മിഷന്‍ പ്രദേശങ്ങള്‍ക്കു മാതൃക നല്‍കാന്‍ അല്മായരും കുടുംബങ്ങളുമെത്തണം

മിഷന്‍ പ്രദേശങ്ങള്‍ക്കു മാതൃക നല്‍കാന്‍ അല്മായരും കുടുംബങ്ങളുമെത്തണം

ഫാ. വര്‍ഗീസ് പുല്ലന്‍ എസ്എസി.

52 രാജ്യങ്ങളിലായി 2500-ലേറെ വൈദികര്‍ അംഗങ്ങളായുള്ള സന്യാസസമൂഹമാണ് വി.വിന്‍സെന്‍റ് പള്ളോട്ടി സ്ഥാപിച്ച പള്ളോട്ടൈന്‍ സഭ. 1951-ല്‍ അന്നത്തെ നാഗ്പൂര്‍ ബിഷപ്പിന്‍റെ ക്ഷണപ്രകാരമാണ് ജര്‍മ്മനിയില്‍ നിന്നുള്ള പള്ളോട്ടൈന്‍ മിഷണറിമാര്‍ ആദ്യമായി ഇന്ത്യയിലെത്തിയത്. ഛത്തീസ്ഗഡിലെ റായ്പുരില്‍ അവര്‍ ആദ്യത്തെ മിഷന്‍ ആരംഭിച്ചു. ഇപ്പോള്‍ നാഗ്പുര്‍, റായ്പുര്‍, ബാംഗ്ലൂര്‍ എന്നീ മൂന്നു പ്രോവിന്‍സുകളിലായി നാനൂറിലേറെ ഇന്ത്യന്‍ വൈദികര്‍ പള്ളോട്ടൈന്‍ മിഷണറിമാരായി സേവനം ചെയ്യുന്നു. ഇന്ത്യയിലെ മാതൃപ്രവിശ്യയായ നാഗ്പുര്‍ പ്രഭുപ്രകാശ് പ്രവിശ്യയിലെ അംഗമാണ് ഇപ്പോള്‍ പള്ളോട്ടൈന്‍ സമൂഹത്തിന്‍റെ ആഗോള മേധാവിയായ ഫാ. ജോസഫ് നമ്പുടാകം. ഇന്ത്യയിലെ ആദ്യത്തെ പള്ളോട്ടൈന്‍ ബിഷപ്പായ ഗ്വാളിയോര്‍ രൂപതാ ബിഷപ് തോമസ് തെന്നാത്തും നാഗ്പുര്‍ പ്രൊവിന്‍സ് അംഗമാണ്. പ്രോവിന്‍സിന്‍റെ ഇപ്പോഴത്തെ അദ്ധ്യക്ഷനാണ് ഫാ. വര്‍ഗീസ് പുല്ലന്‍ എസ്എസി. എറണാകുളം അതിരൂപതയിലെ മാമ്പ്ര സ്വദേശിയായ അദ്ദേഹം ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി 8 വര്‍ഷവും കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) സെക്രട്ടറിയായി നാലു വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഗ്പൂരിലെ പ്രൊവിന്‍ഷ്യല്‍ മന്ദിരത്തില്‍ വച്ച് ഫാ. പുല്ലനുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

? ദീര്‍ഘകാലം സിബിസിഐ അല്മായ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന വ്യക്തിയെന്ന നിലയില്‍ ഇന്ത്യന്‍ സഭയിലെ അല്മാ യ പങ്കാളിത്തത്തെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എ ന്താണ്?
അല്മായരുടെ പങ്കാളിത്തം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പങ്കാളിത്തപരമായ സംവിധാനങ്ങള്‍ ഭൂരിഭാഗം ഇടവകകളിലും രൂപതകളിലും നടപ്പില്‍ വന്നു കഴിഞ്ഞു. പലരുമതൊരു മുന്‍ഗണനയായെടുക്കുകയും ചെയ്തു. പാരിഷ് കൗണ്‍സില്‍ എന്ന സംവിധാനം ഇന്ത്യയില്‍ 90 ശതമാനം ഇടവകകളിലും സജ്ജമായി കഴിഞ്ഞു. ഭക്തസംഘടനകളും സജീവമായി. അടിസ്ഥാന ക്രൈസ്തവ സ മൂഹം എന്ന സംവിധാനവും പല പേരുകളില്‍ ഇന്ന് പ്രവര്‍ത്തനക്ഷമമാണ്. അല്മായര്‍ക്ക് വളരെ സ ജീവമായി സഭയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ ഇത്തരം നിരവധി വേദികള്‍ ഇന്നുണ്ട്. ഇത്തരം ഘടനകള്‍ ഉള്ളതുകൊണ്ട് ധാരാളം പരിശീലനപരിപാടികളും അല്മായര്‍ക്കു വേണ്ടി സംഘടിപ്പിക്കപ്പെടുന്നു. ഇടവകതലങ്ങളില്‍ നിന്നു ഫൊറോനാകളിലേയ്ക്കും രൂപതകളിലേയ്ക്കും ഇതു വ്യാപിക്കുന്നുണ്ട്. 60 ശതമാനത്തിലേറെ ഇന്ത്യന്‍ രൂപതകളിലും ഇന്നു പാസ്റ്ററല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രായോഗികമായി ഇതെല്ലാം എത്രത്തോളം എല്ലാവരും പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന ചോദ്യവുമുണ്ട്. ഏതായാലും പത്തിരുപതു വര്‍ഷം മുമ്പത്തെ സാഹചര്യവുമായി തട്ടിച്ചുനോക്കുകയാണെങ്കില്‍ വളരെയേറെ നാം മുമ്പോട്ടു പോയിക്കഴിഞ്ഞിട്ടുണ്ട്.
ഇനിയും ധാരാളം മാറ്റങ്ങള്‍ വരേണ്ടതുമുണ്ട്. നല്ല കഴിവുള്ള ധാരാളം അല്മായര്‍ ഇപ്പോഴും ഈ സംവിധാനങ്ങളിലേയ്ക്ക് കടന്നു വരാതിരിക്കുന്നുണ്ട്. അവര്‍ കൂടി വരികയാണെങ്കില്‍ സഭയ്ക്ക് ഒത്തിരി കാര്യങ്ങള്‍ ഇനിയും ചെ യ്യാന്‍ സാധിക്കും.

? അല്മായകമ്മീഷന്‍ സെക്രട്ടറി എന്ന നിലയില്‍ അക്കാലത്ത് ഇതിനു വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ട്? എന്തായിരുന്നു അന്നത്തെ അനുഭവങ്ങള്‍?
മേഖലാതലത്തില്‍ (സംസ്ഥാനം) നിരവധി പരിപാടികള്‍ ഞങ്ങള്‍ അന്നു സംഘടിപ്പിച്ചിട്ടുണ്ട്. രൂപതാപ്രതിനിധികളെ വിളിച്ചു വരുത്തി പലതരം പരിശീലന പരിപാടികള്‍ നടത്തിക്കൊണ്ടിരുന്നു. പാസ്റ്ററല്‍ കൗണ്‍സിലുകള്‍ പോലുള്ള സംവിധാനങ്ങളിലൂടെ എങ്ങനെ അല്മായര്‍ക്ക് സജീവ സഭാപ്രവര്‍ത്തകരാകാം എന്നാണ് ഞങ്ങള്‍ ഈ പരിപാടികളിലൂടെ വിശദീകരിച്ചുകൊണ്ടിരുന്നത്.

? അല്മായപങ്കാളിത്തം കുറവുള്ള രൂപതകള്‍ ഏതൊക്കെ എന്നറിയാനും ഇക്കാര്യത്തിലെ പുരോഗതി നിരീക്ഷിക്കാനും ഒക്കെ സംവിധാനങ്ങളുണ്ടായിരു ന്നോ?
ഉവ്വ്. രൂപതാധികാരികളെ ഞങ്ങള്‍ സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. സിബിസിഐ കമ്മീഷനില്‍ നിന്ന് ആവശ്യമായ എല്ലാ സേവനങ്ങളും ഇക്കാര്യത്തിനായി ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ലഭ്യമാക്കുകയും ചെയ്തിരുന്നു. കുടുംബക്കൂട്ടായ്മകളെ ശക്തിപ്പെടുത്താന്‍ കമ്മീഷന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ഇതൊന്നും തുടങ്ങാതിരിക്കുകയോ, മടിച്ചിരിക്കുകയോ ചെയ്യുന്ന രൂപതകളെ കണ്ടെത്തി ഇതേക്കുറിച്ച് അവബോധവും പ്രേരണയും നല്‍കാനും കമ്മീഷന്‍ ശ്രദ്ധിച്ചിരുന്നു.

? രൂപതകള്‍ അങ്ങനെ മടിച്ചിരുന്നതിന്‍റെ അനുഭവങ്ങളുണ്ടോ?
അനുഭവങ്ങളൊക്കെയുണ്ട്. ചിലരൊക്കെ ഇതൊക്കെ നടപ്പാക്കാതെയിരുന്നിട്ടുണ്ട്. ധാരാളം കത്തോലിക്കരുള്ള രൂപതകളില്‍ മാത്രമേ ഇതൊക്കെ പ്രായോഗികമാകുകയുള്ളൂ എന്ന മട്ടിലുള്ള ന്യായീകരണങ്ങളൊക്കെ ചില അധികാരികള്‍ പറയാറുണ്ട്. പക്ഷേ അതിനെയൊക്കെ മറികടക്കാന്‍ നമ്മള്‍ ശ്രമിച്ചിട്ടുണ്ട്. പിതാക്കന്മാരോടു സംസാരിക്കും. മേഖലാ മെത്രാന്‍ സംഘങ്ങളുടെ സമ്മേളനങ്ങളില്‍ ചെന്നു സംസാരി ക്കും. ഒരു സംസ്ഥാനത്തെ ഏതെങ്കിലും രൂപതകളിലൊക്കെ ഈ സംവിധാനങ്ങളുണ്ടാകും. അതൊക്കെ എടുത്തു കാണിക്കും. അതുകൊണ്ടുണ്ടായ പ്രയോജനങ്ങള്‍ പരിചയപ്പെടുത്തും. അതുകൊണ്ട്, ഒരു പരീക്ഷണം എന്ന നിലയിലെങ്കിലും എല്ലാ രൂപതകളിലും ഇതൊക്കെ സ്ഥാപിക്കാന്‍ തയ്യാറാകണമെന്നു പറയും. സ്നേഹബുദ്ധിയോടെയുള്ള ഇത്തരം പ്രേരണകളുടെ ഫലമായി പല രൂപതകളിലും ഈ സംവിധാനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഞാന്‍ സെക്രട്ടറിയായിരുന്ന കാലത്തു തന്നെ ഇതേ കുറിച്ച് ഒരു സര്‍വേ നടത്തിയിരുന്നു. ആ സര്‍വേയും ഒരു സമ്മര്‍ദ്ദം സൃഷ്ടിച്ചിരിക്കുന്നു. അതായത്, ഇല്ലാത്ത രൂപതകള്‍ ഏതൊക്കെയെന്നു പുറ ത്തുവന്നപ്പോള്‍ അത്തരം രൂപതകള്‍ക്ക് ഇതു സ്ഥാപിക്കാനുള്ള സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാകുകയും അവരതിനു പ്രേരിതരാകുകയും ചെയ്തു.

? സഭയുടെ തീരുമാനമെടുക്കുന്ന സമിതികളില്‍ അല്മായരുടെ പ്രാതിനിധ്യം വേണ്ടത്രയുണ്ടോ? അതേക്കുറിച്ച് എന്താണഭിപ്രായം?
ഇപ്പോള്‍ നിരവധി രൂപതകളില്‍ മെത്രാന്മാര്‍ക്കും മറ്റ് അധികാരികള്‍ക്കും ഇതേക്കുറിച്ചുള്ള അവബോധം വന്നിട്ടുണ്ട്. പ്രധാന തീരുമാനങ്ങള്‍ അല്മായരോടൊക്കെ ആലോചിച്ച ശേഷം എടുക്കുന്ന രീതികളുണ്ട്. പാസ്റ്ററല്‍ കൗണ്‍സില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന രൂപതകളുണ്ട്. പ്രധാന തീരുമാനങ്ങളൊക്കെ എടുക്കുന്നതിനു മുമ്പ് പാസ്റ്ററല്‍ കൗണ്‍സിലുകളില്‍ ചര്‍ച്ച ചെയ്യുന്ന പതിവ് ഇപ്പോള്‍ പല രൂപതകളിലുമുണ്ട്. ഈ മാതൃകകള്‍ കൂടുതല്‍ രൂപതകള്‍ അനുകരിക്കണം എന്ന അഭിപ്രായമാണുള്ളത്.

? താങ്കള്‍ ഒരു മിഷണറി കൂടിയാണല്ലോ. മിഷനില്‍ അല്മായര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും? അല്മായ മിഷണറിമാരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?
അല്മായ മിഷണറിമാര്‍ എന്നത് നല്ലൊരു ആശയമാണ്. ജീസസ് യൂത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഞാനിതില്‍ മാതൃകയായി കാണുന്നു. കേരളം പോലെ പരമ്പരാഗതമായ ശക്തമായ കാത്തോലിക്കാ സമൂഹങ്ങളുള്ള സ്ഥലത്തുനിന്ന് യുവജനങ്ങള്‍ മിഷന്‍ പ്രദേശത്തു വന്ന് പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ മിഷണറിമാര്‍ വികാരിമാരായു ള്ള ഇടവകകളില്‍ ഇവരുടെ സാന്നിദ്ധ്യം ശക്തമാണ്. ഞാന്‍ പ്രൊവിന്‍ഷ്യലായതിനു ശേഷം ഇതിനു പ്രത്യേകമായ പ്രോത്സാഹനം നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്കു പ്രവര്‍ത്തനത്തിനെത്തുന്ന ഇവര്‍ മിഷന്‍ ഇടവകകളിലെ യുവജനങ്ങളെ സംഘടിപ്പിക്കുന്നു. ഇടയ്ക്ക് അവരെ കേരളത്തിലേയ്ക്കു കൊണ്ടുപോകുന്നു. മിഷന്‍ പ്രദേശങ്ങളിലെ യുവജനങ്ങള്‍ക്ക് അതു വലിയൊരു അനുഭവമാണ്. കേരളത്തില്‍ നമ്മുടെ കുടുംബങ്ങളില്‍ തന്നെയാണ് ഇവര്‍ താമസിക്കുക. കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങളില്‍ കുടുംബപ്രാര്‍ത്ഥന പതിവായി ഉണ്ടാകും. ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളില്‍ പള്ളികളുണ്ടാകും. അതിനാല്‍ എല്ലാ ദിവസവും കുര്‍ബാനയ്ക്കു പോകാം. പള്ളികളില്‍ ചെ ല്ലുമ്പോഴാകട്ടെ ധാരാളം പേര്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നതു കാണാം. ഉത്തരേന്ത്യയിലെ മി ഷന്‍ പ്രദേശങ്ങളില്‍ ഇതൊന്നും പതിവല്ല, പ്രായോഗികമല്ല. മാസത്തിലൊരിക്കല്‍, ആറു മാസത്തിലൊരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ ഒക്കെ മാത്രം കുര്‍ബാനയില്‍ സംബന്ധിച്ചു ശീലിച്ചവര്‍ക്ക് ഇതൊക്കെ നവീനമായ അനുഭവമായിരിക്കും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കത്തോലിക്കാ യുവാക്കള്‍ക്ക് ഇത് അവരുടെ ഭാവനയ്ക്കപ്പുറത്തുള്ള അനുഭവമാകും. ഈ അനുഭവങ്ങളാല്‍ പ്രചോദിതരായി തിരിച്ചു ചെല്ലുന്ന ഈ യുവാക്കള്‍ സ്വയം നല്ല മിഷണറിമാരായി മാറുകയാണ്. അല്മായ മിഷണറിമാര്‍ മിഷന്‍ പ്രദേശങ്ങളില്‍ വരുന്നതുകൊണ്ടുള്ള വലിയ പ്രയോജനമിതാണ്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തെ ഇടവേളയെടുത്ത് മിഷനു വേണ്ടി വരുന്നവരും മികച്ച ഉദ്യോഗങ്ങളില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്തു വരുന്നവരുമാണിവര്‍ എന്ന് ഇവിടെയുള്ളവരറിയുമ്പോള്‍ അതവര്‍ക്കു നല്‍കുന്ന മാതൃക വളരെ വലുതാണ്.
കുടുംബമായി തന്നെ ഇത്തരം മിഷന്‍ പ്രദേശങ്ങളില്‍ വന്നു താമസിച്ച് നമ്മുടെ കത്തോലിക്കാ പാരമ്പര്യം ഇവരെ പരിചയപ്പെടുത്തുന്നതും വലിയ കാര്യമാണ്. ഇങ്ങനെ കുടുംബമായി വരുന്നവര്‍ ഇവിടെ വന്ന് പ്രത്യേകിച്ച് ഒന്നും ചെ യ്യേണ്ടതില്ല. കുടുംബപ്രാര്‍ത്ഥനയും മറ്റുമായി നാട്ടിലെപോലെ ഇവിടെ വെറുതെ താമസിച്ചാല്‍ മാത്രം മതിയാകും. അതു കാണുന്നതു തന്നെ ഇവിടെയുള്ളവര്‍ക്കു പ്രചോദനമേകും. അനുദിനം വേണ്ട കുടുംബപ്രാര്‍ത്ഥനയെ കുറിച്ച് നാം ഇവിടെയുള്ളവര്‍ക്ക് എത്ര ക്ലാസ്സെടുത്താലും അതവര്‍ക്കു ബോദ്ധ്യപ്പെടണമെന്നില്ല. എന്നാല്‍ കത്തോലിക്കാ വിശ്വാസമനുസരിച്ചു ജീവിക്കുന്നതെങ്ങനെയെന്ന് ഒരു കുടുംബം അവര്‍ക്കിടയില്‍ ജീവിച്ചു കാണിക്കുമ്പോള്‍ അതവര്‍ക്കു വലിയ പ്രചോദനമായിരിക്കും. ആദ്യമൊന്നും ഇവരിതു ശ്രദ്ധിക്കണമെന്നില്ല. പക്ഷേ കുറച്ചു നാള്‍ കഴിയുമ്പോള്‍ അതുണ്ടാക്കുന്ന സ്വാധീനം വളരെയേറെയായിരിക്കും. ഇപ്പോള്‍ കുറച്ചു പേരൊക്കെ അങ്ങനെ ചെയ്യുന്നുണ്ട്. ഖാണ്ഡുവാ രൂപതയിലെ ഒരിടവകയില്‍ ഇപ്പോള്‍ കേരളത്തില്‍ നി ന്നുള്ള മൂന്നു കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു വര്‍ഷത്തേയ്ക്കാണ് ഇവര്‍ വന്നിരിക്കുന്നത്.
മിഷന്‍ പ്രദേശങ്ങളില്‍ എവിടെ ചെന്നാലും കേരളത്തില്‍ നിന്നുള്ള ധാരാളം വൈദികരേയും സന്യസ്തരേയും കാണാം. ഇതു കേരളസഭ സഭയ്ക്കു പൊതുവായി നല്‍കിയ വലിയ സംഭാവനയാണ്. ഇതുപോലെ അല്മായരും സ്വന്തം ദൗത്യത്തെക്കുറിച്ച് അവബോധമാര്‍ജ്ജിക്കുകയും ഇങ്ങനെയൊരു സേവനം സഭയ്ക്കുവേണ്ടി ചെയ്യാന്‍ അവസരമുണ്ട് എന്ന് തിരിച്ചറിയുകയും വേണ്ടതുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളുണ്ട് എന്ന കാര്യം വൈദികരുള്‍പ്പെടെയുള്ള സഭാധികാരികള്‍ അല്മായ രെ അറിയിക്കുകയും വേണം.

? അല്മായരെ വളര്‍ത്തുക പള്ളോട്ടൈന്‍സിന്‍റെ പ്രത്യേക കാരിസമാണെന്നു കേട്ടിട്ടുണ്ട്….
വിശ്വാസവും ചാരിറ്റിയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കാരിസം. വൈദികരേയും സന്യസ്തരേയും അല്മായരേയും ഒരുമിപ്പിച്ച് വിശ്വാസനവീകരണത്തിനും പുനരുജ്ജീവനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂട്ടിയിണക്കുക എന്നതാണ് കാരിസം. എല്ലാവരും മിഷണറിമാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. സഭയില്‍ പ്രേഷിതപ്രവര്‍ത്തനമെന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അതില്‍ അല്മായര്‍ അല്‍പം പുറകില്‍ നില്‍ക്കുന്നതുകൊണ്ടാണ് അല്മായരെ സഭയുടെ പ്രേഷിതദൗത്യത്തിന്‍റെ മുന്‍നിരയിലേയ്ക്കു കൊണ്ടുവരിക എന്ന പ്രത്യേകമായ ദൗത്യം പള്ളോട്ടൈന്‍ സഭ ഏറ്റെടുക്കുന്നത്. വി. വിന്‍സെന്‍റ് പള്ളോട്ടിയുടെ തന്നെ ഒരു ദര്‍ശനമായിരുന്നു അത്. അക്കാലത്ത് അല്മായര്‍ക്ക് സഭയില്‍ തീരെ പ്രാധാന്യം കുറവായിരുന്നല്ലോ. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക, വൈദികരെ പിന്തുണയ്ക്കുക, സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം നല്‍കുക എന്നതില്‍ ഒതുങ്ങി നിന്നിരുന്നു അക്കാലത്ത് അല്മായരുടെ പങ്കാളിത്തം.

? പ്രേ, പേ, ഒബേ…
അതെ, ആ പ്രയോഗം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അങ്ങനെ പറയാതിരുന്നത്. ഏതായാലും, ആ സാഹചര്യത്തിലാണ് വിന്‍സെന്‍റ് പള്ളോട്ടി അല്മായശാക്തീകരണം സഭയുടെ ഒരു പ്രത്യേക ദൗത്യമായി കണ്ടത്. ആദ്യം വിശുദ്ധന്‍ സ്ഥാപിച്ച സഭയുടെ ഘടന തന്നെ ആ വിധത്തിലായിരുന്നു. യൂണിയന്‍ ഓഫ് ദ കാത്തലിക് അപ്പോസല്‍സ് (യു എ സി) എന്നായിരുന്നു പേര്. അതില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കും അംഗങ്ങളാകാന്‍ സാധിക്കുമായിരുന്നു. പിന്നീടു പ്രായോഗിക വശങ്ങള്‍ പരിഗണിച്ചാണ് ഇപ്പോഴത്തെ രീതിയിലേയ്ക്കു വന്നത്. വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കൂടുകയും അവര്‍ തങ്ങളുടേതായ സമൂഹങ്ങള്‍ രൂപീകരിക്കുകയും ചെയ്തപ്പോള്‍ ശ്രദ്ധ അതിലേയ്ക്കു തിരിയുകയായിരുന്നു. അതോടെ അല്മായരെ അംഗങ്ങളായി ചേര്‍ക്കുന്നതും മറ്റും കുറയുകയും ചെയ്തു. പിന്നീട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം വേരുകളിലേയ്ക്കു മടങ്ങാനുള്ള ആഹ്വാനം കണക്കിലെടുത്തു പള്ളോട്ടൈന്‍ സഭയും സ്വന്തം കാരിസത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും യുഎസിക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ചെയ്തു വരികയാണ്. അതിനെ ഒരു അന്താരാഷ്ട്ര സംഘടനയായി വത്തിക്കാന്‍ അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ 500-ലധികം അല്മായര്‍ അപ്പസ്തോലിക സമര്‍പ്പണം നടത്തി യുഎസിയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

? പള്ളോട്ടൈന്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റെന്തെല്ലാമാണ്?
1951-ല്‍ ഇന്ത്യയിലെത്തിയ വിദേശികളായ പള്ളോട്ടൈന്‍ മിഷണറിമാര്‍ക്ക് ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ ഇന്ത്യയില്‍ നിന്നു തന്നെ ദൈവവിളികള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് മനസ്സിലായി. അതിനുവേണ്ടിയാണ് അവര്‍ കേരളത്തിലേയ്ക്കു വരുന്നത്. കേരളത്തില്‍ നിന്നായിരുന്നല്ലോ അക്കാലത്ത് ദൈവവിളികള്‍ ധാരാളം ഉണ്ടായിക്കൊണ്ടിരുന്നത്. തിരുവനന്തപുരത്ത് 1962-ല്‍ ഒരു മൈനര്‍ സെമിനാരി സ്ഥാപിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ വൈദികര്‍ ധാരാളമായി ഈ സഭയിലേയ്ക്കു വരാന്‍ തുടങ്ങിയത്. ആദ്യത്തെ ഇന്ത്യന്‍ പള്ളോട്ടൈന്‍ വൈദികന്‍, മലയാളിയാണ്.
സുവിശേഷവത്കരണത്തിനു വേണ്ടി പുതിയ പുതിയ സ്ഥലങ്ങളിലേയ്ക്കു കടന്നുചെല്ലാന്‍ ഞങ്ങള്‍ എന്നും ശ്രദ്ധിച്ചിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് അരുണാചല്‍പ്രദേശിലേയ്ക്കു പോയത്. അവിടെ ഇപ്പോള്‍ 9 പള്ളോട്ടൈന്‍ വൈദികരും 3 റീജന്‍റുമാരും സേവനം ചെയ്യുന്നുണ്ട്. നാഗാലാന്‍ഡിലും പുതിയ മിഷന്‍ തുടങ്ങിയി ട്ടുണ്ട്.
അല്മായരെ സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേയ്ക്കു കൊണ്ടുവരിക, പുതിയ മിഷനുകള്‍ ആരംഭിക്കുക, സുവിശേഷവത്കരണം നടത്തുക, പുതിയ മിഷന്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസവും ആതുരസേവനവും നിര്‍വഹിക്കുക തുടങ്ങിയവയിലാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷമായിട്ടാണ് ഞങ്ങള്‍ വിദ്യാഭ്യാസരംഗത്തേയ്ക്കു വന്നത്. ഇപ്പോള്‍ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളും ഞങ്ങള്‍ ആരംഭിക്കുന്നുണ്ട്.

? എന്തുകൊണ്ടാണ് വിദ്യാഭ്യാസരംഗത്തേയ്ക്ക് പുതുതായി പ്രവേശിച്ചത്? വിദ്യാഭ്യാസരംഗത്ത് സഭയ്ക്ക് സ്ഥാപനങ്ങള്‍ ഇല്ലായ്കയില്ലല്ലോ.
പുതിയ മിഷനുകള്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായ ഒരു കാര്യമിതാണ്. ജനങ്ങള്‍ വളരെ ദരിദ്രരും ചൂഷിതരുമായി തുടരുന്നത് പ്രധാനമായും അവര്‍ക്കു വിദ്യാഭ്യാസമില്ലാത്തതിനാലാണ്. അതൊരു തിരിച്ചറിവു നല്‍കി. പ ള്ളിക്കൊപ്പം പള്ളിക്കൂടം എന്നൊരു സങ്കല്‍പം കേരളത്തില്‍ വളരെ സജീവമായിരുന്നല്ലോ. കേരളസമൂഹം ഇത്രയും വിദ്യാസമ്പന്നമാകാന്‍ തന്നെ ഒരു പ്രധാനകാരണം അതാണ്. അതുകൊണ്ട് മിഷന്‍ തുടങ്ങിയിടത്തൊക്കെ ചെറിയ സ്കൂളുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ തയ്യാറായി. വളരെ അകലെയാണ് ഗ്രാമങ്ങള്‍ ചിതറി കിടക്കുന്നത് എന്നതിനാല്‍ ഹോസ്റ്റലുകളും ആവശ്യമായിരുന്നു. തുടക്കത്തില്‍ സ്കൂള്‍ മാത്രം മതിയെന്നായിരുന്നു ധാരണ. ഞങ്ങള്‍ ആരംഭിച്ച കാലത്ത് പത്താം ക്ലാസ് വിദ്യാഭ്യാസമൊക്കെ മതിയായിരുന്നുതാനും. ഇപ്പോള്‍ അതു പോരാ. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കും പ്രവേശിക്കുകയായിരുന്നു. അതോടൊപ്പം മിഷന്‍ പ്രദേശങ്ങളില്‍ മാത്രം പോരാ വി ദ്യാഭ്യാസസേവനം എന്ന ചിന്തയും ഉയര്‍ന്നു വന്നു. വികസിതപ്രദേശങ്ങളിലും വിദ്യാഭ്യാസരംഗത്തു സഭയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു കണ്ടു. സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇത്തരം സ്കൂളുകളില്‍ വരുന്നതെങ്കിലും അവര്‍ക്ക് നമ്മുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നമുക്കു സാധിക്കും. അത്തരം കുടുംബങ്ങളെയും ഗുണപരമായി സ്വാധീനിക്കുക ആവശ്യമാണ്. അതോടൊപ്പം മിഷനിലെ സ്കൂളുകളെ സാമ്പത്തികമായി പിന്തുണയ്ക്കുകയും ആവശ്യമായിരുന്നു. ഇപ്പോള്‍ മിഷനുവേണ്ടി നമുക്ക് വിദേശ സാമ്പത്തിക സഹായങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. അതെല്ലാം നാം ഇവിടെ നിന്നു തന്നെ കണ്ടെത്തേണ്ടതുണ്ട്. സ്കൂളുകള്‍ നടത്തുമ്പോള്‍ സഭയിലും സമൂഹത്തിലും നമ്മുടെ സാന്നിദ്ധ്യം കൂടുതല്‍ പ്രകടമാകും. ബന്ധങ്ങളുണ്ടാകും. ഇതു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കും.
സാംബിയായില്‍ ഒരു അന്തര്‍ ദേശീയ മിഷന്‍ നാഗ്പൂര്‍ പ്രോവിന്‍സിന്‍റേതായി തുടങ്ങിയിട്ടുണ്ട്. അവിടെ നാലു വൈദികര്‍ ജോലി ചെയ്യുന്നുണ്ട്. പള്ളോട്ടൈന്‍ സിസ്റ്റേഴ്സും അവിടെ ഞങ്ങള്‍ക്കൊപ്പം സേവനം ചെയ്യുന്നു. സ്കൂളില്‍ പഠനം നിറുത്തിയവര്‍ക്കുള്ള തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നു. അവിടെ നിന്നു തദ്ദേശിയമായ ദൈവവിളികള്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.

? നാഗ്പൂര്‍ പ്രൊവിന്‍സില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൈവവിളികള്‍ ഉണ്ടാകുന്നു ണ്ടോ?
ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പ്രോവിന്‍സ് വിഭജനത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഈ പ്രോവിന്‍സില്‍ മലയാളികളല്ലാത്ത രണ്ടു പേര്‍ പള്ളോട്ടൈന്‍ വൈദികരായി അഭിഷിക്തരായത്. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ളവരായിരുന്നു അവര്‍. അടുത്തതിന്‍റെ പിന്നത്തെ വര്‍ഷം രണ്ടു പേര്‍ കൂടി പട്ടം സ്വീകരിക്കും. തുടര്‍ന്നുള്ള ബാച്ചുകളിലെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേരുണ്ട്. മേഘാലയ, മണിപൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഞങ്ങളുടെ വിവിധ സെമിനാരികളില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നുണ്ട്.

? താങ്കളുടെ ദൈവവിളി എങ്ങനെയായിരുന്നു? പള്ളോട്ടൈന്‍ സഭ തിരഞ്ഞെടുത്തത് എങ്ങനെയാണ്? അക്കാലത്ത് പള്ളോട്ടൈന്‍ സഭയെ കുറിച്ച് അധികം പേര്‍ക്കും അറിയുമായിരുന്നില്ലല്ലോ.
ഫാ. ജോസഫ് പാലാട്ടി ആയിരുന്നു അന്നു ഞങ്ങളുടെ ഇടവകവികാരി. അഞ്ചാം ക്ലാസു മുതല്‍ അള്‍ത്താരശുശ്രൂഷിയായിരുന്ന ഞാന്‍ വൈദികനാകാന്‍ ആഗ്രഹിക്കുന്ന കാര്യം പാലാട്ടിയച്ചന്‍ മനസ്സിലാക്കി. മിഷണറിയാകണമെന്നതായിരുന്നു ആഗ്രഹം. സഭയെ കുറിച്ചോ ഈശോയെ കുറിച്ചോ യാതൊന്നും അറിയാത്ത സമൂഹങ്ങളില്‍ ചെന്നു സേവനം ചെയ്യലാണ് മിഷന്‍ എന്നു മാത്രമാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. അന്നു ഞാന്‍ മിഷന്‍ ലീഗ് അംഗവുമായിരുന്നു. ഏതു സഭയായിരിക്കും എന്നെ ചേര്‍ക്കാന്‍ നല്ലത് എന്ന കാര്യം പാലാട്ടിയച്ചന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഒരു തദ്ദേശീയസഭയുടെ ദൈവവിളി ക്യാമ്പിനു വിട്ടെങ്കിലും എന്തുകൊണ്ടോ എനിക്കു താത്പര്യം തോന്നിയില്ല. തിരിച്ചെത്തി അച്ചനോടു ഞാനതു പറയുകയും ചെയ്തു. ആ സമയത്ത് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ നേത്രചികിത്സയ്ക്കു വന്ന ജര്‍മ്മന്‍കാരനായ ഒരു പള്ളോട്ടൈന്‍ വൈദികനെ പാലാട്ടിയച്ചന്‍ പരിചയപ്പെടാനിടയായി. അദ്ദേഹം പാലാട്ടിയച്ചനു പള്ളോട്ടൈന്‍ സഭയെ കുറിച്ചുള്ള ലഘുലേഖകളൊക്കെ അയച്ചു കൊടുത്തു. അങ്ങനെ പള്ളോട്ടൈന്‍ സഭയെ കുറിച്ചു ധാരണ നേടിയ പാലാട്ടിയച്ചന്‍ എന്നെ വി ളിച്ച് ഇക്കാര്യങ്ങള്‍ പറയുകയും ഇതില്‍ ചേരുന്നതിനെക്കുറിച്ചാലോചിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ അവരുമായി ബന്ധപ്പെടുകയും പള്ളോട്ടൈന്‍ സഭയില്‍ ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു. പാലാട്ടിയച്ചന്‍ തന്നെയാണ് എന്നെ തിരുവനന്തപുരത്ത് മൈനര്‍ സെമിനാരിയില്‍ കൊണ്ടു ചെന്നാക്കിയത്. അന്നു തീരെ ചെറിയ കുട്ടിയായിരുന്ന എന്‍റെ ബാഗുമെടുത്ത് അച്ചന്‍ എന്നെ സെമിനാരിയില്‍ എത്തിക്കുന്നത് ഇന്നലെയെന്ന പോലെ ഞാനോര്‍ക്കുന്നു. എന്‍റെ പൗരോഹി ത്യ ജീവിതത്തില്‍ ഞാന്‍ വളരെയേറെ കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ബഹു. ജോസഫ് പാലാട്ടിയച്ചന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org