മിനിമലിസത്തിന്റെ നവജീവിതചര്യ

മിനിമലിസത്തിന്റെ നവജീവിതചര്യ


ബിഷപ് ജേക്കബ് മുരിക്കന്‍

പാലാ രൂപതാ സഹായമെത്രാന്‍

'ഇത്ര ചെറുതാകാന്‍ എത്ര വളരേണം' എന്ന ഗാനത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നാം നിര്‍ബന്ധിക്കപ്പെട്ട അവസരമാണ് കൊറോണ വൈറസ് ബാധയുടെ കാലഘട്ടം. ദൈവപുത്രനായ ഈശോമിശിഹാ സ്വയം ശൂന്യനാക്കി മനുഷ്യകുലത്തെ വീണ്ടെടുത്തത് നമ്മുടെ ചിന്തയില്‍ വരുമ്പോള്‍ ചെറുതാകുക എന്നതിന്‍റെ മഹത്ത്വം ആഴത്തില്‍ ഗ്രഹിക്കുവാനാകും. സര്‍വ്വസൃഷ്ടികളുടെയും ഉടയവനായ ദൈവം തന്‍റെ മനുഷ്യാവതാരത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ ഈ മാതൃകയാണ് നല്‍കിയത്. പ്രപഞ്ചസ്രഷ്ടാവായ ദൈവം കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ ഏറ്റവും നിസാരതയില്‍ ജനിച്ച് ഒടുവില്‍ കാല്‍വരിയില്‍ രണ്ടു തടിക്കഷണത്തിന്മേല്‍ ദാരുണമായവിധം മരണം വരിക്കുമ്പോള്‍ ശൂന്യവത്കരണത്തിന്‍റെ ആല്‍ഫയും ഒമേഗായും തെളിഞ്ഞു. കൊറോണ വൈറസിന്‍റെ ഈ കാലഘട്ടം മനുഷ്യന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 'മിനിമലിസം' അക്ഷരാര്‍ത്ഥത്തില്‍ നമ്മെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.

മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഖലകളെയും ഉടച്ചുവാര്‍ക്കും വിധം പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമായി കൊറോണ വൈറസ് വ്യാപനം മാറിയിരിക്കുന്നു. ഇത് ഉടനേ അപ്രത്യക്ഷമാകുകയില്ലെന്ന വസ്തുത കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്ന ഒരു നവീന സംസ്കാരത്തിന്‍റെ കേളികൊട്ടിനാണ് നാന്ദികുറിച്ചിരിക്കുന്നത്. ആര്‍ക്കും നിയന്ത്രിക്കാനാവാത്തവിധം ചരടുപൊട്ടിയ പട്ടംപോലെ നമ്മുടെ ജീവിതചര്യകള്‍ ക്രമരഹിതമായിരുന്നപ്പോഴാണ് കൊറോണ വൈറസ് ബാധ നമ്മുടെ ജീവിതത്തിനുമേല്‍ പതിച്ചത്. നമ്മുടെ ജീവിതക്രമങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു വിചിന്തനത്തിനും പുനര്‍ചിന്തയ്ക്കും പുനഃപ്രതിഷ്ഠയ്ക്കും പ്രേരണയായി നമ്മോടൊപ്പം കൊറോണ വൈറസും ജീവിച്ചുകൊണ്ടിരിക്കുന്നു. ഈ നാളുകളിലെ ലോക്ക്ഡൗണ്‍ മനുഷ്യജീവിതവ്യഗ്രതകളുടെ പരക്കംപാച്ചിലുകള്‍ക്ക് ഒരു ബ്രേക്ക്ഡൗണും കൂടിയായിരുന്നു. കേവലം ഉപരിപ്ലവവും അര്‍ത്ഥരഹിതവുമായ പ്രവണതകളെ താലോലിക്കുന്ന ആധുനിക മനുഷ്യ സ്വഭാവത്തിന് താഴുവീണു എന്നത് ഒരു പരമാര്‍ത്ഥമാണ്. മനുഷ്യജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന സാംസ്കാരികതയും പൈതൃകങ്ങളും ഉപേക്ഷിച്ച് വെറും പ്രവണതകളുടെ മായികസ്വാധീനത്തിനടിമപ്പെടുന്ന അവസ്ഥയോടു വിടപറയുവാന്‍ നാം നിര്‍ബന്ധിക്കപ്പെട്ടു കഴിഞ്ഞു.

വീട്ടിലിരിക്കുവാനാണ് കോവിഡ് കാലം നമ്മെ നിരന്തരം പ്രേരിപ്പിച്ചിരുന്നത്. വീടിന്‍റെ സ്വാഭാവികതാളം വീണ്ടെടുക്കുവാനും ആ ഗൃഹാതുരത്വത്തിന്‍റെ ഹൃദ്യത അനുഭവിക്കുവാനും മനുഷ്യന്‍ പഠിച്ച നാളുകളായിട്ടാണ് കോവിഡ് കാലം എണ്ണപ്പെടുക. വീടിന്‍റെ ചാരുതയും ശാലീനതയും ഹൃദ്യതയും നമ്മുടെ മനസ്സില്‍നിന്നും മായിക്കത്തക്കവിധം തെരുവുകള്‍ വര്‍ണ്ണാലംകൃതമായി എന്നതാണ് കമ്പോളസംസ്കാരത്തിന്‍റെ കടന്നുവരവില്‍ സംഭവിച്ച അപചയം. ആയതിനാല്‍ മനുഷ്യന്‍ വളരെ അത്യാവശ്യത്തിനുമാത്രം വീട്ടിലും വളരെ അനാവശ്യമായ സമയം തെരുവിലും ജീവിക്കുന്ന സ്ഥിതിയുണ്ടായി. തെരുവുകള്‍ വിജനമായപ്പോള്‍ മനുഷ്യന്‍ തന്‍റെ ഉറവിടങ്ങളിലേക്കു പിന്‍വലിയാന്‍ നിര്‍ബന്ധിക്കപ്പെട്ടു. വീടും പുരയിടവും സജീവമാകുന്നതും തരിശുഭൂമികള്‍ ഉഴുതുമറിച്ച് വിത്തുകള്‍ പാകുന്നതുമെല്ലാം സാധാരണമായി. വീട് സജീവമായപ്പോള്‍ അടുക്കളയും സജീവമായി. പാഴ്സലുകളും കേറ്ററിംഗ് വിഭവങ്ങളും ബേക്കറി ഭക്ഷണവും ലഭ്യമല്ലാതായപ്പോള്‍ നമ്മുടെ ഭക്ഷണമേശയിലെ പൂര്‍വ്വകാല രാജാക്കന്മാര്‍ തിരിച്ചെത്തി. സ്വന്തം പുരയിടത്തിലെ ഉത്പന്നങ്ങള്‍ വിശിഷ്ടവിഭവങ്ങളായി ഭക്ഷണമേശകളില്‍ സ്ഥാനം നേടി. അടുക്കളവ്യാപാരം സ്ത്രീജനങ്ങള്‍ക്ക് ഇഷ്ടദാനമെന്നമട്ടില്‍ കൈകഴുകി മേശയ്ക്കരികിലെത്തുന്ന പുരുഷഗണങ്ങളും പാചകകാര്യങ്ങളില്‍ വാചാലമായി. സമയമില്ലെന്നു പറഞ്ഞ് തിരക്കുകൂട്ടി ഓടി നടന്നവരെല്ലാം സമയസമൃദ്ധിയില്‍ ഓട്ടത്തിനിടയില്‍ കൈവിട്ടുകളഞ്ഞ വായനയും എഴുത്തും പഠനവുമെല്ലാം പൊടിതട്ടിയെടുത്തു. വര്‍ക്ക് അറ്റ് ഹോം സംസ്കാരത്തിനും കൊറോണക്കാലം തുടക്കം കുറിച്ചു. എല്ലാ പ്രകാരത്തിലും വീട് വീടായി.

ചുരുങ്ങാനും ചുരുക്കാനും മനുഷ്യന്‍ ഏറെ പഠിച്ചകാലവുമാണിത്. ആരും ഹൃദയംകൊണ്ട് ഇഷ്ടപ്പെടാത്തതാണ് ചെറുതാകുക എന്നത്. എല്ലാവരുടെയും ഉന്നം വലുതാകുവാനാണ്. വലുതാകേണ്ടത് മനസ്സിന്‍റെ ചക്രവാളമാണെന്നത് മറന്ന് ഭൗതികതയെ വാരിപ്പുണരുവാനുള്ള വ്യഗ്രതയാണ് എല്ലായിടത്തും മുമ്പില്‍ നില്‍ക്കുന്നത്. ഏറ്റവും ചുരുങ്ങിയും ചുരുക്കിയും ജീവിക്കാനുള്ള പാഠങ്ങള്‍ നാം പഠിച്ചുകൊണ്ടിരിക്കുന്നു. മിതത്വം എന്ന സുകൃതം നമ്മുടെ സംസ്കാരത്തിലേക്ക് അതിഥിയെപ്പോലെ കടന്നുവന്നു. സമ്പത്ത് കൈയിലുള്ളപ്പോള്‍ അത് എപ്രകാരം ചെലവഴിക്കണമെന്നുള്ളതിന് ദിശാബോധം ഉണ്ടായി. നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഏറ്റവും മിനിമലിസത്തിലേക്കു വന്നു. പവിത്രമായ മതാചാരങ്ങള്‍പോലും ആഡംബരവും ധൂര്‍ത്തുംമൂലം വികലമായിരുന്നത് ഗുണപരമായ മാറ്റത്തിനു വിധേയമായി. ചുരുക്കാനാവില്ലെന്നവിധം അലിഖിത നിയമങ്ങളാല്‍ നടത്തപ്പെടുന്ന ആഘോഷങ്ങള്‍പോലും മിനിമലിസത്തിനു വഴിമാറി. ചുരുങ്ങുന്നതും ചുരുക്കുന്നതും ചുരുങ്ങിയവര്‍ക്കു വേണ്ടിയാണെന്നതാണ് മിനിമലിസത്തെ മഹത്ത്വരമാക്കുന്നത്. ആത്മീയമേഖലകളെ ചൂഴ്ന്നുനിന്ന ഭൗതികതയുടെ മാറാലകള്‍ തുടച്ചുനീക്കപ്പെട്ടുവെന്നത് ആശ്വാസകരമായ യാഥാര്‍ത്ഥ്യമാണ്.

പ്രകൃതിയോടുള്ള മനുഷ്യന്‍റെ സമീപനത്തിനുണ്ടായ മാറ്റം നിര്‍ബന്ധിത സാഹചര്യത്തിലാണെങ്കിലും വലിയ ഫലമുളവാക്കി. അന്തരീക്ഷ മലിനീകരണം ചരിത്രത്തില്‍ ഏറ്റവും കുറവ് രേഖപ്പെട്ടതും ജലമലിനീകരണം ഏറ്റവും താഴ്ന്ന തോത് കാണിച്ചതും ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണ്. മനുഷ്യന്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍ വീടും പരിസരവും കൂടുതല്‍ ശുചിത്വമുള്ളതായും പരിണമിച്ചു. വാഹനങ്ങളില്‍ ആവശ്യത്തിനും അനാവശ്യത്തിനും സദാ കറങ്ങിക്കൊണ്ടിരുന്നവര്‍ വാഹനത്തിലല്ലാതെ ജീവിക്കുവാനും പഠിച്ചു. സ്വന്തം സുഖങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുവാന്‍ തത്രപ്പെടുമ്പോള്‍ ആത്യന്തികമായി അടിസ്ഥാനജീവിതസൗകര്യങ്ങള്‍ അണഞ്ഞുപോകുമെന്ന് പ്രകൃതി നമ്മെ പഠിപ്പി ച്ചു. കമ്പോളം കൊഴുപ്പിച്ചുകൊണ്ട് സര്‍വ്വ നീതിബോധവും വെടിഞ്ഞ് ലാഭക്കൊതിയോടെ മാത്രം വ്യവസായത്തെയും വ്യാപാരത്തെയും കണ്ടവര്‍ക്ക് ലോക്ക്ഡൗണ്‍ ഷോക്ക് ട്രീറ്റ് മെന്‍റായിരുന്നു. മനുഷ്യനെ മദ്യം കുടിപ്പിച്ച് ലഹരിയുടെ മാസ്മരികതയ്ക്കു കീഴ്പ്പെടുത്തി സ്വാര്‍ത്ഥ നേട്ടത്തിനായി ഓടിയിരുന്നവരും ഒരു ദിവസംപോലും മദ്യപിക്കാതെ ജീവിക്കാനാവില്ലെന്നു കരുതിയിരുന്നവരും അതിജീവനത്തിന്‍റെ പുതിയ പാഠം പഠിച്ചു.

ഇക്കാലഘട്ടത്തില്‍ മനുഷ്യനു ബുദ്ധിമുട്ടായി അനുഭവപ്പെടുന്ന മറ്റൊരു കാര്യം മുഖാവരണം ധരിക്കുന്നതാണ്. മുഖാവരണം നമുക്ക് സുരക്ഷിതത്വം നല്‍കുമെന്നത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അനാവശ്യമായ സംസാരത്തോടും വിടപറയുവാനുള്ള പ്രേരകമായി ഭവിക്കുന്നുവെന്നതും ഒരു സദ്ഫലമാണ്. പൊതുസ്ഥലങ്ങളില്‍ കോലാഹലവും ബഹളവും സ്വാഭാവികമായ ഈ കാലഘട്ടത്തില്‍ മുഖാവരണം കൊറോണവൈറസില്‍നിന്നു മാത്രമല്ല ദുര്‍ഭാഷണം എന്ന തിന്മയില്‍നിന്നും നമ്മെ സംരക്ഷിക്കുന്നു. മനുഷ്യന്‍റെ മുഖം മാത്രം സുന്ദരമായിരുന്നാല്‍ പോരാ, മറിച്ച് ഹൃദയം സുന്ദരമാകുന്നില്ലെങ്കില്‍ ജീവിതം ദുഷ്കരമാകുമെന്ന മുന്നറിയിപ്പും മുഖാവരണം നല്‍കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബ്രേക്ക് ഇല്ലാത്ത പ്രചാരണ കോലാഹലങ്ങള്‍ക്കും ഒരു നിയന്ത്രണം ആവശ്യമെന്ന സൂചനയും ഇവിടെ അന്തര്‍ലീനമാണ്. ഒന്നും പരിധിവിട്ട് അധികകാലം ഓടുകയില്ലെന്നും സ്വയം നിയന്ത്രിക്കാന്‍ മനസ്സില്ലാതെ വന്നാല്‍ കാലം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുമെന്നും ഇക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സംവാദങ്ങള്‍ക്കും മിതത്വവും സ്വയം നിയന്ത്രണവും അനിവാര്യമാണെന്ന് വ്യക്തം.

ചുരുക്കത്തില്‍ മിനിമലിസത്തിന്‍റെയും മിതത്വത്തിന്‍റെയും പുതിയ ഒരു സംസ്കാരമാണ് കൊറോണ വൈറസ് വ്യാപനത്തിലൂടെ നാം പഠിച്ചത്. എല്ലാ പരിധിയും ലംഘിച്ചു കൊണ്ടുള്ള ഭൗതികത അധികനാള്‍ നിലനിറുത്താനാവില്ലെന്നതും നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കും സ്വയം വിധേയപ്പെടുന്നില്ലെങ്കില്‍ പ്രകൃതിതന്നെ അപ്രകാരമുള്ള വഴികള്‍ നമ്മുടെ മേല്‍ ചുമത്തുമെന്നും ഈ വൈറസ് ബാധയുടെ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തോടും സഹോദരങ്ങളോടും ഈ സൃഷ്ടപ്രപഞ്ചത്തോടും ഐക്യത്തിലായിരിക്കുന്നതുകൊണ്ടു മാത്രമേ മനുഷ്യജീവിതം സന്തോഷപ്രദമാക്കാനാവൂ എന്ന വാസ്തവം കോവിഡ് കാലം നമ്മെ പഠിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org