നഗരത്തെരുവുകളിലെ നല്ല സമരിയാക്കാരന്‍

നഗരത്തെരുവുകളിലെ നല്ല സമരിയാക്കാരന്‍

ടോണി ആന്‍റണി വാഴപ്പിള്ളി.

തൃശൂര്‍ മുനിസിപ്പല്‍ ഓഫീസ് ജംഗ്ഷനില്‍ ബസ്സിറങ്ങി, കെഎസ്ആര്‍ ടിസി ബസ് സ്റ്റാന്‍റിലേയ്ക്കു നടക്കുമ്പോള്‍ ഫുട് പാത്തില്‍ ഒരു തടസ്സം. ഒരാള്‍ ഫുട്പാത്തില്‍ നിന്നു മുടിവെട്ടുന്നു. തടസ്സം മറികടന്നു മുന്നോട്ടു നടന്നു. ഏതാനും വാരകള്‍ കഴിഞ്ഞപ്പോള്‍ തോന്നി, എന്താണ് ഈ ഫുട്പാത്തില്‍ വച്ചുള്ള മുടിവെട്ടിന്‍റെ സംഗതിയെന്ന് ഒന്നന്വേഷിച്ചുകളയാം. തിരികെ നടന്നു. അന്വേഷിച്ചു. മുടി വെട്ടുന്നത് ടോണി. ഇരിക്കുന്നത് ദേവേന്ദ്രന്‍. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന, കൈയ്ക്കും കാലിനും വൈകല്യമുള്ളയാളാണ് ദേവേന്ദ്രന്‍. തൃശൂര്‍ നഗരത്തിലെ തെരുവുകളില്‍ ഭിക്ഷ യാചിച്ചു ജീവിക്കുന്നു.

ടോണി എല്ലാ ഞായറാഴ്ചകളിലും നഗരത്തിലെത്തുന്നു. വരുമ്പോള്‍ തന്‍റെ ബൈക്കിലെ നിരവധി സഞ്ചികളിലായി ചോറുപൊതികള്‍ ഉണ്ടാകും. പുതിയ മുണ്ടുകളുണ്ടാകും. ഉപയോഗിച്ച ഷര്‍ട്ടുകള്‍ ഭംഗിയായി അലക്കിത്തേച്ചതുണ്ടാകും. കൂടാതെ മുടിയും താടിയും നഖവും വെട്ടുന്നതിനുള്ള ഉപകരണങ്ങളും.

ആവശ്യക്കാരെ കണ്ടെത്തി ആഹാരം കൊടുക്കുന്നു. മുടിയും താടിയും വെട്ടി മനുഷ്യക്കോലത്തിലാക്കുന്നു. നഖം വെട്ടുന്നു. ആവശ്യക്കാര്‍ക്കു ഷര്‍ട്ടും മുണ്ടും നല്‍കുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ടോണി തന്‍റെ ഞായറാഴ്ചകള്‍ ചിലവിടുന്നത് ഇങ്ങനെയാണ്.

തൃശൂര്‍ അതിരൂപതയിലെ വടൂക്കര ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗമാണ് ടോണി ആന്‍റണി വാഴപ്പിള്ളി. അമ്മയും ഭാര്യ ഹിമ, മക്കള്‍ ലിയോ, ലോയ്ഡ് എന്നിവരുമടങ്ങുന്ന കുടുംബം. വെല്‍ഡറായി ജോലി ചെയ്യുകയാണ് ടോണി. കുറെ കാലം മുംബൈയിലായിരുന്നു. അവിടെ തെരുവുകളില്‍ അവശരായി കഴിയുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. സഹായിക്കണമെന്ന വലിയ ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷേ ഗുണ്ടകള്‍ ഭരിക്കുന്ന ആ തെരുവുകളില്‍ ഒരു മലയാളിക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ ആഗ്രഹം മനസ്സില്‍ തന്നെ സൂക്ഷിച്ചു. തിരികെ നാട്ടില്‍ വന്നപ്പോള്‍ തൃശൂരിലെ തെരുവുകളിലും കാണുന്നു, ഇത്തരത്തില്‍ സഹായമര്‍ഹിക്കുന്നവരെ. അവരെ സഹായിക്കാന്‍ ഇവിടെ ഏതായാലും തടസ്സങ്ങളില്ല. അങ്ങനെ ടോണി തന്‍റെ സഹജമായ സഹജീവിസ്നേഹത്തെ തൃശൂരിന്‍റെ തെരുവുകളില്‍ പ്രകാശിപ്പിക്കാനാരംഭിച്ചു. അനേകരുടെ ഇരുട്ടു നിറഞ്ഞ ജീവിതവഴികളില്‍ ആ സ്നേഹം വെളിച്ചം വീശുന്നു.

ദേവേന്ദ്രന്‍റെ മുടിവെട്ടു കഴിഞ്ഞപ്പോള്‍ ടോണി അദ്ദേഹത്തിന്‍റെ മുണ്ടും ഷര്‍ട്ടും നോക്കി. ബാഗു പരിശോധിച്ചു. മുണ്ടു മുഷിഞ്ഞ് ഒരു പരുവമായിട്ടുണ്ട്. തെരുവില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍ക്ക് അത് അലക്കിയുണക്കി വീണ്ടുമുപയോഗിക്കുക ഈ മഴക്കാലത്ത് പ്രായോഗികമല്ല. അതിനാല്‍ പുതിയ ഒരു ലുങ്കി ദേവേന്ദ്രന്‍റെ ബാഗില്‍ വച്ചു കൊടുത്തു. അടുത്തുള്ള കുളത്തിലേയ്ക്ക് കുളിക്കാനായി പറഞ്ഞു വിട്ടു.

ദേവേന്ദ്രന്‍റേത് ദാരുണമായ ഒരു കഥയാണ്. അപകടത്തേയും തളര്‍ച്ചയേയും തുടര്‍ന്നു കുടുംബം ഉപേക്ഷിച്ചു പോയ ഒരു ചെറുപ്പക്കാരന്‍റെ ജീവിതമാണത്. ഇങ്ങനെ തെരുവില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ഓരോ കഥകളുണ്ടാകും. നഗരത്തിരക്കിലൂടെ കടന്നുപോകുന്നവര്‍ക്ക്, ചിലപ്പോള്‍ യാത്ര മുടക്കുന്നവരെ മനസ്സിലെങ്കിലും ചീത്ത പറയുന്നവര്‍ക്ക്, മറ്റു ചിലപ്പോള്‍ ചില നാണയത്തുട്ടുകളെറിഞ്ഞു കടമ തീര്‍ക്കുന്നവര്‍ക്ക് ഈ കഥകളറിയില്ല. ആരും യാചകരായി മാനത്തു നിന്നു പൊട്ടി വീണവരല്ല. തെരുവില്‍ ജനിച്ചു വളര്‍ന്നവരും കുറവ്. നല്ല പ്രായത്തില്‍ ജീവിതത്തോടു പടവെട്ടി പരാജയപ്പെട്ടു തെരുവുകളില്‍ വന്നടിഞ്ഞ മനുഷ്യരാണ് മിക്കവരും.

അവരുടെ കഥകള്‍ ടോണി കേള്‍ക്കുന്നു. അവരെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. അപ്രകാരം അവരെ മനസ്സിലാക്കിയ ശേഷമാണ് സഹായങ്ങള്‍ നല്‍കുന്നത്. ചോറുപൊതികളുമായി നഗരത്തിലെത്തി, വരി നില്‍ക്കുന്നവര്‍ക്കെല്ലാവര്‍ക്കും വലിച്ചെറിഞ്ഞു കൊടുത്തു മടങ്ങുന്ന ഉത്തരവാദിത്വമില്ലാത്ത കാരുണ്യപ്രകടനത്തില്‍ ടോണിക്കു താത്പര്യമില്ല. യാചകരുടെ വേഷത്തില്‍ സാമൂഹ്യവിരുദ്ധരും ഉണ്ടാകാം. പോക്കറ്റടിക്കാരുള്ളത് ടോണി നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. കായികശേഷിയില്ലാത്ത യാചകരുടെ കൊച്ചു സമ്പാദ്യങ്ങള്‍ തട്ടിക്കൊണ്ടുപോകാന്‍ തക്കം പാര്‍ത്തു യാചകരായി ചമഞ്ഞു നടക്കുന്ന കള്ളന്മാരുണ്ട്. അവരെ ഊട്ടുകയും ഉടുപ്പിക്കുകയും ചെയ്യേണ്ട ബാദ്ധ്യത നമുക്കില്ല. വെറുതെ സഹായവിതരണത്തിനു പോയാല്‍ ഒരുപക്ഷേ ഇത്തരക്കാരാകും എല്ലാം ആദ്യം കൈപ്പറ്റുക. അതുകൊണ്ട് തികച്ചും അര്‍ഹരെ നിരീക്ഷിച്ചറിഞ്ഞാണു ടോണിയുടെ സേവനപ്രവൃത്തികള്‍.

ഇതിനര്‍ത്ഥം പൊതുസമൂഹത്തിന്‍റെ സദാചാരമാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന മാന്യന്മാരെ മാത്രമേ സഹായിക്കുകയുള്ളൂ എന്നല്ല. അത്തരം വിധിയെഴുത്തുകള്‍ നടത്തേണ്ടത് നമ്മളാരുമല്ല. ടോണി ഒരുദാഹരണം പറഞ്ഞു. ഒരിക്കല്‍ തെരുവിലൊരാളുടെ വസ്ത്രം മാറാന്‍ സഹായിക്കുകയായിരുന്നു. അതിനിടെ അയാളുടെ പോക്കറ്റില്‍ നിന്നു ബീഡിപ്പൊതി നിലത്തു വീണു. കാഴ്ചക്കാരായി ചുറ്റും നിന്നിരുന്നവരുടെ ധര്‍മ്മരോഷം ഉടനെ ഉണരുകയായി. കണ്ടില്ലേ, ബീഡി വലിക്കുന്നവരും കള്ളു കുടിക്കുന്നവരുമാണ് ഇവര്‍; ഇവരെയൊന്നും സഹായിക്കേണ്ട യാതൊരു കാര്യവുമില്ല, അവര്‍ പിറുപിറുക്കാന്‍ തുടങ്ങി. ലഹരി വിരുദ്ധ സദാചാരവാദികളുടെ ശബ്ദമുയര്‍ന്നപ്പോള്‍, തനിക്കു ലഭിക്കാന്‍ പോകുന്ന അല്‍പം ആഹാരമോ പരിഗണനയോ നിഷേധിക്കപ്പെടുമോ എന്ന ആശങ്കയില്‍ നിന്നാകാം, ആ മനുഷ്യന്‍ തന്‍റെ ദുര്‍ബലശബ്ദത്തില്‍ ഒരു തുറന്നു പറച്ചില്‍ നടത്തി – "നിങ്ങള്‍ക്ക് ഓണവും ക്രിസ്മസും ഈസ്റ്ററും പെരുന്നാളും ഒക്കെയുണ്ടല്ലോ. കല്യാണവും സദ്യകളും ഉണ്ട്. ഇതൊന്നുമില്ലാത്ത എന്‍റെ ഏകസന്തോഷമാണ് ഈ ബീഡി. എന്നോടു പൊറുക്കണം." ആള്‍ക്കൂട്ടം നിശബ്ദമായി.

ബീഡി വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടെന്ന് സംശയമുള്ളവരോട് അതു പാടില്ലെന്ന് ടോണി എപ്പോഴും വിലക്കാറുണ്ട്. പക്ഷേ അതുവച്ച് അവരോടു മനുഷ്യത്വരഹിതമായി പെരുമാറുക പതിവില്ല. ദേവേന്ദ്രന്‍റെ പോക്കറ്റില്‍ ഒരു ബീഡിപ്പൊതി കണ്ടു. ടോണി അതു സൗമ്യമായി സൂചിപ്പിച്ചു. അയാള്‍ ചിരിച്ചു. കുറയ്ക്കാം എന്നു പറഞ്ഞു. അതേ നടക്കൂ.

ദേവേന്ദ്രന്‍റെ ബാഗ് തോളിലിട്ടു കൊടുത്ത്, ക്രച്ചസ് എടുത്ത് കൈയില്‍ കൊടുത്ത്, കുളിക്കാനായി അയച്ച ശേഷം ടോണി പറഞ്ഞു, "ഞായറാഴ്ചകളില്‍ എന്നെ കാത്തിരിക്കുന്ന ചിലര്‍ ഈ തെരുവുകളിലുണ്ട്. അങ്ങനെയൊരാളുടെ അടുത്തേക്കാണ് ഇനി പോകുന്നത്."

കൂടെ ചെല്ലാന്‍ ടോണി ക്ഷണിച്ചു. നിറയെ സഞ്ചികള്‍ തൂക്കിയ ടോണിയുടെ ബൈക്കിന്‍റെ പിന്നില്‍ കയറി. മുനിസിപ്പല്‍ ഓഫീസ് റോഡില്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിന്‍റെ മുമ്പില്‍, തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള സുപ്രസിദ്ധമായ കുടമാറ്റം നടക്കുന്ന തെക്കെ ഗോപുരനടയുടെ പശ്ചാത്തലത്തില്‍ ടോണിയുടെ ബൈക്ക് നിന്നു. പുതുവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളുടെ മുമ്പില്‍ മുഷിഞ്ഞു നനഞ്ഞ വസ്ത്രങ്ങളില്‍ കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധനരികില്‍ ടോണി ചെന്നു. സ്വാമീ എന്നു വിളിച്ചപ്പോള്‍ ആ വയോധികനു ടോണിയെ മനസ്സിലായി. നിറഞ്ഞ ചിരിയുമായി ഫുട്പാത്തിന്‍റെ കൈവരി നൂണ്ട് അയാള്‍ ഇപ്പുറം കടന്നു. സ്വാമിയോടു സംസാരിച്ചുകൊണ്ട് ടോണി കൈയുറകള്‍ ധരിച്ചു. ഉപകരണങ്ങളെടുത്ത് സ്വാമിയുടെ മുടിയും താടിയും വെട്ടാന്‍ തുടങ്ങി.

തമിഴ്നാട്ടിലെ പോണ്ടിച്ചേരിയില്‍ തുണിമില്‍ ജീവനക്കാരനായിരുന്നു സ്വാമി. കാല്‍ നൂറ്റാണ്ടായി തൃശൂരില്‍ വന്നിട്ട്. അക്കാലത്ത് നേരിയ കാഴ്ചയുണ്ടായിരുന്നു. പിന്നീട് അതു പൂര്‍ണമായി നഷ്ടപ്പെട്ടു. അതോടെ ഭാര്യ ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ ഈ തെരുവില്‍ കഴിയുന്നു. പലപ്പോഴും പട്ടിണിയാകും. ചിലപ്പോള്‍ എന്തെങ്കിലും കിട്ടും. പരിചയം കൊണ്ട് പട്ടണവഴികള്‍ കുറെയൊക്കെ തനിയെ പോകാനറിയാം. രാത്രി, കടകളടച്ച് തെരുവുകളില്‍ ആളൊഴിഞ്ഞു കഴിയുമ്പോള്‍ ഏതെങ്കിലും കടത്തിണ്ണകളില്‍ അഭയം തേടും. രാവിലെ നഗരമുണരും മുമ്പ് വീണ്ടും ഇതേ സ്ഥലത്തേയ്ക്ക്. മഴ തുടങ്ങിയപ്പോള്‍ ടോണി നല്‍കിയ കുട ഇപ്പോള്‍ അനുഗ്രഹമായിട്ടുണ്ട്.

മുടിവെട്ടിക്കഴിഞ്ഞ് നോക്കുമ്പോള്‍ സ്വാമിയുടെ ഷര്‍ട്ടും മുണ്ടും ആകെ മോശമായിട്ടുണ്ട്. അതുകൊണ്ട് പുതിയ മുണ്ടും ഷര്‍ട്ടും നല്‍കി. മുണ്ട് സ്വാമി തനിയെ മാറ്റിയുടുത്തു. ഷര്‍ട്ട് ധരിക്കാനും ബട്ടണുകള്‍ ഇടാനും ചെറുതായി സഹായിക്കേണ്ടി വന്നു. അതിനു ശേഷം ഭക്ഷണപ്പൊതി നല്‍കി. രാത്രിയാകുമ്പോള്‍ പോയി കുളിച്ചുകൊള്ളാമെന്ന് സ്വാമി ഉറപ്പു നല്‍കി.

സ്വാമി അന്നു ടോണിയുടെ സ്നേഹം സ്വീകരിച്ച അവസാനത്തെയാളാണ്. അപ്പോഴേയ്ക്കും കൊണ്ടു വന്ന ചോറുപൊതികള്‍ കഴിഞ്ഞു. മുടിവെട്ടാനുളള ട്രിമ്മറിന്‍റെ ചാര്‍ജും തീരാറായി. ഇനി വീട്ടിലേയ്ക്കു മടക്കം.

ഭക്ഷണപ്പൊതികള്‍ തന്‍റെയും ഏതാനും സുഹൃത്തുക്കളുടേയും വീടുകളില്‍ നിന്നുള്ളതാണ്. വസ്ത്രങ്ങളും അങ്ങനെ തന്നെ. ആരുടെ കൈയില്‍ നിന്നും ടോണി ഇതിനായി ഫണ്ട് സമാഹരിക്കുന്നില്ല. ആ തരത്തില്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആദ്ദേഹം ഉദ്ദേശിക്കുന്നില്ല. തന്നെ കൊണ്ട് ചെയ്യാനാകുന്നത് ഈ പരിചരണമാണ്. അതു നല്‍കുന്നു. ഇതു മാതൃകയാക്കി ഇതേ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍പേര്‍ക്കു താത്പര്യമുണ്ടെങ്കില്‍ അവര്‍ക്കു സ്വന്തമായി ചെയ്യാം. അതേ ടോണിക്കു പറയാനുള്ളൂ.

രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണു ടോണിയുടെ ജോലി. രാവിലെ എന്നും പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. ജോലിക്കു പോകാനുള്ള സമയക്രമീകരണം മുന്‍നിറുത്തി നഗരത്തിലെ പള്ളിയിലാണു ടോണി കുര്‍ബാനയ്ക്കു പോകുക. അതു കഴിഞ്ഞ് എട്ടു മുതല്‍ അഞ്ചു വരെ ജോലി. ജോലി കഴിഞ്ഞു വന്നതിനു ശേഷം ചില കിടപ്പുരോഗികളെ കാണാന്‍ പോകും. അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്യും. പലര്‍ക്കും വെറുതെ ഒന്നു സംസാരിച്ചിരുന്നാല്‍ മാത്രം മതിയാകും. അപൂര്‍വമായി ചിലര്‍ ടോണിയെ സമീപിച്ച്, മക്കളുടെ ജന്മദിനമോ വിവാഹവാര്‍ഷികമോ ഒക്കെ ആഘോഷിക്കുന്നതിനോടനുബന്ധിച്ച് എന്തെങ്കിലും ചെയ്യാനാകുമോ എന്നു ചോദിക്കാറുണ്ട്. അവര്‍ക്കു വേണ്ടി ചിലപ്പോള്‍ ഈ കിടപ്പുരോഗികളുടെ വീട്ടില്‍ ഈ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു കുഞ്ഞിന്‍റെ ജന്മദിനാഘോഷത്തിന്‍റെ കേക്ക് മുറിക്കാന്‍ തന്‍റെ അടുത്തേയ്ക്ക് ഒരു കുടുംബം വരുന്നത് കിടപ്പുരോഗികള്‍ക്കു വലിയ സന്തോഷമേകും. കേക്ക് മുറിച്ച്, പാട്ടു പാടി, കുറെ നേരം സംസാരിച്ച്, എന്തെങ്കിലും സ്നേഹസമ്മാനം ആ രോഗിക്കു നല്‍കി ആ കുടുംബം മടങ്ങിപ്പോകുന്നു. രോഗിയേക്കാള്‍ ആ ആഘോഷം ഹൃദയസ്പര്‍ശിയാകുക ആ കുട്ടിക്കും കുടുംബത്തിനുമാകുമെന്ന് ടോണി അനുഭവങ്ങളില്‍ നിന്നു പറയുന്നു. എത്രയൊക്കെ ഉപദേശിച്ചാലും ഒരു കുട്ടിയിലും നമുക്കു ഉണ്ടാക്കാന്‍ കഴിയാത്ത ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ കനല്‍ ഒരു ചെറുതരി ഈ ആഘോഷത്തിലൂടെ അവരില്‍ നാമ്പെടുക്കും. അനുയോജ്യമായ സന്ദര്‍ഭത്തില്‍ അത് ജ്വലിക്കുകയും ആ കുടുംബത്തിനും സമൂഹത്തിനുമെല്ലാം പ്രകാശം പകരുകയും ചെയ്യും.

താനെന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നു ടോണി നമ്മോടു ആവര്‍ത്തിച്ചു പറയുന്നുണ്ട് ഇതിനെല്ലാമിടയില്‍. "ഇതെന്‍റെ കടമയാണ്. ഞാനിതു ചെയ്യേണ്ടതാണ്. എത്രയോ രോഗികളെ ഞാന്‍ കാണുന്നു. അപ്പോള്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഞാന്‍ കൂടുതല്‍ അവബോധമുള്ളവനാകുകയാണ്. കടമ നിറവേറ്റുന്നതിലൂടെ ലഭിക്കുന്ന ആത്മസന്തോഷം അനുഭവിക്കുകയാണ്." ഇതു വ്യക്തമാക്കി, ടോണി തന്‍റെ വീട്ടിലേയ്ക്കുള്ള യാത്ര ആരംഭിച്ചു, ഒഴിഞ്ഞ സഞ്ചികളും നിറഞ്ഞ ഹൃദയവുമായി. ഇനി വീണ്ടും അടുത്ത ഞായറാഴ്ച.

  • ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org