Latest News
|^| Home -> Cover story -> പുനര്‍നിര്‍മ്മിക്കേണ്ട പ്രേഷിതാഭിമുഖ്യങ്ങള്‍

പുനര്‍നിര്‍മ്മിക്കേണ്ട പ്രേഷിതാഭിമുഖ്യങ്ങള്‍

Sathyadeepam

റവ. ഡോ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ എം.എസ്.ടി.
ദീപ്തിഭവന്‍, മേലമ്പാറ

”സാഹചര്യങ്ങള്‍ അനുകൂലമെങ്കിലും, അല്ലെങ്കിലും എപ്പോഴും വചനം പ്രസംഗിക്കണം” (2 തിമോ. 4:2). സ്ഥലകാല പരിഗണനകള്‍ ഇല്ലാതെ, എപ്പോഴും സുവിശേഷം പ്രഘോഷിക്കണമെന്ന് പൗലോസ് അപ്പസ്‌തോലന്‍ തന്റെ ശിഷ്യന്‍ തിമോത്തിക്ക് കൊടുത്ത ഈ നിര്‍ദ്ദേശത്തെ, സ്വല്പം വ്യത്യസ്തമായ വ്യാഖ്യാനത്തോടെ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് തന്റെ സുഹൃത്തും ശിഷ്യനുമായ ലിയോയോട് പറയുന്നുണ്ട്: ”എപ്പോഴും സുവിശേഷം പ്രഘോഷിക്കുക, ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.”
എല്ലാ വര്‍ഷവും ഒക്‌ടോബര്‍ അവസാനവാരത്തിലെ ഒരു ഞായറാഴ്ച (Penultimate Sunday), ആഗോള മിഷന്‍ ഞായറായി തിരുസഭ ആചരിക്കുന്നു. ഈ മാസം 18-ാം തീയതി ആചരിക്കപ്പെട്ട മിഷന്‍ ഞായറിന്റെ ഏറ്റവും പ്രധാനപ്പെട്ട വിചിന്തനം – കോവിഡ് കാലഘട്ടത്തിലെ
മിഷന്‍പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന നവീന മാനദണ്ഡങ്ങളും, ഭാവനകളും ആണ്. കോവിഡെന്ന മഹാമാരി എന്നവസാനിക്കുമെന്നോ, അല്ലെങ്കില്‍ അതിന്റെ പരിണിതിയായി രൂപപ്പെടുന്ന പുതിയ യുഗത്തിന്റെ രൂപങ്ങളും, ഭാവങ്ങളും എന്തായിരിക്കുമെന്ന് ശങ്കിക്കുന്ന ഈ കാലഘട്ടത്തില്‍, ‘സുവിശേഷം എന്നും പ്രസംഗിക്കപ്പെടണം’ എന്ന ക്രൈസ്തവ ദൗത്യം എങ്ങനെ നിറവേറ്റാനാകും എന്ന് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
2020 മിഷന്‍ ഞായറിനായുള്ള പ്രേഷിത സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറയുന്നത്, ഇന്നിന്റെ കലുഷിതസാഹചര്യങ്ങളിലേ ക്ക് ദൈവസ്‌നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശവാഹകരാകുവാന്‍, ക്രിസ്തു, മിഷനറിമാരെ അന്വേഷിക്കുന്നു എന്നാണ്. ”ആരാണ് എനിക്കായി പോവുക” (ഏശയ്യ 6:8), എന്ന സന്ദേഹം പ്രതികൂലമെന്ന് നാം കരുതുന്ന ഈ കോവിഡ് സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ജീവന്റെ നിലനില്പുതന്നെ അസ്ഥിരമായി തോന്നുന്ന ഈ കാലഘട്ടത്തില്‍, നിത്യജീവന്റെ സാക്ഷാല്‍ക്കാരത്തിനായി ഉപകരിക്കേണ്ട മതവും, വിശ്വാസവും, അനുഷ്ഠാനങ്ങളുമെല്ലാം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ കോവിഡെന്ന രോഗ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ആശങ്കകളാലും, ആശയങ്ങളുടെ വൈരുദ്ധ്യങ്ങളാലും സംഘര്‍ഷം നിറഞ്ഞ ഈ ലോകത്തിലേക്ക് തിരുസഭയിലെ അംഗങ്ങളെന്ന നിലയില്‍ നിങ്ങളും, ഞാനും നിര്‍ബന്ധമായി അയക്കപ്പെട്ടിരിക്കുകയാണ്. മരിക്കുന്നതുവരെ, നാം ഈ ലോകത്തില്‍ മിഷനറിമാരാണ്. നമ്മുടെ ജീവിതം വിശ്വാസത്താല്‍ ഉജ്ജ്വലിക്കുന്നതാണെങ്കില്‍, മലയില്‍ പണിയപ്പെട്ടിരിക്കുന്ന പട്ടണത്തിന് മറഞ്ഞിരിക്കാന്‍ സാധിക്കാ ത്തതുപോലെ (മത്താ. 5:14) കോവിഡ് മഹാമാരിയുടെ നടുവിലും, നമ്മുടെ സഭയും, നാമും ലോകത്തിന് ശോഭയേകുന്നവരായി നി ലനില്‍ക്കും.


പ്രതികൂലമെന്ന് നാം കണക്കാക്കുന്ന ഈ കോവിഡ് കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍, തിരുസഭയ്ക്കും, തിരുസഭ ശ്രദ്ധയോടെ സംരക്ഷിച്ച് പങ്കുവയ്ക്കുന്ന സുവി ശേഷത്തിനും ലോകത്തില്‍ കൂടുതല്‍ പ്രകാശിതമാകുവാന്‍ പറ്റിയ അനുകൂലമായ കാലഘട്ടം. ലോകത്തിന്റെ ശക്തികളെ അതിലംഘിക്കുന്ന കരുത്തും, പ്രതീക്ഷയും, സുരക്ഷയും, തിരുസഭയ്ക്കും, സഭ പ്രഘോഷിക്കുന്ന സുവിശേഷത്തിനും ഉണ്ടെന്നെ യാഥാര്‍ത്ഥ്യം, രാജ്യങ്ങള്‍ക്കും, ജനങ്ങള്‍ക്കും വെളിപ്പെടുത്തുവാനുള്ള അവസരമാണ് ഈ കോവിഡ് കാലം. ലോകത്തിന്റെ ദൃഷ്ടികളിലും ചിന്തകളിലും മനുഷ്യരാശിക്ക് പ്രതികൂലമെന്ന് തോന്നിയിരിക്കുന്ന ഈ സാഹചര്യത്തില്‍, സഭയ്ക്കും, സഭയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കും നിലപാടുകള്‍ക്കും, പദ്ധതികള്‍ക്കും പൊതു സമൂഹത്തിന് പ്രതീക്ഷനല്‍കുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാനായില്ലെങ്കില്‍ സഭയും, സഭാശുശ്രൂഷകളും നിരര്‍ത്ഥകമായി പിന്തള്ള പ്പെട്ടേക്കാം. എന്നാല്‍ ലോകരാഷ്ട്രങ്ങളും, സാങ്കേതിക വിദഗ്ധരും, വൈദ്യശാസ്ത്രവുമെല്ലാം പകച്ചുനില്‍ക്കുന്ന ഈ കാലഘട്ട ത്തില്‍, അവരില്‍ നിന്നും, അവയില്‍ നിന്നും ലഭിക്കുന്ന പ്രതീക്ഷ കളേക്കാള്‍ മെച്ചമായി സഭയുടെ പ്രേഷിതപ്രയത്‌നങ്ങള്‍ക്ക് എന്തെ ങ്കിലും നല്‍കുവാനുണ്ടെങ്കില്‍, ഈ കോവിഡ് കാലം സുവിശേഷ പ്രഘോഷണത്തിനായുള്ള ഏറ്റവും അനുകൂല സാഹചര്യമാണ്. പലതും പരാജയപ്പെടുമ്പോള്‍, പരാജയപ്പെടാത്ത ചിലത് നില നില്ക്കുകയും, കൂടുതല്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നതുപോലെ, ഇന്നിന്റെ പ്രതിസന്ധികളില്‍ ഉജ്ജ്വലമായി നിലനില്ക്കുവാനും, പ്രസക്തമാകുവാനും സാധിച്ചാല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചതുപോലെ വാക്കുകളുടെ അതിപ്രസരമില്ലാതെതന്നെ സഭ പ്രഘോഷിക്കപ്പെടും.
ഇന്നിന്റെ പ്രതിസന്ധികളെ പ്രഘോഷണത്തിനായുള്ള ഉത്തമ മേഖലകളായി തിരിച്ചറിഞ്ഞ് സഭയും, സഭാശുശ്രൂഷകളും അര്‍ത്ഥവത്തായി അവതരിക്കപ്പെടണമെങ്കില്‍, സുവിശേഷാത്മക ജീവിത ത്തിന്റെ കലര്‍പ്പില്ലാത്ത ഉള്‍ക്കരുത്തും, പതിരില്ലാത്ത ജീവിതസാക്ഷ്യവും ഉണ്ടായേതീരു. ക്രൈസ്തവരെന്ന നിലയില്‍, കോവിഡി ന്റെ പ്രതിസന്ധികളില്‍ പതറാതെ വിശ്വാസത്തില്‍ നിലനില്ക്കുന്നതും, ആ വിശ്വാസം അനുദിന ജീവിതത്തില്‍ ആത്മവിശ്വാസത്തോടെ പ്രകടമാക്കുന്നതും അങ്ങനെ മനുഷ്യഹൃദയങ്ങളെ സ്‌നേഹത്തില്‍ സ്വാധീനിക്കുന്നതും, സുവിശേഷത്തിന്റെ വലിയ പ്രഘോഷണങ്ങളാണ്. അതിന് പ്രേരകമാ കാവുന്ന ചില ചിന്തകളാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.


1) കാഴ്ചയാലല്ല, വിശ്വാസത്താല്‍ നയിക്കപ്പെടണം
കൊറോണ വൈറസ് വ്യാപനം എട്ടുമാസങ്ങള്‍ പിന്നിടുമ്പോള്‍, നമ്മുടെ ഭയത്തിന് കുറവ് വന്നാലും, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അറുതിയില്ല. കോവിഡാനന്തരയുഗത്തില്‍ നാം ജീവിച്ചിരുന്നാലും, അതിന്റെ ജീവിത രീതികളെക്കുറിച്ച് നമുക്കിപ്പോള്‍ വ്യക്തതയില്ല. വൈദ്യശാസ്ത്ര ത്തിന്റെ പരിമിതികളും, വൈറസ്സിന്റെ ജനിതകഘടനകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും നാം ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. നിത്യം ജീവിക്കുന്നവനായ ക്രിസ്തുവില്‍ വിശ്വസിക്കുന്ന നാം ”കാഴ്ചയാലല്ല, വിശ്വാസത്താലാണ് നയിക്കപ്പെടേണ്ടത്” (2 കോറി. 5:7) എന്ന പൗലോസ് അപ്പസ്‌തോ ലന്റെ ദര്‍ശനം ഉള്‍ക്കൊണ്ടേ മതിയാവൂ. നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് വിശ്വാസത്തിന്റെ തലങ്ങളില്‍ അര്‍ ത്ഥങ്ങള്‍ ഉണ്ടെന്നും, ഈ ലോകത്തിന്റെ അവ്യക്തതകളില്‍ പോലും ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ പതറില്ല എന്നും, ഈ ലോക ത്തിനപ്പുറത്തുള്ള നിത്യജീവന് മുന്‍ഗണന നല്‍കുന്ന നമ്മള്‍, ആനന്ദവും, ആത്മവിശ്വാസവും നിറഞ്ഞ ജീവിതത്തിലൂടെ പൊതു സമൂഹത്തില്‍ ക്രൈസ്തവ സാക്ഷികളാവണം.
2) പരാജയപ്പെടാത്ത പ്രത്യാശ
ക്രിസ്തു ശിരസ്സും ശരീരവുമായിരിക്കുന്ന തിരുസഭയില്‍ ആയിരിക്കുന്നിടത്തോളം കാലം ആത്യന്തികമായി നാം സുരക്ഷിതരാ ണെന്ന പ്രത്യാശയില്‍ ജീവിക്കുന്നവരായിരിക്കണം ക്രൈസ്തവര്‍. പത്രോസാകുന്ന പാറമേല്‍ പണിയപ്പെട്ടിരിക്കുന്ന സഭയ്‌ക്കെതിരെ നരക കവാടങ്ങള്‍ പ്രബലപ്പെടുകയില്ല (മത്താ. 16:18) എന്നും, നാം ഇന്ന് അനുഭവിക്കുന്ന ഭൗതികയാതനകള്‍, ദൈവികരീതികള്‍ മനസ്സിലാക്കാനുള്ള പദ്ധതികളാണെന്നും (സങ്കീ. 119:71) നാം തിരിച്ചറിയണം. താന്‍ തെരഞ്ഞെടുക്കുന്ന വര്‍ക്കും, തന്നില്‍ വിശ്വസിക്കുന്ന വര്‍ക്കും എല്ലാം നന്മയ്ക്കായി ക്രമപ്പെടുത്തുന്ന ദൈവകൃപയെ തിരിച്ചറിഞ്ഞ് (റോമാ 8:28) ജീവിച്ചാല്‍, നമ്മുടെ വിശ്വാസത്തിന്റെ മേന്മ ലോകം നമ്മിലൂടെ മനസ്സിലാക്കുകയും, പീഠത്തിന്മേല്‍ സ്ഥാ പിക്കപ്പെട്ട വിളക്കുപോലെ ലോകത്തെ നാം പ്രകാശിപ്പിക്കുകയും, അങ്ങനെ നാം സ്വന്തമാക്കിയിരിക്കുന്ന വ്യത്യസ്തവും അമൂല്യവു മായ വിശ്വാസം, ശ്രേഷ്ഠമാണെന്ന് പൊതുസമൂഹത്തിന് ബോധ്യമാകുകയും ചെയ്യും. വാക്കുകളാല്‍ പ്രഘോഷിക്കാതെ, സുവി ശേഷാനുഭവം ജീവിതത്തിലൂടെ നല്കുവാനുള്ള അവസരമാണ് പ്രത്യാശയുള്ള ഏതു വിശ്വാസിക്കും ലഭിച്ചിരിക്കുന്നത്.
3) നിത്യരക്ഷയ്ക്കുള്ള മുന്‍ഗണന
കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍, ലോകം മുഴുവനും വേണ്ടി ഫ്രാന്‍സിസ് പാപ്പാ നല്കിയ ദിവ്യകാരുണ്യ ആശീര്‍വാദത്തിന് മുന്നോടിയായി അവിടുന്നു പറഞ്ഞു, നശ്വരതയില്‍ നിന്നും അനശ്വരതയെയും, അനാവശ്യങ്ങളില്‍ ആവശ്യകതയെയും തെരെഞ്ഞെ ടുത്ത് സ്വന്തമാക്കാനുള്ള വിവേകം നാം ആര്‍ജ്ജിക്കണമെന്ന് (Urbi et Orbi, 27 march 2020). അപ്രധാനവും, അനാവശ്യവുമായ പലതും ഉപേക്ഷിക്കുവാന്‍ നാം നിര്‍ബന്ധിക്കപ്പെട്ടു കഴിഞ്ഞു. ആഡംബരങ്ങളും, ആചാരങ്ങളുടെ അതിപ്രസരവും അപ്രധാനമാണെന്നു തിരിച്ചറിഞ്ഞ്, ഏറ്റവും മുന്‍ഗണന നല്‌കേണ്ടവയില്‍ ലക്ഷ്യം വയ്ക്കുവാന്‍ നാം പഠിച്ചു കൊണ്ടിരിക്കുന്നു. കാര്യം കാണാന്‍ വേണ്ടി മാത്രമുള്ള വിശ്വാസങ്ങളും ആചാരങ്ങളും വെടിഞ്ഞ് നിത്യതയെ സ്വപ്നം കാണു വാനുള്ള തിരിച്ചറിവ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. കാരണം ഈ ലോകജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശയു ള്ളവരാണെങ്കില്‍, മറ്റു മനുഷ്യരെക്കാള്‍ നാം നിര്‍ഭാഗ്യവാന്മാരാണ് (1 കോറി. 15:19). അലൗകികമായ ആഗ്രഹങ്ങളും സ്വപ്നങ്ങളും നയിക്കുമ്പോള്‍ മാത്രമേ, നാം സ്വര്‍ഗ്ഗോന്മുഖരായി മറ്റുള്ളവര്‍ക്ക് കാണപ്പെടുകയുള്ളൂ. ധ്യാനപ്രസംഗങ്ങളും, അനുഷ്ഠാനങ്ങളും, ഭൗതികസുരക്ഷയ്ക്കപ്പുറത്ത് സ്വര്‍ഗത്തെ സ്വപ്നം കാണുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതാകണം. കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളില്‍, ദൈവികമായവ മാത്രമാണ് ശ്വാശ്വതമെന്നും, ഭൗതിക ജീവനെക്കാള്‍ ശ്രേഷ്ഠമാണ് നിത്യജീവനെന്നുമുള്ള ബോധ്യത്തോടെ ജീവിക്കുന്ന വിശ്വാസി സമൂഹം, അക്രൈസ്തവരെയും ക്രിസ്തുവിലുള്ള നിത്യരക്ഷയെക്കുറിച്ച് ആഗ്രഹിക്കുവാന്‍ പ്രേരിപ്പിക്കും.
4) ആത്മീയതയും അനുഷ്ഠാനങ്ങളും
അനുഷ്ഠാനങ്ങളെ അതിലംഘിക്കുന്ന ആത്മീയതയുടെ ആഴങ്ങള്‍ ആവശ്യമാണെന്ന് ഈ കോവിഡ്കാലം നമ്മെ പഠിപ്പിച്ചുകൊ ണ്ടിരിക്കുന്നു. പരിമിതികളോടെ ദേവാലയത്തിലെ കൂദാശകള്‍ പുനരാരംഭിച്ചാലും, ആഴമേറിയ ആത്മീയതയ്ക്ക് മാത്രമേ സ്ഥായിയായ നിലനില്പുള്ളൂ എന്നു തിരിച്ചറിയുന്ന അവസരങ്ങളാണ് ഇത്. മലയിലോ, ദേവാലയത്തിലോ അല്ല, ആത്മാവിലും സത്യത്തിലുമാണ് യഥാര്‍ത്ഥ ആരാധനയെന്ന് ബോധ്യപ്പെട്ട് (യോഹ. 4:22), പുരോഹിതരുടെയും, പൂജകളുടെയും, സമയങ്ങളുടെയും, നിബന്ധനകളില്ലാത്ത, ആത്മീയാനുഭവങ്ങളും, ബോധ്യങ്ങളും രൂപീകരിക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍, നാം ആത്മീയ ഉന്നതി പ്രാപിക്കുകയാണ് ചെയ്യുന്നത്. ദൈവകൃപയും, ആത്മീയാനുഭവങ്ങളും, ആചാരാനുഷ്ഠാനങ്ങള്‍ക്കും, കൗദാശിക ക്രമങ്ങള്‍ക്കും ഉപരിയാണെന്നും, ബാഹ്യമായ പ്രതീകങ്ങളുടെ അസാന്നിധ്യത്തിലും ദൈവകൃപ സാധിതമാണെന്നുമുള്ള ബോധ്യങ്ങള്‍ പക്വതയേറിയ ആദ്ധ്യാത്മികതയെ വളര്‍ത്തുന്നു. അനുഷ്ഠാനങ്ങളുടെ തിരസ്‌കരണമല്ല, മറിച്ച് വിശ്വാസജീവിതം അനുഷ്ഠാനങ്ങള്‍ക്ക് അതീതമല്ലെന്നും, അവ സത്യത്തിലും അരൂപിയിലും ആരാധിക്കുവാനുള്ള സഹായികളാണെന്നും തിരിച്ചറിയേണ്ടത് നമ്മുടെ മതജീവിതത്തിന്റെ തന്നെ ആവശ്യമായിരുന്നു. അതിനാല്‍ സുവിശേഷവത്കരണത്തിന്റെ ലക്ഷ്യം, അനുഷ്ഠാനങ്ങള്‍ക്കപ്പുറ ത്ത് ആത്മീയതയിലേക്കാണ് സമൂഹങ്ങളെ നയിക്കേണ്ടതെന്ന കാഴ്ചപ്പാടുവഴി ബാഹ്യ സാദൃശ്യങ്ങളില്‍ വിശ്വാസപ്രഘോഷണങ്ങളെ ഒതുക്കിനിര്‍ത്താതെ, ഹൃദയത്തിന്റെ ആഴങ്ങളില്‍ സമാധാനവും, ദൈവസ്‌നേഹവും, കരുണയും അനുഭവിക്കുവാന്‍ പ്രേരിപ്പിക്കുന്നതാവണം. അങ്ങനെ ആത്മീയതയില്‍ ഊന്നിയ പ്രേഷിതര്‍, മനുഷ്യമക്കളെ ആത്മീയതയിലേക്ക് നയിക്കുമ്പോഴാണ് സ്ഥായിയായ സുവിശേഷവത്കരണം നടക്കുന്നത്.
5) മാനവികതയുടെ മിഷനറിമാര്‍
ഒരു നവീന ക്രൈസ്തവ മാനവികതയുടെ നിര്‍മ്മാണം, കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാനായി തന്റെ ‘സര്‍വ്വരും സഹോദരര്‍’ എന്ന പുതിയ ചാക്രികലേഖനത്തി ലൂടെ ഫ്രാന്‍സിസ് പാപ്പാ പരിശ്രമിക്കുന്നു. യഥാര്‍ത്ഥമായ സുവിശേഷപ്രഘോഷണം വര്‍ണ്ണ-വര്‍ഗ്ഗ, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ദൈവത്തിന്റെ സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നതും അത നുഭവിക്കാന്‍ അവസരം നല്‍കുന്നതുമാണെന്ന് മാര്‍പാപ്പ ഉദ് ബോധിപ്പിക്കുന്നു. തത്വസംഹിതകളും, ദൈവശാസ്ത്രവുമല്ല, മറിച്ച് എല്ലാ മനുഷ്യരെയും, ദൈവമക്കളായിക്കണ്ടുകൊണ്ട്, അവരെ ശുശ്രൂഷിക്കുന്നതും സ്‌നേഹിക്കുന്ന തും ഔദാര്യമല്ല, കടമയാണെന്ന ബോധ്യത്തില്‍, നന്മയുടെ മാതൃകകളാകുന്ന സഭാസമൂഹങ്ങളാണ് യഥാര്‍ത്ഥ പ്രേഷിതര്‍ എന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു (സര്‍വ്വരും സഹോദരര്‍, 236). അതിനാല്‍ താത്വികചിന്തകളോ, ആദര്‍ശങ്ങളോ, കുലീനത്വമോ അല്ല, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുവാനും, സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനുമുള്ള നന്മനിറഞ്ഞ മനസ്സുകളാണ്, ലോകത്തില്‍ ക്രിസ്തുവിന്റെ സുവിശേഷകരാകുന്നത്. മത-സാമൂഹ്യ അവബോധങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, എല്ലാ മനുഷ്യരെയും, മതങ്ങളെയും, വര്‍ഗ്ഗങ്ങളെയും, ലിംഗഭേദങ്ങളെയും ദൈവമക്കളെന്ന നിലയില്‍ വിവേചനമില്ലാതെ കണ്ടുകൊണ്ട്, ശുശ്രൂഷിക്കുകയും, സ്‌നേഹിക്കുകയും, ആദരിക്കുകയും ചെയ്യുമ്പോഴാണ് ക്രൈസ്തവസമൂഹത്തിന്റെയും, സുവിശേഷത്തിന്റെയും മേന്മ ലോകസമൂഹത്തിന് ബോധ്യമാകുന്നത്. കൊറോണ വൈറസ്‌പോലെ ആഗോളമായി മനുഷ്യമക്കളെ ബാധി ക്കുന്ന എല്ലാ പ്രതിസന്ധികളിലും, മാനവികതയുടെ ഏറ്റവും മെച്ചമായ മുഖം ക്രൈസ്തവസമൂഹം പ്രകടമാക്കിയാല്‍, അതാണ് വാഗ്‌വിലാസത്തെ ആശ്രയിക്കാത്ത ഏറ്റവും ശക്തമായ സുവിശേഷ വത്ക്കരണം.


6) മുന്‍ഗണനകളുടെ പുനര്‍നിര്‍മ്മിതി
കോവിഡിന്റെ വിപത്തില്‍, ആവശ്യങ്ങളും അത്യാവശ്യങ്ങളും, അനാവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം നാം ശരിക്കും മനസ്സിലാക്കി. ദൈവരാജ്യ സ്ഥാപനത്തിനായി നിലനില്ക്കുന്ന ഭൂമിയിലെ സഭ, അതിന്റെ ഉദ്ദേശ്യപ്രാപ്തിക്ക് തടസ്സമായി നില്‍ക്കുന്ന എല്ലാ അനാവശ്യ മനോഭാവങ്ങളെയും സം വിധാനങ്ങളെയും പുനര്‍നിര്‍മ്മിച്ചേ മതിയാവൂ. തിരുസഭയിലെ ഏതൊരു ശുശ്രൂഷയുടെയും സ്ഥാപനത്തിന്റെയും, സംവിധാനത്തിന്റെയും മൂല്യം സുവിശേഷവത്കരണത്തിനായി അത് എന്തുമാത്രം സഹായിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പ്രേഷിതപ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന ഏതു സഭാസംവിധാനവും, ക്രിസ്തുവിന്റെ സുവിശേഷത്തിന് വിരുദ്ധമാണെന്നും, അവയെ സുവിശേഷാത്മകമായി പുനര്‍നിര്‍മ്മി ക്കണമെന്നും ‘ആനന്ദത്തിന്റെ സു വിശേഷം’ എന്ന പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു (ആനന്ദത്തിന്റെ സുവിശേഷം, 26). നല്ല സമരിയാക്കാരന്റെ ഉപമ ആനുകാലികമായി വ്യാഖ്യാനിച്ചുകൊണ്ട്, മായം ചേരാത്ത ദൈവസ്‌നേഹത്തിന്റെ മാതൃകകളായി സഭാസംവിധാന ങ്ങളെ പുനര്‍നിര്‍മ്മിക്കണമെന്ന് തന്റെ ‘സര്‍വ്വരും സഹോദരര്‍’ എന്ന ചാക്രികലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ദേവാലയമോ, ആചാരങ്ങളോ, വചനപ്രഘോഷണങ്ങളോ, മറ്റു ശുശ്രൂഷകളോ, ദൈവമക്കളെ സ്‌നേഹിക്കുന്നതില്‍നിന്നും, ശുശ്രൂഷിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിച്ചുകൂടാ. കാരണം സ്‌നേഹിക്കാത്തവന്‍ ദൈവത്തിന്റെ കൂടെയല്ല (1 യോഹ. 4:8-16). ദൈവശാസ്ത്രത്തിന്റെ പ്രമാണികതയെക്കാള്‍, ദൈവസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരങ്ങളാണ് ക്രിസ്തുവിശ്വാസത്തിലേക്ക് മനുഷ്യമക്കളെ നയിക്കുക എന്ന് നാം മനസ്സിലാക്കണം. അതിനാല്‍ സ്‌നേഹത്തിന്റെ പ്രമാണം അടിസ്ഥാനമാക്കി സഭാസംവിധാനങ്ങളെയും ശുശ്രൂഷകളെയും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ, അവ പ്രേഷിതപ്രവര്‍ത്തനങ്ങളായി പരിണമിക്കൂ.
7) എളിമ നിറഞ്ഞ പ്രേഷിതശുശ്രൂഷകര്‍
കൊറോണ വൈറസിന്റെ ആഗോളവ്യാപനവും, അതിപ്രസരവും, മനുഷ്യബുദ്ധിയുടെയും, വിദ്യകളുടെയും, മതങ്ങളുടെയും നിസ്സഹയാവസ്ഥയും, ഈ ലോകത്തെ കൂടുതല്‍ വിനീതമാക്കി. വിശ്വാസത്തിന്റെ സാന്നിധ്യത്തില്‍, മനുഷ്യഅഹന്തയുടെ വീര്യം അവസാനിക്കുന്നു (റോമാ 3:27). ദൈവരാജ്യം നമ്മുടെ എല്ലാവിധ പ്രേഷിതപരിശ്രമങ്ങള്‍ക്കും അതീതവും, നമ്മുടെ വീക്ഷണങ്ങള്‍ക്കും, സങ്കല്പങ്ങള്‍ക്കും അപ്പുറത്തുമാണെന്ന് വിശ്വാസത്തിന്റെ സൃഷ്ടിയില്‍ നാം കണ്ടെത്തിയിരിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നതുപോലെ, സര്‍വ്വശക്തനായ ദൈവത്തിനായി ആരും പ്രതിരോധം തീര്‍ക്കേണ്ട ആവശ്യമില്ല. അവന്റെ നാമം ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തണമെന്നും അവന്‍ ആഗ്രഹിക്കുന്നില്ല (സര്‍വ്വരും സഹോദരര്‍, 286). നാം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വിഷമിക്കുമ്പോള്‍, വ്യക്തിപരമോ സംഘടിതമോ ആയ നേട്ടങ്ങളിലല്ല, മറിച്ച് വിശ്വസ്തതയിലും, വിനീതമായ പങ്കാളിത്തത്തിലുമാണ് നാം അഭിമാനം കൊള്ളേണ്ടത്. കഷ്ടപ്പെടുന്ന ദൈവമക്കളില്‍ ദൈവത്തെ കണ്ടെത്തി ആരാധിക്കാന്‍ സാധിച്ചാല്‍ (സര്‍വ്വരും സോദരര്‍, 287) നമ്മുടെ ശുശ്രൂഷകള്‍, എളിമയുടെ മാതൃകകളായി ലോകത്തെ വെല്ലുവിളിക്കും. ഇത്തരത്തില്‍ മെച്ചമായ ദൈവാനു ഭവത്തിന്റെ പ്രകടനങ്ങള്‍ക്കു മാത്രമേ, സുവിശേഷത്തിലെ യേശുവിന്റെ കരുണയും, സ്‌നേഹവും, ലോകത്തിന് പങ്കുവയ്ക്കുവാന്‍ സാധിക്കൂ.
കോവിഡ് മഹാമാരി വിതയ്ക്കുന്ന ഈ ആശങ്കകളില്‍ പ്രത്യാശയില്ലാത്തവരെപ്പോലെ ദുഃഖിക്കാതെ (1 തെസ. 4:13) വിശ്വാസ മെന്ന ദൈവികദാനത്തിന് നന്ദി പറഞ്ഞുകൊണ്ട് സ്വര്‍ഗ്ഗോന്മുഖമായി ഉത്സാഹത്തോടെ നമുക്ക് ജീവിക്കാം, സാക്ഷ്യം വഹിക്കാം. അനുഷ്ഠാനങ്ങളെ അതിലംഘിക്കുന്ന ആത്മീയതവഴി ചുറ്റുമുള്ളവരെ അതിശയിപ്പിക്കുന്ന രീതിയില്‍ (മത്താ. 5:20) സ്‌നേഹത്തി ന്റെയും കാരുണ്യത്തിന്റെയും സുകൃതങ്ങള്‍ അഭ്യസിക്കുന്ന വിശ്വാസസമൂഹങ്ങള്‍ ലോകത്തില്‍ നില നിന്നാല്‍, നമ്മുടെ സല്‍പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുന്നവര്‍ ധാരാളമുണ്ടാകും (മത്താ. 5:16). അങ്ങനെ പ്രതികൂലമായ ഈ സാഹചര്യങ്ങളിലും, സുവിശേഷത്തി ന്റെ സ്‌നേഹവും, കാരുണ്യവും പ്രത്യാശയുമാകുന്ന വെളിച്ചം നല്‍കി ജനഹൃദയങ്ങളെ സ്പര്‍ശിക്കുവാനായി നാം പരിശ്രമിച്ചാല്‍, പരിമിതമായ വാക്കുകള്‍ കൊണ്ട് തന്നെ ഫലപ്രദമായ പ്രേഷിത പ്രവര്‍ത്തനം നടത്താം.

Leave a Comment

*
*