ഭ​ഗവാൻ തെളിച്ച നന്മയുടെ കൈത്തിരി

ഭ​ഗവാൻ തെളിച്ച നന്മയുടെ കൈത്തിരി

ഫാ. ജോണ്‍ പുതുവ

തോമസ് ആല്‍വ എഡിസണ്‍-ആമുഖം ആവശ്യമില്ലാത്ത ശാസ്ത്രപ്രതിഭ. നീണ്ട നാളത്തെ ഗവേഷണത്തിനുശേഷം അദ്ദേഹം വൈദ്യുത ബള്‍ബു കണ്ടുപിടിച്ചു. ശാസ്ത്രപ്രതിഭകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുമ്പാകെ തന്‍റെ കണ്ടുപിടുത്തം പ്രദര്‍ശിപ്പിക്കാനൊരുങ്ങി. ബള്‍ബുമായി അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് മാധ്യമ ഹാളിലേക്കു വന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നും ബള്‍ബ് താഴെവീണ് ഉടഞ്ഞു.

എഡിസണ്‍ പറഞ്ഞു ശാസ്ത്രപ്രദര്‍ശനം നാളത്തേയ്ക്കു മാറ്റി വച്ചിരിക്കുന്നു.

പിറ്റേന്ന് എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ ബള്‍ബുമായി എത്തിയത് തലേദിവസം ബള്‍ബ് താഴെയിട്ട് ഉടച്ച അസിസ്റ്റന്‍റ് തന്നെയായിരുന്നു.

ഹാളില്‍ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രതിനിധി ഇതേക്കുറിച്ചു ചോദിച്ചു.

എഡിസണ്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്. ഉടഞ്ഞ ബള്‍ബ് എനിക്ക് ഇരുപത്തിനാലു മണിക്കൂറുകൊണ്ട് നിര്‍മിക്കാന്‍ സാധിക്കും. എന്നാല്‍ ഞാന്‍ തകര്‍ക്കുന്ന അയാളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ എനിക്ക് ഇരുപത്തിനാലു വര്‍ഷം കൊണ്ടും ആവില്ല.

തോമസ് ആല്‍വ എഡിസന്‍റെ ശാസ്ത്രപ്രതിഭയെക്കാളും ഏറെ മുകളിലായിരുന്നു അദ്ദേഹത്തിന്‍റെ മനുഷ്യത്വം. മാനവികത.

അറിവു പകരുന്നവരല്ല ഗുരു
അറിവു നല്‍കുന്നയാളല്ല ഗുരു. അറിവു പങ്കുവയ്ക്കുന്ന ആളുമല്ല ഗുരു. അറിവു നല്കാന്‍ അചേതനങ്ങളായ യന്ത്രങ്ങളുണ്ട്. വികാരരഹിതമായി എന്ത് അറിവും ലോകം മുഴുവനും എത്തിക്കാന്‍ ഗൂഗിളുണ്ട്.

സ്വാര്‍ത്ഥചിന്തയില്ലാതെ വിദ്യ സ്നേഹത്തോടെ പകര്‍ന്നു നല്‍കുന്നതാണ് ഗുരുകര്‍മം. ഇത്തരമൊരു ഗുരുവിനെ കണ്ടെത്തിയ ആഹ്ളാദ നിറവിലാണ് ഈ കുറി പ്പ് എഴുതുന്നത്.

ഭഗവാന്‍റെ അവതാരം
തമിഴ്നാട്-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ സത്യമംഗലത്ത് വെളിഗരം ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ ജി. ഭഗവാന്‍ എന്ന അധ്യാപകനെ സ്ഥലം മാറ്റി എന്നറിഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ പൊട്ടിക്കരഞ്ഞു. പോകാനാവാത്ത വിധം അദ്ദേഹത്തിനു ചുറ്റും കണ്ണീരുകൊണ്ടു വേലികെട്ടി. വിദാര്‍ഥികളുടെ സ്നേഹത്താല്‍ ഗുരുഹൃദയം തുളുമ്പി. അദ്ദേഹവും കരഞ്ഞു. വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്നേഹംകൊണ്ടു കോട്ടകെട്ടി കാവലിരുന്നു. ഒടുവില്‍ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു ഭഗവാന്‍ തന്‍റെ കുട്ടികളെ വിട്ടു പോകേണ്ട.

തിരുവള്ളൂര്‍ ജില്ലയിലെ സ്കൂളില്‍ നാലുവര്‍ഷം മുമ്പ് എത്തിയതാണ് ഭഗവാന്‍. ഇരുപത്തെട്ടു വയസ്. ആറുമുതല്‍ പത്തുവരെയുള്ള ക്ലാസിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയായിരുന്നു ഭഗവാന്‍. ഇംഗ്ലീഷ് എന്ന ദൂര്‍ഭൂതത്തെ പിടിച്ചുകെട്ടുന്നതിനുള്ള കൊച്ചുകൊച്ചു വിദ്യകള്‍ അദ്ദേഹം തന്‍റെ വിദ്യാര്‍ഥികള്‍ക്കു സമ്മാനിച്ചു. സ്കൂള്‍ മുറികള്‍ വിട്ടിറങ്ങി വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും ചെന്നു. പൊടിപരത്തുന്ന നിരത്തുകളില്‍ ചങ്ങാതികളെപ്പോലെ കുട്ടികള്‍ക്കൊപ്പം നടന്നു. കുട്ടികളുടെ ദാരിദ്ര്യം നിറഞ്ഞ ഇറയത്തിരുന്ന് പനംചക്കര ചേര്‍ത്തു കാപ്പി കുടിച്ചു. അവരോടു സ്നേഹത്തിന്‍റെയും ദയയുടെയും ഭാഷയില്‍ സംസാരിച്ചു. അവര്‍ക്കു സഹജാവബോധത്തിന്‍റെയും മാനവികതയുടെയും നന്മയുടെയും മൂല്യവത്തായ ജീവിതത്തിന്‍റെയും നന്മനിറഞ്ഞ കഥകള്‍ പറഞ്ഞുകൊടുത്തു.

ഇംഗ്ലീഷിനെ കൈക്കുമ്പിളില്‍ ആക്കിയ കുട്ടികള്‍ക്കു ഭഗവാന്‍ ഈശ്വരതുല്യനായി. ആ വാക്കുകള്‍ അശരീരീ പോലെ അവരുടെ കര്‍ണപുടങ്ങള്‍ കടന്ന് ഹൃദയത്തില്‍ വാസമുറപ്പിച്ചു. കുട്ടികളി ലെ മാറ്റവും പഠിക്കുന്നതിലെ സന്തോഷവും മാതാപിതാക്കളെയും സന്തുഷ്ടരാക്കി. ഭഗവാനെ സ്ഥലംമാറ്റിയാല്‍ കുട്ടികളെ സ്കൂളില്‍ നിന്നും മാറ്റുമെന്നു മാതാപിതാക്കള്‍ വാശിപിടിച്ചതോടെ അവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കു സര്‍ക്കാരും വഴങ്ങുകയായിരുന്നു.

പടിയിറങ്ങേണ്ട അധ്യാപകര്‍
മുന്നിലിരിക്കുന്ന വിദ്യാര്‍ഥി തന്‍റേതല്ലെന്ന തോന്നലുണ്ടാകുമ്പോള്‍ അധ്യാപകന്‍ സ്കൂളിന്‍റെ പടിയിറങ്ങണമെന്നു പറഞ്ഞത് കേരളത്തിന്‍റെ മഹാഗുരു നിത്യചൈതന്യ യതിയാണ്.

മഴ വെള്ളത്തില്‍ സ്കൂള്‍ ഒലിച്ചുപോയി. വിദ്യാര്‍ഥികള്‍ സന്തോഷിച്ചു. ഒരു വിദ്യാര്‍ഥി വിദ്യാര്‍ഥി മാത്രം സങ്കടപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. അധ്യാപകര്‍ ഒഴുക്കില്‍പ്പെടാതെ അവിടത്തന്നെയുണ്ടല്ലോ എന്ന്.

ഈ കുട്ടിക്കഥയില്‍ ചിലപ്പോള്‍ അതിശയോക്തികളുണ്ടാവാം. എന്നാലും ചില യുക്തികളുമുണ്ട്. ആ യുക്തികളാണ് നാം പരിശോധിക്കേണ്ടത്. അധ്യാപകര്‍ മാത്രമല്ല, സ്കൂള്‍ അധികൃതരും സമൂഹവും.

മഷിത്തണ്ടുകൊണ്ടു തുടച്ചു കരിംപച്ച നിറത്തിലുള്ള സ്ലേറ്റുമായാണ്, അല്ലെങ്കില്‍ വെള്ളപേപ്പറുമായാണ് ഓരോ വിദ്യാര്‍ഥിയും ഒന്നാം ക്ലാസില്‍ സ്കൂളിന്‍റെ പടി കടന്നുവരുന്നത്. അതില്‍ എന്തെഴുതണമെന്നോ, എന്തെല്ലാം വിലക്കുകളും അരുത് എന്ന ചൊല്ലുകളും 'നോ' എന്ന ആജ്ഞ നല്കണമെന്നോ സ്നേഹത്തിന്‍റെ തടാകം അതില്‍ നിറയ്ക്കണമെന്നോ നിശ്ചയിക്കുന്നത് അവരുടെ അധ്യാപകരാണ്.

താരതമ്യം ചെയ്യാനും തുലനപ്പെടുത്താനും മാര്‍ക്കിന്‍റെയും മെറിറ്റിന്‍റയും അടിസ്ഥാനത്തില്‍ പുകഴ്ത്താനും ഇകഴ്ത്താനും തന്‍റെ മുന്നില്‍ ഇരിക്കുന്ന അചേതമായ വസ്തുക്കളല്ലെന്ന് അധ്യാപകര്‍ മനസിലാക്കണം. അവ വികാരമുള്ളവരാണ്. പക്വതയെത്താത്ത അത്തരം മനസുകളെ മുറിപ്പെടുത്തിന്നിടത്തോളം സങ്കടകരം മറ്റൊന്നില്ല.

അധ്യാപകരുടെ യോഗ്യത
മാര്‍ക്കു ലിസ്റ്റിലെ അക്കങ്ങളുടെ പെരുക്കവും മടിശ്ശീലയിലെ പണത്തിന്‍റെ കനവും മാത്രമാണോ അധ്യാപകയോഗ്യത. അല്ല എന്നതാണ് എന്‍റെ ഉത്തരം. മുന്‍വിധികളില്ലാതെ തന്‍റെ മുന്നിലിരിക്കുന്നവരെ കാണാന്‍ സാധിക്കുക. തന്നെക്കാള്‍ ഒട്ടും താഴെയല്ല അവരുടെ സ്ഥാനമെന്ന് മനസിലാക്കുക. ഓരോ വിദ്യാര്‍ഥിയും സ്വതന്ത്ര വ്യക്തിത്വങ്ങളാണെന്നും സ്വതന്ത്ര ചിന്താഗതിക്കാരാണെന്നും വിവിധ ഐക്യു ലെവല്‍ ഉള്ളവരാണെന്നും മനസിലാക്കുക.

മുന്‍വിധിയില്ലാതെ മനസിലാക്കാനും പരിധിയില്ലാതെ സ്നേഹിക്കാനും പ്രായവ്യത്യാസമില്ലാതെ ചങ്ങാതിയാവാനും സാധിക്കുന്ന ആള്‍ക്കു മാത്രമേ യഥാര്‍ഥ ഗുരുനാഥനാവാന്‍ സാധിക്കൂ. അയാള്‍ക്കു മാത്രമേ ശിഷ്യഗണത്തിന്‍റെ ഉള്ളില്‍ സ്ഥാനമുണ്ടാവൂ.

ജീവിതത്തിലേക്കൊരു കെടാതിരി
സ്ഫടിക സമാന വീഥിയില്‍ ദീപജ്വാലകളുടെ അകമ്പടിയോടെയുള്ള യാത്രയല്ല ജീവിതം. ജീവിതത്തിന്‍റെ പകുതിയില്‍ അധികവും സ്വന്തം വിഷാദത്തിന്‍റെയും നിരാശയുടെയും ഇരുള്‍വനങ്ങളും ചതുപ്പും വഴുക്കലുകളും താണ്ടിയാണ് ഒരാള്‍ ജീവിക്കുന്നത്. അവിടെ കനിവിന്‍റെ സ്വരമാവാന്‍, പ്രത്യാശയുടെ ദീപമാകാന്‍, ദയയുടെ കാവലാളാകാന്‍ അധ്യാപകരെ, നിങ്ങളുടെ ഒരു മൊഴി, നോട്ടം, സ്പര്‍ശം മുന്നിലിരിക്കുന്ന വിദ്യാര്‍ഥിയെ സഹായിച്ചേക്കാം. അതിനു സമൂഹമൊന്നും മാറേണ്ട. നിങ്ങളുടെ മനസ് അല്പമൊന്നു മാറിയാല്‍ മതി.

ഇതും കൂടി
ശ്രീകണ്ഠേശ്വരത്തിന്‍റെ ശബ്ദതാരാവലിയില്‍ ഗുരു എന്ന വാക്കിന് പന്ത്രണ്ട് അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. പിതാവ്, ആചാര്യന്‍, ഭരണാധികാരി, വര്‍ഗനേതാവ്… എന്നിങ്ങനെ. പതിനൊന്നാമത്തെ അര്‍ത്ഥമായി കൊടുത്തിരിക്കുന്നത് നായ്ക്കുരണ എന്നാണ്. ഒരു കൗതുകത്തിനു ശബ്ദതാരാവലി നോക്കിയപ്പോള്‍ ഉള്ളുപൊള്ളി. കാലം എല്ലാറ്റിനും ചില അര്‍ത്ഥങ്ങള്‍ നല്‍കിവെച്ചിട്ടുണ്ടാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org