മിനിമലിസം : വാക്കും വ്യാഖ്യാനവും

മിനിമലിസം : വാക്കും വ്യാഖ്യാനവും


ഫാ. ജോര്‍ജ് വലിയപാടത്ത്, കപ്പൂച്ചിന്‍

ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനും എന്താണ് പൊതുവായിട്ടുള്ളത്? ഡിജിറ്റല്‍ മീഡിയയില്‍ ഊന്നിയ വ്യവസായങ്ങളുടെ സംരംഭകരായി ലോകത്തിലെ ഏറ്റവും സമ്പന്നരായി മാറിയ വ്യക്തികളാണവര്‍ എന്നു പറയാം. എന്നാലത് മാറ്റി നിറുത്തിയാല്‍, മറ്റെന്താണ് അവര്‍ക്ക് പൊതുവായിട്ടുള്ളത്? ഓരോരോ വിധത്തില്‍ അവര്‍ മൂന്നു പേരും 'മിനിമലിസം' എന്ന ജീവിത-ചിന്താരീതിയുടെ പ്രയോക്താക്കളാണ് എന്നതായിരിക്കും അവരെ സദൃശ്യരാക്കുന്ന പ്രധാന പ്രത്യേകത.

ജൂലിയ റോബര്‍ട്ട്സ്, കീനു റീവ്സ്, റസ്സല്‍ ക്രോവ്, സെയ്റ ജസ്സിക്ക പാര്‍ക്കര്‍, ലിയോനാര്‍ ഡോ ഡി കാപ്രിയോ എന്നിങ്ങനെയുള്ള പല ഹോളിവുഡ് സെലിബ്രിറ്റികളെയും സദൃശരാക്കുന്നതും ഏറിയും കുറഞ്ഞും അവര്‍ പിന്തുടര്‍ന്നു വരുന്ന മിനിമലിസത്തിന്‍റെ പാതയാണ്.

വാറന്‍ ബഫിറ്റിനെയും മൈക്കിള്‍ ബ്ലൂംബര്‍ഗിനെയും അസിം പ്രേംജിയെയും സദൃശരാക്കുന്ന ഒരു തലവും മിനിമലിസത്തിന്‍റേതാണ്.

അപ്പോള്‍ എന്താണ് മിനിമലിസം? 'കുറവാണ് കൂടുതല്‍' എന്നതാണ് മിനിമലിസത്തിന്‍റെ അടിസ്ഥാന പ്രമാണം എന്നു പറയാം. ഏറ്റവും കുറഞ്ഞ സാധന സാമഗ്രികള്‍ കൊണ്ട് ജീവിക്കുക എന്നതാണ് അതിന്‍റെ ഒരുതലം. ഇന്‍ഡ്യന്‍ റെയില്‍വേയുടെ ആപ്തവാക്യമുണ്ടല്ലോ: Less Luggage – More Comfort! കുറഞ്ഞ ചരക്കുമായുള്ള യാത്രയാണ് കൂടുതല്‍ സൗകര്യകരം എന്നതാണ് ആശയം. തീവണ്ടിയാത്രയില്‍ മാത്രമല്ല ഇത് സത്യമായിരിക്കുന്നത്: ജീവിതയാത്രയിലും ഇത് സത്യം തന്നെ.

ഒട്ടെല്ലാ മതധാരകളിലൂടെയും മതനിരപേക്ഷമായ ആത്മീയതയിലൂടെയും പ്രകൃതി സ്നേഹത്തിലൂടെയും മിനിമലിസ്റ്റ് ജീവിത രീതിയില്‍ എത്തിച്ചേരുന്നവരുണ്ട് എന്നത് ഇതിന്‍റെ പ്രത്യേകതയാണ്. ബേബി ബൂമേഴ്സ് തലമുറയില്‍ (1946-64) പെട്ടവരും X തലമുറയില്‍ (65-80) പെട്ടവരും മില്ലെനിയല്‍സ് എന്നും Y തലമുറയെന്നും (81-96) അറിയപ്പെടുന്ന തലമുറയില്‍പെട്ടവരും മിനിമലിസ്റ്റ് ധാര പിന്തുടരുന്നുണ്ടെങ്കിലും മില്ലെനിയല്‍സിനാണ് കൂടുതല്‍ ആഭിമുഖ്യം എന്നു പറയാം. Z തലമുറ (1998-2015) യിലുള്ളവരും മിനിമലിസത്തോട് വര്‍ധിതമായ താത്പര്യം കാട്ടുന്നതായാണ് കാണുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആളുകള്‍ ഇന്ന് മിനിമലിസ്റ്റ് ജീവിതരീതി പിന്തുടരുന്നുണ്ട്.

വസ്തുവകകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍, പലപ്പോഴും 'ലളിത ജീവിതം' എന്നതിനുമപ്പുറം പോകുന്നുണ്ട് മിനിമലിസ്റ്റുകള്‍. പൂര്‍ണ്ണമായും ഫര്‍ണീച്ചറുകള്‍ ഒഴിവാക്കുന്നവരും ഭൂമിക്കടിയിലേക്ക് ഹോബിറ്റ് ഭവനങ്ങള്‍ നിര്‍മ്മിച്ച് ജീവിക്കുന്നവരും വിജന പ്രദേശങ്ങളില്‍ ട്രെയിലര്‍ വീടുകളില്‍ താമസിക്കുന്നവരും റിക്രിയേഷണല്‍ വെഹിക്കിള്‍ ഭവനങ്ങളാക്കിയവരും പെടും മിനിമലിസ്റ്റുകളില്‍. വണ്‍ ഹണ്‍ഡ്രഡ് ചാലഞ്ച് എന്നത് ഒരു മിനിമലിസ്റ്റ് ഉരകല്ല് തന്നെയായി മാറിയിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്ന ഒരാളാണെങ്കില്‍ പാര്‍പ്പിടത്തിനു പുറമേ വസ്ത്രങ്ങളും ചെരിപ്പുകളും പേസ്റ്റ്, ബ്രഷ്, സോപ്പ്, ഷാംപൂ എന്നിങ്ങനെയുള്ള കോസ്മറ്റിക്സും ഇലക് ട്രോണിക്സും അടുപ്പും അടുക്കള പാത്രങ്ങളും ഉപകരണങ്ങളും ഫര്‍ണീച്ചറുകളും വീട്ടുപകരണങ്ങളും പുസ്തകങ്ങളും സൈക്കിളും ആവശ്യമെങ്കില്‍ കാറും (അമേരിക്കയില്‍ ഭിക്ഷാടകര്‍ക്കും, പലപ്പോഴും ഭവനരഹിതര്‍ക്കും ഒരു പഴയ പാട്ടവണ്ടിയെങ്കിലും കാണും) എല്ലാം ഉള്‍പ്പെടെ എണ്ണത്തില്‍ നൂറ് വസ്തുക്കളില്‍ താഴെ കൊണ്ട് ജീവിക്കുക എന്ന വെല്ലുവിളിയാണ് – 100 Challenge. അന്തരീക്ഷ താപനില പൂജ്യത്തില്‍ നിന്ന് വളരെ താഴെ പോകുന്ന സ്ഥലങ്ങളിലാണിത് എന്നോര്‍ക്കണം. ശീതകാലത്ത് അരയ്ക്ക് കീഴോട്ടും മുകളിലേക്കുമായി ഏഴും എട്ടും ചിലപ്പോള്‍ പത്തും എണ്ണം വസ്ത്രങ്ങള്‍ വേണ്ടിവരുന്ന നാട്ടിലാണ് ഈ നൂറിന്‍റെ ചാലഞ്ച് എന്നുമോര്‍ക്കണം (ശീതകാലത്ത് ധരിക്കുന്നവയൊന്നും വേനലില്‍ ധരിക്കാനാവുന്നവയല്ല).

ഏറ്റവും കുറവുകൊണ്ട് ജീവിക്കല്‍ മാത്രമാണ് മിനിമലിസം എന്നു കരുതരുത്. എന്താണ് അതിനു പിന്നിലെ ഫിലോസഫി? ജീവിതത്തെ ഒരു മത്സരക്കളമാക്കാതിരിക്കുക; ആകുലതകള്‍ ഒഴിവാക്കി ജീവിക്കുക; അസൂയയും കിടമത്സരങ്ങളും ഒഴിവാക്കുക; കൂടുതല്‍ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കുക; സമയത്തെ തിരിച്ചുപിടിക്കുക; പ്രധാനമായ വയ്ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്കുക; പ്രകൃതിയോടും പ്രപഞ്ചത്തോടും, സമൂഹത്തോടും ഉത്തരവാദിത്വത്തോടെ ജീവിക്കുക എന്നിവയെല്ലാം മിനിമലിസ്റ്റ് ജീവിതക്രമത്തിന്‍റെ ലക്ഷ്യങ്ങളാണ്.

കൂടുതല്‍ പണം, കൂടുതല്‍ വസ്ത്രങ്ങള്‍, കൂടുതല്‍ സൗകര്യങ്ങള്‍, കൂടുതല്‍ വലിയ വീടുകള്‍, ഏറ്റവും പുതിയ മോഡല്‍ ഉപകരണങ്ങള്‍, കൂടുതല്‍ വസ്തുവകകള്‍, കൂടുതല്‍ ബാങ്ക് ബാലന്‍സ് ഇവയെല്ലാം കൂടുതല്‍ സന്തോഷം നല്കുന്നു എന്നതാണ് പൊതുവേ നമ്മുടെ കാലത്തെ മനുഷ്യരുടെയെല്ലാം ചിന്ത. അയല്‍ക്കാരന്‍റെ പൊങ്ങച്ചങ്ങളെ നോക്കി അതിനോട് കിടപിടിക്കാന്‍ അല്ലെങ്കില്‍ അതിനെ വെല്ലാന്‍ പെടാപ്പാടുപ്പെടുകയാണ് നാമെല്ലാം. ഒത്തിരി ഓടിയും ഒത്തിരി കുതിച്ചും ഒത്തിരി വിയര്‍ത്തും ഒത്തിരി കിതച്ചും വായ്പയെടുത്തും, കുറച്ചു സമ്പാദ്യങ്ങളും അതിലേറെ രോഗങ്ങളും മറ്റും മറ്റുമായി ജീവിതം ജീവിക്കാതെ ഒടുങ്ങിത്തീരുകയാണ് നാമെല്ലാം എന്ന തിരിച്ചറിവാണ് ഒത്തിരി പേരെ മിനിമലിസ്റ്റുകളാക്കുന്നത്. ദൈവം തന്ന ജീവിതം ആകുലതകളില്ലാതെ, ആനന്ദത്തോടെ ആസ്വദിച്ചു ജീവിക്കുകയാണ് മിനിമലിസ്റ്റുകള്‍. അതിനാദ്യം ചെയ്യേണ്ടത് മനസ്സിന്‍റെ പരുവപ്പെടുത്തലാണ്. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത് എന്നതാണ് ആദ്യ തിരിച്ചറിവ്. എന്തു ഭക്ഷിക്കും എന്ന് ജീവനെപ്പറ്റിയോ എന്തുടുക്കും എന്ന് ശരീരത്തെപ്പറ്റിയോ ആകുലപ്പെടാതെ ജീവിക്കാനാകണം. എന്തെന്നാല്‍ ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്. രുചിയേറിയത് കുറേ തിന്നും പകിട്ടുള്ളത് കുറേ ഉടുത്തും പത്രാസുള്ളത് കുറേ സമ്പാദിച്ചും കഴിഞ്ഞാല്‍ ജീവിതമാകില്ല. അര്‍ത്ഥ രഹിതവും പൊള്ളയുമായ ഒരു കെട്ടുകാഴ്ചയായിപ്പോകും അത്. മിനിമലിസത്തിലേക്ക് ചുവടുമാറിയ പലരും ഇക്കാര്യങ്ങള്‍ സ്വയം ബോധ്യപ്പെടുത്തിയവരാണ്. തനിക്ക് അത്യാവശ്യമുള്ളവയൊഴികേ ബാക്കിയെല്ലാം ആര്‍ക്കെങ്കിലുമൊക്കെ ദാനം ചെയ്തും വലിച്ചെറിയേണ്ടവ വലിച്ചെറിഞ്ഞും ഒഴിവാക്കുകയാണ് അടുത്തപടി. 'ഇപ്പോള്‍ ആവശ്യമില്ലെങ്കിലും ഇനിയും ആവശ്യം വന്നെങ്കിലോ' എന്ന ആകുലതയാണ് പലതും ഒഴിവാക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് എന്ന് അവര്‍ പറയും. ആവശ്യങ്ങളെ തുലോം കുറച്ചുകൊണ്ടു വരുമ്പോള്‍ അസൂയയ്ക്കും മാത്സര്യത്തിനും, കുറച്ചൊക്കെ അഹങ്കാരത്തിനും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലാതാകും. ജീവിതത്തെ ലഘൂകരിക്കുന്നതില്‍ ഒരാനന്ദമുണ്ട് എന്ന് മിക്കവര്‍ക്കും അറിവില്ല.

സ്മാര്‍ട്ട് ഫോണ്‍ ഉപേക്ഷിക്കാന്‍ അവര്‍ പറയും. വീട്ടില്‍ ഇന്‍റര്‍നെറ്റ് വിഛേദിക്കാനും കേബിള്‍ ടിവി കണക്ഷന്‍ ഒഴിവാക്കാനും അവര്‍ നിര്‍ദ്ദേശിക്കും. കാരണം, ഇതൊക്കെ ചടഞ്ഞിരിക്കാനും അലസരാകാനും നമ്മെ നിര്‍ബന്ധിക്കും. പുറത്ത് പോയി അവര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കും. അമേരിക്കയിലും യൂറോപ്പിലും ഇതൊന്നും ഇല്ലാതെ ജീവിക്കുന്നവര്‍ ഒത്തിരിയുണ്ട് (മിനിമലിസ്റ്റുകളെ കൂടാതെ പരമ്പരാഗതമായി ആധുനിക സൗകര്യങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ജീവിക്കുന്ന ആനാ ബാപ്റ്റിസ്റ്റ് പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങളില്‍പ്പെടുന്ന ആമീഷുകളും (Amish), മെന്നൊനൈറ്റ്സും (Mennonite) അമേരിക്കയില്‍ത്തന്നെ ലക്ഷക്കണക്കിനുണ്ട് എന്ന് ഓര്‍ക്കുന്നത് നല്ലതാണ്).

മിനിമലിസ്റ്റ് ദര്‍ശനമനുസരിച്ച് ജീവിതത്തില്‍ നാലു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം:
1. നിങ്ങളുടെ ആരോഗ്യം

2. നിങ്ങളുടെ ബന്ധങ്ങള്‍

3. നിങ്ങളുടെ ഉള്‍പ്രേരണ/ അഭിനിവേശം (Passion)

4. നിങ്ങളുടെ ദൗത്യം/ നിയോഗം (Mission)

ചില നോവലുകളിലെങ്കിലും കാണുന്നതുപോലെ ഒന്നും ചെയ്യാതെ അലസമായി ജീവിക്കല്‍ അല്ല അത്. നേരേ മറിച്ചാണ്. നമ്മുടെ നാട്ടില്‍ ശാരീരികാരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നമ്മളൊക്കെയും പൊതുവേ പിന്നാക്കമാണ്. പണമോ സമ്പത്തോ ഉണ്ടാക്കല്‍ മാത്രമായിട്ടുണ്ട് ശാരീരികാധ്വാനത്തിനുള്ള ഏക ഉത്തേജകങ്ങള്‍. ആവശ്യത്തിന് പണമുണ്ടെങ്കില്‍ അധ്വാനിക്കേണ്ടതില്ല എന്നതാണ് നമ്മുടെ സദാചാരം. എന്നാല്‍, മിനിമലിസ്റ്റുകള്‍ നന്നായി അധ്വാനിക്കുന്നവരുമാണ്. ശാരീരികാരോഗ്യം ഏറെ പ്രധാനമാണ്. വേണ്ടത്ര ശാരീരികാധ്വാനം ആവശ്യപ്പെടുന്നതല്ല നിങ്ങളുടെ തൊഴിലെങ്കില്‍, ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും വ്യായാമം ചെയ്യുക എന്നത് ഈ ജീവിതരീതിയുടെ ഭാഗമാണ്. വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ശരീരം അനങ്ങുന്ന ഏന്തെങ്കിലും ജോലി ചെയ്യണം. അതുപോലെ സ്നാക്കുകളും ജങ്ക് ഫുഡ്ഡുകളും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം ശീലിക്കുകയും വേണം.

വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ അവരുടെ മനസ്സിന് അഹ്ലാദകരമായ, അവരുടെ ജീവിതാഭിനിവേശമായ (passion) കാര്യം തന്നെ തൊഴിലായി ചെയ്യാന്‍ കഴിയാറുള്ളൂ. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും അവരവരുടെ തൊഴില്‍ മടുപ്പുളവാക്കുന്നതായി അനുഭവപ്പെടുന്നു. നമ്മുടെ സര്‍ക്കാര്‍ ജോലിയുടെ കാര്യമെടുത്താല്‍, പല തവണ പി.എസ്.സി ടെസ്റ്റ് എഴുതി ഏതെങ്കിലും ഒരു തസ്തികയില്‍ നിയമനം നേടിയെടുക്കുകയാണ് മിക്കവരും. അങ്ങനെ ഓരോരോ വകുപ്പുകളോടോ തസ്തികകളുമായോ അടിസ്ഥാനപരമായി ആത്മബന്ധം ഇല്ലാത്തവര്‍ അവിടങ്ങളില്‍ എത്തപ്പെടുന്നു. അതുകൊണ്ടുതന്നെ അവരുടെ തൊഴിലോ ഉദ്യോഗമോ അവര്‍ക്ക് മാനസിക സംതൃപ്തി പ്രദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ഒരു ജീവിതവൃത്തി എന്ന തരത്തില്‍ പരമാവധി ആത്മാര്‍ത്ഥതയോടെ അത് അവര്‍ നിര്‍വ്വഹിച്ചിരിക്കണം. ഒരുപക്ഷേ, ആവശ്യങ്ങള്‍ കുറച്ചു കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗം അപഹരിക്കുന്ന ഉദ്യോഗം അധികപ്പറ്റാവാം. അത്രയും വരുമാനം ഒരുപക്ഷേ, നിങ്ങള്‍ക്ക് ആവശ്യമില്ലെന്നും വന്നേക്കാം. എങ്കില്‍, പ്രസ്തുത തൊഴില്‍ ഉപേക്ഷിക്കുകയും അത്രയുംതന്നെ സമയം അപഹരിക്കാത്ത ഒരു തൊഴില്‍ നേടുകയുമാണ് അഭികാമ്യം എന്ന് മിനിമലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കും.

ഓര്‍ക്കുക: നാലു കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് സമയം ആവശ്യമുണ്ട്. നിങ്ങളുടെ ആരോഗ്യപാലനം (കുടുംബത്തിന്‍റെയും എന്നത് കൂട്ടിവായിക്കണം) ഒന്നാമത്തേതാണ്. നിങ്ങളുടെ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും ഒത്ത് ജീവിതം പങ്കുവയ്ക്കല്‍ ആണ് രണ്ടാമത്തേത്. നമ്മുടെ സാഹചര്യത്തില്‍ ഒട്ടുവളരെയൊന്നും നടക്കാതെ പോകുന്ന കാര്യമാണത്. ബോധപൂര്‍വ്വം ജീവിതം കൂടുതല്‍ ലളിതമാക്കിയെങ്കിലേ അത് നടക്കൂ. കുടുംബത്തോടൊപ്പം ചിരിച്ചും കളിച്ചും സ്നേഹിച്ചും പങ്കുവച്ചും ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് നേരമില്ലെങ്കില്‍പ്പിന്നെ, വലിയ വില കൊടുത്ത് ജീവിക്കേണ്ടി വരുന്ന ഒരു ഹോസ്റ്റല്‍ ജീവിതമായിപ്പോകില്ലേ അത്?

നിങ്ങളുടെ ജീവിതാഭിനിവേശത്തെ അനുധാവനം ചെയ്യുകയെന്നതാണ് മൂന്നാമത്തെ കാര്യം. ജീവിതാഭിനിവേശം എന്നത് ഹോബിയെക്കാള്‍ ഒരാളുടെ മനസ്സിനെയും ജീവിതത്തെയും പൂര്‍ണ്ണമാക്കുന്ന ഒന്നാണ്. അത് കലയാവാം, കരകൗശലമാവാം, സംഗീതമാകാം, എഴുത്താകാം, ഡിസൈനിങ്ങാവാം, ശാസ്ത്രമാകാം, പ്രോഗ്രാമിങ്ങാവാം. അതുപോലെ എന്തുമാകാം. അത്തരം ഒരു ഉള്‍പ്രേരണയുള്ളയാള്‍ അത് അനുധാവനം ചെയ്യുക തന്നെ വേണം. കാരണം മിനിമലിസ്റ്റ് കാഴ്ചപ്പാടില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കാനാണ് ശ്രമിക്കുന്നത്.

ഓരോരുത്തര്‍ക്കും ഓരോ ജീവിത നിയോഗം ഉണ്ട്. ആ ജീവിത നിയോഗം പൂര്‍ത്തിയാക്കല്‍ ആണ് അടുത്ത ഘടകം. നാമെല്ലാം സമൂഹത്തില്‍നിന്നും ലോകത്തില്‍നിന്നും ഒത്തിരി നന്മകളും ഊര്‍ജ്ജവും സ്വീകരിച്ചാണ് നാമാവുന്നത്. സ്വീകരിക്കുന്നതിലേറെ തിരികെ നല്കുക എന്നതാണ് മിനിമലിസത്തിന്‍റെ ഒരു പ്രധാന തത്ത്വം. അത് സമയമായിട്ടാവാം, സമ്പത്തായിട്ടാവാം, കഴിവായിട്ടാവാം, അധ്വാനമായിട്ടാവാം – ഏതു രൂപത്തിലുമാവാം. ബില്‍ ഗേറ്റ്സും വാറന്‍ ബഫിറ്റും ചേര്‍ന്ന് രൂപീകരിച്ച The Giving Pledge (ദാന പ്രതിജ്ഞ) എന്ന ഒരു പ്രസ്ഥാനംതന്നെയുണ്ട്. ലോകമെമ്പാടും നിന്നുള്ള നൂറുകണക്കിന് സമ്പന്നര്‍ അതില്‍ ഒപ്പു ചാര്‍ത്തി പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. തന്‍റെ സമ്പത്തിന്‍റെ തൊണ്ണൂറ്റഞ്ചു ശതമാനവും താന്‍ ദാനം ചെയ്തിരിക്കും എന്ന് ഗേറ്റ്സ് കുടുംബം പ്രഖ്യാപിച്ചിരുന്നു. സാധ്യമായ എല്ലാ നികുതികളും കൃത്യമായി നല്കുമ്പോഴും സമ്പന്നരോട് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക നികുതി ചുമത്തേണ്ടതാണ് എന്നു വാദിക്കുന്നവരാണ് ഇവര്‍. (നാട്ടിന്‍റെ സമ്പത്ത് കൊള്ളയടിച്ച് മുങ്ങുന്നവരും ലോകത്തിലേക്കും ഏറ്റവും ആര്‍ഭാടമായ ഭവനങ്ങള്‍ തങ്ങള്‍ക്കായി പണിയുന്നവരും മക്കളുടെ കല്യാണം ജറ്റു വിമാനങ്ങളില്‍ ആകാശത്തു വച്ച് നടത്തുന്നവരും ആയിരക്കണക്കിന് കോടി ചെലവഴിച്ച് വിവാഹ മാമാങ്കങ്ങള്‍ നടത്തുന്നവരും, സര്‍ക്കാരിന് പോലും നല്കേണ്ട നികുതിപ്പണം വെട്ടിക്കുന്നവരും, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ സ്വകാര്യസ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി വിരാജിക്കുന്ന ഭാരതീയ സമ്പന്ന പാരമ്പര്യത്തെ ആനുഷംഗികമായെങ്കിലും ഇവിടെ ഓര്‍ക്കുന്നത് നല്ലതാണ്). തങ്ങളുടെ മക്കളെ പഠിപ്പിച്ച് ഓരോ നിലയില്‍ അവര്‍ സ്വയം ജീവിതം പടുത്തുകഴിഞ്ഞാല്‍ താന്‍ സമ്പാദിച്ച സമ്പത്തത്രയും ലോക സുഖത്തിനായി ഏതെങ്കിലും ഒരു ഫൗണ്ടേഷന്‍ ആക്കി മാറ്റുന്ന ധനികരും അത്രതന്നെ ധനികരല്ലാത്തവരും വിദേശങ്ങളില്‍ നിരവധിയാണ്. അമേരിക്കയില്‍ 'വെറും' സ്വകാര്യജീവിതം ജീവിച്ച് പോകുന്നവര്‍ മിക്കവാറും കുടിയേറ്റക്കാരടങ്ങുന്ന താരതമ്യേന ചെറിയ ശതമാനം പേരേ കാണൂ. മറ്റുള്ളവരെല്ലാം എല്ലാ ആഴ്ചയും ഏതെങ്കിലുമൊക്കെ ആസ്പത്രികളിലോ സ്ഥാപനങ്ങളിലോ പ്രസ്ഥാനങ്ങളിലോ തിയേറ്ററുകളിലോ കുറേ മണിക്കൂറെങ്കിലും സാമൂഹിക സേവനം ചെയ്യുന്നവരോ സ്വന്തമായി ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നവരോ ഒക്കെ ആകും. താന്‍ ജനിച്ചു വളര്‍ന്ന നാടിന് അഥവാ നഗരത്തിന് തന്‍റേതായി എന്തെങ്കിലും സംഭാവന നല്കുന്ന ഒത്തിരിപേരെ കാണാം. ഒരെഞ്ചിനീയര്‍ തന്‍റെ നാട്ടില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ കെട്ടിടത്തിന്‍റെയോ പാലത്തിന്‍റെയോ പ്ലാനും മേല്‍നോട്ടവും സൗജന്യമായി സംഭാവന ചെയ്യുന്നു; ഒരു കലാകാരന്‍ തന്‍റെ ശില്പം, ഒരു ലാന്‍റ് സ്കേപ്പര്‍ തന്‍റെ കഴിവ് അങ്ങനെ അങ്ങനെ.

ഒരുപക്ഷേ, മിനിമലിസത്തിന്‍റെ ഏറ്റവും ഭാവാത്മകമായ തലം ഈ കോണ്‍ട്രിബ്യൂഷന്‍റേതാണ്. ഈ കുറിപ്പിന്‍റെ ആരംഭത്തില്‍ പേര് സൂചിപ്പിച്ച പലരും മിനിമലിസം ജീവിക്കുന്നത് കുറെയൊക്കെ ലളിതജീവിതം നയിച്ചു കൊണ്ടും, പിന്നെ ഈയൊരു തലത്തിലുമാണ് അത് നിവര്‍ത്തിക്കുന്നത്.

മിനിമലിസത്തിന്‍റെ ചിന്താധാര അവിടവിടെ പ്രകാശിപ്പിക്കുന്ന ചില സിനിമകള്‍ നമ്മുടെ മലയാളത്തിലും ഉണ്ടായിട്ടുള്ളത് ഓര്‍ക്കുന്നു. പ്രത്യേകിച്ച് ന്യൂ ജെന്‍ സിനിമ എന്ന് നമ്മളൊക്കെ പേരിട്ടു വിളിച്ച ചിലത്. 'ഉസ്താദ് ഹോട്ടല്‍' (2012) ആണ് ആദ്യം മനസ്സില്‍ വരുന്നത്. പണ സമ്പാദനത്തിന്‍റെ പാത സ്വീകരിക്കാതെ നായകനായ യുവാവ് തന്‍റെ 'പാഷനെ' പിന്തുടരുകയും ക്രമേണ തന്‍റെ മിഷന്‍ കണ്ടെത്തുകയും ചെയ്യുന്ന പ്രമേയമായിരുന്നു അതില്‍. അതേ വര്‍ഷം പുറത്തിറങ്ങിയ 'ആകാശത്തിന്‍റെ നിറം' കാട്ടിത്തന്നതാവട്ടെ, പിടിച്ചുപറിക്കാരനായ ഒരു യുവാവ് തടവിലാക്കപ്പെട്ടതു പോലുള്ള ഒരു ദ്വീപുവാസത്തിലൂടെ 'മറ്റുള്ളവരുടേത് പിടിച്ചുപറിക്കുന്നതിലല്ല, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നവരാകുമ്പോഴാണ് നാമെല്ലാം മനുഷ്യരാകുന്നത്' എന്ന കാഴ്ചപ്പാടിലേക്ക് മാനസാന്തരപ്പെടുന്നതായിട്ടാണ്. പിറ്റേ വര്‍ഷം പുറത്തിറങ്ങിയ 'നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി' പറഞ്ഞതും രണ്ടു ചെറുപ്പക്കാരുടെ ആയാസ-ലളിതമായ ജീവിതത്തിന്‍റെയും പ്രേമത്തിന്‍റെയും, യാത്രയ്ക്കിടയില്‍ തങ്ങള്‍ക്ക് അഭയമായ ഗ്രാമത്തിന് സാധ്യമായ സംഭാവന തിരിച്ചുനല്കുന്നതിന്‍റെയും കഥയായിരുന്നു. രണ്ടായിരത്തി പതിമൂന്നില്‍ത്തന്നെ പുറത്തിറങ്ങിയ ABCD എന്ന ചലച്ചിത്രമാകട്ടെ, രണ്ടു യുവാക്കള്‍ ഒരു നാടു കടത്തലിലൂടെ കേരളത്തില്‍ എത്തപ്പെടുന്നതും ഏറ്റവും മിനിമം കൊണ്ട് ജീവിക്കാന്‍ പരിശീലിക്കുന്നതും ഒരു സഹപാഠിയുടെ സാന്നിധ്യത്തിലൂടെ സാമൂഹികമായ ഉത്തരവാദിത്തത്തിന്‍റെ തലം അവരില്‍ രൂപപ്പെടുന്നതും പറഞ്ഞു വന്നെങ്കിലും നിരുത്തരവാദിത്തത്തിന്‍റെ പര്യവസാനം തന്നാണ് പടം മടക്കിയത് എന്നോര്‍ക്കുന്നു. ഒരു പ്രണയത്തിന്‍റെ കഥ സമാന്തരമായി ഓടുമ്പോഴും 'ചാര്‍ളി' (2015) എന്ന ചലച്ചിത്രം നമ്മോട് പറഞ്ഞതും ലളിതമായി ജീവിക്കുന്നതും സമൂഹത്തിലെ ദുര്‍ബല ജന്മങ്ങള്‍ക്ക് അത്താണിയാകുന്നതുമായ ജീവിതക്രമത്തിലേക്ക് തന്‍റെ പ്രണയിനിയെ നയിക്കുന്ന യുവാവിന്‍റെ കഥയായിരുന്നു.

ഇത്രയൊക്കെ പറയുമ്പോഴും ഇതെഴുതുന്നയാള്‍ നിയതമായ അര്‍ത്ഥത്തില്‍ ഒരു മിനിമലിസ്റ്റൊന്നുമല്ല. ഈ ഉത്തരാധുനിക കാലത്ത് ലോകമെമ്പാടും ഇതള്‍ വിടര്‍ത്തുന്ന നവസന്യാസ പാത എന്ന് പറയാവുന്ന ഒരു ജീവിത ദര്‍ശനമാണ് മിനിമലിസം എന്ന് പറയാതെ വയ്യ. അതിന്‍റെ ഉള്ളടക്കം ആത്മീയവും സാമാന്യമായി ക്രൈസ്തവവുമാണ് എന്ന് ശ്രദ്ധിക്കാതെയും വയ്യ. എല്ലാ ഘടകങ്ങളിലും സമാനത അവകാശപ്പെടാനാവില്ലെങ്കിലും നമ്മുടെ കേരളത്തിലും അങ്ങിങ്ങ് മിനിമലിസ്റ്റ് ജീവിതങ്ങള്‍ മിന്നുന്നുണ്ട് എന്ന ത് തീര്‍ച്ചയായും നാം കാണാതെ പോകുകയുമരുത്.

(അമേരിക്കയിലെ ഡിട്രോയിറ്റിലുള്ള കപ്പൂച്ചിന്‍ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്യുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org