കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ

കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ


അനില്‍ ജോസ്

കേരള നിഴല്‍ മന്ത്രിസഭ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍

നിഴല്‍ മന്ത്രിസഭ എന്ന ആശയം കേരളത്തിന് അധികം പരിചയമില്ലാത്ത ഒരു ബദല്‍ ഭരണ സംവിധാനക്രമമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ സംസ്ക്കാരത്തിന്‍റെ ഒരു സംഭാവനയാണിത്. ഭരണകക്ഷിയുടെ നയങ്ങളേയും നടപടി ക്രമങ്ങളേയും വിമര്‍ശനാത്മകമായി വിലയിരുത്തുകയും വേണ്ട തിരുത്തലുകള്‍ നല്കുകയും ചെയ്യുന്നു ഈ സംവിധാനം. ഏപ്രില്‍ 28-ാം തീയതി മുതല്‍ കേരളത്തിലും നിഴല്‍ മന്ത്രിസഭ നിലവില്‍ വരികയാണ്. കുറച്ചു സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ 40-ലേറെ ക്യാമ്പുകളിലായി നടന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഫലമെന്നോണമാണ് കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായ ഈ നിഴല്‍ മന്ത്രിസഭ നിലവില്‍ വരുന്നത്. പ്രതിഫലമൊന്നുമില്ലാതെ സാമൂഹ്യ പ്രതിബദ്ധതയോടെ അവര്‍ ആരംഭിക്കുന്ന നിഴല്‍ മന്ത്രിസഭയെന്ന സംരംഭത്തിന്‍റെ ചരിത്ര പശ്ചാത്തലവും പ്രാധാന്യവും കേരളത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈ ലേഖനം പ്രതിപാദിക്കുന്നു.

ഇന്ത്യയില്‍ ഇന്നു നിലവിലുള്ള ജനാധിപത്യ രീതിയുടെ ആരംഭം ഇംഗ്ലണ്ടില്‍ നിന്നാണ്. ലോകത്തില്‍ പലയിടത്തും ഈ രീതി തുടരുന്നുണ്ട്. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂട്ടിചേര്‍ക്കാമായിരുന്നുവെന്നും ഇതെങ്ങനെയൊക്കെ നവീകരിക്കാമെന്നുമുള്ള ചിന്തയാണ്, 'നിഴല്‍ മന്ത്രി സഭ' എന്ന ആശയത്തിനു രൂപംനല്‍കിയത്.

1905-ല്‍ ഇംഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിന്‍തുടരാനും, ഉത്തരവാദിത്വമുള്ളവരാക്കാനും വേണ്ടിയാണ് നിഴല്‍ മന്ത്രിസഭ എന്ന സംവിധാനം തുടങ്ങുന്നത്. തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങള്‍ക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കള്‍ക്ക് പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനും, ഈ രീതി ഉപയോഗിച്ചു.

ശ്രീലങ്കയിലെ തമിള്‍ ഈഴം പ്രവര്‍ത്തകരും മാലിദ്വീപിലെ വിമതരും ലണ്ടനില്‍ നിഴല്‍ മന്ത്രി സഭ ഉണ്ടാക്കി, തങ്ങളുടെ സ്വരം ലോകത്തെ കേള്‍പ്പിച്ചിട്ടുണ്ട്. അതുപോലെ, ഇംഗ്ലണ്ടില്‍ തന്നെ, വിമത പ്രതിപക്ഷ അംഗങ്ങള്‍, "Shadow cabinet" ഉം പരീക്ഷിച്ചിട്ടുണ്ട്. പല സ്ഥലത്തും ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും, ജനങ്ങള്‍ ശ്രദ്ധിക്കുന്ന രീതിയില്‍ നിഴല്‍ മന്ത്രിസഭകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ടോണി ബ്ലയര്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രി ആകുന്നതിനു മുന്‍പ് നിഴല്‍ മന്ത്രിസഭയില്‍ തിളങ്ങിയിരുന്നു. സാധാരണ ഗതിയില്‍, പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്ക് ആവശ്യമായ രേഖകളും, പണവും, സര്‍ക്കാര്‍ തന്നെയാണ് നല്‍കുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ക്കും, വിദ്ഗദ്ധര്‍ക്കും ഇത്തരം സംവിധാനം പരീക്ഷിക്കാമെങ്കിലും, യാതൊരുവിധ സഹായമോ, പിന്തുണയോ സര്‍ക്കാരില്‍നിന്ന് ലഭിക്കണമെന്നില്ല. അമേരിക്കയില്‍, ട്രംപ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍, വിദഗ്ദ്ധരുടെ നേതൃത്വത്തില്‍, ഇത്തരമൊരു പരീക്ഷണം 2017-ല്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലും നിഴല്‍ മന്ത്രിസഭയെന്ന ആശയവും ചിന്തകളും ആവിര്‍ഭവിച്ചുവരുന്നുണ്ട്. യാതൊരു വിധ ഔദ്യോഗിക സഹായമോ, അംഗീകാരമോ ഇല്ലാതെയാണ് അത്തരം ചിന്തകള്‍ ഉടലെടുത്തത്. പ്രത്യേക രേഖകളോ വാര്‍ത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990-ല്‍, കുറച്ചു കാലത്തേക്ക്, Kitchen cabinet നടത്തിയിരുന്ന തൊഴിച്ചാല്‍, രേഖകള്‍ അനുസരിച്ച്, ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണ്, 2005 ജനുവരിയില്‍, ബിജെപിയും ശിവസേനയും കൂടി വിലാസ് റാവു ദേശ് മുഖ് നയിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണയുടെയും ഗോപിനാഥ് മുണ്ടയുടെയും നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയത്.

പിന്നീട് 2014-ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും, 2015-ല്‍, ഗോവയില്‍, ആം ആദ്മി പാര്‍ട്ടിയും, GenNext എന്ന എന്‍ജിഒയും, നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി. 2014-ല്‍ കേന്ദ്ര സര്‍ക്കാരിനെ നിരീക്ഷിക്കാന്‍, ഉണ്ടാക്കിയ ഒരു നിഴല്‍ സംവിധാനം ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം ആദ്മി സര്‍ക്കാരിനെ നന്നാക്കാനായി, 2015-ല്‍ ബിജെപിയും, കോണ്‍ഗ്രസ്സും ഓരോ നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയിട്ടുണ്ടത്രേ. അതുപോലെ, ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ആം ആദ്മി പാര്‍ട്ടി ഓരോ നിഴല്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു വരുന്നു.

നിഴല്‍ മന്ത്രിസഭയുടെ ഗുണങ്ങള്‍:

1. സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ചും, പ്രവൃത്തികളെക്കുറിച്ചും, കൃത്യമായി പിന്തുടരാനാകുന്നു.

2. സര്‍ക്കാരിന്‍റെ നയങ്ങളെ, ആ വിഷയത്തില്‍ വിദഗ്ദ്ധരായ ആള്‍ക്കാര്‍ വിലയിരുത്തുന്നു.

3. സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് ജനകീയ ബദലുകള്‍ അന്വേഷിക്കുന്നു.

4. സര്‍ക്കാരിനെ ജനപക്ഷത്തുനിന്ന് ഉപദേശിക്കുന്നു.

5. ആവശ്യമായ സമയത്ത് വേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു മുന്‍കൂട്ടി ഉപദേശിക്കുന്നു.

6. സര്‍ക്കാരിന്‍റെ നയങ്ങളെ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, ലളിതമായി വിശദീകരിക്കാന്‍ കഴിയുന്നു.

7. സര്‍ക്കാര്‍ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരില്‍ ഉണ്ടാക്കുന്നു.

8. പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചര്‍ച്ചയ്ക്ക് സഹായിക്കുന്നു.

9. വ്യത്യസ്ത ആവശ്യക്കാരുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ കൂടുതല്‍ വ്യക്തത ഉണ്ടാകുന്നു.

പ്രത്യേകം ശ്രദ്ധിക്കുവാന്‍:
1. നാടിന്‍റെ വലിപ്പവും, ജനങ്ങളുടെ വ്യത്യസ്തതയും മൂലം, ഏതൊരു വിഷയത്തിലോ, വകുപ്പിലോ മൂന്നരക്കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍, ഒരു മന്ത്രി എത്രമാത്രം പ്രായോഗികമാണ്?

2. ഓരോ വിഷയങ്ങളെയും, കൃത്യതയോടെ പിന്തുടരാനും, അതിന്‍റെ ഫലപ്രാപ്തിവരെ കൂടെ നില്‍ക്കാനും, കാക്കത്തൊള്ളായിരം കാര്യങ്ങള്‍ക്കിടയില്‍, മന്ത്രിമാര്‍ക്ക് പറ്റുമോ?

3. പ്രതിപക്ഷപാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും, ഭരണ പരിചയത്തിനുള്ള അവസരം ഉണ്ടാകേണ്ടേ?

4. ഭരണപക്ഷം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കേണ്ടതല്ലേ?

5. പൊതുഖജനാവിലെ പണം മൂല്യത്തോടെ ഉപയോഗിക്കാന്‍ വ്യത്യസ്തമായ നിരീക്ഷണ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ലേ?

6. അധികാരത്തിന്‍റെ ഏതു തരത്തിലുള്ള വികേന്ദ്രീകരണവും പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ?

നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ തങ്ങളുടെ ഭരണം ഏല്‍പിക്കാനും, ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള നിഴല്‍ മന്ത്രിസഭയെന്ന സംവിധാനം താരതമ്യേന ലളിതമാണ്. ജനപക്ഷത്തുനിന്നു കൊണ്ട്, ജന നന്മ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധിതരാകും. അപ്പോള്‍ കൂടുതല്‍ ക്രിയാത്മകമായി വിഷയത്തിലൂന്നി ചര്‍ച്ചകള്‍ നടക്കും. നിയമസഭയുടെ സമയം, കൂടുതല്‍ പ്രയോജനകരമായി ഉപയോഗിക്കപ്പെടുകയും ചെയ്യും. വ്യത്യസ്ത കോണുകളിലൂടെ, സര്‍ക്കാര്‍ നയങ്ങളെ വിലയിരുത്താനും സര്‍ക്കാര്‍ നയങ്ങള്‍, കൂടുതല്‍ ആള്‍ക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍, നടപ്പിലാക്കാനുള്ള സാധ്യതകള്‍ ഇവിടെ ഉരുത്തിരിയുകയും ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

2017 നവംബര്‍ 1 മുതല്‍ എറണാകുളം ജില്ലയിലെ മൂഴിക്കുളം ശില്പശാലയില്‍ തുടങ്ങിയ ആലോചനായോഗങ്ങള്‍ വഴി നിഴല്‍ മന്ത്രിസഭ എന്ന ആശയം കേരളത്തിലും രൂപപ്പെടുകയാണ്. ഇതു വരെ നടന്ന നാല്പതോളം ശില്പശാലകളും ആലോചനാ യോഗങ്ങളും, നിഴല്‍ മന്ത്രിസഭയുടെ പ്രായോഗികരൂപം ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തിലേക്ക് മുന്നേറുകയാണ്. വോട്ടേഴ്സ് അലയന്‍സ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയന്‍ കൂട്ടായ്മ, ഹുമന്‍ വെല്‍നെസ്സ് സ്റ്റഡി സെന്‍റര്‍ എന്നീ സംഘടനകള്‍ ഇക്കാര്യത്തിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ മറ്റു പല സംഘടനകളും ഇതിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍, പതിനെട്ടു മന്ത്രിമാരുള്ള ഒരു മന്ത്രിസഭയാണ് നിലവില്‍ ഉള്ളത്. അതിനാല്‍, 18 നിഴല്‍ മന്ത്രിമാരായിരിക്കും, നിഴല്‍ മന്ത്രി സഭയിലും ഉണ്ടാകുക. ഒരു മാതൃക മന്ത്രിസഭാ എങ്ങനെ ആയിരിക്കണമെന്ന സന്ദേശം നല്‍കാനായി, കേരളത്തിലെ 50 ശതമാനത്തിലേറെ ഉള്ള സ്ത്രീകളെ പ്രതിനിധീകരിക്കാന്‍ 50 ശതമാനം സ്ത്രീകളും, ഒരു ട്രാന്‍സ് ജെണ്ടറും, ഒരു ഭിന്നശേഷിയുള്ള വ്യക്തിയും, ഒരു കാനനവാസിയും ഈ നിഴല്‍ മന്ത്രിസഭയില്‍ ഉണ്ടാകും. കേരളത്തില്‍ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി ആയിരിക്കും നിഴല്‍ മന്ത്രിസഭയെ നയിക്കുക. ഏപ്രില്‍ 28-നു എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാര്‍ക്കില്‍, ഇന്ത്യയ്ക്കകത്തു നിന്നും, പുറത്തു നിന്നുമുള്ള പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍, ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷികളാകാനും ഈ നവസംവിധാനത്തെ നേര്‍വഴിക്ക് നയിക്കാനും, കേരള കാര്യങ്ങളില്‍ ഗൗരവമായി താല്പര്യമുള്ള ഏവര്‍ക്കും കഴിയട്ടെ.

ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ഠിതമായതും അഹിംസയില്‍ ഊന്നി, മതേതര കാഴചപ്പാടോടെ, ജനാധിപത്യത്തെ ബഹുമാനിക്കുന്ന, ആര്‍ക്കും, ഈ മന്ത്രിസഭയില്‍ അംഗമാകാം. ഉത്തരവാദിത്വത്തോടെ ജനങ്ങള്‍ക്കായി, പ്രകൃതിക്കായി, നമുക്കായി ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കില്‍, നല്ലൊരു നിഴല്‍മന്ത്രി ഉണ്ടാകും. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആലോചിച്ച്, അന്വേഷിച്ചു, നിലവില്‍ മന്ത്രി ആകാന്‍ സന്നദ്ധരായ 40 പേരുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും, ഉത്തരവാദിത്വങ്ങളെ പരിചയപ്പെടാനുമുള്ള ശില്പശാലകളുണ്ട്.

ഈ ശില്പശാലകളിലൂടെ, സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു 18 പേര്‍ ഇന്ത്യയിലെ ആദ്യത്തെ ഗൗരവപൂര്‍കമായ നിഴല്‍ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍, വലിയ പ്രതീക്ഷകളാണ് ജനങ്ങള്‍ക്ക് ഉള്ളത്.

aniljosearcher@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org