Latest News
|^| Home -> Cover story -> പഴയ പ്രാര്‍ത്ഥനയുടെ പുതിയ തര്‍ജ്ജമ

പഴയ പ്രാര്‍ത്ഥനയുടെ പുതിയ തര്‍ജ്ജമ

Sathyadeepam

എ. അടപ്പൂര്‍

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്ന പ്രാര്‍ത്ഥനയിലെ ഞങ്ങളെ പരീക്ഷയില്‍ പൂകിക്കല്ലെ (പ്രവേശിപ്പിക്കല്ലെ) എന്ന പദപ്രയോഗത്തിന് എന്തോ പന്തി കേടുണ്ടെന്ന തോന്നല്‍ വ്യാപകമായുണ്ട്. മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായത്തിലും ദിദക്കെ എന്ന പേരില്‍ അറിയപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരേഖയിലുമാണ് അതിന്‍റെ പൂര്‍ണ്ണരൂപമുള്ളത്.

ദിദക്കെ ഭാഷ്യം ആദ്യകാലം മുതല്‍ ക്രൈസ്തവരുടെ പൂര്‍ണ്ണമായ ശ്രദ്ധയും ആദരവും പിടിച്ചു പറ്റിയിരുന്നു. പ്രാചീന പാരമ്പര്യങ്ങളില്‍ മൂന്നു ഭാഷ്യങ്ങള്‍ കാണുന്നുണ്ട്. ചില പണ്ഡിതന്മാര്‍ കരുതുന്നത് തുടക്കത്തില്‍ യേശു ശിഷ്യന്മാരെ പഠിപ്പിച്ചത് മൂന്നു വേറിട്ട അഭ്യര്‍ത്ഥന ആയിരുന്നു എന്നത്രേ. ലൂക്കായുടെ സുവിശേഷത്തിലെ ഹ്രസ്വമായ ഭാഷ്യം യേശു നേരിട്ട് പഠിപ്പിച്ച പ്രാര്‍ത്ഥനയോട് ഏറ്റവും അടുത്തുവരുന്നതാണത്രേ. ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ഈ വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്. യേശു ഇഹത്തില്‍ ജീവിച്ചിരുന്ന കാലത്ത് റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷകള്‍ ലത്തീനും ഗ്രീക്കും ആയിരുന്നല്ലോ. യൂദനായി ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന്‍റെ അനുദിന സംസാരഭാഷയാകട്ടെ അരമേയിക്കും. ആ അരമേയിക്കു ഭാഷ്യം നമുക്കു ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളതെല്ലാം ഗ്രീക്കു മൂലത്തിന്‍റെ പരിഭാഷകളാണ്. ഞങ്ങളെ പരീക്ഷയില്‍ ഉള്‍പ്പെടുത്തല്ലേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവമാണ് നമ്മെ പ്രലോഭന വിധേയരാക്കുന്നതെന്ന ദുരര്‍ത്ഥം തല പൊക്കുന്നു.

ഒരു പിതാവ് സ്വന്തം മക്കളോട് അങ്ങനെ പെരുമാറാറില്ല. വമ്പിച്ച ബിബ്ലിക പാണ്ഡിത്യത്തിന്‍റെ പിന്‍ബലമുള്ള ജറൂസലേം ബൈബിളിലെ പരിഭാഷ “യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു” എന്നായിരുന്നു. അതിന്‍റെ പരിഷ്കരിച്ച പുതിയ പതിപ്പ് പുറത്തുവന്നപ്പോള്‍ ആ തെറ്റ് തിരുത്തി. യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു എന്നാക്കി. ഞാനാണ് പാപത്തില്‍ വീഴുന്നത്. ദൈവം എന്നെ പാപത്തിലേക്ക് തള്ളിവീഴിക്കുകയല്ല.

ഞങ്ങളെ പരീക്ഷയില്‍ പൂകിക്കില്ലേ എന്നു തന്നെ വേണമെന്നു ശഠിക്കുന്നവരോട് ഒരു മറുചോ ദ്യം: പിതാവായ ദൈവം സ്വപുത്രനെ പരീക്ഷിച്ചില്ലേ? ഉടന്‍തന്നെ ആത്മാവ് അദ്ദേഹത്തെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പത് ദിവസം അദ്ദേഹം വന്യമൃഗങ്ങളുടെ കൂടെ മരുഭൂമിയില്‍ പാര്‍ത്തു. “ദൂതന്മാര്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു പോന്നു” (മര്‍ക്കോസ് 1:12-13). മര്‍ക്കോസിന്‍റെ ദൃഷ്ടിയില്‍ യേശു തന്‍റെ പിതാവിന്‍റെ ശക്തമായ സംരക്ഷണത്തിലായിരുന്നു.

പഴയനിയമത്തില്‍ സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ ദൈവകല്പന ലഭിച്ച അബ്രഹാമിന്‍റെ കാര്യത്തിലെന്നപോലെ ഇവിടെയും വിശ്വാസമാണ് പരീക്ഷിക്കപ്പെടുന്നത്. ഇസ്രായേല്‍ ജനതയെ ഒന്നടങ്കം ദൈവം പരീക്ഷിക്കുന്നില്ല.

ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ മെത്രാന്മാര്‍ ഞങ്ങളെ പരീക്ഷയില്‍ പ്രവേശിപ്പിക്കല്ലെ എന്ന പ്രയോഗം തിരുത്തേണ്ടതാണെന്ന തീരുമാനത്തിലെത്തിക്കഴിഞ്ഞു. അവര്‍ക്കൊക്കെ സ്വീകാര്യമായ തര്‍ജ്ജമ ഞങ്ങളെ പാപപ്പരീക്ഷയില്‍ ഉപേക്ഷിക്കല്ലെ എന്നതത്രേ.

ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തതിനു ഡിസംബര്‍ 17-ാം തീയതി ഒരഭിമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് ഫ്രഞ്ച് മെത്രാന്മാരെ ശ്ലാഘിക്കുകയുണ്ടായി. “ഞങ്ങളെ പരീക്ഷയില്‍ പ്രവേശിപ്പിക്കല്ലെ (lead us not into temptation) നല്ല പരിഭാഷയല്ല. എന്തെന്നാല്‍ പാപപ്പരീക്ഷയ്ക്ക് വിധേയനാകുന്നത് ഞാനാണ്. ദൈവം എന്നെ പാപത്തിലേക്ക് തള്ളിവിടുകയല്ല. ഒരു പിതാവ് അങ്ങനെ പെരുമാറുന്നില്ല, മറിച്ച് വീഴ്ചയില്‍നിന്ന് ഉടന്‍ എണീച്ചുയരാന്‍ മകനെ സഹായിക്കുകയേയുള്ളൂ.

ഇറ്റലിയിലെ പുതിയ റോമന്‍ മിസാളിലെ വായനകള്‍ക്ക് ഈ നവീകൃത തര്‍ജ്ജമ ഉപയോഗിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ടാബ്ലറ്റ് വാരികയില്‍ (15 ജൂണ്‍ 2019) അച്ചടിച്ചുവന്ന റിപ്പോര്‍ട്ടില്‍ കണ്ട ഉദ്ധരണിയാണിത്. യാക്കോബിന്‍റെ ലേഖനമാണ് ആദ്യം എഴു തപ്പെട്ട പുതിയ നിയമഭാഗം. പരീക്ഷ സഹിഷ്ണുതയോടെ നേരിടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍! അയാള്‍ അംഗീകാര യോഗ്യനായി തിളങ്ങിയ ശേഷം, തന്നെ സ്നേഹിക്കുന്നവര്‍ക്ക് കര്‍ത്താവ് വാഗ്ദാനം ചെയ്ത കിരീടം സ്വന്തമാക്കും (യാക്കോബ് 1:12).

Leave a Comment

*
*