നവംബര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

നവംബര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

സണ്ണി ചെറിയാന്‍

സെമിത്തേരികളില്‍ പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ കാലപ്രവാഹത്തില്‍ മറഞ്ഞുപോയവര്‍ക്കായി നാം നവംബറിനെ സമര്‍പ്പിക്കുന്നു.

ആര്‍.ഐ.പി അക്ഷരങ്ങളേകുന്ന ശാന്തിക്ക് കീഴെ ദൈവത്തിന്‍റെ കൈകള്‍ തൊട്ട് സ്വസ്ഥരായി ഉറങ്ങുന്നവര്‍… ശ്രേഷ്ഠതയുടെ പാതകള്‍ ഇവിടെ ഒടുങ്ങുന്നു, നിസ്സാരതയുടേയും, ഈ കുഴിമാടത്തില്‍ എന്ന് തോമസ് ഗ്രേ എഴുതിയത് എത്രയോ പ്രസക്തം.

അകാലത്തില്‍ പൊലിഞ്ഞവരില്‍ സൗന്ദര്യധാമങ്ങളുണ്ടായിരുന്നു, പ്രശസ്തര്‍, അധികാരത്തിന്‍റെ ഗര്‍വ് കാട്ടിയവര്‍, ആയിരങ്ങള്‍ അകമ്പടി സേവിച്ചവര്‍, പണമുണ്ടായിട്ടും പാവങ്ങളെ പോലെ ജീവിച്ചവര്‍… എന്നാല്‍ ഇതിനും അപ്പുറം ജീവിതകാലത്തു ചെയ്ത സുകൃതങ്ങളുടെ പേരില്‍ മരണത്തെ ആനന്ദമായി കണ്ടവര്‍.
സെമിത്തേരിയില്‍ നില്‍ക്കവേ ചുറ്റുപാടും നോക്കി. നിലം പറ്റി കിടക്കുന്ന സിമന്‍റ് മഞ്ചം. മുകളില്‍ മരിച്ചു തുടങ്ങിയ റീത്തുകളുടെ കൂമ്പാരം. തൊട്ടരികെ കിളിര്‍ത്തു വരുന്ന ഈ കിളുന്ത് ചെടി. മൃതിക്കരികെ ജനിയുടെ നാമ്പ്.

മറു കോണില്‍ ഈ കല്ലറയ്ക്കു മുന്നില്‍ തൊഴുകൈകളോടെ ഈ നാലു വയസുകാരി. അവളുടെ അമ്മ. പിന്നെ മുത്തശ്ശി. മൂന്ന് തലമുറകള്‍ സംവദിക്കുകയാണ്. മുന്നില്‍ നിത്യ നിദ്രയില്‍ ആണ്ട പ്രിയപ്പെട്ടവര്‍ക്കായി.

'ഓര്‍മ്മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ
അവയോരോന്നും ഉണ്മയായി നില്‍ക്കെ
ആരോടു യാത്ര പറയേണ്ടു, ഞാ-
നെന്തിനാരോടു യാത്ര പറയേണ്ടു' – ഒ.എന്‍.വി.

ജന്മം ഒരു ഭാഗ്യമാണ്. പ്രകൃതിയുടെ മുഗ്ദ്ധത നുകരാന്‍ ജീവന്‍റെ ചെപ്പില്‍ പൊതിഞ്ഞു കിട്ടുന്ന പവിഴം. ചെപ്പില്‍ മറ്റൊരു ചിപ്പി കൂടിയുണ്ട്. അനന്തതയുടെ മാല കോര്‍ക്കാനൊരു മുത്തുച്ചിപ്പി. അതത്രേ മരണം.

'ജനനം ജനനം മൃതിയുടെ ജനനം
മൃതിയോ ജനനത്തില്‍ മരണം'

കവിശ്രുതി ശരിയാവട്ടെ, തെറ്റാവട്ടെ, ഒന്നുറപ്പിക്കാം. ശാസ്ത്രം മരണത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച സ്വീഡിഷ് കവി ടോമാസ് ട്രാന്‍സ് ട്രോമാര്‍ പാടുന്നു, "നഗരത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ കാണുന്ന ട്രാഫിക് ഐലന്‍റുകളിലെന്ന പോലെ മൃതസംസ്കാരങ്ങള്‍ കൂടുതല്‍ വന്നു കൊണ്ടേയിരിക്കുന്നു."

ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചു മരണം ഒടുക്കമല്ല. തുടക്കമാണ്. മരണത്തെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ കഴിയുന്നത് ആര്‍ക്ക്? ഇവിടെയാണ് യേശുവിന്‍റെ മരണത്തിന്‍റെ പ്രസക്തി. കാല്‍വരിയെന്ന സെമിത്തേരിയെ മുന്‍നിറുത്തിയാണ് യേശു ജീവിച്ചത്. മരണത്തിനായി മുപ്പത്തിമൂന്നു വര്‍ഷവും ഒരുങ്ങിയ ജീവിതം. ശത്രുക്കളോടു ക്ഷമിക്കുവാനും അവരെ അനുഗ്രഹിക്കുവാനും കഴിഞ്ഞത്, സ്നേഹത്തേയും ക്ഷമയേയും കുറിച്ചു സംസാരിക്കാനായതും ഈ ഒരുക്കത്തിന്‍റെ ഫലമായാണ്.

എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവുമാണെന്നു പറഞ്ഞ സെ. പോളും കര്‍ത്താവായ യേശുവേ എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു പറഞ്ഞു മരണത്തെ സധൈര്യം നേരിട്ട സ്റ്റെഫാനോസും മരണത്തെ പുഞ്ചിരിയോടെ അഭിമുഖീകരിച്ചത് ക്രൈസ്തവ വിശ്വാസ ചൈതന്യം കൊണ്ടാണ്.

മരണശേഷം നിത്യജീവിതം ഉണ്ടെന്നുള്ളതാണ് ക്രൈസ്തവചിന്ത. അതുകൊണ്ടു തന്നെ മരണത്തിന്‍റെ നിലയ്ക്കാത്ത പ്രവാഹം സുനാമിയായോ ഭൂചലനമായോ ക്രൈസ്തവനെ ഭയപ്പെടുത്തുന്നില്ല. ഭൗതിക ജീവിതത്തിനപ്പുറത്ത് ലക്ഷ്യമുള്ള വിശ്വാസിയ്ക്കു ലോകത്തില്‍ നിന്നുള്ള യാത്ര ദുഃഖമുളവാക്കുന്നില്ല. അങ്ങിനെയുള്ളവര്‍ക്കു മരണം ലോകത്തിനു കുറുകെയുള്ള യാത്ര മാത്രമാണ്.

ശക്തമായ ജന്തുവാസനകളുമായാണ് ഓരോ മനുഷ്യനും ജനിക്കുന്നത്. ജീവിതം ലക്ഷ്യപൂര്‍ണമാകണമെങ്കില്‍ സ്വന്തം ആദ്ധ്യാത്മിക ചൈതന്യത്തില്‍ മനുഷ്യന്‍ വീണ്ടും ജനിക്കണം.

ഈ പുനര്‍ജനി നടക്കേണ്ടത് ജലത്തില്‍ കൂടി നേടുന്ന ബാഹ്യശക്തിയില്‍ കൂടിയും അത്യഗാധമായ ആത്മബോധത്തിന്‍റെ ജ്വാലയില്‍ കൂടി നേടുന്ന ആന്തര ശക്തിയില്‍ കൂടിയുമാണ്.

മാമോദീസ വഴി ശിശുവിനു പുതിയ ജനനവും ജീവിതവും പുതിയ നാമവും കിട്ടുമ്പോള്‍ സര്‍വ്വേശ്വരന്‍റെ ആത്മാവി ക്രിസ്തു എന്ന സമ്പൂര്‍ണ മനുഷ്യന്‍റെ ദീപ്തിയില്‍ ഇതു സാധിക്കുന്നു. മരണമെന്ന മഹാശൂന്യതയുടെ മറുകര കടക്കാന്‍ അങ്ങനെ നാം ശക്തരാകുന്നു.

'ഞാനാണു പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും' (യോഹ: 11-25), 'ആകയാല്‍ ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല' (റോമ: 8-1) എന്നീ വചനങ്ങള്‍ വിശ്വാസ ജീവിതത്തിലൂടെ പാപത്തിന്‍റെ ശമ്പളമായ മരണത്തില്‍ നിന്നുള്ള മോചനവും ക്രൈസ്ത വിശ്വാസിയിക്ക് ഉറപ്പു നല്‍കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org