Latest News
|^| Home -> Cover story -> നവംബര്‍ ഓര്‍മ്മപ്പെടുത്തുന്നത്….

നവംബര്‍ ഓര്‍മ്മപ്പെടുത്തുന്നത്….

Sathyadeepam

മാര്‍ട്ടിന്‍ പാലക്കാപ്പിള്ളില്‍

കറുപ്പണിഞ്ഞ് വീണ്ടും സ്മരണകള്‍ അരങ്ങത്തെത്തുന്നു. മരണത്തിന്‍റെ ഗന്ധമുള്ള ഓര്‍മ്മകള്‍. വേര്‍പാടുകളുടെ നൊമ്പരങ്ങളും ജീവല്‍സ്മരണകളും ഇട കലര്‍ന്നൊഴുകുന്ന കാലപ്രവാഹത്തിന്‍റെ തീരത്ത് നാമിരിക്കുന്നു. നാം സാധാരണ കരുതുംപോലെ മരിച്ചവരുടെ ഓര്‍മ്മകള്‍ വിരല്‍ചൂണ്ടുന്നത് നഷ്ടങ്ങളിലേക്കല്ല. നാശത്തിലേക്കുമല്ല. പുനരുത്ഥാനത്തിന്‍റെ മഹത്ത്വത്തിലേക്കാണ്. മരിച്ചവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മരണത്തിലേക്കല്ല നമ്മെ കൂട്ടിക്കൊണ്ടു പോവുക. മരണത്തിനപ്പുറത്തെ ഒരു ജീവിതത്തിന്‍റെ വിശാലതയിലേക്കാണ്. ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ മരണം വേര്‍പാടിന്‍റെ കയ്പുനീരല്ല ചുരത്തുക. നീര്‍ച്ചാല്‍ തേടുന്ന മാന്‍പേട നിത്യജീവന്‍റെ അരുവിയില്‍ നുകരുന്നത് ഉത്ഥാനത്തിന്‍റെ ലഹരിയാണ്. ഒരുവന്‍റെ കുരിശുകളും പ്രലോഭനത്തിന്‍റെ വിശപ്പുകളും അവനെ വിട്ടകലുകയും പ്രകാശത്തിന്‍റെ ലോകത്തേക്ക് ഒരു വാതില്‍ തുറക്കപ്പെടുകയുമാണ് ഓരോ വേര്‍പാടിലും.

ജറുസലേമിലേക്കുള്ള യാത്രാ മദ്ധ്യേ മൂന്നു വട്ടം യേശു തനിക്കു വരാനിരിക്കുന്ന പീഡാസഹനങ്ങളെക്കുറിച്ച് കുരിശുമരണത്തെക്കുറിച്ച്, ശിഷ്യരോടു പറഞ്ഞു. അതിനൊടുവില്‍ ഉത്ഥാനത്തെക്കുറിച്ചും. പീഡാസഹനങ്ങളിലും കുരിശുമരണത്തിന്‍റെ കഠിനതയിലും കുടുങ്ങി അവര്‍ ദുഃഖിതരായി തീര്‍ന്നു. അതുകൊണ്ട് വഴിമാറിപ്പോകാനും നിനക്ക് ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറയാനും അവര്‍ പ്രലോഭിതരായി. പലവട്ടം ഉയിര്‍പ്പ് കണ്ടവരാണവര്‍. കാനാന്‍കാരി വിധവയുടെ മകനെ ശവമഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചതും ജായ്റോസിന്‍റെ പുത്രിയെ കൈയ്ക്കു പിടിച്ച് ഉണര്‍ത്തിയതും, അഴുകിയ ലാസറെ നാലാംനാള്‍ കല്ലറയില്‍ നിന്നും വിളിച്ചെഴുന്നേല്പിച്ചതും കണ്ടവര്‍. പക്ഷെ ക്രിസ്തു ഉയിര്‍ക്കുമെന്നത് അവര്‍ കേള്‍ക്കാതെ പോയി. എമ്മാവൂസിലേക്കു പോകുമ്പോഴും ആ ദുഃഖത്തിന്‍റെ മാറാപ്പ് അവര്‍ പേറിയിരുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനം ഹൃദയത്തെ ഭരിച്ചാല്‍ നമ്മുടെ മരണം നമ്മെ അസഹ്യപ്പെടുത്തില്ല. നാമുയര്‍ക്കില്ലെന്ന് ഒരു സന്ദേഹം ഉള്ളിലുണ്ടെങ്കില്‍ അത് ക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ നമുക്കുറപ്പില്ല എന്ന് നാം പറയാതെ പറയുകയാണ്. മരണം ഓരോ ക്രൈസ്തവനെയും ഓര്‍മ്മപ്പെടുത്തേണ്ടത് ഉയിര്‍പ്പിനെയാണ്. മരിച്ചവര്‍ ഉത്ഥിതനെയും.

നവംബര്‍ ദുഃഖങ്ങളുടെ ഭാണ്ഡം പേറിവരുന്ന ചരക്കു വണ്ടിയല്ല. നിത്യതയെ നമ്മുടെ ഓര്‍മ്മകളുടെ ഭാഗമാക്കി മാറ്റുകയാണ് ഈ ഓര്‍മ്മയാചരണങ്ങള്‍. വ്യക്തിപരമായി ഇവ നമ്മോടു പറയുന്നു. എപ്പോഴും ഒരുങ്ങിയിരിക്കണമെന്ന്. ഒരു യാത്രയിലാണ് നാം. വിചാരിക്കുന്നതു പോലെ ഒരു പുതുമയിലേക്കല്ല യാത്ര. വന്നിടത്തേക്കുള്ള ചുവടുവയ്പ്പുകളാണ് ഓരോന്നും. ഭൂമിയില്‍ വന്ന അന്നു മുതല്‍. നാളും നേരവും അറിയില്ല. പിറവി മുതല്‍ അനിശ്ചിതത്വത്തിന്‍റെ ഈ ഓര്‍മ്മപ്പെടുത്തല്‍ നമ്മെ പിന്തുടരുന്നുണ്ട്. തിരികെ പോകുവോളം അതു തുടരും. ഭൂമിയില്‍ നിന്ന് വേര്‍പിരിഞ്ഞവരുടെ ഓര്‍മ്മ നിത്യതയെ കുറിച്ചു മാത്രമല്ല നമ്മോടു പറയുന്നത് ജാഗ്രത്തായ ജീവിതത്തെക്കുറിച്ചുമാണ്.

മരണത്തെക്കുറിച്ച് നാം ഭൂരിഭാഗവും കേട്ടിട്ടുള്ളത് ഇങ്ങനെയാണ്. പെട്ടെന്നായിരുന്നു എല്ലാം. പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലായിരുന്നു. അതെന്നും എപ്പോഴും എവിടെയും അങ്ങനെ ആയിരുന്നു. ആയിരിക്കുകയും ചെയ്യും. പക്ഷെ ഒട്ടും ആകസ്മികമല്ല വേര്‍പാട്. ദൈവീകവെളിപാടും ജീവിതാനുഭവങ്ങളും പറയുന്നതു കേള്‍ക്കാന്‍ ചെവിചായ്ക്കാത്തതുകൊണ്ട് അറിഞ്ഞിട്ടും തിരിച്ചറിയാതെ പോവുകയാണ്. മരണം നവജാതനായാലും വയോവൃദ്ധനായാലും ഒരുപോലെ തന്നെ. പതിവു ജീവിതത്തിന്‍റെ ഏതു നേരംപോയ നേരത്തും അതാകാം. അതുകൊണ്ട് ഓര്‍മ്മകള്‍ നമ്മോടു പറയുന്നു, ജാഗ്രത്തായിരിക്കാന്‍. ഈ ലോകത്തിന്‍റെ ജീവിതം നമ്മുടെ ബോധത്തെ മറയ്ക്കും. ആവശ്യങ്ങളും ആഗ്രഹങ്ങളും ആകുലതകളും ആസക്തികളും നിരന്തരം നമ്മെ ലോകത്തേക്ക് വലിക്കും. വാതിലില്‍ മുട്ടുന്നവന്‍റെ സ്വരം കേള്‍ക്കാതിരിക്കത്തക്ക വിധം പ്രബലമാണ് ലോകത്തിന്‍റെ തിരയൊച്ചകള്‍. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയില്‍ കുടുങ്ങി ആ ദിവസം ഒരു കെണി പോലെ വന്നു പതിക്കാതിരിക്കാന്‍ കരുതിയിരിക്കണമെന്ന ഗുരുവചനം മുന്നിലുണ്ട്.

ഇന്നലെ കണ്ട പലരും ഇന്ന് നമ്മോടൊപ്പമില്ല. ഇന്ന് നാം ഉണര്‍ന്നത് ഭാഗ്യമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതിനര്‍ത്ഥം ഉണരാത്തവര്‍ ഭാഗ്യദോഷികള്‍ എന്നാണോ? ഇന്ന് നാം ഉണര്‍ന്നതിനാല്‍ ഒരു ദിവസം കൂടെ നമുക്കു കിട്ടി. സുഖിക്കാനല്ല. ഇത്രയും നാളിലെ ജീവിതത്തിന്‍റെ കുറവുകളെ പ്രതി അനുതപിക്കാന്‍, തന്ന ജീവിതത്തിനു നന്ദി പറയാന്‍. ക്രിസ്തുവില്‍ നന്മചെയ്യാന്‍. ഒരു ദിവസം കൂടി. അവനവനെക്കുറിച്ച് ബോധമുള്ളവരായി, ദൈവവചനത്തെക്കുറിച്ച് അവബോധമുള്ളവരായി കൂടെയു ള്ളവരെക്കുറിച്ച് ബോധ്യമുള്ളവരായി ജീവിക്കാന്‍ ഒരു ദിനം കൂടി.

പെട്ടെന്നൊരു നോട്ടത്തില്‍ നാം വലിയ സുഖഭോഗികളല്ല. ഒരു താരതമ്യപഠനത്തിനൊരുങ്ങുമ്പോള്‍ സന്തോഷത്തിന്‍റെ മാനദണ്ഡമായി നാം ആരെയാണെടുക്കുക? നിശ്ചയമായും സുഖഭോഗങ്ങളിലും അത്യാഢംബരങ്ങളിലും ജീവിക്കുന്നവരുമായിട്ടായിരിക്കും നാം നമ്മെ തുലനം ചെയ്യുക. അപ്പോള്‍ എത്രത്തോളം താഴെയാണ് നാം. എന്നാല്‍ നമ്മെക്കാള്‍ താഴ്ന്ന നിലയില്‍ ജീവിക്കുന്നവരുമായി ഇങ്ങനെ തുലനം ചെയ്താല്‍ കേവലമായി നമ്മുടെ സുഖഭോഗം വെളിപ്പെടും. ഇനി ക്രൈസ്തവ മാനത്തിലൂടെ നോക്കിയാല്‍ ഇതിനപ്പുറം നമ്മെ ബാധിച്ചിട്ടുള്ള സുഖവാസനയുടെ ബന്ധനത്തെ നമുക്കു കാണാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയാതെ പോകുമ്പോള്‍, പരാതിയും പിറുപിറുപ്പുകളും അതൃപ്തികളും നമ്മെ വലയം ചെയ്യുമ്പോള്‍ തിരിച്ചറിയുക നാം സുഖവാസനയിലാണ്. അതാണ് യഥാര്‍ത്ഥ സുഖലോലുപത. അതില്‍ തഴങ്ങുമ്പോള്‍ നാം മരണത്തെ ഭയക്കും. ഓര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

മണ്ണാശകള്‍ ആസക്തികളായി നമ്മെ പിടികൂടും. ഹൃദയം എവിടെയോ അവിടെയാണ് നിക്ഷേപം എന്ന ഗുരുമൊഴി ഇത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ശരീരത്തിന്‍റെ പ്രവണതകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ നമുക്ക് ശരീരത്തോടു കടപ്പാടില്ല. എന്നിട്ടും ഇന്ദ്രിയപരത രുചിഭേദം മുതല്‍ രതിവൈകൃതങ്ങളില്‍ വരെ മനുഷ്യനെ തളക്കുന്നു. ജഡത്തിന്‍റെ മോഹങ്ങള്‍ക്ക് അനുസരിച്ച് ജീവിച്ചാല്‍ നാം മരിക്കും. പക്ഷെ മരിച്ചാലും വേണ്ടില്ല ആസക്തികളെ തൃപ്തിപ്പെടുത്തും എന്ന ശാഠ്യം, സന്തോഷിക്കാനുള്ളതാണു ജീവിതമെന്ന ബോധ്യത്തിന്‍റെ കുരുക്കില്‍ നമ്മെ തളയ്ക്കുന്നു. ജഡമോഹങ്ങളെ ആത്മാവില്‍ നിഹനിക്കണം. ക്രിസ്തുവിലല്ലാത്ത സന്തോഷങ്ങള്‍ ആസക്തികളായി നമ്മെ വിഴുങ്ങും. അതു മദ്യം മാത്രമല്ല. നമ്മെ കീഴ്പ്പെടുത്തുന്ന ദുരാശകള്‍ സുബോധം നഷ്ടപ്പെടുത്തും. ഒരു ചഷകത്തില്‍ നുരയുന്ന മദ്യം മുന്നില്‍ വയ്ക്കുന്നത് ഒരേ ഒരു ചോദ്യമാണ്. ക്രിസ്തുവിനെ വേണമോ ബറാബാസിനെ വേണമോ. ലോകസന്തോഷം വേണമോ ക്രിസ്തുവിനെ വേണമോ? അത് മദ്യം തന്നെയാവണമെന്നില്ല. പലവട്ടം നാമത് ഏറ്റു പറയുന്നു. അവനെ ക്രൂ ശിക്കുക എന്ന്. ഹൃദയം ലോക സന്തോഷത്തില്‍ മുഴുകുമ്പോള്‍ തിരികെപോക്ക് വിമ്മിട്ടപ്പെടുത്തും. നമുക്കു പോകാനുള്ള മടിയാണ് അപരന്‍ പോകുമ്പോഴുള്ള സങ്കടമായി പരിണമിക്കുന്നത്. അടുത്തത് നിന്‍റെ ഊഴമാണെന്ന് ഓരോ മരണവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നമ്മുടെ ജീവിതം ദൈവനിയോഗമായി കാണാന്‍ കഴിയാതെ പോകുമ്പോഴും ഉടയവനായ ദൈവത്തിന്‍റെ കരങ്ങളില്‍ സ്വയമേല്‍പ്പിക്കാന്‍ കഴിയാതെ പോകുമ്പോഴും നമ്മെ ജീവിതത്തിന്‍റെ വ്യാകു ലങ്ങള്‍ വിഴുങ്ങും. നാളെ എന്തു ചെയ്യുമെന്ന് വ്യഗ്രതപ്പെടും മുന്‍പ് നാളെ നാമുണ്ടോ എന്ന് ചിന്തിക്കണം. ഉറപ്പില്ലാത്ത ഒരു നാളേയ്ക്കു വേണ്ടി ഇന്നേ ആധിപിടിക്കേണ്ടതുണ്ടോ? ദേവാലയത്തിനകത്തു പോലും ആവശ്യങ്ങളും നാളെയുടെ ജീവിതവും നമ്മെ വീര്‍പ്പുമുട്ടിക്കുന്നു. ജീവിത വ്യഗ്രത നമ്മുടെ ബലഹീനതയായി സാമാന്യവല്‍ക്കരിക്കരുത്. മനുഷ്യരല്ലേ, മാനുഷീകമായി ചിന്തിക്കുമ്പോള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നിഷേധിക്കുന്നത് ദൈവപുത്ര സ്ഥാനമാണ്. ജീവിതം യേശുയാഗത്തോടു ചേര്‍ത്ത് അര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ പോലും കരഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ഈ വ്യഗ്രതകളുടെ ചുഴിയില്‍ പെട്ടല്ലേ? നിങ്ങളുടെ യാചനകള്‍ കൃതഞ്ജതാ സ്തോത്രങ്ങളോടെ അവിടുത്തെ മുന്നില്‍ ഉപേക്ഷിക്കുവിന്‍, അപ്പോള്‍ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന സമാധാനം യേശുക്രിസ്തുവില്‍ നമ്മെ കാത്തുകൊള്ളും എന്ന ആത്മപ്രചോദനത്തെ മാനിക്കാതെ ഈ ലോകത്തിലെ കാര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രതീക്ഷവച്ച് നാം നിര്‍ഭാഗ്യരായി പോകുന്നു. മരണത്തിന്‍റെ കാലൊച്ച കെണിയായി ഭവിക്കുകയും ചെയ്യുന്നു. ഇവയില്‍ നിന്നകന്ന് ജാഗ്രതയോടെ നമുക്കു ക്രിസ്തുവില്‍ ജീവിക്കാം.

നമ്മുടെ ജീവിത സഹനങ്ങളെ ദൈവത്തില്‍നിന്ന് സ്വീകരിക്കാനും ക്രിസ്തുവിന്‍റെ സഹനങ്ങളോട് ചേര്‍ത്ത് അര്‍പ്പിക്കാനും വിളിക്കപ്പെട്ടവരാണ് നമ്മള്‍. സഹനങ്ങളെ സ്വീകരിക്കാതെ പോകുമ്പോള്‍ മഹത്ത്വത്തിലേക്കു പ്രവേശിക്കാനുള്ള വഴിയെ നാം തടസ്സപ്പെടുത്തുകയാണ്. അതുകൊണ്ട് മരണമെന്ന വാതിലിലേക്ക് പ്രവേശിക്കാന്‍ സഹനത്തിന്‍റെ പാനപാത്രം ക്രിസ്തു സ്വീകരിക്കുന്ന ഗത് സമേനിയിലൂടെ നാമും ആമേന്‍ പറയണം. ക്ലേശങ്ങളിലൂടെ നാം കടന്നുപോകുന്നത് നിത്യതയിലേക്കാണെന്ന് മറന്നുപോകരുത്. അപരനില്‍ ക്രിസ്തുവിനെ കണ്ട് അവനുവേണ്ടി സഹിക്കുമ്പോഴും ന മ്മുടെ സ്വാഭാവിക സഹനങ്ങളെ യേശുവിനോടുള്ള സ്നേഹത്തെ പ്രതി സ്വീകരിച്ച് യേശുവിനോടു ചേര്‍ത്തു കാഴ്ച വയ്ക്കുമ്പോഴെ രക്ഷാകര മാനത്തിലേക്കു നാമുയരൂ. ഉയിര്‍ത്തവരുടെ ജീവിതം നമ്മോടു പറയുന്നത് സഹനത്തിലൂടെ അവര്‍ പ്രവേശിച്ച നിത്യതയെ കുറിച്ചല്ലേ? ഇവരാണ് വലിയ ഞെരുക്കത്തില്‍ നിന്നു വന്നവരെന്നും കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവരെന്നും വെളിപാടു പുസ്തകം പറയുന്നു.

ഭൂമിയിലെ നിക്ഷേപങ്ങള്‍ ഉപകാരപ്പെടാതെ മരണത്തിലേക്കു കടന്നുപോയ നമ്മുടെ പ്രിയപ്പെട്ടവര്‍ പഠിപ്പിച്ച പാഠം മറന്നു കളയരുത്. അവരുടെ വീഴ്ചകള്‍ക്ക് മാപ്പിനായി പ്രാര്‍ത്ഥിക്കുമ്പോഴും, അവരുടെ കുറവുകള്‍ക്ക് പരിഹാരമനു ഷ്ഠിച്ചു ജീവിക്കുമ്പോഴും അവരു ടെ സുകൃതങ്ങള്‍ തുടരുമ്പോഴും നമ്മുടെ ആത്മരക്ഷയെ ഉറപ്പാക്കുകയും നിത്യതയിലുള്ള നമ്മുടെ വിശ്വാസം പ്രഘോഷിക്കുകയുമാണ് നാം. മരിച്ചവരും മരണവും നമുക്കായി നല്‍കുന്ന പാഠങ്ങളില്‍ രക്ഷയിലേക്കു പ്രവേശിക്കാനായുള്ള തടസ്സങ്ങളെ കുറിച്ചുള്ള മുന്നറിവുകള്‍. മരിച്ചവരുടെ ഓര്‍മ്മയാചരണങ്ങള്‍ ജീവിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്.

Leave a Comment

*
*