Latest News
|^| Home -> Cover story -> ‘ഞങ്ങളോ’ ‘അവരോ’ അല്ല, നമ്മള്‍!

‘ഞങ്ങളോ’ ‘അവരോ’ അല്ല, നമ്മള്‍!

Sathyadeepam

 

 

 

 

 

ഫാ. സെദ്രിക് പ്രകാശ് എസ്.ജെ.

പ്രഗത്ഭനായ ബ്രിട്ടീഷ് നാടകകൃത്ത് ഡേവിഡ് ക്യാംപ്ടണ്‍ 1972-ല്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയും ലളിതമായി കഥ പറയുന്നതുമായ ഒരു ഏകാങ്കനാടകമെഴുതി. ”ഞങ്ങളും അവരും” എന്നായിരുന്നു അതിന്റെ പേര്. അലഞ്ഞു തിരിയുന്ന രണ്ടു സംഘങ്ങള്‍ നിര്‍ദോഷമായി, വാസമുറപ്പിക്കാന്‍ അനുയോജ്യമായ ഒരിടം തേടുന്നിടത്താണു നാടകം ആരംഭിക്കുന്നത്. പ്രകൃതിമനോഹരമായ ഒരു പ്രദേശത്താണ് അവര്‍ ”അനുയോജ്യമായ” സ്ഥലം കണ്ടെത്തുന്നത്. വൈരുദ്ധ്യമെന്നു പറയട്ടെ, ഇരുകൂട്ടരും കണ്ടെത്തിയ സ്ഥലങ്ങള്‍ അടുത്തടുത്തായിരുന്നു. സ്വന്തം വാസസ്ഥലങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ട് ഒരു വര വരയ്ക്കാന്‍ അവര്‍ ധാരണയിലെത്തി. നമ്മളെല്ലാവരും വളരെ സ്വാഭാവികവും പ്രായോഗികവുമായി കാണുന്ന കാര്യം. കുറച്ചു കാലത്തേയ്ക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എങ്കിലും വൈകാതെ അവിടെ ഒരു വേലി രൂപപ്പെട്ടു. വേലി ഒരു മതിലായി മാറി. മതിലിനു പതുക്കെ ഉയരം കൂടുന്നു. മതിലിന്റെ അപ്പുറത്തുള്ളവര്‍ എന്തു ചെയ്യുന്നു അറിയാന്‍ കഴിയാത്ത വിധത്തില്‍ മതില്‍ മാറുന്നു.

സ്വാഭാവികമായും, അപ്പുറത്ത് എന്തു സംഭവിക്കുന്നുവെന്ന് അവര്‍ അതിശയിച്ചുകൊണ്ടിരിക്കും! അവര്‍ സ്വന്തമായ നിഗമനങ്ങളിലേയ്‌ക്കെത്തും. വൈകാതെ, അവരുടെ ചിന്തകള്‍ സംശയമായി മാറും. സംശയം അവിശ്വാസത്തിലേയ്ക്കും അവിശ്വാസം ഭയത്തിലേയ്ക്കും നയിക്കുന്നു. അപരന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നു ഇരുകൂട്ടരും വിശ്വസിക്കുന്നതിലേയ്ക്ക് ഇതു ചെന്നെത്തുന്നു. ഭയം പിടിമുറുക്കുന്നതോടെ ഇരുകൂട്ടരും തുടര്‍ന്നുണ്ടായേക്കാവുന്ന സംഘര്‍ഷത്തിനുള്ള ഒരുക്കം അവര്‍ അറിയാതെ തന്നെ ആരംഭിക്കുന്നു. ക്രമത്തില്‍ അത് അക്രമത്തിലേയ്ക്കു ചെന്നെത്തുന്നു. ഒടുവില്‍ അതിജീവിക്കുന്ന രണ്ടു കൂട്ടരും പരസ്പരമേല്‍പിച്ച വിനാശങ്ങളിലേയ്ക്കു നോക്കിക്കൊണ്ട് അന്തിമ നിഗമനത്തിലെത്തുന്നു, ”മതിലാണു പ്രശ്‌നകാരണം.”

ആ ചരിത്രഘട്ടത്തില്‍ നിരവധി രാഷ്ട്രങ്ങളേയും സമൂഹങ്ങളേയും ബാധിച്ച ധ്രുവീകരണത്തേയും വിഭാഗീയതയേയും പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ നാടകം. മനുഷ്യപ്രകൃതിക്കു ചെന്നു വീഴാന്‍ കഴിയുന്ന അഗാധ ഗര്‍ത്തത്തെ അപഹസിക്കുക, സമൂഹം വേദനിക്കുമ്പോഴും നിലനില്‍ക്കുന്ന പരമമായ വിഡ്ഢി ത്തത്തെ ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം.

1960-കളുടെ അവസാനവും 1970-കളുടെ ആദ്യവും, ചരിത്രപരമായി, പ്രതിരോധത്തിന്റെ കാലമായിരുന്നു. വംശീയതയ്ക്കും അനീതികള്‍ക്കും യുദ്ധത്തിനും അക്രമത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ ഈ വര്‍ഷങ്ങളില്‍ നിറഞ്ഞു നിന്നു. പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്കും വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കുമായി ജനലക്ഷങ്ങളാണ് അന്നു അമേരിക്കയില്‍ തെരുവിലിറങ്ങിയത്. യൂറോപ്പില്‍ നിരവധി വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളുണ്ടായി. ‘കപടനാട്യക്കാരുടെ സമൂഹം’ അംഗീകൃതമായി കരുതിയിരുന്ന സകലതിനുമെതിരെ ഉയര്‍ന്നു വന്ന ഹിപ്പി സംസ്‌കാരം സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരെ ആകര്‍ഷിച്ചു. 1968 ഏപ്രിലില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ കൊല്ലപ്പെട്ടു. അതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ആഗോളമായി തന്നെ സംഘര്‍ഷഭരിതമായിരുന്നു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഭാഗീയതകളില്‍ ജനങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ രോഷാകുലരായി. കൂടുതല്‍ സാമൂഹ്യ സഹവര്‍ത്തിത്വത്തിനും സകലര്‍ക്കും കുറെക്കൂടി മെച്ചപ്പെട്ട ഭാവിക്കും വേണ്ടിയുള്ള മോഹവും പ്രത്യാശയും ആ വര്‍ഷങ്ങളില്‍ ഉരുവായിരുന്നു.

സഭയെ സംബന്ധിച്ചും അതൊരു തരം വസന്തകാലമായിരുന്നു; രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയും സഭയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. 1963 ഏപ്രിലില്‍ ആണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ‘ഭൂമിയില്‍ സമാധാനം’ എന്ന നിശിതമായ തന്റെ ചാക്രികലേഖനം ലോകത്തിനു സമ്മാനിച്ചത്. ശീതയുദ്ധത്തില്‍ ആണ്ടുമുങ്ങിയിരുന്ന ലോകത്തെ സംബോധന ചെയ്യുന്നതിനാണ് അദ്ദേഹം അതെഴുതിയത്. ബര്‍ലിന്‍ മതില്‍ ഉയരുകയും ആണവായുധവ്യാപനം നടന്നുകൊണ്ടിരിക്കെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ജനകോടികളെ ഭയചകിതരാക്കുകയും ചെയ്ത ഒരു സമയമായിരുന്നു അത്. മനുഷ്യാവകാശങ്ങളുടെ അലംഘനീയതയെ കുറിച്ച് അദ്ദേഹം ചാക്രികലേഖനത്തില്‍ പറയുന്നു. സത്യം, നീതി, സ്‌നേഹം, സ്വാതന്ത്ര്യം എന്നീ പകരം വയ്ക്കാനാകാത്ത മൂല്യങ്ങളെ കുറിച്ചും. സുസ്ഥിരസമാധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണിവ. ഈ നാലു മാനങ്ങള്‍ മുഖ്യധാരയിലെത്തിയാല്‍ ”ഭൂമിയില്‍ സമാധാനം” ഉറപ്പാകുമെന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അറുപതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പറഞ്ഞതൊന്നും ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, ഇന്നും അതാരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല!

കഴിഞ്ഞ കുറച്ചു കാലമായി, ”ഞങ്ങളും അവരും” ലോകവേദിയില്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മനുഷ്യവംശത്തിന്റെ മനസാക്ഷിയിലും ഓര്‍മ്മയിലും എന്നേയ്ക്കുമായി മുദ്രിതമാക്കപ്പെട്ടിരിക്കുന്ന വേദനാപൂര്‍ണമായ രണ്ടു ചിത്രങ്ങളുണ്ട്: ബീഹാറിലെ മുസ്സഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ചു കിടക്കുന്ന തന്റെ അമ്മയെ മൂടിയിരിക്കുന്ന പുതപ്പ് വലിച്ചു നീക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം; അമേരിക്കയിലെ മിനിയപ്പൊലിസില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്റെ കഴുത്തില്‍ തന്റെ മുഴുവന്‍ ശരീരഭാരവും വച്ച് മുട്ടുകാല്‍ അമര്‍ത്തിയിരിക്കുന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍. അയാള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിയാത്ത വിധം ഒമ്പതു മിനിറ്റോളം അപ്രകാരം വച്ചുകൊണ്ടിരുന്നു. മനുഷ്യനോടുള്ള മനുഷ്യന്റെ ‘മനുഷ്യത്വരാഹിത്യത്തെ’ കുറിച്ചാണ് ഈ നിര്‍ണായക ചിത്രങ്ങള്‍ നമ്മോടു പറയുന്നത്.

ഡെറിക് ഷോവിന്‍ എന്ന വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ മെയ് 25നു കൊലപ്പെടുത്തിയ കറുത്ത അമേരിക്കനാണ് ജോര്‍ജ് ഫ്‌ളോയിഡ് (46). കൂടെ നിന്നവര്‍ ചിത്രീകരിച്ച കൊലപാതകത്തിന്റെ വീഡിയോ ലോകമെങ്ങും വന്‍തോതില്‍ പ്രചരിച്ചു. ഷോവിന്‍ ഫ്‌ളോയിഡിന്റെ കഴുത്ത് ഒമ്പതു മിനിറ്റോളം നിലത്തോടു ചേര്‍ത്ത് മുട്ടുകുത്തി നില്‍ക്കുന്നത് വ്യക്തമായും വേദനാപൂര്‍ണമായും കാണിക്കുന്ന വീഡിയോ ആണത്. കിതയ്ക്കുന്ന ഫ്‌ളോയിഡ് ”എനിക്കു ശ്വാസംമുട്ടുന്നു” എന്ന് യാചിക്കുന്നതു കേള്‍ക്കാം; ഫ്‌ളോയിഡിന്റെ ശ്വാസം നിലയ്ക്കുന്നതുവരെ ഷോവിന്‍ വിടുന്നില്ല. ക്രൂരമായ ആ കൊലപാതകത്തിന്റെ ദൃശ്യവും ഫ്‌ളോയിഡ് തന്റെ ജീവനു വേണ്ടി യാചിക്കുന്ന രീതിയും അമേരിക്കയെ എക്കാലത്തേയ്ക്കും വേട്ടയാടും.

ആഫ്രിക്കന്‍-അമേരിക്കന്‍ ജീവിതാനുഭവത്തിന്റെ ഒരു ദൃഷ്ടാന്തമാണ് ഫ്‌ളോയിഡ് മരിച്ച സ്ഥലത്തു സംഭവിച്ചതെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ തനിക്കു മനസ്സിലായതായി ജൂണ്‍ നാലിനു മരണാനന്തര ശുശ്രൂഷയില്‍ വികാരാധീനമായ ചരമപ്രസംഗം നടത്തുമ്പോള്‍, പൗരാവകാശ നേതാവായ റവ. അല്‍ ഷാര്‍പ്ടണ്‍ പറഞ്ഞു. ഷാര്‍പ്ടണ്‍ പറഞ്ഞു, ”ആ സ്ഥലത്തു നില്‍ക്കുമ്പോള്‍ എനിക്കു മനസ്സിലായി, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഥ കറുത്ത മനുഷ്യരുടെ കഥയാണ്. കാരണം, 401 വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഞങ്ങള്‍ ആഗ്രഹിച്ചതും സ്വപ്‌നം കണ്ടതും പോലെ ആയിത്തീരാന്‍ ഞങ്ങള്‍ക്കൊരിക്കലും കഴിയാതിരുന്നതിന്റെ കാരണം നിങ്ങള്‍ ഞങ്ങളുടെ കഴുത്തില്‍ കാല്‍മുട്ടു വച്ചുകൊണ്ടിരുന്നു എന്നതാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ”ഫ്‌ളോയിഡിനു സംഭവിച്ചത് ഈ രാജ്യത്ത് എന്നും സംഭവിക്കുന്നു, വിദ്യാഭ്യാസത്തില്‍, ആരോഗ്യസേവനങ്ങളില്‍, അമേരിക്കന്‍ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും. ജോര്‍ജിന്റെ പേരില്‍ എണീറ്റു നില്‍ക്കാനും ഞങ്ങളുടെ കഴുത്തുകളില്‍ നിന്നു നിങ്ങളുടെ കാല്‍മുട്ടുകള്‍ എടുത്തു മാറ്റുവിനെന്നു പറയാനുമുള്ള സമയമാണിത്!”

ജോര്‍ജിന്റെ കൊലപാതകം അമേരിക്കയിലെങ്ങും പരപ്രേരണാരഹിതമായ അനേകം പ്രക്ഷോഭങ്ങള്‍ക്കു തീ കൊളുത്തി, വിഭാഗീയതകള്‍ കൂടാതെ അനേകായിരങ്ങള്‍ വംശീയവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി, പോലീസ് ക്രൂരതയെ അപലപിച്ചു: ചിലയിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായി, തീവയ്പും കൊള്ളയും നടന്നു. അക്രമം അസ്വീകാര്യമാണ്. അതിനെ ആഗോളതലത്തില്‍ തന്നെ അപലപിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭങ്ങളുണ്ടായി. വംശീയതയും എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനം തെരുവുകളിലിറങ്ങി. വിചിത്രമെന്നു പറയട്ടെ, അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ‘നേതാക്കള്‍’ ഒരു നിലപാടെടുക്കാന്‍ മടിച്ചു നിന്നു.

ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ നാം അനുഭവിച്ചത് കുടിയേറ്റ തൊഴിലാളികളുടെ പരിതാപകരമായ സ്ഥിതിയാണ്. അമ്മയുടെ മൃതദേഹത്തിനരികിലെ ആ കുഞ്ഞ് എല്ലാം പറയുന്നുണ്ട്!! ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ആദിവാസികളോ ദളിതരോ പിന്നാക്കവിഭാഗക്കാരോ ആണ്; ഇന്ത്യയുടെ ദുര്‍ഗമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. അവര്‍ വലിയ പട്ടണങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും മെച്ചപ്പെട്ട സംസ്ഥാനങ്ങളിലേയ്ക്കും ഉപജീവനം തേടി കുടിയേറുന്നു. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു. പക്ഷേ ഈ ജനങ്ങളാണ്, ‘അവര്‍’ ആണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ജീവദാതാക്കള്‍.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ തന്നെ, ഇന്ത്യയുടെ ആധുനിക ചരിത്രത്തിലെ അഭൂതപൂര്‍വകമായ ഈ മാനവീക പ്രതിസന്ധി ഇന്ത്യയുടെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചു. ദശലക്ഷകണക്കിനു കുടിയേറ്റക്കാര്‍ ഭക്ഷണവും പണവും പാര്‍പ്പിടവുമില്ലാതെ വീടെത്താന്‍ കഷ്ടപ്പെട്ടു. ഭരണഘടനയിലെ 14, 15, 16, 21 വകുപ്പുകള്‍ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിന് അവര്‍ വിധേയരായി, സംസ്ഥാന അതിര്‍ത്തികളില്‍ പലരും ഗുരുതരമായ പോലീസ് അതിക്രമങ്ങള്‍ക്കും വിധേയരായി. ലോക്ക്ഡൗണിന്റെ ഫലമായി അനേകര്‍ മരണമടഞ്ഞു. വീടുകളിലേയ്ക്കുള്ള കഠിനമായ യാത്ര, പട്ടിണി, ആത്മഹത്യകള്‍, പോലീസ് മര്‍ദ്ദനങ്ങള്‍, രോഗങ്ങള്‍, റെയില്‍, റോഡ് അപകടങ്ങള്‍ തുടങ്ങിയവ മൂലമായിരു ന്നു ഈ മരണങ്ങള്‍. ‘അവര്‍’ ആയ ഈ മനുഷ്യരുടെ സഹനങ്ങള്‍ ലഘൂകരിക്കുന്നതിനു സുപ്രീം കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ കാര്യമായി ഒന്നും ചെയ്തില്ല. ‘ഉള്ളവരിലേയ്ക്കാണ്’ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ടത്. വിദേശത്തുള്ളവരെ വീട്ടിലേയ്ക്കു വിമാനമാര്‍ഗം കൊണ്ടു വരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കപ്പെട്ടു.

തിരസ്‌കാരവും (എക്‌സ്‌ക്ലൂഷന്‍) വിവേചനവും ഇന്ത്യന്‍ ജനതയെന്ന നിലയില്‍ നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ്. വംശീയതയേക്കാള്‍ പഴയതാണ് ഇന്ത്യയിലെ ജാതീയതയെന്നു നമുക്കറിയാം. നമ്മുടെ ആഹാരം, വസ്ത്രം തുടങ്ങി ആരാധനയില്‍ പോലും ജാതീയതയെ ഉള്‍പ്പെടുത്തിക്കൊണ്ട് നമ്മുടെ സ്വഭാവശൈലികളി ലേയ്ക്കു തന്നെ നാം അതിനെ സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ”അവര്‍”ക്കെതിരെ വിവേചനം പുലര്‍ത്താനുള്ള ‘ദൈവികാവകാശം’ നമുക്കുണ്ടെന്ന മുന്‍ധാരണയോടെയാണു നാം പ്രവര്‍ത്തിക്കുന്നത്. വിവേചനാപൂര്‍ണമായ സമീപനങ്ങള്‍ സമൂഹത്തിലേയ്ക്ക് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നറിയാന്‍ ഏറെ ദൂരേയ്‌ക്കൊന്നും പോകേണ്ടതില്ല. നമ്മുടെ വൈവാഹിക പംക്തികളിലെ പരസ്യങ്ങള്‍ (കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിലേതുള്‍പ്പെടെ) നമ്മുടെ പക്ഷാഭേദങ്ങളുടെയും മുന്‍വിധികളുടേയും വ്യക്തമായ സൂചകങ്ങളാണ്; നാമന്വേഷിക്കുന്ന ജീവിതപങ്കാളി തീര്‍ത്തും ഒരു പ്രത്യേക ജാതിയിലോ വംശത്തിലോ പെട്ടതായിരിക്കണം, നാമന്വേഷിക്കുന്ന തൊലിയുടെ നിറം തന്നെ തികച്ചും വംശീയമായിരിക്കും. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, തങ്ങളുടെ കിണറുകളില്‍ നിന്നു വെള്ളം കോരാന്‍ ഉന്നത ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരെ അനുവദിക്കാറില്ലെന്നത് ഏറെക്കുറെ അംഗീകൃതമായ ഒരു ചട്ടമാണ്. നിരവധി ”പ്രദേശവാസികള്‍” കുടിയേറ്റക്കാരെ കുറിച്ചു പരാതി പറയുന്നത് ഈയിടെയായി നാം കാണുന്നുണ്ട്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെയുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ അവരുടെ പക്കലെപ്രകാരം കിട്ടി എന്നത്ഭുതപ്പെടുന്നുണ്ട്. വന്‍നഗരങ്ങളില്‍ താമസിക്കുന്ന മിക്കവരും സത്യത്തില്‍ കുടിയേറ്റക്കാരാണ്. ഉദാഹരണത്തിനു ബോളിവുഡിലെ വലിയ വ്യക്തിത്വങ്ങളിലൊന്നും മുംബൈയിലോ മഹാരാഷ്ട്രയിലോ നിന്നുള്ളവരല്ല, മറിച്ച് മറ്റിടങ്ങളില്‍ നിന്നു കുടിയേറിയവരാണ്. അത്ഭുതകരമെന്നു പറയട്ടെ, അവരെയൊന്നും ‘കുടിയേറ്റ സിനിമാതാരങ്ങള്‍’ എന്നു നാം പറയാറില്ല. വികസിതമെന്നു നാം വിളിക്കുന്ന ലോകത്തിലെ മിക്ക രാജ്യങ്ങളിലും പുറമെ നിന്നുള്ളവര്‍ (സാമ്രാ ജ്യശക്തികളോ, ‘തീര്‍ത്ഥാടകരോ’ എന്തുമാകട്ടെ) പ്രദേശ/ആദിമ നിവാസികളുടെ ഭൂമിയും വിഭവസ്രോതസ്സുകളും കൈവശപ്പെടുത്തിയിട്ടുള്ളവരാണ്. പക്ഷേ ഈ നഗ്നസത്യങ്ങള്‍ നാം സൗകര്യപൂര്‍വം മറക്കുന്നു. നമ്മുടെ പല സമീപനങ്ങളും തികച്ചും വിവേചനാപൂര്‍ണവും തീര്‍ത്തും അക്രൈസ്തവവുമാണ്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും വിവേചനം നേരിടുന്നു. അസംഖ്യം അനുഭവങ്ങള്‍ ഇതു തെളിയിക്കാനായി ഉണ്ട്. ഹിന്ദു തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ അട്ടഹാസങ്ങളും പോര്‍വിളികളും മുഴക്കുന്നത് ഒരു പതിവായിരിക്കുന്നു. ന്യൂനപക്ഷസമുദായാംഗങ്ങള്‍ ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കു വിധേയരാക്കപ്പെടുമ്പോള്‍ പ്രതിഷേധത്തിന്റെ നേരിയ സ്വരങ്ങള്‍ പോലും ഉയരുന്നില്ല. ആള്‍ക്കൂട്ടാക്രമണം ‘പുതിയ പതിവ്’ ആയിരിക്കുകയാണെന്ന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറയുന്ന സ്ഥിതിയുണ്ടായി. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന അക്രമിസംഘനേതാവിനെ ഭരണകക്ഷി ആഘോഷപൂര്‍വം സ്വീകരിച്ചാനയിക്കുന്ന സ്ഥിതി പോലും ഉണ്ടായി. മെയ് അവസാനം ഒഡിഷയില്‍ പതിനാലുകാരനായ ഒരു ക്രിസ്ത്യന്‍ ആണ്‍കുട്ടി ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയനായി. കോവിഡ്-19 പകര്‍ച്ചവ്യാധി വന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ദല്‍ഹിയിലെ ഒരു മുസ്ലീം സമ്മേളനത്തിനു മാത്രമാണെന്നു ചിത്രീകരിക്കപ്പെട്ടു. ഗുജറാത്തിലെമ്പാടു നിന്നും വിദേശത്തുനിന്നും സര്‍ക്കാര്‍ ചിലവില്‍ അനേകായിരങ്ങളെ എത്തിച്ചു നടത്തിയ അഹമ്മദാബാദിലെ ‘നമസ്‌തേ ട്രംപ്’ എന്ന വന്‍ സമ്മേളനം കഴിഞ്ഞ് ഉടനെയായിരുന്നു ഈ മുസ്ലീം സമ്മേളനം. നിങ്ങള്‍ പൗരത്വനിയമഭേദഗതിക്കെതിരായിരിക്കുകയും ഒപ്പം ഒരു മുസ്ലീം ആയിരിക്കുകയും ചെയ്താല്‍ മാരകമായ യുഎപിഎ ചുമത്തി നിങ്ങളെ ജയിലില്‍ ഇടാന്‍ മറ്റൊന്നും വേണ്ട.

ക്രൈസ്തവരും ഒഴിവാക്കപ്പെട്ടിട്ടില്ല

പള്ളികള്‍ സ്ഥിരമായി ആക്രമിക്കപ്പെടുന്നു, സഭാപ്രവര്‍ത്തകര്‍ മര്‍ദ്ദിക്കപ്പെടുന്നു, ക്രൈസ്തവര്‍ക്കെതിരെ വ്യവസ്ഥാപിതമായ വിധത്തില്‍ വിവേചനം നടക്കുന്നു. ആവശ്യമായ യോഗ്യതകള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്കു ഗവണ്‍മെന്റ് ജോലികള്‍ നിഷേധിക്കപ്പെടുന്നു. പ്രത്യക്ഷമായും ഗുപ്തമായും ഈ പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. ഈ തിരസ്‌കാര ഭരണകൂടത്തിന്റെ ഇരകളാണ് ആദിവാസികളും ഗോത്രവംശജരും മറ്റു വനവാസികളും. വര്‍ഷങ്ങളായി വനങ്ങളും വനഭൂമിയും ആദിവാസികളുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളായിരുന്നു. അവര്‍ക്ക് തികച്ചും അവകാശപ്പെട്ടതിനെ അവര്‍ക്കു നിഷേധിക്കുന്ന വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നു വരുന്നത്. ഈ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ നാം കണ്ടതു പോലെ, ചേരിവാസികളും ദിവസക്കൂലിക്കാരും കുടിയേറ്റത്തൊഴിലാളികളും സ്ത്രീകളും കുട്ടികളും എല്ലാം അനീതിപരവും ചൂഷണാധിഷ്ഠിതവുമായ ഈ സംവിധാനത്തിന്റെ ഇരകളാണ്. സമ്പന്നരും ശക്തരും ഉന്നതജാതിക്കാരുമായ ചെറിയൊരു വിഭാഗ ത്തിനു മാത്രമേ ഈ വ്യവസ്ഥ കൊണ്ടു പ്രയോജനമുള്ളൂ. സമൂഹത്തിന്റെ വലിയൊരു വിഭാഗവും ഈ വ്യവസ്ഥയില്‍ വിവേചനം നേരിടുകയാണ്.

ദുഃഖകരമെന്നു പറയട്ടെ, ‘ഞങ്ങളും അവരും’ സമകാലിക ലോകത്തിലും വിശേഷിച്ച് ഇന്ത്യയിലും വളരെ പ്രസക്തമാണ്.

അതുകൊണ്ട്, ”ഫ്‌ളോയിഡിനു സംഭവിച്ചത് ഈ രാജ്യത്ത് എന്നും സംഭവിക്കുന്നു, വിദ്യാഭ്യാസത്തില്‍, ആരോഗ്യസേവനങ്ങളില്‍, അമേരിക്കന്‍ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും. ജോര്‍ജിന്റെ പേരില്‍ എണീറ്റു നില്‍ക്കാനും ഞങ്ങളുടെ കഴുത്തുകളില്‍ നിന്നു നിങ്ങളുടെ കാല്‍മുട്ടുകള്‍ എടുത്തു മാറ്റുവിനെന്നു പറയാനുമുള്ള സമയമാണിത്!” എന്നു ജോര്‍ജ് ഫ്‌ളോയിഡിനെക്കുറിച്ചുള്ള ചരമപ്രസംഗത്തില്‍ റവ. ഷാര്‍പ്ടണ്‍ പറയുമ്പോള്‍, അദ്ദേഹം ഇന്ത്യന്‍ സമൂഹത്തിലെ ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും കുടിയേറ്റത്തൊഴിലാളികളേയും സ്ത്രീകളേയും മറ്റു കീഴാള വിഭാഗങ്ങളേയും കൂടിയാണ് ഉദ്ദേശിച്ചതെന്നതില്‍ തര്‍ക്കമില്ല. ഫ്‌ളോയിഡിന്റെ ജീവിതം ഇറുത്തെടുക്കപ്പെട്ടതു പോലെ, നമ്മുടെ ജനങ്ങളുടെ വേദനാജനകമായ യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഇന്ത്യയിലുമുണ്ട്: മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്നു, കുടിയേറ്റ തൊഴിലാളികള്‍ തീവണ്ടി കയറി കൊല്ലപ്പെട്ടു, മരിച്ചുപോയ അമ്മയുടെ പുതപ്പു പിടിച്ചു വലിക്കുന്ന കുഞ്ഞ്… സഹനമനുഭവിക്കുന്നവരുടെ കരച്ചില്‍ വ്യക്തമാണ്: ”നിന്റെ കാല്‍മുട്ട് എന്റെ കഴുത്തില്‍ നിന്നു മാറ്റൂ, എന്നെ ശ്വാസം മുട്ടിക്കാതിരിക്കൂ, എന്നെ ശ്വസിക്കാന്‍ അനുവദിക്കൂ…”

തിരസ്‌കാരത്തിനെതിരായ (എക്‌സ്‌ക്ലൂഷന്‍) തന്റെ നിലപാട് ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളോയിഡിന്റെ മരണശേഷം നല്‍കിയ ഒരു സന്ദേശത്തില്‍ വംശീയതയെ ഒരു പാപമെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞു, ”വംശീയതയോടും തിരസ്‌കാരത്തോടും സഹിഷ്ണുത പുലര്‍ത്താനോ അവയ്‌ക്കെതിരെ കണ്ണടയ്ക്കാനോ നമുക്കു സാധിക്കില്ല. അങ്ങനെ ചെയ്തുകൊണ്ട്, ഓരോ മനുഷ്യജീവന്റെയും പവിത്രത സംരക്ഷിക്കുകയാണെന്നു നമുക്കവകാശപ്പെടാനാകില്ല. അതേസമയം അക്രമം സ്വന്തം നാശത്തിനും സ്വപരാജയത്തിനും ഇടയാക്കുമെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. അക്രമം കൊണ്ട് ഒന്നും നേടാനാവില്ല, ധാരാളം നഷ്ടമുണ്ടാകുകയും ചെയ്യും.”

മെയ് 13ന് ലോക കുടിയേറ്റ, അഭയാര്‍ത്ഥി ദിനാചരണത്തിനു (സെപ്തംബര്‍ 27) മുന്നോടിയായി പുറപ്പെ ടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ‘പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായ യേശുക്രിസ്തു: ആഭ്യന്തരമായി സ്ഥാനഭ്രംശം നേരിടുന്ന മനുഷ്യരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ഉള്‍ ച്ചേര്‍ക്കുകയും ചെയ്യുക’ എന്നതിനാണ് ഊന്നലേകിയത്. അദ്ദേഹം പറയുന്നു, ”ആഭ്യന്തരമായി സ്ഥാനഭ്രംശപ്പെട്ട മനുഷ്യരുടെ ദുഃഖാനുഭവത്തിന് ഈ സന്ദേശം സമര്‍പ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പലപ്പോഴും കാണപ്പെടാതെ പോകുന്ന ഒരു ദുരന്തമാണിത്. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ചിരിക്കുന്ന ആഗോള പ്രതിസന്ധി ഇതിനെ രൂക്ഷമാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ കോവിഡിന്റെ രൂക്ഷതയും ശക്തിയും വ്യാപ്തിയും മൂലം ജനലക്ഷങ്ങളെ ബാധിക്കുന്ന മറ്റ് അനേകം മാനവീക പ്രതിസന്ധികളെ പരിഹരിക്കുന്ന ശ്രമങ്ങള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് മറവിക്കുള്ള സമയമല്ല. അനേകര്‍ക്ക് സഹനത്തിനിടയാക്കുന്ന നിരവധി മറ്റു പ്രതിസന്ധികളെ മറക്കാന്‍ ഈ പ്രതിസന്ധി ഇടയാക്കരുത്.”

ചരിത്രത്തില്‍ നിന്നു പഠിക്കാനുള്ള ധീരത നമുക്കാവശ്യമാണ്. ”ഞങ്ങളും അവരും” ഇനിയില്ല, ‘ഞങ്ങള്‍’ ആ ണുള്ളത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ”ഞങ്ങള്‍ ജനങ്ങള്‍,” ”ഞങ്ങള്‍, ക്രിസ്തുശിഷ്യര്‍.” മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, ”എവിടെയെങ്കിലുമുള്ള അനീതി എല്ലായിടത്തേയും നീതിക്ക് ഒരു ഭീഷണിയാണ്.” അന്തിമവിധിയുടെ ദിവസത്തില്‍ ”എപ്പോഴാണു നിന്നെ ഞങ്ങള്‍ വിശക്കുന്നവനായും ദാഹിക്കുന്നവനായും പരദേശിയായും കണ്ടത്…?” എന്നു നാം കര്‍ത്താവിനോടു ചോദിക്കുമ്പോള്‍ കര്‍ത്താവു പറയും, ”ലളിതമാണ് കുഞ്ഞേ, സ്‌നേഹിക്കാനും ‘അവര്‍’ ആകാനുമുള്ള ധീരത നിനക്കില്ലായിരുന്നു.”

Leave a Comment

*
*