“ന്യൂജെന്‍ പള്‍സ്”

“ന്യൂജെന്‍ പള്‍സ്”

ടോം ജോസ് തഴുവംകുന്ന്

ഹൃദയമിടിപ്പിന്‍റെ വേഗത അളക്കുന്നതിനും രക്തസമ്മര്‍ദ്ദം അളക്കുന്നതിനും ഉപയോഗിക്കുന്നതാണു പള്‍സ് (pulse). ഹൃദയശരീരത്തിന്‍റെ എല്ലാ ഭാഗത്തേയ്ക്കും രക്തം പമ്പു ചെയ്യുന്നു. ഓരോ തവണ രക്തം പമ്പ് ചെയ്യുന്നതിനുമിടയ്ക്ക് ഒരു ചെറിയ ഇടവേളയുണ്ട്. രക്തം പമ്പ് ചെയ്യുമ്പോള്‍ മഹാധമനി വികസിക്കുകയും ഇടവേളയില്‍ മഹാധമനി ചുരുങ്ങുകയും ചെയ്യുന്നു. ഇങ്ങനെ മഹാധമനിയുടെ തുടര്‍ച്ചയായ വികാസവും സങ്കോചവും മൂലം മഹാധമനിയിലൂടെ കടന്നുപോകുന്ന ഒരു തരംഗം ഉണ്ടാകുന്നു. ഈ തരംഗചലനം നമ്മുടെ ത്വക്കിലും അനുഭവപ്പെടുന്നു. ഇതാണു പള്‍സ് എന്നു പറയുന്നത്.

ഏതു പ്രവര്‍ത്തനങ്ങളുടെയും ആത്യന്തിക പ്രതികരണവും പ്രതിഫലനവും ഉണ്ടാകുന്നതു സാധാരണ ജനങ്ങളിലാണ്. ഏതു ഭരണതലത്തില്‍നിന്നും തീരുമാനങ്ങളും നടത്തിപ്പുകളും ഉണ്ടാകുമ്പോള്‍ നാം സാധാരണയായി പറയാറുള്ളതാണ് "ജനത്തിന്‍റെ പള്‍സ്" അറിയണമെന്ന്. നാമോരോരുത്തരുടെയും അനുഭവങ്ങളുടെ ആകെത്തുകയാണു സമൂഹത്തിന്‍റെ വിജയപരാജയങ്ങളുടെ കെട്ടുറപ്പ്. ഭരണ സിരാകേന്ദ്രം ഭൗതികമോ ആത്മീയമോ സാമൂഹികമോ എന്തുതന്നെയായാലും ജനങ്ങളിലേക്കെത്തുന്നതിലെ ഗുണപരമായ ഫലമാണ് ഏതു കാര്യത്തിലും ജനത്തിന്‍റെ പള്‍സായി മാറുന്നത്. സമൂഹത്തിന്‍റെ മേല്‍ത്തട്ടു മുതല്‍ താഴെത്തലംവരെയെത്തേണ്ട ഒരു വികാരമാണു സ്നേഹമെന്നത്. ദൈവസ്നേഹം പരസ്നേഹത്തിലേക്കു സംവഹിക്കപ്പെടുന്ന ഒരു 'ധമനി'യായി നാമൊക്കെ മാറണമെന്നു നമ്മുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലെ ശാസ്ത്രീയതതന്നെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നാമെത്തുന്നിടത്തുനിന്നും ഒപ്പം നമ്മുടെയടുത്ത് എത്തുന്നവരിലേക്കും ഈ സ്നേഹാനുഭവം സാദ്ധ്യമാകണം. നാമാഗ്രഹിക്കുന്ന പെരുമാറ്റം നമ്മില്‍ നിന്നുമുണ്ടാകണമെന്നു സാരം.

ആരോഗ്യമുള്ള മനുഷ്യന്‍റെ പള്‍സ് എഴുപത്തഞ്ചാണ്; ഇതില്‍ കുറഞ്ഞാലും കൂടിയാലും നാം പരിഹാരം തേടും. ആരോഗ്യത്തിലേക്കു മടങ്ങിയെത്തുവാന്‍ വേണ്ടതെല്ലാം ചെയ്യും. ഇന്നത്തെ സമൂഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടതാണോ? എവിടെച്ചെന്നാലും പരുക്കന്‍ പെരുമാറ്റംകൊണ്ടു ജനം പൊറുതിമുട്ടുന്നില്ലേ? ഹൃദയശൂന്യരാണോ എന്നു തോന്നിപ്പോകുന്ന പെരുമാറ്റം! ചോദിക്കുന്നതിനപ്പുറം ഇടപെടുവാന്‍ വൈഷമ്യം കാണിക്കുന്ന ആധുനിക മനുഷ്യര്‍ ഒരുപക്ഷേ, ഒരു കമ്പ്യൂട്ടര്‍ സമാനമായി മാറുന്നതിലേക്ക് എത്തിപ്പെട്ടിരിക്കുന്നു.

നമുക്കിടയിലെ ഹൃദ്യതയും നല്ല പെരുമാറ്റവും മനഷ്യപ്പറ്റും നഷ്ടമാകുന്നു. ഇക്കാര്യത്തില്‍ മാര്‍പാപ്പ പറയുന്നതു ശ്രദ്ധേയമാണ്; "യഥാര്‍ത്ഥ ക്രൈസ്തവരുടെ മുഖത്തു ചിരിയും കണ്ണുകളില്‍ സന്തോഷവുമുണ്ടാകുമെന്ന്." ദൈവത്തിന്‍റെ വഴിയിലാണോ നാം സഞ്ചരിക്കുന്നതെന്നു തിരിച്ചറിയുന്നതു സന്തോഷമുള്ള മനസ്സിന്‍റെ ഉടമകളായിക്കൊണ്ടാണെന്നു സാരം! പുഞ്ചിരിക്കുന്ന മുഖവും സന്തോഷമുള്ള മനസ്സുമാണ് ആരില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത്. അധികാരിയുടെ അടുക്കലേയ്ക്കു പടികള്‍ കയറിച്ചെന്നവരിലേക്കു സ്നേഹത്തിന്‍റെ പടികളിലൂടെ വാത്സല്യപൂര്‍വം ഇറങ്ങിച്ചെല്ലാനാകുമെങ്കില്‍ തമ്പുരാന്‍റെ കൃപയില്‍ നാം സമൃദ്ധമാകും. പണം കൈപ്പറ്റി രസീതു കൊടുക്കുന്ന ഒരു യാന്ത്രിക മനുഷ്യനെയല്ല നാം ആഗ്രഹിക്കുന്നത്. മറിച്ചു ഹൃദയപരമാര്‍ത്ഥതയോടെ പരസ്പരം തിരിച്ചറിയുന്ന കരുതല്‍ ഉണ്ടാകുമ്പോഴാണ് അധികാരം രാജകീയമാകുന്നത്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനതാളം തെറ്റുന്നതിന്‍റെ ലക്ഷണമാണു ക്രമം തെറ്റിയ പള്‍സ് എന്നതും തിരിച്ചറിയണം.

അധികാരത്തെ ആശ്രയിക്കുന്നതിലേക്കു പലവിധ ജനങ്ങളാണ് എത്തിപ്പെടുന്നത്. അവരോടൊക്കെ നല്ല വാക്കു പറയുവാനുള്ള ഹൃദ്യത നാം സ്വന്തമാക്കണം. കയറിച്ചെല്ലുമ്പോഴുള്ള മുഖഭാവംതന്നെ സാധാരണക്കാരുടെ പള്‍സ് കൂട്ടുമെങ്കില്‍ പിന്നെന്തു ഹൃദയം? സ്വാര്‍ത്ഥമായ ലക്ഷ്യവും സാമ്പത്തികനേട്ടവും അധികാരപ്രമത്തതയും ലക്ഷ്യം വയ്ക്കാത്ത സ്നേഹത്തിന്‍റെ സമഗ്രത നമുക്കുണ്ടാകണം. ഹൃദയമുള്ളവരെ തിരിച്ചറിയാനെങ്കിലും നാം ശ്രമിക്കണം. സത്യധര്‍മാദികളിലും സന്മാര്‍ഗത്തിലും ഈശ്വരചിന്തയിലും ഉറച്ചു മുന്നോട്ടുപോകുന്നവര്‍ ഇന്നുമുണ്ടെങ്കിലും തിരിച്ചറിയാന്‍ പരിശ്രമിക്കണം. ആരുടെയും മുഖം നോക്കാത്ത ഗൗരവം ഹൃദയശൂന്യതയുടെ ലക്ഷണമാണ്. സ്നേഹം മാത്രംകൊണ്ടു രാജാവായവനെ അനുകരിക്കുന്നത് അംഗീകാരധാര്‍ഷ്ട്യം കൊണ്ടാകരുത്. ചേര്‍ന്നുനില്ക്കുന്ന സ്നേഹത്തെ അവഗണിക്കുന്നതു കാണുന്ന ആധുനികത തലമുറയിലേക്കെത്തുന്ന പള്‍സ് ഒരുപക്ഷേ, അപടകരമാണോയെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ആധുനികയുവത്വം ഒരു ഒറ്റപ്പെടല്‍ അനുഭവിക്കുന്നില്ലേയെന്നു സംശയിക്കണം. പഠനവും പാഠ്യേതരവും ഒന്നിച്ചുപോകുന്നതിലെ വിശുദ്ധാന്തരീക്ഷം 'പള്ളിക്കൂടങ്ങള്‍' എന്ന കാഴ്ചപ്പാടില്‍ സമൃദ്ധമായിരുന്നു. ജ്ഞാനത്തിനൊപ്പം ജ്ഞാനത്തിന്‍റെ ഉടയവനെ പഠിതാക്കളിലേക്കെത്തിച്ചിരുന്ന കാലത്തുനിന്നും ഒരു സബ്ജക്ട് എക്സ്പെര്‍ട്ടിനെ രൂപപ്പെടുത്തുന്നതിലേക്കു നാമെത്തുന്നു. വിജ്ഞാനം തലയില്‍ കുത്തിനിറയ്ക്കുമ്പോഴും ഹൃദയം ശൂന്യമാകുന്ന ഒരു അവസ്ഥ. തല വളരുമ്പോഴും ഉള്ളം മെലിയുന്ന കാഴ്ച! അതുകൊണ്ടാണല്ലോ ഉന്നത പഠനക്കാരും ഉദ്യോഗസ്ഥരുപോലും അതിലൂന്നീയ കുറ്റകൃത്യങ്ങളില്‍ പെടുന്നതും അതില്‍നിന്നും രക്ഷപ്പെടുവാന്‍ അതിലേറെ നിര്‍ദ്ദയരായ പണ്ഡിതരെ ഒപ്പം ചേര്‍ക്കുന്നതും. ഹൃദയശൂന്യതയുടെ പാണ്ഡിത്യം സമൂഹത്തിലേക്കെത്തിക്കുന്ന പള്‍സ് നാമറിയുന്നില്ലേ? പോസിറ്റീവ് സഞ്ചാരിയെ നെഗറ്റീവ് സഞ്ചാരിയാക്കുന്ന പള്‍സ് ഇന്നത്തെ സമൂഹത്തിന്‍റെ തിരിച്ചറിവിലേക്കു കടന്നുവരേണ്ടതല്ലേ?

മനുഷ്യരുടെ പ്രതാപകാലമാണു യുവത്വം. യുവതയെ മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ ഉതകുന്ന ഒരു ഹൃദയപരാമര്‍ത്ഥത നേതൃനിരയ്ക്കുണ്ടാകണം. ഹൃദയവും ഹൃദയധമനികളും സുതാര്യവും സുദൃഢവുമാണെങ്കിലേ നമ്മുടെ ശരീരം എന്നും യൗവ്വനയുക്തമായി നിലനില്ക്കുകയുളളൂ. ഹൃദയസംബന്ധിയായ രോഗാവസ്ഥകള്‍ ആധുനികമനുഷ്യരെ അലട്ടുന്ന നാളുകളിലൂടെ നാം പോകുമ്പോള്‍ നമ്മുടെ പെരുമാറ്റത്തിലെ ഹൃദ്യത എത്രമാത്രം ശക്തമായ ജനകീയ പള്‍സുകള്‍ തീര്‍ക്കുന്നുണ്ടെന്നു പരിശോധിക്കണം. കയറുന്ന പടികളിലൂടെ നിരാശയോടെയും നിസ്സംഗതയോടെയും തിരിച്ചിറങ്ങുന്ന യുവത്വം നിരുന്മേഷരാകുന്നുണ്ടെന്നു തിരിച്ചറിയാന്‍ വൈകരുത്. മാലാഖയെന്നു കരുതി സമീപിക്കുന്നവരില്‍ നിന്നു സാത്താന്യപെരുമാറ്റം അനുഭവവേദ്യമാകുന്ന തലമുറയുടെ പള്‍സ് എന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? നന്മയെ പരിഗണിക്കാത്ത നീതിബോധത്തിന് ആത്മീയതയും ധാര്‍മികതയുമുണ്ടോ? പണം രാജാവാകുമ്പോള്‍ പരിശുദ്ധാത്മാവ് പറന്നിറങ്ങുമോ? പ്രവര്‍ത്തനങ്ങളില്‍ ശാശ്വത വിജയമുണ്ടാകുമോ? സ്നേഹിക്കുന്ന മനുഷ്യര്‍ തനിച്ചല്ലെന്നു പറയാറുണ്ട്. എന്നാല്‍ ഒറ്റപ്പെടലിന്‍റെ ആധുനികയുവത്വത്തിനു സ്നേഹരാഹിത്യം അനുഭവപ്പെടുന്നുണ്ട്. ഒപ്പം അവഗണനയുടെ ആധിക്യവും. നന്മ പടിക്കുപുറത്തുനില്ക്കുമ്പോള്‍ തിന്മ ഇരിപ്പിടം സ്വന്തമാക്കുന്നെങ്കില്‍ അപകടകരമായ പള്‍സ് രൂപപ്പെടുന്നുണ്ട്; ചികിത്സ വേണമെന്ന് അര്‍ത്ഥം!

പള്ളിയോടു ചേര്‍ന്നുപോകുന്ന ഒരു വിജ്ഞാനത്തിന്‍റെ വാതായനമുണ്ട് അഥവാ ഒരു മുഖ്യധാരാ പഠനമുണ്ട്. അന്യരോടുള്ള സ്നേഹവും ആദരവും പരിഗണനയും പ്രോത്സാഹനവും തിരിച്ചറിയുന്ന ഒരു സ്വാതന്ത്ര്യാനുഭവമാകണം പഠനം. വിജ്ഞാനം വിശുദ്ധി നിറഞ്ഞതാകണം, നന്മ നിറഞ്ഞതാകണം, സംശുദ്ധമാകണം, സകലര്‍ക്കും ഒരുമയോടെ ജീവിക്കാനുതകുന്നതാകണം. ഹൃദയവും ധമനികളും കാര്യക്ഷമമാകുമ്പോഴും രക്തം രോഗാതുരമെങ്കില്‍ ആരോഗ്യസുരക്ഷ പ്രതീക്ഷിക്കാനാകുമോ? നമ്മുടെ യുവാക്കള്‍ സുതാര്യതയുടെ നേതൃനിരയാല്‍ ആകര്‍ഷിക്കപ്പെടണം. നന്മയില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് അനുഭവമാകണം. യുവനിര വഴിതെറ്റാതിരിക്കാന്‍ ഇറങ്ങിച്ചെല്ലണം; ഹൃദ്യതയാല്‍ മാറോടു ചേര്‍ക്കണം. മുതിര്‍ന്ന തലമുറയുടെ നന്മകള്‍ നേതൃനിരയുടെ പരിഗണനയ്ക്കു പാത്രമാകുന്നതു നേര്‍ക്കാഴ്ചയാകണം. പള്ളിയോടു ചേര്‍ന്നുനില്ക്കുന്നവര്‍ പണത്തിന്‍റെയല്ല പരിശുദ്ധിയുടെ വക്താക്കളാണെന്നു തിരിച്ചറിയുന്ന തലത്തില്‍ തലമുറയ്ക്കു മുന്നില്‍ മാതൃകയാകണം.

കഠിനഭാഷയും കാര്‍ക്കശ്യവും എപ്പോഴും അധികാരത്തില്‍ നിഴലിച്ചാല്‍ യുവതലമുറ ചിതറിയോടുവാന്‍ കാരണമായേക്കാം. നമ്മുടെ ഹൃദയം നന്മയാല്‍ കാര്യക്ഷമമാകണം. ഹൃദയമിരിക്കുന്നിടം സ്നേഹത്തിന്‍റെ നിക്ഷേപമിരിക്കുന്ന ഇടമാകണം. നിരാശയില്‍ കടന്നുവരുന്നവനു പ്രത്യാശയുടെ ശേഖരമാകണം നേതൃനിര! ലാളിത്യവും ഹൃദയപരമാര്‍ത്ഥതയും പ്രധാനമെന്നു പഠിപ്പിക്കുമ്പോഴും ഇതൊക്കെ പുരാവസ്തുശേഖരത്തിലെ ഓര്‍മകള്‍ മാത്രമാകുന്നെങ്കില്‍ പ്രസംഗത്തിന്‍റെ ബലം നഷ്ടമാകും. വചനത്തേക്കാള്‍ ദൃഷ്ടിയെ ആശ്രയിക്കുന്ന 'ന്യൂ ജെന്‍' നമുക്കു ചര്‍ച്ചാവിഷയമാകണം. പരിഗണനാപാത്രമാകണം. സത്യത്തിനു സാക്ഷ്യംവഹിക്കാന്‍ വന്നവനില്‍നിന്നും നാം സത്യം പകര്‍ന്നു നല്കണ്ടേ? നമ്മുടെ ജീവിതത്തില്‍ സത്യമുണ്ടാകണ്ടേ? ആരെയും അത്ഭുതപ്പെടുത്തുന്ന ഹൃദ്യമായ പെരുമാറ്റംകൊണ്ടു നാം വിനീതരാകണം. അധികാരം ഒരു മേല്‍ത്തട്ടു മാത്രമല്ല താഴെത്തലത്തെ പരിഗണിക്കാനുള്ളതുമാണ്. ഉയര്‍ന്നയിടം താഴ്ന്നയിടത്തെ കാണുവാനുള്ളതാണെന്നു സാരം! അധികാരം ദൈവനിവേശിതമാണ്; ആകണം. പക്ഷേ, അത് അന്യര്‍ക്ക് അനുഭവമായി മാറുകയും വേണം. യുവാക്കള്‍ ഭിന്നിച്ചും കലഹിച്ചും വഴിതെറ്റിയും സഞ്ചരിക്കാതിരിക്കാന്‍ തികഞ്ഞ മാതൃകയുടെ പാഠം ഉണ്ടാകണം.

ഏതുവിധേനയും പണം മുടക്കി പഠിച്ചു പണം സമ്പാദിക്കാനുള്ള മാര്‍ഗമായി വിദ്യാഭ്യാസത്തെ തരംതാഴ്ത്തരുത്. ഭാഷയെന്നതു തൊഴില്‍ നേടാനുള്ള കുറുക്കുവഴിയല്ല. മറിച്ച്, സുദൃഢമായ ആശയവിനിമയത്തിനുള്ള ആരോഗ്യകരമായ മാര്‍ഗമാണ്. ഭാഷയില്‍ മാതൃസ്നേഹം സംവഹിക്കപ്പെടുന്നുവെന്നറിയണം; മാതൃഭാഷ അമൂല്യമാണെന്ന തിരിച്ചറിവും നമുക്കുണ്ടാകണം. പഠനങ്ങള്‍ സംസ്കൃതിക്കും സംസ്കാരത്തിനും നാടിനും യോജിക്കുന്നതാകണം. മെറ്റല്‍ ഡിറ്റക്ടര്‍ സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്നതാണ്. ദുരന്തം വിതയ്ക്കാനുള്ള സാദ്ധ്യതകളെ വാതിലിനു പുറത്തുതന്നെ കണ്ടെത്തി തടയുകയെന്ന വലിയ നന്മ ഈ ഉപകരണത്തിനുണ്ട്. അകത്തേയ്ക്കു കടക്കുന്നവര്‍ നല്ലവരായിരിക്കണമെന്ന നിര്‍ബന്ധമുണ്ടവിടെ. നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍ അകത്തു കടക്കണമെങ്കില്‍ പണം അഥവാ ഏതു വാതില്‍ പുറത്തും ഒരു മണിസെന്‍സര്‍ ഉണ്ടെന്ന തോന്നല്‍ യുവതലമുറയില്‍ വന്നുപെട്ടിരിക്കുന്നുവെങ്കില്‍ അതു തിരുത്തപ്പെടണം. നന്മയുള്ളവര്‍ക്കെന്നും അകത്തേയ്ക്കു സ്വാഗതമുണ്ടെന്ന ഒരു ഹൃദ്യത നാളെയുടെ മക്കളില്‍ രൂഢമൂലമാകണം; പണം സുസ്ഥിരപാതയില്‍ തടസ്സമോ പ്രയാണമോ ആകാന്‍ പാടില്ല. മറിച്ച് സ്വഭാവബന്ധിയായ പഠനങ്ങള്‍ക്കു പ്രാമുഖ്യമുണ്ടാകണം. യുവതയെ വിശ്വാസത്തിലെടുക്കണം. നല്ലവരും ബുദ്ധിമതികളുമായ യുവതയാണു രാജ്യത്തിന്‍റെയും സഭയുടെയും ശക്തിയെന്നു മറക്കാതെ യുവാക്കളുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. ഏതു കാര്യത്തിലും യുവതയുടെ പള്‍സ് വായിക്കണം; അവരാണു നമ്മുടെ നല്ല നാളെകള്‍ പണിതുയര്‍ത്തേണ്ടത്. ജനപ്രീതി നേടിയവന്‍ അധികാരത്തേക്കാള്‍ കൂടിയ അധികാരിയാകുന്നു; കാരണം അവന്‍ ജനത്തിന്‍റെ പള്‍സ് യഥാസമയം തിരിച്ചറിയുന്നു; തിരുത്തുകള്‍ വരുത്തുന്നു.

തിരുത്തുകള്‍ ആവശ്യമെങ്കില്‍ അതുണ്ടാകണം. അധികാരത്തിന്‍റെ ഇരിപ്പിടങ്ങള്‍ മുഖപ്രസാദത്താല്‍ സുവിശേഷമാകണം. ഓഫീസ്മുറികള്‍ സദാ സ്വാഗതമേകുന്ന ഹൃദ്യതയില്‍ നിറയണം. മുഖം കാണിക്കാന്‍, വാതില്ക്കല്‍ നില്ക്കുന്നവര്‍ക്കു മുന്നില്‍ അധികാരമോഹത്താല്‍ അഹങ്കരിക്കരുത്; വാതില്‍പ്പുറത്തു നില്ക്കുന്നവരെ മനുഷ്യരായി കാണണം; മുഖാമുഖമെത്തുമ്പോഴേക്കും ആരോഗ്യകരമായ പള്‍സ് കുതിച്ചുകയറി രക്തസമ്മര്‍ദ്ദമുണ്ടാക്കുവാന്‍ കാരണമാകരുത്. മുട്ടുകൂട്ടിയിടിച്ച് അധികാരിയുടെ അടുക്കല്‍ നില്ക്കേണ്ടി വരുന്നതിലെ ഗതികേട് തിരിച്ചറിയുന്ന നാളെയുടെ മക്കള്‍ക്കു സത്സ്വഭാവം വളര്‍ത്താനാകുമോ?

സ്നേഹാദരവുകളാല്‍ ആത്മീയാന്തരീക്ഷം പടത്തുയര്‍ത്തപ്പെടണം, ഹൃദയം കാണാന്‍ അവസരങ്ങളെ പ്രയോജനപ്പെടുത്തണം. ആരെയും തുലനം ചെയ്യാതെ വ്യക്തിത്വത്തെ വിലയിരുത്തണം. കഷ്ടപ്പെട്ടു പടുത്തുയര്‍ത്തുന്ന വ്യക്തിത്വം തിരിച്ചറിയപ്പെടാതെ പോകുന്നതിലെ നൊമ്പരം നേതൃനിര തിരിച്ചറിയണം. സാറ്റലൈറ്റ് എഡ്യൂക്കേഷനും കമ്പ്യൂട്ടര്‍ അധിഷ്ഠിത ജീവിതക്രമവും നമ്മെ വിഴുങ്ങാതെ, മുഖാമുഖമെത്തുന്ന പരിചയപ്പെടലിന്‍റെ അനന്തസാദ്ധ്യതകള്‍ തിരിച്ചറിയണം. ഇടവകയിലാണെങ്കില്‍ വിശ്വാസികളെ പഠിക്കാനും വിലയിരുത്താനും തിരുത്താനും വളര്‍ത്താനും അംഗീകരിക്കാനുമൊക്കെ ആത്മീയാന്തരീക്ഷത്തിനു ഹൃദയമുണ്ടാകണം. ശേഷിക്കുന്ന നന്മയും വീണുടയാതിരിക്കണമെങ്കില്‍ ഉള്ള നന്മയെ പ്രോജ്വലിപ്പിക്കാനാകണം.

അനീതിക്കും അസത്യത്തിനും നടുവില്‍ ഇന്നും സത്യം വിടാത്തവരും സഹോദരസ്നേഹമുള്ളവരും വിശ്വാസത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്നവരുണ്ടെന്നു തിരിച്ചറിയുന്ന വിശാലത സ്വന്തമാക്കണം ബലിയേക്കാള്‍ കരുണയാണു കര്‍ത്താവ് ആഗ്രഹിക്കുന്നതെന്നു മറക്കാതിരിക്കാം. ഒരു കാറ്റോ അതിതീവ്ര മഴയോ വന്നു കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുംവരെ ശഠിക്കുന്ന അധികാരധാര്‍ഷ്ട്യം വിട്ട് എളിമയില്‍ ജീവിതം ക്രമപ്പെടുത്താന്‍ പരിശ്രമിക്കണം. നമ്മുടെ ഇന്നത്തെ ജീവിതക്രമത്തെക്കുറിച്ചു ദൈവത്തിന്‍റെ പള്‍സ് എന്താണെന്നു പ്രാര്‍ത്ഥനയില്‍ പരിശോധിച്ചറിയാം; ദൈവമനുഷ്യബന്ധം ആരോഗ്യകരമായ അഭിഷേകത്തിന്‍റെ പള്‍സില്‍ സുദൃഢമാകേണ്ടതിന്‍റെ ഓര്‍മപ്പെടുത്തലുകള്‍ നമ്മെ ഉണര്‍ത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org