മുല്ലപ്പെരിയാര്‍: അറിഞ്ഞതും അറിയേണ്ടതും

മുല്ലപ്പെരിയാര്‍: അറിഞ്ഞതും അറിയേണ്ടതും

അഡ്വ. റസ്സല്‍ ജോയി

മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടുമ്പോള്‍ ബ്രിട്ടീഷുകാരുടെ സാമന്തരാജാവായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ് പറഞ്ഞു; ഇത് എന്‍റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പിടുന്നത് എന്ന്. ഇന്ന് നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. നമ്മുടെ മണ്ണില്‍ കയറിനിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്ന് തമിഴ്നാടാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്‍റെ മണ്ണില്‍ കയറിനിന്ന് തമിഴ്നാട് ഭരണം നടത്തുന്നു. കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഭരണം അവര്‍ നടത്തുന്നു. ഇന്ത്യയിലെവിടേയും കാണാത്ത ഒരു പ്രതിഭാസമാണിത്. അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഡാം തുറക്കാം, ഇഷ്ടമുള്ളപ്പോള്‍ അടയ്ക്കാം. 2018-ല്‍ ഡാം തുറന്നപ്പോള്‍ നൂറുകണക്കിന് മനുഷ്യര്‍ മരിച്ചു. പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. വളര്‍ത്തുമൃഗങ്ങളും, പക്ഷികളും ചത്തൊടുങ്ങി. കേരളത്തിന്‍റെ പ്രകൃതി നശിച്ചു. നമുക്ക് ആരും ചോദിക്കാനും പറയാനുമില്ല. മുല്ലപ്പെരിയാര്‍ കരാറിലൂടെ ബ്രിട്ടീഷുകാര്‍ പതിനായിരം ഏക്കര്‍ സ്ഥലത്തെ പുരാതനമായ മരങ്ങള്‍ വെട്ടിക്കൊണ്ടുപോയി. രത്നങ്ങളും ധാതുക്കളും കവര്‍ന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളേയും ആദിവാസികളേയും അടിമകളാക്കി തിന്നും, കുടിച്ചും ഉല്ലസിച്ചും ജീവിച്ചു. അല്ലാതെ ഈ കരാര്‍ തമിഴനെ വെള്ളം കുടിപ്പിക്കാനൊന്നും ഉണ്ടാക്കിയതല്ല. അതുസംബന്ധിച്ച് നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാക്കുകയും ചെയ്തു. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് Indian Independence Act  പ്രകാരം മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കി തിരുവിതാംകൂറില്‍ ഉടനീളം പെരുമ്പറ കൊട്ടി അറിയിച്ചു. എന്നാല്‍ അതിനുശേഷം അധികാരത്തില്‍ വന്ന ദുര മൂത്ത അഴിമതി നിറഞ്ഞ ജനാധിപത്യസര്‍ക്കാരുകള്‍ ഇത് കണ്ടതായിപോലും ഭാവിച്ചില്ല. നയാപൈസ പോലും വാങ്ങാതെ തമിഴരുടെ കൃഷിയും, കുടിവെള്ളവും മുടങ്ങരുത് എന്ന ദീനാനുകമ്പയാല്‍ അവര്‍ കരാര്‍ തുടരാന്‍ അനുവദിച്ചു. എന്നാല്‍ എല്ലും, തോലുമായി അധികാരത്തില്‍ ഏറിയിരുന്ന ഇവര്‍ പുഷ്ടിപ്രാപിക്കുകയും ചെയ്തു. പഴയ കുടിലുകളുടെ സ്ഥാനത്ത് രമ്യഹര്‍മ്മ്യങ്ങള്‍ ഉയര്‍ന്നുവന്നത് കേരള ജനത അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് കയ്യിലുണ്ടായതുകൊണ്ടാണെന്ന് വെറുതെ വിശ്വസിച്ച് ഉത്തമര്‍ണ്ണര്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ ഓടിനടന്നു.

രാജഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിന് എറിഞ്ഞുകൊടുത്ത 40,000 എന്ന പാട്ടത്തുക 1970 ആയപ്പോള്‍ ജനാധിപത്യസര്‍ക്കാര്‍ 10 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ച് കേരളത്തിലെ ജനങ്ങളെ സന്തോഷഭരിതരാക്കി. ആനന്ദലബ്ധിക്കിനിയെന്തു വേണം! 1970-ല്‍ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ 400 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള അധികാരവും തമിഴ്നാടിന് കൊടുത്ത് നമ്മുടെ ജനാധിപത്യസര്‍ക്കാര്‍ ദീനദയാലുത്വത്തിന് കേന്ദ്രമാതൃകയായി. 1970-ലെ കരാറിലൂടെ നമുക്ക് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാസ്വാതന്ത്ര്യം ലഭിച്ചു. പക്ഷേ ദോഷം പറയരുതല്ലോ, നമ്മുടെ പാട്ടത്തുക 10 ലക്ഷമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. കരാര്‍ ഉണ്ടായ കാലത്ത് ഒരു തിരുവിതാംകൂര്‍ രൂപയ്ക്ക് 139 അമേരിക്കന്‍ ഡോളര്‍ വിലയുണ്ടായിരുന്നത് സന്തോഷാധിക്യത്താല്‍ ജനാധിപത്യസര്‍ക്കാരുകള്‍ ജനങ്ങളോടുപറയാന്‍ മറന്നുപോയി. 30 വര്‍ഷം പിന്നിട്ടപ്പോള്‍ പാട്ടത്തുക വര്‍ദ്ധിപ്പിക്കണം എന്നുള്ള കരാര്‍ വ്യവസ്ഥ ജനാധിപത്യസര്‍ക്കാര്‍ കണ്ടില്ല. കുറ്റം പറയരുത് ഇതിനിടെ സര്‍ക്കാര്‍ മക്കള്‍ ഇന്ത്യയിലെ ദാസിത്തെരുവുകള്‍ പിന്നിട്ട് ലണ്ടനിലും, ന്യൂയോര്‍ക്കിലും, ചെക്കോസ്ലോവാക്കിയയിലും കഷ്ടപ്പെട്ട് എത്തിയിരുന്നു. അവര്‍ അവിടെ എങ്ങനെയാണ് വിദേശികളെക്കൊണ്ട് ഡാമുകള്‍ നിര്‍മ്മിക്കാമെന്ന് വളരെ വിദഗ്ധമായി പഠിച്ചു. മുല്ലപ്പെരിയാര്‍ ഡാമിനുശേഷം കേരളത്തിന്‍റെ വനങ്ങള്‍ 80 ശതമാനവും നശിപ്പിച്ച് ഇവര്‍ 79 ഡാമുകള്‍ പണിതു. മുല്ലപ്പെരിയാര്‍ ഡാം പണിതു കഴിഞ്ഞപ്പോള്‍ തമിഴ്നാട് പെരിയാറിലേക്ക് ഒരു തുള്ളി വെള്ളം പോലും കടത്തിവിടാന്‍ തയ്യാറായില്ല. അതുകൊണ്ട് ആയിരക്കണക്കിന് ഹെക്ടര്‍ വനമാണ് വെള്ളമില്ലാതെ നശിച്ചത്. പ്രകൃതിയും വന്യമൃഗങ്ങളും, കാണുന്നതും കാണാത്തതുമായ ആയിരക്കണക്കിന് ജീവി വര്‍ഗ്ഗങ്ങളും സസ്യങ്ങളുമാണ് നശിച്ചത്. പെരിയാറില്‍ ജലം കുറഞ്ഞപ്പോള്‍ പെരിയാറിന്‍റെ ആയിരക്കണക്കിനു കൈവഴികളും ചെറു നദികളും ഇല്ലാതായി. ചെറു തോടുകളില്‍ കൂടി പുരാതന കാലം മുതല്‍ ഉണ്ടായിരുന്ന ജലഗതാഗതം അസ്തമിച്ചു. ഉണങ്ങി വരണ്ട കൈവഴികള്‍ ജനങ്ങള്‍ കൈയ്യേറി കൃഷി സ്ഥലങ്ങളാക്കി. പിന്നീട് കൃഷിക്ക് ജലം ലഭിക്കാതെ വന്നപ്പോള്‍ വീണ്ടും ഹെക്ടര്‍ കണക്കിന് വനം നശിപ്പിച്ച് ജനാധിപത്യ സക്കാരുകള്‍ കനാലുകള്‍ നിര്‍മ്മിച്ച് ലോകത്തിനു തന്നെ മാതൃകയായി അഭിമാന വിജ്രംഭിതരായ അണികളില്‍ ചിലര്‍ ഇതില്‍ അഴിമതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവരെ ജില്ലാ സെക്രട്ടറിമാരായി ഉയര്‍ത്തി ജനാധിപത്യം സംരക്ഷിച്ചു. അങ്ങനെ കേരളത്തിന്‍റെ ഗംഗയായിരുന്ന പെരിയാര്‍, 43 നദികളുടേയും (ഒരു നദി കിഴക്കോട്ടാണ് ഒഴുകുന്നത്.) ജല സ്രോതസ്സായിരുന്ന പെരിയാര്‍ മരിച്ചു. ഇപ്പോള്‍ ഒഴുകുന്നത് പെരിയാറിന്‍റെ ശോഷിച്ച പുനര്‍ജന്മമാണ്. ഒരു നദിയുടെ കണ്ണുനീരാണ്.

1964-ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ച് മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ചയിലാണ് എന്ന് പറഞ്ഞപ്പോള്‍ കേരളം ഞെട്ടി. കുട്ടികള്‍ ഭീതി നിറഞ്ഞ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. 1978-ല്‍ ചൈനയി ലെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ അതേ കപ്പാസിറ്റിയുള്ള ബാങ്കിയാവോ ഡാമിന്‍റെ തകര്‍ച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിലെ ജസ്വന്ത് സാഗര്‍ അണക്കെട്ടും, മോര്‍വി അണക്കെട്ടും കൂടി തകര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി, സര്‍ക്കാരുകള്‍ ജനങ്ങളെ രക്ഷിക്കില്ല.

മുല്ലപ്പെരിയാര്‍ കേസില്‍ ബഹു. സുപ്രീം കോടതി ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ്. 'Why not a new Dam?' ഒരു പഴയ ഡാമിന്‍റെ സ്ഥാനത്ത് ഒരു പുതിയ ഡാം. എന്താണ് തെറ്റ്? ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് സുപ്രീംകോടതിയില്‍ തോല്‍ക്കാം എന്നതിന്‍റെ ഒരു ഗവേഷണ പ്രബന്ധമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയില്‍ നടത്തിയ കേസ്. കേരളവും തമിഴ്നാടും മറ്റൊന്നു കൂടി ഉണ്ടാക്കി ബഹു. സുപ്രീം കോടതിയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്, ഡാം സുരക്ഷിതമാണെന്ന റി പ്പോര്‍ട്ട്. ഇതെങ്ങനെ സാധിക്കും? ഇന്ത്യയില്‍ ഡാം എന്‍ജിനീയറിം ഗ് പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികള്‍ ഉള്ളതായി അറിവില്ല. അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഡാം പരിശോധിച്ചതായും അറിയില്ല. അതുകൊണ്ട് എന്‍റെ കേസില്‍ ഞാന്‍ ഡാമിന്‍റെ സുരക്ഷ എന്ന കാര്യത്തിലേക്ക് കടന്നില്ല. മറിച്ച് ഞാന്‍ ഒരു ചോദ്യം മാത്രം ചോദിച്ചു. എന്നു വരെ ഡാം സുരക്ഷിതമാണ്? ഡാമുകളുടെ മാഗ്നാകാര്‍ട്ടാ എന്നു വി ശേഷിക്കപ്പെടുന്ന അമേരിക്കന്‍ ഫെഡറല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ ദ സേഫ്റ്റി ഓഫ് ഡാംസ് പറയുന്നു, ഒരു ഡാം അതിന്‍റെ ലൈഫ് സ്പാന്‍ തീരുന്ന ദിവസം experts വന്ന് ഡാം പരിശോധിച്ച് അതിന്‍റെ de-commission തീയതി നിശ്ചയിക്കണം. അതുകൊണ്ട് ഞാന്‍ ആദ്യത്തെ പ്രയര്‍ ആയി വച്ചത്, Fix the date of decommissioning of Mullapperiyar Dam എന്നാണ്. രണ്ടാമത്തെ പ്രയര്‍ ആയി പറഞ്ഞത് ഡാം തകര്‍ന്നാല്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്ന കേരളത്തിലെ മരണപ്പെട്ട ആളുകളുടെ അവകാശികള്‍ ജീവിച്ചിരുന്നാല്‍ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നാണ്. കൂടാതെ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ പ്രകൃതി നശിച്ചാല്‍ കേരള സര്‍ക്കാരിനും നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇത്  beneficiary state ആയ തമിഴ്നാട് കൊടുക്കണം. തമിഴ്നാട് വിറ്റാല്‍ കിട്ടാത്തത്ര തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരും. ഞാന്‍ അങ്ങനെ ആവശ്യപ്പെട്ടത് അത്തരം സാഹചര്യത്തില്‍ തമിഴ്നാട് ധാര്‍ഷ്ട്യം വെടിഞ്ഞ് ഒരു ഒത്തു തീര്‍പ്പിനു വരും എന്ന് കരുതിയതു കൊണ്ടാണ്. ഏതായാലും കേരള സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്ത് എന്‍റെ ആവശ്യങ്ങളെ പിന്തുണച്ചില്ല. ബഹു. സുപ്രീം കോടതി ചോദിച്ചത് നിങ്ങള്‍ 125 വര്‍ഷം പഴക്കമുള്ള ഈ ഡാമിന്‍റെ അടിയില്‍ ഉറങ്ങിക്കിടക്കുകയാണോ എന്നാണ്. ഈ ചോദ്യം The Hindu, The Times of India, The New Indian Express എന്നീ ദേശീയ പത്രങ്ങളിലും NDTV മുതലായ ചാനലുകളിലും ഹിന്ദി മേഖലകളിലെ പത്രങ്ങളിലും തമിഴ് നാട്ടിലെ എല്ലാ പത്രങ്ങളിലും ചാനലുകളിലും അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കേസിന്‍റെ വാദവേളയില്‍ തുടര്‍ന്ന് ബഹു. സുപ്രീം കോടതി എന്തുകൊണ്ടാണ് നിങ്ങള്‍ മൂവരും (കേന്ദ്ര സര്‍ക്കാരും, തമിഴ്നാട് സര്‍ക്കാരും, കേരള സര്‍ക്കാരും) അവസരത്തിനൊത്ത് ഉയരാത്തത്? (why did'nt you rise to the occassion) എന്ന് ചോദിച്ചിരുന്നു. ഇതും ദേശീയ മാധ്യമങ്ങളും തമിഴ് മാധ്യമങ്ങളും ഒരു വലിയ മാധ്യമ ആഘോഷമാക്കിത്തീര്‍ത്തു. സഹികെട്ട സുപ്രീം കോടതി മൂന്ന് സര്‍ക്കാരുകളും മൂന്ന് വെവ്വേറെ ദുരന്ത നിവാരണ സമിതികള്‍ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികള്‍ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞു. ഇത് 2018 ജനുവരി മാസം 11 ന് ഉണ്ടായ ഉത്തരവാണ്. 2018 ആഗസ്റ്റ് മാസമുണ്ടായ പ്രളയത്തില്‍ ഇത്തരമൊരു സമിതിപ്രവര്‍ത്തിച്ചിരുന്നതായി എനിക്ക് അറിവില്ല. അതിനെക്കുറിച്ച് നാളിതുവരെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതായും എനിക്കറിവില്ല. അത്തരം കമ്മറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ദുരന്തത്തിന്‍റെ തീവ്രത കുറയ്ക്കാമായിരുന്നു.

നാം നിസ്സഹായരായ ഒരു ജനമാണ്. നമ്മുടെ തലയ്ക്ക് മേലെ പ്രകൃതിയും വനവും നശിപ്പിച്ചുകൊണ്ട് 79 ഡാമുകളാണ് ഉള്ളത്. ഈ ഡാമുകളെല്ലാം ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്‍റെ 20% വൈദ്യുതി മാത്രമാണ്. ബാക്കി 80% വൈദ്യുതിയും നാം പുറത്തുനിന്നാണ് വാങ്ങുന്നത്. മുല്ലപ്പെരിയാര്‍ ഡാം മാത്രം നശിപ്പിച്ചത് 640 Sq.Km വനമാണ്. (ഇടുക്കി 650 Sq.Km) മുല്ലപ്പെരിയാര്‍ നദിയെ പുറകോട്ടൊഴുക്കിയത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരമൊരു കേസ് കൊടുക്കാന്‍ എന്നെ നിര്‍ബ്ബന്ധിച്ചത് എന്‍റെ ഗുരുനാഥനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സാറാണ്. ഭൂകമ്പങ്ങളുടെ കാര്യത്തില്‍ കേരളത്തിന്‍റെ സ്ഥാനം മൂന്നാമതാണ്. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 6.5-ല്‍ കൂടുതല്‍ പ്രഹരശേഷിയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാവാം. മഹാരാഷ്ട്രയിലെ ലത്തൂര്‍ റിക്ടര്‍ സ്കെയിലില്‍ നാല് വരെ മാത്രം ഭൂകമ്പ സാദ്ധ്യതയുള്ള ഒന്നാം മേഖലയിലാണ്. അവിടെ ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ട് റിക്ടര്‍ സ്കെയിലില്‍ 6.3 വന്ന ഭൂകമ്പമാണ് ഉണ്ടായത്. അപ്പോള്‍ കേരളത്തിന്‍റെ അവസ്ഥ എന്താവും?

ഈ ഡാമുകള്‍ മൂലം Dam induced earthquake നുള്ള സാദ്ധ്യത വളരെ വലുതാണ്. കഴിഞ്ഞ 2011 ജൂലൈ 26 മുതല്‍ നവംബര്‍ 26 വരെ 25-ലധികം ഭൂചലനങ്ങളാണ് ഇടുക്കി മേഖലയില്‍ രേഖപ്പെടുത്തിയത്. നിറഞ്ഞ് കിടക്കുന്ന ഡാമുകളിലെ ജലസമ്മര്‍ദ്ദം ഹൈറേഞ്ചില്‍ ഭൂകമ്പ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പ്രമുഖ സീ സ്മോളജിസ്റ്റ് ഹര്‍ജ് കെ. ഗുപ്ത ചൂണ്ടിക്കാണിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ 300 കി.മീ. ചുറ്റളവില്‍ വന്‍ പ്രഹരശേഷിയുള്ള 22 പ്രധാന ഭ്രംശ മേഖലകള്‍ ഉള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നമ്മള്‍ ഒരു മഹാദുരന്തത്തിന്‍റെ വക്കിലാണ്. നമ്മള്‍ നിസ്സാരവും അബദ്ധജഡിലവും യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളുമായി തിരക്കിലാണ്, ചര്‍ച്ചയിലാണ്. മുല്ലപ്പെരിയാര്‍ ഡാം ഇടുക്കി ഡാമുമായി ചേര്‍ന്ന് ഒരു അശനിപാതമായി നമ്മുടെ മേല്‍, നമ്മുടെ മക്കളുടെ മേല്‍ പതിക്കുന്നതിന് മുമ്പ് നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സേവ് കേരള ബ്രിഗേഡിന്‍റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഡീ കമ്മീഷനും, ഭൂകമ്പങ്ങളെപ്പോലും അതിജീവിക്കുന്ന ഡാമുകള്‍ ഉണ്ടാക്കുന്ന പുതിയ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു പുതിയ ഡാമിനും വേണ്ടിയുള്ള ഞങ്ങളുടെ ഉദ്യമങ്ങളില്‍ കേരളത്തിലെ ബഹുജനങ്ങളും സംഘടനകളും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത് ഒരു മഹാവിജയമാക്കി തീര്‍ക്കേണ്ടതാണ്.

(സേവ് കേരള ബ്രിഗേഡിന്‍റെ പ്രസിഡന്‍റാണ് ലേഖകന്‍ ഫോണ്‍: 93886006957)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org