നുണകള്‍ വിതച്ച് കലാപം കൊയ്യുന്നവര്‍

നുണകള്‍ വിതച്ച് കലാപം കൊയ്യുന്നവര്‍

മാര്‍ഷല്‍ ഫ്രാങ്ക്

"If you tell a lie big enough and keep repeating it, people will eventually come to believe it. The lie can be maintained only for such time that the state can shield the people from the political, economic and military consequences of the lie.

It thus becomes vitally important for the state to use all of it's powers to repress dissent, for the truth is the mortal enemy of the lie, and thus by extension, the truth is the greatest enemy of the state."

2017 നവംബറില്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ആകമാനം നിറഞ്ഞുനിന്ന വിവാദ വ്യക്തിയായിരുന്നു ശ്രീ. ഷൗര്യ ദോവല്‍. ഇദ്ദേഹം നിയന്ത്രിക്കുന്ന 'ഇന്ത്യാ ഫൗണ്ടേഷന്‍' എന്ന സ്ഥാപനവും അതിന്‍റെ പ്രവര്‍ത്തനവും ആയിരുന്നു വിവാദങ്ങളുടെ കേന്ദ്ര ബിന്ദു. ഇദ്ദേഹം ചില്ലറക്കാരനല്ല. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ അരുമ സന്താനമാണ് ഷൗര്യ.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരകാപ്രവിശ്യയില്‍, ഒരു ഫ്ളാറ്റിലെ കുടുസ്സു മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ ഞൊടിയിടയില്‍ ഇന്ദ്രപ്രസ്ഥത്തിലെ ഏറ്റവും തിരക്കുള്ള കണ്ണായ സ്ഥലത്ത് എല്ലാവിധ ആധുനിക സംവിധാനമുള്ള വളരെയധികം വിലപിടിപ്പുള്ള ഹെയ്ലി റോഡിലെ ഓഫീസ് സമുച്ചയത്തില്‍ ഉയര്‍ന്നു പൊങ്ങിയതിന്‍റെ പിന്നിലെ മാന്ത്രികശക്തിയെപ്പറ്റി സാമാന്യ രീതിയിലുള്ള ഒരന്വേഷണമെങ്കിലും വേണ്ടതല്ലേ?

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഗുജറാത്ത് സംസ്ഥാന മുഖ്യമന്ത്രിയും, ഇന്നത്തെ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡന്‍റ് ആഭ്യന്തരവകുപ്പും ഭരിച്ചിരുന്ന സമയത്ത് മതന്യൂനപക്ഷങ്ങള്‍ക്കും ആദിവാസി, ദലിത്, ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്കും എതിരായി ഒട്ടേറെ കലാപങ്ങള്‍ നടന്നിരുന്നു. മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലീം സമുദായാംഗങ്ങള്‍ ആയിരക്കണക്കിന് വധിക്കപ്പെട്ടു. ഈ അക്രമങ്ങളുടെ നേരറിവ് പൊതുസമൂഹത്തിന് ലഭിക്കുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. സവര്‍ണ്ണവരേണ്യ വര്‍ഗ്ഗം നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അക്രമങ്ങളുടെയും കൊള്ളകളുടെയും കലാപങ്ങളുടെയും യഥാര്‍ത്ഥവിവരങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ അതീവ ജാഗരൂകരായിരുന്നു. അതുവഴി പച്ചയായ പരമാര്‍ത്ഥങ്ങള്‍ തമസ്കരിക്കപ്പെട്ടു. ഇതില്‍ ഖിന്നരായ ഒരുപറ്റം സുമനസ്സുകള്‍ ഭയലേശമെന്യേ മുന്നോട്ടു വന്നു. അവര്‍ കലാപബാധിതപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയും ബാധിക്കപ്പെട്ട ജനങ്ങളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ച് ആയത് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെ സ്വാമി അഗ്നിവേശ്, വല്‍സന്‍ തമ്പു, അരുന്ധതി റോയ്, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ "Harvest of Hate: Gujarath Under Siege" എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ഈ പുസ്തകം പ്രസാധക രംഗത്ത് ഒരു വിപ്ലവം തന്നെ സൃ ഷ്ടിച്ചു. അനേകം പതിപ്പുകള്‍ ഇറങ്ങുകയും കോപ്പികള്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത, ഗൂഢലക്ഷ്യങ്ങളില്ലാത്ത, പൊതുസമൂഹം ബഹുമാനിക്കുന്ന, ഈ മനുഷ്യസ്നേഹികളുടെ വെളിപ്പെടുത്തലുകള്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായി. അതുവഴി, ലോകം യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ സംഭവിച്ചതിനെ സംബന്ധിച്ച് അറിയുവാനും ഇടവന്നു. സംഘപരിവാര്‍ ശക്തികള്‍ക്ക് ഇത് ഒരു കനത്ത ആഘാതം സൃഷ്ടിച്ചു. അവരുടെ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. കാപട്യത്തിന്‍റെ മുഖംമൂടി വലിച്ചു ചീന്തപ്പെട്ടു. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും തൂലികയ്ക്കും ഇനിയും ശക്തി ക്ഷയിച്ചിട്ടില്ലെന്ന് വൈതാളികവൃന്ദത്തിന് ബോധ്യം വന്നു. അച്ചടിമഷി പുരണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെ സംബന്ധിച്ച് വീണ്ടും ഓരോര്‍മ്മപ്പെടുത്തല്‍ അതുവഴി ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ചു.
* * * * *
2008 ആഗസ്റ്റ് 23-ന് ഒറീസ്സായിലെ കാന്ദമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെന്ന ഹിന്ദു സന്ന്യാസി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്. ജന്മംകൊണ്ട് ഹൈന്ദവരായ നക്സലൈറ്റുകളായിരുന്നു വധത്തിനു പിന്നില്‍. എന്നാല്‍ ഇതു മൂലം വേട്ടയാടപ്പെട്ടത് പാവങ്ങളായ ദലിത് ആദിവാസികളായിരുന്നു. സംഘപരിവാറിന്‍റെ കാര്‍മ്മികത്വത്തില്‍ 130-ഓളം ആദിവാസികളെ വധിച്ചു. 300 ക്രൈസ്തവ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിച്ചു. 6000 വീടുകള്‍ തകര്‍ത്തു. 60000 -ഓളം ആളുകള്‍ ഭവനരഹിതരായി. ഇത്രയും ഗുരുതരമായ അവസ്ഥാവിശേഷം സംജാതമായിട്ടും ഈ വിഷയത്തെ അധികരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമലോകം കുറ്റകരമായ അനാസ്ഥ കാട്ടി. കുറച്ചു നാളുകള്‍ക്കുശേഷം കാന്ദമാല്‍ കലാപത്തെ സംബന്ധിച്ച് "Harvest of Hate: Kandamal in Cross Fire" എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രവണമാത്രയില്‍ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് സ്വാമി അഗ്നിവേശും സംഘവും പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പേരിനോടു പൂര്‍ണ്ണമായും സാമ്യതയുള്ള പുസ്തകത്തിന്‍റെ രചയിതാവ് മൈക്കിള്‍ പാര്‍ക്കര്‍ എന്ന ഒരു ക്രൈസ്തവനാമധാരിയായിരുന്നു. ഈ ലേഖനത്തിന്‍റെ ആരംഭത്തില്‍ പരാമര്‍ശിച്ച വിവാദസ്ഥാപനമായ ഷൗര്യദോവലിന്‍റെ ഇന്ത്യാ ഫൗണ്ടേഷനായിരുന്നു പുസ്തകപ്രസാധകര്‍. സ്വാമി ലക്ഷ്മണാനന്ദയുടെ ചിത്രങ്ങളും വധം നടന്ന ശുചിമുറിയുള്‍പ്പെടെയുള്ള സ്ഥലത്തിന്‍റെ വിവിധ ദൃശ്യങ്ങളും ഒട്ടേറെ 'ആധികാരിക' രേഖകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാമിയുടേത് ഒരു ആസൂത്രിത കൊലപാതകമായിരുന്നെന്നും പ്രതികള്‍ ക്രൈസ്തവരാണെന്നും വധത്തിനു മുമ്പ് ഗൂഢാലോചനയും, ആസൂത്രണവും നടന്നിരുന്നുവെന്നും മൈക്കിള്‍ പുസ്തകത്തില്‍ ആരോപിച്ചു. ഒരു ക്രിസ്തീയ ദേവാലയത്തിന്‍റെ കമ്മിറ്റി 'അടിയന്തിരമായി' ചേര്‍ന്ന് കൊലയ്ക്കു തീരുമാനമെടുത്തുവെന്നും ആയത് പള്ളിയുടെ പൊതുയോഗ 'മിനിട്ട്സ്' ബുക്കില്‍ രേഖപ്പെടുത്തിയെന്നും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. തലേദിവസം യോഗം ചേര്‍ന്ന്, പുസ്തകത്തില്‍ എഴുതി വച്ച് പിറ്റേന്ന് വധം നടപ്പിലാക്കുന്ന പുത്തന്‍ കൊലയാളി സംസ്കാരത്തെപ്പറ്റിയുള്ള വിവരണം കൗതുകത്തോടെ വായിക്കുവാന്‍ പൊതുജനത്തിന് സൗകര്യം ലഭിച്ചു. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അല്പം പോലും ദഹിക്കാത്ത ഇത്തരത്തിലുള്ള പച്ചക്കള്ളങ്ങളുടെ പെരുമഴ തന്നെ ഇതിന്‍റെ താളുകളില്‍ ഉടനീളം കാണുവാന്‍ കഴിയും.

പകല്‍വെളിച്ചത്തില്‍ നടന്ന ക്രൂരകൃത്യങ്ങളെ യാതൊരു ഉളുപ്പുമില്ലാതെ തമസ്കരിച്ച്, സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ ഇത്തരത്തില്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കുവാന്‍, ഇന്ത്യയുടെ ഭരണചക്രം നിയന്ത്രിക്കുന്ന ഉന്നതര്‍ ഉള്‍പ്പെട്ട ഇന്ത്യാ ഫൗണ്ടേഷന്‍ മുന്നിട്ടിറങ്ങിയതിലെ അനൗചിത്യത്തെ ഓര്‍ത്ത് പൊതുസമൂഹം ഇതികര്‍ത്തവ്യതാമൂഢരായി ഇരിക്കുന്ന വേളയില്‍ ഇതേ ഫൗണ്ടേഷന്‍ മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരിച്ചു. ബ്രണ്ണന്‍ പാര്‍ക്കര്‍ എന്ന വിദേശ 'ക്രൈസ്തവ'ന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ട "Orissa In the Cross Fire: Kandamal Burning" എന്ന പേരു ചൊല്ലി വിളിക്കപ്പെട്ട പുസ്തകത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍, വായനയ്ക്കു വിധേയമാകുമ്പോള്‍, മൈക്കിള്‍ പാര്‍ക്കറുടെ ആദ്യപുസ്തകത്തിന്‍റെ ഉള്ളടക്കങ്ങളുടെ ബാലിശമായ ആവര്‍ത്തനമായി ഒരു ശരാശരി വായനക്കാരന് അനുഭവപ്പെടുന്നു. ഒരേ സംഭവം രണ്ടുപേരുടെ പേരില്‍, രണ്ടു പുസ്തകങ്ങളായി, ഒരേ സ്ഥാപനം തന്നെ (ഇന്ത്യാ ഫൗണ്ടേഷന്‍) പ്രസിദ്ധീകരിച്ചതിന്‍റെ പിന്നിലെ ചേതോവികാരത്തെ സംബന്ധിച്ച് നിഷ്പക്ഷരായ ഒരുപറ്റം മനുഷ്യസ്നേഹികള്‍ ഗൗരവമായ ഒരു അന്വേഷണം നടത്തി. പുസ്തകത്തിന്‍റെ ആമുഖക്കുറിപ്പില്‍ പ്രസാധകരില്‍പ്പെട്ട ഒരു പ്രധാനിയുടെ ഏതാനും വരികള്‍ നാം പ്രത്യേകം ശ്രദ്ധിച്ചു വായിക്കേണ്ടതുണ്ട്. ഇതിന്‍റെ രചയിതാവായ ബ്രണ്ണന്‍ പാര്‍ക്കര്‍ മാസങ്ങളോളം ഒറീസ്സയില്‍ തങ്ങി, കലാപബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച്, ധാരാളം ആളുകളെ നേരിട്ടു കണ്ട് ആശയവിനിമയം നടത്തി ബോധ്യപ്പെട്ട 'പരമാര്‍ത്ഥങ്ങളാണ്' ഇതിലുടനീളം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അടിവരയിട്ട് പ്രസാധകക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പേജില്‍ മൈക്കിള്‍ പാര്‍ക്കര്‍ അമേരിക്കയിലെ സിയാറ്റില്‍ നിന്നുള്ളയാളും സമകാലികസാമൂഹ്യവിഷയങ്ങളെ സംബന്ധിച്ച് അവഗാഢ ജ്ഞാനവും, അന്വേഷണതൃഷ്ണയുമുള്ള ഗവേഷകനാണെന്നു പറയുമ്പോള്‍, മറ്റൊരിടത്ത് ഇന്ത്യയില്‍ ജനിച്ച, ഇന്ത്യയെപ്പറ്റി പരിജ്ഞാനമുള്ള ഒരു ബുദ്ധിജീവിയായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനെക്കാള്‍ ആശ്ചര്യകരമായി തോന്നിയത് പുസ്തകത്തിന്‍റെ അവസാനപുറം ചട്ടയില്‍ അമേരിക്കയിലെ ജോര്‍ജ്ജിയ സംസ്ഥാനത്തെ അറ്റ്ലാന്‍റയില്‍ ജനിച്ച വ്യക്തിയാണ് മൈക്കിള്‍ പാര്‍ക്കര്‍ എന്ന പരാമര്‍ശമാണ്. രണ്ടാമത്തെ പുസ്തകത്തിന്‍റെ രചയിതാവ് ബ്രണ്ണന്‍ പാര്‍ക്കര്‍ അവകാശപ്പെടുന്നത്, ഇന്ത്യയിലെ പ്രമുഖ ആംഗലേയദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ കറസ്പോണ്ടന്‍റ് രാജാറാം സേതുപതിയുമായി ഇയാള്‍ അഭിമുഖം നടത്തിയെന്നും, സേതുപതി നല്കിയ വിലപ്പെട്ട നേരറിവുകളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നുമാണ്. ഇതു വായിച്ച ആന്‍റോ അക്കരയെന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ശ്രീമാന്‍ രാജാറാം സേതുപതിയെ ബന്ധപ്പെട്ടപ്പോള്‍, ഇങ്ങനെയൊരു പാര്‍ക്കറെ തന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലായെന്ന് തീര്‍ത്തുപറഞ്ഞു. ഫ്ളാറ്റ് നമ്പര്‍ 343, ചാന്ദന്‍വാടി സൊസൈറ്റി, സെക്ടര്‍ 10, ദ്വാരക, ന്യൂഡല്‍ഹി എന്ന മേല്‍വിലാസമാണ് പ്രസാധകന്‍റേതായി പുസ്തകത്തില്‍ നല്കിയിരിക്കുന്നത്. വിശദമായ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. ഈ സ്ഥലത്തിന്‍റെ ഉടമ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമാന്‍ നരേന്ദ്ര മോദിയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാകുന്നു. അതേ ഇന്ത്യാ ഫൗണ്ടേഷന്‍റെ അധിപന്‍ ഷൗര്യ ദോവലിന്‍റെ പ്രിയപ്പെട്ട പിതാവ്. ഒപ്പം കൂട്ടിച്ചേര്‍ത്തുവായിക്കേണ്ട വിസ്ഫോടജനകമായ മറ്റൊരു വസ്തുതകൂടി തിരിച്ചറിയുക. ഈ പുസ്തകത്തിന്‍റെ അവതാരികയില്‍, നട്ടാല്‍ കുരുക്കാത്ത നുണകള്‍ ഒന്നിനു പിറകേ ഒന്നായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന ബഹുമാന്യവ്യക്തിയെ കൂടി നാം പരിചയപ്പെടേണ്ടതുണ്ട്: ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി തമിഴ്നാട്ടുകാരി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍! ഒരേ വിഷയത്തെ സംബന്ധിച്ച് രണ്ടു വ്യത്യസ്ത പേരുകളില്‍ ഒരു പ്രസിദ്ധീകരണശാല തന്നെ രണ്ട് പുസ്തകങ്ങള്‍ അച്ചടിച്ചു പുറത്തുവിട്ടതിന്‍റെ പിന്നിലുള്ള ലക്ഷ്യത്തെ സംബന്ധിച്ച അന്വേഷണം വെളിപ്പെടുത്തിതന്ന മറ്റൊരു നഗ്നസത്യം കൂടി അറിയുക; നാളിതുവരെ ഒട്ടനവധി ഉല്‍പതിഷ്ണുക്കളായ അന്വേഷണാത്മക പത്രപ്രവര്‍ത്തനരംഗത്തെ എണ്ണം പറഞ്ഞ മാധ്യമസുഹൃത്തുക്കള്‍ അന്വേഷിച്ചിട്ടും, മൈക്കിള്‍ പാര്‍ക്കര്‍, ബ്രണ്ണന്‍ പാര്‍ക്കര്‍ എന്ന 'ഗ്രന്ഥകര്‍ത്താക്കളെ' ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നറിയുമ്പോഴാണ്, ഹിന്ദുസ്ഥാനിലെ അക്ഷരം പഠിച്ച പാവം ഇന്ത്യാക്കാരനെ ഒരു പറ്റം 'ബുദ്ധിജീവികള്‍' വിഡ്ഢികളാക്കുവാന്‍ അണിയറയില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് റിഹേഴ്സല്‍ നടത്തി രംഗത്ത് അവതരിപ്പിക്കുന്ന കാപട്യത്തിന്‍റെ പൊറാട്ടു നാടകങ്ങളെ സംബന്ധിച്ച് ഏകദേശ രൂപം പിടികിട്ടുന്നത്. പ്രതിരോധിക്കുവാനും പ്രതികരിക്കുവാനും ശേഷിയില്ലാത്ത മതന്യൂനപക്ഷത്തില്‍പ്പെട്ട, ആദിവാസി ദലിത് ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ആയിരക്കണക്കിന് നിരായുധരായ നിരപരാധികളെ, അപരാധികളെന്ന് മുദ്രകുത്തി കൂട്ടക്കുരുതിക്ക് വിധേയരാക്കി, ഗര്‍ഭിണിയുടെ നിറവയറില്‍ ശൂലം കുത്തിയിറക്കി ഗര്‍ഭസ്ഥശിശുവിനെ വധിച്ച കാപാലികരുടെ കാട്ടാളത്തത്തിനെതിരെ വെള്ളപൂശുവാന്‍ ലോകത്ത് ഇനിയും ജനിക്കാത്ത അതുവഴി ജീവിച്ചിരിക്കാത്ത രണ്ടു വിദേശ ക്രൈസ്തവനാമധാരികളുടെ പേരു വച്ച് ഇന്ത്യയിലെ തന്നെ 'അതിബുദ്ധിമാന്മാര്‍' രചിച്ച രണ്ടു പുസ്തകങ്ങളും വായിക്കുവാന്‍ പ്രേരിപ്പിക്കപ്പെടുകയും, കല്ലുവച്ച നുണകള്‍ വിശ്വസിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിന്‍റെ കാവലാളായി ഭവിക്കുവാന്‍ നിയോഗിക്കപ്പെട്ട ഉന്നതര്‍ തന്നെ (പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും, കേന്ദ്രപ്രതിരോധ വ്യോമയാന വാണിജ്യവകുപ്പ് മന്ത്രിമാര്‍, ഭരണപ്പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങിയവരും) ഈ കാരണങ്ങളുടെ പിന്നില്‍ നിന്ന് സമര്‍ത്ഥമായി ചരടുവലിക്കുന്നതു കാണുമ്പോള്‍, പവിത്രമായ ആവിഷ്കാരസ്വാതന്ത്ര്യത്തെ കേവല സങ്കുചിത താല്‍പര്യസംരക്ഷണാര്‍ത്ഥം ഹീനമായി ദുരുപയോഗം ചെയ്യുന്നതു കാണുമ്പോള്‍, ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് ആരെങ്കിലും ഉല്‍കണ്ഠപ്പെട്ടാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ഈ രണ്ടു പുസ്തകങ്ങളും 'ബെസ്റ്റ് സെല്ലര്‍' പട്ടികയില്‍പെടുത്തി ഒരു പറ്റം മാധ്യമങ്ങള്‍ പരസ്യങ്ങള്‍ നല്കുമ്പോള്‍, ഇന്ത്യയിലെ സനാതന സത്യധര്‍മ്മാദി മൂല്യങ്ങളുടെ നിലനില്പ് അപകടത്തിലാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ കുറെയേറെ ശരികളില്ലേ?

ഇതൊക്കെ കണ്ടും കേട്ടും വായിച്ചും സ്തബ്ധരായി ഇരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരുന്ന ഒരു രൂപമുണ്ട്. ജര്‍മ്മനിയിലെ ഭരണാധികാരിയായിരുന്ന, ലക്ഷക്കണക്കിന് ആളുകളെ കൂട്ടക്കുരുതിക്കു വിധേയരാക്കിയ, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്‍റെ ഉപജ്ഞാതാവ് നാസി ഭീകരന്‍ അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ വാര്‍ത്താവിനിമയ വകുപ്പു മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സ്. ആ 'മാന്യദേഹത്തിന്‍റെ' പ്രസിദ്ധമായ ജല്പനമാണ് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്. ആയതിന്‍റെ പരിഭാഷ ഇങ്ങനെ: "വലിയൊരു നുണ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നാല്‍ അത് ജനഹൃദയങ്ങളില്‍ ലബ്ധ പ്രതിഷ്ഠ നേടും (വിശ്വാസ്യത നേടും). പക്ഷെ, രാജ്യത്തിന് (ഭരണ വര്‍ഗ്ഗത്തിന്) ജനങ്ങള്‍ക്ക് ഇതുമൂലം സംജാതമാകുന്ന രാഷ്ട്രീയവും, സാമ്പത്തികവും, മിലിട്ടറിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് (സംഘര്‍ഷങ്ങളില്‍ നിന്ന്) പ്രതിരോധിക്കുവാനാകുന്ന കാലം വരെയെ അതിനായുസ്സുള്ളു. അതുകൊണ്ടു തന്നെ ഭരണ സംവിധാനത്തിന് (ഭരണ വര്‍ഗ്ഗത്തിന്) എതിരെ ഉരുത്തിരിയുന്ന വെല്ലുവിളികള്‍, (എതിര്‍പ്പ്) ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നത് അത്യന്താപേക്ഷിതമായിത്തീരുന്നു. സത്യത്തിന്‍റെ ആജന്മ ശത്രുവാണ് നുണ. ആ നിലയില്‍ ചിന്തിച്ചാല്‍ സത്യം, ഭരണ വര്‍ഗ്ഗത്തിന്‍റെ മുഖ്യശത്രു എന്ന തിരിച്ചറിവിലേക്കാണ് നാം എത്തിച്ചേരുക." വര്‍ത്തമാനകാല ഇന്ത്യയിലെ ദൈനംദിന കാര്യങ്ങളുടെ പോക്ക് ഇവ്വിധമെങ്കില്‍, ആസന്നഭാവിയില്‍, സാധാരണ ഇന്ത്യാക്കാരന്‍ ഏറ്റു വിളിക്കുവാന്‍ നിര്‍ബന്ധിതനാകുന്ന ഒരു മുദ്രാവാ ക്യം നാം ഇപ്പോഴേ തയ്യാറാക്കി, മനപ്പാഠമാക്കി വയ്ക്കേണ്ട അവസ്ഥ സംജാതമായെന്നു തോന്നുന്നു. "ഇല്ലാ ഗീബല്‍സ് മരിച്ചിട്ടില്ലാ, ജീവിക്കുന്നു നേതാക്കളിലൂടെ"!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org