നവദാവീദുമാര്‍ക്കാവശ്യമുണ്ട്, നാഥാന്മാരെ

നവദാവീദുമാര്‍ക്കാവശ്യമുണ്ട്, നാഥാന്മാരെ

ഫ്രാൻസിസ് മാർപാപ്പ റോമൻ കൂരിയാ അം​ഗങ്ങൾക്കു നല്കിയ ക്രിസ്മസ് സന്ദേശത്തിൽ നിന്ന്…

മനുഷ്യവംശത്തിനാകെ സൗജന്യമായി നല്‍കപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ രക്ഷ നമ്മുടെ മനസ്സു കൂടാതെ, സഹകരണം കൂടാതെ, സ്വാതന്ത്ര്യവും അനുദിനപരിശ്രമവും കൂടാതെ പ്രവര്‍ത്തിക്കുകയില്ലെന്ന് ഓരോ വര്‍ഷവും ക്രിസ്മസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. രക്ഷ ദാനമാണ്, അതു ശരിയാണ്. പക്ഷേ സ്വീകരിക്കുകയും സംരക്ഷിക്കുകയും ഫലമണിയിക്കുകയും ചെയ്യേണ്ട ദാനം (മത്താ. 25:14-30). നാം പൊതുവില്‍ ക്രൈസ്തവരും പ്രത്യേകമായി കര്‍ത്താവിന്‍റെ സമര്‍പ്പിതരും അഭിഷിക്തരും ആയിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം ദൈവത്തെ പോക്കറ്റില്‍ കൊണ്ടു നടക്കുന്ന, സവിശേഷാവകാശങ്ങളുള്ള ഒരു കൂട്ടമെന്ന നിലയില്‍ നമുക്കു പെരുമാറാമെന്നല്ല. മറിച്ച് പാപികളും അനര്‍ഹരുമായിട്ടും കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെടുന്നുവെന്ന അറിവുള്ളവരായിരിക്കേണ്ടവരാണു നാം. സമര്‍പ്പിതര്‍ വാസ്തവത്തില്‍ കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പിലെ വേലക്കാരും യഥാസമയം തോട്ടത്തിലെ വിളവെടുപ്പ് യജമാനനു കൈമാറേണ്ടവരുമാണ് (മത്താ. 20:1-16).

തിരഞ്ഞെടുക്കപ്പെട്ടവര്‍ പലപ്പോഴും രക്ഷയുടെ ഗുണഭോക്താക്കള്‍ എന്നതിനേക്കാള്‍ യജമാനന്മാരായും ദൈവികരഹസ്യങ്ങളുടെ വിനീതരായ വിതരണക്കാരേക്കാള്‍ നിയന്ത്രകന്മാരായും തങ്ങള്‍ക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന്‍റെ ദാസരെന്നതിനേക്കാള്‍ കസ്റ്റംസ് ഓഫീസര്‍മാരായും സ്വയം കരുതുന്നു. മിക്കപ്പോഴും അമിതാവേശവും തെറ്റായ ദിശാബോധവും മൂലം ദൈവത്തെ അനുഗമിക്കേണ്ടതിനു പകരം മുമ്പില്‍ കയറി നില്‍ക്കുന്നു. ഇതുപോലെ ഗുരുവിനെ വിമര്‍ശിച്ചതിനാണല്ലോ ക്രിസ്തു ഒരു വ്യക്തിക്കു നല്‍കിയ ഏറ്റവും രൂക്ഷമായ ശകാരം പത്രോസ് ഏറ്റുവാങ്ങിയത്, "സാത്താനേ നീ എന്‍റെ മുമ്പില്‍ നിന്നു പോകൂ. നിന്‍റെ ചിന്ത ദൈവീകമല്ല, മാനുഷീകമാണ്" (മര്‍ക്കോ. 8:33).

പ്രിയ സഹോദരങ്ങളേ,
പ്രക്ഷുബ്ധമായ ഈ ലോകത്തില്‍ സഭയാകുന്ന തോണി അതിജീവിക്കുന്നുണ്ട്. ഈ വര്‍ഷം ദുഷ്കരമായിരുന്നു. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും വീശിയടിച്ചു. ഉറങ്ങുന്നതായി കാണപ്പെട്ട ഗുരുവിനോടു പലരും ചോദിച്ചുപോയി, "ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. അങ്ങതു കാണുന്നില്ലേ?" (മര്‍ക്കോ. 4:38). മറ്റു ചിലര്‍ വാര്‍ത്തകള്‍ കേട്ടു ഞെട്ടി സ്വന്തം വിശ്വാസമുപേക്ഷിക്കാന്‍ തുടങ്ങി, മറ്റു ചിലര്‍ ഭീതിയും സ്വാര്‍ത്ഥതാത്പര്യങ്ങളും നിഗൂഢലക്ഷ്യങ്ങളും മുന്‍നിറുത്തി ക്രിസ്തുവിന്‍റെ ശരീരത്തെ മര്‍ദ്ദിക്കാനും മുറിവുകള്‍ വര്‍ദ്ധിപ്പിക്കാനും തുടങ്ങി, സഭ ചഞ്ചലമായി കാണുന്നതിലുള്ള സംതൃപ്തി ചിലര്‍ മറച്ചുവച്ചില്ല, അനേകരാകട്ടെ, "നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല" (മത്താ. 16:38) എ ന്ന ബോദ്ധ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നു.

ഇതെല്ലാമരങ്ങേറുമ്പോള്‍, ക്രി സ്തുവിന്‍റെ മണവാട്ടി ആനന്ദങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും വിജയങ്ങള്‍ക്കും ആഭ്യന്തരവും ബാഹ്യവുമായ ബുദ്ധിമുട്ടുകള്‍ക്കും ഇടയിലൂടെ തന്‍റെ പ്രയാണം തുടരുകയാണ്. ആഭ്യന്തര ബുദ്ധിമുട്ടുകളാണ് തീര്‍ച്ചയായും ഏറ്റവും വേദനാജനകമായതും ഏറ്റവും വിനാശകരമായതും.

ക്ലേശങ്ങള്‍
നിരവധി ക്ലേശങ്ങള്‍ നാമിന്നു നേരിടുന്നുണ്ട്. എത്രയോ കുടിയേറ്റക്കാരാണ് മാതൃരാജ്യങ്ങള്‍ ഉപേക്ഷിച്ച്, ജീവന്‍ അപകടത്തിലാക്കി ഓടി രക്ഷപ്പെടുന്നത്. ചിലര്‍ മരിക്കുന്നു, ജീവന്‍ കിട്ടുന്നവര്‍ക്കു മുമ്പിലാകട്ടെ വാതിലുകള്‍ അടയുന്നു, അവരുടെ മാനവസഹോദരങ്ങള്‍ രാഷ്ട്രീയാധിനിവേശങ്ങളി ലും അധികാരത്തിലും മുഴുകിയിരിക്കുന്നു. എന്തുമാത്രം ഭീതിയും മുന്‍വിധികളും! ദുര്‍ബലര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ എന്തുമാത്രം അക്രമങ്ങള്‍! പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ എത്രയോ യുദ്ധങ്ങള്‍!

നിഷ്കളങ്കമായ എത്രയോ രക്തം ഓരോ ദിവസവും ചൊരിയപ്പെടുന്നു! മനുഷ്യവിരുദ്ധതയും ക്രൂരതയും എല്ലാ ഭാഗത്തു നിന്നും നമ്മുടെ ചുറ്റുപാടും നിറയുന്നു. എത്രയോ മനുഷ്യരാണ് ഇന്നും പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും അഭയാര്‍ത്ഥിക്യാമ്പുകളിലും വ്യവസ്ഥാപിതമായ രീതിയില്‍ പീഡിപ്പിക്കപ്പെടുന്നത്!

രക്തസാക്ഷികളുടെ ഒരു നവയുഗത്തിലാണു നാമിന്നു ജിവിക്കുന്നത്. റോമന്‍ സാമ്രാജ്യത്തിന്‍റെ ക്രൂരമായ പീഡനപരമ്പരകള്‍ക്ക് അന്ത്യമില്ലെന്നു തോന്നിപ്പോകും. ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ മാത്രം പേരില്‍ വിശ്വാസികളെ അടിച്ചമര്‍ത്തുവാന്‍ പുതിയ നീറോമാര്‍ നിരന്തരം അവതരിച്ചുകൊണ്ടിരിക്കുന്നു. പള്ളികളെയും ശുശ്രൂഷകരെയും വിശ്വാസികളെയും ലക്ഷ്യമിടുന്ന തീവ്രവാദസംഘങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ക്രിസ്തുവിനോടും സഭയോടും വിശ്വാസികളോടുമുള്ള വിദ്വേഷവും ശത്രുതയും കൊണ്ട് ഉപജീവിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടൂന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, മര്‍ദ്ദനവും പാര്‍ശ്വവത്കരണവും വിവേചനവും അനീതിയും സഹിച്ചു ജീവിക്കുന്ന എത്രയോ ക്രൈസ്തവരിന്നുണ്ട്! വിശ്വാസത്തെ ഉപേക്ഷിക്കുന്നതിനേക്കാള്‍ മരണത്തെ ആശ്ലേഷിക്കുവാന്‍ ധീരതയുള്ളവരായി അവര്‍ തുടരുന്നു. മതസ്വാതന്ത്ര്യവും മനഃസാക്ഷിസ്വാതന്ത്ര്യവും ഇല്ലാത്ത ലോകത്തിന്‍റെ പല ഭാഗങ്ങളിലും വിശ്വാസം സ്വതന്ത്രമായി ജീവിക്കുക ഇന്നു വളരെ ബുദ്ധിമുട്ടായിരിക്കുന്നു.

രക്തസാക്ഷികള്‍, യുവജനങ്ങളും കുടുംബങ്ങളുമായ നല്ല സമരിയാക്കാര്‍, വിശ്വാസികളുടെയും സമര്‍പ്പിതരുടെയും സേവനസംഘടനകള്‍ തുടങ്ങിയവരുടെ വീരോചിത മാതൃകകള്‍ ഉണ്ടെന്നതുകൊണ്ട്, സഭയുടെ ചില സന്താനങ്ങളും ശുശ്രൂഷകരും നല്‍കുന്ന എതിര്‍സാക്ഷ്യത്തേയോ ഉതപ്പുകളേയോ മറക്കാനുമാകില്ല.

ലൈംഗികചൂഷണം, അവിശ്വസ്തത എന്നീ രണ്ടു മുറിവുകളെ കുറിച്ചു മാത്രം പറയട്ടെ.

ലൈംഗികചൂഷണമെന്ന തിന്മ ഉന്മൂലനം ചെയ്യാന്‍ സഭ നിരവധി വര്‍ഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുരോഹിതരും സമര്‍പ്പിതരും മൂലം സഹനമനുഭവിക്കേണ്ടി വന്ന കുട്ടികളുടെ കാര്യം ദൈവം ഒരിക്കലും മറക്കുകയില്ല. ഈ വിഷയത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ രാജാവായ ദാവീദാണ് എന്‍റെ മനസ്സിലേയ്ക്കു വരുന്നത്. കര്‍ത്താവിന്‍റെ അഭിഷിക്തനായ ദാവീദ് ഗുരുതരമായ മൂന്നു ദുരുപയോഗങ്ങളാണു നടത്തുന്നത്: ലൈംഗികത, അധികാരം, മനഃസാക്ഷി. വ്യത്യസ്തങ്ങളായ ഈ മൂന്നു തിന്മകളും ഒരു കാര്യത്തില്‍ ഒന്നിച്ചു ചേരുന്നു.

രാജാവാണെന്ന സൗകര്യമുപയോഗിച്ച് (അധികാരത്തിന്‍റെ ദുരുപയോഗം) ദാവീദ് യുദ്ധത്തിനു പോകാതിരിക്കുന്നു. സുഖസൗകര്യങ്ങള്‍ക്കായി അഭിഷിക്തന്‍ സ്വയം വിട്ടുകൊടുക്കുമ്പോള്‍ ധാര്‍മ്മികാപചയം ആരംഭിക്കുന്നു. ഈ സാഹചര്യത്തിലാണ് ദാവീദ് കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ നി ന്ന് ഉറിയായുടെ ഭാര്യയായ ബെത്ഷേബായെ കാണുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നത്. അയാള്‍ അവള്‍ക്ക് ആളയച്ചു വരുത്തുന്നു: അധികാരത്തിന്‍റെയും ലൈംഗികതയുടെയും ചൂഷണം. ഉറിയായെ വിളിച്ചു വരുത്തുകയും രാത്രി ഭാര്യയോടൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. പിന്നെ മരണം നിശ്ചിതമായ യുദ്ധമുഖത്തേയ്ക്ക് അയയ്ക്കുന്നു: അധികാരത്തിന്‍റെയും അതിനേക്കാള്‍ മനഃസാക്ഷിയുടെയും ദുരുപയോഗം. പാപത്തിന്‍റെ ചങ്ങല കാട്ടുതീ പോലെ പടരുന്നു.

അലസതയിലും ആസക്തിയിലും നിന്നാണ് ഗുരുതരമായ പാപങ്ങളുടെ പൈശാചികശൃംഖല ആരംഭിക്കുന്നത്. വ്യഭിചാരവും നുണകളും കൊലപാതകവും നടക്കുന്നു. രാജാവായിരിക്കുന്നതിനാല്‍ എല്ലാം ചെയ്യാനും എല്ലാം നേടാനും ബെത്ഷേബായുടെ ഭര്‍ത്താവിനേയും ജനങ്ങളേയും തന്നെത്തന്നേയും ദൈവത്തെ പോലും കബളിപ്പിക്കാനും കഴിയുമെന്ന് ദാവീദ് കരുതുന്നു. ദൈവവുമായുള്ള ബന്ധം മറക്കുന്നു, ദൈവികകല്‍പനകളെ ലംഘിക്കുന്നു, സ്വന്തം സത്യസന്ധതയേയും ധാര്‍മ്മികതയേയും കുറ്റബോധം കൂടാതെ മുറിവേല്‍പിക്കുന്നു. അതേസമയം അഭിഷിക്തന്‍ യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ തന്‍റെ ദൗത്യം തുടരുകയും ചെയ്യുന്നു.

ഇന്നുമുണ്ട് ദൈവത്തിന്‍റെ ധാരാളം അഭിഷിക്തര്‍, സമര്‍പ്പിതര്‍ സ്വന്തം ധാര്‍മ്മികാധികാരത്തെ കൈമുതലാക്കി, ബലഹീനരെ ചൂഷണം ചെയ്യുന്നവര്‍. അവര്‍ ജുഗുപ്സാവഹമായ കാര്യങ്ങള്‍ ചെയ്യുകയും ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സ്വന്തം ശുശ്രൂഷകള്‍ തുടര്‍ന്നു നിര്‍വഹിക്കുകയും ചെയ്യുന്നു. അവര്‍ ദൈവത്തെയോ അവിടുത്തെ വിധിയെയോ ഭയപ്പെടുന്നില്ല, പിടിക്കപ്പെടുമോ എന്നതു മാത്രമാണ് അവരുടെ ഭീതി. സഭയുടെ ശരീരത്തെ കീറിമുറിക്കുകയും സഭയുടെ രക്ഷാകരദൗത്യത്തെയും സഹസമര്‍പ്പിതരുടെ ത്യാഗങ്ങളെയും അവമതിക്കുകയുമാണ് അവര്‍.

സമര്‍പ്പിതരുടെ പാപങ്ങളും കുറ്റങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസ്യത തകര്‍ക്കുകയും ചെയ്യുന്നു. സഭയും സഭയുടെ വിശ്വസ്തരായ പുത്രരും ഈ അവിശ്വസ്തതകളുടെ ഇരകളാണ്. ഇത്തരം ക്രൂരതകള്‍ ചെയ്തവരെ നീതിക്കു മുമ്പില്‍ കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നതില്‍ നിന്നു സഭയ്ക്കൊഴിഞ്ഞു മാറാനാവില്ല. ഒരു കേസും മൂടിവയ്ക്കാനോ കുറച്ചു കാണാനോ സഭ തയ്യാറല്ല.

ഈ മഹാവിപത്തിനെ കുറിച്ചു പറയുമ്പോള്‍ സഭയ്ക്കുള്ളിലുള്ള പലരും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതു കാണാം. ലൈംഗികചൂഷണമൊന്നും ചെയ്യാത്ത മഹാഭൂരിപക്ഷത്തെ മാധ്യമങ്ങള്‍ അവഗണിക്കുകയും സഭയ്ക്കു ബോധപൂര്‍വം ഒരു തെറ്റായ പ്രതിച്ഛായ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ ഞാന്‍ മാധ്യമങ്ങള്‍ക്ക് ഊഷ്മളമായി നന്ദി പറയുകയാണു ചെയ്യുന്നത്. ഈ ചെന്നായ്ക്കളെ തുറന്നു കാണിക്കാനും ഇരകള്‍ക്കു ശബ്ദം നല്‍കാനും അവര്‍ സത്യസന്ധതയോടെയും വസ്തുനിഷ്ഠതയോടെയും ശ്രമിച്ചതിന്. ചൂഷണത്തിന്‍റെ ഒരൊറ്റ കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍കൂടിയും നിശബ്ദമായിരിക്കാനല്ല സഭ പറയുക. മറിച്ച് വെളിച്ചത്തുകൊണ്ടുവരാന്‍ തന്നെയാണ്. കാരണം ഇക്കാര്യത്തിലെ ഏറ്റവും വലിയ ഉതപ്പ് സത്യത്തെ മൂടിവയ്ക്കുന്നതാണ്.

നാഥാന്‍ പ്രവാചകനെ അഭിമുഖീകരിക്കുന്നതിലൂടെയാണ് ദാവീദിനു തന്‍റെ പാപത്തിന്‍റെ ഗൗരവം മനസ്സിലായത്. നിരവധി ദാവീദുമാര്‍ക്ക് തങ്ങളുടെ കപടവും വഴിപിഴച്ചതുമായ ഉറക്കത്തില്‍ നിന്നുണരുവാന്‍ ഇന്നു പുതിയ നാഥാന്‍മാരെ നമുക്കാവശ്യമുണ്ട്. യഥാര്‍ത്ഥ കേസുകളെ തെറ്റായ കേസുകളില്‍നിന്നും ആരോപണങ്ങളെ അപവാദപ്രചാരണങ്ങളില്‍നിന്നും വേര്‍തിരിച്ചറിയുന്ന ദുഷ്കരദൗത്യത്തില്‍ സഭാമാതാവിനെ സഹായിക്കുക. ഇതൊരു ബുദ്ധിമുട്ടേറിയ ദൗത്യമാണ്. കാരണം, സ്വയം എങ്ങനെ ഒളിപ്പിക്കാമെന്ന് യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് അറിയാം. വേട്ടക്കാര്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്ന ഇരകള്‍ പോലും പലപ്പോഴും നിശബ്ദത പാലിക്കാനാണ് ഇഷ്ടപ്പെടുക, ഭീതിയാണു കാരണം.

രണ്ടാമത്തെ ക്ലേശം, അവിശ്വസ്തതയുടേതാണ്. സ്വന്തം വിളിയെ, വ്രതത്തെ, ദൗത്യത്തെ, ദൈവത്തോടും സഭയോടുമുള്ള സമര്‍പ്പണത്തെ വഞ്ചിക്കുന്നവരുടെ അവിശ്വസ്തത. സ്വന്തം സഹോദരങ്ങളെ കുത്താനും അസ്വസ്ഥതയും ഭിന്നിപ്പും വിതയ്ക്കാനും സദുദ്ദേശ്യങ്ങളുടെ പിന്നിലൊളിക്കുന്നവര്‍. എല്ലാത്തിനും യുക്തിപരവും ആത്മീയവും പോലുമായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയും വിനാശത്തിന്‍റെ പാതയിലൂ ടെ ചരിക്കുകയും ചെയ്യുന്നവര്‍.

ഇതു സഭയുടെ ചരിത്രത്തില്‍ പുതിയതല്ല. കളകളേയും വിളകളേയും കുറിച്ചു സെ. അഗസ്റ്റിന്‍ പറയുന്നുണ്ട്, "ഇതു താഴേത്തട്ടില്‍ മാത്രമേയുള്ളെന്നും ഉയര്‍ന്ന തട്ടില്‍ ഇല്ലെന്നും കരുതുന്നുണ്ടോ? മെത്രാന്‍ പദവികളിലുമുണ്ട് കളകളും വിളകളും. വിശ്വാസികളുടെ വിവിധ കൂട്ടായ്മകളിലുണ്ട്, കളകളും വിളകളും." നരകത്തിലേയ്ക്കുള്ള പാത സദുദ്ദേശ്യങ്ങള്‍ കൊണ്ടു പാകിയിരിക്കുന്നു എന്ന പഴഞ്ചൊല്ലാണ് അഗസ്റ്റിന്‍റെ ഈ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഭിന്നതയും അസ്വസ്ഥതയും ശത്രുതയും വിതയ്ക്കുന്നത് പ്രലോഭകനാണ്.

കളകള്‍ വിതയ്ക്കുന്നവരുടെ പിന്നില്‍ മിക്കപ്പോഴും തന്നെ മുപ്പതു വെള്ളിക്കാശുകളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ദാവീദില്‍ നിന്ന് ഇവിടെ നാം യൂദാസിലേയ്ക്ക് എത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട മറ്റൊരുവന്‍, തന്‍റെ ഗുരുവി നെ മരണത്തിനു വില്‍ക്കുകയും ഏല്‍പിച്ചുകൊടുക്കുകയും ചെയ്യുന്നവന്‍. പാപിയായ ദാവീദും യൂദാസും സഭയില്‍ എന്നുമുണ്ടായിരിക്കും. നമ്മുടെ മാനവികാസ്തിത്വത്തിന്‍റെ ഭാഗമായ ബലഹീനതയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരും സമര്‍പ്പിതരുമായ വ്യക്തികള്‍ ചെയ്ത പാപങ്ങളുടേയും കുറ്റങ്ങളുടേയും പ്രതീകങ്ങളാണ് അവര്‍. പാപത്തിന്‍റെ ഗൗരവത്തില്‍ അവര്‍ ഒന്നിച്ചെങ്കിലും മാനസാന്തരത്തില്‍ വ്യത്യസ്തരായി. ദാവീദ് പശ്ചാത്തപിച്ചു, ദൈവത്തിന്‍റെ കരുണയിലാശ്രയിച്ചു, യൂദാസാകട്ടെ ആത്മഹത്യ ചെയ്തു.

ഇനി സന്തോഷങ്ങളെ കുറിച്ചും പറയാം. സഭയില്‍ കഴിഞ്ഞ വര്‍ഷം നിരവധി സന്തോഷങ്ങളുണ്ടായി. ഉദാഹരണത്തിനു യുവജനങ്ങളെ കുറിച്ചുള്ള സിനഡിന്‍റെ വിജയം. കൂരിയാ പരിഷ്കരണത്തിലുണ്ടായ പുരോഗതി. കൂരിയാ പരിഷ്കരണം എന്നാണു അവസാനിക്കുക എന്നു പലരും ചോദിക്കുന്നുണ്ട്. അതൊരിക്കലും അവസാനിക്കില്ല. പക്ഷേ മുന്നോട്ടുള്ള ചുവടുകള്‍ നല്ലവയാണ്. സാമ്പത്തികകാര്യങ്ങളില്‍ സുതാര്യതയും വ്യക്തതയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശ്രദ്ധേയമായി. അത്ര പ്രകടമല്ലാത്ത സദ്ഫലങ്ങളും പരിഷ്കരണങ്ങള്‍ കൊണ്ടുണ്ടായി.

പുതുതായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ലോകത്തില്‍ പ്രത്യാശയും വിശ്വാസവും പ്രകാശവും പരത്തുകയും സഭയുടെ മുഖം അലങ്കരിക്കുകയും ചെയ്യുന്ന അമൂല്യരത്നങ്ങളാണ്.

സന്തോഷത്തിനുള്ള മറ്റൊരു കാരണം വിശ്വസ്തതയിലും നിശബ്ദതയിലും വിശുദ്ധിയിലും ആത്മത്യാഗത്തിലും സ്വന്തം വിളിക്കനുസരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന അനേകം സമര്‍പ്പിതരും മെത്രാന്മാരും പുരോഹിതരും ഉണ്ടെന്നതാണ്. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉപവിയുടേയും സാക്ഷ്യം കൊണ്ട് അവര്‍ മാനവീകതയെ പ്രകാശിപ്പിക്കുന്നു. സുവിശേഷത്തോടും ക്രിസ്തുവിനോടുമുള്ള സ്നേഹത്തെ പ്രതി അവര്‍ ക്ഷമാപൂര്‍വം ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ദരിദ്രര്‍ക്കു വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയും അവര്‍ ജോലി ചെയ്യുന്നു. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ വേണ്ടിയോ അംഗീകാരങ്ങള്‍ നേടാന്‍ വേണ്ടിയോ അല്ല ഇത്. ക്രിസ്തു ഉപേക്ഷിക്കപ്പെടുകയും ദാഹിക്കുകയും വിശക്കുകയും ജയിലിലടക്കപ്പെടുകയും നഗ്നനായിരിക്കുകയും ചെയ്യുന്നിടത്തെല്ലാം വിശ്വാസത്തിന്‍റെ വെളിച്ചം കൊണ്ടുവരുന്നതിന് സ്വന്തം ജീവിതം നല്‍കിക്കൊണ്ടും മറ്റെല്ലാം ഉപേക്ഷിച്ചുകൊണ്ടും അവര്‍ പ്രവര്‍ത്തിക്കുന്നു. ദൈവജനത്തിനു നല്ല മാതൃക അനുദിനം നല്‍കിക്കൊണ്ട്, കുടുംബങ്ങളോട് അടുത്ത്, എല്ലാവരുടേയും പേരുകളറിഞ്ഞ്, ലാളിത്യത്തിന്‍റേയും വിശ്വാസത്തിന്‍റേയും വിശുദ്ധിയുടേയും ഉപവിയുടേയും ജീവിതം നയിക്കുന്ന അനേകം ഇടവകവൈദികരെ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. മാധ്യമങ്ങള്‍ അവരെ ശ്രദ്ധിക്കുന്നില്ല, പക്ഷേ അവരില്ലായിരുന്നുവെങ്കില്‍ അന്ധകാരം വാഴുമായിരുന്നു.

സഭാത്മകസംവിധാനങ്ങളിലും സമര്‍പ്പിതജീവിതത്തിലും ഭരണച്ചുമതലയേല്‍പിക്കപ്പെട്ടിരിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകേണ്ട ജാഗ്രതയിലേയ്ക്കു നയിക്കേണ്ട ഒരു അവബോധവര്‍ദ്ധനവിന്‍റെ പ്രാധാന്യത്തിന് ഊന്നലേകാനാണ്, പ്രകാശത്തേയും ക്ലേശങ്ങളേയും ദാവീദിനേയും യൂദാസിനേയും കുറിച്ചു പറയുമ്പോള്‍ ഞാനുദ്ദേശിച്ചത്. പരിപൂര്‍ണരായ മനുഷ്യരെ കൊണ്ടു നിര്‍മ്മിതമായിരിക്കുന്നു എന്നതിനെയല്ല ഏതൊരു സ്ഥാപനത്തിന്‍റെയും ശക്തി ആശ്രയിച്ചിരിക്കുന്നത്. അത് അസാദ്ധ്യമാണ്. മറിച്ച്, നിരന്തരം ശുദ്ധീകരിക്കപ്പെടാനും തെറ്റുകള്‍ വിനീതമായി അംഗീകരിക്കാനും തിരുത്താനും വീണു കഴിയുമ്പോള്‍ ഏഴുന്നേല്ക്കാനുമുള്ള കഴിവിനേയും സന്നദ്ധതയേയും ആശ്രയിച്ചാണിരിക്കുന്നത്.

അതിനാല്‍ സത്യപ്രകാശമായ യേശുക്രിസ്തുവിലേയ്ക്കു നമ്മുടെ ഹൃദയങ്ങള്‍ തുറക്കുക. നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വെളിച്ചം, അന്ധകാരത്തെ നീക്കുന്ന വെളിച്ചം, തിന്മയെ കീഴ്പ്പെടുത്തുന്ന നന്മയുടെ വെളിച്ചം, വെറുപ്പിനെ മറികടക്കുന്ന സ്നേഹത്തിന്‍റെ വെളിച്ചം, മരണത്തെ ജയിക്കുന്ന ജീവന്‍റെ വെളിച്ചം, എല്ലാത്തിനേയും എല്ലാവരേയും പ്രകാശമാക്കി മാറ്റുന്ന ദൈവികവെളിച്ചം, ആ വെളിച്ചമാണവന്‍. അവിടുന്നു നമ്മുടെ ദൈവത്തിന്‍റെ വെളിച്ചമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org