നമ്മുടെ നാടിനെ മാതാവിന്‍റെ വിമലഹൃദയത്തിനു സമർപ്പിക്കണം

നമ്മുടെ നാടിനെ മാതാവിന്‍റെ വിമലഹൃദയത്തിനു സമർപ്പിക്കണം

ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ

ബൈബിളില്‍ സൂ ചിപ്പിക്കുന്നതുപോലെ ദൈവത്തിന്‍റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഭൂമിയില്‍ ആകൃതിയും പ്രകൃതിയും വ്യക്തിത്വത്തിന്‍റെ തനിമയും ലഭിക്കുന്നത് (ഉല്പത്തി 1:26) ഒരമ്മയിലൂടെ ജനിക്കുമ്പോഴാണ്. ഇപ്രകാരം മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്ന ഒരമ്മയ്ക്ക് ദൈവം ഇത്രമാത്രം പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കില്‍ ലോകരക്ഷകനായ ദൈവപുത്രന്‍റെ അമ്മയെ ദൈവം എത്രമാത്രം പരിഗണിക്കുന്നു എന്നും മനുഷ്യര്‍ എങ്ങനെ ഈ അമ്മയെ പരിഗണിക്കണമെന്നും ചിന്തിക്കുന്നതിനോടൊപ്പം ഈ അമ്മയ്ക്ക് മനുഷ്യമക്കളോടുള്ള ബന്ധവും ഉത്തരവാദിത്വവും എന്താണെന്നും തിരിച്ചറിയണം. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണത്തിനുശേഷം കാലാകാലങ്ങളില്‍ മനുഷ്യരുടെയിടയില്‍ പ്രത്യക്ഷപ്പെടുകയും ദൈവത്തിന്‍റെ സന്ദേശം കൈമാറുകയും ചെയ്യുന്ന അമ്മ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ നൂറാം വര്‍ഷത്തില്‍ ഭാരതസഭയെ മാതാവിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുക സഭാനവീകരണത്തിന് ആവശ്യമാണ്.

ഫാത്തിമായില്‍ 1917 മേയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെ പരി. അമ്മ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതാണ്, ലോകസമാധാനത്തിനു വേണ്ടി മാതാവിന്‍റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കണമെന്നത്. ആ ഹൃദയം തന്‍റെ തിരുക്കുമാരനും മനുഷ്യമക്കള്‍ക്കും വേണ്ടിമാത്രം ത്രസിച്ച ഒരു ഹൃദയമാണ്. ആ ഹൃദയത്തില്‍ നമ്മുടെ കുടുംബങ്ങളെ സമര്‍പ്പിക്കാനുള്ള ഒരവസരമാക്കി മാറ്റാം, ഫാത്തിമായില്‍ പരി. അമ്മ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിവര്‍ഷത്തില്‍.

രക്ഷണീയപദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട പരിശുദ്ധമറിയം
മനുഷ്യവംശത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ ദൈവത്തോടു ചേര്‍ന്നുനിന്ന് സഹകരിക്കുവാന്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പരിശുദ്ധമാതാവ് എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യവംശത്തെ രക്ഷിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയയ്ക്കുക എന്നത് പിതാവായ ദൈവത്തിന്‍റെ ഇഷ്ടമായിരുന്നു (യോ ഹ. 3:16, ഫിലി. 2:6-11). ഇതില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തം ഉണ്ടായിരിക്കണമെന്നതും ദൈവനിശ്ചയമായിരുന്നു (ഉല്പ. 3:15; വെളി. 12:1-6). ക്രിസ്തുവിന്‍റെ ജനനത്തിന് 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐസയാസ് പ്രവാചകന്‍ വഴി നടത്തിയ പ്രവചനം കന്യകാമറിയത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടു, അവളിലൂടെ പരിശുദ്ധാത്മാവിനാല്‍ ജനിച്ച ഈശോയെ എമ്മാനുവേല്‍ എന്നു വിളിച്ചപ്പോള്‍ (ഏശ. 7:14; മത്താ. 1:22,23) എലിസബത്ത് അമ്മയെ നോക്കി പറഞ്ഞു: കര്‍ത്താവിന്‍റെ അമ്മ എന്ന് (ലൂക്കാ 1:43). ഈശോയുടെ രക്ഷാകരപരിഹാരപ്രവൃത്തിയുടെ അവസാനനിമിഷങ്ങളില്‍ കുരിശില്‍ കിടന്നുകൊണ്ട് താഴെ നില്‍ക്കുന്ന അമ്മയെ നോക്കി മനുഷ്യവംശത്തിന്‍റെ പ്രതിനിധിയായി യോഹന്നാനോടു പറഞ്ഞു: ഇതാ നിന്‍റെ അമ്മ (യോഹ. 19:26); അമ്മയോടു: 'ഇതാ നിന്‍റെ മകന്‍' (യോഹ. 19:27).

മറിയത്തെ സഹരക്ഷകയായി ദൈവം തിരഞ്ഞെടുത്തു എന്നതിന്‍റെ സൂചനയാണ് ഉല്‍പത്തി പുസ്തകത്തിന്‍റെ ആദിയില്‍ കാണുന്നത് സ്ത്രീക്കും അവളുടെ പുത്രനും എതിരെ ശത്രുതയുളവാക്കും അവളുടെ മകന്‍ സര്‍പ്പത്തിന്‍റെ തല തകര്‍ക്കും എന്നത് (ഉല്പ. 3:15). പുതിയനിയമത്തില്‍ മാതാവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് ശിമയോന്‍ പ്രവചിച്ചു: അവള്‍ അനേകരുടെ ഹൃദയവിചാരങ്ങള്‍ തിരിച്ചറിയുമെന്നും അവളുടെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുമെന്നും (ലൂക്കാ 2:34). മനുഷ്യരുടെ ദുഃഖദുരിതങ്ങളില്‍ അവരെ ആശ്വസിപ്പിക്കാനും അവര്‍ക്കുവേണ്ടി മദ്ധ്യസ്ഥയാകാനും ദൈവം അവളെ നിയോഗിച്ചു എന്നതാണ് ഈശോ ആദ്യ അദ്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ ചെയ്തത് (യോഹ. 2:3-5). തന്‍റെ തിരുസുതന്‍റെ രക്ഷാകരസഹനത്തില്‍ പങ്കാളിത്തം ഏറ്റെടുത്തു എന്നതിന്‍റെ തെളിവാണ് കുരിശിന്‍റെ ചുവടുവരെ അനുഗമിച്ച അമ്മ ഒരുവാക്കുപോലും സംസാരിക്കാതെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചുകൊണ്ട് (ലൂക്കാ 2:19;51) അവിടെ നിന്നതും (യോഹ. 19:25-27) കുരിശില്‍ നിന്നിറക്കിയ ഈശോയുടെ മൃതദേഹം തന്‍റെ തിരുമടിയില്‍ സ്വീകരിച്ചതും.

ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനുശേഷം ഭയചകിതരായ ശിഷ്യന്മാരെ ധൈര്യപ്പെടുത്തിക്കൊണ്ടു പരിശുദ്ധ അമ്മയുടെ നേതൃത്വത്തിലാണ് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സെഹിയോന്‍ശാലയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നത് (അപ്പ. 1:13,14). അപ്പസ്തോലന്മാരില്‍നിന്നു നഷ്ടപ്പെട്ട യൂദാസിനുപകരം മത്യാസിനെ തിരഞ്ഞെടുക്കാനും പന്തക്കുസ്താദിനത്തില്‍ സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോഴും സംഭവിച്ചതെല്ലാം അമ്മയുടെ സാന്നിദ്ധ്യത്തിലാണ്. അങ്ങനെ ക്രിസ്തുവിലൂടെ പുനരുദ്ധരിക്കപ്പെട്ട മനുഷ്യവംശത്തിന്‍റെ അവിഭാജ്യഘടകമാണ് പരിശുദ്ധ അമ്മ. ഇതു ദൈവത്തിന്‍റെ രക്ഷണീയ കര്‍മ്മത്തില്‍ അമ്മയെ പങ്കുചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നു.

പരിശുദ്ധ അമ്മയുടെ സമുന്നതസ്ഥാനം സഭയുടെ വിശ്വാസസത്യം
തിരുസഭയുടെ ഔദ്യോഗികപഠനങ്ങളെല്ലാം വിശുദ്ധഗ്രന്ഥത്തെയും സഭയുടെ നീണ്ടകാല പാരമ്പര്യങ്ങളെയും കണക്കിലെടുത്തുകൊണ്ടാണ്. അങ്ങനെയുള്ളതു മാത്രമേ വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കപ്പെടുകയുള്ളൂ. ക്രിസ്തുവിന്‍റെ രക്ഷാകരപദ്ധതിയില്‍ ഇതര വ്യക്തികളില്‍നിന്നും വിഭിന്നവും സമുന്നതവുമായ സ്ഥാനം പരിശുദ്ധമറിയത്തിനുണ്ട് എന്നതിന്‍റെ അംഗീകാരമാണ് അമ്മയേക്കുറിച്ചുള്ള ഓരോ വിശ്വാസപ്രഖ്യാപനവും. മാതാവ് മനുഷ്യവംശത്തിലെ സമുന്നതവ്യക്തി എന്നതും ഇവ തെളിയിക്കുന്നു. ദൈവമാതാവ് (എ.ഡി. 1931), നിത്യകന്യക (എ.ഡി. 649), അമലോത്ഭവ (എ.ഡി. 1854), ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗാരോപിത (എ.ഡി. 1950) എന്നീ പരിശുദ്ധ അമ്മയെ സംബന്ധിച്ച വിശ്വാസപ്രഖ്യാപനങ്ങള്‍ മനുഷ്യന്‍റെ രക്ഷാകരപദ്ധതിയില്‍ ഈശോയോടു ചേര്‍ന്നുനിന്ന വ്യക്തിയാണ് മാതാവ് എന്നേറ്റു പറയുന്നു. മനുഷ്യജീവിതത്തില്‍ പങ്കുചേര്‍ന്ന അവളുടെ ഔദ്യോഗിക ഇടപെടലുകളെ കണക്കിലെടുത്തുകൊണ്ട് സഹരക്ഷക, മദ്ധ്യസ്ഥ എന്നതും ആസന്നഭാവിയില്‍ വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കപ്പെടാം. മറിയംവഴി ഈശോയിലേക്ക് എന്നത് സഭാപഠനങ്ങളുടെ ഭാഗമാണ്.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷങ്ങ ളും വെളിപ്പെടുത്തലുകളും
മനുഷ്യരുടെ ആത്മീയ പ്രതിസന്ധിയില്‍ തിരുത്തുവാനും ശക്തി പകരുവാനും ഇടക്കിടയ്ക്ക് സ്വര്‍ഗ്ഗം വിട്ടിറങ്ങിവരുവാന്‍ ദൈവം തന്‍റെ അമ്മയെ അനുവദിച്ചിരിക്കുന്നു. മാതാവിന്‍റെ പല പ്രത്യക്ഷങ്ങളും തെളിയിക്കുന്നത് മൂല്യച്യുതി സംഭവിക്കുന്ന ലോകത്തിലേക്കുള്ള പുതിയ സന്ദേശങ്ങളുമായാണ് അമ്മ ഇടപെടുന്നത് എന്നാണ്.

1531-ല്‍ മെക്സിക്കോയിലെ ഗുഡലുപെയിലും 1830-ല്‍ ഫ്രാന്‍സിലെ റ്യൂദുബാകിലും 1858-ല്‍ ലൂര്‍ദ്ദിലും 1917-ല്‍ ഫാത്തിമായിലും നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ക്കെതിരായുള്ള അമ്മയുടെ ഇടപെടലുകളായിരുന്നു. പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനവും, ഫ്രഞ്ചു,റഷ്യന്‍ വിപ്ലവങ്ങളും പുതിയ സിദ്ധാന്തങ്ങള്‍ക്കും തത്ത്വശാസ്ത്രങ്ങള്‍ക്കും വഴിതെളിച്ചു. ഇവയില്‍ നല്ല വശങ്ങള്‍ പലതുമുണ്ടായിരുന്നെങ്കിലും നിലവിലുള്ളതില്‍നിന്നു വേറൊരഗ്രത്തിലേക്ക് മനുഷ്യചിന്തകളെ നയിച്ചു. പരിണിതഫലമായിരുന്നു കമ്മ്യൂണിസവും ഫാസിസവും നാസിസവും ക്യാപിറ്റലിസവും സോഷ്യലിസവും നീരീശ്വരത്വവും സെക്കുലറിസവുമൊക്കെ ഇവ പലവിധത്തില്‍ ധാര്‍മ്മികമൂല്യങ്ങള്‍ക്കു വിലയില്ലാതാക്കി.

ദൈവികരഹസ്യങ്ങള്‍ ബുദ്ധിമാന്മാരില്‍നിന്നും ഈ ലോകത്തിന്‍റെ വിവേകികളില്‍നിന്നും മറച്ചുവെച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിക്കൊടുത്തതിനെക്കുറിച്ച് (മത്താ. 11:25) ഈശോ പ്രതിപാദിക്കുന്നതുപോലെ പരിശുദ്ധ അമ്മ ദൈവികരഹസ്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ പ്രത്യക്ഷപ്പെട്ടതധികവും കുട്ടികള്‍ക്കായിരുന്നു എന്നതും, ശിശുക്കളെപ്പോലെയുള്ളവര്‍ക്കാണ് ദൈവരാജ്യം (മാര്‍ക്കോ. 10:14) എന്ന ഈശോയുടെ പ്രഖ്യാപനത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്.

മരിയഭക്തിയും കേരളസഭയും
ആദ്യനൂറ്റാണ്ടുമുതല്‍ വിശുദ്ധ തോമാശ്ലീഹായിലൂടെ കേരളം ക്രിസ്തീയവിശ്വാസം സ്വീകരിച്ചു. അദ്ദേഹത്തോടുകൂടി മരിയഭക്തിയും നമ്മുടെ നാട്ടിലെത്തി എന്ന സഭാപാരമ്പര്യം നിലനില്ക്കുന്നു. കേരളസഭ നാളിതുവരെ ക്രിസ്തീയവിശ്വാസത്തില്‍ വളരുവാന്‍ മാതാവിനോടുള്ള ഭക്തിയും പ്രധാനകണ്ണിയായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനുള്ള തെളിവുകളിലൊന്നാണ് മാതാവിന്‍റെ നാമത്തിലുള്ള കേരളത്തിലെ നിരവധി പള്ളികളും തീര്‍ത്ഥാടനകേന്ദ്രങ്ങളും. ആഘോഷപൂര്‍വ്വം മാതാവിന്‍റെ തിരുന്നാള്‍ വര്‍ഷംതോറും ആഘോഷിക്കാത്ത ഒരു കത്തോലിക്കാപള്ളിയും കേരളത്തില്‍ ഉണ്ടാകുകയില്ല.

നമുക്കിനി എന്തു ചെയ്യാനുണ്ട്
ഇവിടെ രണ്ടു കാര്യങ്ങള്‍ ചിന്താവിഷയമാക്കേണ്ടതുണ്ട് ഒന്ന്, പുനഃപരിശോധനയും വിലയിരുത്തലും, രണ്ടാമതായി പുതിയ ഉണര്‍വ്വോടെ കര്‍മ്മപദ്ധതികള്‍ കണ്ടെത്തണം എന്നത്. ഇന്ന് കത്തോലിക്കാവിശ്വാസവും അതില്‍ നിന്നുളവാകുന്ന ആത്മീയതയും വളരെ വേഗം കുറയുന്നതായി കാണുന്നു. അതിന്‍റെ ഫലമായി സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ഇതിനുള്ള പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മരിയഭക്തിയില്‍നിന്നും വിശുദ്ധരോടുള്ള ഭക്തിയില്‍നിന്നും വിശ്വാസികള്‍ പിന്തിരിയുന്നു എന്നുള്ളതാണ്. നമ്മുടെ നാട്ടില്‍തന്നെ മാതാവിനെ തള്ളിപറയുന്ന സെക്ടുകളുടെ എണ്ണം കൂടിവരികയാണ്. ഇതിനുള്ള അടിസ്ഥാനകാരണങ്ങളിലൊന്ന് മാതാവിനെക്കുറിച്ചുള്ള യഥാര്‍ത്ഥഭക്തി പ്രചരിപ്പിക്കുന്നില്ല എന്നതാണ്. പരിശുദ്ധ മാതാവിനെ ഉപേക്ഷിച്ചാല്‍ തിരുസഭയെ തള്ളിപറയുവാന്‍ എളുപ്പമാകുമെന്നുള്ള എതിര്‍ശക്തികളുടെ ഉറപ്പിനെ നമ്മള്‍ നല്ലവണ്ണം വേര്‍തിരിച്ചറിയേണ്ടതുണ്ട്. എതിര്‍ശക്തികള്‍ തിരുസഭയുടെ പഠനങ്ങളില്‍ നിന്നകറ്റുന്നു എന്നുള്ളതും സഭയുടെയും പരിശുദ്ധ അമ്മയുടെയും തനിമ എന്തെന്നു മനുഷ്യരെ വേണ്ടവണ്ണം വ്യക്തമാക്കി കൊടുക്കാത്തതുമാകുന്നു സഭാമക്കള്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം. കുടുംബനവീകരണത്തില്‍ കുടുംബപ്രാര്‍ത്ഥന ഒന്നാമത്തേതാണ്. ജപമാല കുടുംബങ്ങളില്‍ മുടങ്ങാതിരിക്കാന്‍ നമ്മള്‍ പ്രേരണയാകണം. ക്രിസ്തുവിന്‍റെയും തിരുസഭയുടെയും ജീവിതത്തില്‍ മറിയത്തിനുണ്ടായിരുന്ന സ്ഥാനം എന്തായിരുന്ന് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. ഇതിനു സഹായിക്കുന്ന ഒരു കൂട്ടായ പ്രവര്‍ത്തിയാണ് യഥാര്‍ത്ഥ മരിയഭക്തി വളര്‍ത്തുന്നതും മാതാവിന്‍റെ വിമലഹൃദയത്തിനു നമ്മുടെ നാടിനെ പ്രതിഷ്ഠിക്കുന്നതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org