ലോകത്തിന്‍റെ അതിരുകളിലേയ്ക്കു സുവിശേഷവുമായി കേരളം

ലോകത്തിന്‍റെ അതിരുകളിലേയ്ക്കു സുവിശേഷവുമായി കേരളം

2000 മിഷണറിമാര്‍, 35 രാജ്യങ്ങള്‍, വിദേശവൈദികര്‍


ഫാ. സാജു ചക്കാലയ്ക്കല്‍ സിഎംഐ.

ഭാരതപ്പുഴയുടെയും പമ്പാനദിയുടെയും അതിരുകള്‍ക്കപ്പുറത്ത് അജപാലനത്തിനും മിഷന്‍ പ്രവര്‍ത്തനത്തിനുമായി സീറോ മലബാര്‍ സഭ ക്ഷണിക്കപ്പെട്ടപ്പോള്‍, സഭാനേതൃത്വത്തിന് ഉറച്ച പിന്തുണയുമായി ഹൈറേഞ്ച്, മലബാര്‍, കന്യാകുമാരി, കോയമ്പത്തൂര്‍ തുടങ്ങിയ കുടിയേറ്റ മേഖലകളിലേയ്ക്കു പോയവരാണ് സിഎംഐ സന്യാസിമാര്‍. അതില്‍നിന്നും ആര്‍ജ്ജിച്ച അനുഭവജ്ഞാനത്തിന്‍റെയും ദൈവപരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്‍റെയും വെളിച്ചത്തില്‍ 1962 മുതല്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വിവിധ മിഷനുകള്‍ ആരംഭിക്കാനും വളര്‍ത്താനും സിഎംഐ മിഷണറിമാര്‍ക്കു സാധിച്ചു. സന്യാസസമൂഹങ്ങള്‍ അടിസ്ഥാനപരമായി പ്രേഷിതസ്വഭാവമുള്ളതാകണം എന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഒരു വലിയ നിര പ്രേഷിതര്‍ സിഎംഐ സന്യാസസമൂഹത്തിന്‍റെ ഭാഗമായി വളര്‍ന്നു വന്നു. 60 കളുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ഇറാക്ക്, ഇറാന്‍ എന്നീ വിദേശരാജ്യങ്ങളിലേയ്ക്കു മിഷണറിമാരെ അയയ്ക്കാനും സിഎംഐ യ്ക്കു സാധിച്ചു.

ബാഹ്യകേരളം
1950-കളുടെ ആരംഭത്തില്‍ ഉത്തരേന്ത്യയിലെ മിഷനുകളിലെല്ലാം വിവിധ ലത്തീന്‍ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള വിദേശികളും സ്വദേശികളുമായ മിഷണറിമാരാണ് പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് റെയ്ഗര്‍-അംബികപുര്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നതിനു സിഎംഐ സന്യാസവൈദികരെ സഭ ക്ഷണിക്കുന്നത്. കേരളത്തിനു പുറത്ത് പ്രവര്‍ത്തനപരിചയമോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ അവഗാഹമോ ഇല്ലാതിരുന്നിട്ടും ഉത്തരേന്ത്യയിലേയ്ക്കു പുറപ്പെടാന്‍ മിഷണറിമാര്‍ തയ്യാറായി. ആ മിഷനില്‍ കുറച്ചു കാലമേ പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും ആ മിഷണറിമാരുടെ പ്രവര്‍ത്തനമികവില്‍ സന്തുഷ്ടരായ സഭാധികാരികളിലൂടെ കൂടുതല്‍ മിഷന്‍ പ്രദേശങ്ങള്‍ സിഎംഐ സമൂഹത്തിന്‍റെ ഉത്തരവാദിത്വത്തിന് ഏല്‍പിക്കപ്പെട്ടു. 1962-ല്‍ ഛാന്ദാ മിഷന്‍ ഏറ്റെടുത്തുകൊണ്ട് മറ്റൊരു മിഷന്‍ അദ്ധ്യായത്തിനു സിഎംഐ തുടക്കമിട്ടു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു പുതിയ മിഷന്‍ പ്രവര്‍ത്തനശൈലി വളര്‍ത്തിയെടുക്കുവാന്‍ ആദ്യകാല മിഷണറിമാര്‍, വിശേഷിച്ചും അവര്‍ക്കു നേതൃത്വം നല്‍കിയ ബിഷപ് ജാനുവാരിയൂസ് പാലാത്തുരുത്തി പരിശ്രമിക്കുകയുണ്ടായി. അതിനുള്ള അംഗീകാരമെന്നോണം 1968-ല്‍ മധ്യപ്രദേശിലു ള്ള സാഗര്‍ മിഷനും 1972-ല്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ മിഷനും ഛത്തീസ്ഗഡിലെ ബസ്തര്‍ കേന്ദ്രമാക്കിയുള്ള ജഗദല്‍പുര്‍ മിഷനും 1974-ല്‍ ഗുജറാത്തിലെ രാജ്കോട്ട് മിഷനും സിഎംഐ സന്യാസസമൂഹത്തെ ഏല്‍പിച്ചു. ഇന്നു സ്വന്തം വൈദികരും മെത്രാന്മാരുമുള്ള ഏഴു രൂപതകളായി വളര്‍ന്ന ഈ മിഷന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും സിഎംഐ വൈദികര്‍ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രൂപതകളെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 500 ഓളം സിഎംഐ വൈദികര്‍ ഇന്ന് ഉത്തരേന്ത്യന്‍ മിഷനുകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്നു.

ഉത്തരേന്ത്യയില്‍ പുതിയ മിഷനുകള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പുതിയ മിഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. കോയമ്പത്തൂര്‍ കേന്ദ്രമായി തമിഴ്നാട്ടിലും മൈസൂര്‍ കേന്ദ്രമായി കര്‍ണാടകയിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് സുവിശേഷപ്രഘോഷണത്തിനും സമഗ്രസാമൂഹ്യപുരോഗതിക്കുമായി നടത്തി വരുന്നത്. കൂടാതെ 1990-ല്‍ ആരംഭിച്ച ജലഗാവ്, ധൂളിയ പ്രദേശങ്ങളിലെ ചവറ മിഷന്‍, മഹാരാഷ്ട്രയിലെ മുംബൈ മുതല്‍ ധൂളിയ വരെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷ പ്രഘോഷണത്തില്‍ ധീരമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൂടാതെ കൊല്‍ക്കത്ത, അരുണാചല്‍, അസ്സം, ജമ്മു-കാശ്മീര്‍, നേപ്പാള്‍ എന്നിവിടങ്ങളിലും വലിയ മിഷണറി മുന്നേറ്റമാണു സിഎംഐ വൈദികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബാംഗ്ലൂര്‍ നഗരത്തില്‍ 1950-ല്‍ സ്ഥാപിതമായ ധര്‍മ്മാരാം കോളേജ് എന്ന പൊതുപഠനഗൃഹം സന്യസ്തരെ സിഎംഐയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജരാക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു. ഓരോ വര്‍ഷവും 200 ലേറെ സിഎംഐ വൈദികവിദ്യാര്‍ത്ഥികളെ ഇവിടെ പരിശീലിപ്പിക്കുന്നു. ഈ ബൃഹദ്സംരംഭത്തിന്‍റെ ഭാഗമായി വളര്‍ത്തിയെടുത്ത ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്ന പേരിലുള്ള പൊന്തിഫിക്കല്‍ അത്തനേയത്തില്‍ ഇന്ത്യയിലെ വിവിധ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ആയിരത്തിലേറെ വൈദികവിദ്യാര്‍ത്ഥികളും വൈദികരും സന്യാസിനിമാരുമടങ്ങുന്ന ഒരു മിഷണറി സമൂഹം ഓരോ വര്‍ഷവും രൂപമെടുത്തുകൊണ്ടിരിക്കുന്നു. ധര്‍മ്മാരാം കോളേജിന്‍റെ തന്നെ ഭാഗമായി വളര്‍ന്നു വന്നിട്ടുള്ള ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയും ഇതര വിദ്യാഭ്യാസസ്ഥാപനങ്ങളും ദേശീയശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളവയും തങ്ങളുടേതായ വിധത്തില്‍ കേരളത്തിനു പുറത്ത് സുവിശേഷപ്രഘോഷണം നടത്തുന്നവയുമാണ്.

ഉത്തരേന്ത്യന്‍ മിഷനുകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ മിഷണറി പരിശീലനം നല്കുന്നതിനായി 1983-ല്‍ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ദര്‍ശന തത്ത്വശാസ്ത്ര പഠനകേന്ദ്രവും 1994-ല്‍ ഭോപ്പാല്‍, ഋഷികേശ്, ജഗദല്‍പുര്‍ എന്നിവിടങ്ങളിലായി സമന്വയ ദൈവശാസ്ത്ര പഠന കേന്ദ്രവും സ്ഥാപിച്ചു. ഉത്തരേന്ത്യന്‍ സംസ്കാരങ്ങളെയും സാമൂഹിക സ്ഥിതി വിശേഷങ്ങളെയും മനസ്സിലാക്കി പ്രേഷിത പ്രവര്‍ത്തനത്തിനു തയ്യാറാകുവാന്‍ ഈ പഠനഗൃഹങ്ങള്‍ സന്യസ്തരെ പ്രാപ്തരാക്കുന്നു.

കൂടുതല്‍ മിഷനുകള്‍ ഏറ്റെടുക്കുകയും സമൂഹത്തിന്‍റെ താഴെത്തട്ടിലേയ്ക്കിറങ്ങിച്ചെന്നു നിസ്വാര്‍ത്ഥമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതു വഴിയായി കൂടുതല്‍ ദൈവവിളികള്‍ ലഭിക്കുകയും അവ ഏറ്റെടുത്ത മിഷനുകളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുകയും ചെയ്തു. 1970-കളിലും 80-കളിലും കേരളത്തില്‍നിന്ന് വളരെയേറെ മിഷന്‍ ദൈവവിളികള്‍ സ്വീകരിക്കുവാനും അതിനോടു ക്രിയാത്മകമായി പ്രതികരിക്കുവാനും സിഎംഐ സന്യാസസമൂഹത്തിനു കഴിഞ്ഞതോടെ മിഷനുകള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുകയും പുതിയ മാനങ്ങള്‍ കൈവരികയും ചെയ്തു.

1960 ല്‍ ഇറാക്ക് – ഇറാന്‍ രാജ്യങ്ങളില്‍ ആരംഭിച്ച മിഷന്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ മൂലം 1965-ല്‍ നിര്‍ത്തുവാന്‍ നിര്‍ബന്ധിതമായെങ്കിലും അധികം വൈകാതെ തന്നെ വിദേശരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ അവസരമുണ്ടായി. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ഉപരിപഠനാര്‍ത്ഥം പോയ സിഎംഐ സന്യാസികള്‍ ആ രാജ്യങ്ങളിലെ അജപാലനശുശ്രൂഷകള്‍ ഏറ്റെടുത്തു. വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരുടെ ഇടയിലെ സുവിശേഷപ്രഘോഷണത്തിനൊപ്പം, വിശ്വാസം സ്വീകരിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ അതു നഷ്ടപ്പെടുത്തിയവര്‍ക്കിടയിലെ പുനഃസുവിശേഷവത്കരണവും വിശ്വാസികളുടെ അജപാലനവും ഗൗരവമുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയായി ആഗോള സഭ കാണുന്നുണ്ട്. അതിനാല്‍, നൂറ്റാണ്ടുകളായി കത്തോലിക്കാവിശ്വാസം നിലവിലുണ്ടെങ്കിലും ദൈവവിളികള്‍ക്കു കുറവു സംഭവിച്ച അമേരിക്കയിലും യൂറോപ്പിലും വിശ്വാസികള്‍ക്കു കൈത്താങ്ങാകുവാന്‍ ഇന്ത്യയിലും മറ്റു ഭൂഖണ്ഡങ്ങളിലും നിന്നു വരുന്ന മിഷണറിമാരുടെ സേവനം പ്രയോജനകരമാകുന്നതിനെ ആഗോള സഭ ആദരവോടെയാണു കാണുന്നത്. ഇതും സഭയുടെ പ്രേഷിതദൗത്യത്തിന്‍റെ ഭാഗമാണ്.

ലാറ്റിന്‍ അമേരിക്ക
1978-ല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലേയ്ക്ക് സിഎംഐ സന്യാസസമൂഹം കടന്നു ചെന്നു. പെറു മിഷന്‍ ഇന്ന് ലിമ, അരിക്യൂപ്പ, പ്യൂര എന്നീ മൂന്നു പ്രധാന പ്രദേശങ്ങളിലായി വളരെ ഫലപ്രദമായി സേവനം ചെയ്തു വരുന്നു. 15 വൈദികരും ഏതാനും വൈദികവിദ്യാര്‍ത്ഥികളുമടങ്ങുന്ന മിഷണറി സംഘമാണു പെറുവില്‍ പ്രവര്‍ത്തിക്കുന്നത്.

പെറുവില്‍ സേവനം ചെയ്യുന്ന സിഎംഐ വൈദികരുടെ പ്രവര്‍ത്തനമികവു കണ്ടറിഞ്ഞ സഭാധികാരികള്‍ പിന്നീട് ഇക്വഡോര്‍, അര്‍ജന്‍റീന, പരാഗ്വെ എന്നിങ്ങനെ സ്പാനിഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങളിലേയ്ക്കും സിഎംഐ ക്ഷണിക്കുകയും അതനുസരിച്ച് കൂടുതല്‍ ലാറ്റിനമേരിക്കന്‍ മിഷനുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ രാജ്യങ്ങളിലെല്ലാം നഗരങ്ങള്‍ അതിവേഗം വളരുന്നെങ്കിലും ഗ്രാമപ്രദേശങ്ങള്‍ വളരെ പി ന്നാക്കാവസ്ഥയിലാണുള്ളത്. ജ്ഞാനസ്നാനത്തിലൂടെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചിട്ടുള്ളവരാണെങ്കിലും ഇവിടങ്ങളിലെ വിശ്വാസികളുടെ കൗദാശികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിന് തദ്ദേശീയരായ വൈദികര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് സിഎംഐ സന്യാസവൈദികരുടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സാന്നിദ്ധ്യത്തെ നോക്കിക്കാണേണ്ടത്.

ലാറ്റിനമേരിക്കയില്‍ സിഎംഐ സന്യാസസമൂഹം ഏറ്റവും അവസാനമായി ആരംഭിച്ച മിഷനാണ് ബ്രസീലിലുള്ള സാന്താരം രൂപതയിലേത്. ഏഴു വ്യത്യസ്ത സിഎംഐ പ്രവിശ്യകളില്‍ നിന്നു ള്ള എട്ടു വൈദികരാണ് അഞ്ചു ഇടവകകളിലായി സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. 2015-16 ല്‍ രൂപപ്പെട്ട ഈ പുതിയ മിഷന്‍ സംരംഭം സിഎംഐയുടെ ആഗോള മിഷനു പുതിയൊരു ദിശാബോധം നല്‍കിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭാഷയില്‍ പ്രാവീണ്യം നേടിയ ഈ വൈദികരെ വളരെ സ്നേഹത്തോടും ആദരവോടും കൂടിയാണ് ആമസോണ്‍ നദീതടത്തിലെ ഈ സമൂഹങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഈ എട്ടു വൈദികര്‍ ഏറ്റെടുത്തിരിക്കുന്ന ഓരോ ഇടവകയിലും 15 മുതല്‍ 65 വരെ ദിവ്യകാരുണ്യസമൂഹങ്ങളുണ്ട്. ഓരോ മാസവും ഏതാണ്ട് രണ്ടാഴ്ച സമയം ഒരു യന്ത്രവത്കൃതബോട്ടില്‍ താമസിച്ചുകൊണ്ടാണ് അമ്പതോളം വരുന്ന സമൂഹങ്ങളില്‍ ദിവ്യ ബലിയര്‍പ്പിക്കുന്നതിന് ഒരു വൈദികന്‍ എത്തിച്ചേരുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ നദീതടത്തിലുള്ള വിശ്വാസസമൂഹങ്ങളെ സന്ദര്‍ശിച്ച്, വിശ്വാസജീവിതത്തില്‍ കുടുംബങ്ങളെ ശാക്തീകരിച്ച്, സന്ധ്യയാകുമ്പോള്‍ ബോട്ടിലെത്തി ഉറങ്ങുന്നതാണ് ഈ മിഷണറിയുടെ ജീവിതചര്യ. ഏറ്റവും കുറഞ്ഞ ജീവിതസൗകര്യങ്ങളും ഒരുപാട് അനിശ്ചിതത്വങ്ങളും അനുഭവിച്ച് കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെയാണ് ഓരോ ദിവസവും നേരിടുന്നതെങ്കിലും സുവിശേഷത്തിനും ദൈവജനത്തിന്‍റെ ജീവിതസമുദ്ധാരണത്തിനുമായി ഏറ്റെടുക്കുന്ന ഈ തപസ്യകള്‍ ഈശോയുടെ മൗതികശരീരത്തെ പടുത്തുയര്‍ത്തുന്നു എന്നതില്‍ കൃതാര്‍ത്ഥരാണ് ഈ മിഷണറിമാര്‍. ആകെ അമ്പതോളം സിഎംഐ വൈദികര്‍ ഇന്നു വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കര്‍മ്മനിരതരാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിശ്വാസത്തിന്‍റെ കൈത്തിരി കെടാതെ കാത്തു സംരക്ഷിക്കുന്നതില്‍ സിഎംഐ സമൂഹം സ്വന്തമായ പങ്കുവഹിക്കുകയും ഈ വന്‍കരയിലെ സഭയുടെ ഭാവിയെ കുറിച്ചു പ്രത്യാശ പകരുകയും ചെയ്യുന്നു.

ആഫ്രിക്ക
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സിഎംഐ മിഷണറിമാരുടെ സേവനം അനുഭവിക്കുന്നവരാണ് ആഫ്രിക്കയിലെ ദൈവജനം. മാനവീകവികസനസൂചികകള്‍ മാനദണ്ഡമാക്കിയാല്‍ മിക്കവാറും മേഖലകളിലെല്ലാം വളരെ പിന്നാക്കം നില്‍ക്കുന്നവയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഇവിടെ മിഷണറി പ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ച ആദ്യത്തെ സിഎംഐ മിഷണറിയാണ് ഫാ. ചെസാരിയൂസ്. ടാന്‍സാനിയ എന്ന രാജ്യത്ത് വൈദികവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആഫ്രിക്കയിലെ സേവനം ആരംഭിക്കുന്നത്. അധികം വൈകാതെ ഫാ. ജോസ് കല്ലേലി, ഫാ.ജോയ് കളപ്പറമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ കെനിയയിലും ഫാ. പോള്‍ മോസസ് ചക്കാലക്കല്‍, ഫാ. തോമസ് ചീരന്‍, ഫാ.ഡേവിസ് കോളേങ്ങാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ മഡഗാസ്കറിലും മിഷന്‍ പ്രവര്‍ത്തനത്തിനു തുടക്കമിട്ടു. യുദ്ധങ്ങളും ഗോത്രകലാപങ്ങളും മൂലം അരാജകത്വം നിറഞ്ഞ ഈ രാജ്യങ്ങളില്‍ തങ്ങള്‍ നേരിട്ടു കാണേണ്ടി വരുന്ന ജീവാപായങ്ങള്‍ക്കു നടുവില്‍ അടിപതറാതെ നിന്നുകൊണ്ട് ആഫ്രിക്കന്‍ ജനതയെ സ്നേഹിക്കുവാനും അവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിക്കുവാനും കഴിഞ്ഞതിന്‍റെ ഫലമായി സിഎംഐ ആഫ്രിക്കന്‍ മിഷനുകള്‍ അത്ഭുതകരമായ വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. ഇന്നു കെനിയ, മഡഗാസ്കര്‍, ഘാന, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, ടാന്‍സാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാ ജ്യങ്ങളിലായി നൂറോളം സിഎംഐ വൈദികരും വൈദികവിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സമൂ ഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ആഫ്രിക്കയില്‍ നിന്നു സിഎംഐ വൈദികര്‍
സുവിശേഷപ്രഘോഷണം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിലായി ആഫ്രിക്കയില്‍ സിഎംഐ സമൂഹം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ നിരവധിയാണെങ്കിലും അവയില്‍ എടുത്തു പറയേണ്ടതാണ് കെനിയയില്‍ നിന്നും ലഭിച്ചിട്ടുള്ള സിഎംഐ ദൈവവിളികള്‍. തദ്ദേശീയരായ ഒമ്പതു പേര്‍ ഇന്നു സിഎംഐ വൈദികരാണ്. പത്തോളം വൈദികവിദ്യാര്‍ത്ഥികളും ഇവിടെ നിന്നുണ്ട്. വളരെയേറെ പ്രവര്‍ത്തന സാദ്ധ്യതകളുള്ള മറ്റൊരു ആഫ്രിക്കന്‍ മിഷനാണ് പത്തോളം സിഎംഐ വൈദികരുള്ള ഘാന.

ആഫ്രിക്കയിലെ വിവിധ രൂപതകളോടു ചേര്‍ന്നു നിന്ന് അജപാലനപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ഇടവകകള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതു വഴിയായി വിശ്വാസസമൂഹത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഇവിടത്തെ സിഎംഐ മിഷണറിമാര്‍ വഹിക്കുന്നത്. അതോടൊപ്പം ക്രിസ്തുവിനെ അറിയാത്തവര്‍ക്കിടയിലുള്ള സുവിശേഷപ്രഘോഷണവും വിശ്വാസപരിശീലനവും മുന്നോട്ടു കൊണ്ടു പോകുന്നു. അതിന്‍റെ ഫലമായി ഏതാണ്ട് ആയിരത്തിലേറെ പേര്‍ ഓരോ വര്‍ഷവും ഇവിടെ ജ്ഞാനസ്നാനം സ്വീകരിച്ചു സഭയിലേയ്ക്കു കടന്നുവരുന്നുണ്ട്. 2018-ല്‍ അര്‍ബുദ ബാധിതനായി മരണമടഞ്ഞ ആദ്യകാല കെനിയന്‍ മിഷണറിയായ ഫാ. ജോയി കളപറമ്പത്ത് തന്‍റെ മൂന്നു പതിറ്റാണ്ടു നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാണ്ട് മുപ്പതിനായിരം പേര്‍ക്ക് ജ്ഞാനസ്നാനം നല്കിയെന്നാണ് കണക്ക്. പുതുതായി ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്കു വിശ്വാസപരിശീലനം നല്‍കി, അവരുടെ വിശ്വാസജീവിതത്തെ അനുധാവനം ചെയ്യുന്നത് വളരെ നിര്‍വൃതിദായകമായ ദൗത്യമായി സാക്ഷ്യപ്പെടുത്തുന്നവരാണ് ആഫ്രിക്കയിലെ സിഎംഐ മിഷണറിമാര്‍.

നമീബിയയില്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിനു കീഴിലുള്ള ദേശീയ സെമിനാരിയുടെ നടത്തിപ്പ് 20 വര്‍ഷത്തിലേറെയായി ഏറ്റെടുത്തു ചെയ്തു വരുന്നത് സിഎംഐ വൈദികരാണ്. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ഈ മേജര്‍ സെമിനാരിയില്‍ ക്രമീകരിക്കുന്നതും പഠിപ്പിക്കുന്നതും സിഎംഐ വൈദികരാണ്. ഘാന, സൗത്ത് ആഫ്രിക്ക, ബോട്സ്വാന, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ എണ്ണത്തില്‍ കുറവാണെങ്കിലും ശ്ലാഘനീയമായ സേവനമാണ് സിഎംഐ മിഷണറിമാര്‍ ചെയ്തുവരുന്നത്. കൂടുതല്‍ മിഷണറിമാരുടെ ആവശ്യം ഈ രാജ്യങ്ങളിലെല്ലാം ഉണ്ട്. എങ്കിലും മറ്റു രാജ്യങ്ങളിലെ അത്യാവശ്യങ്ങള്‍ തിരിച്ചറിയുന്ന മുറയ്ക്ക് കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു മിഷണറിമാരെ അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളും സിഎംഐയ്ക്കുണ്ട്. ഇതനുസരിച്ച് 2019-ല്‍ ഉഗാണ്ട, എത്യോപ്യ എന്നീ രണ്ടു പുതിയ ആഫ്രിക്കന്‍ മിഷനുകള്‍ ആരംഭിച്ചു. സാമ്പത്തികമായി വളരെ പിന്നാക്കമായ ഈ രാജ്യങ്ങളിലെ മിഷന്‍ അതീവദുഷ്കരമായിരിക്കുമെന്നറിയാമെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ് സിഎംഐ സമൂഹം.

പാശ്ചാത്യരാജ്യങ്ങള്‍
അജപാലനശുശ്രൂഷകള്‍ക്ക് ആവശ്യത്തിനു വൈദികര്‍ ഇല്ലാത്ത ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍റ്, ബെല്‍ജിയം, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ആസ്ത്രേലിയ, ന്യൂസിലന്‍റ് എന്നിവിടങ്ങളിലും സേവനം ചെയ്യുന്നതിനായി നിരവധി വര്‍ഷങ്ങളായി സിഎംഐ വൈദികര്‍ രംഗത്തുണ്ട്. ഈ രാജ്യങ്ങളിലെ ദൈവജനത്തിന്‍റെ പുനഃസുവിശേഷവത്കരണത്തിനും വിശ്വാസപരിശീലനത്തിനും കൗദാശികവളര്‍ച്ചയ്ക്കുമായി സേവനം ചെയ്യുന്നതിനൊപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പിന്‍ബലമേകുന്നതിനും യൂറോപ്പിലെയും അമേരിക്കയിലെയും സിഎംഐ വൈദികരുടെ സാന്നിദ്ധ്യം സഹായകരമാകുന്നു.

ഏതാണ്ട് 60 വര്‍ഷങ്ങളായി സിഎംഐ സമൂഹം കേരളത്തിനും ഭാരതത്തിനും പുറത്ത് ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ പുതിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ട്. ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു യാതൊരു കോട്ടവും വരുത്താതെ തന്നെ ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കുടുതല്‍ ശ്രദ്ധ കൊടുക്കണമെന്നു സിഎംഐ സമൂഹത്തിന്‍റെ പരമോന്നത ആലോചനാവേദിയായ 'പൊതുസംഘം' 2008-ലും 2014- ലും നിര്‍ദേശിക്കുകയുണ്ടായി. ഇതിന്‍റെ ഫലമായി യുവവൈദികരടക്കം ധാരാളം മിഷണറിമാര്‍ ഈ കാലയളവില്‍ ഭാരതത്തിനു പുറത്തുള്ള മിഷനുകളിലേയ്ക്ക് ഇറങ്ങിത്തിരിച്ചിട്ടുണ്ട്. തദ്ഫലമായി 2,000 വൈദികരുള്ള സിഎംഐ സമൂഹത്തില്‍ നിന്നുള്ള ഏകദേശം 500 അംഗങ്ങള്‍ ഇന്നു വിദേശമിഷനുകളിലാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സിഎംഐ വൈദികരില്‍ ബഹുഭൂരിപക്ഷവും കേരളീയര്‍ തന്നെയാണെങ്കിലും മിഷന്‍ പ്രദേശങ്ങളായ ഛാന്ദാ, ജഗദല്‍പുര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇന്ന് സിഎംഐ സമൂഹത്തില്‍ വൈദികരും വൈദികവിദ്യാര്‍ത്ഥികളും ആയി മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നുണ്ട്. കെനിയയില്‍ നിന്നുള്ള വൈദികരുടെ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. മഡഗാസ്കര്‍, പെറു, ഘാന തുടങ്ങിയ രാജ്യങ്ങളിലും വൈകാതെ വൈദികപരിശീലനം ആരംഭിക്കുന്നുണ്ട്. പാലക്കല്‍ തോമ്മാ മല്പാനച്ചന്‍, പോരൂക്കര തോമ്മാ മല്പാനച്ചന്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എന്നിവര്‍ ചേര്‍ന്ന് 1831-ല്‍ മാന്നാനത്തു ആരംഭിച്ച ഭാരതത്തിലെ പ്രഥമ ഏതദ്ദേശീയ സന്യാസസമൂഹം 2019-ല്‍ എത്തുമ്പോള്‍ 35 രാജ്യങ്ങളില്‍ നിസ്തുലമായ സേവനം ചെയ്യുന്ന ആഗോളസന്യാസസമൂഹമായി വളര്‍ന്നിരിക്കുന്നു എന്നത് സിഎംഐ സമൂഹത്തിന്‍റെ മാത്രമല്ല, കേരളസഭയുടെയാകെ മിഷന്‍ അവബോധത്തിനും ആവേശത്തിനും തെളിവാണ്. "നമുക്കും അവനോടു കൂടെ പോയി മരിക്കാം" എന്ന ധീരമായ ആഹ്വാനവുമായി യേശുവിനെ അനുഗമിക്കുകയും അന്നു അറിയപ്പെടുന്ന ഭൂമിയുടെ അതിരായി കണക്കാക്കപ്പെട്ടിരുന്ന ഭാരതത്തിലേയ്ക്കു സാഹസികയാത്ര ചെയ്തെത്തി സുവിശേഷം പ്രഘോഷിച്ചു രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാര്‍ത്തോമ്മായുടെ മാതൃക നമ്മെ പ്രചോദിപ്പിക്കട്ടെ.

(സുവിശേഷവത്കരണത്തിന്‍റെയും അജപാലനത്തിന്‍റെയും ചുമതലയുള്ള സിഎംഐ ജനറല്‍ കൗണ്‍സിലറും ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിലെ തത്ത്വശാസ്ത്ര അധ്യാപകനുമാണ് ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org