ഓഖി ദുരന്തം നമ്മോടു പറയുന്നത്

ഓഖി ദുരന്തം നമ്മോടു പറയുന്നത്

ചരിത്രമില്ലാത്തവരും ചരിത്രത്തിലില്ലാത്തവരും ദുരന്തഭൂമിയിലെ നമ്പരുകളായി ചരിത്രത്തിലിടംപിടിക്കുന്ന ദുരവസ്ഥയെക്കുറിച്ചോര്‍മ്മിപ്പിക്കുന്നു ഓഖി. ആയിരം കൈകളാല്‍ ചേര്‍ത്തുപിടിക്കുന്ന കടലമ്മ എത്ര പെട്ടെന്നാണ് രൗദ്രഭാവമണിഞ്ഞത്. സ്വന്തം മടിത്തട്ടില്‍നിന്നു ചോറും കറിയും തന്ന കടലമ്മ എന്തേ എല്ലാം ത ച്ചുതകര്‍ത്തു എന്നു വിലപിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്, ഓഖി ദുരന്തം ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്. ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിര്‍മ്മാണ അതോറിറ്റിയായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഓഖി തീരവാസികളെ കൊന്നുതിന്നതല്ല, ആരൊക്കെയോ കൊലയ്ക്കു കൊടുത്തതാണ്. കടലമ്മ ചതിക്കില്ല എന്നാണു കടപ്പുറത്തെ വിശ്വാസം, ചതിച്ചതു രക്ഷിക്കേണ്ടവര്‍. ഓഖിപോലൊരു ദുരന്തം സമൂഹത്തിലെ മേലാളര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തായിരുന്നെങ്കില്‍ കാര്യങ്ങള്‍ എന്താകുമായിരുന്നു എന്നത് കേരളം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്. പള്ളിക്കാര്‍ വേദനിച്ചപ്പോള്‍ പള്ളിയുടെ മറവില്‍ വോട്ടു തേടുന്നവരാരേയും കണ്ടില്ല. മാധ്യമ ചര്‍ച്ചകളില്‍ മറ്റു പള്ളിക്കാര്‍ എവിടേയെന്നും ചോദിക്കുന്നതു കേട്ടു. കടലോരത്തിന്‍റെ കണ്ണീര്‍ കേരളത്തിന്‍റെ മനസ്സാക്ഷിയെ ഇനിയും ഉണര്‍ത്തിയിട്ടുണ്ടോ എന്നു വ്യക്തമല്ല.

സുനാമിയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോകമെമ്പാടുമുള്ള സുമനസ്സുകള്‍ ഇന്ത്യയിലേക്കൊഴുക്കിയതു കോടികളായിരുന്നു. അന്നും വാഗ്ദാനങ്ങള്‍ക്കു കുറവില്ലായിരുന്നു. തീരത്ത് ഇനി ഇത്തരം ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ കടലോരത്തെമ്പാടും മുന്നറിയിപ്പു സംവിധാനങ്ങളേര്‍പ്പാടാക്കും എന്നു സത്യപ്രതിജ്ഞ ചെയ്യാത്ത നേതാക്കളില്ലായിരുന്നു. കേരളതീരത്ത് ഇത്രവലിയ ദുരന്തമുണ്ടായതു നിശ്ചയമായും മുന്നറിയിപ്പു കാര്യത്തില്‍ കേരളം കാട്ടിയ അനാസ്ഥയാണ്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പു നല്‍കിയതാണ് എന്ന് അവകാശപ്പെടുമ്പോള്‍ അതു നിസ്സംഗത യോടെ നിഷേധിക്കുകയാണു സം സ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്. മുന്നറിയിപ്പു നല്‍കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റു പറഞ്ഞതുമാണ്.

ദുരിതം, ദുരന്തം
ഓഖി കൊടുങ്കാറ്റ് തീരത്ത് ദുരിതമായും ദുരന്തമായുമാണെത്തിയത്. കേരളത്തിന്‍റെ കടല്‍ത്തീരത്തൊട്ടാകെ കൂറ്റന്‍ കടല്‍ത്തിരമാലകള്‍ ഉണ്ടാകുകയും കടല്‍തീരത്തേക്ക് അടിച്ചുകയറുകയും വലിയ കൊടുങ്കാറ്റു രൂപപ്പെടുകയും ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ചു തിരിച്ചുവന്നവര്‍ പറഞ്ഞത് ആഴക്കടലില്‍ ഉണ്ടായ കാറ്റ് നാളിതുവരെ കണ്ടിട്ടില്ലാത്തതും രാക്ഷസതിരമാലകളെ സൃഷ്ടിക്കുന്നതുമായിരുന്നു എന്നാണ്. കടലില്‍ നങ്കൂരമിട്ടിരുന്ന വഞ്ചികളെ പറത്തിക്കൊണ്ടുപോകുകയായിരുന്നുവത്രെ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. മരിച്ചവരും ഇനിയും വന്നുചേരാത്തവരും എത്രയെന്ന് സര്‍ക്കാരിന് ഇപ്പോഴും കൃത്യമായ കണക്കില്ല എന്നത് മറ്റൊരു ദുരന്തമാണ്. ചെറുവള്ളങ്ങളില്‍ പോയവരുടെ കണക്കേ ഇപ്പോഴും പറയുന്നുള്ളു. ഒരു മാസമൊക്കെ കഴിഞ്ഞു വരുന്ന വലിയ ബോട്ടുകള്‍ തീരമണിയുക ഇനിയും വൈകിയാണ്. അതുവരെ കാക്കണം നിജസ്ഥിതിയറിയാന്‍. ആലപ്പുഴയില്‍ നിന്നുപോയ ജോയേല്‍ വള്ളത്തെക്കുറിച്ചു മൂന്നു നാലു ദിവസത്തേക്ക് ഒരറിവുമുണ്ടായില്ല. അഞ്ചുപേര്‍ ആ വഞ്ചിയിലുണ്ടായിരുന്നു. ആ ദിവസങ്ങള്‍ എങ്ങനെയാണു കടന്നുപോയതെന്ന് ആര്‍ക്കും പറഞ്ഞറിയിക്കാനാവില്ല. എന്തായാലും ആ വഞ്ചിക്കാരെ നേവിക്കാര്‍ രക്ഷപ്പെടുത്തി. അവര്‍ ബേപ്പൂര്‍ കടല്‍ത്തീരത്താണെത്തിയത്. എല്ലാം നഷ്ടപ്പെട്ട അവര്‍ പിന്നീടു കരമാര്‍ഗം വീട്ടിലെത്തി. ആലപ്പുഴയില്‍ ഇവരുള്‍പ്പെടെ 12 പേരുടെ വള്ളം, വല, എഞ്ചിന്‍ തുടങ്ങിയവ നഷ്ടപ്പെട്ടു. ഒരു വഞ്ചിക്കാര്‍ക്ക് ഏതാണ്ട് ഇരുപതു ലക്ഷം രൂപാ വീതം നഷ്ടമുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരാണ് മുഖ്യമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സി.എം.എഫ്.ആര്‍.ഐ., സിഫ്ററ്, നേവി, ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റ് കോസ്റ്റു ഗാര്‍ഡ് എന്നിവരെല്ലാം രംഗത്തുണ്ടായിരുന്നു. ആത്മാര്‍ത്ഥതയും കാര്യക്ഷമതയോടെയുള്ള രക്ഷാപ്രവര്‍ത്തനവും നടന്നില്ല. വിവിധവകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഒട്ടുമേയില്ലായിരുന്നു. ഒരുപാട് എന്‍.ജി.ഓ.കളും രംഗത്തുണ്ടായിരുന്നു. ഏറ്റവും ശക്തമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് തിരുവനന്തപുരം അതിരൂപതയാണ്. ഓരോ ദിവസവും കണ്ടുകിട്ടുന്നവരേറെ. അതേക്കാള്‍ കൂടുതല്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍. അന്വേഷണങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എത്രപേരെ കാണാനുണ്ട് എന്നതിന് ഇപ്പോഴും സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുകയാണ്. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ് ഇത്ര വളര്‍ന്നിട്ടും ദുരന്തങ്ങളെ നേരിടാന്‍ നാം പഠിച്ചിട്ടില്ല. തീരജീവിതത്തിനു വില കല്‍പ്പിക്കാന്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്കു ശീലവുമായില്ല. ഒരു ദിവസം മീന്‍പിടിക്കാന്‍ പോകുന്നവരെത്ര, തിരിച്ചെത്തുന്നവരെത്ര എന്നു സര്‍ ക്കാരിനറിയേണ്ടെ? അതിനെന്തു സംവിധാനമാണുള്ളത്? മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് 2008-ല്‍ ഡോ. ദേവരാജന്‍ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചത് ഓഖി ദുരന്തത്തിന്‍റെ ആക്കം കൂട്ടാന്‍ ഇടയാക്കി. റിപ്പോര്‍ട്ടു നല്‍കി ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും അതിലെ ശിപാര്‍ശകള്‍ പലതും കടലാസ്സില്‍ ബാക്കിയാണ്. തീരമേഖലയ്ക്കു മാത്രമായി പ്രത്യേക സമഗ്ര ദുരന്തനിവാരണ പദ്ധതിക്കു രൂപം നല്‍കണമെന്നതായിരുന്നു സമിതിയുടെ ഏറ്റവും പ്രധാന നിര്‍ദ്ദേശം. സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എത്രയും പെട്ടെന്ന് തീരദേശഗ്രാമങ്ങളിലും കടലില്‍പോയ മത്സ്യത്തൊഴിലാളികളേയും അറിയിക്കാന്‍ സംവിധാനമുണ്ടാക്കണം. രക്ഷാദൗത്യം അതിവേഗം ആരംഭിക്കുകയും അതിന് ഏകോപനസംവിധാനം ഉണ്ടാക്കുകയും വേണം. മത്സ്യഭവനുകള്‍, മത്സ്യവിജ്ഞാന കേന്ദ്രങ്ങള്‍, ഫിഷറീസ് ഓഫീസുകള്‍, ഇന്‍ഫൊര്‍മേഷന്‍ സെന്‍ററുകള്‍ എന്നിവ വഴി മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഐ.ടി. അധിഷ്ഠിത സംവിധാനം നടപ്പാക്കണം. ഇന്‍കോയിസ്, ഐ.എസ്.ആര്‍.ഒ., സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ്ങ് ഏജന്‍സി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കണം ഇത്. ഇത്തരം ഔദ്യോഗിക നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പറത്തി. ഓഖിയെത്തുടര്‍ന്നും ഏറെ ദിവസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നുവന്നപ്പോള്‍ മാത്രമാണ് അന്വേഷണം വ്യാപിപ്പിക്കാനും അതിനു ബോട്ടുടമകളുടെ സഹകരണം തേടാനും തീരുമാനിച്ചത്.

തിരുവനന്തപുരം അതിരൂപതയുടെ ഇടപെടലുകള്‍
ഒരു രൂപതാ സമൂഹം എങ്ങനെ മിശിഹാ സമൂഹമാകണമെന്ന് തിരുവനന്തപുരം അതിരൂപതയുടെ ഇടപെടലിലൂടെ അടയാളപ്പെടുത്തപ്പെടുന്നു. തീരവാസികള്‍ക്കഭയമായി ഇടയന്മാരുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ട അവസരമാണിത്. അതുകൊണ്ടാണു കൂട്ടംവിട്ടുപോയ ആടുകളെത്തേടിയിറങ്ങിയ വലിയ പിതാവിന്‍റെ ഉപമ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിതനായത്. അതിരൂപതയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമുണ്ടായി. ആരൊക്കെ മീന്‍പിടിക്കാന്‍പോയി ആരൊക്കെ മടങ്ങി എത്തി ആരൊക്കെ ഇനിയും വന്നു ചേരാനുണ്ട് എത്രപേര്‍ മരിച്ചു എന്നൊക്കെ കൃത്യമായ കണക്ക് വളരെപ്പെട്ടെന്നു ശേഖരിക്കാന്‍ കഴിഞ്ഞു. അതേസമയം അങ്ങനെയൊരു കൃത്യമായ കണക്കു സര്‍ക്കാരിനുണ്ടായില്ല. ഒടുവില്‍ അതിരൂപത പറഞ്ഞ കണക്ക് അപ്പാടെ സര്‍ക്കാരിനംഗീകരിക്കേണ്ടി വന്നു. നേവി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ട് കടലില്‍ കണ്ട മൃതശരീരങ്ങളെടുക്കാതെ പോന്നപ്പള്‍ സ്വന്തം നിലയില്‍ മീന്‍പിടുത്തക്കാരെ വിട്ട് മൃതശരീരങ്ങള്‍ കരയിലെത്തിച്ചു. സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും അലംഭാവം ഒഴിവാക്കാന്‍ കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ രാജ്ഭവന്‍മാര്‍ച്ച് സംഘടിപ്പിച്ചു. എന്നാല്‍ ആരുടേയും വഴിമുടക്കിയില്ല, പൊതുമുതല്‍ നശിപ്പിച്ചില്ല, പോയപ്പോള്‍ രാജ്ഭവന്‍ മുഴുവന്‍ വൃത്തിയാക്കിയിട്ടാണു പോയതും. തിരുവനന്തപുരം അതിരൂപതയുടെ സമരം വളരെ താത്ത്വികവും മൂല്യാധിഷ്ഠിതവുമാണ്. ഒരു പാക്കേജില്‍ ജീവന്‍ വച്ചു പന്താടാന്‍ രൂപത തയ്യാറാകുന്നില്ല എന്നത് മാതൃകാപരമാണ്. കാണാതായവര്‍ക്കായി കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നതും ആ നിലയില്‍ത്തന്നെ കാണണം. ഭരണഘടനാനുസൃതമായ ഹേബിയുസ് കോര്‍പൂസ് റിട്ടു പ്രൊവിഷന്‍ അനുസരിച്ച് ഈ കെയ്സ് കോടതി സ്വീകരിച്ചാല്‍ അതു പുതിയൊരു വഴിത്തിരിവാകും. മൊത്തത്തില്‍ പരിശോധിച്ചാല്‍ ദുരന്ത മേഖലയില്‍ ഒരു ദു രന്ത നിവാരണ സന്നദ്ധ സംഘടന എപ്രകാരം പെരുമാറണമെന്ന് തിരുവനന്തപുരം അതിരൂപത നമ്മെ പഠിപ്പിക്കുന്നു.

നിര്‍ദ്ദേശങ്ങള്‍
1) മീന്‍പിടുത്തക്കാരുടെ പ്രശ്നങ്ങള്‍ കുറേക്കൂടി മാന്യതയോടെയും പരിഗണനയോടെയും കാണണം. കടല്‍ക്ഷോഭം ഇപ്പോഴും പ്രകൃതിദുരന്തമായിട്ടുപോലും കണക്കാക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിഷയം പഠിച്ച് വ്യക്തമായ തീരുമാനമുണ്ടാകണം.

2) ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്നതിനാലും ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലും തീരത്തു പലതരത്തിലുള്ള ജാഗ്രതാ നിര്‍ദ്ദേശക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണം. പള്ളികള്‍പോലുള്ള സ്ഥാപനങ്ങളുടെ സഹായം ഇക്കാര്യത്തില്‍ തേടാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണം.

3) കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കണം. രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയവയുണ്ടാകണം.

4) മീന്‍പിടിക്കാന്‍ ആരൊക്കെ പോകുന്നു ആരൊക്കെ തിരിച്ചുവരുന്നു എന്നതും കൃത്യമായറിയാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്‍റുകളെ ശക്തിപ്പെടുത്തണം.

5) തീരദേശവികസനം മുന്നില്‍ കണ്ട് ശാസ്ത്രിയ പഠനമുണ്ടാകണം. തീരത്തെ ഗൗരവമായിട്ടെടുക്കണം. തീരത്തിന്‍റെ വികസനം ലക്ഷ്യംവച്ച് ഗൗരവമായ പഠനം നടക്കണം. കുട്ടനാട്ടില്‍ എം.എസ്. സോമിനാഥന്‍ കമ്മീഷന്‍ ശാസ്ത്രീയമായി പഠിച്ച് കുട്ടനാടു പാക്കേജവതരിപ്പിച്ചപോലെ തീരദേശ പാക്കേജ് പ്രഖ്യാപിക്കണം.

6) രക്ഷാ പ്രവര്‍ത്തനത്തിന് തീരദേശത്തെ യുവാക്കളെ പരിശീലിപ്പിച്ച് കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ജോലി കൊടുക്കണം. മീന്‍ പിടിക്കാന്‍ പോകുന്നതും വരുന്നതും അറിയാന്‍ സംവിധാനങ്ങളുണ്ടാകണം.

7) കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍. അതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി അര്‍ത്തുങ്കല്‍ സ്ഥാപിതമായിട്ടുള്ള കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ രക്ഷാപ്രവര്‍ത്തനത്തിന് സുസജ്ജമാക്കണം. ലൈഫ് ജാക്കറ്റ്, കടലില്‍ പോകുന്നതിന് ആവശ്യമായ ബോട്ട് എന്നിവ അടിയന്തരമായി ലഭ്യമാക്കണം. അതോടൊപ്പം മറൈന്‍ ഹോം ഗാര്‍ഡ്സിന്‍റെ സേവനം ലഭ്യമാക്കണം. ശാസ്ത്രിമുക്കു കടല്‍ത്തീരത്ത് അടിഞ്ഞിരിക്കുന്ന ബോട്ടിന്‍റെ ബോയ അവിടുന്ന് നീക്കം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണം. കൃത്യമായ മുന്നറിയിപ്പില്ലായിരുന്നു. മാത്രമല്ല കാര്യക്ഷമമായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഏകോപനമില്ലായ്മയും പ്രതിസന്ധികളുളവാക്കി. ഇനിയെങ്കിലും അടിയന്തിര സഹായങ്ങളെത്തിക്കാന്‍ തടസ്സങ്ങളുണ്ടാവരുത്.

8) ഹാര്‍ബറുകള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹാര്‍ബറുകള്‍ നന്നായി സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഇത്രയേറെ നാശനഷ്ടങ്ങളുണ്ടാകുമായിരുന്നില്ല. അര്‍ത്തുങ്കലേയും ചെല്ലാനത്തേയും ഹാര്‍ബ്ബറുകള്‍ സജ്ജമായിരുന്നെങ്കില്‍ ആലപ്പുഴയില്‍നിന്ന് 12 വള്ളങ്ങള്‍ നഷ്ടപ്പെടില്ലായിരുന്നു. അതുപോലെ മറ്റു സ്ഥലങ്ങളിലുമുണ്ടായിരുന്നെങ്കില്‍ അപകടങ്ങള്‍ നിശ്ചയമായും കുറയുമായിരുന്നു.

9) കേന്ദ്ര സര്‍ക്കാരില്‍ ഫിഷറീസിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം ഉണ്ടാകണം.

തീരദേശം കണ്ട ഏറ്റവും വലിയ ദുരന്തമാണു കടന്നുപോകുന്നത്. പലതരത്തിലും സുനാമിയേക്കാള്‍ ദുരന്തപൂര്‍ണമാണ് ഓഖി. ദുരന്തങ്ങളൊഴിയാത്ത ഇടമായി തീരം മാറുന്നുണ്ട്. ഭരണഘടനയും മൗലികാവകാശങ്ങളും തീരവാസികള്‍ക്കുകൂടിയുള്ളതാണെന്ന് ഭരണാധികാരികള്‍ ഇനിയെങ്കിലും മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org