നോമ്പിന് ഒരു പുതിയ രീതിശാസ്ത്രം

നോമ്പിന് ഒരു പുതിയ രീതിശാസ്ത്രം


മാർട്ടിൻ പാലയ്ക്കാപ്പിള്ളി

അനിവാര്യമായ ഒരു കടന്നു പോകലിന്റെ രീതിശാസ്ത്രത്തെ അറിവിന്റെ സാമാന്യതയിൽനിന്ന് ജീവിതത്തിന്റെ പ്രയോഗവഴിയിലേക്ക് സന്നിവേശിപ്പിക്കുകയാണ് നോമ്പുകാലം. വഴിയറിയാം. പക്ഷെ, ഇടുങ്ങിയ വഴിയുടെ ഞെരുക്കങ്ങളിൽ ഒതുങ്ങാത്ത മനസ്സിന്റെ ദുഃശ്ശാഢ്യങ്ങളെ ക്രിസ്തു രഹസ്യത്തിന്റെ തീവ്രാനുഭവങ്ങളിൽ നിമജ്ജനം ചെയ്യാനാകുന്നില്ല നമുക്ക്. അൻപതുനാളിലെ വർജ്ജനങ്ങളുടെ പടികയറ്റങ്ങളെ ഒരു തിരുനാൾ ആഘോഷം കൊണ്ട് പടിയടച്ചു പുറത്താക്കും നമ്മൾ. വർജ്ജനങ്ങളുടെ നോമ്പിനു പകരം സ്വീകരണങ്ങളുടെ ഒരു നോമ്പിന്റെ വഴികളെ രൂപപ്പെടുത്താനാകണം നമുക്ക്.

പൊടിയിലേക്ക് മടങ്ങാൻ വിധിക്കപ്പെട്ടവനെ നിത്യതയുടെ മഹത്ത്വത്തിലേക്ക് തിരികെ വിളിക്കാൻ പാതാളത്തോളം സ്വയം താഴ്ത്തിയവന്റെ നിണമണിഞ്ഞ ചുവടുറപ്പുകൾ ബലം പകരും നമ്മുടെ ഇടർച്ചകളിൽ. ഉള്ളിൽ അനുതാപത്തിന്റെ അഗ്നിയും ഉയിരിൽ സ്നേഹത്തിന്റെ ഉറവകളും കാത്തുസൂക്ഷിക്കുന്നവരായി ഒരു മലകയറ്റത്തിന്റെ ക്ലേശങ്ങളെ നമുക്കു താണ്ടണം.

ഭക്ഷണത്തിന്റെ രുചിബോധങ്ങൾക്ക് അൻപതു നാളുകളിലേക്ക് അവധി പ്രഖ്യാപിക്കലല്ല നോമ്പിന്റെ അകപ്പൊരുൾ. ആദത്തിന്റെ വീഴ്ച്ചയിൽ നിന്ന് ക്രിസ്തുവിന്റെ അർപ്പണത്തിലേക്ക് അതു തുണയാകില്ല. ചൊല്ലിത്തീർക്കുന്ന കുരിശിന്റെ വഴികളും എണ്ണിച്ചെയ്യുന്ന പരിത്യാഗങ്ങളും നമ്മുടെ അഹത്തെ തൃപ്തിപ്പെടുത്തുകയാണ് പലപ്പോഴും. അവനവന്റെ ജീവിത നിലപാടുകളിൽ നിന്ന് ഒരു പടിയിറക്കത്തിന് കാരണമാകുന്നില്ലെങ്കിൽ ആത്മാനുതാപത്തിന്റെ കനലെരിക്കുന്നില്ലെങ്കിൽ കടന്നുപോകലിന്റെ വഴിയിൽ ഇനിയും വിലാപവും പല്ലുകടിയും ശേഷിക്കും.

മണ്ണിൽനിന്നു വിണ്ണിലേക്കുയരാൻ ജീവിതത്തിന്റെ ഒാരോ പടവിലും മനസ്സിന്റെ ചായ്ചിലുകളെ ക്രിസ്തുസ്നേഹത്തിന്റെ മൂർച്ചകൊണ്ട് അറുത്തു നീക്കണം. ഇന്ദ്രിയങ്ങളുടെ സുഖകാമനകളെ ഉപേക്ഷകളുടെ ആത്മബലം കൊണ്ട് നേരിടുന്ന നോമ്പു കാലങ്ങളുടെ പ്രഥമപടിയിൽ നിന്ന്, പതിവു വഴിക ളിൽ നിന്ന് ഒന്നു മാറി നടക്കണം. ശീലങ്ങൾ കൊണ്ടുള്ള ശീലക്കേടുകൾ ഇനിയും നമ്മെ ഭരിച്ചുകൂട. അറവുമാടുകൾക്ക് അൻപതു നാളുകൾ ആയുസ്സു നീട്ടിക്കൊടുക്കുന്ന ഒൗദാര്യത്തിനപ്പുറം എന്തുണ്ട് നോമ്പിന്റെ തൂണീരത്തിൽ? ഉപവാസത്തിന്റെ മിച്ചം കൊണ്ട് തൂക്കി വാങ്ങാവുന്ന പുണ്യശേഖരത്തിന്റെ പൊള്ളത്തരങ്ങൾ കൊണ്ട് എത്ര നാൾ മറച്ചുവയ്ക്കും കടന്നുപോകലിന്റെ അനിവാര്യതകളെ?

കയ്യിലുള്ളവയെ അമ്പതുനാൾ നോമ്പെന്ന ഭരണിയിൽ ഇട്ടുവയ്ക്കും നമ്മൾ. മധുരമുള്ള മുന്തിരി വീഞ്ഞുകെട്ടാൻ വയ്ക്കുന്നതു പോലെ. കൂടുതൽ ലഹരിയുള്ള ഒരു ആഘോഷത്തിന്റെ പ്രതീക്ഷകളിൽ മനസ്സുടക്കുന്നതു കൊണ്ട് ചെറിയ ഒരു തിങ്ങലിനപ്പുറം നോമ്പ് നമ്മെ ഭാരപ്പെടുത്തുന്നില്ല. എന്നാൽ തന്നെ പിൻചൊല്ലാൻ താൻ നടന്ന വഴി മുന്നിൽ ശേഷിപ്പിക്കുന്ന ക്രിസ്തുവിനെ ഹൃദയം കണ്ടുമുട്ടിയാൽ പതിവു നോമ്പു ശീലങ്ങൾ വിട്ട് നമ്മുടെ ചുവടുകൾ നീളും. അവന്റെ പിന്നാലെ. അവൻ നേരിട്ടതും സ്വീകരിച്ചതുമായ കയ്പു നിറഞ്ഞൊരു പാനപാത്രത്തിന്റെ രുചിഭേദങ്ങളെ അനുയാത്ര ചെയ്യുന്ന ജീവിതാരംഭമായി മാറും നോമ്പ്. അഥവാ നോമ്പ് നമ്മുടെ ജീവിതത്തിന്റെ കയ്പുരസങ്ങളിലേക്ക് ക്രിസ്തുവിനെ ചേർക്കും. ഇഷ്ടവർജ്ജനങ്ങളുടെ നോമ്പിൽ നിന്ന് നോവു സ്വീകരണങ്ങളുടെ ഒരു നോമ്പിന്റെ രീതിശാസ്ത്രത്തെ പരിചയപ്പെടണം നമുക്കിനി. ക്രിസ്തു നടന്ന നോവിന്റെ വഴിയിൽ ഇല്ലായ്മകളെ, തിരസ്ക്കരണങ്ങളെ, ഒറ്റിക്കൊടുക്കലുകളെ, തള്ളിപ്പറയലുകളെ, കുറ്റംവിധികളെ, ഒറ്റപ്പെടലുകളെ, പീഡാനുഭവങ്ങളെ സ്വീകരിക്കുന്ന ഒരു നോമ്പാചരണം ഇനിയും വൈകിക്കൂട.

ആദ്യപടി ഇല്ലായ്മകളുടെ സ്വീകരണമാണ്. തണൽ തേടുമ്പോൾ മുന്നിലെ മരത്തിന് ഒരു ഇല പോലും ഉണ്ടാകാത്ത വിധമുള്ള ഇല്ലായ്മകൾ. ഇല്ലായ്മകൾ നീങ്ങാനും അതുകൊണ്ടുള്ള വല്ലായ്മകൾ മാറാനുമുള്ള പിറുപിറുപ്പു കൊണ്ടു നെയ്ത പ്രാർത്ഥനാ മാലകളാണ് ഇത്രയും നാൾ മനസ്സിൽ കരുതിയത്. കണ്ണീരുകൊണ്ട് കഴുകിക്കളയാൻ ശ്രമിച്ചത് ദാരിദ്രത്തിന്റെ കടും വർണ്ണങ്ങളെയായിരുന്നു. കണ്ണീരിന്റെ വളമിട്ട് വളർത്തിയത് നിഷേധത്തിന്റെ മുൾച്ചെടികളെയായിരുന്നു. അവ പൂത്തപ്പോൾ പരത്തിയത് നിരാശയുടെ ഗന്ധമായിരുന്നു.

സമരിയാക്കാരി ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ കിണറ്റുകരയിൽ കുടമുപേക്ഷിച്ചതു പോലെ, പാപത്തിന്റെ സുഖങ്ങളിൽ സ്വയം തേടിയൊരു പെണ്ണ് നിത്യം പൂശുന്നൊരു സുഗന്ധത്തിന്റെ വെൺ കൽഭരണി അവന്റെ മുന്നിൽ ഉടച്ചുകളഞ്ഞതു പോലെ കൈവിട്ടു കളയണം മോഹങ്ങളുടെ പളുങ്കു പാത്രത്തെ. എന്നിട്ട് ജീവിതം വച്ചു നീട്ടുന്ന ഇല്ലായ്മകളെയും ഞെരുക്കങ്ങളെയും ആഞ്ഞുപുൽകണം. അവ ക്രിസ്തുവെന്ന ഉറപ്പോടെ. അതാവണം നോമ്പിലൂടെ ജീവിതത്തിലേക്കു നീളുന്ന ആദ്യത്തെ ചുവട്.

ജീവിതത്തിൽ ഒാരോ നിമിഷവും നാം നേരിടുന്നത് തിരസ്ക്കരണാനുഭവങ്ങളാണ് എന്തുകൊണ്ട്? പ്രതീക്ഷകളിൽ നാം തേടുന്നത് അംഗീകാരമാണ്. താഴെ കിടന്ന് കരയുന്ന കുഞ്ഞ് കരയുന്നത് അമ്മ തന്നെ കാര്യമായി പരിഗണിക്കണം എന്ന ആവശ്യം പറയാതെ പറഞ്ഞുകൊണ്ടാണ്. അന്നേ ആഗ്രഹിച്ചു തുടങ്ങുന്നു അംഗീകാരങ്ങളെ. പരിഗണിക്കപ്പെടണമെന്ന തീവ്രാഭിലാഷത്തിന്റെ തീച്ചൂടേറ്റാണ് ജീവിതത്തിന്റെ ചുവടുകളെ നാം എണ്ണിത്തീർക്കുന്നത്. അംഗീകരിക്കപ്പെടാതെ പോകലുകളുടെ പാരമ്യത്തിൽ തിരസ്ക്കരണങ്ങൾ നമ്മെ പൊള്ളിക്കുമ്പോൾ ക്രിസ്തു രഹസ്യത്തിന്റെ അർത്ഥതലങ്ങളിലേക്ക് ചേർത്തുവയ്ക്കാൻ നോമ്പിന്റെ വഴികൾ നമ്മോട് ആവശ്യപ്പെടുന്നു. സുബോധം നഷ്ടപ്പെട്ടവനായും, തച്ചന്റെ മകനായും, ദൈവദൂഷകനായും, ബേൽസബൂൽ ആവേശിതനായും ജീവിത വഴിയിൽ എണ്ണപ്പെട്ട ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കാൻ നൊമ്പരമുരുക്കുന്ന തിരസ്ക്കാരാനുഭവങ്ങളെ ഹൃദയപൂർവ്വം സ്വീകരിക്കുന്നതാകണം നോമ്പിന്റെ വഴി.

സ്നേഹചുംബനം കൊടുക്കലായി മാറുമ്പോൾ വാടാത്ത ഒരു പ്രണയത്തിന്റെ തണൽച്ചെടി സഹജനു വേണ്ടി ഒരുക്കിവയ്ക്കാൻ മനസ്സുണ്ടാവുക എളുപ്പമല്ല. എതിർക്കുന്നവനെ എതിർത്തും ഒറ്റുകാരനെ തള്ളിമാറ്റിയും നീരസത്തിന്റെ ഒരു വേലിക്കെട്ടിനപ്പുറത്തു നിറുത്തിയും മനുഷ്യത്വത്തിന്റെ നിസ്സാരതകളിൽ തഴങ്ങുന്നതിനിടയ്ക്ക് ക്രിസ്തുരഹസ്യത്തെ എങ്ങനെ ധ്യാനിക്കും? കണ്ണടച്ച് ആശയങ്ങളുടെ ലോകത്ത് അവനെ ധ്യാനിക്കാൻ എടുക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങളെക്കാൾ കണ്ണു തുറന്ന്, ദ്രോഹിക്കുന്നവന്റെ മുഖത്തേക്ക് നോക്കാൻ ശ്രമിക്കുന്നതാവണം നോമ്പ്. അത് ശ്രമകരമാണ്. ക്രിസ്തുവിന്റെ പീഡകളെ ധ്യാനിക്കുന്നതിനേക്കാൾ, ക്രിസ്തുവിൽ വിരിഞ്ഞ സ്നേഹച്ചൂട് നമ്മിലൂടെ പ്രസരിക്കുന്നതാവണം ജീവിതം. അതിന് അവനവൻ സ്നേഹത്തിന്റെ അവസാനവേരും പിഴുതെടുത്ത് അനുതാപത്തീയിൽ എരിയിക്കണം.

നമ്മുടെ പിഴവുകൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ എന്താവും നമ്മുടെ മനോഭാവം? പ്രതിഷേധത്തിന്റെ പ്രതികരണത്തിന്റെ, സ്വയം നീതീകരണത്തിന്റെ, പ്രതിരോധത്തിന്റെ, മറകളും മുറകളും അവസരത്തിനൊത്ത് നാം കൈക്കൊള്ളും. അത്രയേറെ സ്വയം സ്നേഹവും അഹംബോധവും നമ്മെ ഭരിക്കുന്നുണ്ട്. തെറ്റുകൾ കാണാൻ ഒരു കണ്ണ് അകത്തേക്ക് തിരിക്കാൻ പോലും എത്ര പ്രയാസമാണ് നമുക്ക്. സ്വയം നീതീകരിച്ച്, മെച്ചപ്പെട്ടവരെന്ന് സ്വയം പേരെഴുത്തു നടത്തി കടന്നുപോകുന്ന ജീവിതവഴിയിൽ ഉള്ളതും ഇല്ലാത്തതുമായ നമ്മുടെ കുറവുകൾ വിളിച്ചു പറയുന്നവരും നമ്മെ കുറ്റം വിധിക്കുന്നവരും ഉറ്റവരാകുമ്പോൾ മനസ്സു വിങ്ങും. അവിടെയാണ് അന്യായമായി വിധിക്കപ്പെട്ട ക്രിസ്തുവിന്റെ മുഖം ഹൃദയത്തിൽ ആഴത്തിൽ പതിക്കേണ്ടത്. അവിടുത്തെ മുഖപ്രകാശം നമ്മിലൂടെ വർത്തമാനകാല ലോകത്തിന്റെ ഇരുളിൽ പ്രകാശിക്കേണ്ടതായിരുന്നു. നോമ്പാചരണത്തിന്റെ നാളുകളിൽ ക്രിസ്തുവോടു ചേർന്ന് കുറ്റംവിധികളിൽ മനം പതറാത്ത, ഹൃദയം കലങ്ങാത്ത, സ്വയം നീ തികരിക്കാത്ത ഒരു ജീവിത നിലപാട് ആർജ്ജിച്ചെടുക്കണം. അവനെ കുറ്റംവിധിക്കാൻ നാമും ഉണ്ടായിരുന്നു പിലാത്തോസിന്റെ അരമനമുറ്റത്ത്. അന്യായമായ കുറ്റം വിധികളുടെ മുന്നിൽ ക്രിസ്തുവിന്റെ മുഖത്തു പ്രകടമായ നിസ്സംഗത വീടിന്റെ നാലു ചുവരുകൾക്കകത്തും കൂട്ടിന്റെ പരിമിതമായ ചുറ്റുവട്ടങ്ങൾക്കകത്തും പുലർത്താൻ നമ്മെ ബലപ്പെടുത്തണം നോമ്പിന്റെ പരിശീലനങ്ങൾ. കുറ്റംവിധികളെ സ്വീകരിക്കാൻ ശിരസ്സു താഴ്ത്തുകയാണ് യഥാർത്ഥ നോമ്പ്.

ജീവിതകാലം മുഴുവൻ ചേക്കേറാൻ ചില്ലകൾ തേടുന്നുണ്ട് നമ്മുടെ മനസ്സ്. ആരെങ്കിലും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മനസ്സു തഴങ്ങും. തന്നെ മനസ്സിലാക്കുന്നവരും കൂടെ നിൽക്കുന്നവരുമായി ആരെങ്കിലും ഒരാളെ നാം തേടും. അങ്ങനെ ഒരു പ്രതീക്ഷ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് നാം. നിഷേധിക്കപ്പെടുമ്പോഴും തിരസ്ക്കരിക്കപ്പെടുമ്പോഴും ആശയോടെ നാം നോക്കും. കൂടപ്പിറപ്പിന്റെ മുഖത്തേക്ക്. ജീവിത പങ്കാളിയുടെ മിഴികളിലേക്ക്. മക്കളുടെ ചലനങ്ങളിലേക്ക്. പാഴ്ശ്രമമായിപ്പോകുന്ന തേടലുകൾക്ക് ഒടുവിൽ മനമിടറിപ്പോകുമ്പോൾ, തള്ളിപ്പറയലുകളുടെ അലകൾ ഹൃദയത്തെ മൂടുമ്പോൾ, ക്രിസ്തു ബോധമുണർന്ന് തള്ളുന്നവന്റെ ഹൃദയത്തിലേക്ക് സ്നേഹകടാക്ഷം പൊഴിക്കാൻ കേവല ധ്യാനമാർഗ്ഗങ്ങളുടെ ബലം പോരാതെവരും. നോമ്പിന്റെ മേശയിൽ ക്രിസ്തുവിന്റെ ഹൃദയ നൊമ്പരത്തിൽ ചുട്ടെടുത്ത ജീവിതമാകുന്ന അപ്പത്തെ പകുത്തു നൽകാനാവണം. ഒറ്റപ്പെടലുകളെ സ്വീകരിച്ച് ക്രിസ്തു സാന്നിദ്ധ്യത്തിന്റെ ശക്തി അനുഭവിക്കാൻ വഴി തുറക്കണം നോമ്പാചരണങ്ങൾ.

ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും ഹൃദയം തേടുന്നത് ചുറ്റിലും സൗഹൃദഭാവങ്ങളാണ്. നാം എപ്പോഴും അരികിൽ നമുക്കു പടർന്നു കയറാനുള്ള ഒരു ചില്ലയെ പ്രതീക്ഷിക്കുന്നു. തോൽവിയിലും വീഴ്ചയിലും നമ്മുടെ സങ്കടങ്ങളിൽ തലചാരാനും, വിജയങ്ങളിൽ സന്തോഷിക്കാനും നമുക്ക് ആരെങ്കിലും വേണം. ചേക്കറാൻ ഒരു ഹൃദയം. ഭൂമിയിൽ മനസ്സിലാക്കപ്പെടാതെയും ഒറ്റപ്പെട്ടും പോയ വേറൊരാളുണ്ടോ ക്രിസ്തുവിനെ പോലെ? താനൊറ്റക്കല്ല എന്നും പിതാവ് തന്നെ ഒറ്റയ്ക്കു വിടുകയില്ലെന്നും ഉറച്ച് പറയുമ്പോഴും ക്രിസ്തു നേരിടുന്നത് ഭയാനകമായ ഒറ്റപ്പെടൽ തന്നെയാണ്. ആൾക്കൂട്ടമിരമ്പുന്ന കോടതിമുറ്റത്തും കുരിശിലേക്കുള്ള യാത്രയിലും തുണയില്ലാതെ പോകുന്നു അവന്. പരിചയഭാവം പുലർത്തുന്ന മുഖങ്ങൾ അപരിചതമായിപ്പോകുന്നു. ശീതീകരിച്ച മുറിക്കകങ്ങളിലെ ധ്യാനപർവ്വങ്ങളിൽ കണ്ടുമുട്ടാനാവില്ല ക്രിസ്തുവിനെ. സമാനമായ നൊമ്പരവഴിയിൽ നടന്ന് ഒറ്റപ്പെടുമ്പോഴല്ലാതെ ക്രിസ്തുവിനെ തിരിച്ചറിയുക സാധ്യമല്ല. ഒറ്റപ്പെടുന്നവരുടെ ജീവിതവഴി ക്രിസ്തുവിൽ പ്രവേശിക്കണം. അവനിൽ നാമൊറ്റയ്ക്കല്ല എന്ന തിരിച്ചറിവോടെ പൂർണ്ണതയുടെ ആ മരക്കൊമ്പിൽ ചേക്കേറാൻ ഭാവനാധ്യാനത്തിന്റെ സാമാന്യവഴികൾ വിട്ട് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ സ്വീകരിക്കാനുള്ള പരിശീലനക്കളരിയാകണം നോമ്പാചരണങ്ങൾ.

ഇളവേൽക്കാൻ ഇടയില്ലാത്ത വിധം വേദനകളിലും ക്ലേശങ്ങളിലും കത്തിയെരിയുകയാണ് ജീവിതം. ശരീരപീഡകളും മനോവ്യഥകളും തകർക്കുകയാണ് നമ്മുടെ സുഖവാസനകളെ. ഒരു വേദന മറ്റൊന്നിലേക്ക് മാറ്റപ്പെടുന്നു എന്നല്ലാതെ പ്രതീക്ഷയ്ക്കുപോലും വകയില്ലാതായിപ്പോകുന്നു പലപ്പോഴും. മാംസത്തിന്റെ ഒാരോ അണുവിലും അസ്ഥികളുടെ ഒാരോ ബന്ധത്തിലും ആഴ്ന്നിറങ്ങുകയാണ് ചാട്ടവാറഗ്രങ്ങൾ. മാറ്റിത്തരണമേയെന്നു പറഞ്ഞു പോകും വിധം എല്ലാ സഹനബലങ്ങളെയും ദുർബ്ബലപ്പെടുത്തുന്ന പീഡകളുടെ നടുവിലാണ് നമ്മുടെ ഇന്നുകൾ. അവയെ ക്രിസ്തുവിൽ സ്വീകരിക്കാൻ, സഹജന്റെ കുറവുകൾക്കു പകരം കാഴ്ചവയ്ക്കാൻ, ക്രിസ്തുസ്നേഹത്തിനു പ്രതിസ്നേഹമായി സ്വീകരിക്കാൻ നമ്മെ പരുവപ്പെടുത്തണം നോമ്പുകാലം. പിറുപിറുക്കാതെ, പരാതിപ്പെടാതെ, അവയെ ചുമന്ന് ജീവാർപ്പണത്തിന്റെ മലമുകളിലേക്ക് ചുവടുവയ്ക്കുന്നതാകണം നോമ്പിന്റെ പ്രവൃത്തികൾ. തീർത്ഥാടനങ്ങളിലല്ല, തീരാനോവുകളുടെ മലകയറ്റങ്ങളിൽ ക്രിസ്തുവിന്റെ മുഖത്തെ കണ്ടുമുട്ടാനാവുന്നില്ലെങ്കിൽ കടന്നു പോകലിന്റെ പ്രക്രിയയിൽ ഒരു നോമ്പിനെന്തു പ്രസക്തിയുണ്ട്?

മഹത്ത്വത്തിന്റെ മലമുകളിൽ അവനവനിൽ മരിക്കാതെ ക്രിസ്തുവിൽ ഉയിർക്കാൻ നമുക്കാവില്ല. ഒരു ലളിതക്രിയയുമില്ല പകരം വയ്ക്കാൻ. ഒരു കേവല മാനസിക ധ്യാനത്തിന്റെ സുഖാലസ്യം കടന്നുപോകലിന് ബലം പകരില്ല. ജീവിതത്തിന്റെ പടവുകളിൽ ചുവടുറപ്പിച്ച് ജീവിതാനുഭവങ്ങളിൽ ക്രിസ്തുരഹസ്യങ്ങൾ ചേർത്തുവച്ച് സ്ഫുടം ചെയ്യണം. അകമേ എരിയുന്ന ക്രിസ്തു സ്നേഹത്തിന്റെ തീനാമ്പുകൾ അവനവൻ സ്നേഹത്തിന്റെ അവസാന കണികയും കുടിച്ചു വറ്റിക്കും വരെ, തിരുനാളുകൾ ആചരണങ്ങളുടെ തെരുവുകളിൽനിന്ന് ജീവിതത്തിന്റെ ബലിമേശയിലേക്ക് തിരികെ വരില്ല.

നോമ്പ് ഒരു പ്രഹസനമായി തീർന്നാൽ നോവുകൾ വീണ്ടും നമ്മെ സങ്കടപ്പെടുത്തും. ഇനിയും ഒരു അവസരം നമുക്കായി എത്തുമെന്ന് എന്തുറപ്പുണ്ട്? കാത്തിരുപ്പുകൾ വ്യർത്ഥങ്ങളും കാത്തിരിക്കുന്നവർ ദുർബ്ബലരുമാണെന്നറിയുക. നൊമ്പരങ്ങളുടെ ഇൗ ഏഴു ദുർഘടങ്ങളിൽ വീണുടഞ്ഞ് ക്രിസ്തുവിന്റെ സൗരഭ്യമായി മാറാൻ, ഇതാ ഒരുവട്ടം കൂടി ഒരു വലിയ നോമ്പുകാലം.

(നോമ്പുകാലത്തെ ഇൗ വിശേഷാൽ പംക്തിയിൽ വരും ആഴ്ചകളിൽ എഴുതുന്നവർ: ഫാ. സിജോ കണ്ണമ്പുഴ, സുജമോൾ ജോസ്, ബോബി ജോർജ്ജ്, സി. സോജ സി.എം.സി., സജീവ് പാറേക്കാട്ടിൽ, ജോസ് മാത്യു മൂഴിക്കുളം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org