നാഗാലാന്‍റിലെ സഭയും സമൂഹവും

നാഗാലാന്‍റിലെ സഭയും സമൂഹവും


ജോസഫ് കെ.ജെ.

നാഗാലാന്‍റിന്‍റെ ചരിത്രം
നാഗാലാന്‍റ് എന്ന കൊച്ചു സംസ്ഥാനം ഇന്ത്യയുടെ വടക്കു കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു. വടക്കു കിഴക്കന്‍ ഇന്ത്യ ഏഴു സഹോദരിമാരുടെ ജന്മഭൂമിയാണ് (seven sisters of NER) ˛ Seven Sisters of North East India. അതിലൊന്നാണു നാഗാലാന്‍റ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുമ്പേ സൂര്യന്‍ ഉദിക്കുന്ന നാടാണു നാഗാലാന്‍റ്. ഈ നാഗന്മാരുടെ സ്വന്തം നാട്ടില്‍ പ്രധാനമായും പതിന്നാലു ഗോത്ര വര്‍ഗങ്ങളാണുള്ളത് – അങ്കാമി (Angami), ചെക്കസാങ് (Checkesang), ആവോ (Ao), ലോഥാ, കോണ്യാക്, ജില്യാങ് (Zeliang), സേമ (Sema) മുതലായവ. ഈ പതിന്നാലു വര്‍ഗക്കാര്‍ക്കും അവരുടേതായ വ്യത്യസ്തങ്ങളായ ലിപികളില്ലാത്ത സംസാരഭാഷയുണ്ട്. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ.

ആദ്യകാല മതവിശ്വാസങ്ങള്‍
പൂര്‍വികകാലത്തു നാഗന്മാര്‍ പ്രകൃതിവസ്തുക്കളായ കല്ല്, വൃക്ഷങ്ങള്‍, കാറ്റ് മുതലായ ശക്തികളെ ആരാധിച്ചിരുന്നു. അവര്‍, ഒരു വലിയ ശക്തിയാണു ദൈവമെന്നും ആ പരമശക്തിയാണു സ്വര്‍ഗവും ഭൂമിയും സൃഷ്ടിച്ചതെന്നും വിശ്വസിച്ചു. ഇതു കൂടാതെ അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. ശിലകളെ ആരാധിച്ചിരുന്നു – ദുര്‍മേദസ്സുകളുണ്ടെന്നും അവയില്‍ നിന്നു രക്ഷനേടാന്‍ ഗുരുതികള്‍ ചെയ്യണമെന്നും വിശ്വസിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തിരുന്നു.

ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് ഇവിടത്തെ ജനങ്ങള്‍ സൂര്യചന്ദ്രന്മാരെയും ദൈവമായി വിശ്വസിച്ചിരുന്നു. ഇപ്രകാരം വിശ്വസിച്ചിരുന്ന സമൂഹത്തെ ഹറാക്കയെന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ സുവിശേഷപ്രഘോഷണം അവരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയും ക്രിസ്തുമതം സ്വീകരിക്കുന്നതിനു വഴി തെളിക്കുകയും ചെയ്തു. ഇന്നു "ഹറാക്കകള്‍" നാഗാ ജനസംഖ്യയില്‍ തുലോം തുച്ഛമാണ്.

ക്രിസ്തുമതം ഉത്ഭവം
ഏകദേശം 150 വര്‍ഷത്തോളം പഴക്കമുണ്ട് നാഗാലാന്‍റിലെ ക്രിസ്തുമതവിശ്വാസത്തിന്. അമേരിക്കയില്‍നിന്നു വന്ന ബാപ്റ്റിസ്റ്റ് മിഷനറിമാരാണ് ഇവിടെ ആദ്യം സുവിശേഷവേലയ്ക്കു വന്നതും ക്രിസ്തുമതം പ്രചരിപ്പിച്ചതും. ആയതിനാല്‍ ഇവിടത്തെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ബാപ്റ്റിസ്റ്റ് ക്രിസ്തീയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ പെന്തക്കോസ്ത്, പ്രിസ്ബിറ്റേറിയന്‍, സെവന്‍ത് ഡേ ചര്‍ച്ച് മുതലായവയാണു മറ്റുള്ള ക്രിസ്തീയ വിഭാഗങ്ങള്‍

ആദ്യകാല മിഷനറിമാര്‍ മിഷന്‍ വേലയ്ക്കും സുവിശേഷപ്രഘോഷണത്തിനും നാഗാലാന്‍റില്‍ എത്തിയ കാലഘട്ടത്തില്‍ നാഗാലാന്‍റ് 'തല വേട്ടയാടുന്നതില്‍" (head hunting) ഊറ്റം കൊണ്ടിരുന്നു. ശത്രുക്കളെ വകവരുത്തി അവരുടെ തല കൊയ്തെടുത്തു തങ്ങളുടെ ഗ്രാമകവാടങ്ങളില്‍ തൂക്കിയിട്ടു വിജയം ആഘോഷിക്കുന്നതില്‍ തത്പരരായിരുന്നു അവര്‍. ഇതാണു "തല വേട്ടയാടല്‍" എന്നറിയപ്പെടുന്നത്. ഈ ദുര്‍ഘട ഘട്ടത്തില്‍ സുവിശേഷം പ്രസംഗിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. പല ധ്രുവങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും യേശുവിനുവേണ്ടി ജീവന്‍ ബലി കൊടുക്കാന്‍ പോലും തയ്യാറായി വന്ന മിഷനറിമാര്‍ യേശുസന്ദേശം പ്രചരിപ്പിക്കാനും ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് അടുപ്പിക്കാനും അശ്രാന്തപരിശ്രമം ചെയ്യുകവഴി, നാഗാലാന്‍റില്‍ ക്രിസ്തുമതത്തിനു ബീജാവാപം ചെയ്യാനായി.

ക്രിസ്തുവിന്‍റെ സുവിശേഷം നാഗാ ഹില്‍സില്‍ വന്നെത്തിയത് അമേരിക്കന്‍ ബാപ്റ്റിസ്റ്റ് മിഷനറിയായ Rev. Miles Bronson-ലൂടെയാണ്. അദ്ദേഹം (1842-52) ഇവിടെ വന്നു നാഗന്മാരുടെ കൂടെ വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ക്രിസ്തുമതവിശ്വാസത്തിന് അടിത്തറ പാകി. അദ്ദേഹത്തിനു ശേഷം Rev. E.W. Clark സുവിശേഷവേല തുടര്‍ന്നു. ആദ്യകാലങ്ങളില്‍ മരത്തണലുകളില്‍ പള്ളികള്‍ പണിതു – കൂടാതെ പള്ളിയില്ലാത്ത സ്ഥലങ്ങളില്‍ ഭവനങ്ങളില്‍ ഒത്തുകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇന്ത്യയിലെ ഏക ക്രിസ്ത്യന്‍ സ്റ്റേറ്റായി നാഗാലാന്‍റ് നിലകൊള്ളുന്നു. വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍പ്പെട്ട മിഷനറിമാരുടെ അക്ഷീണമായ അര്‍പ്പണബോധത്തെയും, ആത്മസമര്‍പ്പണത്തെയും, ഏതു പ്രതിസന്ധികളെയും അഭിമുഖീകരിക്കാന്‍ പോന്ന ത്യാഗസന്നദ്ധതയെയും ക്രിസ്തുമതത്തിനു പിറവിയൊരുക്കാന്‍ കാരണഭൂതരായ അവരുടെ "Herculean" പ്രവര്‍ത്തനത്തെയും എത്ര ശ്ലാഘിച്ചാലും മതിവരുകയില്ല. അവരുടെ പ്രയത്നങ്ങള്‍ പ്രഘോഷിക്കാന്‍ വാക്കുകള്‍ക്കു ശക്തി പോരാ.

ഇന്ത്യയുടെ ഈ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ട നാഗാലാന്‍റില്‍ വേണ്ടത്ര ഗതാഗതസൗകര്യങ്ങളോ താമസയോഗ്യമായ പാര്‍പ്പിടങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ഈ മിഷനറിമാര്‍ യേശുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കാനെത്തിയത് എന്നത് എടുത്തുപറയേണ്ട കാര്യമാണ് – ക്ലേശങ്ങളും ദുരിതങ്ങളും പേറി ദീര്‍ഘ ദൂരം മലയിടുക്കുകളിലൂടെയും താഴ്വരകളിലൂടെയും നടന്നുനീങ്ങി അന്തിയുറങ്ങാന്‍ വാസസ്ഥലങ്ങള്‍ കാണാനാകാതെ ജീവിതം ഉഴിഞ്ഞുവച്ച, മഹാമനസ്കതയുടെയും പരസ്നേഹത്തിന്‍റെയും മകുടോദാഹരണങ്ങളായിരുന്നു ഈ ക്രിസ്തുശിഷ്യര്‍. അവരുടെ ജീവരക്തംകൊണ്ടു കെട്ടിപ്പടുത്ത ഒന്നായിരുന്നു ഇവിടത്തെ കത്തോലിക്കാസഭ.

കത്തോലിക്കാസഭ നാഗാലാന്‍റില്‍
1908-ല്‍ ജര്‍മന്‍കാരനായ Fr Marcellines Molz ആണ് ആദ്യമായി നാഗാലാന്‍റില്‍ സുവിശേഷവേലയ്ക്കായി വന്നുചേര്‍ന്നത്. അദ്ദേഹം ജര്‍മനിയിലെ Bonbashl എന്ന സ്ഥലത്തുനിന്നും നാഗാലാന്‍റിലെ പാംലുവില്‍ എത്തി. പാംലു (Pamlu) സ്ഥിതി ചെയ്തിരുന്നതു ഫോം (phom), ലോങ്ലിങ് (Longling) ജില്ലയിലാണ്. അദ്ദേഹം ഇവിടത്തെ നാഗന്മാരോടൊപ്പം കഴിഞ്ഞു കത്തോലിക്കാസഭ സ്ഥാപിക്കുന്നതില്‍ വ്യാപൃതനായി. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് ഭരണാധികാരികളും ബാപ്റ്റിസ്റ്റുകളും എതിര്‍പ്പോടെയാണു നോക്കിക്കണ്ടത്.

സ്വാതന്ത്ര്യത്തിനുശേഷം 1948-ല്‍ Sr Margarita Pifre and Tuabalupe നാഗാലാന്‍റിലെ കൊഹിമയിലെത്തി, ജോണ്‍ എന്ന വ്യക്തിയുമായി ചേര്‍ന്നുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ചു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി, കത്തോലിക്കാവിശ്വാസത്തിനു വേരോട്ടം തുടങ്ങിവച്ചു. പിന്നീട് സഭ വളര്‍ന്നു. ഇപ്പോള്‍ ഏകദേശം ജനസംഖ്യയുടെ 20 ശതമാനത്തോളം കത്തോലിക്കാവിശ്വാസികള്‍ നാഗാലാന്‍റിലുണ്ട്. ഇവരെ പ്രധാനമായും വോക്കാ, കൊഹിമ ജില്ലകളില്‍ കാണുന്നു. കൂടാതെ നഗരപ്രദേശങ്ങള്‍ അടങ്ങിയ ദിമാപ്പൂര്‍, കൊഹിമ പട്ടണപ്രദേശങ്ങളിലും കത്തോലിക്കാവിശ്വാസികള്‍ നിരവധിയുണ്ട്.

നാഗാലാന്‍റിലെ കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ മലയാളികളായ നിരവധി സിസ്റ്റേഴ്സിനും വൈദികര്‍ക്കും വലിയ സ്ഥാനമുണ്ട്. അവര്‍ ഇടവക വൈദികരായും സ്കൂള്‍ നടത്തിയും ആതുരശുശ്രൂഷ ചെയ്തും ജനങ്ങളെ കത്തോലിക്കാസഭയിലേക്ക് അടുപ്പിച്ചു. ഇപ്പോള്‍ 11 ജില്ലകളിലായി നിരവധി ഹയര്‍ സെക്കന്‍ററി, ഹൈ സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.

കൊഹിമയിലെ കത്തിഡ്രല്‍
കത്തോലിക്കാസഭയുടെ വളര്‍ച്ചയില്‍ അഗ്രഗണ്യ സ്ഥാനം വഹിച്ചതു കൊഹിമ രൂപതയുടെ പ്രഥമബിഷപ്പായ യശഃശരീരനായ മലയാളി എബ്രഹാം ഇലഞ്ഞിമറ്റത്തിലായിരുന്നു. അദ്ദേഹം കഠിനാദ്ധ്വാനം നടത്തി നിരവധി പള്ളികള്‍ സ്ഥാപിച്ചു, പള്ളിക്കൂടങ്ങള്‍ പടുത്തുയര്‍ത്തി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഏഷ്യയിലെതന്നെ അത്ഭുതമായി വിളങ്ങുന്ന ഒന്നാണു കത്തിഡ്രല്‍ ഓഫ് കൊഹിമ. ഇതു രൂപകല്പന ചെയ്തതും പണി കഴിപ്പിച്ചതും എബ്രഹാം ഇലഞ്ഞിമറ്റം പിതാവാണ്. ഈ കത്തിഡ്രലിനു "Mary, Help of Christians Cathedral, Kohima  എനനു നാമകരണം ചെയ്തു. നാഗാ പാരമ്പര്യത്തനിമയിലൂന്നിയ ഒട്ടേറെ ഘടകങ്ങളാല്‍ അലംകൃതമാണ് ഈ തീര്‍ത്ഥാടനകേന്ദ്രം. ഈ ദേവാലയത്തിന്‍റെ ഏറ്റം പ്രശംസയര്‍ഹിക്കുന്നയൊന്ന് അതില്‍ സ്ഥിതി ചെയ്യുന്ന ക്രൂശിതരൂപമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള (16 അടി) മരത്തില്‍ പണിത ക്രൂശിത രൂപമാണിത്. ആ ക്രൂശിതരൂപം നാഗാ പ്രൗഢിയുടെയും പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഒരു സംയുക്ത രൂപമായി നിലകൊള്ളുന്നു. ഇതിന്‍റെ പണി തുടങ്ങിയത് 1989-ലും കൂദാശ ചെയ്തത് 1991-ലുമാണ്.

ഈ കത്തിഡ്രലില്‍ 4500 പേര്‍ക്ക് ഒരേസമയം കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ തക്കവിധമാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കത്തിഡ്രലിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമാണ്. ആരെയും ഹഠാതാകര്‍ഷിക്കാന്‍ പറ്റിയ പുഷ്പങ്ങള്‍കൊണ്ട് അലംകൃതമാണ് ഈ മനോഹര പൂന്തോട്ടം. ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്കു തിരികെ പോരുമ്പോള്‍ നിത്യഹരിതമായി സൂക്ഷിക്കാന്‍ കഴിയുന്ന രണ്ടു ദൃശ്യങ്ങളാണ് ഈ കത്തിഡ്രലിലെ കുരിശൂരൂപവും പൂന്തോട്ടവും.

രണ്ടാം ലോക മഹായുദ്ധത്തില്‍ വിവിധ രാജ്യങ്ങളിലെ ഭടന്മാര്‍ മരിച്ചുവീണ സ്ഥലമാണു കൊഹിമ. ആയതിനാല്‍ അവരുടെ പാവനസ്മരണയ്ക്കായി ജപ്പാന്‍കാര്‍ ഒരു സ്മാരകം നിര്‍മിക്കാന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്‍റെ പരിണിത ഫലമായിരുന്നു കൊഹിമ കത്തിഡ്രല്‍. ഈ കത്തിഡ്രലില്‍ ബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ മരണമടഞ്ഞവരെ സ്മരിക്കുകയും അവരുടെ വീടിനുവേണ്ടി പ്രാര്‍ത്ഥനകള്‍ മുഴങ്ങുന്നുവെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഈ കത്തിഡ്രലിന്‍റെ മുന്‍വശത്ത് ആലേഖനം ചെയ്തിരിക്കുന്ന എഴുത്ത് ഇതു വിളിച്ചറിയിക്കുന്നു, "…It is with thankfulness that we heard that Catholic Cathedral was built in Kohima, Where Mass would be offered every morning in the memmory of the fallen…"

കൊഹിമ കത്തിഡ്രല്‍ നാഗാലാന്‍റ് കത്തോലിക്കാസഭയ്ക്ക്, ലഭിച്ച നിധിയാണ്. ഇവിടെ വരുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത, എന്നും പച്ചയായ ഓര്‍മകളെ അത് സമ്മാനിക്കുന്നു. ഇവിടത്തെ സുന്ദര കാഴ്ചകളും ഭക്താന്തരീക്ഷവും അനശ്വരമായ അനുഭവം സമ്മാനിക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ മണമടഞ്ഞ ധീരജവാന്മാരുടെ ഓര്‍മയ്ക്കായി, അവരെ അനശ്വരമായി ഓര്‍മയില്‍ വയ്ക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് പണി കഴിപ്പിച്ച അനശ്വര സ്മാരകമാണ് Kohima War Symmetry. വിവിധ മതങ്ങളില്‍പ്പെട്ട, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലൂള്ള രാജ്യത്തിനുവേണ്ടി വീരമൃത്യുവടഞ്ഞ ധീരയോദ്ധാക്കള്‍ക്ക് ഏറ്റവും സമുചിതമായി നിര്‍മിച്ച ശവകുടീരമാണ് Kohima War Symmetry. ഇത് ഇന്ത്യയുടെ നാനാത്വത്തിന്‍റെയും അഖണ്ഡതയുടെയും മതനിരപേക്ഷതയുടെയും ആഴത്തിലുള്ള പ്രതിഫലമാണ്. ദേശസ്നേഹികളായ എല്ലാവരും ഈ War Symmetry സന്ദര്‍ശനം നടത്തുന്നു. ഇവിടത്തെ ഓരോ ശവകുടീരങ്ങളും വില കൂടിയ മാര്‍ബിള്‍ / ഗ്രാനൈറ്റുകള്‍കൊണ്ടു നിര്‍മിച്ചിരിക്കുന്നു. ഇതിനു ചുറ്റുമുള്ള പൂന്തോട്ടം ഇവരുടെ സ്മരണകളെ അനശ്വരവും നിത്യഹരിതവുമാക്കുന്നു.

സംഗീതസംസ്കാരവും പാരമ്പര്യവും
സംഗീതം അവരുടെ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും അവിഭാജ്യ ഘടകങ്ങളാണ്. നാഗാ വര്‍ഗക്കാര്‍ പൊതുവേ പാരമ്പര്യവും കഥകളും ഗാനങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന ആളുകളാണ്. സോളോ, ഡ്യുവറ്റ്, സീസണല്‍ സോംങ്സ് എല്ലാം ഇവര്‍ ഇഷ്ടപ്പെടുന്നു.

നാഗാ ഹില്‍സില്‍ മാറ്റൊലികൊള്ളുന്ന ഹൃദയസ്പൃക്കായ ദേവഗാനങ്ങള്‍ നമുക്ക് ആത്മീയസുഖം തരുമെന്നതില്‍ ഒട്ടും സന്ദേഹമില്ല. ഇവിടത്തെ ജനങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം അവരുടെ ഗാനാലാപനമാണ്. എല്ലാവര്‍ക്കും പാടാനുള്ള കഴിവു ദൈവം കൊടുത്ത് അനുഗ്രഹിച്ചിരിക്കുന്നു. പള്ളികളിലും മറ്റും ഉയര്‍ന്നു കേള്‍ക്കുന്ന ഈ ഗാനങ്ങള്‍ നാഗാ ഹില്‍സിന്‍റെ ഒരറ്റത്തുനി്നും മറ്റേ അറ്റത്തേയ്ക്കു മാറ്റൊലികൊള്ളുന്നു.

ഇടവക പ്രവര്‍ത്തനങ്ങള്‍ / സംഘടനകള്‍
ഇടവകതലത്തില്‍ ഒട്ടേറെ ഭക്തകൃത്യങ്ങള്‍ നടത്തി, ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതില്‍, അഭ്യസിക്കുന്നതില്‍ എണ്ണത്തില്‍ കുറവെങ്കിലും വ്യാപൃതരാണ് ഇവിടത്തെ കത്തോലിക്കര്‍. ഇടവകയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു ഞായറാഴ്ച പിരിവിനു പുറമെ താലന്ത് കളക്ഷന്‍, സേവിംഗ്സ് ബോക്സ് കളക്ഷന്‍, വനിതകള്‍ക്കു മാത്രമുള്ള കോഴിസമര്‍പ്പണം (പിന്നീടതു ലേലം ചെയ്തു പണം സമാഹരിക്കുന്നു) എന്നിവയാണ്. വിവിധ ഭക്തസംഘനടകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. CYF (Catholic Youth Front), CMA (Catholic Mens Association), Mothers Association, തിരുബാല സഖ്യം മുതലായവ. കുട്ടികളുടെ സണ്‍ഡേ ക്ലാസ്സിനു പ്രത്യേക പ്രാധാന്യം നല്കി ക്ലാസ്സുകളെടുക്കുന്നു. സമ്മര്‍, വിന്‍റര്‍ വൊക്കേഷന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. വാര്‍ഷികപരീക്ഷയും നടത്തുന്നു. ഞായറാഴ്ചകളില്‍ തങ്ങളുടെ കൃഷിസ്ഥലങ്ങളില്‍ നിന്നുണ്ടാകുന്ന ഉത്പന്നങ്ങളുടെ ഒരു പങ്ക് കാഴ്ചസമര്‍പ്പണം ചെയ്യുന്ന പതിവുണ്ട്. ഇതിനു പുറമേ പള്ളിക്ക് അവരുടെ വരുമാനത്തിന്‍റെ ദശാംശവും കൊടുക്കുന്ന പതിവുണ്ട്.

ഞായറാഴ്ചകളില്‍ പള്ളിയില്‍ വരുന്ന ഓരോരുത്തരും ബൈബിളുമായിട്ടു വരുന്നു. ലേഖനങ്ങളും സുവിശഷവും വായിക്കുന്ന സമയത്തു ബൈബിള്‍ തുറന്നു വളരെ ഭക്തിപൂര്‍വം ശ്രദ്ധയോടെ വായിക്കുന്ന രീതി ഒരു സാധാരണ കാഴ്ചയാണ്. പാരമ്പര്യവും കാലപ്പഴക്കവും അഭിമാനിക്കുന്ന നമുക്ക് ഇവരില്‍നിന്ന് ഇങ്ങനെയൊക്കെ പഠിക്കേണ്ട ആവശ്യകതയിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു.

ഒരുകാലത്തു പുറംലോകം പോലും എത്തിപ്പെടാത്ത, അറിയപ്പെടാത്ത, സുവിശേഷം എത്തിച്ചേരാത്ത നാഗാ ഹില്‍സില്‍ ഇപ്പോള്‍ പള്ളികളും പുരോഹിതരും കുര്‍ബാനയില്‍ ആത്മീയതയില്‍ മുളച്ചു വളര്‍ന്നു പുരോഗതിയുടെ ആത്മീയ ഉണര്‍വിന്‍റെ മേലാപ്പിലേക്കു പറന്നുയര്‍ന്നിരിക്കുന്നു. എന്നിരുന്നാലും ഇവിടത്തെ ക്രിസ്തീയസഭയുടെ വളര്‍ച്ചയും മറ്റു പരിഷ്കൃതനാടുകളിലെ വളര്‍ച്ചയും തമ്മില്‍ തുലനം ചെയ്യാന്‍ ശ്രമിക്കുന്നതു തികച്ചും ബാലിശമായ ഒന്നായിരിക്കും. നമുക്കു ക്രിസ്തുവിനോളം പഴക്കമുള്ള ക്രിസ്തുശിഷ്യര്‍ സ്ഥാപിച്ച സഭയുണ്ടെങ്കില്‍ ഇവിടെ സുവിശേഷം എത്തിയിട്ടു 150-ല്‍ താഴെ വര്‍ഷങ്ങളേ ആയുള്ളൂ. സഭയുടെ വളര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. ഇനിയും എത്രയോ കാതം ആ യാത്ര തുടരേണ്ടതുണ്ട്, എത്രയോ സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ക്ക്, ആ സദ്വാര്‍ത്ത എത്തിക്കാനുണ്ട് – കാലത്തിന്‍റെ രൂപത്തിലും പൂര്‍ണതയിലും എല്ലാം സംഭവിക്കും. ഇതൊന്നും കാണാനോ ശ്രവിക്കാനോ നമ്മളുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം ബാക്കിനില്ക്കുന്നു.

സുവിശേഷരഥം ഉരുളട്ടെ, സുവിശേഷവെളിച്ചം പാദങ്ങള്‍ക്കു വിളക്കും വഴിയില്‍ പ്രകാശവുമായി ഭവിക്കട്ടെ സുവിശേഷഗീതങ്ങള്‍ മാറ്റൊലി കൊള്ളട്ടെ. നാഗാലാന്‍റില്‍ അതൊക്കെ വക്കോളം നിറഞ്ഞു മറ്റു പ്രദേശങ്ങളിലേക്കു കവിഞ്ഞൊഴുകട്ടെ എന്നാശംസിക്കാം. പ്രാര്‍ത്ഥനാനിര്‍ഭരതയോടെ കാത്തിരിക്കാം.

നാഗാലാന്‍റ് – Land of Festivals
ഉത്സവങ്ങളുടെ നാടെന്ന് അറിയപ്പെടുന്ന നാഗാലാന്‍റിലുള്ള 14 ഗോത്രവര്‍ഗക്കാര്‍ക്കു തങ്ങളുടേതായ തനതായ പാരമ്പര്യത്തിലധിഷ്ഠിതമായ ജീവിതഗന്ധിയായ ഉത്സവങ്ങളും നൃത്തങ്ങളുമുണ്ട്. പൊതുവേ പാടാനും ആടാനുമുള്ള താത്പര്യം ഇവരുടെ വലിയൊരു പ്രത്യേകതയാണ്. ക്രിസ്ത്യാനികളാണെങ്കിലും തങ്ങളുടെ പരമ്പരാഗതമായ ഉത്സവങ്ങളും നൃത്തങ്ങളും ഇന്നും അനുഷ്ഠിച്ചുപോരുന്നു. വിളയിറക്കുന്നതിനുമുമ്പു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു നല്ല വിളവിനായി പ്രാര്‍ത്ഥിക്കുന്ന ഉത്സവമാണു മെഗാ ഫെസ്റ്റിവല്‍ (Seliang Tribe- ന്‍റെ ഉത്സവമാണ്) മെഗാ ഫെസ്റ്റിവലില്‍ ജനങ്ങള്‍ ഒരുമിച്ചു നൃത്തം ചവിട്ടിയും സദ്യയൊരുക്കിയും ആഘോഷങ്ങള്‍ക്കു കൊഴുപ്പു കൂട്ടുന്നു. ഇതുപോലെതന്നെ വിളവെടുപ്പു കഴിഞ്ഞാല്‍ ദൈവത്തിനു നന്ദി പറയാന്‍ ഉത്സവങ്ങളുണ്ട്. വിവിധ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഇത് വിവിധങ്ങളായ പേരുകളില്‍ അറിയപ്പെടുന്നു.

ക്രിസ്മസ് – ഉത്സവങ്ങളുടെ ഉത്സവം
പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒട്ടേറെ ഉത്സവങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഉത്സവങ്ങളുടെ ഉത്സവമാണു ക്രിസ്മസ്. ഇവിടെ ഡിസംബര്‍-ജനുവരി കാലത്ത് അതിശൈത്യമാണ്. യേശു ജനിച്ച ബെത്ലഹേമിന്‍റെ ഒരു പതിപ്പാണ് ഇവിടത്തെ ക്രിസ്മസും മഞ്ഞുകാലവും. നാടെങ്ങും വിളവെടുപ്പുകഴിഞ്ഞു സമൃദ്ധിയുടെ, സന്തോഷത്തിന്‍റെ കാലഘട്ടത്തിലാണ് ക്രിസ്മസ് വന്നണയുന്നത്. വിദ്യാലയങ്ങള്‍ക്കു നീണ്ട അവധിയുടെ കാലഘട്ടം. എല്ലാ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും അവധി കൊടുത്തുകൊണ്ടു ക്രിസ്മസ് അതിഗംഭീരമായി കൊണ്ടാടുന്നു. നാഗാലാന്‍റിലുടനീളമുള്ള കുന്നുകളുടെ മേലെ പണിതുയര്‍ത്തിയ ഭവനങ്ങളില്‍ ഉയര്‍ത്തിയ നക്ഷത്രവിളക്കുകള്‍ പ്രകാശിച്ചുനില്ക്കുന്നതു കണ്ടാല്‍ മറ്റൊരു താരാപഥം ഇറങ്ങിയതുപോലെ തോന്നും. നാടെങ്ങും നിറഞ്ഞുനില്ക്കുന്ന മഞ്ഞണിഞ്ഞ രാവുകളെ പുളകം കൊള്ളിച്ചുകൊണ്ടു കരോള്‍ ഗാനങ്ങള്‍ എങ്ങും മുഴങ്ങി കേള്‍ക്കുന്നു, മറ്റൊരു ക്രിസ്മസ് വരവായി.

ഈസ്റ്റര്‍ ആഘോഷങ്ങള്‍
നോമ്പുകാലം തുടങ്ങിയിരിക്കുകയാണല്ലോ. ഇവിടത്തെ നോമ്പുകാലത്തെയും ഈസ്റ്റര്‍ വിശുദ്ധ വാരത്തെയും കുറിച്ച് അല്പം പ്രതിപാദിക്കട്ടെ. നേരത്തെ സൂചിപ്പിച്ചതുപോലെ ക്രിസ്മസാണ് ഇവിടത്തെ ഏറ്റവും വലിയ ഉത്സവം എന്നിരിക്കേ, ഈസ്റ്ററിന് അത്ര വലിയ വലിപ്പവും പ്രാധാന്യവും നാഗാ കത്തോലിക്കര്‍ക്കിടയിലില്ല. ഒരുപക്ഷേ അതിനു പ്രധാന കാരണം ബാപ്റ്റിസ്റ്റുകളുടെ സ്വാധീനമായിരിക്കാം. ബാപ്റ്റിസ്റ്റുകള്‍ക്കു നോമ്പാചരണമോ ദുഃഖവെള്ളിയാചരണമോ ഇല്ല. അവര്‍ക്കു ദുഃഖവെള്ളി ഒരു ആഘോഷത്തിന്‍റെ, സന്തോഷത്തിന്‍റെ വേളയാണ്. അവര്‍ നായാട്ട് നടത്തി കൊഴുത്ത മൃഗങ്ങളെ കൊന്നും ഭക്ഷിച്ചുമൊക്കെ അതാഘോഷമാക്കുന്നു. ഇതിന്‍റെ പ്രതിഫലനം കത്തോലിക്കരെയും ബാധിച്ചുവോ എന്നറിയില്ല. പെസഹാവ്യാഴവും ദുഃഖവെള്ളിയും കുരിശിന്‍റെ വഴിയും ഏറ്റം ഭക്തിയോടെ അനുവര്‍ത്തിക്കുന്നു. ഈസ്റ്റര്‍ വിജില്‍, ഈസ്റ്റര്‍ സണ്‍ഡേ കുര്‍ബാനകള്‍ നടത്തപ്പെടുന്നു. ഈസ്റ്റര്‍ വിജില്‍ സര്‍വീസ് നല്ല ശോഭയുള്ള ആത്മീയാനുഭവം തരുന്ന ഒരു ചടങ്ങാണ്. ദുഃഖശനിയാഴ്ച വൈകീട്ട് ഇരുട്ട് തുടങ്ങുമ്പോള്‍ ജനങ്ങളെല്ലാവരും പള്ളിമുറ്റത്തു വലിയ തീയുണ്ടാക്കി അതിനു ചുറ്റും നിന്നുകൊണ്ട് ഈസ്റ്റര്‍ വിജില്‍ പ്രാര്‍ത്ഥനകള്‍ക്കു സാക്ഷികളാകുന്നു. ഈ സമയം ദേവാലയം അടച്ചിടുന്നു, വിളക്കുകള്‍ കെടുത്തുന്നു. ഒരുക്കിയിരിക്കുന്ന തീയില്‍നിന്നും പുരോഹിതന്‍ വലിയ പാസ്കല്‍ കാന്‍ഡില്‍ തെളിയിക്കുന്നു. അതില്‍നിന്ന് എല്ലാവരും തിരിതെളിച്ചു കൂട്ടം കൂട്ടമായി ദേവാലയത്തിന്‍റെ ആനവാതിലിനരികിലേക്ക് അടുക്കുന്നു – വാതില്‍ തുറന്ന് അകത്തു പ്രവേശിക്കുന്നു, പിന്നീടു ഗ്ലോറിയാ ഗാനം പാടി ഉയിര്‍പ്പ് കാണിക്കുന്നു. ദേവാലയത്തില്‍ വിളക്കുകള്‍ പ്രകാശിക്കുകയും മണികള്‍ മുഴങ്ങുകയും ചെയ്യുന്നു – വിജില്‍ സര്‍വീസിനു നാന്ദി കുറിക്കപ്പെടുന്നു. മറ്റൊരു ഈസ്റ്ററിനെ വരവേല്‍ക്കുന്നു.

മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും
നാഗാലാന്‍റ് മതനിരപേക്ഷതയുടെയും മതസൗഹാര്‍ദ്ദത്തിന്‍റെയും നാടാണ്. വിവിധ മതങ്ങളെ സ്നേഹപൂര്‍വം സ്വീകരിക്കുകയും അവയ്ക്കു വളരാനും മതം പ്രചരിപ്പിക്കാനും അതിലൊക്കെ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം വേണ്ടുവോളമുണ്ട്. ജൈന, ഹിന്ദു ക്ഷേത്രങ്ങളും മോസ്കുകളും മറ്റും സ്വതന്ത്രമായി നിലകൊള്ളുന്നു.

നാഗാലാന്‍റില്‍ കാണുന്ന മറ്റൊരു സവിശേഷതയാണു വിവിധ ക്രിസ്തീയ സഭാംഗങ്ങളായി ഒരേ കുടുംബത്തിലെ അംഗങ്ങള്‍ നില കൊള്ളുന്നത്. ഒരു ഭവനത്തില്‍ അപ്പന്‍ ബാപ്റ്റിസ്റ്റും അമ്മ കത്തോലിക്കയും മകന്‍ പ്രിസ്ബിറ്റേറിയനും ആയിരിക്കാം. വിവിധ ക്രൈസ്തവസഭകള്‍ തങ്ങളുടെ പ്രവര്‍ത്തന ശൈലികളില്‍ വ്യത്യസ്തരാണെങ്കില്‍കൂടിയും യേശുവിനെ രക്ഷകനായി കാണുകയെന്ന സത്യത്തില്‍ ഒന്നായിരിക്കുന്നു. ഇവയൊക്കെ ക്രിസ്തുമതമെന്ന പൂന്തോട്ടത്തിലെ വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പുഷ്പങ്ങളായി നിലകൊള്ളുന്നു. "Jesus Saves", "Ngaland for Christ".

നാഗാലാന്‍റിലെ വാഹനങ്ങളില്‍ "Jesus Saves" എന്ന് ആലേഖനം ചെയ്യുന്ന കാഴ്ച ഏറെ ശ്രദ്ധേയമായ ഒന്നാണ്. ഇവിടത്തെ ജനങ്ങള്‍ "Nagaland for Christ" എന്ന ആപ്തവാക്യം തങ്ങളുടെ ഹൃദയങ്ങളില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. ഒട്ടുമിക്ക പൊതുസ്ഥലങ്ങളിലും "Nagaland for Christ" എന്ന ചുവരെഴുത്ത് നമുക്കു ദര്‍ശിക്കാവുന്നതാണ്. ഇതിലും ഹൃദ്യമായ ഒന്നാണ് അവരുടെ State Anthem. അതിപ്രകാരമാണ്,

God bless my Nagaland
Land that I love
And Land of hills and valleys
That drinks rains from heaven
God will take care of you until the end
His eyes will always be on you
My fair Nagaland.
ഇതിലെല്ലാം പ്രതിഫലിച്ചു കാണുന്നതു ദൈവത്തിലുള്ള ആഴത്തിലുള്ള അവരുടെ വിശ്വാസവും ആശ്രയവുമല്ലാതെ മറ്റെന്താണ്?

(ലേഖകന്‍ നാഗലാന്‍റിലെ പെരേം ഗവണ്‍മെന്‍റ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസ്സറും ഉദയംപേരൂര്‍ സൂനഹദോസ് ദേവാലയാംഗവുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org