നമുക്ക് ഒന്നുചേര്‍ന്നു പറയാം ‘വേണ്ട!’

നമുക്ക് ഒന്നുചേര്‍ന്നു പറയാം ‘വേണ്ട!’

പ്രൊഫ. എഡ്വേര്‍ഡ് എടേഴത്ത്

പതിവുപോലെ ഓഫീസില്‍ നിന്നു വീട്ടിലേക്കു മടങ്ങാനാണു ടാക്സി വിളിച്ചത്. നഗരമദ്ധ്യത്തില്‍ തന്നെ താമസിക്കുന്ന, അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനായിരുന്നു ടാക്സി ഡ്രൈവര്‍. ചെറിയൊരു കുശലാന്വേഷണത്തില്‍നിന്നു തുടങ്ങിയ സംഭാഷണം വളരെ പെട്ടെന്നുതന്നെ, ഇന്ന് അതിസാധാരണമായി തീര്‍ന്നിരിക്കുന്ന മയക്കുമരുന്നിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും ഞെട്ടിക്കുന്ന കഥകളിലേക്കു തിരിഞ്ഞു. നഗരജീവിതത്തിന്‍റെ താളം അതേപടി ഒപ്പിയെടുക്കുന്ന ആ ടാക്സി ഡ്രൈവര്‍ പറഞ്ഞതനുസരിച്ച്, ഇന്നിന്‍റെ തലമുറയ്ക്കു ലഹരി ഉപയോഗത്തിനായി മയക്കുമരുന്നും സിറിഞ്ചും സൂചിയുമൊന്നും ആവശ്യമില്ല. മറിച്ച്, ചില പ്ലാസ്റ്റിക് കവറുകള്‍ തന്നെ ധാരാളം. പ്രത്യേക തരത്തിലുള്ള അവയുടെ ഉപയോഗം അമിതലഹരിയാണ് അവര്‍ക്കു നല്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നേതോ 18 വയസ്സില്‍ താഴെയുള്ള നമ്മുടെ കൗമാരക്കാരും. എല്ലാ ദിവസവും ഏതാണ്ട് അമ്പതോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇവയില്‍ നിന്നു ലഭിക്കുന്ന വിഷവായു ശ്വസിച്ചു ലഹരിക്കടിമപ്പെടുന്നു എന്ന് അയാള്‍ തറപ്പിച്ചു പറയുമ്പോള്‍ വലിയൊരു സന്ദേഹം അയാളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. വെറും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ സ്വന്തം ജീവന്‍ പോലും നഷ്ടമാകും എന്നറിഞ്ഞുകൊണ്ടുതന്നെയാണോ ഇവരിതിനു മുതിരുന്നത്?

സമൂഹത്തെ കാര്‍ന്നുതിന്നുന്ന വന്‍വിപത്ത്: മയക്കുമരുന്നിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും വിതരണത്തിന്‍റെയും ഉപയോഗത്തിന്‍റെയും സംഖ്യകള്‍ നിരത്തുന്നതില്‍ പത്രമാധ്യമങ്ങള്‍ ഉത്സാഹിക്കുന്നുണ്ടെങ്കിലും ഇവ എത്രമാത്രം ആഴത്തില്‍ നമ്മുടെ സമൂഹത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നു യഥാര്‍ത്ഥത്തില്‍ നാം മനസ്സിലാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 70 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ലഹരിവസ്തുക്കളുടെ പേരിലുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ തന്നെ മൂന്നാം സ്ഥാനത്ത് എത്തിനില്ക്കുന്നു ഇന്നു കൊച്ചി നഗരം. എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കണക്കനുസരിച്ച് 1,50,000-ല്‍പ്പരം മയക്കുമരുന്നു വേട്ടകള്‍ക്കു പുറമേ, രണ്ടായിരത്തിലധികം കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്ന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതു കൗമാരക്കാര്‍ക്കിടയിലാണ്. 6-17 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ അഞ്ചു ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും 70 ശതമാനം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രാവശ്യമെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണക്കുകള്‍ ബോധിപ്പിക്കുന്നു. കൗമാരക്കാരെ പ്രത്യേകമായി വല വീശിയിരിക്കുന്ന ഈ വന്‍ദുരന്തം വെറും ഒരു ഫോണ്‍കോളിനപ്പുറമാണ് ഒളിഞ്ഞിരിക്കുന്നത് എന്നതാണ് അതിലും ഭീതിദമായ വാര്‍ത്ത.

വിദ്യാര്‍ത്ഥികള്‍ ഇവയ്ക്കടിമപ്പെടുന്നതിനുള്ള കാരണമെന്താണ്? സമപ്രായക്കാര്‍ക്കിടയില്‍ പ്രധാനിയാകാനും പഠനഭാരത്തില്‍ നിന്ന് ആശ്വാസം നേടാനും കൂട്ടുകാരോടൊത്ത് ആഘോഷിക്കാനും കുടുംബപ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിക്കാനുമെല്ലാം വിദ്യാര്‍ത്ഥികള്‍ അഭയം തേടുന്നതു മയക്കുമരുന്നിലാണ്. യഥാര്‍ത്ഥത്തില്‍ ഇവ മാത്രമാണോ അതിനു പുറകിലുള്ള കാരണങ്ങള്‍? അതോ ഇവയെ കാരണങ്ങളാക്കി മുന്നില്‍ വച്ചുകൊണ്ട്, അവരുടെ പ്രായത്തിന്‍റെ ബലഹീനതകളെ മുതലെടുക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്?

ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ മുഖ്യപങ്കും ഒരു മനുഷ്യനില്‍ സംഭവിക്കുന്നതു ടീനേജ് കാലഘട്ടത്തിലാണ്. മനുഷ്യമസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനവും വളര്‍ച്ചയുമെല്ലാം പല സമയങ്ങളിലാണു രൂപപ്പെടുന്നത്. തലച്ചോറിലെ ഉല്ലാസകേന്ദ്രങ്ങള്‍ (pleasure centres) തീരുമാനമെടുക്കാനും അപകടം തിരിച്ചറിയാനുമുള്ള കഴിവുകള്‍ രൂപപ്പെടുന്നതിനും വളരെ മുമ്പേതന്നെ പ്രവര്‍ത്തനനിരതമാകുന്നു. അതുകൊണ്ടുതന്നെയാണു കൗമാരക്കാരില്‍ എന്തിനെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള ആകാംക്ഷയും എന്തും നേരിടുന്നതിനുള്ള ധൈര്യവും പൊതുവേ കാണപ്പെടുന്നത്. മയക്കുമരുന്നുപോലുള്ള ലഹരിവസ്തുക്കള്‍ അവര്‍ക്ക് ഉത്തേജനവും അതോടൊപ്പംതന്നെ സമപ്രായക്കാര്‍ക്കിടയില്‍ പ്രമുഖ സ്ഥാനവും നല്കുന്നതിനാല്‍ അവയുടെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കാതെ തന്നെ അവ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. മറ്റു പ്രായക്കാരെ അപേക്ഷിച്ചു കൗമാരപ്രായത്തിലേ മയക്കുമരുന്നുപയോഗിച്ചു തുടങ്ങുന്നവര്‍ക്ക് ഈ വിഷമഘട്ടത്തില്‍ നിന്നു പുറത്തുവരിക എന്നതു ദുരിതപൂര്‍ണ്ണമായിത്തീരുന്നു.

മയക്കുമരുന്നുമൂലം തലച്ചോറില്‍ സംഭവിക്കുന്ന തകരാറുകള്‍ നിരവധിയാണ്. മയക്കുമരുന്നിന്‍റെ ദുരുപയോഗം പ്രധാനമായും ഒരു മനുഷ്യന്‍റെ തീരുമാനമെടുക്കാനുളള കഴിവിനെയും ഗ്രഹണശക്തിയേയുമാണു ബാധിക്കുന്നത്. കൗമാരത്തില്‍ മയക്കുമരുന്ന് ഒരു പ്രാവശ്യമെങ്കിലും ഉപയോഗിച്ചുനോക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ അതിന് അിടമപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മാത്രവുമല്ല, വൈകാരികപ്രശ്നങ്ങളും പെരുമാറ്റദൂഷ്യങ്ങളും മാനസികവിഭ്രാന്തിയുമെല്ലാം ഇവരില്‍ വളരെ പ്രകടമാണ്. നൈരാശ്യത്തിനടിപ്പെട്ട കൗമാരക്കാരില്‍ 35 ശതമാനം പേരും മയക്കുമരുന്നിനടിമപ്പെട്ടവരാണെന്നു കണക്കുകള്‍ പറയുന്നു. ഇവ നല്കുന്ന ലഹരിഭ്രാന്തില്‍ അസുരക്ഷിത ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. തത്ഫലമായി ടീനേജ് പ്രഗ്നന്‍സിയും ലൈംഗികാതിക്രമങ്ങളും ലൈംഗികരോഗങ്ങളുമെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ വന്നുഭവിക്കുന്നു. ഇതിലും ഗൗരവതരമായതു സ്ഥായിയായ മസ്തിഷ്കക്ഷതം അവരില്‍ സംഭവിക്കുന്നു എന്നതാണ്. ഇതു മസ്തിഷ്കത്തിന്‍റെ സാധാരണ പ്ര വര്‍ത്തനങ്ങളെയും കഴിവുകളെയും തീര്‍ത്തും ഇല്ലാതാക്കുകയും അമ്നീഷിയപോലുള്ള മറവിരോഗങ്ങള്‍ക്കു കരണമാവുകയും ചെയ്യുന്നു.

നമുക്കെന്തു ചെയ്യാനാകും?: 'ഞാന്‍ സ്നേഹിക്കപ്പെടുന്നവനാണ് സുരക്ഷിതനാണ്' എന്നീ ചിന്തകള്‍ വിദ്യാര്‍ത്ഥികളില്‍ രൂഢമൂലമാക്കുകയാണ് ആദ്യം വേണ്ടത്. ഇതു ചെയ്യേണ്ടത് പ്രഥമമായും രക്ഷകര്‍ത്താക്കളാണ്. അതോടൊപ്പംതന്നെ അവര്‍ സുരക്ഷിതരായിരിക്കുന്ന സാഹചര്യങ്ങള്‍ വിദ്യാലയങ്ങളിലും മറ്റും ഒരുക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും കടമയുണ്ട്. മാത്രവുമല്ല, തങ്ങളുടെ മക്കള്‍ ഏതൊക്കെ സാഹചര്യങ്ങളില്‍കൂടിയാണു കടന്നുപോകുന്നത് എന്നു തിരിച്ചറിയാനുള്ള മനസ്സും വിവേകവും മാതാപിതാക്കള്‍ കാണിക്കേണ്ടതുണ്ട്. പഠനമികവു മാത്രം ലക്ഷ്യംവച്ചുകൊണ്ട് ഏതു നേരവും പാഠപുസ്തകങ്ങളില്‍ മാത്രം കണ്ണും നട്ടിരിക്കാന്‍ അവരെ പ്രേരിപ്പിച്ചാല്‍, അവയില്‍ നിന്നു രക്ഷപ്പെടാനും ആകര്‍ഷകവും ആയാസരഹിതവുമായ പുതിയ മേഖലകള്‍ തേടിപ്പോകാനും അവ അവരെ പ്രേരിപ്പിച്ചെന്നിരിക്കും. വീഡിയോ ഗെയിമുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും കഴിയുന്നതും ഒഴിവാക്കുവാനും ശാരീരികാദ്ധ്വാനം നല്കുന്ന കളികളില്‍ അവര്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതായിരിക്കും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും ഉചിതം.

അതുപോലെതന്നെ മക്കളുടെ കൂട്ടുകാരാരൊക്കെയാണെന്നറിഞ്ഞിരിക്കുന്നത് അപകടകരമായ കെണികളില്‍ അവര്‍ ചെന്നു വീഴുന്നതിനെ ഒഴിവാക്കാന്‍ സഹായിക്കും. അവരുടെ കൂട്ടുകാരെ വീട്ടില്‍ പലപ്പോഴും സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതും അവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ സഹായിക്കും.
ഈ പ്രശ്നസങ്കീര്‍ണ സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ ഒന്നു കുട്ടികളുമായി അധികം സമയം ചെലവിടുക എന്നതുതന്നെയാണ്. ഒരുമിച്ചായിരിക്കുക എന്നത് ഒരുമിച്ചിരുന്നു ടിവി കാണുക എന്നതു മാത്രമല്ല അര്‍ത്ഥമാക്കുന്നത്. അവരോടൊപ്പമായിരുന്നുകൊണ്ട് അവരോടു സംസാരിക്കുകയും അവരെ കേള്‍ക്കുകയും സംശയങ്ങള്‍ക്കു മറുപടി നല്കുകയും ചെയ്യുമ്പോള്‍ അവരുടെ ഏതു പ്രശ്നങ്ങള്‍ക്കും നിങ്ങളെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കു തോന്നും. എത്ര ജോലിത്തിരക്കുണ്ടെങ്കിലും എത്ര പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെങ്കിലും കുട്ടികളുമായി അധികസമയം ചെലവിടുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പെട്ടെന്നു തന്നെ തിരിച്ചറിയാനാകും.
രക്ഷകര്‍ത്താക്കളുടെ മാത്രമല്ല, അദ്ധ്യാപകരുടെ ജാഗ്രതയും കരുതലും വിദ്യാര്‍ത്ഥികളെ ഇവയുടെ കെണികളില്‍ നിന്നു രക്ഷിക്കാന്‍ ആവശ്യമാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, അവരുടെ പരിപൂര്‍ണ വ്യക്തിത്വവികാസവും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യം വയ്ക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ചെലവിടുന്ന സമയമത്രയും പഠനവിഷയങ്ങള്‍ക്കൊപ്പംതന്നെ മൂല്യാധിഷ്ഠിത പഠനങ്ങള്‍ക്കും പ്രാമുഖ്യം നല്കിക്കൊണ്ട്, സാമുഹിക നന്മയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കാവുന്നതാണ്. അതോടൊപ്പംതന്നെ വിദ്യാലയ അതിര്‍ത്തിക്കുള്ളില്‍ സംഭവിക്കുന്നതെന്താണെന്നു സൂക്ഷ്മമായി നിരീക്ഷിക്കുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കരുതിയിരിക്കണം.

മാത്രവുമല്ല, അസ്വാഭാവികമായ എന്തെങ്കിലും വിദ്യാര്‍ത്ഥികളില്‍ പ്രകടമാകുന്നുണ്ടെങ്കില്‍, ഉദാ: നിയമലംഘനങ്ങള്‍, നിസ്സംഗത, മൂകത, നിരുത്സാഹം, പെട്ടെന്നുള്ള ഭാവമാറ്റങ്ങള്‍, അക്രമസ്വഭാവം, വീട്ടില്‍നിന്നു പണം മോഷ്ടിക്കുക, നിരാശ, ഇഷ്ടമുളള പ്രവൃത്തികള്‍ ചെയ്യുന്നതില്‍ താത്പര്യം നഷ്ടപ്പെടുക എന്നിങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ കൗമാരത്തിലെ സ്വാഭാവിക പെരുമാറ്റങ്ങളാണെന്നു കരുതി അവയെ തീര്‍ത്തും അവഗണിക്കാതെ, വിവേകപൂര്‍വം അവയുടെ തീവ്രത മനസ്സിലാക്കി, ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

പ്രോജക്ട് 'വേണ്ട': Say 'NO' to Drugs മയക്കുമരുന്നിനോടും മറ്റു ലഹരിവസ്തുക്കളോടും ബോധപൂര്‍വംതന്നെ 'വേണ്ട' എന്നു പറയുവാന്‍ കൗമാരക്കാരെ പ്രാപ്തരാക്കുക എന്നതാണു പ്രോജക്ട് 'വേണ്ട'യുടെ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവര്‍ത്തിക്കുന്ന 'ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍' നേതൃത്വം നല്കുന്ന ഈ പ്രോജക്ട്, മയക്കുമരുന്നിന്‍റെയും മറ്റും ദൂഷ്യഫലങ്ങളെക്കുറിച്ചും അവയുളവാക്കുന്ന സാമൂഹികവിപത്തുകളെക്കുറിച്ചും കൗമാരക്കാ രെ ബോധവാന്മാരാക്കുന്നു. അതോടൊപ്പംതന്നെ സുരക്ഷിതവും സന്തുലിതവുമായ സാഹചര്യങ്ങള്‍ ഒരുക്കികൊടുക്കുവാനുതകുന്ന നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും രക്ഷകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി മുന്നോട്ടുവയ്ക്കുന്നു.

പ്രധാനമായും മൂന്നു പ്രവര്‍ത്തനങ്ങളാണു പ്രോജക്ട് 'വേണ്ട' ലക്ഷ്യം വയ്ക്കുന്നത്.

1. മയക്കുമരുന്നിനോടും മറ്റു ലഹരിവസ്തുക്കളോടും തീര്‍ത്തും 'വേണ്ട' എന്നു പറയുവാന്‍ കൗമാരക്കാരെ ബോധവാന്മാരാക്കുന്നു.
വിവിധ ബോധവത്കരണ ക്ലാസ്സുകളിലൂടെയും സെമിനാറുകളിലൂടെയും ജീവിതത്തില്‍ ഇവയുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അനര്‍ത്ഥങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കു വ്യക്തമായി മനസ്സിലാക്കി കൊടുക്കുന്നു. ഏതു വിഷമഘട്ടത്തിലും പൂര്‍ണമനസ്സോടെ അവയെ ഉപേക്ഷിക്കുവാനും ജീവിതത്തിന്‍റെ സൗന്ദര്യം അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കുവാനും അവരെ സഹായിക്കുന്ന പരിശീലനങ്ങളും വര്‍ക്ക്ഷോപ്പുകളും അവര്‍ക്കായി സജ്ജീകരിക്കുന്നു. ഇവയുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ അവര്‍ സ്വീകരിക്കേണ്ട നിലപാടുകളും ജാഗ്രതാനിര്‍ദ്ദേശങ്ങളും അവരുമായി പങ്കുവയ്ക്കുന്നു. അങ്ങനെ അവയുടെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കിക്കൊണ്ടു തങ്ങളുടെ ഭാവിയെത്തന്നെ കെടുത്തിക്കളയുന്ന അവയോടു പൂര്‍ണമനസ്സോടെ 'വേണ്ട' എന്നു പറയുവാന്‍ അവരെ പ്രാപ്തരാക്കുന്നു.

2. മയക്കുമരുന്നിനടിമപ്പെട്ട കൗമാരക്കാര്‍ക്കും സമൂഹത്തിലും കുടുംബത്തിലുമുള്ള അതിന്‍റെ ദുരുപയോഗം മൂലം വിഷമതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവയില്‍ നിന്നു പുറത്തു വരാനാവശ്യമായ സഹായങ്ങള്‍ നല്കുന്നു.

മയക്കുമരുന്നിനടിമപ്പെടുന്നവരെ അവയുടെ ഉപയോഗത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുവാന്‍ പ്രോജക്ട് 'വേണ്ട', ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളോടു സഹകരിച്ചുകൊണ്ട്, ലഹരിക്കടിമപ്പെട്ട കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗും ആവശ്യമായ വൈദ്യസഹായവും പുനഃരധിവസിപ്പിക്കലിനുള്ള ക്രമീകരണങ്ങളും ചെയ്തുകൊടുക്കുന്നു.

മയക്കുമരുന്നിനടിമപ്പെട്ടവര്‍ക്കു മാത്രമല്ല, സമൂഹത്തിലും കുടുംബത്തിലുമുള്ള അവയുടെ ഉപയോഗം നിമിത്തം വിഷമതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവ ഏല്പിച്ച ആഘാതത്തില്‍ നിന്നു തിരികെ വരുവാനും അതിന് ആവശ്യമായ കൗണ്‍സലിംഗും മറ്റു വൈദ്യസഹായങ്ങളും ലഭ്യമാക്കാനും പ്രോജക്ട് 'വേണ്ട' സഹായിക്കുന്നു. ഇതിനായി വിവിധ ആശുപത്രികളും ഡോക്ടേഴ്സും സൈക്യാട്രിസ്റ്റുകളും കൗണ്‍സിലേഴ്സും അടങ്ങുന്ന വിദഗ്ദ്ധരുടെ സംഘം പ്രോജക്ട് 'വേണ്ട'യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

3. ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനുള്ള പ്രേരണകളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ അവരെ സജ്ജരാക്കുന്നു. ലഹരിവസ്തുക്കള്‍ വ്യക്തിജീവിതത്തിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധം തന്നെയാണ് അവയെ ചെറുത്തുനില്ക്കാന്‍ വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ സഹായിക്കുക. UNODC (United Nations Office of Drugs and Crime) യുമായി സഹകരിച്ച് കൗമാരപ്രായത്തില്‍ തന്നെ ലഹരിവസ്തുക്കളെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ബോധവത്കരണ വിദ്യാഭ്യാസം എറണാകുളം ജില്ലയിലെ 6 മതല്‍ 12 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഒരു പഠനവിഷമയായിത്തന്നെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു പ്രോജക്ട് 'വേണ്ട'. ഇതിനായി അന്തര്‍ദ്ദേശീയ തലത്തില്‍ UNODC-യുമായും ദേശീയ തലത്തില്‍ NCB (Narcotics Control Bureau) യുമായും പ്രാദേശിക തലത്തില്‍ വിവിധ ഗവണ്‍മെന്‍റ്  ഡിപ്പാര്‍ട്ടുമെന്‍റുകളുമായും പ്രബുദ്ധമായ സമൂഹത്തോടൊപ്പം കൈ കോര്‍ത്തു മുന്നോട്ടു നീങ്ങുവാന്‍ പ്രോജക്ട് 'വേണ്ട' ലക്ഷ്യം വയ്ക്കുന്നു.

മയക്കുമരുന്നിന്‍റെ കാര്യത്തില്‍, അടുത്തൊരു 'പഞ്ചാബ്' ആണു കേരളമെന്നു മാധ്യമങ്ങളും കണക്കുകളും എടുത്തുപറയുമ്പോഴും കൗമാരക്കാര്‍ക്കിടയിലെ ഈ ബൃഹത്ത് പ്രശ്നം ഗൗരവപൂര്‍വം കാണാനും ആത്മാര്‍ത്ഥമായി അവരെ സഹായിക്കാനുമുള്ള ശ്രമങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രമാണ്. ഇന്നു നാമിതിനെ വേണ്ടതു പോലെ ഗൗനിച്ചില്ലെങ്കില്‍ അടുത്തൊരു തലമുറതന്നെ നമുക്കു നഷ്ടമാകാനിടയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org