദായത്തിലുമുണ്ടാകുന്ന കേസുകള്‍ അവിടെ പരിഹരിക്കാന്‍ പരിശ്രമിക്കുന്നു. ഇതിലെ പരിഹാരങ്ങള്‍ക്ക് നിയമപരമായ സാധുതകള്‍ ഇല്ലെന്നു മാത്രം. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. കോടതിയുത്തരവ് ആവശ്യമാണെങ്കില്‍ ലോക് അദാലത്തു മുഖേന അതു സമ്പാദിക്കുകയും ചെയ്യാം.

15 വര്‍ഷത്തില്‍ കൂടുതല്‍ അനുഭവപരിചയമുളള അഭിഭാഷകരെയാണ് അക്രെഡിറ്റഡ് മീഡിയേറ്റര്‍മാരാകാന്‍ വിളിക്കുന്നത്. വിദേശത്തു നിന്നുള്ളവരും സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരും മനശ്ശാസ്ത്രജ്ഞരുമൊക്കെയാണ് പരിശീലനം നല്‍കുന്നത്. മീഡിയേറ്റര്‍മാര്‍ക്കുള്ള പ്രതിഫലം സര്‍ക്കാരാണു നല്‍കുന്നത്. ഒരു കേസ് തീര്‍പ്പാക്കിയാലാണ് അതിനു പ്രതിഫലം കിട്ടുക. കെട്ടിടങ്ങള്‍ക്കും ജോലിക്കാര്‍ക്കും മീഡിയേറ്റര്‍മാരുടെ പരിശീലനത്തിനും പ്രതിഫലത്തിനുമൊക്കെയായി വലിയ തുക സര്‍ക്കാര്‍ മുടക്കുന്നുണ്ട്. അതിന്‍റെ പ്രയോജനമെടുക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

കുടുംബകോടതിയില്‍ 6500 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഉള്ളത് ഒരു ജഡ്ജിയും. ആ ജഡ്ജി എത്ര കഴിവുള്ളയാളാണെങ്കിലും കഠിനാദ്ധ്വാനിയാണെങ്കിലും ഇത്രയധികം കേസുകള്‍ തീര്‍പ്പാക്കുക എളുപ്പമല്ലല്ലോ. പക്ഷേ തുടങ്ങിയ കാലത്തെയപേക്ഷിച്ച് കോടതികള്‍ മാദ്ധ്യസ്ഥത്തിനു കേസുകള്‍ വിടുന്നത് കുറഞ്ഞു വരികയാണ്. ആളുകള്‍ ഇതേ കുറിച്ച് അവബോധമുള്ളവരല്ല. കക്ഷികള്‍ ആവശ്യപ്പെടുകയാണെങ്കിലും മാദ്ധ്യസ്ഥത്തിനു വിടേണ്ടതുണ്ടോ എന്ന തീരുമാനം കോടതിയുടെ വിവേചനാധികാരത്തിനു കീഴിലാണ്.

മാറാന്‍ മടി
പലപ്പോഴും നിലവിലുള്ള സമ്പ്രദായങ്ങളില്‍ ഒരു മാറ്റം വരുത്താന്‍ ആളുകള്‍ക്കു മടിയാണല്ലോ. അതാണു മീഡിയേഷന്‍ സംവിധാനത്തോടു നിയമവൃത്തങ്ങളില്‍ തന്നെ ഒരുതരം ഉദാസീനത ഉണ്ടാകാന്‍ കാരണം. പക്ഷേ മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കില്ല. പാലം വരുന്നത് കടത്തുകാരനു ദോഷമാണ്. കമ്പ്യൂട്ടര്‍ വന്നത് ടൈപിസ്റ്റുകളുടെ ജോലികള്‍ ഇല്ലാതാക്കി. പക്ഷേ അതുകൊണ്ട് അതൊന്നും വരാതിരുന്നില്ല. കാലത്തിന്‍റെ പ്രയാണത്തില്‍ നാം മാറ്റങ്ങള്‍ക്കു വിധേയരാകുക തന്നെ ചെയ്യും.

ഒരു പ്രശ്നമുണ്ടായാല്‍ ആദ്യം തന്നെ ഒരു മീഡിയേറ്ററുടെ അടുത്തേയ്ക്കു പോകാന്‍ കഴിയുക, അയാള്‍ പരിശീലനം സിദ്ധിച്ചയാളായിരിക്കുക, അവിടത്തെ പ്രശ്നപരിഹാരത്തിനു നിയമപരമായ സാധുതയുണ്ടായിരിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ രീതി. അതാണു പ്രൈമറി മീഡിയേഷന്‍. അങ്ങിനെയൊരു സ്ഥിതി ഇന്ത്യയില്‍ ഇപ്പോഴില്ല. അനുയോജ്യമായ നിയമനിര്‍മ്മാണത്തിലൂടെ അതു വരിക എന്നതാണു ഏറ്റവും ആവശ്യമായിരിക്കുന്നത്.

ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രീ ലിറ്റിഗേഷന്‍ സംവിധാനം ഇപ്പോഴുണ്ട്. പക്ഷേ അവിടെ വരുന്നവരുടെ എണ്ണം വളരെ കുറവാണ്. കമ്പനികളാണ് ഈ സാദ്ധ്യത ഇപ്പോഴുപയോഗിക്കുന്നത്. 500 രൂപയുടെ ബില്‍ കിട്ടാനുണ്ടെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ കമ്പനി കേസിനു പോകില്ല. പ്രീ ലിറ്റിഗേഷന്‍ സാദ്ധ്യത ഉപയോഗിച്ചു ഈ പണം കിട്ടുമോ എന്നാണവര്‍ നോക്കുക. എന്നാല്‍ സാധാരണ വ്യക്തികള്‍ പ്രീ ലിറ്റിഗേഷന്‍ സാദ്ധ്യതകള്‍ തേടുന്നത് കുറവാണ്.

മീഡിയേഷനിലൂടെ പരിഹരിക്കാന്‍ കഴിയാത്ത കേസുകളുണ്ട്. ഉദാഹരണത്തിനു ഒരു മോഷണക്കേസ്. മോഷ്ടിച്ച മുതല്‍ മടക്കിക്കൊടുക്കാമെന്നു കള്ളന്‍ സമ്മതിക്കുന്നതുകൊണ്ടോ, മുതല്‍ തിരിച്ചു കിട്ടിയാല്‍ കേസില്ലെന്നു ഉടമ പറയുന്നതുകൊണ്ടോ ഒരു കളവു കേസ് ഒത്തുതീര്‍പ്പാക്കുന്നത് നീതിയല്ല. കാരണം കള്ളന്‍ ഒരു സാമൂഹ്യവിപത്താണ്. കളവ് ഒത്തുതീര്‍ക്കുന്നത് പൊതുതാത്പര്യത്തിനു നിരക്കുന്നതല്ല. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിലും ഒത്തുതീര്‍പ്പുകള്‍ക്കു കക്ഷികള്‍ സമ്മതിച്ചാലും കോടതികള്‍ക്കു വഴങ്ങാന്‍ സാധിക്കില്ല.

എന്നാല്‍ ചില ക്രിമിനല്‍ കേസുകള്‍ സിവില്‍ സ്വാഭാവമുള്ളവയായിരിക്കും. അത്തരം കേസുകള്‍ ചിലപ്പോള്‍ മീഡിയേറ്റര്‍മാരുടെ അടുത്തേയ്ക്കു വിട്ടു എന്നും വരാം.

ഇന്ത്യയില്‍ വാണിജ്യ കോടതികള്‍ വരുന്നുണ്ട്. അവയില്‍ കേസ് എടുക്കണമെങ്കില്‍ അതിനു മുമ്പ് മീഡിയേഷന്‍ നിര്‍ബന്ധമാണ്. ഇത് അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായ വ്യവസ്ഥകളാണ്. ഇന്ത്യയ്ക്ക് അതു പാലിക്കാതിരിക്കാനാകില്ല. ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം ഇന്ത്യയില്‍ വരണമെങ്കില്‍ ഇതാവശ്യമാണ്. കമ്പനികള്‍ അവരുടെ തര്‍ക്കങ്ങള്‍ കോടതികളിലെ അനേകം വര്‍ഷങ്ങളിലെ നിയമപോരാട്ടങ്ങള്‍ക്കു വിട്ടു കൊടുക്കാന്‍ താത്പര്യമുള്ളവരല്ല. ഈ രീതിയില്‍ എല്ലാ കേസുകളിലും പ്രൈമറി മീഡിയേഷന്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളാണ് ആവശ്യം.

മീഡിയേറ്റര്‍ ഒരിക്കലും ഒരു വിധികര്‍ത്താവല്ല. അയാള്‍ക്ക് ഒരു കക്ഷിയോടും പ്രത്യേക താത്പര്യമില്ല. പ്രശ്നത്തിന്‍റെ പരിഹാരം കക്ഷികളില്‍നിന്നു തന്നെയാണു വരേണ്ടത്. കക്ഷികളുടെ വിശ്വാസ്യതയാര്‍ജിച്ച് ആ പരിഹാരം അവരില്‍ നിന്നുരുത്തിരിഞ്ഞു വരുന്നതിനു സാഹചര്യമൊരുക്കുക എന്നതാണു മീഡിയേറ്റര്‍ ചെയ്യേണ്ടത്. കക്ഷിയുടെ ഉദ്ദേശ്യം, ആവശ്യം, ക്ഷേമം എന്നിവ മുന്‍നിറുത്തിയാണ് ഒരു കേസ് മീഡിയേഷനു വിധേയമാക്കുന്നത്.

ഒരു മോശം ഒത്തുതീര്‍പ്പു പോലും ഒരു നല്ല കോടതിവിധിയേക്കാള്‍ മികച്ചതായിരിക്കും എന്നതാണു സങ്കല്‍പം. കക്ഷികള്‍ തമ്മില്‍ കൈകൊടുത്തു പിരിയാന്‍ കഴിയുന്നു എന്നതാണ് ഒത്തുതീര്‍പ്പിന്‍റെ ഏറ്റവും വലിയ നേട്ടം. മനുഷ്യര്‍ ശത്രുക്കളല്ലാതാകുന്നു, മനസ്സമാധാനം കിട്ടുന്നു. അതൊരു ചെറിയ കാര്യമല്ലല്ലോ.

(അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Leave a Comment

*
*