സ്നേഹവും നിര്‍ഭയത്വവും പ്രിയതരമാക്കിയ ജീവിതം

സ്നേഹവും നിര്‍ഭയത്വവും പ്രിയതരമാക്കിയ ജീവിതം

ഫ്രാങ്ക്ളിന്‍ എം

പൗരോഹിത്യത്തില്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നും തന്നെയില്ല.
ലഭിച്ചതെല്ലാം സൗജന്യമായി കിട്ടിയതാണ്….
എല്ലായിടത്തും സ്നേഹിക്കപ്പെടുന്നു എന്നതാണ് എന്‍റെ ബലം.
– മോണ്‍. ജോര്‍ജ്ജ് ഓലിയപ്പുറം

74-ാം വയസ്സില്‍, പൗരോഹിത്യത്തിന്‍റെ 50-ാം വര്‍ഷത്തില്‍ ഓലിയപ്പുറം ജോര്‍ജ്ജച്ചന് ഒരു രത്നം കിട്ടി. സീറോ-മലബാര്‍ സഭയുടെ വൈദികരത്നം അവാര്‍ഡ്. രത്നം കിട്ടിയതറിഞ്ഞ് കന്യാസ്ത്രീകളും അച്ചന്‍മാരും അല്മായരുമൊക്കെ വിളിയോടുവിളി. അപ്പോഴാണ് ഇത് ഇത്രയും വലുപ്പമുള്ള ഒന്നാണെന്ന് അച്ചന്‍ അറിയുന്നത്. എന്നാല്‍ അധികാരവും അംഗീകാരവുമൊക്കെ ഒരു തരത്തില്‍ ഭാരമാണെന്നാണ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ഓലിയപ്പുറത്തിന്‍റെ പക്ഷം. "രത്നം കിട്ടിയപ്പോള്‍ ഞാനേതോ വലിയ പുള്ളിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത്തരത്തില്‍ നാമെന്തിനു മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തണം. അധികാരവും പദവികളും അംഗീകാരവുമെല്ലാം ശുശ്രൂഷയ്ക്കുവേണ്ടിയുള്ളതാകണം" – അച്ചന്‍ പറയുന്നു.

ജോര്‍ജ്ജച്ചന്‍റെ ജീവിതം ഈ വിധത്തില്‍ വിനീതമായ ശുശ്രൂഷയുടെ വിരുന്നായിരുന്നുവെന്ന് അച്ചനെ അറിയാവുന്നവര്‍ക്കെല്ലാമറിയാം. ജന്മം മുതല്‍ ഇതുവരെ ലഭിച്ചതെല്ലാം ദൈവത്തിന്‍റെ സൗജന്യമായിരുന്നുവെന്ന് അച്ചന്‍ വിശ്വസിക്കുന്നു: "പൗരോഹിത്യത്തില്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നും തന്നെയില്ല. ലഭിച്ചതെല്ലാം സൗജന്യമായി കിട്ടിയതാണ്. ഒന്നും ചോദിച്ചു വാങ്ങിയിട്ടില്ല." റോമില്‍ പഠിക്കാന്‍ പോയതും അവിടെവച്ചു പട്ടമേറ്റതും മുതല്‍ മുതലക്കോടം പള്ളി സഹവികാരിയായി തുടങ്ങി ഇപ്പോള്‍ കോതമംഗലം രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസായി സേവനം തുടരുന്നതു വരെയുള്ള കാര്യങ്ങളത്രയും ദൈവം ക്രമീകരിച്ചതാണ്. "നാം ചോദിക്കുന്നതെല്ലാം നല്ലതാകണമെന്നില്ല. എന്നാല്‍ ദൈവം തരുന്നതെല്ലാം നല്ലതായിരിക്കും. അതുകൊണ്ട് ചോദിച്ചു വാങ്ങി കുഴപ്പമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല" – അച്ചന്‍ പറയുന്നു.

ദൈവേഷ്ടത്തിനു വിട്ടു കൊടുത്തപ്പോള്‍ എല്ലായിടത്തും സ്വീകാര്യത കൈവന്നു. കലയന്താനി പള്ളിയില്‍ അസിസ്റ്റന്‍റായിരിക്കേ ബിഷപ്പിന്‍റെ സെക്രട്ടറിയാകാന്‍ അറിയിപ്പു കിട്ടി. പിതാവിന്‍റെ കൂടെയുള്ള യാത്രയും മറ്റും ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടുള്ളതാണ്. പക്ഷെ കലയന്താനിയില്‍ ചാര്‍ജ്ജെടുക്കേണ്ട അച്ചന്‍റെ അസൗകര്യംമൂലം പ്രൈവറ്റ് സെക്രട്ടറി പോസ്റ്റ് നടപ്പായില്ല. ഒട്ടും നിരാശ തോന്നിയില്ല. ഒരു വര്‍ഷം കൂടി അജപാലന പരിചയം നല്‍കാനുള്ള ദൈവികപദ്ധതിയില്‍ സന്തോഷിച്ചു. തുടര്‍ന്ന് ബിഷപ്സ് ഹൗസിലേക്കുതന്നെ വിളി വന്നു – മിഷന്‍ ലീഗ് ഡയറക്ടറായി. അവിഭക്ത കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിലും കടന്നുചെന്ന് ജോര്‍ജ്ജച്ചന്‍ കസറി. എഴുപതുകളുടെ ആരംഭത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഹൈറേഞ്ചിലെ മലകളും ഇടവഴികളും വയല്‍ വരമ്പുകളുമൊക്കെ താണ്ടി ഇറ്റലിയില്‍ പഠനം കഴിഞ്ഞു വന്നപ്പോള്‍ കപ്പലില്‍ കയറ്റിക്കൊണ്ടു വന്ന ലാംബ്രട്ട സ്കൂട്ടറിലായിരുന്നു യാത്ര. സ്കൂട്ടറില്‍ പാറിപ്പറന്നു വരുന്ന കൊച്ചച്ചന്‍ ഹൈറേഞ്ചുകാര്‍ക്ക് വിസ്മയമായിരുന്നു. പാട്ടും പ്രസംഗവും ആഘോഷമായ കുര്‍ബാനയുമൊക്കെയായി എല്ലാ ഇടവകകളിലേക്കും ചെന്നു. "എന്നെ പക്വതയിലേക്കു വളര്‍ത്തിയ നാളുകളായിരുന്നു അത്. എനിക്ക് എല്ലാവരോടും ഇഷ്ടം. എന്നെയും എല്ലാവര്‍ക്കും ഇഷ്ടം. മണ്ണിനെ സ്നേഹിച്ചു, ആളുകളെ സ്നേഹിച്ചു, സാഹസീകതയെയും അസൗകര്യങ്ങളെയും സ്നേഹിച്ചു. രൂപതയെ സ്നേഹിക്കാനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനും കഴിഞ്ഞ നാളുകള്‍…." ഫാ. ഓലിയപ്പുറം അനുസ്മരിക്കുന്നു.

പിന്നീട് ഉപരിപഠനത്തിനു റോമിലേക്ക്. ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് "ഭാരതീയ പശ്ചാത്തലത്തില്‍ വികസനത്തിന്‍റെ ദൈവശാസ്ത്രം" എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഓസ്ട്രേലിയക്കാരനായ ഈശോ സഭാ വൈദികന്‍ ഫാ. ജറാള്‍ഡ് ഒ കോളിന്‍സായിരുന്നു ഗൈഡ്. ഇംഗ്ലീഷ് പ്രാവീണ്യം നേടാനും വിവിധ ആചാരാനുഷ്ഠാനങ്ങള്‍ പരിചയിക്കാനും സാധിച്ചു. നാട്ടില്‍ തിരിച്ചെത്തി വിവിധ ശുശ്രൂഷകളില്‍ വ്യാപരിച്ചു. വാഴക്കുളം, മൂവാറ്റുപുഴ, ആരക്കുഴ, മുതലക്കോടം പള്ളികളില്‍ വികാരിയായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി പ്രസിഡന്‍റ്, രൂപത ചാന്‍സലര്‍, സിഎംഎല്‍, കെസിഎസ്എല്‍, വിജ്ഞാനഭവന്‍, കാത്തലിക് ചാരിറ്റീസ് എന്നിവയുടെ രൂപത ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2015 വരെ രൂപത സിഞ്ചല്ലൂസായിരുന്നു. 2015 മുതല്‍ പ്രോട്ടോ സിഞ്ചല്ലൂസായി സേവനം ചെയ്യുന്ന മോണ്‍. ഓലിയപ്പുറം, രാഷ്ട്രദീപിക കമ്പനി ഡയറക്ടര്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരുന്നു. ധ്യാനഗുരുവും വാഗ്മിയുമാണ്.

രൂപതാ ചാന്‍സലറായി പത്തു വര്‍ഷം പ്രവര്‍ത്തിക്കുന്നതിനിടയില്‍ കേരളത്തിലെ മൂന്നു റീത്തു കളിലും പെട്ട എല്ലാ രൂപതകളിലെയും വൈദികരെ ധ്യാനിപ്പിച്ചിട്ടുണ്ട്. വാഴക്കുളത്ത് വികാരിയായിരിക്കുമ്പോഴും അതു തുടര്‍ന്നു. സന്യാസ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കു വേണ്ടിയും ധ്യാനങ്ങള്‍ നടത്തി. വാഴക്കുളത്ത് വികാരിയായിരിക്കുമ്പോഴാണ് ആലുവ മംഗലപ്പുഴ സെമിനാരി റെക്ടറായി നിയമിക്കപ്പെടുന്നത്. "എന്നെ അത്ഭുതപ്പെടുത്തിയ നിയമനമായിരുന്നു അത്. ഒരുപക്ഷെ ഞാന്‍ നടത്തിയ ധ്യാനങ്ങളാകാം ആ നിയമനത്തിനു നിദാനമായത്" – ഫാ. ഓലിയപ്പുറം നിരീക്ഷിക്കുന്നു. അതെന്തായാലും വൈദികാര്‍ത്ഥികളുടെ പ്രിയങ്കരനായ റെക്ടറാകാന്‍ അച്ചനു കഴിഞ്ഞു. ഒരു സാധാരണക്കാരന്‍റെ കാഴ്ചപ്പാടിലൂടെ, ഇടവക വികാരിയുടെ ആത്മീയാനുഭവത്തിലൂടെ കാര്യങ്ങള്‍ നിര്‍വഹിച്ചതാകാം അതിനു കാരണം. "സെമിനാരിയെക്കുറിച്ച് എനിക്കൊന്നും അറിയില്ലായി രുന്നു. അതായിരുന്നു അവിടെ വിജയിക്കാനുള്ള കാരണം. എല്ലാം അറിയാവുന്ന ഒരു റെക്ടര്‍ക്ക് ഉപദേശിക്കാനും ശകാരിക്കാനും ശിക്ഷിക്കാനുമൊക്കെ സാധിക്കും. എനിക്കൊന്നും അറിയില്ല. എന്നാല്‍ കുട്ടികളെ മനസ്സിലാക്കാനും ശ്രവിക്കാനും പരിശ്രമിച്ചു. അതു വിജയിച്ചു."

മൂന്നു റീത്തുകളും ഉള്‍പ്പെട്ട അവിഭക്ത ആലുവ സെമിനാരിയുടെ അവസാനത്തെ റെക്ടറായിരുന്നു ഫാ. ജോര്‍ജ്ജ് ഓലിയപ്പുറം. വിഭജിക്കപ്പെട്ട സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ആദ്യ റെക്ടറെന്ന വിശേഷണവും അച്ചനു തന്നെ. അങ്ങനെ ആറുവര്‍ഷങ്ങള്‍. രൂപതകള്‍തോറും നടത്തിയ ധ്യാനങ്ങളിലൂടെ വൈദികര്‍ക്കെല്ലാം സുപരിചിതനും സ്വീകാര്യനുമായ ഓലിയപ്പുറം അച്ചന്‍റെ കാലത്തു നടന്ന സെമിനാരി വിഭജനം അതുകൊണ്ടുതന്നെ വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല. വിഭജനത്തോട് വ്യക്തിപരമായി വിയോജിച്ചയാളാണ് അച്ചന്‍. പക്ഷെ സഭാ പിതാക്കന്മാരുടെ തീരുമാനത്തോടു വിധേയപ്പെട്ടു. അച്ചന്‍റെ അഭിപ്രായത്തില്‍, വേദന കുറഞ്ഞ ഒരു ഓപ്പറേഷനായി സെമിനാരി വിഭജനം പര്യവസാനിച്ചു.

ഓലിയപ്പുറം എന്ന റെക്ടറച്ചന്‍റെ നന്മകള്‍ ഇന്നും അയവിറക്കുന്ന നിരവധി വൈദികര്‍ കേരള സഭയിലെ മൂന്നു റീത്തിലുമുണ്ട്. "എനിക്കു ഭാഷ അറിയാം. ഗ്രാമര്‍ കൃത്യമായി നോക്കാറില്ല. നിയമം മാത്രം നോക്കിയല്ല ഞാന്‍ പെരുമാറിയത്. എല്ലായിടത്തും ഇതാണു പ്രശ്നം. നിയമം നോക്കും. കുട്ടികളെ വേദനിപ്പിക്കാതെ അധികാരം ഉപയോഗിക്കാതെ ഞാന്‍ അവരെ സ്നേഹിച്ചു." കുടുംബങ്ങളിലും കുട്ടികള്‍ക്കു സ്വാതന്ത്ര്യം കൊടുക്കണമെന്ന് അച്ചന്‍ പറയുന്നു. കുട്ടികളെ മനസ്സിലാക്കണം, അവരെ സ്നേഹിക്കണം, ശ്രവിക്കണം, പ്രോത്സാഹിപ്പിക്കണം. അടിസ്ഥാനപരമായി നന്മ എല്ലാവരിലുമുണ്ട്. കുട്ടികളെ വിധിച്ചു നശിപ്പിക്കരുത്. അവസാനത്തെ ശിക്ഷ ആദ്യം പ്രയോഗിക്കുകയുമരുത് – അച്ചന്‍ വിശദീകരിക്കുന്നു. വൈദിക പരിശീലനത്തിലെ മാറ്റങ്ങള്‍ എല്ലാക്കാലത്തും ചര്‍ച്ചാവിഷയമാണ്. അവിടെയും ഗ്രാമര്‍ നോക്കാതെ നല്ല മാതൃകകള്‍ നല്‍കാനാണ് ഓലിയപ്പുറം അച്ചന്‍ നിഷ്കര്‍ഷിക്കുന്നത്. വിശുദ്ധിയുടെയും നന്മയുടെയും നല്ല മാതൃകകള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. മനുഷ്യത്വവും തുറവിയുമുള്ള അധ്യാപകര്‍ വേണം. സ്നേഹത്തെക്കുറിച്ച് പുസ്തകത്തിലൂടെയല്ല, ജീവിതത്തിലൂടെ പഠിപ്പിക്കണം. ഗ്രാമര്‍ മാത്രം പഠിപ്പിച്ചു ഭാഷ പഠിപ്പിക്കാനാവില്ല. ഏതു വിദ്യാഭ്യാസത്തിലും ഇതാണു വേണ്ടത്.

മുതലക്കോടത്ത് വികാരിയായി ചെന്ന ആദ്യവര്‍ഷം ക്രിസ്മസ് കാലത്ത് അച്ചന്‍ കാന്‍സര്‍ രോഗബാധിതനായി. മുപ്പതു റേഡിയേഷനുകളും ആറു കീമോയും. ക്രിസ്മസില്‍ കിടപ്പിലായ അച്ചന്‍ ഈസ്റ്ററിലാണ് പുറത്തുവന്നത്. പക്ഷെ രോഗമോ അതിന്‍റെ വ്യാധിയോ അച്ചനെ തെല്ലും അസ്വസ്ഥനാക്കിയില്ല, തളര്‍ത്തിയില്ല. റേഡിയേഷന്‍റെ സമയത്തും ക്ലാസ്സുകളെടുക്കാന്‍ പോകുമായിരുന്നു. രോഗത്തിന്‍റെ ശാരീരിക പരിമിതികള്‍ ഉണ്ടാകാം, എന്നാല്‍ അതിന്‍റെ മാനസീക വശം അച്ചന്‍ പരിഗണിച്ചേയില്ല. കണ്ടുനിന്നവരും കാണാന്‍ വന്നവരും കരഞ്ഞു. ചിരിയിലൂടെ കാന്‍സറിന്‍റെ തോളില്‍ കയ്യിട്ട് അവരൊടൊക്കെ അച്ചന്‍ പറഞ്ഞു: "ദൈവം എല്ലാം അറിയുന്നു. അവിടുന്ന് നമ്മെ സ്നേഹിക്കുന്നു."

ഈ ദൈവസ്നേഹം കലവറയില്ലാതെ പങ്കുവച്ചു നല്‍കാനാണ് ഓരോ വൈദികനും ശ്രമിക്കേണ്ടതെന്ന് അച്ചന്‍ വ്യക്തമാക്കുന്നു. "ജീവിതത്തില്‍ എനിക്ക് ഒരു മാതൃകയും ഒരു മാനദണ്ഡവുമേ യുള്ളൂ – യേശു. 33 വയസ്സുവരെ ജീവിച്ച അവന്‍റെ ജീവിത സാഹചര്യങ്ങളൊന്നും അനുകൂലമായിരുന്നില്ല. "എന്‍റെ പിതാവ് എന്നെ സ്നേഹിച്ചതുപോലെ…" ഈ അവബോധമാണ് ക്രിസ്തുവിനെ നയിച്ചത്. സ്നേഹം കൊടുക്കാനുള്ള വെല്ലുവിളിയായി നമ്മുടെ പ്രതിസന്ധികളെ കാണണം. സ്നേഹം കിട്ടാത്തവരുണ്ടെങ്കില്‍ അതു വില്‍ക്കാന്‍ പറ്റിയ ഏറ്റവും പറ്റിയ മാര്‍ക്കറ്റ് അതല്ലേ?" അച്ചന്‍ ചോദിക്കുന്നു. പിതാവിന്‍റെയും പുത്രന്‍റെയും സ്നേഹാനുഭവം ഇല്ലാത്തതാണ് പലരുടെയും പ്രശ്നം. എന്നെ ആര്‍ക്കും വേണ്ട എന്ന ചിന്ത. സ്നേഹമില്ലാത്ത ഇടങ്ങള്‍ ഒരു ഭീഷണിയായിട്ടാണ് നമുക്കു തോന്നുന്നത്. എന്നാല്‍ അതൊരു സാധ്യതയായി എടുക്കണം. ദൈവത്തിന്‍റെ സ്നേഹം നമുക്കു മുഴുവനായി തന്നിരിക്കുകയാണ്. അതു കൊണ്ടുപോയി കൊടുക്കുക. ഈ ആബാനുഭവം ഇല്ലാതെ പോകുന്നതാണ് പൗരോഹിത്യം വഴിതെറ്റാനും നിര്‍വീര്യമാകാനും ശുഷ്ക്കമാകാനും കാരണം – ഫാ. ഓലിയപ്പുറം സൂചിപ്പി ക്കുന്നു.

നേടാനും വെട്ടിപ്പിടിക്കാനുമുള്ള ആഗ്രഹമാണ് മനുഷ്യരുടെ പരാതികള്‍ക്കെല്ലാം കാരണമെന്ന് അച്ചന്‍ പറയുന്നു. നമ്മെ നിരാശപ്പെടുത്തുന്നത് ആഗ്രഹങ്ങളാണ്. കിട്ടിയതില്‍ സംതൃപ്തിയുണ്ടെങ്കില്‍ ആഗ്രഹങ്ങള്‍ വേണ്ടല്ലോ? കൊടുക്കാന്‍ നമുക്ക് ഇഷ്ടം പോലെയുണ്ട്. അതേപ്പറ്റി ചിന്തിച്ചാല്‍ പോരേ? സ്വാര്‍ത്ഥതയും അഹന്തയും വെടിയണം. നാം അല്‍പം താഴെ നിന്നാല്‍ മതി, വലിയ സന്തോഷം കിട്ടും. ആളുകളുടെ മുന്നില്‍ വലിയ കേമത്തമൊന്നും വേണ്ട. സൗഹൃദവും സ്നേഹവും ഉണ്ടാകുന്നത് താഴെ നില്‍ക്കുമ്പോഴാണ്. വലിയ ഭാവം എടുക്കാതിരിക്കുക. മുന്നില്‍ വരുന്നവനെ ചെറുതാക്കാതിരിക്കുക. വേഷം കൊണ്ടും വാക്കുകൊണ്ടും വാഹനം കൊണ്ടും നമുക്കു വലുതാകണ്ട. വസ്ത്രങ്ങളൊക്കെയും സ്വര്‍ഗ്ഗത്തിലെ മട്ടുപ്പാവില്‍ ഉപേക്ഷിച്ച് കാലിത്തൊഴുത്തിലാണ് യേശു പിറന്നത്. ആട്ടിടയന്മാര്‍ക്കു പോലും അവന്‍റെ തുണിയേക്കാള്‍ മെച്ചപ്പെട്ട വസ്ത്രം ഉണ്ടായിരുന്നു. വലുപ്പം കാണിക്കുമ്പോള്‍ ഒത്തിരി പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകും. അതിനാല്‍ നമ്മുടെ സുരക്ഷിതത്വത്തിനുപോലും ലാളിത്യം ഉണ്ടാകണം. വലിയ ഭാവം വെടിയുക എന്നത് നമ്മുടെ സുരക്ഷിതത്വത്തിന് ആവശ്യമാണ് – അച്ചന്‍ അനുസ്മരിപ്പിക്കുന്നു.

കേരളത്തിലെ സീറോ മലബാര്‍ സഭയയെക്കുറിച്ചു ചിന്തിച്ചാല്‍ ചിലര്‍ പറയുന്നപോലെ മോശപ്പെട്ട കാലമാണെന്നൊന്നും അച്ചന് അഭിപ്രായമില്ല. വളരെ സാധ്യതകളുള്ള സമയമാണ്. എന്നാല്‍ ചില ചെറിയ ചെറിയ പ്രശ്നങ്ങളുടെ മുന്നിലാണു പലരും നില്‍ക്കുന്നത്. അവിടെ നിന്നു കണ്ണുമാറ്റണം. യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രശ്നങ്ങളെ നേരിടണം. അതിനുള്ള ആത്മീയ ശക്തിയാണ് നാം ആര്‍ജ്ജിക്കേണ്ടത്. സഭ പാവപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കേണ്ടതാണ്. ദളിതരുടെയും പിന്നോക്കക്കാരുടെയും മറ്റും കാര്യങ്ങളില്‍ വേണ്ടത്ര പരിഗണനകളും നല്‍കണമെന്നും ഫാ. ഓലിയപ്പുറം പറയുന്നു. എന്നാല്‍ ആഡംബരവും ധൂര്‍ത്തും വര്‍ദ്ധിക്കുന്ന സാഹചര്യവും ചില സഭാ സ്ഥാപനങ്ങളെങ്കിലും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവും നില നില്‍ക്കുന്നില്ലേ എന്നു ചോദിച്ചാല്‍ അതൊരു പ്രലോഭനമാണെന്നാണ് ഫാ. ജോര്‍ജ്ജ് ഓലിയപ്പുറം സമര്‍ത്ഥിക്കുക. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം പ്രൊജക്ട് ചെയ്യാനുള്ള പ്രലോഭനം. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ അല്‍പം കുറവു വന്നിട്ടുണ്ടെന്ന് അച്ചന്‍ സൂചിപ്പിക്കുന്നു. ആഡംബരവും ധൂര്‍ത്തുമൊന്നും നല്ലതല്ലെന്നും അത് ചെയ്യരുതാത്ത കാര്യമാണെന്നും വിവരവും വിവേകവും ഉള്ളവര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കണമെന്ന മനഃസ്ഥിതിയാണു രൂപപ്പെടേണ്ടത്. പാവപ്പെട്ടവര്‍ക്കും എളിയവര്‍ക്കും കൊടുത്തു കഴിയുമ്പോള്‍ നമ്മുടെ കയ്യില്‍ കാശില്ലാതാകണം. സമൃദ്ധിയുടെ ഉച്ഛിഷ്ടം കൊണ്ടല്ല നാം മറ്റുള്ളവരെ പോറ്റേണ്ടത്. ആവശ്യത്തിന് അറിഞ്ഞു കൊടുക്കുമ്പോള്‍ നാം ദരിദ്രരാകണം. ദാരിദ്ര്യം വരുത്തി വയ്ക്കാനല്ല, വേദനിച്ചു കൊടുക്കുമ്പോള്‍ അറിയാതെ വരുന്ന ദാരിദ്ര്യം – ആ ദാരിദ്ര്യത്തിന് ഒരു സുഖമുണ്ടെന്ന് ഫാ. ഓലിയപ്പുറം പറയുന്നു.

ഇന്നു നമ്മുടെ കുടുംബങ്ങള്‍ പലവിധ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതില്‍ വിവാഹ മോചന കേസുകള്‍ വളരെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഫാ. ഓലിയപ്പുറം ചൂണ്ടിക്കാട്ടുന്നു. അണുകുടുംബങ്ങളില്‍ പങ്കുവയ്ക്കലിന്‍റെയും സ്നേഹത്തിന്‍റെയും ക്ഷമയുടെയും പാഠങ്ങള്‍ കൂടുതല്‍ നല്‍കപ്പെടാത്തതാണു കാരണം. ഒരു കുട്ടി മതി എന്ന ചിന്തയാണു പലര്‍ക്കും. ബന്ധങ്ങള്‍ വളര്‍ത്താനും ക്ഷമിക്കാനും സഹിക്കാനും വിട്ടുകൊടുക്കാനുമുള്ള മനഃസ്ഥിതി കുടുംബങ്ങളില്‍നിന്നു ലഭിക്കണം. ഒരു കുഞ്ഞിനെയും കൊണ്ടു ജീവിക്കുന്നതല്ല സുഖം എന്നറിയണം. അതുപോലെ പണം എല്ലാമാണെന്നു കരുതുന്ന കേരളീയന്‍റെ മനഃസ്ഥിതി മാറേണ്ടതുണ്ടെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ വാരിക്കോരിയെടുക്കാന്‍ പണം ആരുടെ കയ്യിലുമില്ല. സാമാന്യം വരായ്കയുള്ള കുടുംബത്തിലെ കുട്ടികള്‍ പോലും ഫീസു കൊടുക്കാന്‍ വിഷമിച്ചിരുന്നു. ഇന്നതല്ല സ്ഥിതി. ആയിരവും രണ്ടായിരവും എടുത്തെറിയുകയാണ്. പണത്തിന്‍റെ കൈകാര്യം അറിയില്ല. സമ്പാദി ക്കുകയല്ല വലിയ കാര്യം എന്നറിയണം, ആവശ്യം കഴിഞ്ഞാല്‍ പണം അസൗകര്യമാണെന്നും മനസ്സിലാക്കണം. ദുര്‍മേദസ് വന്നാല്‍ എന്താ ചെയ്ക? 10 കിലോ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ശരീരം മതി. അതുപോലെ അത്യാവശ്യത്തിനു മാത്രം മതി പണവും. അതാണു സുഖവും സൗകര്യവും – അച്ചന്‍ ഉപദേശിക്കുന്നു.

പണമുണ്ടെങ്കിലും സമൃദ്ധിയിലാണെങ്കിലും ആളുകളൊക്കെയും തങ്ങളുടെ കുരിശുകളെക്കുറിച്ചു വ്യാകുലപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം? കുരിശുകള്‍ നേരിടാന്‍ കുരിശിനെ സ്നേഹിച്ചാല്‍ മതിയെന്ന സൂത്രവാക്യമാണ് ഫാ. ഓലിയപ്പുറത്തിനു നല്‍കാനുള്ളത്.

പത്തു കിലോയുള്ള ഒരു കല്ലെടുത്ത് പന്ത്രണ്ടുകാരന്‍റെ കയ്യില്‍ കൊടുത്താല്‍ അല്‍പ നേരം പിടിച്ചുകൊണ്ടു നില്‍ക്കും. കുറേ കഴിയുമ്പോള്‍ അവനതു ഭാരമായിത്തോന്നും, താഴെയിടും. 10 കിലോയുള്ള കുഞ്ഞനുജത്തിയെ ഒക്കത്തു വച്ചു കൊടുത്താല്‍ അവന്‍ പിന്നെ താഴെ വയ്ക്കില്ല, ആര്‍ക്കും കൊടുക്കുകയുമില്ല. അത് അവന്‍റെ അനുജത്തിയാണ്, സ്നേഹമാണ്. ആദ്യത്തേത് വെറും കല്ലായിരുന്നു. സ്നേഹിച്ചു കഴിഞ്ഞാല്‍ ഭാരം ഭാരമല്ലാതാകും. യേശു പറഞ്ഞു: എന്‍റെ നുകം ഭാരം കുറഞ്ഞതാണ് വഹിക്കാന്‍ എളുപ്പമുള്ളതുമാണ്. കുരിശിലേറ്റപ്പെട്ടപ്പോഴും അവിടുന്നു പറഞ്ഞു: ഇത് എന്‍റെ സമയമാണ്. ദൈവം തന്നെ സ്നേഹിക്കുന്നു എന്ന് യേശു ലോകത്തെ ബോധ്യപ്പെടുത്തിയത് കുരിശില്‍ കിടന്നുകൊണ്ടാണ്. സ്നേഹത്തിന്‍റെ വലിയ സാധ്യതയാണു കുരിശ്. അത് എങ്ങനെ സഹിക്കുന്നു എന്നതിലാണ് കാര്യം. യേശുവിനൊപ്പം കുരിശിലേറ്റപ്പെട്ട ഒരു വന്‍ "നീ നിന്നെത്തന്നെ രക്ഷിക്കുക, ഞങ്ങളെയും രക്ഷിക്കുക" എന്നു വിളിച്ചു പറഞ്ഞു. ഇതാണു നമ്മില്‍ പലരുടെയും നിലപാട്. കുരിശില്‍നിന്ന് ഇറങ്ങിയാലാണു രക്ഷ എന്നു നാം വിചാരിക്കുന്നു. പക്ഷെ കുരിശിലാണു രക്ഷ എന്നറിയണം. കുരിശില്‍ കിടന്നു രക്ഷിക്കാം, അനേകരെ ആകര്‍ഷിക്കാം. കുരിശിന്‍റെ ഊര്‍ജ്ജം നാം പ്രയോജനപ്പെടുത്തുന്നില്ല. പോസിറ്റീവ് ഊര്‍ജ്ജമാണ് അതു നല്‍കുന്നത്. കുരിശില്ലാതെ നമുക്ക് സ്നേഹിക്കാനാവില്ല, പങ്കുവയ്ക്കാനാവില്ല. നാം നമ്മുടെ മക്കളോടു പറയുന്നതും കുരിശിന്‍റെ കഥയല്ലേ? എത്ര കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നിന്നെ വളര്‍ത്തിയത്? എത്ര കാത്തിരുന്നാണ് നിന്നെ ഞങ്ങള്‍ക്കു കിട്ടിയത്…? കുരിശിനെ ഒഴിവാക്കാനല്ല സ്നേഹിക്കാന്‍ പഠിക്കണം. നമ്മുടെ ഈ നാട് നന്നാകാത്തത് എന്താണ്? കുരിശുകള്‍ പണിയുകയും പരസ്പരം വച്ചു കൊടുക്കുകയുമാണ്. എടുക്കാന്‍ തയ്യാറല്ല. എന്‍റെ പറമ്പിലെ മാലിന്യം അപ്പുറത്തേക്ക് എറിയുന്നു. അതു സ്വയം മാനേജു ചെയ്താലോ? ആ കുരിശു നീങ്ങി! ഇത്തരത്തില്‍ സ്വയം കുരിശുകളെടുത്താല്‍ നാമും നന്നാകും നാടും നന്നാകും. ഈ സന്ദേശം സഭയടക്കം എല്ലാവരും പ്രഘോഷിക്കണം. കുരിശെടുക്കാന്‍ സഭ പഠിപ്പിക്കണം. കുരിശിന്‍റെ പ്രദക്ഷിണവും കുരിശു പള്ളികളുമല്ല, ജീവിതത്തിലെ കുരിശുകള്‍ എടുത്തുകൊണ്ടുള്ള പ്രദക്ഷിണമാണു നടത്തേണ്ടത്.

ഓലിയപ്പുറം അച്ചനോട് വര്‍ത്തമാനം പറഞ്ഞാല്‍ നേരം പോകുന്നതറിയില്ല. ഏതു വിഷയത്തെക്കുറിച്ചും ഗഹനമായും സരസമായും അച്ചന്‍ സംസാരിക്കും. ഏതു ചോദ്യത്തിനും പുഞ്ചിരിയിലൂടെ ഒഴുകിയെത്തുന്ന മതിയായ മറുപടിയും നല്‍കും. ജീവിതത്തില്‍ സദാ നിറഞ്ഞു നില്‍ക്കുന്ന ഈ സന്തോഷത്തിന്‍റെ രഹസ്യമെന്താണ്? സന്തോഷം വരുന്നത് സന്തോഷം വേണ്ട എന്നു വയ്ക്കുമ്പോഴാണെന്ന് അച്ചന്‍ പറയുന്നു. കിട്ടുന്ന സാധനമാണ് സന്തോഷം. തേടുമ്പോള്‍ അതു നഷ്ടപ്പെട്ടേക്കാം. 10 പേര്‍ക്കു സന്തോഷം കൊടുക്കുമ്പോള്‍ 3 പേരെങ്കിലും തിരിച്ചുതരില്ലേ? സന്തോഷമടക്കം ജീവിതത്തിലെ എല്ലാ മൂല്യങ്ങളും കൊടുത്തു നേടേണ്ടതാണെന്ന് ഫാ. ഓലിയപ്പുറം വിശദീകരിക്കുന്നു.

വ്യക്തിജീവിതത്തിലെ സന്തോഷം ജന്മനാ കിട്ടിയ സുകൃതമാണെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒമ്പതു മക്കളില്‍ മൂന്നാമനാണ് ഫാ. ഓലിയപ്പുറം. സാധാരണ ആദ്യത്തെ ഒന്നു രണ്ടു കുട്ടികളുടെ ജനനം അമ്മവീട്ടിലായിരിക്കും. എന്നാല്‍ ഈ മൂന്നാമത്തെ കുഞ്ഞും ഇരിങ്ങാലക്കുടയിലെ അമ്മവീട്ടിലാണ് ജനിച്ചത്. സ്ത്രീകളെ സംബന്ധിച്ച് സ്വന്തം വീട് കൂടുതല്‍ സുരക്ഷിതത്വം നല്‍കും. രണ്ടു പ്രസവം കഴിഞ്ഞ അമ്മയ്ക്ക് മൂന്നാമത്തെ പ്രസവം ഒരു സമ്മര്‍ദ്ദവും ഉണ്ടാക്കിയില്ല. അവിടെ പിണ്ടിപ്പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്കിടയിലാണ് ജോര്‍ജ്ജച്ചന്‍ പിറന്നു വീഴുന്നത്. ചുറ്റിലും പ്രകാശം, ദീപങ്ങള്‍, അലങ്കാരങ്ങള്‍, ആഘോഷപൂരം… തികച്ചും കംഫര്‍ട്ടബിളായ അന്തരീക്ഷത്തില്‍ ഒരു പിറവി – തന്‍റെ സന്തോഷപ്രകൃതിയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഫാ. ഓലിയപ്പുറം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്.

ഏഴര പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഫാ. ഓലിയപ്പുറത്തിന്‍റെ ജീവിതത്തില്‍ ഇനിയും എന്തെങ്കിലും സ്വപ്നങ്ങള്‍ അവശേഷിക്കുന്നുണ്ടോ? "ഞാന്‍ സ്വപ്നങ്ങള്‍ കാണാറില്ല. എനിക്കു വേണ്ടതെല്ലാം ദൈവം നല്‍കുന്നുണ്ട്. എല്ലാം ദൈവം നമുക്കുവേണ്ടി ഒരുക്കുന്നതാണ്. അതിനോടു പ്രത്യുത്തരിച്ചാല്‍ മതി. ഞാന്‍ ആരെയും അനുകരിക്കാനും ശ്രമിക്കാറില്ല. എല്ലായിടത്തും സ്നേഹിക്കപ്പെടുന്നു എന്ന ഉറപ്പാണ് എന്‍റെ ബലം."

അപ്പോള്‍ ബലഹീനതയോ?
"അതു മറ്റുള്ളവര്‍ വിലയിരുത്തട്ടെ. എനിക്ക് ദ്വേഷ്യപ്പെടാന്‍ അറിയില്ല. ഒരുപക്ഷെ അതാവും എന്‍റെ ബലഹീനത."

എല്ലാവരെയും സ്നേഹിക്കുന്ന, എല്ലാവരും സ്നേഹിക്കുന്ന ഓലിയപ്പുറം അച്ചന്‍ സ്നേഹത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത നിര്‍ഭയത്വത്തിനും ഉടമയാണ്. സ്നേഹവും നന്മയും ഉണ്ടെങ്കില്‍ ഭയവും വേണ്ട എന്നാണ് അച്ചന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഫാ. ജോര്‍ജ്ജ് ഓലിയപ്പുറത്തിന്‍റെ ആധ്യാത്മികവും ഭൗതികവുമായ ചെയ്തികളില്‍ ഈ നിര്‍ഭയത്വം ഒരു സാധാരണ വിഷയമാണ്. തിരക്കേറിയ കോതമംഗലം ടൗണില്‍ വാഹനമോടിക്കുന്നവര്‍ യൂടേണെടുക്കാന്‍ ഒന്നു പരുങ്ങും. ഇറ്റലിയില്‍ നിന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പു ലൈസന്‍സെടുത്തിട്ടുള്ള ജോര്‍ജ്ജച്ചന് യൂടേണെടുക്കാന്‍ നിമിഷ നേരം മതി. കിട്ടുന്ന സമയം പ്രയോജനപ്പെടുത്തി ഞൊടിയിടയില്‍ അച്ചന്‍റെ വണ്ടി യൂടേണെടുത്ത് ബിഷപ്സ് ഹൗസിലേക്കു കയറുമ്പോള്‍ പിന്നില്‍ കാത്തുകിടക്കുന്ന ഡ്രൈവര്‍മാര്‍ പറയും: "അതു നമ്മുടെ വല്യച്ചന്‍റെ വണ്ടിയാ." സമയം പ്രയോജനപ്പെടുത്തി, സൂക്ഷ്മതയിലും വേഗതയിലും വണ്ടിയോടിക്കുന്ന അച്ചന്‍ പക്ഷെ ഹോണ്‍ മുഴക്കി ആരെയും വിളറി പിടിപ്പിക്കാറില്ല. ഫാ. ജോര്‍ജ്ജ് ഓലിയപ്പുറം ജീവിതത്തില്‍ പുലര്‍ത്തുന്ന കരുതലിന്‍റെയും സ്നേഹത്തിന്‍റെയും നിര്‍ഭയത്വത്തിന്‍റെയും ഈ നിഷ്ഠയാവാം അച്ചന്‍റെ ജീവിതം ദൈവത്തിനും ദൈവജനത്തിനും അത്രമേല്‍ പ്രിയങ്കരമാകാന്‍ കാരണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org