നാലാം വ്യവസായികവിപ്ലവവും നവസംരംഭകത്വവും

നാലാം വ്യവസായികവിപ്ലവവും നവസംരംഭകത്വവും


ഫാ. ഡോ. ജെയ്സണ്‍ മുളേരിക്കല്‍ CMI

ഇഡലിമാവു കുഴച്ചും, ട്യൂ ഷന്‍ എടുത്തും ശതകോടീശ്വരന്മാരാകുവാന്‍ സാധിക്കുമോ? കുറച്ചുകാലം വരെ തീര്‍ത്തും അസംഭവ്യമെന്ന് കരുതിയിരുന്ന ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ സാധ്യമാണ്. വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് ആറാം ക്ലാസ്സില്‍ തോറ്റ്, എന്നാല്‍ സ്ഥിരപരിശ്രമത്താല്‍ എന്‍.ഐ.ടി.യില്‍നിന്നും എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ഒടുവില്‍ ഇഡലി, ദോശ മാവ് കുഴച്ച് വില്‍ക്കുന്ന പി.സി. മുസ്തഫയെന്ന ചെറുപ്പക്കാരന്‍ ഇന്ന് ആയിരം കോടിയിലധികം വിറ്റുവരവുള്ള ID Fresh Food കമ്പനിയുടെ ഉടമസ്ഥനാണ്. ഷാരൂഖ് ഖാനെയും മോഹന്‍ലാലിനെയും പരസ്യനായകന്മാരാക്കി ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബക്കിന്‍റെ നിക്ഷേപം വരെ സ്വീകരിച്ച് മുന്നേറുന്ന ബൈജൂസ് ആപ്പിന്‍റെ സി.ഇ.ഒ., കൊല്ലംകാരന്‍ ബൈജു രവീന്ദ്രന്‍ തന്‍റെ ടൂഷന്‍ ക്ലാസ്സുകളാണ് ആപ്പാക്കി മാറ്റിയത്. അടുക്കളപ്പുറത്ത് കണ്ടാല്‍ നാം തല്ലിക്കൊല്ലുന്ന ഒരു കൊച്ച് ചുണ്ടനെലി പാചകകലയോടുള്ള തീക്ഷ്ണമായ താല്‍പ്പര്യം ഒന്നുകൊണ്ടു മാത്രം ചീഫ് കുക്കായി മാറുന്ന കഥ പറയുന്ന, ഡിസ്നി പ്രൊഡക്ഷന്‍സിന്‍റെ ആനിമേഷന്‍ മൂവിയായ റാറ്ററ്റ്യൂയി (Ratatouille)യില്‍ ഗുരുവായ ഗുസ്താവ് കുഞ്ഞനെലിയോട് പറയുന്ന ഒരു വിജയമന്ത്രമുണ്ട് – 'anyone can cook.' നമുക്കായി ഒന്നു മാറ്റിപ്പറഞ്ഞാല്‍, "ആര്‍ക്കും വിജയിക്കാം", "ആര്‍ക്കും വിജയിയായ സംരംഭകനുമാകാം" – കത്തുന്ന തീക്ഷ്ണതയും, പരിശ്രമിക്കാനുള്ള മനസ്സും ഉണ്ടാകണമെന്ന് മാത്രം.

രണ്ടു ഗണത്തിലുള്ള ആളുകളേ അനതിവിദൂര ഭാവിയില്‍ ഉണ്ടാവുകയുള്ളൂ എന്നാണ് സാമൂഹിക ശാസ്ത്രകാരന്മാരും, സാങ്കേതിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. വിജയിക്കുന്നവരും, മറ്റുള്ളവരും. അതിന് കാരണം നാലാം വ്യാവസായിക വിപ്ലവമെന്ന് ഓമനപേരിട്ട് വിളിക്കപ്പെടുന്ന ശരവേഗതയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നവ സാങ്കേതിക ശാഖകളും, അതിന്‍റെ അലയടികളായുണ്ടാകുന്ന സാമൂഹിക മാറ്റങ്ങളും ആണ്. യന്ത്രമാനുഷി ക സംവിധാനങ്ങളും (Robotics), അനൈശ്ചിക യന്ത്രവത്കരണവും (Automation) കൃത്രിമബുദ്ധിയും (Artifical Intelligence) അടങ്ങുന്ന സാങ്കേതികത്രയത്തിന് ഒരുവിധപ്പെട്ട എല്ലാ മാനുഷിക വ്യവഹാരങ്ങളെയും അനുകരിക്കാന്‍ സാധിക്കും എന്നതുകൊണ്ട് ജോലിയുടെ ഭാവിതന്നെ മാറ്റി മറിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ നാം ചെയ്യുന്ന ജോലികളെല്ലാം തന്നെ കൂടുതല്‍ സൂക്ഷ്മതയോടും, വിവേചനബുദ്ധിയോടും യന്ത്രങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആ പണി ചെയ്യാന്‍ മനുഷ്യന്‍ എന്തിന്? ഊബര്‍, വാഹന മുതലാളിമാരെ ഇല്ലാതാക്കിയെങ്കില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ റോഡ് അപകടങ്ങളേയും, അതോടൊപ്പംതന്നെ വാഹന ഡ്രൈവര്‍മാരെയും ഇല്ലാതാക്കും. തൊഴിലവസരങ്ങള്‍ അല്ല, ഇന്നു കാണുന്ന തൊഴിലുകളില്‍ (തൊഴില്‍ രൂപങ്ങളില്‍) പകുതിയോളം തന്നെ അനതിവിദൂരഭാവിയില്‍ ഇല്ലാതാകുമെന്നാണ് പ്രവചനം. ഈ പ്രവചനങ്ങളുടെ ഒരംശം തന്നെ ശരിയായാല്‍ അത് ഉളവാക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും. വിജയിക്കുന്നവരും, മറ്റുള്ളവരും, അതിസര്‍ഗ്ഗശാലികളും, അല്ലാത്തവരും, അതിസമ്പന്നരും, സാധാരണക്കാരും എന്നിങ്ങനെ രണ്ടുവര്‍ഗ്ഗങ്ങള്‍ മാത്രമായി ചുരുങ്ങി, ഇന്നു കാണുന്ന സാമ്പത്തിക മധ്യവര്‍ഗ്ഗം തീരെ ശുഷ്കിച്ച് പോകുമെന്നാണ് വിദഗ്ദ്ധമതം.

മാറ്റങ്ങളുടെ ഈ മലവെള്ളപ്പാച്ചിലില്‍ സാമൂഹിക വ്യവസ്ഥിതിയെ പിടിച്ച് നിറുത്തണമെങ്കില്‍, സാധാരണക്കാരന് ജീവിക്കുവാന്‍ കഴിവുള്ള മാന്യമായ അടിസ്ഥാന വരുമാനം (Universal Basic Income) സര്‍ക്കാരുകള്‍ ഉറപ്പിക്കണമെന്ന് വാദിക്കുന്നവരാണ് പാരിസ് സ്ക്കൂള്‍ ഓഫ് എക്കണോമിക്സിലെ പ്രൊഫസറായ തോമസ് പിക്കറ്റിയുള്‍പ്പടെയുള്ള സാമ്പത്തിക ശാസ്ത്രകാരന്മാര്‍. ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാരിസിലെത്തി അദ്ദേഹത്തെ കണ്ട് ചര്‍ച്ച ചെയ്യാന്‍ ഇടയായതും, രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ 15,000 രൂപയുടെ അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തുവാനുമുള്ള കാരണവും ഇവരുടെ സ്വാധീനം തന്നെ. ഇവിടെയാണ് സംരംഭകത്വത്തിന്‍റെ സാംഗത്യം.

സംരംഭകന്‍
കടന്നുവരുന്ന പുതിയ ലോകത്തില്‍ മുകളിലത്തെ തട്ടിലേക്ക് കയറുവാനുള്ള നിയോഗം നവസംരംഭകരുടേതാണ്. ബാക്കി വരുന്ന ബഹുഭൂരിപക്ഷം പേരും അവര്‍ ഒരുക്കുന്ന ജീവിത സൗകര്യങ്ങളും വിനോദോപാധികളും സ്വീകരിച്ച് അലസവും സാധാരണവുമായ ജീവിതശൈലിയില്‍ ജീവിക്കുന്നവരാകാനാണ് സാധ്യത. ഇത്തരത്തിലുള്ള മഹാഭൂരിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ച് വലിയ അലോസരങ്ങള്‍ക്ക് ഇട നല്‍കാതെ, അവരെ വിപ്ലവങ്ങളിലേക്ക് നയിക്കാതെ, ശാന്തമായി, സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്തോഷപൂര്‍വം ജീവിക്കുവാന്‍ സാധിക്കുന്നവരാകും നാളെയുടെ നേതാക്കള്‍. അവരാണ് സംരംഭകര്‍.

ഇത്തരത്തിലുള്ള നാലാം വ്യാവസായിക വിപ്ലവം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള നേതാക്കന്മാരെയും നമുക്കിന്ന് കാണാന്‍ സാധിക്കും. ആരംഭത്തില്‍ സൂചിപ്പിച്ച വി.സി. മുസ്തഫയും, ബൈജു രവീന്ദ്രനുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവരാണ്. പെട്രോളിയവും, ബാങ്കിങ്ങും അടങ്ങുന്ന പരമ്പരാഗതമായ വാണിജ്യരംഗങ്ങളെ കടത്തിവെട്ടി ഈ ദശാബ്ദത്തില്‍ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചെടുത്തത് സാങ്കേതികവിദ്യയുടെ ചിറകിലേറിയ ടെക്നോകാറ്റുകളും, ഇന്‍റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളുമാണ്. ഫേസ്ബുക്കും, ഗൂഗിളും, മൈക്രോ സോഫ്റ്റുമെല്ലാം നമ്മുടെ അനുദിനജീവിതത്തിന്‍റെ ഭാഗങ്ങളാണിന്ന്. എന്നാല്‍ സംരംഭകത്വത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവമറിയാന്‍ ഇത്രയൊന്നും അറിയപ്പെടാത്ത എന്നാല്‍ ഇന്‍റര്‍നെറ്റ് സാങ്കേതിക ബിസിനസിലെ അതികായനായ ഒരു ബിസിനസ് സ്ഥാപനത്തെ മനസിലാക്കുന്നത് ഉപകാരപ്രദമായിരിക്കും.

അക്കമായ്
കേരളത്തില്‍ അക്കമായിയെ കാണണമെങ്കില്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രം നടത്തുന്ന ടെക്കോണ്‍ഫറന്‍സില്‍ പോകണം. അവിടെ ഒരു മുഖ്യസ്പോണ്‍സറായി അവരെ കാണാം. എന്താണ് അക്കമായിയും പ്രമുഖ പത്രവും തമ്മിലുള്ള ബന്ധം. ലോകത്തിലെ ഏറ്റവും വലിയ കോണ്ടന്‍റ് ഡെലിവറി നെറ്റ്വര്‍ക്ക് ആണ് അക്കമായ്. ലോകത്തിലെ ഏതു ഭാഗത്തുമുള്ള മലയാളികള്‍ക്ക് – അവര്‍ ഗള്‍ഫിലായിക്കൊള്ളട്ടെ, അമേരിക്കയിലായിക്കൊള്ളട്ടെ, യൂറോപ്പിലായിക്കൊള്ളട്ടെ, ആസ്ട്രേലിയായില്‍ ആയിക്കൊള്ളട്ടെ, ആഫ്രിക്കയിലായിക്കൊള്ളട്ടെ – അവര്‍ക്ക് ആ പത്രത്തിന്‍റെ വെബ് സൈറ്റില്‍ അപ്പ്ലോഡ് ചെയ്യപ്പെടുന്ന ഓരോ വാര്‍ത്തയും, ചിത്രങ്ങളും, വീഡിയോകളും, പരസ്യങ്ങളും ഇടതടവില്ലാതെ ക്ഷിപ്രവേഗതയില്‍ എത്തിക്കുകയാണ് അക്കമായി ചെയ്യുന്നത്. പത്രത്തെ സംബന്ധിച്ച്-അല്ലെങ്കില്‍ ഏതൊരു ഇന്‍റര്‍നെറ്റ് സേവനദാതാവിനെയും സംബന്ധിച്ച് – അവരുടെ കണ്ടന്‍റ് ഏതെങ്കിലും ഒരു പോയിന്‍റില്‍ അപ്പ്ലോഡ് ചെയ്യേണ്ട കാര്യം മാത്രമേയുള്ളൂ. അതിനെ ക്ഷിപ്രവേഗത്തില്‍ ലോകത്ത് അങ്ങോളമിങ്ങോളം വിന്യസിച്ചിരിക്കുന്ന ലക്ഷക്കണക്കിന് സെര്‍വറുകളിലൂടെ വ്യാപിപ്പിച്ച് അവസാന വായനക്കാരിലേക്ക് തടസമില്ലാതെ എത്തിക്കാനുള്ള സകല ഉത്തരവാദിത്വവും അക്കമായിയുടേതാണ്. നാമൊരു ക്ലിക്ക് ചെയ്താല്‍ ഒരൊട്ട റൗട്ടര്‍ അകലത്തില്‍ ലോകത്തിലെ 85% സ്ഥലത്തും കണ്ടെന്‍റ് എത്തിക്കുമെന്നതാണ് അക്കമായിയുടെ അവകാശവാദം. ലോകത്തിലെ ഇന്‍റര്‍നെറ്റ് വ്യവഹാരത്തിലെ 30% വരെ ഓരോ നിമിഷവും കൈകാര്യം ചെയ്യുന്നത് അക്കമായി ആണെന്നാണ് വയ്പ്.

ഇത് ആരംഭിച്ചത് അമേരിക്കയിലെ എം.ഐ.ടി. യൂണിവേഴ്സിറ്റിയിലെ ഒരു ഗണിതശാസ്ത്ര പ്രൊഫസറും വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ്. യാതൊരു ബിസിനസ്സ് പാശ്ചാത്തലവുമില്ലാതിരുന്ന പ്രൊഫസര്‍ ടോം ലേയ്റ്റണ് താല്പര്യം ഉണ്ടായിരുന്നത് ഗണിത ശാസ്ത്ര സമാന്തര സമവാക്യങ്ങളിലും ഗവേഷണത്തിലുമായിരു ന്നു. പക്ഷെ 1996-ല്‍ എം.ഐ.ടി യില്‍ അരലക്ഷം ഡോളര്‍ സമ്മാനതുകയുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഒരു മത്സരമാണ് അദ്ദേഹത്തിന്‍റെ തലവര മാറ്റിമറിച്ചത്. സാമ്പത്തികമായി അല്പം മോശം നിലയിലായിരുന്ന അദ്ദേഹത്തിന്‍റെ മിടുമിടുക്കനായ വിദ്യാര്‍ത്ഥി, ഡാനി ലെവിനാണ് പ്രൊഫസറുടെ ഗണിതശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ ഇന്‍റര്‍നെറ്റിലെ കണ്ടെന്‍റ് വിജയകരമായി വിന്യസിക്കുവാന്‍ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ആ മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ തന്നെയും അവരവതരിപ്പിച്ച ബിസിനസ് പ്ലാന്‍ ഇഷ്ടപ്പെട്ട ഒരു കൂട്ടം നിക്ഷേപകര്‍ (venture capitalists) മാലാഖമാരെപോലെ പിറകെ കൂടിയപ്പോള്‍ (angel fund) അക്കമായി പിറന്നു. അവരുടെ ചിറകിലേറി പറക്കാന്‍ കണ്ടന്‍റിനെ ആശ്രയിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഇന്‍റര്‍നെറ്റ് ഭീമന്‍മാരും ഉണ്ടായിരു ന്നു.

രണ്ടു കാര്യങ്ങളാണ് ഈ വിജയകഥയില്‍ പ്രാധാന്യം എന്ന് എനിക്ക് തോന്നുന്നു. ഒന്നാമതായി, എന്തും ചെയ്ത് വിജയിപ്പിക്കാവുന്ന ഒന്നല്ല സംരംഭകത്വം. സമൂഹത്തിന് ശരിയായി ആവശ്യമുള്ള ഏതെങ്കിലും ഒരു കാര്യം, ഏറ്റവും സാങ്കേതിക മികവോടെ, പ്രൊഫഷണലായി അവതരിപ്പിക്കുവാന്‍ സാധിക്കുന്നിടത്താണ് പുതുസംരംഭങ്ങള്‍ വിജയം കാണുന്നത്. നവസംരംഭകവഴിയിലെ ഏറ്റവും വലിയ ശാപം പേപ്പര്‍ കമ്പനികളുടേയും, ബിസിനസ് കാര്‍ഡ് സി.ഇ.ഒ. കളുടേതുമാണ്. പഠിച്ചില്ലെങ്കിലും പഠനം പൂര്‍ത്തിയായില്ലെങ്കിലും യാതൊരു പരിജ്ഞാനവുമില്ലാതെ പുതിയൊരു ബിസിനസ് വിജയ ഗാഥയെഴുതാമെന്ന് കരുതുന്നത് ഈ പുതിയ നൂറ്റാണ്ടില്‍ അസംഭവ്യമായിരിക്കും. കുറുക്കുവഴികള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് സാരം. ഇന്ന് ലോകത്തില്‍ ഏറ്റവും വിജയിച്ചിട്ടുള്ള സംരംഭകരും അതി സമ്പന്നരുമെല്ലാം ടെക്നോക്രാഫ്റ്റുകളും സാങ്കേതിക തികവുള്ളവരും മാത്രമാണ്. അതുകൊണ്ട് പഠനവും, ആജീവനാന്തം പഠിക്കുവാനുള്ള മനഃസ്ഥിതിയും പരമപ്രധാനമാണ്. അതോടൊപ്പംതന്നെ ഈ അറിവിനെ ശരിയായ ബിസിനസ് പ്ലാനാക്കി മാറ്റുവാനുള്ള കഴിവും വേണം. ഡേറ്റാ സയന്‍സില്‍ അത്ഭുതം രചിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ നേതൃത്വം വഹിക്കുന്ന ബാംഗ്ലൂരിലെ മ്യൂസിഗ്മ പോലുള്ള കമ്പനികള്‍ ഇതിനുദാഹരണമാണ്.

രണ്ടാമതായി, സഹായം ഒരു വിളിപ്പാടകലെ ഉണ്ട്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരന്തരീക്ഷമാണ് നമുക്ക് ചുറ്റുമുള്ളത്. അതിന് അമേരിക്കയിലെ സിലിക്കണ്‍വാലിവരെ പോകേണ്ട കാര്യമില്ല. ഭാരതത്തിലെതന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റമാണ് ഇന്ന് കേരളത്തിലുള്ളത്. കേ രള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ സംരംഭക ക്ലബ്ബുകളുടെ, പുതിയ പ്രൊഡക്ടുകളുടെ ആദ്യ രൂപം (Prototype) സൃഷ്ടിക്കാനാവശ്യമായ ഫാബ് ലാബുകളുടേയും ഒരു നിരതന്നെ കേരളത്തിലെ മുന്‍നിര കോളേജുകളിലെവിടെയും ലഭ്യമാണ്. ഒരു നൂറ് അക്കമായി ജനിക്കാന്‍ തക്കവിധം, നല്ലൊരു ആശയമുണ്ടെങ്കില്‍ അത് അവതരിപ്പിക്കുവാനും മുന്നോട്ട് എടുക്കുവാനും സാധിക്കും വിധം അനേകം സംരംഭക സ്കോളര്‍ഷിപ്പുകളും, നിക്ഷേപകരും, മത്സരങ്ങളും ഇന്ന് യുവസംരംഭകരുടെ ചുറ്റും വട്ടമിട്ട് പറക്കുകയാണ്. അവസരമില്ലാത്തതിന്‍റെ പേരില്‍ ഒരു ചിറക് മുളയ്ക്കാതിരിക്കുകയില്ല, ഇന്ന്!

ഈ അനുകൂലസാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നോട്ട് പോകേണ്ടതിന്‍റെ കടമയാണ് നമുക്കുള്ളത്, പ്രത്യേകിച്ച് യുവതയ്ക്ക്. അതൊരു ആദ്ധ്യാത്മിക ശക്തി കൂടെയാണ്. ശരിയായ മാര്‍ഗ്ഗത്തിലൂടെ, സുതാര്യമായി ജീവിതവിജയം നേടുവാനുള്ള ഒരു അവസരമാണ് നാലാം വ്യാവസായികവിപ്ലവകാലത്തെ സംരംഭകത്വം നമ്മുടെ മുന്നില്‍ വച്ചു നീട്ടുന്നത്. അതിന് പ്രധാന വിഘാതം വലിയ വിജയങ്ങളില്‍നിന്നും നമ്മെ അകറ്റി നിറുത്തുന്ന 'Success avoidance syndrome' തന്നെയായിരിക്കും. മനസ്സിന്‍റെയും ആത്മാവിന്‍റെയും ഇത്തരം വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്ന പാതയില്‍ സധൈര്യം മുന്നോട്ട് നീങ്ങുവാന്‍ ശരിക്കും പരി. ആത്മാവിന്‍റെ നിറവ് തന്നെ വേണ്ടിവരും, കാരണം വിജയങ്ങളുടെ മാത്രമല്ല കഷ്ടപ്പാടുകളുടെയും, നിരാശകളുടെയും, സംശയങ്ങളുടെയും, പരാജയങ്ങളുടെയും പാതകൂടെയാണ് സംരംഭകത്വം. അവയെയെല്ലാം അതിജീവിച്ച് വിജയതീരമണിയണമെങ്കില്‍ വലിയ ദൈവാനുഗ്രഹം തന്നെ വേണം.

യേശു മനോഭാവം
ഇവിടെയാണ് യേശു മനോഭാവവും അവിടുത്തെ തിരുമൊഴികളും നമ്മുടെ തുണയ്ക്ക് എത്തുക. ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണെങ്കില്‍ യേശുവിന്‍റെ അവസാന കല്‍പ്പനയില്‍ അതിനുള്ള ഉത്തരം ഒളിഞ്ഞിരിപ്പുണ്ട് (Mark 16:15-18). അവിടുത്തെ കൂടെ ചരിക്കുന്നവരുടെ കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ ക്രിയാത്മകതയുടെയും സര്‍ഗ്ഗാത്മകതയുടെയും പുതിയ ഭാഷ സംസാരിക്കും. നിഷേധാത്മക ചിന്തയുടെ പൈശാചികശക്തികളെ അവരുടെ ചിന്താധാരകളില്‍ നിന്നും പുറത്താക്കും. വിവേകപൂര്‍ണ്ണമായ റിസ്കുകളാകുന്ന പാസുകളെ കൈയ്യിലെടുക്കാന്‍ അവര്‍ അധൈര്യപ്പെടില്ല. പാരാജയത്തിന്‍റെ വിഷചഷകം കുടിക്കേണ്ടി വന്നാലും അവര്‍ അത്യന്തികമായി ഇല്ലാതാക്കപ്പെടില്ല എന്നു മാത്രമല്ല, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് കടന്നുവരുകയും ചെയ്യും. ഒടുവില്‍ വിജയതീരമണയുമ്പോള്‍ സമൂഹത്തില്‍ തന്‍റെ സഹായമാവശ്യമുള്ളവരുടെ മേല്‍ കൈകള്‍ വയ്ക്കാനും അവരെ സുഖപ്പെടുത്തുവാനും കഴിയുന്ന പരോപകാരികളായി അവര്‍ മാറും. വിജയത്തിന്‍റെ ഈ സാഹസികമായ വഴിയില്‍ യേശു മനോഭാവം നമ്മുടെ തുണയായിരിക്കട്ടെ.

(കൊച്ചി സി.എം.ഐ. പ്രവിശ്യ അംഗവും തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്‍സിപ്പാളും ആയ ലേഖകന്‍ ഓസ്ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സൂപ്പര്‍ കംപ്യൂട്ടിംഗില്‍ പി.എച്ച്. ഡി ബിരുദധാരിയുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org