Latest News
|^| Home -> Cover story -> മിഷന്‍ യാത്ര: മിഷണറിമാരുടെ കാല്‍പാടുകള്‍ തേടി ചൈനയിലൂടെ…

മിഷന്‍ യാത്ര: മിഷണറിമാരുടെ കാല്‍പാടുകള്‍ തേടി ചൈനയിലൂടെ…

Sathyadeepam

ഫാ. ജിജോ കണ്ടംകുളത്തി സി.എം.എഫ്.

ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ വത്തിക്കാന്‍ എന്നും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുന്നു എന്നൊരു പ്രതീതി നില നില്‍ക്കെയാണ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിക്കാന്‍ മുന്‍ കൈയെടുത്തത്. അതിനോടുള്ള ചൈനയുടെ പ്രതികരണം പക്ഷേ നിഷേധാത്മകമായിരുന്നു.

വത്തിക്കാന്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച യ്ക്കു ശേഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദത്തോടുള്ള അതിന്‍റെ പ്രതിബദ്ധത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണു ചെയ്തത്. തുടര്‍ന്ന് വെന്‍ഷൗവിലെ ബിഷപ് ബന്ദിയാക്കപ്പെടുകയും ആ പ്രദേശത്തുള്ള കുരിശുകളെല്ലാം തകര്‍ക്കപ്പെടുകയും ചെയ്തു. ഇതു ചൈനയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. പക്ഷേ ഇതുകൊണ്ടും മനസ്സു തളരാതെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ഏറ്റവും ഉയര്‍ന്ന നയതന്ത്ര പ്രതിനിധിയായ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിനെ ചൈനയുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിനു ചുമതലപ്പെടുത്തി. മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമുമായുള്ള ബന്ധങ്ങള്‍ വിജയകരമാക്കുന്നതിന് കാര്‍ഡിനല്‍ പരോളിനു സാധിക്കുകയും ചെയ്തിരുന്നു.
പക്ഷേ ചൈന ഇപ്പോഴും വത്തിക്കാനെ ഒരു രാഷ്ട്രീയ സംവിധാനമായി മാത്രമാണു കാണുന്നത്. ചൈനയില്‍ മെത്രാന്മാരെ നിയമിക്കുന്നതും സഭയ്ക്കു മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഒരു വിദേശ കടന്നു കയറ്റമായി അവര്‍ വ്യാഖ്യാനിക്കുന്നു. നിരീശ്വരരാജ്യമെന്ന നിലയില്‍ നിന്ന് യാതൊരു വിട്ടുവീഴ്ചകളും ആവശ്യമില്ലെന്നു കരുതുന്നവര്‍ക്കു തന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മേല്‍ക്കൈ. പക്ഷേ, ജനങ്ങള്‍ക്കിടയില്‍ മതാഭിമുഖ്യം വര്‍ദ്ധിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ കത്തോലിക്കാസഭയെ സംബന്ധിച്ച് അത്ര നല്ലതല്ല. ഈ പശ്ചാത്തലത്തിലാണ് മലയാളിയായ ക്ലരീഷ്യന്‍ മിഷണറി ഫാ. ജിജോ കണ്ടംകുളത്തി ചൈനയിലേയ്ക്ക് ഒരു യാത്ര നടത്തിയത്. മക്കാവുവില്‍ ക്ലരീഷ്യന്‍ പ്രസിദ്ധീകരണ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന ഫാ. ജിജോയുടെ യാത്രാനുഭവങ്ങള്‍:

ഏകദേശം ഒരു ശതാബ്ദത്തിനു മുന്‍പ് ക്ലരീഷ്യന്‍ മിഷണറിമാര്‍ ചൈനയില്‍ തുടങ്ങിവച്ച പ്രേഷിത ഭൂമിയിലേയ്ക്ക് കഴിഞ്ഞ മാസം ഒരു യാത്ര പോയി. ഹുവാങ്ഷാന്‍ എന്നാണു ആ സ്ഥലത്തിന്‍റെ പേര്. സ്വര്‍ണമലകള്‍ എന്നോ മഞ്ഞുമലകള്‍ എന്നോ ഈ ദേശത്തെ വിളിക്കാം. സുന്ദരമായ ഒരു നാട്. ഇതിനെക്കുറിച്ച് എഴുതാത്ത ചൈനീസ് എഴുത്തുകാരും വരക്കാത്ത കലാകാരന്മാരും കുറവാണ്. ചൈനക്കാരുടെ സ്വപ്നഭൂമി. മേഘങ്ങളെ തൊട്ടിലാട്ടി ഉറക്കുന്ന മലകളുടെ താഴ്വാരം. ഇവിടെയാണ് ക്ളരീഷ്യന്‍ സഭയുടെ പഴയകാല സ്മൃതികള്‍ ഉറങ്ങുന്നത്.

ക്ലരീഷ്യന്‍ സഭ (ക്ലരീഷ്യന്‍ മിഷണറി ഫാദേഴ്സ്) എത്തുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ സഭാചരിത്രത്തിലെ ഏറ്റവും വലിയ മിഷണറി സെന്‍റ് സേവ്യറും ക്രാന്തദര്‍ശിയായ മത്തേയെ റിച്ചിയുമടങ്ങുന്ന ഈശോസഭക്കാരും മറ്റു ചില സന്യാസസമൂഹങ്ങളും ചൈനയില്‍ പ്രേഷിതവേല തുടങ്ങിയിരുന്നു. സെന്‍റ് സേവ്യര്‍ നിത്യനിദ്ര പൂകിയ ഷാങ്ചുവാന്‍ തുരുത്ത് ഇപ്പോള്‍ ലോക പൈതൃക പദവിയിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ചൈനീസ് ഭരണകൂടം. വിശ്വാസത്തോട് ചൈനയ്ക്കു കയ്പാണെങ്കിലും അതുകൊണ്ടെന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കുവാന്‍ കഴിയുമെങ്കില്‍ അതുണ്ടാക്കാന്‍ ചൈനീസ് ഭരണകൂടത്തിനു മടിയൊന്നുമില്ല!

ചൈനയിലെ ക്ലരീഷ്യന്‍ ചരിത്രം തുടങ്ങുന്നത് 1926-ലാണ്. ഇന്ത്യയില്‍ ക്ലരീഷ്യന്‍ സഭയെത്തുന്നതിന് അര നൂറ്റാണ്ടു മുമ്പു തന്നെ ചൈനയിലെത്തി എന്നര്‍ത്ഥം. വത്തിക്കാനില്‍ സുവിശേഷവത്കരണപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന പ്രൊപ്പഗാന്തെ ഫിദെ എന്ന കാര്യാലയം തെക്കന്‍ ചൈനയിലെ പ്രാദേശിക സെമിനാരിയുടെ (ഇപ്പോഴത്തെ ഹോങ്കോംഗ് ഹോളി സ്പിരിറ്റ് സെമിനാരി) ഭരണമേറ്റെടുക്കാന്‍ ക്ലരീഷ്യന്‍ മിഷണറിമാരോട് ആവശ്യപ്പെട്ടു. അന്ന് സാങ്കേതിക കാരണങ്ങളാല്‍ അതു സാധിച്ചില്ല. പിറ്റേ വര്‍ഷം മധ്യചൈനയിലെ ഖൈഫെങില്‍ മറ്റൊരു പ്രാദേശിക സെമിനാരി തുടങ്ങാന്‍ വീണ്ടും ക്ഷണം വന്നു. 1929-ല്‍ ഈ ക്ഷണം സ്വീകരിച്ച് സ്പെയിനില്‍ നിന്നുള്ള ഫാ.ജോസ് ഫൊഗോഡും ഫാ. അനസ്താസിയസ് റോജാസും കൂടി ചൈനയിലേയ്ക്കു കപ്പല്‍ കയറി. അപരിചിതമായ ഭാഷ, ഭക്ഷണം, കൊള്ളക്കാര്‍… മിഷണറിമാരുടെ അതിജീവനത്തിന്‍റെ ഇതിഹാസമാണ് ആ വര്‍ഷങ്ങളില്‍ യുഗപ്രഭാവന്മാരായ ഈ മിഷണറിമാരാല്‍ അവിടെ വിരചിതമായത്. സെമിനാരി നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും ഫാ. റോജാസിന് രോഗങ്ങളും മറ്റും മൂലം തിരികെ പോകേണ്ടി വന്നു. സെമിനാരിയുടെ ഉദ്ഘാടനം കഴിഞ്ഞപ്പോഴേയ്ക്കും ഹുയിചോഫു എന്ന പുതിയ വികാരിയാത്തിന്‍റെ ഭരണമേറ്റെടുക്കാന്‍ ഫാ. ഫൊഗോഡിനു നിയോഗമെത്തി. 1933-ല്‍ അദ്ദേഹമേറ്റെടുത്ത വികാരിയാത്ത് വളരുകയും 1937-ല്‍ അത് അപ്പസ്തോലിക് പ്രീഫെക്ചര്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു.

1949-ല്‍ ചൈന മതങ്ങളുടെ മേല്‍ സര്‍വാധിപത്യം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി മറ്റു വിദേശ പ്രേഷിതരോടൊപ്പം 19 ക്ളരീഷ്യന്‍ സഭാംഗങ്ങളേയും അവരോടൊപ്പമുണ്ടായിരുന്ന സന്യാസിനികളേയും നാടുകടത്തി. 1952-ല്‍ ഒരു പ്രവിശ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയുണ്ടായിരുന്ന ഫാ. ഫോഗോഡ്സി എംഎഫും നാടുവിടേണ്ടി വന്നപ്പോള്‍ ക്ളരീഷ്യന്‍ സഭയുടെ കീഴിലുണ്ടായിരുന്ന 7 ഇടവകകളും അനുബന്ധ പ്രവര്‍ത്തനങ്ങളും ഒറ്റയടിക്ക് അനാഥമാവുകയായിരുന്നു. ഹുവാങ്ഷാനില്‍ ക്ളരീഷ്യന്‍ സഭയുടെ കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് നടത്തിയിരുന്നു. അതിന്‍റെ പ്രിന്‍സിപ്പലായിരുന്ന ക്ലരീഷ്യന്‍ മിഷണറി ബ്ര. ടോറസ് നാടുകടത്തപ്പെട്ടതോടെ ആ മെഡിക്കല്‍ കോളേജ് പൂട്ടിപ്പോവുകയും ചെയ്തു.

ഈ മെഡിക്കല്‍ കോളേജില്‍ പഠിച്ചു ഡോക്ടര്‍മാരായ രണ്ടു പേര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അവരെ തേടിയായിരുന്നു എന്‍റെ യാത്ര. 90 കഴിഞ്ഞ ഇവര്‍ രണ്ടു പേരും മെഡിക്കല്‍ കോളേജിലെ പഴയ കാലത്തെ കുറിച്ചു വാചാലരായി. അഹോരാത്രം പണിയെടുക്കുമായിരുന്ന പഴയ പ്രൊഫസ്സര്‍മാരെക്കുറിച്ച് അവരിന്നും അതിരറ്റ ആദരവോടെ സംസാരിക്കുന്നതു കേട്ടു. ഇവരിലൊരാള്‍ ലിബറാഡോ, മറ്റൊരാള്‍ നിക്കോളാസ്.

ലിബറാഡോ ഇപ്പോഴും എഴുപതു വയസ്സുകാരന്‍റെ ആരോഗ്യത്തോടെ ഇരിക്കുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ കുമ്പസാരിക്കാന്‍ തയ്യാറായി. കുര്‍ബാനയ്ക്ക് കൊടുത്തു. അരമണിക്കൂര്‍ നേരം അദ്ദേഹം ഒന്നും ഉരിയാടിയില്ല. പിന്നീട് അല്പം നര്‍മ്മം കലര്‍ത്തി പഴയ മിഷനറിമാരുടെയും മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരുടെയും കഥകള്‍ എന്നെ കേള്‍പ്പിച്ചു. ഇതിനിടെ, ഒരു തണ്ണിമത്തന്‍റെ പകുതിയോളം എന്നെ കൊണ്ട് കഴിപ്പിച്ചു. പിന്നീട് പറഞ്ഞു, ഇത് കൊണ്ടായില്ല, ഊണ് കഴിക്കാന്‍ പോണം. അങ്ങനെ ഒരു മുന്തിയ റെസ്റ്റോറന്‍റില്‍ കൊണ്ടു പോയി ആഹാരം വാങ്ങി തന്നു. ഊണ് കഴിച്ചിറങ്ങുമ്പോള്‍, എന്നെ ഗാഢമായി ആശ്ലേഷിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘zaijian’ വീണ്ടും കാണാം! ഞങ്ങള്‍ പിരിഞ്ഞു.

നിക്കോളാസ് ഒറ്റയ്ക്കാണ് താമസം. ഞാന്‍ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയത്. നാലാം നിലയിലാണു താമസം. ലിഫ്റ്റ് ഇല്ല. ചെന്നപ്പോള്‍ ഒത്തിരി ഭാരപ്പെട്ടു എഴുന്നേറ്റു അദ്ദേഹം ഇംഗ്ലീഷില്‍ എനിക്കു സ്വാഗതം പറഞ്ഞു. ഞാന്‍ പരിശുദ്ധ കുര്‍ബാന കരുതിയിട്ടുണ്ടായിരുന്നു. അദ്ദേഹം അതീവ വ്യഥയോടെ പറഞ്ഞു, ഇന്ന് ഒരുങ്ങിയിട്ടില്ല, നാളെ പള്ളിയില്‍ വന്നു സ്വീകരിക്കുന്നുണ്ട്. ഞാന്‍ അടുക്കളയില്‍ കയറി നോക്കിയപ്പോള്‍ അല്പം വൃത്തിഹീനമായി കിടക്കുന്നതു കണ്ടു. പ്രായാധിക്യം കൊണ്ട് മനസ്സെത്തുന്നിടത്തു കൈ എത്തുന്നില്ല. ഞാന്‍ അടുക്കള വൃത്തിയാക്കി കൊടുത്തു. മിഷണറിമാരുടെ മെഡിക്കല്‍ കോളേജിലെ പഠനം അദ്ദേഹത്തിന് നല്ല ഇംഗ്ലീഷ് പരിജ്ഞാനവും നല്‍കിയിട്ടുണ്ടെന്നു സംഭാഷണത്തില്‍ നിന്നു മനസ്സിലായി.

മിഷനറിമാരുടെ പലായനത്തിനു ശേഷം നിക്കോളാസിന്‍റെ ജീവിതം മറ്റു പല ക്രൈസ്തവരുടെയും പോലെ ദുരിതപൂര്‍ണ്ണമായി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ മതവിദ്വേഷത്തിന് ഇരയായി ഇരുപതുവര്‍ഷത്തോളം തൊഴില്‍ശാലകളില്‍ ഡോ. നിക്കോളാസിന് കഴിയേണ്ടി വന്നു. ആ കാലമത്രയും നിക്കോളാസിനു തുണയായത് മിഷനറിമാര്‍ തനിക്കു സമ്മാനിച്ചിട്ടു പോയ സ്പാനിഷ് ഭാഷയിലുള്ള പുതിയ നിയമത്തിന്‍റെ ഒരു കോപ്പി ആയിരുന്നു. ജയിലില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ഈ കോ പ്പി ദുരിത ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന സമയം കൊണ്ട് നിക്കോളാസ് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വന്തം കൈപ്പടയില്‍ ഒരു നോട്ടുബുക്കിലേക്കു പകര്‍ത്തി. ഈ പുസ്തകം പിന്നീട് മക്കാവോയിലെ ഞങ്ങളുടെ ആശ്രമത്തില്‍ തന്നേല്പിക്കുകയുണ്ടായി. ഇരുപതു വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ തളരാതിരിക്കാനും അര്‍ത്ഥം കണ്ടെത്താനും ഇട നല്കിയ പുതിയ നിയമത്തിന്‍റെ ആ കൈയെഴുത്തുപ്രതി ഇന്നും നിധിപോലെ ഞങ്ങള്‍ സൂക്ഷിക്കുന്നു.

ചൈനയിലെ ഈ പഴയ അജഗണവുമായി ഒരു പുനഃസമാഗമത്തിനു 40 വര്‍ഷങ്ങള്‍ക്കു ശേഷം ദൈവപരിപാലന ഒരു വേദിയൊരുക്കുകയായിരുന്നു. 1992-ല്‍ ക്ലരീഷ്യന്‍ സഭയുടെ 51 രക്തസാക്ഷികളുടെ നാമകരണത്തോടനുബന്ധമായി ചൈന മിഷനെക്കുറിച്ചു ഒരു പുനര്‍ചിന്തനം നടന്നു. സ്പെയിനില്‍ 1939-ല്‍ അഞ്ചു ക്ലരീഷ്യന്‍ വൈദികരും 46 ബ്രദേഴ്സും കര്‍ത്താവിനു സ്തോത്രം പാടി ധീര രക്തസാക്ഷ്യം വരിച്ചിരുന്നു. അതില്‍ ഏറ്റവും തീക്ഷ്ണമതിയായിരുന്നു റഫായേല്‍ ബ്രിയേഗ. ചൈനയിലെ മിഷനറിമാരുടെ കത്തുകള്‍ വായിച്ചു ആകൃഷ്ടനായി റഫായേല്‍ ചൈനീസ് ഭാഷ എഴുതാന്‍ സ്വന്തം നിലയില്‍ പഠിച്ചിരുന്നു. ചൈനയില്‍ ജോലി ചെയ്യാനുള്ള അവന്‍റെ തീക്ഷ്ണത എല്ലാവര്‍ക്കും പ്രചോദനമായിരുന്നു. മരിക്കുന്നതിനു മുന്‍പ് അവന്‍ കാരാഗൃഹത്തിന്‍റെ ചുമരുകളില്‍ എഴുതി, “എന്‍റെ രക്തം ഞാന്‍ ചൈനയ്ക്കുവേണ്ടി ചൊരിയുന്നു.”

റഫായേലിന്‍റെ നാമകരണമാണ് ചൈന മിഷനെക്കുറിച്ച് ഒരു പുനര്‍ചിന്തനത്തിലേക്കു നയിച്ചത്. അതിനായി 1995-ല്‍ തായ്വാനില്‍ ക്ലരീഷ്യന്‍ സഭയുടെ ഒരു കമ്മ്യൂണിറ്റി സ്ഥാപിച്ചു. അന്നു മുതലാണ് പഴയ മിഷന്‍ ദേശവുമായി ബന്ധപ്പെടാന്‍ വീണ്ടും കളമൊരുങ്ങിയത്. ഇപ്പോള്‍ മക്കാവുവിലെ എന്‍റെ ആശ്രമത്തിലുള്ള ഇറ്റലിക്കാരനായ ഫാ. മാരിയോ ആണ് ഹുവാങ്ഷാന്‍ മിഷനില്‍ വീണ്ടും എത്തുന്നത്. ഈ സന്ദര്‍ശനം വളരെ സംഭവബഹുലമായിരുന്നു. ഫാ. മാരിയോ തന്‍റെ കയ്യില്‍ കരുതിയിരുന്ന ബൈബിള്‍ എയര്‍ പോര്‍ട്ടില്‍ വച്ച് പിടിക്കപ്പെട്ടു. അദ്ദേഹത്തെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ അന്നവര്‍ കെട്ടുകെട്ടിച്ചു. പക്ഷെ ഇത് മരിയോയെ തളര്‍ത്തിയില്ല. റഫായേലിന്‍റെ തിരുശേഷിപ്പും കൊണ്ടായിരുന്നു ഫാ. മാരിയോയുടെ അടുത്ത യാത്ര. ഇമ്മിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന തിരുശേഷിപ്പിനോട് മരിയോ അടക്കം പറഞ്ഞു, “നീ ഇവിടെ പോകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതല്ലേ! ഇന്നു പോകാം. പക്ഷേ, ഞാന്‍ പോയില്ലെങ്കില്‍ നീയും പോകില്ല.” ഇന്നും ഈ കഥ ആവര്‍ത്തിക്കുമ്പോള്‍ മാരിയോ പറയും, അത് ഫലിച്ചു. റഫായേലിന്‍റെ മാദ്ധ്യസ്ഥശക്തിയാകാം, അന്ന് മരിയോ തടസ്സങ്ങളില്ലാതെ ചൈനയിലേക്ക് കടന്നു. തിരുശേഷിപ്പ്, ഇതിനിടെ പുതുക്കി പണിതെടുത്ത പള്ളിയില്‍ സ്ഥാപിച്ചു. അപ്പോഴേക്കും പഴയ വിശ്വാസികളും പള്ളിയിലേക്ക് ധൈര്യപൂര്‍വം കടന്നുവരാനും തുടങ്ങിയിരുന്നു.

എന്നാല്‍, അടുത്തയിടെ ക്ളരീഷ്യന്‍ സഭയിലെ കുറേ അച്ചന്മാരും ഹോംഗ്കോങ്ങ്, മക്കാവോയില്‍ നിന്നുള്ള കുറെ വിശ്വാസികളും കൂടി ഈ സ്ഥലം സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അന്തരീക്ഷം അല്പം സംഘര്‍ഷഭരിതമായി. കുര്‍ബാന തുടങ്ങാന്‍ അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ സര്‍ക്കാരും സന്നാഹങ്ങളും എത്തി കുര്‍ബാന ചെല്ലുന്നത് തടഞ്ഞു. വിശ്വാസികളില്‍ ഒരാള്‍ കുര്‍ബാനയുടെ പ്രാരംഭഗാനം പാടിത്തുടങ്ങി. പിന്നീട് മറ്റുള്ളവരും കൂടി പള്ളി മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഏറ്റുപാടി. കുര്‍ബാനയുടെ പരികര്‍മം ഒഴികെ എല്ലാ ഭാഗങ്ങളും അവര്‍ മറ്റൊരിക്കലും ഇല്ലാത്ത പോലെ തീക്ഷ്ണതയോടെ ചൊല്ലുകയും പാടുകയും ചെയ്തു. പരസ്പര സമാധാനം കൊടുക്കുന്ന സമയത്തു, പോലീസുകാരെയും ഉദ്യോഗസ്ഥരെയും അവര്‍ ആശ്ലേഷിച്ചു. ഇരുകൂട്ടരുടെയും കണ്ണ് നിറഞ്ഞു പോയി. മരിയോ കുര്‍ബാന സ്വീകരണത്തിന് പകരം റഫായേലിന്‍റെ തിരുശേഷിപ്പു കൊണ്ട് എല്ലാവരെയും ആശീര്‍വദിച്ചു. വി.കുര്‍ബാന വിലക്കിയതുകൊണ്ടു കുര്‍ബാന നടന്നില്ലെന്നു പറയാം. പക്ഷേ ഫലത്തില്‍ അതൊരു ബലിയര്‍പ്പണത്തിന്‍റെ പ്രതീതിയുണര്‍ത്തി. അന്നത്തെ മറ്റു കാര്യപരിപാടികള്‍ കൂടുതല്‍ വിഘ്നങ്ങളില്ലാതെ നടന്നെങ്കിലും, ഫാ. മാരിയോയ്ക്ക് പിന്നീട് ചൈനയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

ഈ ഏപ്രില്‍ മാസത്തില്‍ ഫാ. മാരിയോ റോമില്‍ ചെന്നപ്പോള്‍ നിക്കോളാസിനു വേണ്ടി ഒരു പേപ്പല്‍ ബ്ലസിങ് എഴുതി വാങ്ങി. അതും കൊണ്ടായിരുന്നു എന്‍റെ യാത്ര. യാത്രയുടെ വിശദാംശങ്ങള്‍ അവിടുത്തെ പ്രാദേശിക സര്‍ക്കാരിനെ അറിയിച്ചു. അവരുടെ അനുവാദത്തോടു കൂടി തന്നെയാണ് യാത്ര. നമ്മുടെ താമസസ്ഥലങ്ങളെല്ലാം അവരുടെ നിരീക്ഷണത്തിലായിരുന്നു. അവര്‍ ഞാനുമായി ചോദ്യോത്തരങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നു മാത്രം. എങ്കിലും നാടുകാണാനെന്ന വ്യാജേന പല വീടുകളും സന്ദര്‍ശിച്ചു, പ്രായമായവര്‍ക്ക് കുര്‍ബാന കൊടുത്തു. ചെന്നതിന്‍റെ പിറ്റേന്ന് നിക്കോളാസ് പറഞ്ഞതുപോലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തി. മുപ്പതോളം വിശ്വാസികളും. മക്കാവോയിലെ ചൈനീസ് ഭാഷ ഉപയോഗിക്കുന്നതു കൊണ്ട് ചൈനയിലെ ഭാഷ തപ്പിത്തടഞ്ഞാണ് വായിച്ചത്. ഇത് രണ്ടും ഏകദേശം ഒരേ ലിപിയാണ് ഉപയോഗിക്കുന്നതെങ്കിലും വായിക്കുന്നത് ഒത്തിരി വ്യത്യാസത്തിലാണ്. നിക്കോളാസ് ആദ്യത്തെ നിരയില്‍ ആദ്യത്തെ ഇരിപ്പിടത്തില്‍ ഇരുന്നു ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയും പാടുകയും ചെയ്തപ്പോള്‍ ഞാന്‍ കുര്‍ബാന മധ്യേ ഓര്‍ത്തു പോയി, ഒരു തിരുശേഷിപ്പാണല്ലോ മുന്നിലിരിക്കുന്നത്!

ഇവിടെ നിന്ന് 80 കിലോമീറ്റര്‍ അകലെ വിപ്ലവകാലത്തു തകര്‍ക്കപ്പെട്ട മറ്റൊരു പള്ളിയും ക്ളരീഷ്യന്‍ സഭയുടെ കീഴില്‍ ഉണ്ടായിരുന്നു. ഷേശിയാള്‍ പള്ളി. ഈ പള്ളിയുടെ അള്‍ത്താരയും മറ്റും തകര്‍ത്തു അവിടെ പല കുടുംബങ്ങളും കയ്യേറിയിരുന്നു. അടുത്ത കാലത്തായി സര്‍ക്കാരിന് എന്തോ മനം മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ നഗരത്തിന്‍റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ഈ പള്ളിയും പുനരുദ്ധാരണത്തിലാണ്. ആ പള്ളിയും പള്ളിമേടയും ഞാന്‍ കയറിക്കണ്ടു. 60 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു ക്ളരീഷ്യന്‍ മിഷണറി, പഴയ മിഷനറിമാരുടെ മുറികളില്‍ കയറുന്നത്. ചരിത്രമുറങ്ങുന്ന അവിടത്തെ ചുവരെഴു ത്തുകളിലൂടെ കയ്യോടിച്ചപ്പോള്‍, പഴയ മിഷണറിമാരുടെ കഥകള്‍ ഓര്‍മ്മകളിലേയ്ക്കു കടന്നു വന്നു. അറിയാത്ത നാടുകളില്‍, അറിയാത്ത ഭാഷകളില്‍ സുവിശേഷമറിയിക്കാന്‍ കടലുകള്‍ കടന്നെത്തിയ തീക്ഷ്ണമതികളായ ഇതിഹാസപുരുഷന്മാരുടെ ഓര്‍മ്മകള്‍.

മൂന്നു ദിവസത്തിനു ശേഷം മടങ്ങുമ്പോള്‍, പല വിശ്വാസികളുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു, എന്‍റെയും. അമ്പത്തയ്യായിരത്തോളം കത്തോലിക്കരുള്ള ആല്‍ഹുയി രൂപതയ്ക്ക് ആകെ 16 അച്ചന്മാരും 40 ഓളം കന്യാസ്ത്രീകളും മാത്രമാണ് സേവനത്തിനുള്ളതെന്നു മെത്രാന്‍ വ്യസനപ്പെട്ടു. ചൈനീസ് സാംസ്കാരികതയുടെ ഹൃദയം എന്ന് പറയാവുന്ന ഈ രൂപതയില്‍ സെമിനാരി നടത്താനോ മറ്റു സെമിനാരികളിലേക്കു കുട്ടികളെ അയയ്ക്കാനോ നിര്‍വാഹമില്ല. വത്തിക്കാന്‍റെ അംഗീകാരമില്ലാത്ത ഇവിടുത്തെ ബിഷപ്പ് ചൈന സര്‍ക്കാരിന്‍റെ കണ്ണിലും നോട്ടപ്പുള്ളിയാണ്. ഈ ദേശത്തിന്‍റെ വിശ്വാസം സംരക്ഷിക്കാന്‍ കൂടുതല്‍ പ്രാര്‍ത്ഥനകള്‍ കൂടിയേ തീരൂ.

ഒരു ഭരണകൂടവും മാറാതിരുന്നിട്ടില്ല. ഒരു വ്യവസ്ഥിതിയും തകരാതിരുന്നിട്ടില്ല. ഒരു രാത്രിയും പുലരാതിരുന്നിട്ടില്ല. മതത്തിനെതിരെ വന്‍മതില്‍ പണിതു മനസ്സു കടുപ്പിച്ചു നില്‍ക്കുന്ന ഈ ദേശവും ഒരിക്കല്‍ കൂടി വിശ്വാസത്തിനു സ്വാഗതമരുളും എന്ന് പ്രത്യാശിക്കാം, പ്രാര്‍ത്ഥിക്കാം.

Comments

6 thoughts on “മിഷന്‍ യാത്ര: മിഷണറിമാരുടെ കാല്‍പാടുകള്‍ തേടി ചൈനയിലൂടെ…”

 1. francesca Thekkiniyath says:

  so inspiring,jijo

 2. georgekuttyabraham says:

  god blrss

 3. Fr.Jose anchupankil says:

  Congrats. Inspiring and informative article. Pliz continue to write such quality articles.

 4. George Kandankulam says:

  Very illuminating article with elaborate and inspiring illustrations. Thank God you found time to make such deep study and deliver in wonderfully simple style

  Congratulations! WE ARE, INDEED.
  VERY PROUD OF YOU.

 5. George Kandankulam says:

  illustrations. Thank God you found time to make such deep study and deliver in wonderfully simple style

  Congratulations! WE ARE, INDEED.
  VERY PROUD OF YOU.

 6. Paulson says:

  Touching and inspiring story, Fr. Jijo. Thanks for sharing. Continue your good work at the service of God and humanity.

Leave a Comment

*
*