നോമ്പിന്റെ നീതിസാരം

നോമ്പിന്റെ നീതിസാരം

ജോസ് തട്ടില്‍, ഇടപ്പള്ളി

"ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?" (ഏശ. 58:6). ഇസ്രായേല്‍ ജനതയുടെ ജീവിതപശ്ചാത്തലത്തില്‍ നല്കപ്പെട്ട ഉപദേശമായിട്ടും നിര്‍ദ്ദേശമായിട്ടും പ്രവാചകന്‍ പ്രസംഗിക്കുമ്പോള്‍ സമകാലീന ക്രിസ്ത്യാനിക്കും ഈ തിരിച്ചറിവു പ്രസക്തമായിരിക്കും. പ്രവാചകന്‍ തുടരുന്നു: "വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്" (ഏശ. 58:7).

ആരാധനക്രമവത്സരത്തില്‍ 'കരിക്കുറി' പെരുന്നാള്‍ തുടങ്ങി ഉയിര്‍പ്പുതിരുനാളിനു മുമ്പ് 6-7 ആഴ്ചക്കാലം നാം നോമ്പാചരണം നടത്തുന്നു (വിവിധ പാശ്ചാത്യ-പൗരസ്ത്യ റീത്തുകളില്‍ ദൈവശാസ്ത്രപരമായ കാരണങ്ങളാല്‍ ആകെയുള്ള നോമ്പുദിനങ്ങള്‍ക്കു ചെറിയ വ്യത്യാസം ഉണ്ടായിരിക്കും). ഈശോയുടെ പീഡാനുഭവവും കുരിശുമരണവും നമ്മുടെ ജീവിതാനുഭവത്തിന്‍റെ ഭാഗമായി വലിയ ആഴ്ചയിലെ വിശുദ്ധ ദിവസങ്ങളില്‍ ആത്മാവില്‍ സന്നിവേശിപ്പിക്കുന്നതിന് ഈ മുന്നൊരുക്കം ഒരു വിശ്വാസിയെ കരുത്തുള്ളവനാക്കുന്നു. കൂടുതല്‍ ദൈവാനുഭവത്തില്‍ ആയിരിക്കുവാന്‍ ഈ ദിവസങ്ങളില്‍ 'വചന'വായന കുരിശിന്‍റെ വഴി' നടത്തല്‍, സംസാരം നിയന്ത്രിക്കല്‍, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ കര്‍ശനമായ നിയന്ത്രണം, തഴക്കദോഷങ്ങള്‍ ഉപേക്ഷിക്കല്‍ തുടങ്ങിയവ വഴി നിരന്തരമായി പ്രാര്‍ത്ഥനാരൂപിയില്‍ നിലനില്ക്കേണ്ടിയിരിക്കുന്നു. ഓരോ നോമ്പുകാലവും മനുഷ്യന്‍റെ നശ്വരതയെ ഓര്‍മിപ്പിക്കുന്നു. മണ്ണില്‍ നിന്ന് എടുക്കപ്പെട്ടവന്‍ മണ്ണിലേക്കുതന്നെ മടങ്ങേണ്ടവനാണല്ലോ.

പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം
നോമ്പുകാലത്തെ സവിശേഷ പ്രാര്‍ത്ഥനകള്‍ സ്വയം വിലയിരുത്തലുകള്‍ക്കും 'വചന'ത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ വിവേചിച്ചറിയുന്നതിനും മാനസാന്തരത്തിനും വേണ്ടിയായിരിക്കണം. ക്രിസ്തുവില്‍ നവീകരിക്കപ്പെട്ട ജീവിതത്തിന് ഉതകുന്ന – ആന്തരികമായി, നന്മയിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്ന മനഃപരിവര്‍ത്തനവും സമര്‍പ്പണവും പ്രാര്‍ത്ഥനയിലൂടെ സംഭവിക്കണം.

ദാനധര്‍മ്മം വഴിയും ദൈവം ആഗ്രഹിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നാം ഏറ്റെടുക്കുമ്പോഴും അതു മറ്റുള്ളവരുടെ കുറവുകളിലേക്കു നമ്മുടെ സഹായഹസ്തമായി രൂപാന്തരപ്പെടുന്നു. പക്ഷേ, ആദ്യം നമ്മുടെ വ്യക്തിപരമായ മാനസാന്തരം നടക്കണം. തുടര്‍ന്ന്, ലോകത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു നേരെ നടക്കുന്ന അനീതിയില്‍ അവരോടൊപ്പം പക്ഷം ചേര്‍ന്നു നില്ക്കുമ്പോള്‍ ഈശോ വിഭാവനം ചെയ്ത ദൈവരാജ്യസ്ഥാപനത്തില്‍ നമ്മുടെ പങ്കുചേരലാകുന്നു.

ആരംഭത്തില്‍ സൂചിപ്പിച്ച ഏശയ്യാ പ്രവാചകന്‍റെ ദര്‍ശനം (ഏശ. 58:6 മുതല്‍) നോമ്പിന്‍റെയും ഉപവാസത്തിന്‍റെയും ചൈതന്യം ദൈവോന്മുഖവും പരോന്മുഖവും (പരസ്നേഹത്തിലധിഷ്ഠിതം) ആയിരിക്കണമെന്നു വ്യക്തമാക്കുന്നു. ഈ പരോന്മുഖ ഉപവാസത്തിനു രണ്ടു മാനങ്ങളുണ്ട്: 1. മനുഷ്യബന്ധങ്ങളെ ദുരിതപൂര്‍ണമാക്കുന്ന വക്രതയുടെ വഴികള്‍ ഉപേക്ഷിക്കുക. 2. ഉള്ളതില്‍ നിന്നു പങ്കുവച്ചു സമൂഹത്തില്‍ ദാരിദ്ര്യത്തിന്‍റെ യാതന അനുഭവിക്കുന്നവരെ സഹായിക്കുന്ന ഉപവിപ്രവൃത്തികള്‍ ചെയ്യുക. പ്രവാചകന്‍റെ ഈ കാഴ്ചപ്പാടുതന്നെയാണു പുതിയ നിയമത്തില്‍ അന്ത്യവിധിയുമായി ബന്ധപ്പെടുത്തി ഈശോ വ്യക്തമാക്കുന്നത് (മത്താ. 25:31-46). "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും ചെറിയ ഈ സഹോദരരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തു തന്നത്."്

പഴയ നിയമത്തില്‍ നോമ്പാചരണം പാപപ്പരിഹാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. തനിക്കു പിറന്ന കുഞ്ഞിനു രോഗം പിടിപ്പെടുമ്പോള്‍ ആ ജീവനുവേണ്ടി രാജാവ് ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട്. ജോയേല്‍ പ്രവാചകന്‍ പാപപ്പരിഹാരത്തിനായി ഉപവാസയജ്ഞം നടത്തുവാന്‍ ആവശ്യപ്പെടുന്നു. ഒരു സമൂഹത്തിന്‍റെ തന്നെ വിശുദ്ധീകരണമാണ് പ്രവാചകന്‍ ഉന്നം വയ്ക്കുന്നത്. ഉപവാസവും പാപപ്പരിഹാരവുമായി ബന്ധപ്പെട്ടാണല്ലോ യോനാ പ്രവാചകഗ്രന്ഥം മുഖ്യമായും വിവരിക്കുന്നത.് പ്രവാചകനെ ശ്രവിച്ച നിനിവേ നിവാസികള്‍ ആസന്നമായ ശിക്ഷ ഒഴിവാക്കുന്നതിനായി ഉപവാസം പ്രഖ്യാപിക്കുകയും കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിക്കുകയും ചെയ്തു. അത് അവര്‍ക്കു രക്ഷാദായകമായി. നീതിമാനായ ജോബ് ദൈവത്തോടുള്ള തന്‍റെ സംസാരത്തില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ് അതിനു പ്രായശ്ചിത്തമായി പൊടിയിലും ചാരത്തിലും ഇരിക്കുന്നുണ്ട് (ജോബ് 42:6-7). വര്‍ഷത്തിലൊരിക്കല്‍ പാപപ്പരിഹാരദിനമായി ആചരിക്കണമെന്നും അന്നേദിവസം ഭക്ഷണം ത്യജിച്ച് പാപമോചനത്തിനായി ഉപവസിക്കണമെന്നും ഇസ്രായേലില്‍ നിയമമായിരുന്നു (ലേവ്യ. 16:29-34).

പുതിയ നിയമത്തില്‍ ഉപവാസത്തെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്. ഈശോയുടെ പരസ്യജീവിതം തുടങ്ങുന്നതിനുമുമ്പു 40 ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിച്ചതായി സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ദൗത്യനിര്‍വഹണത്തിനു മുമ്പുള്ള ഒരുക്കമായി ഉപവസിച്ചു പ്രാര്‍ത്ഥിക്കുക എന്നതു വി. പൗലോസ് ശ്ലീഹയുടെയും (ബര്‍ണബാസിന്‍റെയും) ചിട്ടയായിരുന്നുവെന്നു വചനത്തില്‍ കാണാം (അപ്പ. 13:2-3; 2 കോറി 11:27).

"നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത, മനസ്സിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍" (റോമാ 12:2) എന്ന വചനഭാഗം നോമ്പുകാലവിചിന്തനത്തിനു വളരെ പ്രസക്തമാണ്. സ്വയം രൂപാന്തരീകരണം നാം ഉള്‍പ്പെടുന്ന ലോകത്തിന്‍റെ വിശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ക്രിസ്തുവിന്‍റെ ഈ ലോകജീവിതവും പീഡാനുഭവവും കുരിശുമരണവും ശുശ്രൂഷ, സ്നേഹം, അനുസരണ, വിനയം, വിശുദ്ധി എന്നിവയുടെ പൂര്‍ണതയിലുള്ള തുറന്ന പ്രഖ്യാപനമായിരുന്നു. പരിശുദ്ധാത്മദാനങ്ങളായ ഈ പുണ്യങ്ങള്‍ ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ സ്വാംശീകരിക്കുമ്പോള്‍ നോമ്പാചരണം അര്‍ത്ഥമുള്ളതായി തീരുന്നു.

വിനയം എന്ന പുണ്യവും ഈ നോമ്പുകാലത്തു സ്വായത്തമാക്കാന്‍ ശ്രമിക്കാം. വചനം പറയു ന്നു: "ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്… ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങി വരുവിന്‍" (റോമാ. 12:3-16). അരൂപിയിലുള്ള ജീവിതനവീകരണത്തിനും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാനും സ്നേഹമെന്ന പുണ്യംപോലെ വിനയവും പരിശീലിക്കേണ്ടതാണ്. അത് ഈശോയുടെ മനോഭാവമായിരുന്നു (ഫിലി. 2:3-8). തന്നില്‍ നിന്നു കണ്ടുപഠിക്കാനായി ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്ന പുണ്യമാണത്. നമ്മുടെ കഴിവും മേന്മയുംകൊണ്ട് ആര്‍ജ്ജിച്ചതായി ഒന്നുമില്ലെങ്കില്‍ അഹങ്കരിക്കാനും അവകാശമില്ല. പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു: "നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?" (1 കോറി. 4:7).

നോമ്പുകാലചിന്തകള്‍ പങ്കുവയ്ക്കുമ്പോള്‍ വലിയ ആഴ്ചയിലെ പെസഹാവ്യാഴവും ദുഃഖവെള്ളിയും പ്രത്യേക ധ്യാനവിഷയമാകുന്നതു സ്വാഭാവികമാണല്ലോ. കര്‍ത്താവിന്‍റെ അന്ത്യഅത്താഴം, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകല്‍, പരി. കുര്‍ബാനയുടെ സ്ഥാപനം ഇവയാണ് ഈശോയുടെ പീഡാനുഭവ പെസഹായെ മുന്‍കാല പെസഹാതിരുനാളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കര്‍ത്താവ് ശുശ്രൂഷാപൗരോഹിത്യം സ്ഥാപിക്കുന്നതും ഈ ദിനത്തില്‍തന്നെയാണല്ലോ. ഈ പെസഹാആചരണവും വി. കുര്‍ബാനയും ഈ ലോകത്തില്‍ നിന്നും നമ്മെ സ്വര്‍ഗരാജ്യത്തിലേക്ക് എത്തിക്കുന്നതാണ്.

പരി. കുര്‍ബാനയുടെ സ്ഥാപനം ദൈവം മനുഷ്യകുലവുമായി സ്ഥാപിക്കുന്ന ഉടമ്പടിയാണ്. അതു പിതാവായ ദൈവം പുത്രനിലൂടെ പൂര്‍ത്തീകരിച്ചു. ലോകാവസാനം വരെ അര്‍പ്പിക്കപ്പെടുന്ന ബലികളില്‍ ഈശോ തന്‍റെ ശരീരം അപ്പത്തിന്‍റെ രൂപത്തിലും രക്തം വീഞ്ഞിന്‍റെ രൂപത്തിലും നല്കുന്നു. ഈ ബലിയര്‍പ്പണം ദേവാലയത്തിലും ജീവിതത്തിലും നടക്കേണ്ടിയിരിക്കുന്നു. ക്രിസ്തീയ പൗരോഹിത്യത്തിന്‍റെ കാതല്‍ ഈ ജീവിതബലിയാണ്.

"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (യോഹ. 19:30) എന്നതാണു 'ദുഃഖവെള്ളി'യുടെ പൊരുള്‍. പിതാവ് ഭരമേല്പിച്ച ശ്രമകരമായ രക്ഷണീയദൗത്യം സഹനദാസന്‍ പൂര്‍ത്തിയാക്കുന്നു. നിത്യപുരോഹിതന്‍ പെസഹാ കുഞ്ഞാടും ബലിവസ്തുവും ബലിയര്‍പ്പകനുമായി മാറി – ദുഃഖവെള്ളിയില്‍. ഈശോയുടെ കുരിശിലെ ക്ഷമ, സഹനം പാഴായി പോകാതിരിക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായിരുന്നു. ജീവിതത്തിന്‍റെ സഹനവഴികളില്‍ നമ്മുടെ സഹനങ്ങള്‍ രക്ഷാകരമാകുന്നില്ലെങ്കില്‍ അതിനു കാരണം ക്ഷമയുടെ അഭാവമാകാം. എല്ലാം പൂര്‍ത്തിയാകുന്നതു സ്നേഹപൂര്‍ണമായ ക്ഷമയിലാണ് എന്ന തിരിച്ചറിവു നമുക്ക് ഉണ്ടാകട്ടെ. സഹനങ്ങളുടെ കുരിശിനെ നമ്മുടെ ജീവിതത്തിന്‍റെ ഗാഗുല്‍ത്താ വഴികളിലൂടെ നമുക്കു ചുമക്കാം. അവനോടൊപ്പം മരിച്ച്, അടക്കപ്പെട്ട് ഉയര്‍ത്തെഴുന്നേല്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org