മൂന്നാമത്തെ വെള്ളിപ്പറവ

മൂന്നാമത്തെ വെള്ളിപ്പറവ

ക്രിസ്തു ജനനത്തിലേക്ക് ഒരു ചുവടുവയ്പ്

25 നോമ്പിന്‍റെ നാള്‍വഴികളെ ദീപ്തമാക്കാന്‍

ഫാ. നിധിന്‍ പനവേലില്‍

എന്തോ കുരുത്തക്കേടിന് അപ്പച്ചന്‍റെ കെയ്യീന്ന് കീറ് വാങ്ങി കോലായിലിരുന്ന് മോങ്ങിക്കൊണ്ടിരുന്ന കുഞ്ഞിന്‍റെ പിന്നിലൂടെ ചിരിച്ചോണ്ട് വന്ന് അവനെ കൈകളിലെടുത്തിട്ട് അപ്പച്ചന്‍ ഒരു കഥ പറഞ്ഞു. മിശിഹാ അന്നും പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു. എന്നത്തേയും പോലെ അന്നും മൂന്നു വെള്ളിപ്പറവകളുമായിട്ടാണ് യാത്ര. മേഘപാളികള്‍ക്കിടയിലൂടെയാണ് സവാരി. പക്ഷേ അന്നു മേഘങ്ങള്‍ അല്പം കറുത്തിരുണ്ടതായിരുന്നു. യാത്ര കുറച്ചങ്ങു മുന്നോട്ടു നീങ്ങിയപ്പോ ഒന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. പുല്ലുകള്‍ക്കിടയില്‍ ഓമനത്തമുള്ള ഒരു കോഴിക്കുഞ്ഞ്. ആര്‍ത്തിയോടെ അത് ആ കോഴിക്കുഞ്ഞിന്‍റെ നേരെ പാഞ്ഞടുത്തു. അതൊരു കഴുകനായി മാറി.

മിശിഹാ വേദനയോടെ യാത്ര തുടര്‍ന്നു. കുറേ കൂടി മുന്നോട്ടു പോയപ്പോള്‍ രണ്ടാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. അപ്പൊ കച്ചവടങ്ങളുടെയും വൃത്തികേടുകളുടെയും ഒരു ചന്ത കണ്ടു. അത് ആക്രാന്തത്തോടെ ചന്തയുടെ നേര്‍ക്ക് പറന്നിറങ്ങി. അതൊരു കാക്കയായി മാറി!

മിശിഹാക്കു വല്ലാത്ത സങ്കടമായി. മിശിഹാ പേടിയോടെ തന്‍റെ പ്രിയപ്പെട്ട മൂന്നാമത്തെ വെള്ളിപ്പറവയെ നോക്കി. അതപ്പോള്‍ മഴവില്ല് തിന്നോണ്ടിരിക്കുവായിരുന്നു. അതിനു മഴവില്ല് വല്യ ഇഷ്ടമാണ്. കുഞ്ഞു കൊക്ക് കൊണ്ട് അത് മഴവില്ല് കൊത്തിത്തിന്നുന്നത് മിശിഹാ ചിരിയോടെ നോക്കിനിന്നു.

പിന്നെയും യാത്ര മുന്നോട്ടു നീങ്ങി. കുറേക്കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ വെള്ളിപ്പറവ താഴേക്കു നോക്കി. അപ്പോ വീടിന്‍റെ ഉമ്മറത്ത് ഈ അപ്പച്ചന്‍ ഇരിക്കുന്നതു കണ്ടു. അത് നേരെ പറന്നുവന്ന് അപ്പച്ചന്‍റെ ഈ കൈത്തണ്ടയില്‍ വന്നിരുന്നു.

ഒന്നു നിര്‍ത്തിയിട്ട് അപ്പച്ചന്‍ ചോദിച്ചു : "ആരാ ആ വെള്ളിപ്പറവ?" "ആരാ"? ഉണ്ണിക്കുട്ടന്‍ തിരിച്ചു ചോദിച്ചു. "ഉണ്ണിക്കുട്ടന്‍. മിശിഹായുടെ മൂന്നാമത്തെ വെള്ളിപ്പറവ!!!" ഉണ്ണിക്കുട്ടന്‍റെ മുഖം വിടര്‍ന്നു. അപ്പച്ചന്‍റെ കണ്ണും നിറഞ്ഞു. അവന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പച്ചന്‍ അവനെയും.

താന്‍ മിശിഹായുടെ മൂന്നാമത്തെ വെള്ളിപ്പറവയായിരുന്നെന്ന നിര്‍വൃതി ഊറ്റിക്കുടിച്ച് ഈ കഥ പറഞ്ഞവസാനിപ്പിച്ചത് തെറിച്ചവനെന്നും പിഴച്ചവനെന്നും റിബലെന്നും കണ്ടവരൊക്കെ വിളിച്ച സാക്ഷാല്‍ ജോണ്‍ എബ്രാഹമാണ്. വ്യവസ്ഥിതികളോട് കലഹിച്ചും സ്വയം പഴിച്ചും ബാക്കിയുള്ളോരെ വെറുപ്പിച്ചും നില്‍ക്കുന്ന സമയത്തും ഈ കഥ പറയുന്ന ജോണ്‍ ഒരു കുഞ്ഞിനെപ്പോലെ ചെറുതാകുകയും മനസ്സുകൊണ്ട് വിങ്ങുകയും ഓര്‍മ്മകളില്‍ ആനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇതു പോലൊരു കഥയാണ് ക്രിസ്മസ്. കണ്ണുനിറയ്ക്കുന്ന ഓര്‍മ്മയും. മഴവില്ലിന്‍റെ ചെരിവിലൂടെ ഊര്‍ന്നുവന്ന് എന്‍റെ കൈത്തണ്ടയിലിരിക്കുന്ന ഒരു ദൈവമുണ്ടെന്നത് എന്ത് ആനന്ദമാണ് തരുന്നത്. ഞാനും അതുപോലെ മറ്റൊരു ലോകത്തിന്‍റെ ഓമനയായിരുന്നുവെന്നത് എന്ത് മാത്രം മനം നിറയ്ക്കുന്ന ഓര്‍മ്മയാണ്. നിന്‍റെ ജനനത്തിന്‍റെ സന്തോഷവും, എന്‍റെ ജന്മത്തിന്‍റെ ഓര്‍മ്മയും എന്നില്‍ ഇത്രമാത്രം നിറയ്ക്കുന്ന വേറേതൊരു കാലമുണ്ട് ക്രിസ്മസ് അല്ലാതെ?

ആര്‍ത്തുപെയ്ത മഴ പെയ്തു തോര്‍ന്ന വൈകുന്നേരം പ്രളയഭീകരതയുടെ കരിമേഘങ്ങളെ വകഞ്ഞുമാറ്റി ഒരു മഴവില്ല് വീടിന്‍റെ ഉമ്മറത്തേക്ക് ചരിഞ്ഞു വളഞ്ഞ് വരികയാണ്. അതിന്‍റെ തേരിലേറി ഒരു ദൈവം എന്‍റെ വീട്ടിലേക്ക് ഊര്‍ന്നു വരികയാണ്. എന്‍റെ കണ്ണും നിറയുന്നുണ്ട്. എന്‍റെ മനസും തുടിക്കുന്നുണ്ട്. എന്നിലെ വെളിച്ചം വീണ്ടും വീശുന്നുണ്ട്. ഇതാണ് ഇക്കൊല്ലത്തെ ക്രിസ്മസ്. ആട്ടിടയന്മാരും മാലാഖമാരുമൊക്കെ ദൂത് പാടാന്‍ വരുന്നത് പതിവ് കോസ്റ്റ്യൂമുകളൊക്കെ ഒന്നു മാറ്റിപ്പിടിച്ചാണെന്ന് മാത്രം. ടിപ്പറോടിക്കുന്ന മാലാഖ, ഹെലികോപ്റ്ററിലൂടെ താണിറങ്ങിവരുന്ന ദൈവദൂതന്‍, വഞ്ചിയും പങ്കായവുമായി തേരേറി വരുന്ന ഇടയഗണം. വല്യൊരു ടോറസില്‍ കിഴക്കുനിന്നും പാഞ്ഞെത്തിയ പൂജരാജാക്കന്മാര്‍. ആടിയുലയുന്ന ഒരു തോണിയില്‍ പ്രാണന്‍റെ പ്രാണനുമായി ഒരു യൗസേപ്പും മേരിയും ഓമല്‍ക്കുഞ്ഞും. ഈ കാഴ്ചകള്‍ മങ്ങാതിരിക്കുമെങ്കില്‍, പ്രളയത്തിനുമേല്‍ ഒഴുകിയ കരുണയുടെ പ്രളയത്തെ മറക്കാതിരിക്കുമെങ്കില്‍ ഈ ക്രിസ്മസാണ് ക്രിസ്മസ്. വലുതായ ഓര്‍മ്മകളില്‍ ചെറുതായ ആഘോഷങ്ങളില്‍ അപരനിലേക്ക് മാത്രം കണ്ണു പായിച്ച് വിമോചന നായകനെ വരവേല്‍ക്കാം. തെറ്റിപ്പോയതോ പിഴച്ചു പോയതോ അല്ല ദൈവം കൈയ്യൊപ്പ് ചാര്‍ത്തി ചിരിയോടെ പറഞ്ഞുവിട്ട ആ മൂന്നാമത്തെ വെള്ളിപ്പറവയാണ് ഞാനെന്ന ചാരിതാര്‍ത്ഥ്യത്തോടെ അത് തരുന്ന പോസിറ്റീവിറ്റിയോടെ ഇന്നലേകളുടെ ഇരുട്ടിനെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കാം. ഒരു പ്രളയത്തെ സ്നേഹം കൊണ്ടു നാം തേവിക്കളഞ്ഞപോലെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org