ഇടവകകളെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടു പുതിയ വത്തിക്കാന്‍ രേഖ

ഇടവകകളെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടു പുതിയ വത്തിക്കാന്‍ രേഖ

സഭയുടെ സുവിശേഷവത്കരണ ദൗത്യത്തില്‍ ഇടവകകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാന്‍ വൈദിക കാര്യാലയം പുറപ്പെടുവിച്ചിരിക്കുന്ന പുതിയ രേഖ, ("സഭയുടെ സുവിശേഷവത്കരണദൗത്യത്തിന്റെ സേവനത്തിനായി ഇടവകസമൂഹത്തിന്റെ അജപാലന പരിവര്‍ത്തനം") പുതിയ നിയമങ്ങളോ സംവിധാനങ്ങളോ ആവിഷ്‌കരിക്കുന്നില്ല. അല്മായരുള്‍പ്പെടെ എല്ലാവരേയും സഭാദൗത്യത്തില്‍ കൂടുതല്‍ പങ്കാളികളാക്കുക, ഇടവകകള്‍ക്കു പ്രാധാന്യം നല്‍കുന്ന അജപാലനരീതി വളര്‍ത്തിയെടുക്കുക എന്നതാണ് രേഖ വിഭാവനം ചെയ്യുന്നത്. നിലവിലുള്ള കാനോനിക നിയമങ്ങളും ചട്ടങ്ങളും പ്രായോഗികതലത്തിലെത്തിക്കുന്നതിനു കൂടുതല്‍ മെച്ചപ്പെട്ട രീതികള്‍ ആവിഷ്‌കരിക്കുകയാണ് രേഖ ചെയ്യുന്നത്. രണ്ടു ഭാഗങ്ങളിലായി 11 അദ്ധ്യായങ്ങളാണ് രേഖയിലുള്ളത്. അജപാലന പരിവര്‍ത്തനം, മിഷണറി പ്രവര്‍ത്തനം, സമകാലിക സാഹചര്യത്തില്‍ ഇടവകയുടെ സ്ഥാനം എന്നിവയെ കുറിച്ചുള്ള വിശാലമായ വിചിന്തനമാണ് ആദ്യഭാഗത്തെങ്കില്‍ ഇടവകകളിലെ വിവിധ ഉപവിഭാഗങ്ങള്‍, അവയുടെ അജപാലനദൗത്യങ്ങള്‍, അവയുടെ നടത്തിപ്പുരീതികള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് രണ്ടാം ഭാഗം.

രേഖയുടെ പ്രസക്ത ഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ:

"സര്‍ഗാത്മത്മതയുടെ" പ്രാധാന്യം ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പേപ്പല്‍ ശുശ്രൂഷയുടെ തുടക്കത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നു. സുവിശേഷം പ്രഘോഷിക്കുന്നതിനു ഏറ്റവും മികച്ച പുതുവഴികള്‍ തേടു ക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. സഭയും കാനോന്‍ നിയമവും ഇതിനാവശ്യമായ സ്വാ തന്ത്ര്യവും ധാരാളം സാദ്ധ്യതകളും നല്‍കുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മിഷണറി സ്വഭാവത്തിലേയ്ക്ക് അജപാലനപരമായി പരിവര്‍ത്തനപ്പെടാനുള്ള സാഹചര്യങ്ങളാണ് ഈ രേഖയില്‍ അവതരിപ്പിക്കുന്നത്. തങ്ങളില്‍ നിന്നു പുറത്തു കടക്കാനും സുവിശേഷ പ്രഘോഷ ണം നടത്താനും ഉപകരിക്കുന്ന പരിഷ്‌കരണോപാധികള്‍ ഇടവകസമൂഹങ്ങള്‍ക്ക് ഈ രേഖയില്‍ കണ്ടെത്താം.

ഇടവക മിഷണറി സ്വഭാവത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യുന്നതിന് ഇടവകകള്‍ ഘടനാപരമായ നവീകരണത്തിനു സന്നദ്ധമാകണം. ക്രൈസ്തവരുടെ ജീവിതത്തിലും സഭയുടെ അജപാലന സേവനത്തിലും ഇടവകകള്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചതിന്റെ ദീര്‍ഘകാലചരിത്രം ഇടവകയ്ക്കുണ്ട്. സെ. പോള്‍ ഗാര്‍ഹിക സഭകളെ സൂചിപ്പിച്ചുകൊണ്ട് "ഭവനം" എന്നു വിശേഷിപ്പിക്കുന്നതാണ് "ഇടവകകളുടെ" ആദിമരൂപം.

സഞ്ചാരസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ഡിജിറ്റല്‍ സംസ്‌കാരം വ്യാപകമാകുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് ഇടവകകളുടെ ഭൗ മശാസ്ത്ര അതിരുകള്‍ക്കു വലിയ പ്രസക്തിയില്ല. പ്രദേശബന്ധങ്ങള്‍ക്കു മങ്ങലേല്‍ക്കുകയും വ്യക്തിബന്ധങ്ങള്‍ അമൂര്‍ത്തലോകത്തിലേയ്ക്കു വ്യാപിക്കുകയും ചെയ്യുമ്പോള്‍ അയല്‍വാസിയോടുള്ള പ്രതിബദ്ധത ഇല്ലാതാകുന്നുണ്ട്. ഇത്തരം സാംസ്‌കാരികവ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍, സഭാമുഖത്തിന്റെ നവീകരണ പ്രക്രിയ ആരംഭിക്കാനുള്ള പരിശുദ്ധാത്മാവിന്റെ ആഹ്വാനത്തെ ദൈവജനമൊന്നാകെ സ്വീകരിക്കണം.

കാലത്തിന്റെ അടയാളങ്ങള്‍ വായിച്ചറിഞ്ഞ് വിശ്വാസികളുടെ ആവശ്യങ്ങളോടും ചരിത്രപരമായ മാറ്റങ്ങളോടും അനുരൂപണപ്പെടാന്‍ ഇടവക വിളിക്കപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിന്റെ ശിഷ്യനും സുവിശേഷത്തിന്റെ മിഷണറിയുമായി ജ്ഞാനസ്‌നാനം സ്വീകരിച്ചിരിക്കുന്നു എന്ന വിളിയെ ഓരോ വിശ്വാസിക്കും പുനഃവീക്ഷിക്കുന്നതിന് ഒരു നവീകൃത ചൈതന്യം ആവശ്യമായിരിക്കുന്നു.

ക്രൈസ്തവസമൂഹം ലോകത്തില്‍ ഒരു മിഷണറി സാന്നിദ്ധ്യമായി നിലനില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഇടവകയുടെ നവ്യാനുഭവത്തെ കുറിച്ചു മാത്രമല്ല, വൈദികരുടെ ശുശ്രൂഷ, ദൗത്യം എന്നിവയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ ഇടവകമാതൃക വിശ്വാസികളുടെ നിരവധി പ്രതീക്ഷകള്‍ക്കു വേണ്ടവിധം യോജിക്കുന്നതാകുന്നില്ല. ജനങ്ങളുടെ അനുദിനജീവിതത്തിന്റെ മദ്ധ്യത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതാണ് ഇടവകയുടെ ഒരു സവിശേഷത. പക്ഷേ ഭൗമശാസ്ത്രപരമായ ഈ ഇടത്തിന് ഇടവകാതിര്‍ത്തി എന്ന നിലയില്‍ ഇന്നു പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇടവകയുടെ നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളിലേയ്ക്കായി അജപാലനസേവനം പരിമിതപ്പെടുത്തുക എന്നതു കാലഹരണപ്പെട്ടു. ഭാവിയിലേയ്ക്കു ധീരതയോടെ നോക്കുന്നതിനു പകരം തങ്ങളുടെ ഇടവകകള്‍ കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുരതകളില്‍ അഭിരമിച്ചിരിക്കുന്നതായാണ് ഇടവകക്കാര്‍ നിരീക്ഷിക്കുക. കാനോനിക കാഴ്ചപ്പാടില്‍ ഇടവകകളുടെ ഭൗമശാസ്ത്ര അതിരുകള്‍ ഇന്നും പ്രാബല്യത്തിലുണ്ട് എന്നതും ശ്രദ്ധാര്‍ഹമാണ്.

ജനങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്പര്‍ശിക്കാത്ത വെറും ആവര്‍ത്തനകര്‍മ്മങ്ങള്‍, ഇടവകയുടെ അതിജീവനത്തിനുള്ള വൃഥാപരിശ്രമം മാത്രമായിരിക്കും. സുവിശേഷപ്രഘോഷണത്തിന്റെ ആത്മീയചലനാത്മകതയെ ഒഴിവാക്കിയാല്‍ ഇടവക ചരിത്രാവശിഷ്ടമായി മാറും. ഇന്നത്തെ കാലത്ത് സഭാംഗത്വമെന്നത് ജനിച്ചതും വളര്‍ന്നതുമായ സ്ഥലവുമായി ബന്ധപ്പെട്ട ഒരു കാര്യമെന്നതിനേക്കാള്‍ ദത്തെടുക്കലിലൂടെ ഒരു സമൂഹത്തിന്റെ ഭാഗമായി മാറുന്ന കാര്യമാണ്. അവിടെ വിശ്വാസികള്‍ക്കു ദൈവവചനത്തിന്റെ കൂടുതല്‍ വിശാലമായ ഒരനുഭവം ലഭ്യമാകുന്നു.

അംഗത്വത്തിനുള്ള പ്രദേശങ്ങള്‍ക്കും കാരണങ്ങള്‍ക്കും ഉപരിയായി ഇടവകസമൂഹമെന്നത് സഭയുടെ സുവിശേഷവത്കരണദൗത്യം നിര്‍വഹിക്കപ്പെടുന്ന മാനവപരിസരമാണ്. അവിടെ കൂദാശകളുടെ പരികര്‍മ്മവും ഉപവിയുടെ നിര്‍വഹണവും മിഷണറിയാവേശത്തോടു കൂടി നടത്തപ്പെടുന്നു. ദാരിദ്ര്യത്തിന്റെ പുതുരൂപങ്ങള്‍ക്കു കരുതലേകുന്ന സാഹോദര്യബന്ധങ്ങളിലൂടെ ക്രിസ്തുസാമീപ്യത്തിന്റെ ജീവിക്കുന്ന അടയാളമായി മാറാനാണ് ഇടവക വിളിക്കപ്പെട്ടിരിക്കുന്നത്.

ഇതുവരെ പറഞ്ഞതിന്റെയെല്ലാം വെളിച്ചത്തില്‍, മിഷന്‍ അടിസ്ഥാനമാക്കി ഇടവകയുടെ പരമ്പരാഗത ഘടനകള്‍ നവീകരിക്കപ്പെടേണ്ടതുണ്ട്.

"അനുയാത്രയുടെ കല"യില്‍ പ്രാവീണ്യം നേടാനാണു ഇടവകസമൂഹം വിളിക്കപ്പെട്ടിരിക്കുന്നത്. ഏകാന്തതയെ മറികടക്കാനാകുന്ന ഒരിടമായി ഇടവക മാറും. ദാഹിക്കുന്നവര്‍ അവരുടെ യാത്രാമ ദ്ധ്യേ ദാഹം തീര്‍ക്കാന്‍ വരികയും നിരന്തരമായ മിഷണറി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരിക്കുകയും ചെയ്യുന്ന ഒരിടം.

കെട്ടിടമോ ഘടനാസമുച്ചയമോ ആയിട്ടല്ല കാനോന്‍ നിയമം ഇടവകയെ സങ്കല്‍പിക്കുന്നത്. മറിച്ച് വികാരി അജപാലകനായിട്ടുള്ള ഒരു സമൂഹമായിട്ടാണ്. ഒരു പ്രദേശത്ത് സഭയുടെ സാന്നിദ്ധ്യമാണ് ഇടവക, ദൈവവചനം കേള്‍ക്കാനും ക്രൈസ്തവജീവിതത്തില്‍ വളരാനും സംഭാഷണത്തിനും പ്രഘോഷണത്തിനും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും ആരാധനയ്ക്കും ആഘോഷങ്ങള്‍ക്കുമുള്ള ഒരു പരിസരം എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

എല്ലാവര്‍ക്കും പ്രവേശനമുള്ള, എല്ലാവരേയും സഹായിക്കാന്‍ വിളിക്കപ്പെട്ട ഒരു ശ്രീകോവിലാണ് ഇടവക. പാവപ്പെട്ടവര്‍ക്കും തിരസ്‌കരിക്കപ്പെട്ടവര്‍ക്കും സഭയുടെ ഹൃദയത്തില്‍ സവിശേഷസ്ഥാനമുണ്ടെന്നതു മറക്കുകയുമരുത്. പാവപ്പെട്ടവര്‍ വ്യക്തിപരമായി സഭയുടെ മുഖം ദര്‍ശിക്കുന്ന ആദ്യത്തെ സ്ഥലമാണ് മിക്കപ്പോഴും ഇടവകസമൂഹം.
സുവിശേഷപ്രഘോഷണത്തിന്റെ ചലനാത്മകത പ്രകടമാക്കാത്ത, സേവനങ്ങള്‍ നല്‍കുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു ഉദ്യോഗസ്ഥസംവിധാനമായി ഇടവക മാറരുത്. അജപാലനപ്രവര്‍ത്തനത്തില്‍ മിഷണറി നവീകരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഇടവക വികാരിമാര്‍ ഒട്ടും മറക്കരുത്. ക്രമാനുഗതമായും വഴക്കത്തോടെയും വേണം പരിഷ്‌കരണം നടപ്പാക്കുവാന്‍. റോമന്‍ കൂരിയായുടെ പരിഷ്‌കരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കുന്ന സമീപനമിതാണ്.

ഇടവക

സമൂഹത്തിലെ വൈദികരുടെ സാന്നിദ്ധ്യത്തേയും ദൗത്യത്തേയും സംബന്ധിച്ചു പറയുമ്പോള്‍, കാനോന്‍ 280 സമൂഹജീവിതം ശിപാര്‍ശ ചെയ്യുന്നുണ്ട്, രൂപതാ വൈദികര്‍ക്ക് അതു നിര്‍ബന്ധമാക്കുന്നില്ലെങ്കിലും. വൈദികസമൂഹം സമൂഹജീവിതം നയിക്കുമ്പോള്‍ പൗരോഹിത്യ അനന്യത ശക്തിപ്പെടുകയും ഭൗതികാവശ്യങ്ങള്‍ ചുരുങ്ങുകയും വ്യക്തിവാദത്തിനുള്ള പ്രലോഭനം ആഴമേറിയ വ്യക്തിബന്ധങ്ങളിലേയ്ക്കു വഴിമാറുകയും ചെയ്യുന്നു. പൊതുവായ പ്രാര്‍ത്ഥന, വിചിന്തനവും പഠനവും തുടങ്ങിയവ പൗരോഹിത്യജീവിതത്തില്‍ ഇല്ലാതാകരുത്. അതു അനുദിന ജീവിതത്തിലെ പൗരോഹിത്യ ആത്മീയതയുടെ പരിശീലനത്തിനു വലിയ പിന്‍ബലമാകും. ഏതായാലും ഒരിടവകയോ ഇടവകകളുടെ കൂട്ടമോ ഭരമേല്‍പിക്കാന്‍ ഉദ്ദേശിക്കുന്ന വൈദികരുടെ മാനവീകവും ആത്മീയവുമായ അടുപ്പം മെത്രാന്‍ കണക്കിലെടുക്കേണ്ടതുണ്ട്.

അല്മായര്‍

നമ്മുടെ കാലത്തെ അല്മായവിശ്വാസികള്‍ സുവിശേഷപ്രഘോഷണദൗത്യത്തോട് ഉദാരമായ പ്ര തിബദ്ധത പുലര്‍ത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ അനുദിനജീവിതത്തില്‍ സുവിശേഷത്തോടു വിശ്വസ്തത പുലര്‍ത്തുക വഴിയായി നല്‍കുന്ന പൊതുസാക്ഷ്യത്തിലൂടെയാണ് ഇവര്‍ ഇതു പ്രാഥമികമായും ചെയ്യേണ്ടത്.
ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സന്മനസ്സുള്ള സകലരും നല്‍കുന്ന സാന്ദര്‍ഭികമായ സഹകരണത്തിനു പുറമെ നിശ്ചിത കാലത്തേയ്ക്ക് അവര്‍ക്കു സ്ഥിര നിയമനങ്ങളും നല്‍കാവുന്നതാണ്. ഉദാഹരണത്തിനു മതബോധകരായും അള്‍ത്താരശുശ്രൂഷകരായും ഉപവിപ്രവര്‍ത്തകരായും രോഗീസന്ദര്‍ശകരായും കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ ശ്രോതാക്കളും മറ്റുമായും അവര്‍ക്കു പ്രവര്‍ത്തിക്കാവുന്നതാണ്.
അല്മായരെ സ്ഥിരമായി വചനശുശ്രൂഷകരായി മെത്രാനു നിയമിക്കാവുന്നതാണ്. വൈദികരില്ലാതിരിക്കുകയോ മറ്റു ഗുരുതര കാരണങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പോള്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും വചനശുശ്രൂഷ നടത്തുന്നതിന് അല്മായരെ നിയോഗിക്കാം. 'യഥാര്‍ത്ഥ കാര്‍മ്മികന്‍ മെത്രാനോ വൈദികനോ ഡീക്കനോ ആയിരിക്കണമെന്ന' വസ്തുത പരിഗണിച്ചുകൊണ്ട് അസാധാരണ സാഹചര്യങ്ങളില്‍ മാമ്മോദീസ നല്‍കുന്നതിനും മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തുന്നതിനും അല്മായര്‍ക്ക് കാനോന്‍ നിയമം അനുമതി നല്‍കുന്നുണ്ട്. മെത്രാന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രത്യേക സാഹചര്യങ്ങളില്‍ പള്ളിയില്‍ അല്മായര്‍ക്കു പ്രസംഗിക്കാവുന്നതുമാണ്. പക്ഷേ ദിവ്യബലിക്കിടയില്‍ സുവിശേഷപ്രസംഗം നടത്തുന്നതിന് അനുവാദമില്ല. വൈദികരില്ലാത്ത സാഹചര്യങ്ങളില്‍ വിവാഹകര്‍മ്മങ്ങളില്‍ സഹായിക്കുന്നതിനും മെത്രാന്‍ സംഘങ്ങള്‍ക്ക് അല്മായരെ അനുവദിക്കാവുന്നതാണ്.

ഉപസംഹാരം

വൈദികരും ഡീക്കന്മാരും സന്യസ്തരും അല്മായരും സമീപ ഇടവകകളും പരസ്പരം സജീവമായും ഫലപ്രദമായും സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഏറ്റെടുക്കാനും അവയെ നേരിടുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും രീതികളും നിര്‍ദേശങ്ങളും കണ്ടെത്തുവാനും സാധിക്കും. ജ്ഞാനസ്‌നാനം സ്വീകരിച്ച സകലരുടേയും സംഭാവനകള്‍ ഇതിനാവശ്യമാണ്.
ചരിത്രപരമായ ഇടവക എന്ന സംവിധാനം നിശ്ചലതയുടെ തടവുകാരനോ ആകുലപ്പെടുത്തുന്ന അജപാലന ആവര്‍ത്തനമോ ആകുകയല്ല വേണ്ടത്. വിവിധ ഇടവക സമൂഹങ്ങളുടെ സഹകരണത്തിലൂടെയും വൈദികരുടേയും ഡീക്കന്മാരുടേയും സന്യസ്തരുടേയും അല്മായരുടേയും ശക്തമായ കൂട്ടായ്മയിലൂടെയും ഒരു സുവിശേഷവത്കരണദൗത്യത്തിലേയ്ക്കു തിരിയുകയും ദൈവജനമൊന്നാകെ ഈ ദൗത്യത്തിന്റെ ഭാഗമായി "ദൈവത്തിന്റെ കുടുംബം" എന്ന നിലയില്‍ ചരിത്രത്തിലൂടെ മുന്നേറുകയും വേണം. സുവിശേഷ പ്രഘോഷണത്തിന്റേയും ദിവ്യകാരുണ്യാഘോഷത്തിന്റെയും സാഹോദര്യത്തിന്റേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാന ഇടമായി ഇടവകകള്‍ മാറണം. സര്‍ഗാത്മകതയുടേയും പരസ്പരബന്ധത്തിന്റേയും മാതൃത്വത്തിന്റേയും സ്ഥലമാകണം ഇടവക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org