Latest News
|^| Home -> Cover story -> സഭയുടെ സാമ്രാജ്യ വിപുലീകരണമല്ല മിഷന്‍….

സഭയുടെ സാമ്രാജ്യ വിപുലീകരണമല്ല മിഷന്‍….

Sathyadeepam

ഫാ. വര്‍ഗീസ് ആലേങ്ങാടന്‍
(യുണൈറ്റഡ് സോളിഡാരിറ്റി മൂവ്മെന്‍റ്, ഇന്‍ഡോര്‍)

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായ യൂണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റിന്‍റെ (യുഎസ്എം) അമരക്കാരനാണ് ഫാ. വര്‍ഗീസ് ആലേങ്ങാടന്‍. സഭകള്‍ക്കും മതങ്ങള്‍ക്കും അതീതമായ ഈ പ്രസ്ഥാനം 25 വര്‍ഷങ്ങള്‍ പിന്നിട്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു മൂല്യാധിഷ്ഠിത വ്യക്തിത്വപരിശീലനം നല്‍കുകയാണു യുഎസ്എമ്മിന്‍റെ ഒരു പ്രധാന കര്‍മ്മരംഗം. മറ്റു നിരവധി പരിശീലന പരിപാടികള്‍ക്കും സര്‍വമത സമാധാന സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ഉത്തരേന്ത്യയിലെ നൂറുകണക്കിനു സ്കൂളുകളില്‍ നിന്നുള്ള ആയിരകണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതിനകം യുഎസ്എമ്മിന്‍റെ ഭാഗമായി. അക്രൈസ്തവരായ അനേകം പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ പ്രസ്ഥാനവുമായി സഹകരിക്കുന്നു.

വിപുലമായ ബന്ധങ്ങളും സ്വാധീനവും സമൂഹത്തിലാര്‍ജ്ജിച്ചെങ്കിലും യുഎസ്എം ഇന്നും വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തനം. ഒരു രൂപ പോലും ബാങ്ക് നിക്ഷേപവുമില്ല. ഇതു ബോധപൂര്‍വകമാണ്. ഒരു പ്രസ്ഥാനം സ്ഥാപനമായി മാറേണ്ടതില്ല എന്ന് ഫാ. ആലേങ്ങാടനും യുഎസ്എമ്മും കരുതുന്നു. ഇതിന്‍റെ ഭാവിയെക്കുറിച്ചു ചോദിക്കുന്നവരോട് അദ്ദേഹത്തിന്‍റെ മറുപടിയിതാണ്: “കാലത്തിനു യോജിച്ചതാണെങ്കില്‍ ജനങ്ങള്‍ പിന്തുണയ്ക്കും, നിലനില്‍ക്കും. പ്രസക്തി നഷ്ടപ്പെടുകയാണെങ്കില്‍ ഇല്ലാതാകട്ടെ. വ്യക്തികളിലും സ്ഥാപനങ്ങളിലും മൂല്യങ്ങള്‍ ഉള്‍ചേര്‍ക്കുക എന്നതാണ് യുഎസ്എമ്മിന്‍റെ ലക്ഷ്യം. ഇങ്ങനെ നവീകരിക്കപ്പെട്ട വ്യക്തികളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് യുഎസ്എം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കേണ്ടത്.”
ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുകയും ക്രിസ്തുവിനെ അനുകരിക്കുകയും ചെയ്യുകയെന്ന മൗലികമായ മിഷണറി തീക്ഷ്ണതയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാത്ത ഒരു സുവിശേഷപ്രഘോഷണ ജീവിതമാണ്, സഭയുടെ അതിരുകള്‍ക്കതീതമായി ഫാ. ആലേങ്ങാടന്‍ നയിക്കുന്നത്. ദീര്‍ഘകാലത്തെ ഈ ജീവിതത്തിന്‍റെയും പഠനമനനങ്ങളുടെയും അടിസ്ഥാനത്തില്‍ സഭയെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകള്‍ മുന്നോട്ടുവയ്ക്കുകയാണ് ഈ മുഖാമുഖത്തില്‍ അദ്ദേഹം:

കേരള സഭ ഒരു പ്രവാചകസഭയല്ല. കേരളസഭയില്‍ പുരോഹിതശ്രേഷ്ഠന്മാരുണ്ട്. പക്ഷെ പ്രവാചകശ്രേഷ്ഠന്മാരില്ല, പ്രവാചകരില്ല. റിബലുകളുണ്ടെന്നു പറയാം. പക്ഷേ റിബല്‍ ചെയ്യുന്നുവെന്നതുകൊണ്ട് അവര്‍ പ്രവാചകരാണെന്നു പറയാനാവില്ല. എന്നെ തൊട്ടാല്‍ ഞാന്‍ പ്രതികരിക്കും. അങ്ങനെ പ്രതികരിക്കുന്നവരെ റിബലുകളെന്നു വിളിക്കാം. പക്ഷേ പ്രവാചകര്‍ സ്വയം സഹിക്കാന്‍ തയ്യാറുള്ളവരായിരിക്കും. അവര്‍ക്കു വ്യക്തികളോടു വൈരാഗ്യമുണ്ടായിരിക്കില്ല.

പ്രവാചകത്വം ഉള്ളിലുണ്ടെങ്കിലും പുറത്തുപറയാന്‍ പേടിക്കുന്നവര്‍ കേരളസഭയിലുണ്ടാകാം. പക്ഷേ യഥാര്‍ത്ഥ പ്രവാചകര്‍ക്കു പേടി പാടില്ല. സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്നവര്‍ അനേകരുണ്ട്. പക്ഷേ സഭാധികാരികളുടേയും സാദ്ധ്യമായ മറ്റെല്ലാവരുടേയും അനുമതികളോടു കൂടി മാത്രമായിരിക്കും അവരുടെ പ്രവര്‍ത്തനം. പുതിയൊരു പാത വെട്ടിത്തുറക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ അനുമതികള്‍ ലഭിക്കുക എളുപ്പമായിരിക്കില്ല. അങ്ങിനെ, അധികാരികളുടെ ആശീര്‍വാദങ്ങള്‍ക്കു കാത്തു നില്‍ക്കാതെ പുതുവഴികള്‍ തേടാന്‍ ആരും തയ്യാറുമല്ല.

ഇതുകൊണ്ട് എന്തു സംഭവിക്കുന്നു? ആത്മപ്രചോദിതമായ പുതുകര്‍മ്മമേഖലകളിലേയ്ക്ക് സാഹസികമായി ഇറങ്ങിത്തിരിക്കാന്‍ സന്നദ്ധരായവര്‍ ഇല്ലാതാകുമ്പോള്‍ എന്തു പ്രശ്നമാണുണ്ടാകുന്നത്? ഒരു പ്രശ്നമേയുള്ളൂ. നാം യേശുക്രിസ്തുവില്‍നിന്ന് അകന്നകന്നു പോകും. ക്രിസ്തുവിനെ പോലെ ജീവിക്കുകയെന്നാല്‍ സാഹസികമായി ജീവിക്കുക എന്നാണര്‍ത്ഥം.

യഹൂദമതത്തില്‍ നൂറു കണക്കിനു നിയമങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. അവകൊണ്ടു പൊറുതി മുട്ടിയിരിക്കുകയായിരുന്നു ജനം. കര്‍ത്താവ് അതിനെയെല്ലാം നിരാകരിച്ചു. ഒരേയൊരു പരമ നിയമം നല്‍കി. പരസ്പരം സ്നേഹിക്കുക. സ്നേഹമെന്ന സുവര്‍ണനിയമം. ആ സ്നേഹം കൊണ്ടു ലോകം നിങ്ങളെ തിരിച്ചറിയണം.

ഇന്നു സ്നേഹമെന്ന യൂണിഫോം കൊണ്ടല്ല ലോകം നമ്മെ തിരിച്ചറിയുന്നത്. പലതരം ഉടുപ്പുകള്‍ കൊണ്ടാണ്. ചിലര്‍ ജോക്കര്‍ വേഷങ്ങളും ധരിക്കുന്നതു കാണാം. സഭാധികാരികള്‍ക്ക് എത്രയോ നാമവിശേഷണങ്ങള്‍ ഇന്നു സഭയിലുണ്ട്. ഇതെല്ലാം യേശുക്രിസ്തുവില്‍നിന്ന് അകന്നകന്നു പോകലാണ്. ക്രിസ്തു കൊണ്ടുവന്ന പുതിയ നിയമത്തെ അവഗണിച്ചുകൊണ്ട് ക്രിസ്ത്യാനികളെന്ന പേരു പേറുന്നവര്‍ പഴയ നിയമത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു.

കുരിശെടുക്കാനോ കുരിശില്‍ കയറാനോ തയ്യാറില്ലാതെ, കുരിശിനെ ഒരു ആരാധനാവസ്തുവാക്കി കൊണ്ടുനടക്കുകയാണു നാം. നിങ്ങള്‍ എന്‍റെ ശിഷ്യരാകുക എന്നാണു കര്‍ത്താവു പറഞ്ഞത്. ലോകമെങ്ങും പോയി ആളുകളെ തനിക്കു ശിഷ്യപ്പെടുത്താനും ക്രിസ്തു ആവശ്യപ്പെട്ടു. അതായത്, തന്നെ ആരാധിക്കാനല്ല, മറിച്ച്, അ നുകരിക്കാനാണു ക്രിസ്തു ആവശ്യപ്പെട്ടത്. ഇന്ന് ക്രിസ്തുവിനെ അനുകരിക്കുന്നവരില്ല. ആരാധിക്കുന്നവര്‍ അനേകരുണ്ട്. ആരാധന ലോകം മുഴുവന്‍ ആഘോഷമായി നടക്കുന്നുണ്ട്. ദൈവത്തിനു ചെവിയില്ലെന്നു തോന്നിപ്പിക്കുന്ന ആരാധനകള്‍. സത്യത്തില്‍ ഈ ആരാധന ഒരു ഒളിച്ചോട്ടമാണ്.

കര്‍ത്താവിന്‍റെ വഴിയില്‍നിന്നു നാം വ്യതിചലിച്ചു പോയി. സമൂഹത്തിന്‍റെ മനസാക്ഷിയാകാന്‍ നമുക്കു സാധിച്ചില്ല. ലോകത്തിന്‍റെ ഉപ്പാകണം എന്നു ക്രിസ്തു പറഞ്ഞു. ആദിമക്രിസ്ത്യാനികളുടെ പരസ്പരസ്നേഹത്തെക്കുറിച്ചു സമൂഹം ആദരവോടെ പറഞ്ഞല്ലോ. ഇന്ന് ഏതു ക്രിസ്ത്യാനികളെക്കുറിച്ച് ആരു പറയുമിത്? ഉപ്പാകുന്നതില്‍ നാം പരാജയപ്പെട്ടു. വെളിച്ചമാകുന്നതില്‍ പരാജയപ്പെട്ടു. സഭയ്ക്ക് അതിന്‍റെ വിശ്വാസ്യത നഷ്ടമായി. ഇടയന്മാരേക്കാള്‍ കൂലിക്കു പണിയെടുക്കുന്ന വേലക്കാരാണു ഇന്നത്തെ സഭയില്‍ കൂടുതല്‍ ഉള്ളത്. ഇടയന്മാര്‍ക്ക് ആടുകളെ അറിയില്ല, ആടുകള്‍ക്ക് ഇടയന്മാരേയും. സ്വേച്ഛാധിപതികളും മര്‍ദ്ദകരുമായ ഒരു ഉദ്യോഗസ്ഥ ഭരണസംവിധാനമായി സഭ മാറിയിരിക്കുന്നുവോ എന്ന ആശങ്ക അടിസ്ഥാനരഹിതമല്ല. ഇതിനെല്ലാം പരിഹാരമൊന്നേയുള്ളൂ. ക്രിസ്തുകേന്ദ്രീകൃതരാകുക.

കേരളസഭയെക്കുറിച്ചുള്ള ഒരു വലിയ വിശേഷണം അതൊരു മിഷണറി സഭയാണെന്നതാണ്. ഞാനും അങ്ങനെ മിഷണറിയായി വന്ന ഒരാളാണ്. പക്ഷേ ഒന്നു ചോദിക്കട്ടെ. എന്താണ് ഈ മിഷണറിമാര്‍ ചെയ്യുന്നത്? സഭയുടെ സാമ്രാജ്യം വിപുലമാക്കുകയാണവരിലേറെയും. ആളുകളെ കര്‍ ത്താവിന്‍റെ വഴി പഠിപ്പിക്കാനല്ല, മറിച്ചു സഭയുടെ സാമ്രാജ്യം കൂടുതല്‍ സ്ഥലങ്ങളില്‍ കെട്ടിപ്പടുക്കാനാണ് മിഷണറിമാരിലേറെയും ഇന്നു പരിശ്രമിക്കുന്നത്. ഓരോ സഭയും സ്വന്തമായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നു. തങ്ങള്‍ക്കിത്രയും ഭവനങ്ങള്‍ ഉണ്ടെന്നു കാണിക്കുന്നു. മിഷന്‍ പ്രദേശങ്ങളില്‍ ചെന്നും വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നടത്തുന്നു. ഇങ്ങനെയുള്ള സാമ്രാജ്യസ്ഥാപനം മിഷന്‍ പ്രവര്‍ത്തനമല്ല. എത്ര മനുഷ്യരെ നാം നല്ല ധാര്‍മ്മികതയുള്ളവരാക്കി എന്നതാണ്, എത്ര സമൂഹങ്ങളില്‍ ദൈവരാജ്യമൂല്യങ്ങള്‍ നല്‍കി എന്നതാണ് ആത്യന്തികമായ ചോദ്യം.

സ്ഥാപനവത്കൃതസഭയെ വളര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതും സുവിശേഷവത്കരണമല്ല. അതു സഭാവ്യാപനത്തിന്‍റെ റോമന്‍ശൈലിയാണ്. കൊളോണിയല്‍ ശൈലി. സഭയില്ലാത്തിടത്തെല്ലാം ചെന്നു ക്രിസ്തുവിനെ അറിയിക്കുന്നു എന്നാണു വാദം. ക്രിസ്തുവിനെ അറിയിക്കലല്ല, സ്ഥാപനങ്ങള്‍ തുടങ്ങലാണു ചെയ്യുന്നത്. ജര്‍മ്മനിയില്‍ ആയിരത്തിലധികം മലയാളികളായ വൈദികരും കന്യാസ്ത്രീകളും ഉണ്ട്. ഇവരെന്താണു ചെയ്യുന്നത്? കള്‍ട്ടിക് പൗരോഹിത്യത്തിന്‍റെ നിര്‍വഹണം മാത്രമാണു നടക്കുന്നത്. അപ്രകാരം സഭയ്ക്കു വേണ്ടി പണവുമുണ്ടാക്കുന്നു. പക്ഷേ എന്തു സുവിശേഷമാണവിടെ പറയുന്നത്?

നാമിതുവരെ പണിത സ്ഥാപനങ്ങളില്‍നിന്ന് പാവങ്ങള്‍ക്കെന്തു പ്രയോജനം കിട്ടി എന്നതിനൊരു കണക്കെടുപ്പു വേണം. നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ എത്ര പാവപ്പെട്ടവര്‍ക്കു പ്രവേശനം കിട്ടി? കത്തോലിക്കരായ എത്ര പേര്‍ക്കു സൗജന്യമായി ഈ കോളേജുകളില്‍ പഠിക്കാന്‍ കഴിയുന്നു? അങ്ങനെയുള്ള അവസരങ്ങള്‍ വേണ്ടത്ര നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് നാം ഇതെല്ലാം പണിതത്? വലിയ സ്ഥാപനങ്ങള്‍ അവര്‍ക്കുണ്ട്, ഇവര്‍ക്കുണ്ട്, അപ്പോള്‍ നമുക്കും വേണം എന്ന പ്രേരണയാലാണ് പലരും സ്ഥാപനങ്ങള്‍ തുടങ്ങുന്നത്.

കര്‍ത്താവിന്‍റെ രാജ്യമാണോ ഇതുവഴി വികസിതമാകുന്നത്? എല്ലായിടത്തും യേശുക്രിസ്തുവിന്‍റെ പടം മറ്റെല്ലാത്തിന്‍റേയും മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടല്ല നാം ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടത്. കര്‍ത്താവു നമുക്കു മറ്റെല്ലാത്തിനും മേലെയാണെന്നു നമ്മുടെ ജീവിതം വഴിയാണു കാണിച്ചു കൊടുക്കേണ്ടത്. യുഎസ് എമ്മില്‍ ഞങ്ങള്‍ അതു കാണിച്ചു കൊടുക്കുവാന്‍ ശ്രമിക്കുന്നു. അല്ലാതെ, യേശുക്രിസ്തുവിന്‍റെ ദൈവത്വവും ആളത്വവും അനന്യതയും സംബന്ധിച്ച ദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടല്ല സുവിശേഷം പ്രഘോഷിക്കേണ്ടത്. അങ്ങനെ പഠിപ്പിക്കാനിറങ്ങിയതുകൊണ്ടാണ് ഇന്ത്യയില്‍ ഇന്നും ക്രിസ്തുമതം ഈയവസ്ഥയില്‍ നില്‍ക്കുന്നത്.

ക്രിസ്തുകേന്ദ്രീകൃതമായ, സുവിശേഷാത്മകമായ ജീവിതത്തിലേയ്ക്കു വിട്ടുവീഴ്ചകളില്ലാതെ തിരിയുക എന്നതാണ് കേരളസഭ ചെയ്യേണ്ടത്. പഴയനിയമ സംസ്കാരങ്ങളും പഴയ നിയമ ആചാരാനുഷ്ഠാനങ്ങളും ക്രിസ്തു തീരെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. അതെല്ലാം ഉപേക്ഷിച്ചു കര്‍ത്താവിനെ പിഞ്ചെല്ലുക. കാനന്‍ നിയമവും സഭാപ്രബോധനങ്ങളും സുവിശേഷത്തിനു മുകളില്‍ പ്രതിഷ്ഠിക്കരുത്. സുവിശേഷത്തിനെതിരായ ഒരു നിയമവും നാം പാലിക്കാന്‍ പാടില്ല.

പഴയനിയമദൈവത്തെയാണ് നമ്മുടെ പല പ്രഘോഷകരും ആവര്‍ത്തിച്ചു പരിചയപ്പെടുത്തുന്നത്. കര്‍ത്താവു പരിചയപ്പെടുത്തിയ സ്നേഹപിതാവായ ദൈവത്തെയല്ല. കാരണം കച്ചവടങ്ങള്‍ നടത്താനെളുപ്പം പഴയനിയമ ദൈവമാണ്. ആളുകളെ പേടിപ്പിക്കണം. ഞങ്ങള്‍ വന്നു പ്രാര്‍ത്ഥിച്ചാല്‍, ഞങ്ങളുടെ കേന്ദ്രത്തില്‍ വന്നു ധ്യാനിച്ചാല്‍ രക്ഷപ്പെടാം എന്നാണു ചിലര്‍ പ്രത്യക്ഷമായും പരോക്ഷമായും പറയുന്നത്. അവര്‍ മതത്തെ മയക്കുമരുന്നാക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.

നമ്മുടെ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും ജനങ്ങളുമെല്ലാം പതിവുപരിപാടികള്‍ കൊണ്ടു തൃപ്തരാണ്. ക്രിസ്തുവിനെ ആരാധിക്കുന്ന വഴിയാണ് നാം പൊതുവില്‍ സ്വീകരിക്കുന്നത്. കാരണം, അതെളുപ്പമാണ്. ക്രിസ്തുവിനെ അനുകരിക്കുന്ന വഴി ബുദ്ധിമുട്ടുള്ളതാണ്. അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാമോരോരുത്തരും നമ്മുടെ അഭിരുചികള്‍ക്കും കഴിവുകള്‍ക്കും കാലത്തിനുമിണങ്ങുന്ന വ്യത്യസ്തമായ കര്‍മ്മമേഖലകള്‍ കണ്ടെത്തും. അങ്ങനെയൊരു മേഖലയിലേയ്ക്ക് ഒരാള്‍ കടന്നുചെല്ലുമ്പോള്‍ അതിലൊരു പാഷണ്ഡത സംശയിക്കുകയെന്നതാണ് പൊതുരീതി. ഇതു ക്രിസ്തു നേരിട്ട പ്രശ്നമാണ്, സഭയിലെ നിരവധി വിശുദ്ധര്‍ നേരിട്ട പ്രശ്നമാണ്. ഈ ചരിത്രമൊക്കെ നമുക്കറിയാമെങ്കിലും ഇന്നും ആരെങ്കിലും വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്താല്‍ നാം അംഗീകരിക്കുകയില്ല. അതു ദൈവദോഷമാണെന്നു പറഞ്ഞുകളയും. ഫ്രാന്‍സിസ് മാര്‍പാപ്പ പോലും പാഷണ്ഡതയിലാണെന്നു പറയുന്നവരുണ്ടല്ലോ നമ്മുടെ സഭയില്‍. മാര്‍പാപ്പയുടെ പ്രവാചകദൗത്യത്തെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ദൈവദൂഷണം പറയുന്നു എന്നു കര്‍ത്താവിനെ കുറിച്ചുള്ള ആ പഴയ ആരോപണം ഇന്നും പ്രവാചകദൗത്യം നിര്‍വഹിക്കുന്നവര്‍ക്കു നേരെ ഉയരുന്നു.

പക്ഷേ കത്തോലിക്കാസഭ ക്രിസ്തു സ്ഥാപിച്ച ദൈവികമായ ഒരു സമൂഹമാണെന്ന വസ്തുത അവശേഷിക്കുന്നു. അതുകൊണ്ടാണ് സഭ ഇന്നും നിലനില്‍ക്കുന്നതും സഭയില്‍നിന്നു നന്മകള്‍ ഉണ്ടാകുന്നതും. നേരിട്ടറിവില്ലാത്തവര്‍ കേട്ടറിവുകള്‍ വച്ചു ഞങ്ങളെക്കുറിച്ചു പല വിമര്‍ശനങ്ങളും പറയാറുണ്ടെങ്കിലും ഞാനിന്നും ഒരു കത്തോലിക്കനും പുരോഹിതനുമായി തുടരുന്നു. സഭ ആത്യന്തികമായി എന്നെ അംഗീകരിക്കുകയും എന്‍റെ ജീവിതമാര്‍ഗത്തെ ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മെത്രാന്മാരും കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ളവരും ഇവിടെ വരികയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരിശീലനങ്ങള്‍ക്കും ധ്യാനങ്ങള്‍ക്കുമായി വൈദികരേയും കന്യാസ്ത്രീകളേയും ഇങ്ങോട്ടയ്ക്കുന്ന മെത്രാന്മാരും സഭകളുമുണ്ട്. ഇവിടെ നടത്തുന്ന ‘ക്രിസ്തുകേന്ദ്രീകൃത നേതൃത്വപരിശീലനം’ എന്ന ധ്യാനപരിപാടിയില്‍ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാറുണ്ട്. നിരവധി രൂപതകളും സന്യാസസഭകളും എന്നെ അവരുടെ പരിപാടികള്‍ക്കു ക്ഷണിക്കാറുമുണ്ട്. നന്മയെ അംഗീകരിക്കാനും പിന്തുണയ്ക്കാനുമുള്ള ദൈവികമായ ഒരു പ്രചോദനം ഈ സഭയില്‍ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

ഞാന്‍ തൃശൂര്‍ അതിരൂപതാംഗമാണ്. സാഗര്‍ മിഷന്‍ നടത്തിയിരുന്നത് തൃശൂര്‍ അതിരൂപതയാണല്ലോ. അതിനാല്‍ മിഷണറിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ വികാരിയച്ചന്‍ സാഗര്‍ മിഷനില്‍ ചേരാന്‍ നിര്‍ദേശിച്ചു. പാലായിലെ മിഷന്‍ ഹോമിലും ലക്നോയിലും 8 വര്‍ഷങ്ങള്‍ നാഗ്പൂര്‍ സെമിനാരിയിലുമായിട്ടാണ് വൈദിക പരിശീലനം പൂര്‍ത്തിയായത്. തുടര്‍ന്ന് സാഗര്‍ രൂപതാവൈദികനായി പട്ടമേറ്റു. ഹിന്ദിയിലാണ് ബിരുദം നേടിയത്. ഹിന്ദിയില്‍ ഗാനങ്ങളും ലേഖനങ്ങളുമെഴുതാന്‍ കഴിയുന്നത് എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സഹായമായി മാറി.

സാഗര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് ക്ലെമന്‍റ്സ് തോട്ടുങ്കലാണ് സെമിനാരിയിലേയ്ക്ക് എന്നെ സ്വീകരിച്ചത്. മഹാനായ ഒരു മിഷണറിയായിരുന്നു അദ്ദേഹം. ഉജ്ജ്വലമായ ആ വ്യക്തിത്വം എന്‍റെ വ്യക്തിത്വരൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചു. യുവജനപ്രേഷിതത്വം എന്‍റെ ഒരു പ്രധാന മേഖലയായിരുന്നു. അക്കാലത്താണ് ഫ്രാന്‍സിലെ തെയ്സെയില്‍ പോകുന്നത്. 1989 -ല്‍ രണ്ടു മാസം ഞാനവിടെ താമസിച്ചു. ഒരു സഭൈക്യ യുവജനമുന്നേറ്റമാണല്ലോ തെയ്സേയിലേത്. അതെന്നെ നന്നായി സ്വാധീനിച്ചു.

ആ അനുഭവങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് യുണിവേഴ്സല്‍ സോളിഡാരിറ്റി മൂവ്മെന്‍റ് എന്ന പ്രസ്ഥാനം തുടങ്ങിയത്. സത്യത്തിലും ആത്മാവിലും കര്‍ത്താവിനെ ആരാധിക്കുന്ന വലിയൊരു സമൂഹത്തെ സ്വപ്നം കണ്ടുകൊണ്ടുള്ള പ്രേഷിതപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്. ജാതിമതങ്ങള്‍ക്കും സഭാവ്യത്യാസങ്ങള്‍ക്കുമെല്ലാമതീതമായി ക്രിസ്തുവിന്‍റെ സനാതനമായ സുവിശേഷം പ്രഘോഷിക്കപ്പെടുകയും ജീവിക്കപ്പെടുകയും വേണമെന്ന ചിന്തയാണ് ഇതിനു പിന്നില്‍. മൂല്യങ്ങളും ധാര്‍മ്മികതയുമായിരിക്കണം നമ്മുടെ അടിസ്ഥാനം. സുവിശേഷമാഹ്വാനം ചെയ്യുന്നതും അതു തന്നെയാണ്.

universalsolidarity.org

(തയ്യാറാക്കിയത്: ഷിജു ആച്ചാണ്ടി)

Leave a Comment

*
*