മിഷന്‍, സഭ: ശൈലികള്‍ മാറണം, കാലദേശങ്ങള്‍ക്കനുസൃതം

മിഷന്‍, സഭ: ശൈലികള്‍ മാറണം, കാലദേശങ്ങള്‍ക്കനുസൃതം

ആര്‍ച്ചുബിഷപ് അബ്രാഹം വിരുതുകുളങ്ങര

മെത്രാന്‍ പദവിയില്‍ നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നാഗ്പുര്‍ ആര്‍ച്ചുബിഷപ് അബ്രാഹം വിരുതുകുളങ്ങര. 1977-ല്‍ ഇന്ത്യയിലെ നൂറാമത്തെ രൂപതയുടെ മെത്രാനായി അഭിഷിക്തനാകുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ (34), ഏറ്റവും ഉയരം കുറഞ്ഞ, ഏറ്റവും ഭാരം കുറഞ്ഞ മെത്രാന്‍ താനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു! ഇന്‍ഡോര്‍ രൂപതാ വൈദികനായി ഒരു ആദിവാസിഗ്രാമത്തില്‍ വികാരിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പുതുതായി രൂപീകരിക്കപ്പെട്ട ഖാണ്ഡുവാ രൂപതയുടെ പ്രഥമമെത്രാനായി നിയമിതനായത്. 21 വര്‍ഷത്തെ സേവനത്തിനു ശേഷം 1998-ല്‍ നാഗ്പൂര്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടു. ഇന്ത്യയുടെ മദ്ധ്യബിന്ദുവായി അറിയപ്പെടുന്ന നാഗ്പൂര്‍ ആസ്ഥാനമായുള്ള അതിരൂപതയുടെ അദ്ധ്യക്ഷ നെന്ന നിലയില്‍ ഭാരതസഭയുടെ നേതൃത്വത്തില്‍ തനതായ സ്ഥാനം വഹിക്കുകയാണ് ആര്‍ച്ചുബിഷപ് വിരുതുകുളങ്ങര. സി.ബി.സി.ഐ. യുടെ ആദ്യത്തെ യുവജനകമ്മീഷന്‍ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ജീസസ് യൂത്തിന്‍റെ അന്തര്‍ദേശീയ എക്ലേസിയാസ്റ്റിക്കല്‍ അഡ്വൈസറായും പ്രവര്‍ത്തിക്കുന്നു.

'മിഷനു പോകുക' എന്നത് ചെറുപ്പത്തില്‍ തന്‍റെ ആവേശമായിരുന്നുവെന്നു കോട്ടയം രൂപതയില്‍ ജനിച്ചു വളര്‍ന്ന ആര്‍ച്ചുബിഷപ് വിരുതുകുളങ്ങര ഓര്‍മ്മിക്കുന്നു. "മിഷണറിയായ ശേഷം ആ ആവേശം വര്‍ദ്ധിച്ചതേയുള്ളൂ. ഖാണ്ഡുവായിലെ ആദിവാസി ഗ്രാമങ്ങളിലൂടെ സൈക്കിളില്‍ ഒരുപാടു യാത്രകള്‍ നടത്തിയിട്ടുണ്ട്. മൂന്നും നാലും മണിക്കൂര്‍ സൈക്കിള്‍ സവാരി നടത്തിയാണ് അന്നൊക്കെ ഓരോ സ്ഥലങ്ങളില്‍ എത്തുക. എത്തുന്നിടത്തു താമസിക്കും. ആളുകളുമായി സംസാരിക്കും. സംസാരിച്ചിരിക്കാന്‍ അന്ന് ആളുകള്‍ക്ക് സമയമുണ്ടായിരുന്നു. ടി.വി. യും മൊബൈല്‍ ഫോണും ഇല്ല. ഇന്നത്തെ സാഹചര്യമതല്ല. മിഷന്‍ രംഗങ്ങള്‍ ഒത്തിരി മാറിയിട്ടുണ്ട്. മിഷന്‍ പ്രവര്‍ത്തനശൈലിയും അതിനനുസരിച്ചു മാറ്റേണ്ടതായി വരും," നാഗ്പൂരിലെ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ വച്ചു നടത്തിയ സംഭാഷണത്തില്‍ ആര്‍ച്ചുബിഷപ് പറഞ്ഞു. അദ്ദേഹവുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

? മിഷന്‍ പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ്?
വിദ്യാഭ്യാസത്തിനാണ് പണ്ടു മിഷന്‍ പ്രവര്‍ത്തനത്തില്‍ നാം ഊന്നല്‍ നല്‍കിയിരുന്നത്. ഇന്ന് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസവും ആതുരസേവനവും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളും സഭ മാത്രമല്ല ഇന്നു ചെയ്യുന്നത്, അതു നമ്മുടെ കുത്തകയല്ല എന്നു നാം മനസ്സിലാക്കണം. തീര്‍ത്തും തിരസ്കൃതരായിട്ടുള്ളവര്‍ക്കുവേണ്ടി നാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വഴിതിരിക്കണം. മറ്റുള്ളവര്‍ സേവനം ചെയ്യാന്‍ സാദ്ധ്യതയില്ലാത്തവര്‍ക്കു വേണ്ടി നാം പ്രവര്‍ത്തിക്കണം. നമ്മുടെ രീതികളും ശൈലിയും മാറേണ്ടതുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി വേണ്ട എന്നൊരഭിപ്രായം എനിക്കില്ല. അവ വേണം. പക്ഷേ, നമുക്ക് മത്സര മനോഭാവമല്ല വേണ്ടത്. പരസ്പരപൂരക മനോഭാവമായിരിക്കണം. കോംപറ്റീഷനല്ല, കോംപ്ലിമെന്‍റിംഗാണു വേണ്ടത്. ഇന്നു വിദ്യാഭ്യാസം പലയിടത്തും വെറും കച്ചവടമാണ്. അപ്പോള്‍ സുതാര്യതയുള്ള, ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങള്‍ നടത്തിയാല്‍ അതൊരു മാതൃകയാകും.
സ്ഥാപനങ്ങളോടുള്ള വിമുഖത പുതിയ കാലത്ത് മിഷനില്‍ വ്യാപകമായി. മിഷണറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ വലിയ താത്പര്യം കാണിക്കാത്ത സ്ഥിതി വന്നു. ഇന്ന് എം.എസ്.ഡബ്ല്യു പഠിക്കുന്ന വൈദികരുടെയും സിസ്റ്റര്‍മാരുടെയും സംഖ്യ വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. പണ്ട് നഴ്സുമാരും ഡോക്ടര്‍മാരും ടീച്ചര്‍മാരും ആകാനാണു മിഷണറിമാര്‍ ആഗ്രഹിച്ചിരുന്നത്. ധാരാളം പേര്‍ അതിനുള്ള പഠനം നടത്തി. ഇന്ന് സോഷ്യല്‍വര്‍ക് പഠിക്കുന്നു. അതിനര്‍ത്ഥം പുതിയൊരു പ്രവണത വളര്‍ന്നിരിക്കുന്നു എന്നാണ്. എന്നാല്‍, വാസ്തവത്തില്‍ ഇതിനു പൂര്‍ണമായും ഞാന്‍ അനുകൂലമല്ല. കാരണം പരമ്പരാഗത സ്ഥാപനങ്ങള്‍ നമുക്ക് ഇനിയും ആവശ്യമുണ്ട്.

മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും കേബിള്‍ ടി.വി.യുമെല്ലാം നമ്മുടെ മിഷന്‍ പ്രദേശങ്ങളുടെ സംസ്ക്കാരത്തെ ബാധിച്ചിട്ടുണ്ട്. പഴയ രീതിയിലുള്ള മിഷന്‍ പ്രവര്‍ത്തനവും സുവിശേഷവത്കരണവും കുറേ സ്ഥലങ്ങളിലെങ്കിലും അപ്രസക്തമായി കഴിഞ്ഞു. പക്ഷേ നമുക്ക് മിഷന്‍ തുടരാന്‍ സാധിക്കും. അതിനു പുതിയ രീതികള്‍ നാം സ്വായത്തമാക്കണം.

? ഇന്ത്യന്‍ സഭയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണ്? ഇപ്പോഴും എണ്ണത്തില്‍ തീരെ കുറവാണല്ലോ ഇന്ത്യയില്‍ ക്രൈസ്തവര്‍…
ക്രൈസ്തവരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ജനങ്ങളില്‍ ബൈബിളിനെയും ക്രിസ്തുവിനെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിക്കുന്നുണ്ട്. ക്രൈസ്തവികത ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. വാരണാസിയില്‍ ഐ.എം.എസ്. വൈദികരു ടെ ധ്യാനകേന്ദ്രത്തിലേയ്ക്ക് ആയിരക്കണക്കിനാളുകളാണു വരുന്നത്. നാഗ്പൂരില്‍ തന്നെ സെമിനാരി ഹില്‍സിലുള്ള ലൂര്‍ദ്ദ് മാതാവിന്‍റെ ഗ്രോട്ടോയിലേയ്ക്ക് വന്‍തോതില്‍ ജനങ്ങള്‍ വരുന്നു. ഓരോ വര്‍ഷവും ഇവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവരൊന്നും ക്രിസ്ത്യാനികളല്ല. മിഷനില്‍ പല സ്ഥലങ്ങളിലും ഇങ്ങനെ കാണാം. ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഇവിടത്തെ പള്ളികളിലൊക്കെ ഇത്തരത്തില്‍ ധാരാളം അക്രൈസ്തവര്‍ വരുന്നുണ്ട്. പണ്ടൊന്നും അങ്ങനെ പതിവില്ലായിരുന്നു. പള്ളിയില്‍ വരുന്ന അക്രൈസ്തവര്‍ ചെരിപ്പുകള്‍ ഊരിയിട്ടു മാത്രമേ പള്ളിയകത്തു പ്രവേശിക്കൂ. എന്നിട്ട് അല്‍പനേരം പ്രാര്‍ത്ഥിക്കുന്നു. സഭയ്ക്കെതിരെ ശത്രുതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്തു വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മറുവശത്ത് ക്രൈസ്തവ ദേവാലയങ്ങളില്‍ വരികയും ക്രൈസ്തവ സ്ഥാപനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ക്രിസ്മസിന് ഞങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ ക്രിബ് മത്സരം നടത്തി. അതു കാണാന്‍ അനേകം മനുഷ്യരെത്തി. ഇതിലൂടെ ഒരു ആശയവിനിമയം നടക്കുന്നുണ്ട്. ഞങ്ങളുടെ അതിരൂപത കാത്തലിക് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ വിതരണം ചെയ്യുന്ന ലഘുലേഖകളും മറ്റും അനേകര്‍ താത്പര്യപൂര്‍വം വായിച്ചു മനസ്സിലാക്കുന്നുണ്ട്. അവരൊന്നും ഔപചാരികമായി സഭാംഗങ്ങള്‍ ആകുന്നില്ല. എണ്ണം വര്‍ദ്ധിപ്പിക്കലല്ല നമ്മുടെ ലക്ഷ്യം, മറിച്ചു മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കലാണ്.

ഇവിടെ പ്രവര്‍ത്തിക്കുന്ന ചില ക്രിസ്ത്യന്‍ സെക്ടുകള്‍ വാസ്തവത്തില്‍ ക്രൈസ്തവര്‍ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. അവരെ തടയാനാണ് ചില ഭരണകൂട കേന്ദ്രങ്ങള്‍ നമ്മോടാവശ്യപ്പെടുന്നത്. പക്ഷേ നമുക്കവരെ തടയാനാവില്ലല്ലോ. ചില വിഭാഗങ്ങള്‍ കത്തോലിക്കാ മെത്രാന്മാരെയൊക്കെ പങ്കെടുപ്പിച്ച് ആലോചനായോഗങ്ങള്‍ നടത്തുന്നുണ്ട്. സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് അവരുടെ ആവശ്യം. പക്ഷേ ഇക്കാര്യത്തിലെല്ലാം നാം ഔചിത്യം സൂക്ഷിക്കേണ്ടതുണ്ട്. ഒരു അയല്‍വാസിയുടെ വീടിനകത്തേയ്ക്കു മൈക്ക് തിരിച്ചു വച്ച് പ്രസംഗിക്കുന്നതുപോലെയാകരുത് സുവിശേഷവത്കരണപ്രവര്‍ത്തനം.

? യുവജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടാകുന്നത് എങ്ങനെയാണ്? ജീസസ് യൂത്തിന്‍റെ മെത്രാന്‍ സംഘത്തില്‍ നിന്നുള്ള ഉപദേശകനായിരുന്നല്ലോ തുടക്കം മുതല്‍. അവരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
യുവജനങ്ങള്‍ക്കു പ്രത്യേക കമ്മീഷന്‍ വേണമെന്ന് സി.ബി.സി.ഐ.യില്‍ ആവശ്യപ്പെട്ടിരുന്നത് ഞാനാണ്. അതുകൊണ്ടാണ് ആദ്യമായി ആ കമ്മീഷന്‍ രൂപീകരിച്ചപ്പോള്‍ എന്നെത്തന്നെ അതിന്‍റെ അദ്ധ്യക്ഷനാക്കിയതും. 1982-ലായിരുന്നു അത്. ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരുന്നു അതിനെല്ലാം പ്രചോദനമേകിയത്. ആഗോള യുവജനദിനം സ്ഥാപിച്ചതും അദ്ദേഹമായിരുന്നല്ലോ. റോമിനു പുറത്ത് ആദ്യമായി അതു നടത്തിയത് സ്പെയിനിലെ വി. ജെയിംസിന്‍റെ തീര്‍ത്ഥകേന്ദ്രത്തിലായിരുന്നു. അതിന് ഇന്ത്യയില്‍ നിന്നു 12 യുവജനങ്ങളുമൊത്തു ഞാന്‍ പങ്കെടുത്തിരുന്നു. അതിനു ശേഷം കൊളോണ്‍, സിഡ്നി, മാഡ്രിഡ്, ക്രാക്കോ തുടങ്ങിയ ആഗോള യുവജന ദിനാഘോഷങ്ങളിലെല്ലാം ഞാന്‍ പങ്കെടുക്കുകയുണ്ടായി.

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തില്‍ നിന്നാണല്ലോ ജീസസ് യൂത്തും പിറവിയെടുക്കുന്നത്. നന്നായി നിയന്ത്രിച്ചു നടത്തുകയാണെങ്കില്‍ സഭയ്ക്ക് ഏറ്റവും ഗുണകരമായ ഒരു പ്രസ്ഥാനമാണത്. ചില കരിസ്മാറ്റിക് നേതാക്കള്‍ക്കു വഴി തെറ്റാറുണ്ട്. ശരിയായി പ്രസംഗിക്കുകയും പ്രസംഗിക്കുന്നതനുസരിച്ചു ജീവിക്കുകയും വേണം. ബൈബിള്‍ ആര്‍ക്കും പ്രസംഗിക്കാം. ചെകുത്താനും ബൈബിള്‍ ഉദ്ധരിക്കാമെന്നാണല്ലോ പറയുക. അതുകൊണ്ടു പ്രസംഗത്തിനു ജീവിതവുമായുള്ള ബന്ധം പ്രധാനമാണ്. നല്ല കരിസ്മാറ്റിക് ധ്യാനപ്രസംഗകരെയെല്ലാം അനുധാവനം ചെയ്യാന്‍ സഭാധികാരികള്‍ തയ്യാറാകുക എന്നതാണ് ആവശ്യം. വെറുതെ വിമര്‍ശിച്ചതുകൊണ്ടു കാര്യമില്ല. അവര്‍ക്കൊപ്പം ആയിരിക്കുക, ആവശ്യമായ പിന്‍ബലം നല്‍കുക, തിരുത്തിക്കൊണ്ടിരിക്കുക. ജീസസ് യൂത്തിനോട് എനിക്കുള്ള ഏറ്റവും വലിയ താത്പര്യം അവര്‍ വൈദികരേയും മെത്രാന്മാരേയും മാര്‍പാപ്പയേയും സ്നേഹിക്കുന്നവരാണ് എന്നതാണ്. മെത്രാന്മാരുടെ സേവനം തങ്ങള്‍ക്കു കൂടുതല്‍ വേണം എന്നാണ് അവര്‍ പറയുക. കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ കൂടെ ഉണ്ടായിരിക്കണമെന്ന് അവരാഗ്രഹിക്കുന്നു. വൈദികരേയോ കന്യാസ്ത്രീകളേയോ തങ്ങള്‍ക്കൊരു ഭീഷണിയായിട്ടല്ല അവര്‍ കാണുന്നത്.

ജീസസ് യൂത്തിന്‍റെ മിഷണറി ആഭിമുഖ്യമാണ് എനിക്കേറ്റവും ശ്രദ്ധേയമായി തോന്നുന്ന ഒരു കാര്യം. ജീസസ് യൂത്തിന്‍റെ ഫുള്‍ ടൈമേഴ്സിന്‍റെ ജൂബിലി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആഘോഷിക്കുകയുണ്ടായി. എത്രയോ യുവതീയുവാക്കളാണ് മിഷനില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ഉഗാണ്ടയില്‍ പോയപ്പോള്‍ അവിടെ ജീസസ് യൂത്തിന്‍റെ നേതൃത്വത്തില്‍ നല്ല രീതിയില്‍ മിഷന്‍ പ്രവര്‍ത്തനം നടക്കുന്നതു കണ്ടു. നാഗ്പുരില്‍ ഉള്ള എന്‍ജിനീയറിംഗ് ജയിച്ച ഒരു പെണ്‍കുട്ടി ഒരു വര്‍ഷം ഉഗാണ്ടയില്‍ സഭയ്ക്കു വേണ്ടി ജോലി ചെയ്യുകയാണ്. ചെറുക്രൈസ്തവസമൂഹങ്ങളാണ് ഭാരതസഭയുടെ ഘടനയെങ്കില്‍ അതിന് ആത്മാവു പകരുന്നത് കരിസ്മാറ്റിക് നവീകരണമാണ്. ഇതു രണ്ടും കൂടിയാണ് നമ്മുടെ സഭയെ ആദിമസഭയുടെ ചൈതന്യത്തിലേയ്ക്കു മടക്കിക്കൊണ്ടു പോകുന്നത്. നാഗ്പൂര്‍ അതിരൂപതയിലും അതിന്‍റെ പ്രയോജനം ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഈ രൂപതയുടെ ആര്‍ച്ചുബിഷപ്പായി വന്നതിനു ശേഷം തൊട്ടടുത്ത വര്‍ഷം 13 വൈദികരെയും കൂട്ടി ഞാന്‍ പോട്ടയില്‍ പോയി ധ്യാനം കൂടി. പിറ്റേ വര്‍ഷം കൂടുതല്‍ വൈദികര്‍ പോയി. നാലു പ്രാവശ്യം അവിടെ നിന്നു ഫാ. അഗസ്റ്റിന്‍ വല്ലൂരാനെ ഇവിടെ കൊണ്ടു വന്നു പ്രസംഗിപ്പിച്ചു. അതെല്ലാം നല്ല ഉത്തേജനം ഞങ്ങളുടെ രൂപതയ്ക്കു പകര്‍ന്നു.

? നാഗ്പൂര്‍ എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കും ഓര്‍മ്മ വരുന്ന ഒരു കാര്യം ആര്‍.എസ്. എസിന്‍റെ ആസ്ഥാനം എന്നതാണ്. പിതാവിന് അവരുമായുള്ള ബന്ധവും മറ്റും എന്താണ്?
നാഗ്പൂരിനു രണ്ടു പ്രാധാന്യങ്ങളുണ്ട്. ഒന്ന്, ആര്‍ എസ് എസ്. രണ്ട്, ഡോ.അംബേദ്ക്കര്‍. അംബേദ്ക്കര്‍ അഞ്ചു ലക്ഷം അനുയായികളെ കൂട്ടി ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി ഇവിടെയാണ്. രണ്ടും പരസ്പരവിരുദ്ധമായ സംഗതികളാണ്. ആര്‍.എസ്.എസി ന്‍റെ ആസ്ഥാനമാണെങ്കിലും ഹിന്ദു വര്‍ഗീയതയുടെ പ്രശ്നങ്ങള്‍ ഇവിടെ ഞങ്ങളെ അധികം ബാധിക്കുന്നില്ല. ഇവിടെ ക്രൈസ്തവര്‍ അവരുടെ ഒരു ലക്ഷ്യമല്ല. ആര്‍.എസ്.എസിന്‍റെ രണ്ടാം നിരയിലുള്ള ചില നേതാക്കളുമായി ഞാന്‍ കാണുകയും സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആ സംഭാഷണങ്ങള്‍ അധികം മുന്നോട്ടു പോയില്ല. കാരണം, അവരുടെ താത്പര്യങ്ങളും ലക്ഷ്യങ്ങളും വളരെ വ്യക്തമാണ്. നമ്മെക്കൊണ്ട് അവര്‍ക്കാവശ്യമില്ല. എങ്കിലും നമ്മള്‍ അവരോടു ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. സി. ബി.സി.ഐ. തലത്തില്‍ അവരുമായി സംഭാഷണം നടത്താന്‍ ശ്രമിച്ചെങ്കിലും തുടരാന്‍ സാധിച്ചില്ല. സംഭാഷണം നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ യോജിച്ചു പോകുകയാണ് നല്ലതെന്നും ഞാന്‍ കരുതുന്നു. ദേശീയരാഷ്ട്രീയത്തില്‍ തത്കാലം ബി.ജെ.പി.യ്ക്കു മറ്റു ബദലുകളൊന്നും കാണുന്നില്ല എന്ന വസ്തുതയും നാം കണക്കിലെടുക്കേണ്ടതുണ്ട്. അവരില്‍ പലരും ഇപ്പോഴും നമ്മെ കണക്കാക്കുന്നത് വിദേശികളായിട്ടാണ്. നമ്മുടെ പാശ്ചാത്യമായ രീതികളും മറ്റും അതിനൊരു കാരണവും ആകുന്നുണ്ട്.

? സാംസ്കാരികാനുരൂപണം നാം ഇനിയും വേണ്ടത്ര ചെയ്തു കഴിഞ്ഞിട്ടില്ലെന്നാണോ പിതാവു പറയുന്നത്?
അതെ. ഭാരതീയതയെ നാം ഉള്‍ക്കൊള്ളണം. കഴിഞ്ഞയിടെ ഡല്‍ഹിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരതീയത ആയിരുന്നു പ്രമേയം. അവിടെ എല്ലാ പ്രസംഗങ്ങളും ഹിന്ദിയിലായിരുന്നു. വിദേശികളൊക്കെ ഉള്ള സമ്മേളനമായിരുന്നു അത്.

? പിതാവ് ഹിന്ദിയില്‍ ബിരുദം നേടിയ ആളുമാണ്..
അതെ. അതെനിക്കൊരു അ നുഗ്രഹമായി. ഖാണ്ഡുവായിലുള്ളപ്പോള്‍ പല യോഗങ്ങളിലും എന്നെ പ്രസംഗത്തിനു വിളിക്കുമായിരുന്നു. പറഞ്ഞുവന്നത്, ഇന്നും നമ്മുടെ വസ്ത്രധാരണശൈലിയിലും ഭാഷാപ്രയോഗത്തിലുമൊക്കെ പാശ്ചാത്യാഭിമുഖ്യം കിടക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് സെ. ചാള്‍സ് സെമിനാരിയിലെ ആഘോഷങ്ങളില്‍ അതിഥിയായി ആര്‍.എസ്. എസുമായി ബന്ധമുള്ള ഒരു ഹൈന്ദവ നേതാവിനെയാണു വിളിച്ചിരുന്നത്. അന്നു സെമിനാരിയിലെ വി. കുര്‍ബാന ഭാരതീയ ശൈലിയിലാണ് അര്‍പ്പിച്ചത്. എല്ലാവരും ചമ്രംപടിഞ്ഞിരുന്ന് ഭജനകളും കീര്‍ത്തനങ്ങളും പാടി, ആരതി ഉഴിഞ്ഞ് ഒക്കെയായിരുന്നു കുര്‍ബാന. അതിനു ശേഷം ആ നേതാവ് പതാക ഉയര്‍ത്തി, പ്രസംഗിച്ചു. നിങ്ങള്‍ ഇങ്ങനെയാണു പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അതു ഞങ്ങള്‍ക്കിഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു ഭാരതീയ രീതിയാണെന്നും നിങ്ങള്‍ വിദേശികളല്ലെന്നും അദ്ദേഹം പറ ഞ്ഞു. ഒരുദാഹരണം പറഞ്ഞതാണ്. ഒരുപാടു മേഖലകളില്‍ നാം ഭാരതീയത സ്വീകരിക്കേണ്ടതുണ്ട്. വിശ്വാസം കളയാതെ ഭാരതീയ ശൈലിയില്‍ നാം ജീവിക്കുകയാണെങ്കില്‍ വിദേശികളെന്ന പ്രതിച്ഛായ നമുക്കു നീക്കാന്‍ സാധിക്കും.

? അഞ്ച് മാര്‍പാപ്പമാരുടെ കാലത്ത് പിതാവു മെത്രാനായിരുന്നല്ലോ. അതു സംബന്ധിച്ച അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? പോള്‍ ആറാമന്‍ മാര്‍പാപ്പയെ കണ്ടിട്ടുണ്ടോ?
അദ്ദേഹമാണ് എന്നെ മെത്രാനായി നിയമിച്ചത്. അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ജോണ്‍ പോള്‍ ഒന്നാമന്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഞാന്‍ റോമിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണുകയും സ്ഥാനാരോഹണത്തില്‍ പങ്കെടുക്കുകയും ചെയ്തു. അതിനു ശേഷം ജര്‍മ്മനിയില്‍ പോയ ഞാന്‍ മടങ്ങുന്നതിനു മുമ്പാണ് അദ്ദേഹം അപ്രതീക്ഷിതമായി മരിക്കുകയും ജോണ്‍ പോള്‍ രണ്ടാമന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. മടക്കയാത്രയ്ക്കായി റോമിലെത്തിയ ഞാന്‍ അദ്ദേഹത്തിന്‍റെയും സ്ഥാനാരോഹണത്തില്‍ പങ്കെടുത്തു. അതിനുശേഷം ജോണ്‍ പോള്‍ രണ്ടാമനുമായി വളരെയധികം അടുത്തു ബന്ധപ്പെടാനും സംസാരിക്കാനും എല്ലാം ഇടയായിട്ടുണ്ട്. നാഗ്പൂരില്‍ പുതിയൊരു ഇടവക ഈയിടെ സ്ഥാപിച്ചപ്പോള്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളുടെയും യുവജനങ്ങളുടെയും പാപ്പയായിരുന്നു അദ്ദേഹം.

1979-ല്‍ റോമില്‍ ചെന്നപ്പോള്‍ ഒറ്റയ്ക്ക് ജോണ്‍ പോള്‍ രണ്ടാമനെ കണ്ടു സംസാരിക്കാന്‍ അനുമതി ലഭിച്ചത് വലിയ അനുഭവമായിരുന്നു. പിന്നീടു പല തവണ കണ്ടു. ഇന്ത്യയില്‍ വന്നപ്പോഴും അദ്ദേഹവുമായി അടുത്ത് ഇടപെടാനായി. ധന്യമായ ഓര്‍മ്മകളാണ് അവ. തുടര്‍ന്ന് ബെനഡിക്ട് പാപ്പ അധികാരമേറ്റു. അദ്ദേഹം മാര്‍പാപ്പയാകുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എനിക്കു ജര്‍മന്‍ ഭാഷ അറിയാം. അതുകൊണ്ട് അദ്ദേഹത്തോടു ജര്‍മന്‍ ഭാഷയിലാണു സംസാരിച്ചിരുന്നത്. എല്ലാ മാര്‍പാപ്പമാരും തികച്ചും തനതായ വ്യക്തിത്വമുള്ളവരാണ്. പാപ്പയുടെ സ്ഥാനത്യാഗം തന്നെ വലിയൊരു മാതൃകയായിരുന്നല്ലോ. ഫ്രാന്‍സിസ് മാര്‍പാപ്പയെയും പല പ്രാവശ്യം കണ്ടു. ഒന്നിച്ചു ദിവ്യബലിയര്‍പ്പിച്ചു. ഇവരെയാരെയും പരസ്പരം താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. ഓരോ കാലഘട്ടത്തിനും ചേര്‍ന്ന പാപ്പാമാരെ നമുക്കു ലഭിക്കുന്നു എന്നതു തീര്‍ച്ചയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാളിത്യം എല്ലാവര്‍ക്കും മാതൃകയാണല്ലോ. സമൂഹത്തില്‍ പാര്‍ശ്വവത്കൃതരിലേയ്ക്ക് ഇറങ്ങി ചെല്ലാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹവും ആഹ്വാനവും ചലനമുണ്ടാക്കുന്നുണ്ട്.

? വളരെ ചെറുപ്പത്തില്‍ കേരളത്തിനു പുറത്തേയ്ക്കു പോകുകയും മെത്രാനായി തന്നെ 40 വര്‍ഷം മിഷനില്‍ സേവനം ചെയ്യുകയും ചെയ്തയാളാണല്ലോ പിതാവ്. ഈ പശ്ചാത്തലത്തില്‍ ആയിരുന്നുകൊണ്ട് കേരളസഭയോട് എന്താണു പറയാനുള്ളത്?
കേരളസഭയിലെ ഇടവകകളില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ നടത്തുവാന്‍ ശ്രദ്ധിക്കണം. അത്മായപങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് എല്ലാം ചെയ്യാന്‍ സാധിക്കുമായിരിക്കും. പക്ഷേ എല്ലാവരും ഒന്നിച്ചു ചെയ്യുകയാണെങ്കില്‍ ഒരുമ വര്‍ദ്ധിക്കും, പരസ്പരം സ്നേഹബന്ധങ്ങള്‍ വര്‍ദ്ധിക്കും. വി. കുര്‍ബാനയര്‍പ്പണമാണ് മറ്റൊന്ന്. ഒരുക്കത്തോടെയും ഭക്തിയോടെയും വി. കുര്‍ബാന അര്‍പ്പിക്കുക പ്രധാനമാണ്. പള്ളിയിലെ കുര്‍ബാനയ്ക്കിടെ കുറ്റാരോപണങ്ങള്‍ നടത്തുന്നതും വിമര്‍ശിക്കുന്നതുമൊന്നും നല്ലതല്ല. ലിറ്റര്‍ജി എന്നത് ജീവന്‍റെ ആഘോഷമാണ്. അത് അതിന്‍റെ പൂര്‍ണതയില്‍ ചെയ്യണം. മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും വീടുകള്‍ സന്ദര്‍ശിക്കുവാന്‍ ശ്രദ്ധിക്കണം. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക എന്ന സങ്കല്‍പം കേരളസഭയില്‍ കുടുംബയോഗങ്ങളിലൂടെ കുറേയൊക്കെ നടക്കുന്നുണ്ട്. സഭയിലെ പഴയ ചില ആചാരങ്ങളൊക്കെ മാറ്റേണ്ടതാണെങ്കില്‍ മാറ്റണം. കാലാനുസൃതമായും ആളുകള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലും മാറ്റങ്ങള്‍ വരുത്തണം. ഇന്ത്യന്‍ സംസ്കാരത്തിന് അനുസരിച്ചുള്ള പല മാറ്റങ്ങളും ഞങ്ങള്‍ ഇവിടെ വരുത്തുന്നുണ്ട്. സുവിശേഷപ്രസംഗങ്ങള്‍ ഹ്രസ്വവും കാലികവും ആകേണ്ടതിനെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. വി. കുര്‍ബാനയില്‍ ഈശോയുടെ ശരീരം മാത്രമല്ല, വചനവും മുറിച്ചു പങ്കു വച്ചു നല്‍കണം.

? കേരളസഭ ഒരുകാലത്തു മിഷണറിമാരുടെ സഹായം നന്നായി സ്വീകരിച്ചു. ഇന്നു കേരളസഭയ്ക്കു ഇന്ത്യയിലെ മിഷനെ സഹായിക്കാനുള്ള കരുത്തുണ്ട്. വേണ്ടവിധത്തില്‍ ചെയ്യുന്നു എന്ന അഭിപ്രായമുണ്ടോ?
കേരളത്തില്‍ നാല്‍പതും അമ്പതും കോടി രൂപാ മുടക്കി പള്ളികള്‍ പണിയുന്നുണ്ടല്ലോ. ഇവിടെ 150 വീടുകളുള്ള ഒരിടവകയ്ക്കു വേണ്ടി ഒരു പള്ളി പണിയാന്‍ ബുദ്ധിമുട്ടുകയാണു ഞങ്ങള്‍. എത്രയോ വലിയ പള്ളികളും സ്ഥാപനങ്ങളും കേരളത്തില്‍ പണിയുന്നുണ്ട്. അതിനുള്ള ശക്തിയുണ്ട്. പക്ഷേ അതുപയോഗിച്ചു മിഷനെ സഹായിക്കാം എന്ന വിചാരം വരുന്നില്ല. മിഷനെ സഹായിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. പക്ഷേ അതൊരു നയമായി കേരളസഭ എടുത്തിട്ടില്ല. മിഷനില്‍ നിന്നാകട്ടെ നാട്ടില്‍ അങ്ങനെ സഹായം തേടി ആരും പോകുന്നില്ല എന്നൊരു മറുവശവുമുണ്ട്. കേരളസഭയില്‍ നിന്നു സഹായം കിട്ടിയേക്കാം എന്ന സാദ്ധ്യത മിഷനിലുള്ളവര്‍ അന്വേഷിക്കുന്നതും കുറവാണ്. വ്യക്തിപരമായ നിലയില്‍ സഹായങ്ങള്‍ ചോദിക്കുന്നവരും നല്‍കുന്നവരുമുണ്ട്. പക്ഷേ അതൊരു പൊതുനയമായി മാറണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org