നീതിഞായര്‍ ആചരിക്കുമ്പോഴും ദളിത് ക്രൈസ്തവര്‍ക്കു സ്വാതന്ത്ര്യമകലെ

നീതിഞായര്‍ ആചരിക്കുമ്പോഴും ദളിത് ക്രൈസ്തവര്‍ക്കു സ്വാതന്ത്ര്യമകലെ

പി.ഒ. പത്രോസ്, എഴുപുന്ന (ഡിസിഎംഎസ് ഓര്‍ഗനൈസര്‍)

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിച്ചു കഴിഞ്ഞ ഈ സാഹചര്യത്തില്‍ ഭാരതത്തിലെ പൗരന്മാരായ ഒരു ജനവിഭാഗം ദളിത് ക്രൈസ്തവര്‍ ഇന്നും പലവിധത്തില്‍ അടിമത്തത്തിലും അവഗണനയിലും കഴിയുകയാണ്.

ഇക്കഴിഞ്ഞ പാര്‍ലമെന്‍ററി അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രകടനപത്രികയില്‍ ദളിത് ക്രൈസ്തവ സംവരണം ഉറപ്പാക്കും എന്നു പ്രത്യേകം പ്രതിപാദിച്ചത് ഓര്‍ക്കുമല്ലോ. കാലങ്ങളായി ചാതുര്‍വര്‍ണ്യത്തിന്‍റെ ആധിപത്യത്തില്‍ അയിത്തവും അടിമത്തവും അനുഭവിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നു ചവിട്ടി മാറ്റപ്പെട്ട ജനവിഭാഗങ്ങളെ (ദളിതരെ) ഉദ്ധരിക്കുവാന്‍ നമ്മുടെ രാഷ്ട്രശില്പികള്‍ ഉദാരമായ ചില പദ്ധതികള്‍ ആവിഷ്കരിച്ചു. ജീവന്‍, സ്വത്ത്, വീട്, കുടുംബം, വിദ്യാഭ്യാസം, തൊഴില്‍, ഉദ്യോഗം തുടങ്ങിയ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ദളിതര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു. ഇവരെ പ്രത്യേകം പരിഗണനയില്‍പ്പെടുത്തി സംരക്ഷിക്കണമെന്നു രാഷ്ട്രം തീരുമാനിക്കുകയും അങ്ങനെ സംരക്ഷിക്കപ്പെടേണ്ട ജാതികളുടെയും വര്‍ഗങ്ങളുടെയും പട്ടിക 1950-ല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

രാഷ്ട്രത്തിന്‍റെ പ്രത്യേക പരിഗണനയും സംരക്ഷണവും എല്ലാ ദളിതര്‍ക്കും അവകാശപ്പെട്ടതാണ്. 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന ഭരണഘടനയില്‍ പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ രാഷ്ട്രത്തിന്‍റെ ആനുകൂല്യം കൊടുക്കാവൂ എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ ആഗസ്റ്റ് 10-ാം തീയതി ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് തന്നില്‍ നിക്ഷിപ്തമായിരുന്ന അവകാശാധികാരം ഉപയോഗിച്ചു ഹിന്ദുക്കളായ ദളിതരെ മാത്രം ഉള്‍പ്പെടുത്തി പട്ടികജാതി വര്‍ഗ ഭേദഗതി ഉത്തരവു പുറപ്പെടുവിച്ചു.

"ഹിന്ദുമതത്തില്‍നിന്നും വ്യത്യസ്തമായ ഒരു മതം സ്വീകരിച്ചിട്ടുള്ള ഹരിജനങ്ങളെ പട്ടികജാതിക്കാരായി അംഗീകരിക്കുന്നതല്ല."

ഇതു വ്യക്തമായും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ്. ഈ അനീതിക്കെതിരായി ശക്തമായ സമരം നടത്താന്‍ തുനിഞ്ഞ സിക്കുമതാനുയായികളായ പട്ടികജാതിക്കാരെ 1956-ലും ബുദ്ധമതാനുയായികളായ പട്ടികജാതിക്കാരെ 1990-ലും പട്ടികജാതിക്കാരായി അംഗീകരിച്ചുകൊണ്ടു പട്ടികജാതി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുകയുണ്ടായി. എങ്കിലും ക്രിസ്തുമതാനുയായികളായ പട്ടികജാതിക്കാരോട് ഇന്നും വിവേചനം കാട്ടുകയാണ്. ഇതു മതേതരരാജ്യമായ ഭാരതത്തില്‍ മതത്തിന്‍റെ പേരിലുള്ള വിവേചനവും തികഞ്ഞ അനീതിയുമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ പ്രകടമായ ലംഘനമാണ്.

ജാതിയുടെ പേരില്‍, വര്‍ഗത്തിന്‍റെ പേരില്‍, വംശത്തിന്‍റെ പേരില്‍, ആണ്‍-പെണ്‍ വ്യത്യാസത്തിന്‍റെ പേരില്‍, സ്ഥലത്തിന്‍റെ പേരില്‍, ഭാഷയുടെ പേരില്‍ ഏതെങ്കിലും അടിസ്ഥാനമാക്കി ഏതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുള്ളതല്ല എന്നു ഭരണഘടന പ്രത്യേകം അനുശാസിക്കുന്നു. മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതം സ്വന്തമായി വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെ സ്വാതന്ത്ര്യം നല്കുന്നു. അങ്ങനെയുള്ള ഈ മതേതരഭാരതത്തില്‍ മതത്തിന്‍റെ പേരില്‍ ദളിത് ക്രൈസ്തവരുടെ അവകാശം നിഷേധിക്കപ്പെടുകയാണ്. ഇതു മനുഷ്യാവകാശലംഘനവും മതേതരത്വത്തിനു വെല്ലുവിളിയുമാണ്.

ഇന്ത്യയിലെ 198 ലക്ഷം ക്രൈസ്തവരില്‍ 120 ലക്ഷം ക്രൈസ്തവരും പട്ടികജാതിയില്‍ നിന്നു മതപരിവര്‍ത്തനം ചെയ്തവരാണ്. ചേരമര്‍ (പുലയര്‍), സാംബവര്‍ (പറയര്‍), സിദ്ധനര്‍ (കുറവര്‍) അയനവര്‍ എന്നീ ജാതികളിലായി 20 ലക്ഷത്തോളം ദളിത് ക്രൈസ്തവരാണ് ഇന്നു കേരളത്തിലുള്ളത്. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്വസഹോദരങ്ങളായ പട്ടികജാതിക്കാര്‍ക്കു തുല്യം പിന്നാക്കമാണെന്നു പിന്നാക്ക സമുദായ കമ്മീഷനുകളെ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നിയോഗിച്ച കമ്മീഷനുകളെല്ലാം വ്യക്തമാക്കുന്നു. "ഒരുവന്‍ മതം മാറിയാലും ജാതി മാറുന്നില്ല എന്നും മതം മാറുന്നതുകൊണ്ടു സാമൂഹ്യ അവശതകള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും" വിവിധ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാക്കാകലേക്കര്‍ കമ്മീഷന്‍ (1953-1955): ചില ഭാഗങ്ങളില്‍ ഹരിജന്‍ ക്രിസ്ത്യാനികള്‍ കുറേക്കാലത്തേയ്ക്കു പള്ളിക്കു വെളിയില്‍ നിര്‍ത്തപ്പെട്ടിരുന്നു. പിന്നെ ഇവര്‍ക്ക് ഒരു പ്രത്യേക ഭാഗത്ത് ഇരിക്കാമെന്നായി. ഇന്നും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പിന്നാക്കജാതികളില്‍ (അസ്പൃശ്യജാതികള്‍) നിന്നുള്ള ക്രിസ്ത്യാനികള്‍ പ്രത്യേക സെമിത്തേരികളില്‍ സംസ്കരിക്കപ്പെടുവാന്‍ നിര്‍ബന്ധിതരാകുന്നു. മരിച്ചവര്‍പോലും ജാതിയും തൊട്ടുകൂടായ്മയും അനുഭവിക്കുന്നു.

കുമാരപിള്ള കമ്മീഷന്‍ (1965): പട്ടികജാതിക്കാരുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ ആഴം വലുതായതിനാല്‍ പുതുതായി മതപരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തി സമുദായത്തില്‍ പൂര്‍ണമായും ഉള്‍പ്പെടുന്നില്ല. മറ്റുള്ളവരാകട്ടെ അവന്‍റെ നിലവാരം ഉയരുവോളം അവനില്‍നിന്നും മാറിനില്ക്കുന്നു." പട്ടികജാതിക്കാരന്‍ ക്രിസ്തുമതത്തിലേക്കു മാറിയാലും വിവേചനത്തിന്‍റെ അളവു മതപരിവര്‍ത്തനത്തിനു മുമ്പുള്ള അത്രയും തന്നെയെന്നാണ് ഇതില്‍ നിന്നും തെളിയുന്നത്.

നെട്ടൂര്‍ കമ്മീഷന്‍ (1970): പട്ടികജാതിയില്‍നിന്നും ക്രിസ്തുമതം സ്വീകരിച്ചവരുടെ സാമൂഹിക വിവേചനത്തിന്‍റെ അളവ് അവരുടെ മതസ്വീകരണത്തിനു മുമ്പുള്ള അത്രയും തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയില്‍ ഈ സമൂഹം കൂടി ചേര്‍ക്കപ്പെടേണ്ടതാണ് (ഒന്നാം വാല്യം പേ. 91).

മണ്ഡല്‍ കമ്മഷന്‍ (1980): ജാതി വ്യവസ്ഥിതി ഹിന്ദു സമുദായത്തിന്‍റെ പ്രത്യേകതയാണെങ്കില്‍പ്പോലും ഫലത്തില്‍ അത് ഇന്ത്യയിലെ ഹിന്ദു ഇതര സമുദായങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ നിലവിലുണ്ട്. സാമൂഹ്യമായി ഉയര്‍ന്നതും സമത്വനിലവാരമുള്ള മതങ്ങളുമായ ഇസ്ലാംമതം, ക്രിസ്തുമതം, സിക്കുമതം മുതലായവയിലേക്കുപോലും മതപരിവര്‍ത്തനം ചെയ്ത ഹിന്ദുവംശജരായവര്‍ക്ക് സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയരുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.എ. ഗംഗാധരന്‍ റിപ്പോര്‍ട്ട് (1982): അവശക്രൈസ്തവ കോര്‍പ്പറേഷന്‍ രൂപീകരിക്കേണ്ടതിലേക്കായി ശ്രീ. കെ.എ. ഗംഗാധരന്‍ ചെയര്‍മാനായുള്ള ഒരു കമ്മീഷനെ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്‍ നിയമിക്കുകയുണ്ടായി. അദ്ദേഹം കേരളത്തിന്‍റെ നാനാഭാഗങ്ങളിലുള്ള ദളിത് ക്രൈസ്തവരെ നേരില്‍ക്കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കു തുല്യം തന്നെ പിന്നാക്കവസ്ഥയിലാണു സ്വസഹോദരങ്ങളായ ദളിത് ക്രൈസ്തവരെന്നും സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളില്‍ തുല്യം പിന്നാക്കാവസ്ഥ നേരിടുന്നുതെന്നും റിപ്പോര്‍ട്ട് ചെയ്തു.

നാലകത്ത് സൂപ്പി കമ്മീഷന്‍ (1994 മാര്‍ച്ച്): കേരള നിയമസഭയുടെ പിന്നാക്ക സമുദായ കമ്മീഷന്‍ റിപ്പോര്‍ട്ട്.
1994 ഡിസംബര്‍ 18: പ്രധാനമന്ത്രി ശ്രീ. നരസിംഹറാവു മന്ത്രിസഭയിലെ കേന്ദ്ര ക്ഷേമവകുപ്പു മന്ത്രിയായ ശ്രീ. തങ്കബാലു ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്കണമെന്നുള്ള ബില്ല് അവതരിപ്പിച്ചു. എന്നാല്‍ നടപടിക്രമം തെറ്റിച്ച് ബില്ല് അവതരിപ്പിച്ചതിനാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് (2004 ഒക്ടോബര്‍): മത, ഭാഷാ ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗങ്ങളെ നിര്‍ണയിക്കുവാനുള്ള മാനദണ്ഡങ്ങള്‍ കണ്ടെത്തുവാനും ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കൈക്കൊള്ളേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യുവാനുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗനാഥമിശ്ര ചെയര്‍മാനായി അഞ്ചംഗ കമ്മീഷന്‍ നിലവില്‍ വന്നത് 2004 ഒക്ടോബര്‍ മാസത്തിലാണ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ റിലീജിയസ് ആന്‍ഡ് ലിംഗ്വിസ്റ്റിക് മൈനോറിറ്റീസിന്‍റെ ശിപാര്‍ശകളടങ്ങുന്ന റി പ്പോര്‍ട്ട് 2007 മേയിലാണു സര്‍ക്കാരിനു സമര്‍പ്പിച്ചത്.

2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 19.5%-ത്തോളം മതന്യൂനപക്ഷങ്ങളാണ്. ഇതില്‍ മുസ്ലീങ്ങള്‍ 13.4%, ക്രിസ്ത്യാനികള്‍ 2.3%, ബുദ്ധമതക്കാര്‍ 0.8%, സിക്കു മതക്കാര്‍ 1.9%, ജൈനമതക്കാര്‍ 0.4%, മറ്റു വിഭാഗക്കാര്‍ 0.6% എന്നിങ്ങനെയാണു കണക്കുകള്‍. 1950-ലെ പട്ടികജാതി രൂപീകരണനിയമത്തിലെ മൂന്നാം ഖണ്ഡികയിലാണു ഹൈന്ദവ വിശ്വാസികള്‍ മാത്രമാണു പട്ടികജാതിക്കാരെന്നു നിര്‍വചിച്ചത്. ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും മറ്റു പട്ടികജാതി/വര്‍ഗക്കാര്‍ അനുഭവിക്കുന്ന ഒരു ആനുകൂല്യവും ലഭിക്കാത്ത സ്ഥിതിവിശേഷത്തിലേക്കു നയിക്കുകയുണ്ടായി. ക്രിസ്ത്യാനികളില്‍ 35%-ത്തോളം വരുന്ന പരിവര്‍ത്തിത ദളിത് ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യം ലഭിക്കണമോ എന്നുള്ള സുപ്രധാന വിഷയവും രംഗനാഥമിശ്ര കമ്മീഷന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നു.

"പ്രത്യേക മതത്തില്‍ ചേര്‍ന്നതുകൊണ്ടു മാത്രം സാമൂഹിക പിന്നാക്കാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നില്ല. അതുകൊണ്ടു മതത്തിനതീതമായി ജാതിയെ പരിഗണിച്ചുകൊണ്ട് അവരെയും ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. ജാതിവ്യവസ്ഥയില്ലാത്ത മതങ്ങളാണു ക്രിസ്തുമതവിശ്വാസവും ഇസ്ലാംമതവിശ്വാസവുമെങ്കിലും പ്രായോഗികതലത്തില്‍ പരിവര്‍ത്തിത ദളിതുകള്‍ ഈ മതങ്ങളിലും വിവേചനത്തിനു വിധേയരാക്കപ്പെടുന്നുണ്ടെന്നും" കമ്മീഷന്‍ നിരീക്ഷിക്കുന്നു. ന്യൂനപക്ഷക്കാരിലെ പിന്നാക്കക്കാര്‍ക്കു പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കു നല്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസിളവുകളും യോഗ്യതാ ഇളവുകളും നല്കണം.

സുപ്രീംകോടതി: മണ്ഡല്‍ കമ്മീഷന്‍റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള സുപ്രീം കോടതിയിലെ ഒമ്പതു ജഡ്ജിമാരുടെ ബെഞ്ചിലെ എട്ടു പേരുടെ ഭൂരിപക്ഷവിധിയില്‍ മതപരിവര്‍ത്തനം ദളിത് ക്രൈസ്തവരുടെ സാമൂഹികാവശതകള്‍ തീര്‍ക്കുന്നില്ലെന്നും അതുകൊണ്ട് അവര്‍ക്കു സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതാണന്നും ചൂണ്ടിക്കാട്ടുന്നു.

അഹൈന്ദവ മതത്തിലുള്ളവരെല്ലാം തന്നെ ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ്. അവരുടെ പുതിയ മതങ്ങളിലേക്ക് അവര്‍ തങ്ങളുടെ ജാതിയും കൊണ്ടുപോയി. മതംമാറ്റംകൊണ്ടു നൂറ്റാണ്ടുകളായി ഊട്ടിയു റപ്പിച്ചിരുന്ന ജാതിയുടെ പേരിലുള്ള വെറുപ്പും അയിത്തവും മുന്‍വിധികളും താഴ്ന്നവര്‍, ഉയര്‍ന്നവര്‍ എന്നുള്ള മനോഭാവവും അപ്രത്യക്ഷമാകുമെന്നു സങ്കല്പിക്കുന്നത് അസ്വാഭാവികമാണ് (ആര്‍ട്ടിക്കിള്‍ 478). ജാതിയുടെ പേരിലുള്ള വേര്‍തിരിവ് ഇന്ത്യന്‍ മതസമൂഹങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവമാണ് (ആര്‍ട്ടിക്കിള്‍ 400).

ആന്ധ്രാ ഹൈക്കോടതി: 1966-ല്‍ ആന്ധ്രാ ഹൈക്കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടു. മാല, മഡിഗ ജാതിക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടും അതുവഴിയായി മാത്രം അവര്‍ ജാതിയിലെ അംഗങ്ങളല്ലാതായിത്തീരുന്നില്ല. മതപരിവര്‍ത്തനത്തിനുശേഷവും തങ്ങളുടെ ജാതിയിലെ അംഗങ്ങളായാണു കരുതപ്പെടുന്നത്. അതിനാല്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരുമാണ്.

ഭരണഘടന തടസ്സമല്ല: ദളിത് ക്രൈസ്തവര്‍ക്കു സംവരണം നല്കാന്‍ ഭരണഘടന തടസ്സമാണ് എന്നു പറയുന്നതും ഭരണഘടനാ ഭേദഗതി വേണമെന്നുള്ളതും ശരിയല്ല. ഭേദഗതി കൂടാതെ തന്നെയാണു സിക്കുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും സംവരണം നല്കിയത്. പട്ടികജാതി ലിസ്റ്റിനെക്കുറിച്ചു ഭരണഘടനയില്‍ പറയുന്നത് ഇപ്രകാരമാണ് ആര്‍ട്ടിക്കിള്‍ 341(1) ല്‍ പട്ടികജാതിക്കാരുടെ ലിസ്റ്റ് രാഷ്ട്രപതി സംസ്ഥാന ഗവര്‍ണര്‍മാരോട് ആലോചിച്ചശേഷം തയ്യാറാക്കണമെന്നു നിഷ്കര്‍ഷിക്കുന്നു. ഇപ്രകാരം ലിസ്റ്റുണ്ടാക്കി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഭരണഘടനാപരമായി രാഷ്ട്രപതിയുടെ ചുമതല കഴിഞ്ഞു.

ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ പിന്നീട് ഏതെങ്കിലും ജാതിയെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെങ്കില്‍ അതിനുള്ള അധികാരം ഭരണഘടന 232(2) വകുപ്പു പ്രകാരം പാര്‍ലമെന്‍റിനാണ്. രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പാര്‍ലമെന്‍റില്‍ എത്തുന്ന പാര്‍ലമെന്‍റംഗങ്ങള്‍ക്കു രാജ്യത്തെ സ്ഥിതി നന്നായി അറിയാവുന്നതുകൊണ്ടു പിന്നീടു ലിസ്റ്റ് പരിഷ്കരണത്തില്‍ സംസ്ഥാന ഗവര്‍ണറോട് ആലോചിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നില്ല. മേല്പറഞ്ഞ അധികാരം 342(2) ഉപയോഗിച്ച് ദളിത് ക്രൈസ്തവര്‍ക്ക് സംവരണം നല്കാന്‍ പാര്‍ലമെന്‍റിനു കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org