നിഷ്കളങ്കതയുടെ കാവലാളുകള്‍, ജീവിതാന്ത്യം വരെ

നിഷ്കളങ്കതയുടെ കാവലാളുകള്‍, ജീവിതാന്ത്യം വരെ

ഷിജു ആച്ചാണ്ടി

ഒരാഴ്ചത്തെ വെക്കേഷന്‍ ആഘോഷിച്ചിട്ടു വരാമെന്നു പറഞ്ഞ് കുട്ടിയെ മാതാപിതാക്കള്‍ ഹോസ്റ്റലില്‍ നിന്നു കൂട്ടിക്കൊണ്ടു പോകുന്നു. രണ്ടു ദിവസം തികയുന്നതിനു മുമ്പ് തിരികെയെത്തിക്കുന്നു. കാരണം, മാതാപിതാക്കള്‍ക്ക് അസാദ്ധ്യമാണ് രണ്ടു നാളുകളില്‍ കൂടുതല്‍ സ്വന്തം കുട്ടിയെ നോക്കുക. അപ്പോള്‍ പിന്നെ വേറെയാര് അതു ചെയ്യും? ആര്‍ക്കും എളുപ്പമാകില്ല അതു ചെയ്യുക. പക്ഷേ, അതു ചെയ്തുകൊണ്ടിരിക്കുകയാണ് കോട്ടയം, വെള്ളൂരിലെ സെ.ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലെ മനുഷ്യസ്നേഹികള്‍. ഒന്നും രണ്ടുമല്ല ഇരുനൂറ്റി മുപ്പതോളം കുട്ടികളെയാണ് ഇവര്‍ പരിചരിക്കുന്നത്. നാല്‍പതോളം പേരൊഴികെ ബാക്കിയെല്ലാവരും ഇവിടെ തന്നെ താമസിക്കുകയാണ്. ചിലര്‍ തീര്‍ത്തും അനാഥര്‍, ചിലര്‍ ഒഴിവുദിനത്തില്‍ പോലും വീട്ടിലേയ്ക്കു കൊണ്ടുപോകാന്‍ കഴിയാത്ത വിധം പ്രശ്നങ്ങളുള്ളവര്‍.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രം തുടങ്ങിയ ബൗദ്ധിക ഭിന്നശേഷിക്കാരാണ് ഇവരെല്ലാവരും. ഈ അവസ്ഥകളുടെ ഗുരുതരാവസ്ഥയിലുള്ളവരെ കുടുംബങ്ങള്‍ക്കു കൈകാര്യം ചെയ്യുക എളുപ്പമല്ല. എല്ലാവര്‍ക്കും സ്പെഷല്‍ സ്കൂള്‍ സൗകര്യം യാത്രാസൗകര്യമുള്ളിടത്തു ലഭ്യമാകണമെന്നുമില്ല.

ഇത്തരം കുട്ടികളുടെ ഭാവിയാണ് രക്ഷിതാക്കളെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന മറ്റൊരു ഘടകം. തങ്ങള്‍ക്കു മുമ്പ് തങ്ങളുടെ മക്കള്‍ മരിച്ചു കാണണമെന്നു പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍. അത്രയും നിസ്സഹായാവസ്ഥയാണ് ഇവര്‍ക്കു മക്കളുടെ ഭാവിയെ കുറിച്ചോര്‍ക്കുമ്പോള്‍. അതിനൊരു പരിഹാരമാണ് സെ. ജോണ്‍ ഓഫ് ഗോഡ് സെന്‍ററില്‍ സജ്ജമാക്കിയിരിക്കുന്ന തറവാട് എന്ന ഭവനം. ബൗദ്ധിക ഭിന്നശേഷിക്കാര്‍ക്ക് ജീവിതാവസാനം വരെ കുടുംബാന്തരീക്ഷത്തിലുള്ള മികച്ച പരിചരണം നല്‍കുക എന്നതാണ് തറവാട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഭവനത്തില്‍ അമ്പതോളം പേര്‍ അംഗങ്ങളായി കഴിഞ്ഞു. 18 വയസ്സിനു മുകളിലുള്ള ആണുങ്ങള്‍ക്കാണ് ഇവിടെ പ്രവേശനം.

ഇതേ നിലയുള്ള സ്ത്രീകള്‍ക്കു വേണ്ടി ആയുഷ്കാല ഭവനങ്ങളാരംഭിക്കാന്‍ പലരും പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ അന്തിമമായി വിജയിച്ചിട്ടില്ല. അതില്‍ നിന്നു തന്നെ മനസ്സിലാക്കാം തറവാട് എന്ന തീരുമാനത്തിനും നിര്‍വഹണത്തിനും പിന്നിലുള്ള നിശ്ചയദാര്‍ഢ്യവും സാഹസികതയും.

ഹോസ്പിറ്റലര്‍ ബ്രദേ ഴ്സ് ഓഫ് സെ. ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസസമൂഹമാണ് വളരെ എളിയ നിലയില്‍ ഈ കേന്ദ്രത്തിന് 1998-ല്‍ തുടക്കം കുറിച്ചത്. യുഗപ്രഭാവനായ ബ്രദര്‍ ഫോര്‍ത്തുനാത്തുസ് കട്ടപ്പനയില്‍ സമാരംഭിച്ച കാരുണ്യത്തിന്‍റെ മഹാപ്രവാഹത്തില്‍ നിന്നുയിരെടുത്ത ഉറവയാണിത്.

കട്ടപ്പനയില്‍ ബ്രദേഴ്സ് സ്ഥാപിച്ച അനാഥാലയത്തില്‍ ബുദ്ധിമാന്ദ്യമുള്ള നാലഞ്ചു കുട്ടികള്‍ വന്നു ചേര്‍ന്നു. അവരെ സാധാരണ അനാഥാലയത്തില്‍ സംരക്ഷിച്ചാല്‍ പോരാ എന്ന ചിന്തയില്‍ നിന്നാണ് വെള്ളൂരിലെ ചെറിയൊരു കെട്ടിടം വാങ്ങിയതും കുട്ടികളെ അവിടെ പുനരധിവസിപ്പിച്ചതും. പിന്നീട് അതൊരു സ്പെഷല്‍ സ്കൂളായി വളര്‍ന്നു. തുടര്‍ന്ന് ഈ മേഖലയില്‍ കാര്യമായ സംരംഭങ്ങളുണ്ടാകേണ്ടത് ആവശ്യമാണെന്നു മനസ്സിലാക്കിയതോടെ ബ്രദേഴ്സ് ഇതു വികസിപ്പിക്കുകയായിരുന്നു.

ഇന്ന് പന്ത്രണ്ടേക്കറോളം വരുന്ന വിശാലമായ ക്യാംപസില്‍ മനോഹരമായി സംവിധാനം ചെയ്തു നിര്‍മ്മിച്ചിരിക്കുന്ന വിവിധ ഭവനങ്ങളിലായി ഈ കേന്ദ്രം അതിന്‍റെ സേവനം നിര്‍വഹിച്ചു വരുന്നു. ബ്രദര്‍ വിന്‍സെന്‍റ് കോച്ചാംകുന്നേലാണ് ഇപ്പോള്‍ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍. ബൗദ്ധികവെല്ലുവിളി നേരിടുന്നയാള്‍ എന്നതു മാത്രമാണ് ഇവിടെ പ്രവേശനത്തിനു മാനദണ്ഡമാകുന്നതെന്നു ബ്രദര്‍ വിന്‍സെന്‍റ് പറഞ്ഞു. പണം കൊടുക്കാന്‍ തയ്യാറുള്ളവരില്‍ നിന്നു പണം വാങ്ങുന്നു. പണമില്ല എന്നുള്ളതുകൊണ്ട് ആര്‍ക്കും പ്രവേശനം നിഷേധിക്കുന്നില്ല. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നത് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനച്ചെലവിന്‍റെ 20 ശതമാനം മാത്രമേ ആകുന്നുള്ളൂ. സന്മനസ്സുള്ളവരില്‍ നിന്നു സ്വീകരിക്കുന്ന സംഭാവനകളിലൂടെയാണ് ബാക്കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

ഇത്രയും വിശാലമായ ക്യാംപസില്‍ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കി സ്ഥാപനമാരംഭിക്കാന്‍ സാധിച്ചത് അന്നു തങ്ങളുടെ സന്യാസസഭ വഴി വിദേശത്തു നിന്നു ലഭിച്ച ധനസഹായം ഉപയോഗിച്ചായിരുന്നുവെന്ന് ബ്ര. വിന്‍സെന്‍റ് സൂചിപ്പിച്ചു. പക്ഷേ പിന്നീട് വിദേശ ധനസഹായങ്ങള്‍ നിലച്ചു. നിയമങ്ങളുടെ സങ്കീര്‍ണതകളും നടപടിക്രമങ്ങളിലെ നൂലാമാലകളും ഇന്നു വിദേശസഹായം ഫലത്തില്‍ ഇല്ലാതാക്കി. അതിനാല്‍ സ്ഥാപനനടത്തിപ്പിനുള്ള പണം പ്രാദേശികമായി തന്നെ സമാഹരിക്കേണ്ടി വരുന്നു.

ഇതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുക എളുപ്പമല്ല. സര്‍ക്കാര്‍ ഈ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ വേണ്ടത്ര നടത്തുന്നുമില്ല. മുന്നൂറില്‍ പരം സ്പെഷല്‍ സ്കൂളുകള്‍ കേരളത്തിലുള്ളതില്‍ എഴുപതു ശതമാനത്തോളം സ്കൂളുകളും നടത്തുന്നത് കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളാണ്. അവശേഷിക്കുന്നവയും വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്നവയാണ്. ആകെ ഒരെണ്ണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ സര്‍ക്കാരിന്‍റെ സജീവമായ ഇടപെടലും സഹായവും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ് സ്പെഷല്‍ സ്കൂള്‍ അദ്ധ്യാപകരും മാനേജ്മെന്‍റുകളും രക്ഷിതാക്കളും എല്ലാമുള്‍പ്പെടുന്ന കൂട്ടായ്മ.

പൊതുസമൂഹത്തിന് ഇത്തരം കുട്ടികളോട് ഒരു സഹജഭാവം ഇല്ലെന്ന് പ്രിന്‍സിപ്പല്‍ ദിപു ജോണ്‍ അഭിപ്രായപ്പെട്ടു. ഇത്തരമൊരു കുട്ടി ഒരു വീട്ടിലുണ്ടായാല്‍ അത് ആ മാതാപിതാക്കളുടെ മാത്രം വേദനയാണ്. അതേറ്റെടുക്കാന്‍ ആരുമില്ല. ഇതിനു മാറ്റം വരണം. സര്‍ക്കാരും പൊതുസമൂഹവും ഇതു സ്വന്തം കാര്യമായി കണ്ട് ആ മാതാപിതാക്കളെയും അത്തരം കുട്ടികളേയും സഹായിക്കാന്‍ സന്നദ്ധരാകണം-ദിപു ജോണ്‍ ആവശ്യപ്പെട്ടു.

ഇന്‍ക്ലൂഷന്‍ ആണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം. അതായത്, ലഘുവായ ബൗദ്ധികവെല്ലുവിളി നേരിടുന്നവരെ കഴിയുന്നതും സാധാരണ സ്കൂളുകളില്‍ തന്നെ പഠിപ്പിക്കുക എന്നതാണത്. പക്ഷേ സാധാരണ സ്കൂളുകളില്‍ ഈ കുട്ടികള്‍ക്ക് മതിയായ പരിഗണനയോ പരിശീലനമോ ലഭിക്കുകയില്ല എന്നതാണ് അനുഭവമെന്ന് ദിപു ജോണ്‍ പറഞ്ഞു. നാല്‍പതോ അമ്പതോ കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ ഇത്തരമൊരു കു ട്ടിയെ പ്രത്യേകമായി പരിഗണിക്കുക എളുപ്പമാകില്ല. പലപ്പോഴും സാധാരണ സ്കൂളുകളില്‍ സഹായിയെ വച്ച് പരീക്ഷയെഴുതി പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസ്സായ ഇത്തരം കുട്ടികളെ രക്ഷിതാക്കള്‍ സെ. ജോണ്‍ ഓഫ് ഗോഡ് സെന്‍ററിലേയ്ക്കു കൊണ്ടു വന്ന നിരവധി അനുഭവങ്ങളുണ്ട്. ഉടുപ്പിന്‍റെ ബട്ടണിടാന്‍ പഠിപ്പിക്കുക മുതല്‍ ബസിന്‍റെ ബോര്‍ഡ് വായിക്കാന്‍ പഠിപ്പിക്കുക എന്നതുവരെയാകും ആ രക്ഷിതാക്കളുടെ ആവശ്യങ്ങള്‍. കുട്ടിക്കാലത്തു തന്നെ സ്പെഷല്‍ സ്കൂളുകളില്‍ പോയിരുന്നെങ്കില്‍ ഇതെല്ലാം ഇതിനകം അവര്‍ പഠിച്ചിട്ടുണ്ടാകുമായിരുന്നു എന്നതാണ് വസ്തുത. അത്രയും വര്‍ഷങ്ങള്‍ ആ കുട്ടികളുടെ കാര്യത്തില്‍ പാഴായിപ്പോകുന്നു. അതാകട്ടെ വളരെ നിര്‍ണായകമായ വര്‍ഷങ്ങളും.

ഈ സെന്‍ററില്‍ ഇത്തരത്തില്‍ കുട്ടിക്കാലം മുതല്‍ പരിശീലനം നേടിയവരില്‍ ഏറെക്കുറെ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായ അനേകരുണ്ട്. സെന്‍ററില്‍ ഒരു തൊഴില്‍ പരിശീലന സ്ഥാപനമുണ്ട്. അവിടെ മെഴുകുതിരി, കൊന്ത, ക്ലീനിംഗ് ലോഷന്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും മറ്റും നടക്കുന്നുണ്ട്. അവിടെ ഇവര്‍ ജോലി ചെയ്യുന്നു. ചിലര്‍ തോട്ടത്തിലെ പണികളില്‍ സഹായിക്കുന്നു. ഇലക്ട്രീഷ്യന്‍, പാചകക്കാര്‍ തുടങ്ങിയവരെ സഹായിക്കുന്നവരുണ്ട്. ഇലക്ട്രീഷ്യനും പാചകക്കാരുമില്ലെങ്കില്‍ സ്വന്തമായി ഇതൊക്കെ ചെയ്യാന്‍ മാത്രം പ്രാപ്തി നേടിയവരും ചിലരുണ്ട്. അപ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളവും നല്‍കുന്നു. ഒക്കുപേഷണല്‍ തെറാപിയുടെ കൂടി ഭാഗമാണിത്.

കുട്ടികളുടെ ഒരു അനാഥാലയത്തില്‍ കഴിയുകയായിരുന്ന ദിലീപ് എന്ന പയ്യന്‍റെ കഥ ബ്ര. വിന്‍സെന്‍റ് പറഞ്ഞു. അഞ്ചു വയസ്സുള്ളപ്പോഴാണ് അനാഥാലയത്തില്‍ നിന്ന് ഇവിടെ വരുന്നത്. കൈയും കാലും മടങ്ങിക്കൂടി നടക്കാനാകാത്ത സ്ഥിതിയായിരുന്നു. മാനസിക വെല്ലുവിളി പുറമെ. ഇവിടെ ഫിസിയോ തെറാപിയും മറ്റു പരിശീലനങ്ങളും നല്‍കി. ആറര വയസ്സായപ്പോള്‍ നടക്കാന്‍ തുടങ്ങി. വിദ്യാഭ്യാസം നല്‍കി. ഇപ്പോള്‍ പാട്ടു പാടാനും കുര്‍ബാനയ്ക്കു കൂടാനുമൊക്കെ സഹായിക്കുന്ന നിലയിലേയ്ക്കു വളര്‍ന്നു. ഇത്തരത്തില്‍ വളരുന്നതിനുള്ള സാദ്ധ്യത ബൗദ്ധിക ഭിന്നശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണമായി നിഷേധിക്കുന്നതാകും സാധാരണ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്‍റെ പരിണിതഫലമെന്ന ആശങ്ക ബ്രദര്‍ പങ്കു വയ്ക്കുന്നു.

ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. ഇടത്തരവും ഗുരുതരവുമായ ഓട്ടിസമു ള്ള കുട്ടികളെ വീടുകളില്‍ പരിരക്ഷിക്കുക എളുപ്പമല്ല. വളരെയധികം ഹൈപര്‍ ആക്ടിവിറ്റിയുള്ള ഈ കുട്ടികളെ നോക്കുന്നതിന് ഒരാള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ പൂര്‍ണസമയം ചിലവഴിക്കേണ്ടി വരും. ജോലിയുള്ള മാതാപിതാക്കള്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. അപ്പോള്‍ കുടുംബബജറ്റ് താളം തെറ്റും. കൂടാതെ ഓട്ടിസമുള്ള കുട്ടി ജനിച്ചതുമൂലം വിവാഹമോചനങ്ങള്‍ നടക്കുന്ന സംഭവങ്ങളും പലതുണ്ട്. ഒറ്റയാകുന്ന അമ്മയ്ക്കോ അച്ഛനോ ഓട്ടിസമുള്ള ഒരു കുട്ടിയെ ഏറെക്കാലം നോക്കാനായില്ലെന്നു വരും. ജോലി ഉപേക്ഷിക്കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതിയാണെങ്കില്‍ അതു തികച്ചും ദുഷ്കരമാകും.

ഇത്തരത്തിലുള്ള ഏതാനും ഉദാഹരണങ്ങള്‍ ബ്ര.വിന്‍സെന്‍റ് പങ്കു വച്ചു. സാധാരണ അഭയകേന്ദ്രങ്ങളില്‍ ഗുരുതരമായ ഓട്ടിസം ബാധിച്ചവരെ സ്വീകരിക്കുക പതിവില്ല. കുട്ടിയെ വിലയിരുത്തിയ ശേഷം അക്രമപ്രവണത കൂടുതലുള്ളയാളാണെങ്കില്‍ പ്രവേശനം നിഷേധിക്കുക എന്ന എളുപ്പവഴിയാണ് മിക്ക കേന്ദ്രങ്ങളും സ്വീകരിക്കുക. അവിടെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്‍റെ വഴിയാണ് സെ. ജോണ്‍ ഓഫ് ഗോഡ് സെന്‍റര്‍ സ്വീകരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടിക്കും നല്‍കാന്‍ കഴിയുന്ന സമാശ്വസത്തില്‍ മാത്രമാണ് സെന്‍ററിന്‍റെ ശ്രദ്ധ. അതുകൊണ്ട് സാധാരണഗതിയില്‍ ഏതുതരം കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നു.

42 വയസ്സുള്ള ഒരു വ്യക്തിയെ പ്രവേശിപ്പിച്ച കാര്യം ബ്രദര്‍ പറഞ്ഞു. അക്രമ പ്രവണത കാണിക്കുന്നയാളാണ്. മറ്റുള്ളവരെ തുപ്പുകയും കടിക്കുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യും. അയാളുടെ അനുജനും പ്രായമായ അമ്മയും ചേര്‍ന്നാണ് ഇക്കാലമത്രയും നോക്കിക്കൊണ്ടിരുന്നത്. മുപ്പത്തഞ്ചു വയസ്സായ അനുജനു വിവാഹം കഴിച്ച് കുടുംബജീവിതത്തിലേയ്ക്കു പ്രവേശിക്കണമെന്നുണ്ട്. അമ്മ പ്രായാധിക്യം മൂലമുള്ള അവശത നേരിടുന്നു. ഈ കുടുംബത്തിന്‍റെ ദൈന്യത കണ്ട് ഈ മനുഷ്യന് ഇവിടെ പ്രവേശനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാകാതിരിക്കാന്‍ പ്രത്യേകമായ ഒരു മുറി കൊടുത്താണ് ഇപ്പോള്‍ അയാളെ പരിചരിക്കുന്നത്.

ഓട്ടിസമുള്ള കുട്ടികളെ നോക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വിമ്മിംഗ് പൂളും മറ്റ് ആധുനിക സൗകര്യങ്ങളുമുണ്ട്. എത്ര പ്രശ്നമുണ്ടാക്കുന്നവരായാലും മൂല്യാധിഷ്ഠിതമായ രീതികള്‍ വിട്ടൊരു പരിചരണം ഇവിടെ നല്‍കുകയില്ലെന്ന് ബ്രദര്‍ വിന്‍സെന്‍റ് വ്യക്തമാക്കി. സെ. ജോണ്‍ ഓഫ് ഗോഡ് സന്യാസസമൂഹത്തിന്‍റെ സ്ഥാപകന്‍ വിഭാവനം ചെയ്തിരിക്കുന്ന അഞ്ചു മൂല്യങ്ങളിലധിഷ്ഠിതമായിരിക്കണം തങ്ങളുടെ സേവനമെന്ന നിഷ്ഠയും ഇതിന്‍റെ കാരണമാണ്. ഹോസ്പിറ്റാലിറ്റി, ക്വാളിറ്റി, റെസ്പെക്ട്, റെസ്പോണ്‍സിബിലിറ്റി, സ്പിരിച്വാലിറ്റി എന്നിവയാണ് 5 മൂല്യങ്ങള്‍. ഇതിനോടു നീതി പുലര്‍ത്തിക്കൊണ്ട് കുട്ടികള്‍ക്ക് പരമാവധി കരുതലേകുക, അവരെ പരമാവധി വളര്‍ത്തിക്കൊണ്ടു വരിക എന്നതാണു ലക്ഷ്യം – ബ്രദര്‍ വിന്‍സെന്‍റ് വിശദീകരിച്ചു.

ഏയ്ഞ്ചല്‍ ഹോം, മരിയ ഹോം, ഡൊണാറ്റുസ് ഹോം, റിച്ചാര്‍ഡ് ഹോം, ദീപ്തി ഹോം, മെന്നി ഹോം എന്നിങ്ങനെ അഞ്ചു ഭവനങ്ങളിലായാണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. പ്രായമനുസരിച്ചും രോഗത്തിന്‍റെ തീവ്രതയനുസരിച്ചും ഒക്കെ അന്തേവാസികളെ തിരിച്ചു പരിപാലിക്കുകയാണ് ഈ ഭവനങ്ങളില്‍. അദ്ധ്യാപകരും സോഷ്യല്‍ വര്‍ക്കര്‍മാരും ആയമാരും മറ്റുമായി 75 പേര്‍ ജോലി ചെയ്യുന്നു. സെ. ജോണ്‍ ഓഫ് ഗോഡ് സമൂഹത്തിലെ അഞ്ചു ബ്രദര്‍മാരും ഏതാനും സിസ്റ്റേഴ്സും സെന്‍ററിനു വേണ്ടി അദ്ധ്വാനിക്കുന്നു. സ്പെഷല്‍ ബിഎഡും ഡിപ്ലോമയും പഠിപ്പിക്കുന്ന ഒരു കോളേജു കൂടി ഇതോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ബുദ്ധി കുറഞ്ഞതുകൊണ്ട് നിഷ്കളങ്കത കൂടുതലായിരിക്കും ഈ കുട്ടികള്‍ക്കെന്നും അവര്‍ക്കൊപ്പമായിരിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും കഴിയുന്നതില്‍ സന്തോഷിക്കുന്നവരാണു തങ്ങളെന്നും പ്രിന്‍സിപ്പല്‍ ദിപു ജോണ്‍ പറഞ്ഞു.

തീര്‍ത്തും അവഗണിക്കപ്പെട്ട ഈ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കു വേണ്ടിയുള്ള സേവനം തങ്ങളുടെ സന്യാസജീവിതത്തിന് കൂടുതല്‍ അര്‍ത്ഥം പകരുന്നതായി ബ്രദര്‍ വിന്‍സെന്‍റ് പറഞ്ഞു. ഹോസ്പിറ്റലര്‍ ബ്രദേഴ്സ് ഓഫ് സെ. ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസസമൂഹം 1572-ല്‍ സ്പെയിനിലാണ് സ്ഥാപിതമായത്. അശരണരായ രോഗികളെ സഹായിക്കുക എന്നതായിരുന്നു പ്രാഥമികമായ ലക്ഷ്യം. അതിനോടു നീതി പുലര്‍ത്തിക്കൊണ്ടാണ് കട്ടപ്പന കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ബ്രദര്‍ ഫോര്‍ത്തുനാത്തുസ് ആരംഭിച്ചതെന്ന് 12 വര്‍ഷം ജനറല്‍ കൗണ്‍സിലറായി റോമില്‍ ഈ സന്യാസസമൂഹത്തിന്‍റെ ആഗോള നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രദര്‍ വിന്‍സെന്‍റ് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ അരികുകളിലേയ്ക്കു നീങ്ങുക എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മോട് ആവശ്യപ്പെടുന്നു. അതുകൊണ്ടു തന്നെ തീര്‍ത്തും അരികുവത്കരിക്കപ്പെട്ട ബൗദ്ധികഭിന്നശേഷിക്കാരെ സേവിക്കുക എന്നത് ക്രൈസ്തവസമൂഹത്തിന് ഒരിക്കലും ഒഴിവാക്കി നിറുത്താന്‍ കഴിയുന്ന രംഗമല്ല. കേരളത്തില്‍ ഇപ്പോള്‍ ഈ രംഗത്തുള്ളത് ഏറെയും കത്തോലിക്കാ സ്ഥാപനങ്ങള്‍ തന്നെയാണ്. അവയ്ക്ക് കൂ ടുതല്‍ പിന്തുണയും സഹകരണവും നല്‍കാന്‍ സഭയുടെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കു കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

stjohnofgodcentre.org
Tel : 04812371006

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org