ഓര്‍മയുണ്ടാകണം; നമ്മുടെ രാജ്യം

ഓര്‍മയുണ്ടാകണം; നമ്മുടെ രാജ്യം


എം.വി. ബെന്നി

(മീഡിയ പ്രൊഫഷണല്‍)

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പുതിയ പുലരിയിലേക്കു രാജ്യം ഉണരുകയാണ്.

രാജ്യത്തിനകത്തു മാത്രമല്ല, രാജ്യത്തിനു പുറത്തും ഇന്ത്യന്‍ വംശജര്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടും. മറ്റു രാജ്യങ്ങളാകട്ടെ ഇതെല്ലാം വിസ്മയപൂര്‍വം നിരീക്ഷിക്കുകയും ചെയ്യും. നമ്മുടെ സ്വാതന്ത്ര്യത്തിനു നമ്മള്‍ സങ്കല്പിക്കുന്നതിനേക്കാള്‍ വലിയ പ്രാധാന്യം ലോകം നല്കുന്നുണ്ടെന്ന് അര്‍ത്ഥം.

ലോകത്ത് മറ്റാരുടെയും ഭാവനയില്‍ ഇതുപോലൊരു രാഷ്ട്രസങ്കല്പം നിലവിലില്ല. വിസ്തൃതമായ ജനസഞ്ചയം, അസംഖ്യം മതങ്ങള്‍, വ്യത്യസ്തമായ ഭാഷകള്‍, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരുവരെ പരിശ്രമിച്ചിട്ടും ഇനിയും വിട്ടുമാറാത്ത കാക്കത്തൊള്ളായിരം ജാതികള്‍! മറ്റു രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ ഇപ്പോഴും പിടികിട്ടാത്ത ഒരു പ്രഹേളികയാണ്.

അതുകൊണ്ടാണ്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്കിയാല്‍ പത്തു വര്‍ഷത്തിനപ്പുറം ആ സ്വതന്ത്രരാഷ്ട്രത്തിനു നിലനില്പുണ്ടാകില്ലെന്നു മിക്കവാറും യൂറോപ്യന്‍ രാഷ്ട്രീയനിരീക്ഷകര്‍ ആശങ്കപ്പെട്ടത്. ഒരു രാഷ്ട്രത്തെ ഒരുമിച്ചു നിര്‍ത്തുവാന്‍ ആവശ്യമായ ഘടകങ്ങളേക്കാള്‍ കലഹിക്കാന്‍ ആവശ്യമായ ഇന്ധനമാണ് ഇവിടെയുള്ളതെന്ന് അവര്‍ സംശയിച്ചു. ഇന്ത്യയെ മനസ്സിലാക്കാന്‍ അവര്‍ നന്നായി പരിശ്രമിച്ചെങ്കിലും വൈരുദ്ധ്യങ്ങള്‍ക്ക് ഉപരിയായി ഇന്ത്യയെ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയേതെന്നു തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവരിലെ നല്ല മനുഷ്യര്‍പോലും ഒടുങ്ങാത്ത ആശങ്കകള്‍ പങ്കുവച്ചാണു രാജ്യം വിട്ടുപോയത്. പതിറ്റാണ്ടുകള്‍ എത്രയോ കഴിഞ്ഞുപോയിരിക്കുന്നു!

ഒരു പതിറ്റാണ്ടുകൊണ്ടു തകര്‍ന്നുപോകുമെന്ന് ആശങ്കപ്പെട്ടവരുടെ പിന്‍മുറക്കാര്‍പോലും ഇന്ത്യ ഛിന്നഭിന്നമാകും എന്ന് ഇപ്പോള്‍ ആശങ്കപ്പെടുന്നില്ല. അതിജീവനശേഷിയുള്ള ഒരു രാജ്യമായി ഇന്ത്യ പരിവര്‍ത്തനപ്പെട്ടു കഴിഞ്ഞു.

തീര്‍ച്ചയായും, കല്ലും മുള്ളും നിറഞ്ഞതായിരുന്നു ആ യാത്ര. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാന്‍ എത്രയോ പാഠങ്ങള്‍ ആ യാത്രകളിലുണ്ട്. സ്വാതന്ത്ര്യദിനത്തിലെ പഴയ ഇംഗ്ലീഷ് പത്രങ്ങള്‍ നോക്കുക. സംശയം വേണ്ട, ഇന്ത്യയില്‍ ഇറങ്ങുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ തന്നെ. അതും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ളത്.

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന ആ മോഹനവാര്‍ത്ത പത്രങ്ങളിലെല്ലാം ഉണ്ട്. പക്ഷേ, അതിനേക്കാള്‍ പ്രധാനപ്പെട്ട രണ്ടു വാര്‍ത്തകള്‍കൂടി പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. ഒന്ന്, സ്വതന്ത്രഭാരതത്തിന് ആഹാരം കഴിക്കാന്‍ 16 ദിവസത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മാത്രമേ സ്റ്റോക്കുള്ളൂ. രണ്ട്, വിഭജിക്കപ്പെട്ട ഭാരതം ഹിന്ദുക്കളും മുസ്ലീങ്ങളുമായി വേര്‍പിരിഞ്ഞു പരസ്പരം വെട്ടി മരിക്കുന്നു.

അറിയാമല്ലോ, ആര് അധികാരത്തില്‍ വന്നാലും 16 ദിവസംകൊണ്ട് അരിയോ ഗോതമ്പോ ഉത്പാദിപ്പിക്കാന്‍ സാധിക്കില്ല. സ്വാഭാവികമായും അധികാരത്തിലേറുന്ന പ്രധാനമന്ത്രിയുടെ പ്രധാന ചുമതല ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഭിക്ഷാപാത്രവുമായി സഞ്ചരിക്കുക എന്നതാണ്. അങ്ങനെ ഭിക്ഷാപാത്രവുമായി ലോകം ചുറ്റുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ശബ്ദം ഒരു വിവേകമതിയുടെ ശബ്ദമായി ലോകം കണക്കാക്കി. ഒരു ഭരണാധികാരി എന്ന നിലയില്‍ ആധുനിക ഭാരതത്തിനു ബലിഷ്ഠമായ അസ്ഥിവാരം ഉറപ്പിച്ചത് ആ വിവേകമതിയാണ്.

സ്വയം, താനൊരു യുക്തിവാദിയാണെന്നു പ്രഖ്യാപിക്കുമ്പോഴും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഈശ്വരവിശ്വാസികളുടെ വിശ്വാസത്തെയോ അവരുടെ മതചിന്തയെയോ ഹനിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പരസ്പരം കൊല ചെയ്തിരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും സ്വാതന്ത്ര്യത്തിനുശേഷം സാവകാശത്തില്‍ ഇന്ത്യയുടെ ആത്മാവിന്‍റെ ഭാഗമായി മാറി. മതകലഹം ഉണ്ടായാല്‍പ്പോലും പ്രധാനമന്ത്രി പക്ഷം പിടിക്കില്ല എന്ന ധാരണ രാജ്യത്തു വേരുറച്ചു.

സാംസ്കാരിക പുരോഗതി ഉണ്ടായാല്‍ സാമ്പത്തികനിലവാരവും മെച്ചപ്പെടുമല്ലോ. പതുക്കെ രാജ്യം പച്ചപിടിച്ചു. ഒരുകാലത്ത് ഏഷ്യയിലെ പിച്ചക്കാരന്‍ രാജ്യങ്ങളായി കണക്കാക്കിയിരുന്ന ഇന്ത്യയും ചൈനയും ഇന്നു സാമ്പത്തികമായ സുസ്ഥിതിയിലാണ്. ഭരണകൂടത്തോടു വിയോജിക്കാനുള്ള അവകാശം പൗരന് ഉറപ്പുവരുത്തിക്കൊണ്ടാണ് ഇന്ത്യ പുരോഗമിച്ചത്. ആ വഴിയില്‍ അത്രയും സഞ്ചരിക്കാന്‍ ചൈനയ്ക്ക് ഇപ്പോഴുമായിട്ടില്ല.

ഈ പറഞ്ഞതിനര്‍ത്ഥം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാര്‍ ഒരു തെറ്റും സംഭവിക്കാത്ത നേതാക്കളായിരുന്നു എന്നല്ല. തെറ്റു പറ്റുമ്പോള്‍ അവരുടെ പാര്‍ട്ടികളോ പ്രതിപക്ഷ പാര്‍ട്ടികളോ അതു തിരുത്തിക്കാന്‍ തയ്യാറെടുക്കാറുണ്ട്. ചിലപ്പോള്‍ ജനങ്ങള്‍ തന്നെ നേരിട്ടിറങ്ങി പ്രധാനമന്ത്രിമാരെ തിരുത്തിച്ച അനുഭവവും ഉണ്ട്. അതുവരെ തോല്‍ക്കാത്ത കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരില്‍ പ്രമുഖയായിരുന്ന ഇന്ദിരാഗാന്ധിയെ അടിയന്തിരാവസ്ഥയ്ക്ക് ഒടുവില്‍ തോല്പിച്ചു വീട്ടിലിരുത്തിയത് ഇന്ത്യയിലെ ജനങ്ങള്‍ തന്നെയായിരുന്നല്ലോ.

അതുകൊണ്ട്, പ്രധാനമന്ത്രിമാരെപ്പോലും തിരുത്തിക്കാന്‍ കെല്പുള്ള ഇന്ത്യന്‍ ജനതയുടെ ജനാധിപത്യബോധത്തിനു മുന്നില്‍ നാം വിനീതരാകുക, അതിനു മുന്നില്‍ നമസ്കരിക്കുക.

ഇന്ത്യന്‍ മനസ്സിന്‍റെ അടിസ്ഥാനശിലകളായ ജനാധിപത്യം, മതേതരത്വം, സാമ്പത്തിക അഭിവൃദ്ധി തുടങ്ങിയ മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക. അതൊക്കെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ജനങ്ങള്‍ ജനാധിപത്യത്തിലൂടെ അവരെ അട്ടിമറിക്കും എന്നു വിശ്വസിക്കുക. അതിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. ഇതൊക്കെയാണു രാജ്യത്തിന്‍റെ ജന്മദിനത്തില്‍ നമുക്കു നേരാവുന്ന ആശംസകള്‍.

ഒപ്പം മഹാത്മാഗാന്ധി മുതല്‍ രാജ്യത്തിന്‍റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന അവസാനത്തെ പൗരനെവരെ നാം ആദരപൂര്‍വം സ്മരിക്കുക.

രാജ്യം നമ്മുടേതുകൂടിയാണ്.

(എഴുത്തുകാരനും പ്രഭാഷകനും സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ മുന്‍ സെക്രട്ടറിയുമാണു ലേഖകന്‍).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org