സാക്ഷികളാകുവാന്‍ സൃഷ്ടിക്കപ്പെട്ടവര്‍: മിഷന്‍ ഞായര്‍ ചിന്തകള്‍

സാക്ഷികളാകുവാന്‍ സൃഷ്ടിക്കപ്പെട്ടവര്‍: മിഷന്‍ ഞായര്‍ ചിന്തകള്‍

ഡോ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ MST
ദീപ്തിഭവന്‍, മേലമ്പാറ

മിഷന്‍ മദ്ധ്യസ്ഥയായ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളാല്‍ ആരംഭിക്കുന്ന ഒക്ടോബര്‍ മാസത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് മിഷന്‍ ഞായര്‍. 1926-ല്‍ പയസ് പതിനൊന്നാം മാര്‍പാപ്പയാണ് ആഗോളമിഷന്‍ ഞായര്‍ ആഘോഷങ്ങള്‍ക്ക് സഭയില്‍ ആരംഭം കുറിച്ചത്. കത്തോലിക്കാ സഭയില്‍ മിഷന്‍ ചൈതന്യം ഉണര്‍ത്തിക്കൊണ്ട്, ലോകവ്യാപകമായി സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളെ ആത്മീയമായും, സാമ്പത്തികമായും സഹായിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മിഷന്‍ ഞായര്‍ ആചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 2018-ലെ മിഷന്‍ ഞായര്‍ നാം ആചരിക്കുന്നത് ഈ മാസം 21-ാം തീയതിയാണ്.

ഫ്രാന്‍സീസ് പാപ്പായുടെ മിഷന്‍ സന്ദേശം
മിഷന്‍ ഞായറുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും മിഷന്‍ സന്ദേശത്തിലൂടെ പരിശുദ്ധ പാപ്പ ആഗോള സഭയോട് സംസാരിക്കാറുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എല്ലാ പുരുഷനും സ്ത്രീയും, ഈ ലോകത്തിലേക്ക് യേശുസാക്ഷ്യത്തിനായി അയയ്ക്കപ്പെട്ടവരാണ് എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ്, ഈ വര്‍ഷത്തെ ഫ്രാന്‍സീസ് പാപ്പയുടെ സന്ദേശത്തിന്‍റെ സാരാംശം.

സഭ സ്വഭാവത്താലെ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുമ്പോള്‍ (Ad Gentes, 2) സഭാമക്കളായ നാമെല്ലാവരും, നമ്മുടെ മനുഷ്യജന്മത്താലും, ക്രൈസ്തവ വിശ്വാസത്തിലേയ്ക്കുള്ള പുനര്‍ജ്ജന്മത്താലും ഈ ലോകത്തിലേയ്ക്ക് ക്രിസ്തുവിന്‍റെ രക്ഷാകരദൗത്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി അയയ്ക്കപ്പെട്ടവരാണെന്ന് ഫ്രാന്‍സിസ് പാപ്പ പഠിപ്പിക്കുന്നു. എന്നെയും, നിങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നതും വിശ്വാസത്തിന്‍റെ കൃപ നല്‍കി അനുഗ്രഹിച്ചിരിക്കുന്നതും രക്ഷാകരദൗത്യത്തിന്‍റെ പൂര്‍ത്തീകരണത്തിനാണ് എന്ന് സന്തോഷത്തിന്‍റെ സുവിശേഷം എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു (Evangelii Gaudium, 273).

സാക്ഷികളാകുവാന്‍ വിളിക്കപ്പെട്ടവര്‍
പ്രേഷിതദൗത്യത്തോടുള്ള കേരളസഭയുടെ പ്രതികരണം ഈ നാട്ടില്‍ വിദ്യാഭ്യസപരമായും, സാമ്പത്തികമായും, സാമൂഹ്യമായും പുരോഗതി സ്വായത്തമായ സമയത്തു തന്നെ ആരംഭിച്ചു. ആ നന്മകള്‍ ദൈവദാനങ്ങളാണെന്നും, അവ സുവിശേഷപ്രഘോഷണത്തിന് വിനിയോഗിക്കേണ്ട വിഭവങ്ങള്‍ ആണെന്നും തിരിച്ചറിഞ്ഞ്, ഉത്തരവാദിത്വത്തോടെ നടപടികള്‍ എടുത്ത സഭാനേതൃത്വവും തീക്ഷ്ണതയോടെയും, ത്യാഗത്തോടെയും സഹകരിച്ച സഭാമക്കളുമാണ് കേരളത്തിലുണ്ടായിരുന്നത്. നിരവധിയായ സന്യാസസമൂഹങ്ങളുടെ രൂപീകരണത്തിലൂടെയും, അനവധി മിഷന്‍ രൂപതകളില്‍ ജോലിചെയ്തുകൊണ്ടും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നമ്മുടെ പ്രേഷിത സാന്നിധ്യം വെളിപ്പെട്ടതുവഴി, ഭാരതത്തിനും, ലോകത്തിനു തന്നെയും പ്രേഷിതദൈവവിളിയുടെ സ്രോതസ്സായി കേരളസഭ അറിയപ്പെട്ടു. തങ്ങളുടെ മക്കളെ കേരളത്തിനു വെളിയിലുള്ള സാഹസികമായ പ്രേഷിതരംഗങ്ങളിലേക്ക് അയയ്ക്കുവാനും, നമ്മുടെ നാട്ടില്‍തന്നെ വിശ്വാസത്തിന്‍റെ ഉജ്ജ്വല പ്രതീകങ്ങളായി കുടുംബങ്ങളെയും, സമൂഹങ്ങളെയും നന്മയില്‍ ശോഭിപ്പിക്കുവാനും, നമ്മുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞു. ദൈവികദാനങ്ങളോടുള്ള ഉത്തരവാദിത്തപൂര്‍ണ്ണമായ ഈ പ്രതികരണങ്ങളാണ് കേരളസഭയെ നമ്മുടെ പൊതുസമൂഹത്തിലും, ആഗോളസഭയിലും വ്യത്യസ്തമാക്കിയത്.

വിശ്വാസത്തോടും, ദൈവിക ദാനങ്ങളോടുമുള്ള പ്രതികരണത്തിന്‍റെ മനോഹാരിത, സഭയില്‍നിന്നും ദൈവം ഉയര്‍ത്തിയ വിശുദ്ധരിലും, വാഴ്ത്തപ്പെട്ടവരിലും, വിശുദ്ധ ജീവിതം നയിച്ച് മണ്‍മറഞ്ഞ മാതാപിതാക്കളിലും, നമ്മുടെ സഭാമക്കളും പൊതുസമൂഹവും ദര്‍ശിച്ചിട്ടുണ്ട്. അവരുടെയെല്ലാം നീതിബോധത്തിന്‍റെയും, പുണ്യജീവിതത്തിന്‍റെയും തണലിലും കരുത്തിലുമാണ് കേരളസഭ, കേരളസമൂഹത്തിനും, ഭാരതത്തിനും, ആഗോളസഭയ്ക്കും അനുഗ്രഹവും അനുകരണീയമായ മാതൃകയും ആയിത്തീര്‍ന്നത്. ഈ ഉള്‍ക്കരുത്തിലാണ് കേരളസഭയുടെ മക്കള്‍ക്ക് കേരളത്തിനുവെളിയില്‍, അനന്യമായരീതിയില്‍ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചത്. ഉത്തരേന്ത്യന്‍ മിഷന്‍പ്രദേശങ്ങളിലും, വിദേശരാജ്യങ്ങളിലും ഒരു എം.എസ്.റ്റി. വൈദികനെന്ന നിലയില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അവസരങ്ങളില്‍, അഭിമാനത്തോടും, ആത്മവിശ്വാസത്തോടും കൂടിയാണ് കേരളസഭയിലെ അംഗമാണ് എന്ന് പറഞ്ഞ് ഞാന്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരുന്നത്. അതേ ആത്മവിശ്വാസമാണ് നമ്മുടെ സന്യാസ സമൂഹങ്ങളിലെ വൈദികര്‍ക്കും, സിസ്റ്റേഴ്സിനും, ജീസസ് യൂത്തിലേയും, ഫിയാത്ത് മിഷനിലേയും അല്മായ പ്രേഷിതര്‍ക്കും, സാഹസികമായ രംഗങ്ങളില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുവാന്‍ പ്രേരകമാകുന്നത്. ആയതിനാല്‍, വരുംതലമുറയിലെ സമര്‍പ്പിതര്‍ക്കും, പ്രേഷിതര്‍ക്കും അവരുടെ ക്രൈസ്തവ പാരമ്പര്യത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറയുവാനും ചിന്തിക്കുവാനും തക്കരീതിയില്‍ നാം ഇന്നിന്‍റെ വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യത്തോടും, വിവേകത്തോടും കൂടി നേരിട്ടേ പറ്റൂ.

പ്രേഷിത വെല്ലുവിളികളില്‍ എന്‍റെ ഉത്തരവാദിത്തം
ഇന്നിന്‍റെ വെല്ലുവിളികളില്‍ പതറാതെ, ദൈവം കനിഞ്ഞു നല്‍കിയ അനവധിയായ ദാനങ്ങളുടെ സ്വീകര്‍ത്താവ് എന്ന നിലയില്‍ കേരള സമൂഹത്തിലെ ക്രൈസ്തവസഭയ്ക്ക് പൂര്‍ണ്ണമായും തങ്ങളുടെ വിശ്വസം ജീവിക്കേണ്ടതിന്‍റെ ബാധ്യത ദൈവത്തോടും സമൂഹത്തോടുമുണ്ട്. ഫ്രാന്‍സിസ് പാപ്പ സൂചിപ്പിച്ചതുപോലെ, ഈ കാലഘട്ടത്തിലെ ജീവിതസാഹചര്യങ്ങളില്‍ ദൈവം നമ്മെ ജനിപ്പിച്ചിരിക്കുന്നതും, വിശ്വാസം തന്ന് അനുഗ്രഹിച്ചിരിക്കുന്നതും, ഉത്തരവാദിത്വത്തോടെ യേശുവിന്‍റെ പ്രേഷിതദൗത്യം നിര്‍വ്വഹിക്കുവാനാണ്. ഇന്നിന്‍റെ സാഹചര്യങ്ങളില്‍, യേശുവിന്‍റെയും, അവിടുത്തെ തിരുസ്സഭയുടെയും മുഖം കൂടുതല്‍ ശോഭിതമാക്കുവാന്‍ നാം എടുക്കുന്ന തീരുമാനങ്ങളും, തെരഞ്ഞെടുക്കുന്ന വഴികളും, തിരുത്തുന്ന ശീലങ്ങളുമാണ്, നമ്മെ ഉത്തരവാദിത്ത്വമുള്ള പ്രേഷിതരാക്കി മാറ്റുന്നത്.

കേരളസഭയുടെ പ്രേഷിതതീക്ഷ്ണത പ്രതിഫലിച്ചത് കേരളത്തിനു വെളിയിലേക്കുപോയ മിഷനറിമാരുടെ അംഗബലത്തില്‍ മാത്രമല്ല. നമ്മുടെ നാട്ടില്‍ തന്നെ, സഭ എന്നും ആദ്ധ്യാത്മിക, സാമൂഹികരംഗങ്ങളിലും, ശുശ്രൂഷാ മേഖലകളിലും, നിസ്വാര്‍ത്ഥ സേവനത്തിന്‍റെയും, സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും മാതൃകയായിരുന്നു. ഈ നിലപാടുകളും മാതൃകകളുമാണ് യേശുവിന്‍റെ മുഖം ഈ കൊച്ചു പ്രദേശത്തെ കൂടുതല്‍ ശോഭിതമാക്കുവാനും, ന്യൂനപക്ഷമാണെങ്കില്‍പോലും നിര്‍ണ്ണായക സ്വാധീനശക്തിയായി പൊതുസമൂഹത്തില്‍ വളരുവാനും ഇടയാക്കിയത്. ധാര്‍മ്മികതയുടെയും, ആധ്യാത്മികതയുടെയും ശ്രേഷ്ഠതയാണ് സഭയ്ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിക്കൊടുത്തത്. ലാളിത്യത്തിന്‍റെയും, സേവനത്തിന്‍റെയും, ധാര്‍മ്മികതയുടെയും, നീതിയുടെയും മാതൃകകള്‍ വഴി ഈ സമൂഹത്തെ ദൈവരാജ്യത്തിന്‍റെ വഴികളിലേയ്ക്കു സഭ നയിച്ചു. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സഭ കാത്തുസൂക്ഷിച്ച ഈ മാതൃകള്‍ക്ക് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കേടുപാടുകള്‍ സൂക്ഷ്മതയോടും, സുതാര്യതയോടും കൂടി പരിഹരിച്ച് മുമ്പോട്ടു നീങ്ങിയാല്‍ മാത്രമേ, ജന്മംകൊണ്ടും, വിശ്വാസംകൊണ്ടും പ്രേഷിതരായി വിളിക്കപ്പെട്ട നമ്മുടെ ദൗത്യം സാര്‍ത്ഥകമാവുകയുള്ളൂ.

ഉണരുന്ന സാമൂഹ്യ ധാര്‍മ്മികതയും, സഭയോടുളള പ്രതികരണവും
ഇക്കഴിഞ്ഞ പല മാസങ്ങളിലായി കേരള ജനതയെ ബാധിച്ച ഓഖി ദുരന്തത്തില്‍ നിന്നും, പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങളെ കരകയറ്റുവാനായി നമ്മുടെ സമൂഹാംഗങ്ങള്‍ വ്യത്യസ്തതകള്‍ മറന്ന,് പരസ്പരം കൈകോര്‍ത്തത് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെയും, ചുമട്ടുതൊഴിലാളികളുടെയും സമര്‍പ്പണവും, ത്യാഗവും, വിദ്യാര്‍ത്ഥികളുടെയും, ഉദ്യോഗസ്ഥരുടെയും ഗുണകരമായ പ്രയത്നങ്ങളും ദുരന്തങ്ങളുടെ കാഠിന്യം കുറച്ചു. മത്സ്യത്തൊഴിലാളികളോടൊപ്പം, സമര്‍ത്ഥരായ ചില യുവകളക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ജനഹിതമനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ജനഹൃദയങ്ങളില്‍ താരങ്ങളായി. നമ്മുടെ നാടും, നാട്ടിലെ ജനങ്ങളും ഒത്തിരി നല്ലവരാണെന്നതും സഭ ചെയ്യുന്നതുപോലെ തന്നെ, സംഘടിതമായ പൊതുസേവനങ്ങളും, സഹകരണവും പൊതു സമൂഹത്തില്‍നിന്നും ഉണ്ടായി എന്നുള്ളതും നമ്മെ കൂടുതല്‍ തീക്ഷ്ണതയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

പൊതുസമൂഹം അംഗീകരിക്കുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന രീതിയില്‍ നാടിന്‍റെ നിലവാരത്തെക്കാള്‍ ഗുണകരമായും, ശ്രേഷ്ഠമായും സഭയുടെ സേവനങ്ങളെയും, സ്ഥാപനങ്ങളെയും രൂപപ്പെടുത്തിയാല്‍ മാത്രമേ, സഭ ക്രിസ്തുവിന്‍റെ സുവിശേഷത്തിന് സാക്ഷ്യമായി അനേകരെ ആകര്‍ഷിക്കുകയും പൊതു സമൂഹത്തിനിടയില്‍ വിലമതിക്കപ്പെടുകയും ചെയ്യുകയുള്ളൂ. ആകര്‍ഷണത്താലുള്ള സുവിശേഷ പ്രഘോഷണമാണ് നവസുവിശേഷവല്‍ക്കരണത്തിന്‍റെ ഉപായമായി ഫ്രാന്‍സീസ് മാര്‍പാപ്പ അവതരിപ്പിച്ചിരിക്കുന്നത് (Evangelii Gaudium, 217).

പ്രേരണാത്മകമായ മാതൃകകളുടെ ആവശ്യകത
വിദ്യാഭ്യാസവും, സാംസ്കാരികനിലവാരവും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ പ്രസംഗങ്ങളേക്കാള്‍ ഉപരിയായി അനുകരണീയവും പ്രേരണാത്മകവുമായ പ്രവൃത്തികളുടെ മാതൃകകള്‍ വഴി മാത്രമേ, സുവിശേഷവല്‍ക്കരണം സാധ്യമാകൂ എന്ന് 1975-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞു (Evangelii Nuntiandi, 44). ഇനി ആരെങ്കിലും പ്രസംഗകരാല്‍ ആകര്‍ഷിക്കപ്പെട്ടാല്‍ അതിനര്‍ത്ഥം ആ പ്രസംഗകര്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടി ആണ് എന്നത്രേ. ആയതിനാല്‍ പൊള്ളയായ പ്രസംഗങ്ങളും, സുതാര്യതയില്ലാത്ത പ്രസ്താവനകളും അവ നല്‍കുന്ന സന്ദേശങ്ങളും ജനങ്ങള്‍ തിരസ്കരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, കപടതകള്‍ മാറ്റിവച്ച്, സുതാര്യവും, സുവിശേഷാസ്പദവുമായ ജീവിത സാക്ഷ്യങ്ങള്‍ വഴി മാത്രമേ രക്ഷയുടെ ദൗത്യം ഈ ലോകത്തില്‍ നിവര്‍ത്തിക്കുവാന്‍ നമുക്ക് സാധിക്കൂ.

അവശരും നിരക്ഷരരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനസമൂഹങ്ങള്‍ക്കിടയില്‍ ജോലിചെയ്യുമ്പോള്‍ പ്രേഷിതരുടെ വൈകല്യങ്ങള്‍ അധികം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. സാമൂഹിക-സാമ്പത്തിക ഉന്നതിയും, നവമാദ്ധ്യമങ്ങളുടെ അതിപ്രസരവും, പോരായ്മകളെ മനസ്സിലാക്കാനും, തുറന്നുകാട്ടാനും ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുമ്പോള്‍, ധാര്‍മ്മികവും സുതാര്യവും മാതൃകാപരവുമായ പ്രവര്‍ത്തനരീതികളിലേക്ക് മാറുവാനും അങ്ങനെ നവീകരണത്തിനുള്ള അവസരങ്ങളും, പ്രേരകശക്തിയുമായി, നാടിന്‍റെ നന്മയെയും പുരോഗതിയെ യും നാം വിലയിരുത്തേണ്ടിയിരിക്കുന്നു.

പൊതുസമൂഹവും, പ്രേഷിതസഭയുടെ സാര്‍ത്ഥകതയും
പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായും, കാര്യക്ഷമമായും, ഗുണകരമായും അര്‍ത്ഥവത്തായും സഭയ്ക്ക് എന്താണോ ലോകത്തിന് കൊടുക്കുവാനുള്ളത് അതാണ് സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ലോകത്തില്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്. സഭാസമൂഹത്തെ മറ്റുള്ളവരില്‍നിന്നും ശ്രേഷ്ഠമാക്കുന്നതും വ്യത്യസ്തമാക്കുന്നതില്‍ നമ്മുടെ സ്ഥാപനങ്ങളുടെ ശക്തിയോ, സംഘടിതപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയോ അല്ല. മറിച്ച,് ക്രിസ്തുവെന്ന വ്യക്തിയിലുള്ള ആഴമേറിയ വിശ്വാസവും, ക്രൂശിതനെ അനുകരിക്കുന്ന ജീവിതരീതിയുമാണ്. യേശുവിന്‍റെ കുരിശിലുള്ള ശക്തിയും, സിദ്ധിയും തിരിച്ചറിഞ്ഞുകൊണ്ട് ആ സുവിശേഷം നല്‍കുന്ന പ്രത്യാശമൂലം ആനന്ദത്തോടും, സ്നേഹത്തോടും, പ്രത്യാശയോടും ജീവിക്കുകയും ചെയ്യുന്ന സഭാസമൂഹത്തിനുമാത്രമേ, പ്രേഷിത സഭയായി മറ്റുള്ളവരെ ക്രിസതുവിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കുകയുള്ളൂ.

ക്രൈസ്തവസഭയെ ഒരു തത്ത്വസംഹിതയായോ, സംഘടിതസമൂഹമായോ മാത്രം അവതരി പ്പിച്ചാല്‍, നാം മറ്റു സമുദായങ്ങളില്‍ ഒന്നുമാത്രമായേ കണക്കാക്കപ്പെടുകയുള്ളൂ. സഭയുടെ സംഘടിത സ്വഭാവത്തിന്‍റെ അതിപ്രസരം കാരണം, യൂറോപ്പിലെ സഭയില്‍ അംഗങ്ങള്‍ കുറയുന്നതും സഭ അപ്രസക്തമായിക്കൊണ്ടിരിക്കുന്നതും നാം അറിയുന്നുണ്ട്. എവിടെയെല്ലാം സഭയും, ക്രിസ്തുവുമായുള്ള അകലം കൂടുന്നോ, അവിടെയെല്ലാം സഭയും, സഭയുടെ പ്രേഷിതപ്രവര്‍ത്തനവും അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.

ക്രിസ്തുവിന്‍റെ സഭയുടെ ലക്ഷ്യം ക്രിസ്തു വഴി കൈവരിച്ച രക്ഷയുടെ ഉപകരണമാകുക എന്നുള്ളതാണ്. രക്ഷ പ്രാപിച്ചവരുടെ അല്ലെങ്കില്‍ രക്ഷ ഉറപ്പിച്ചവരുടെ ആനന്ദവും സമാധാനവും സഭാമക്കളില്‍ പ്രതിഫലിക്കുമ്പോള്‍ മാത്രമേ, സഭയ്ക്ക് പ്രേഷിതയാവാന്‍ കഴിയൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉറപ്പിച്ചു പറയുന്നു (Evangelii Gaudium, 24). ആയതിനാല്‍ ലോകരക്ഷകനായ ക്രിസ്തുവിലുള്ള അചഞ്ചലമായ പ്രത്യാശ നല്കുന്ന ആനന്ദം അനുഭവിക്കുകയും, ആ ആനന്ദത്തില്‍നിന്നും ഉരുത്തിരിയുന്ന ജീവിതരീതിയും ആ ജീവിതരീതി പ്രത്യക്ഷത്തില്‍ പ്രതിഫലിപ്പിക്കുന്ന അലൗകികമായ ജീവിതലക്ഷ്യവുമാണ്, ആദിമ ക്രൈസ്തവസമൂഹങ്ങളെപ്പോലെ നമ്മെ വ്യത്യസ്തരാക്കേണ്ടത.് ആ ജീവിത ദര്‍ശനം വഴിയാണ് ക്രിസ്തുവിനായി സഭയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടേണ്ടതും.

പ്രേഷിത തീക്ഷ്ണത, സഭയുടെ പക്വതയുടെ തെളിവ്
ക്രിസ്തുവിലുള്ള നിത്യജീവന്‍റെ പ്രത്യാശയും ആനന്ദവും അക്രൈസ്തവരുടെ ഇടയില്‍ പങ്കുവയ്ക്കുവാനുളള ഉത്സാഹം പ്രാദേശികസഭകളുടെ പക്വതയുടെ അടയാളമായിട്ടാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നത് (Porta Fidei, 19). കേരളസഭയുടെ പക്വതയുടെ തെളിവാണ് ഈ സഭയില്‍ നിന്നും അക്രൈസ്തവര്‍ക്കിടയില്‍ ജോലിചെയ്യുവനായി ഇറങ്ങി പുറപ്പെട്ട്, വീരോചിതമായി ജോലി ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് സഭാമക്കളുടെ കഥകള്‍. അതിനായി അവരെ ഒരുക്കിയ കുടുംബങ്ങളും, ഇടവകകളും, പക്വതനിറഞ്ഞ വിശ്വാസ ജീവിതത്തിന്‍റെയും, അജപാലനത്തിന്‍റെയും ചരിത്രം പറയുന്നു.

പ്രേഷിതസഹകരണത്തിനായി മുന്നോട്ടിറങ്ങുന്ന കുടുംബങ്ങളുടെയും, വ്യക്തികളുടെയും എണ്ണം ഇന്ന് വളരെയധികം ഉണ്ട്. നമ്മുടെ ഇടവക വൈദികരുടെ കാര്യക്ഷമമായ പ്രോത്സാഹനങ്ങളും, നിര്‍ദ്ദേശങ്ങളും കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനങ്ങള്‍ നല്‍കുന്ന തീക്ഷ്ണത നിറഞ്ഞ സന്ദേശങ്ങളും സഭയിലാകമാനമായി പ്രേഷിതതീക്ഷ്ണത പ്രത്യേകമായ രീതിയില്‍ ജീവിക്കുവാന്‍ സഹായകരമായിട്ടുണ്ട്.

ശിഷ്യത്വവും സാക്ഷ്യവും
സഭാമക്കളുടെ പ്രേഷിതാവബോധം, ക്രിസ്തു ശിഷ്യന്‍റെ ശിഷ്യത്വബോധത്തില്‍നിന്നും ആവിര്‍ഭവിക്കുന്നതാണ് എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ. സമാന്തരസുവിശേഷങ്ങള്‍ പ്രകാരം സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് ഈശോ തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരോട് പറയുന്നുണ്ട്. നിങ്ങള്‍ ലോകമെങ്ങും പോയി സകലരേയും ശിഷ്യപ്പെടുത്തുവിന്‍ എന്ന്. അങ്ങനെ അവരിലൊരുവന്‍ ജറുസലേംവിട്ട,് കടലുകള്‍താണ്ടി കേരളീയരെ ശിഷ്യപ്പെടുത്തിയതിന്‍റെ ഗുണഭോക്താക്കളാണ് നമ്മള്‍. ആ വിശ്വാസം സ്വീകരിച്ച്, നമ്മള്‍ മറ്റുള്ളവരെ ശിഷ്യപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്ത്വം പേറുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട് മറക്കാന്‍ പാടില്ലാത്ത ഒരു ഉപദേശം അന്ത്യ അത്താഴസമയത്ത് ശിഷ്യന്മാര്‍ക്കു നല്കുന്നുണ്ട് "നിങ്ങള്‍ക്ക് പരസ്പരം സ്നേഹം ഉണ്ടെങ്കില്‍, നിങ്ങള്‍ എന്‍റെ ശിഷ്യന്മാരെന്ന് ലോകം അറിയും" (യോഹന്നാന്‍ 13:35).

ശിഷ്യന്മാരുടെ ജീവിതത്തിന്‍റെ ഉല്‍കൃഷ്ടതയാണ് ഗുരുവിന്‍റെ നാമം നിലനിര്‍ത്തുന്നതും, അറിയപ്പെടുത്തുന്നതും, കാരണം ഇന്ന് ശിഷ്യര്‍ വഴിയാണ് മനുഷ്യര്‍ ഗുരുവിനെ അറിയുന്നത്. ജന്മംകൊണ്ടും, കൃപകൊണ്ടും നമ്മള്‍ ക്രിസ്തുശിഷ്യരാണെങ്കില്‍, നമുക്കു ലഭിച്ച ദാനങ്ങളുടെ മഹിമ മനസ്സിലാക്കിക്കൊണ്ട്, സാക്ഷികളാകുവാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നാമെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സുകൃതപൂര്‍ണ്ണമായ ജീവിതംകൊണ്ടും, പ്രഘോഷണം കൊണ്ടും നമ്മുടെ ഗുരുവിനെയും അദ്ദേഹം നല്‍കുന്ന നിത്യജീവനെയും അനേകരിലെത്തിക്കാം. അതിനായി പരിശ്രമിക്കുന്നവരെ പ്രാര്‍ത്ഥന കൊണ്ടും, സഹകരണങ്ങള്‍കൊണ്ടും സഹായിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org