വയോജനസംരക്ഷണം കേരളത്തില്‍

വയോജനസംരക്ഷണം കേരളത്തില്‍

ജോസഫ് കൈനിക്കര, ജര്‍മനി

എഴുത്തുകാരും ബുദ്ധിജീവികളും മതപണ്ഡിതന്മാരും സാമൂഹ്യനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പരക്കെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ വയോജനങ്ങള്‍ക്കു നേരെയുണ്ടാകുന്ന അവഗണന. പക്ഷേ, ആരും തന്നെ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നുള്ളതും ഒരു വസ്തുതയായി നിലനില്ക്കുന്നു.

വാര്‍ദ്ധക്യം ഒരു ജീവിതയാഥാര്‍ത്ഥ്യമാണ്; തുടര്‍ന്നുള്ള മരണവും. അകാലനിര്യാണം ഏതൊരു മനുഷ്യസമൂഹത്തിലും ആരാലും ഇഷ്ടപ്പെടുന്നതല്ല. മരണം കള്ളനെപ്പോലെ വരുമെന്നാകിലും വാര്‍ദ്ധക്യമേറുന്തോറും അതടുത്തുവരുന്നു എന്ന സത്യം മനസ്സിലാക്കുകയും ഓര്‍മിക്കുകയും ചെയ്യുമ്പോള്‍ മരണത്തിനായുള്ള തയ്യാറെടുപ്പിനും സാംഗത്യമേറെയുണ്ട്. വയസ്സായ ശേഷമുള്ള ഒരാളുടെ സ്വാഭാവിക മരണത്തില്‍ തെല്ലും ദുഃഖിക്കാതെ പാട്ടുപാടിയും നൃത്തം ചെയ്തും അതൊരു ആഘോഷമാക്കുന്ന ചില സമൂഹങ്ങള്‍ ആഫ്രിക്കയിലുണ്ട്. ഒരുപക്ഷേ, അതിനുള്ളിലെ തത്ത്വശാസ്ത്രം മരണവീട്ടിലെ വിലാപത്തിന്‍റെ അര്‍ത്ഥശൂന്യതെയ വെളിപ്പെടുത്തുന്നതാകാം. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം "ജീവിക്കുന്ന ക്രിസ്തുവിനെ" മനസ്സില്‍ കണ്ടുകൊണ്ടു നിത്യജീവനുവേണ്ടിയുള്ള തയ്യാറെടുപ്പോടെ മരണത്തെ അഭിമുഖീകരിക്കാന്‍ കഴിയുന്നെങ്കില്‍ അതു വളരെ സന്തോഷകരമാകണ്ടേ?

കേരളത്തിലെ ഭവനങ്ങളിലൊക്കെയും വൃദ്ധജനങ്ങള്‍ക്ക് "ഈ സന്തോഷം" ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ബന്ധുമിത്രാദികളെപ്പോലെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. എങ്ങനെയാണ് ഈ സന്തോഷകരമായ അവസ്ഥ സൃഷ്ടിക്കുക എന്നതിനെക്കുറിച്ചു സമൂഹത്തിന് അറിവുണ്ടാകുമ്പോഴേ ഒരു പരിഷ്കൃതസമൂഹമെന്നുപോലും അവകാശപ്പെടാന്‍ കഴിയൂ. ഭൂട്ടാന്‍ പോലെ ചില രാജ്യങ്ങള്‍ നാടിന്‍റെ ജീവിതനിലവാരത്തെ അളക്കാനുപയോഗിക്കുന്ന പ്രധാന ഘടകംതന്നെ പൗരന്‍റെ ജീവിതസന്തോഷമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രസിദ്ധ നിരൂപകനും തത്ത്വചിന്തകനുമായ ജോണ്‍ റസ്കി ന്‍റെ വാക്കുകളില്‍: "The man who does not know when to die does not know how to live unto this last."

വിശുദ്ധ മദര്‍ തെരേസയുടെ കര്‍മ്മമേഖലയിലെ പ്രധാന ലക്ഷ്യം മനുഷ്യനെ മാന്യമായി മരിക്കാന്‍ സഹായിക്കുകയെന്നതായിരുന്നു. ബന്ധുക്കളാല്‍ തിരസ്കരിക്കപ്പെട്ടു തെരുവില്‍ അലയേണ്ടിവരുന്ന വൃദ്ധരെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങു വൃദ്ധരായ സ്ത്രീപുരുഷന്മാര്‍ വീടുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി ഏകാന്തതയില്‍ ദുഃഖിതരായി കഴിയുന്നു എന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒട്ടുമിക്ക പാശ്ചാത്യസമൂഹങ്ങളിലും വൃദ്ധജനങ്ങള്‍ക്കായുള്ള ഭവനങ്ങള്‍ സ്ഥാപിച്ചും നടത്തിയും വരുന്നത് എത്രയോ പതിറ്റാണ്ടുകളായി തന്നെ തുടര്‍ന്നുപോരുന്നുണ്ട്. നമ്മള്‍ ഇന്നും അത്തരം സംവിധാനങ്ങളെ വിമര്‍ശിക്കുന്നതല്ലാതെ അതിലെ നന്മയെയും പുരോഗമനചിന്തകളെയും അഭിനന്ദിക്കാന്‍ തയ്യാറാകുന്നില്ല.

വാര്‍ദ്ധക്യശുശ്രൂഷ (geriatric nursing) എന്ന ശാസ്ത്രീയമായ ആതുരശുശ്രൂഷാമേഖലതന്നെ ഇന്നു കേരളത്തിലും ഇന്ത്യയിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. കാരണം ആ തൊഴില്‍ മേഖലയില്‍ കാര്യമായ നൈപുണ്യവും അതിന്‍റെ സാദ്ധ്യതകളും ഇന്നും വിലയിരുത്തപ്പെട്ടിട്ടില്ല എന്നതുതന്നെ. കേരളംപോലെ സേവനമേഖലയില്‍ ഊന്നിയുള്ള ഒരു സമ്പദ്ഘടനയില്‍ ഓള്‍ഡ്ഏജ് ഹോമുകള്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും എടുത്തുപറയാവുന്ന സംഗതിയാണ്. ജര്‍മനി, സ്വിറ്റ്സര്‍ലന്‍റ്, ആസ്ട്രിയ തുടങ്ങിയ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നു മുതല്‍മുടക്കിയിട്ടുള്ള വൃദ്ധമന്ദിരങ്ങള്‍ തായ്ലന്‍റ്, ഫിലിപ്പൈന്‍സ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമായും യൂറോപ്പില്‍ നിന്നുള്ളവര്‍ക്കുവേണ്ടി മാത്രമായി നടത്തിവരുന്നതു പലര്‍ക്കും അതിശയമായി തോന്നാം. കുറഞ്ഞ ചെലവില്‍ വളരെ കൂടുതല്‍ സേവനം നല്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കു സാധിക്കുന്നതിനാല്‍ ഇതില്‍ കഴിയുന്ന യൂറോപ്യന്‍ അന്തേവാസികളും അവരുടെ കുടുംബങ്ങളും വളരെ സന്തുഷ്ടരാണെന്നും അറിയുന്നു. കേരളത്തിന് ഇതു ചിന്തിക്കാവുന്നതും പരീക്ഷിക്കാവുന്നതുമാണ്.

കത്തോലിക്കാസഭയും മറ്റ് ക്രിസ്തീയസഭകളും കേരളത്തില്‍ ആദ്യകാലങ്ങളില്‍ നടത്തിയ കാല്‍വയ്പുകള്‍ വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും വിജയം കണ്ടതുപോലെ ഇന്ന് അനിവാര്യമായിക്കൊണ്ടിരിക്കുന്ന ഓള്‍ഡ് ഏജ് ഹോമുകളുടെ കാര്യത്തിലും സജീവമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സഭാപിതാക്കന്മാര്‍ വേണ്ട ചിന്തയും പഠനവും നടത്തുന്നതായാല്‍ അല്മായരുടെ സര്‍വവിധ പിന്തുണയും പങ്കാളിത്തവും ഉണ്ടാകുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചു പ്രവാസികളായ അല്മായര്‍ ഗൗരവപൂര്‍വം വീക്ഷിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്ന ഒരു സേവനമേഖലയാണിത്. ആനുപാതികമായി വൃദ്ധരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പഴയകാലങ്ങളിലേതുപോലെ അവരെ ദിവസം മുഴുവന്‍ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങള്‍ ലഭ്യമല്ല. വീടുകളില്‍ ഹോംനഴ്സുമാരെ നിര്‍ത്താന്‍ പലര്‍ക്കും ആകുന്നില്ല. ഉള്ളവര്‍തന്നെ വിശ്വസനീയരല്ല. കാരണം അവരുടെ മറവില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്ന വാര്‍ത്തകളും വിരളമല്ലല്ലോ.

സഭയുടെ സ്ഥാപനങ്ങളായ സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നടത്തിപ്പിലും നിയന്ത്രണത്തിലും അല്മായര്‍ക്കു പങ്കാളിത്തം കുറവാണ്; അവരതാഗ്രഹിക്കുന്നുമുണ്ടാകില്ല. ഒട്ടുമിക്ക കത്തോലിക്കാ ദേവാലയങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട വിസ്തീര്‍ണമുള്ള പള്ളി പരിസരങ്ങളും സെമിത്തേരിയും പാരീഷ് ഹാളും, സണ്‍ഡേ സ്കൂള്‍ കെട്ടിടവും മറ്റും ഉള്‍ക്കൊള്ളുന്ന വേണ്ടുവോളം ഭൂമിയും ഉണ്ടാകും. ഇവയോടൊപ്പം ഇടവകയിലെ വൃദ്ധജനങ്ങള്‍ക്കായി ഒരു വൃദ്ധസദനം കൂടി ഉണ്ടാകുന്നതില്‍ യാതൊരു അപാകതയുമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതൊരു സാധാരണ കാഴ്ച മാത്രമാണ്. പള്ളി അങ്കണത്തിലും സമീപത്തുമുള്ള വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കു വേണ്ടുന്ന ആത്മീയസേവനങ്ങള്‍, മുടക്കം കൂടാതെ നല്കുന്നതിനും ശാന്തവും സമാധാനപരവുമായ ഒരന്തരീക്ഷം അവര്‍ക്ക് ഉറപ്പു വരുത്തുന്നതിനും കൂട്ടായ പ്രാര്‍ത്ഥനയും ഒത്തുചേരലിനും അവര്‍ക്ക് അവസരം സദാ ലഭ്യമാക്കുന്നതിനും ഈ സംവിധാനം സഹായകരമാണെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. കൂടാതെ സാമൂഹ്യമായ സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ ബന്ധുക്കള്‍ക്കു കൂടുതല്‍ ഉറപ്പും ഉണ്ടാകുന്നു.

യൂറോപ്പില്‍ ജീവിക്കുന്ന ഒരു മലയാളി വൈദികന്‍ എന്‍റെ ഈ ആശയത്തോടു പ്രതികരിച്ചതിങ്ങനെയാണ്. "യൂറോപ്പും കേരളവും താരതമ്യപ്പെടുത്താനാവില്ല. കൂടാതെ നമ്മുടെ ആളുകള്‍ ഈ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുമത്രേ."

സഭയ്ക്ക് ഇന്ന് അവശ്യം വേണ്ടുന്ന സാമൂഹ്യപ്രതിബദ്ധതയില്‍ നിന്നും ഒളിച്ചോടുക മാത്രമാണു ഇത്തരം അഭിപ്രായങ്ങളിലൂടെ കാണാനാവുക. വൃദ്ധജനങ്ങളുടെ വികാരവിചാരങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍, ലഭിക്കേണ്ടുന്ന പരിചരണങ്ങള്‍, ശ്രദ്ധ, സ്നേഹം അങ്ങനെ മറ്റെന്തും ലോകത്തെവിടെയും ഏതാണ്ടൊരുപോലെയാണ്. സഭയുടെ മറ്റു സ്ഥാപനങ്ങളെ ദുരുപയോഗിക്കാന്‍ അതിന്‍റെ നടത്തിപ്പുകാര്‍ പൊതുസമൂഹത്തിനെ അനുവദിക്കുമോ? ഇപ്പോള്‍ പിന്നെ വിശ്വാസികളായ അല്മായരുടെ കൂടെ മുതല്‍മുടക്കിലും ഭരണപങ്കാളിത്തത്തിലും നടത്തപ്പെടുന്ന വൃദ്ധസദനങ്ങളെ ആരും ദുരുപയോഗിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തു കൂടായെന്നുണ്ടോ?

ഇവിടെ ഒരു കാര്യം എടുത്തു പറയാതിരിക്കാനാവില്ല. കേരളത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവരുടെ വാര്‍ദ്ധക്യകാല ജീവിതത്തെക്കുറിച്ചു തെല്ലും ഉത്ക്കണ്ഠപ്പെടേണ്ടതായ ഒരു സ്ഥിതിവിശേഷം ഇല്ല. വയസ്സുകാലത്ത് അവരുടെ കൂട്ടായ ജീവിതത്തിനുള്ള സംവിധാനങ്ങള്‍ സഭ വൈദികര്‍ക്കും സന്ന്യാസിനികള്‍ക്കും ഒരുക്കിയിട്ടുണ്ടല്ലോ. എന്നാല്‍ സഭയുടെ ഇന്നത്തെ നിലയിലുള്ള സ്ഥാപനങ്ങളും സ്വത്തുവകകളും പടുത്തുയര്‍ത്തുന്നതില്‍ ഒട്ടും കുറവല്ലാത്ത പങ്കുവഹിച്ചിട്ടുള്ള അല്മായ ജനങ്ങള്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ കൂട്ടമായി സാമൂഹ്യജീവിതം നയിക്കുന്നതിനും സന്തോഷം അനുഭവിക്കുന്നതിനുമുള്ള അവസരവും സൗകര്യവും നിഷേധിക്കുന്നത് എങ്ങനെ നീതീകരിക്കാനാകും? പ്രായമെത്രയായാലും സാമൂഹികമായി ഇടപെട്ടും കൂടിക്കലര്‍ന്നും ജീവിക്കാനല്ലാതെ ഒറ്റപ്പെട്ട് ഏകന്തതയില്‍ കഴിയാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. കേരളത്തിലെ ഭവനങ്ങളില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്കു മാനസികോല്ലാസത്തിനു വഴി നല്കുന്ന കൂട്ടായ ജീവിതമാണ് ഏറ്റവും അഭികാമ്യം.

വൃദ്ധജനങ്ങളെ വീടുകളില്‍ തനിച്ചാക്കിയും കിട്ടാവുന്ന മറ്റാരെയെങ്കിലുമോ കൂട്ടിനാക്കി ജോലിക്കും തൊഴിലിനുമായി അനുദിനം വീടുവിട്ടിറങ്ങിപ്പോകുന്നവരുടെ ഉത്കണ്ഠയെക്കുറിച്ച് ഒരു പഠനംതന്നെ നടത്തേിയിരിക്കുന്നു. കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് സുരക്ഷിതത്വം തീരെ കുറഞ്ഞ അവസ്ഥയെക്കുറിച്ചുകൂടി ചിന്തിച്ചാലോ? വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടതു മക്കളുടെ കടമയാണെന്നും അതവരുടെ വീടുകളില്‍തന്നെ ആവട്ടെയെന്നും ഒറ്റയടിക്കു പറഞ്ഞു വിഷയത്തില്‍നിന്നും ഓടിയകലുന്ന പു രോഹിതരുടെയും മെത്രാന്മാരുടെയും ശ്രദ്ധയിലേക്കു മറ്റൊരു യാഥാര്‍ത്ഥ്യംകൂടി പങ്കുവയ്ക്കട്ടെ. അത്യദ്ധ്വാനം ചെയ്തു മറുനാട്ടിലോ വിദേശത്തോ മറ്റു പ്രദേശങ്ങളിലോ നേടിയെടുത്ത ഉദ്യോഗം, തൊഴില്‍, ബിസിനസ്സ് ഇതെല്ലാം ഉപേക്ഷിച്ച് വാര്‍ദ്ധക്യത്തിലാകുന്ന മാതാപിതാക്കളെക്കരുതി മാത്രം തിരികെ വരേണ്ടിവരുന്നവര്‍ സാമ്പത്തികമായി വിഷമത്തിലാകുന്ന സംഭവങ്ങളും ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല. കൂനിന്മേല്‍ കുരു എന്നപോലെ സംഭവിക്കുന്ന ഈ സാമൂഹ്യപ്രതിഭാസം മറുനാടുകളിലേക്കു ചേക്കേറുന്നവുടെ ആകമാനമുള്ള എണ്ണത്തില്‍ കുറവുണ്ടാകുന്നെങ്കില്‍ അതിനൊരു പ്രധാന കാരണം ഇതു തന്നെയാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും മാത്രമല്ല കേരളത്തിന്‍റെതന്നെ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കാന്‍ ഈ തിരിച്ചുവരവും കാരണമാകുന്നുണ്ട്.

ഇന്നത്തെ പശ്ചാത്തലത്തില്‍ ഹോംനഴ്സിനെ ആവശ്യമുള്ളവര്‍ സ്വകാര്യ ഏജന്‍സികളെയാണ് ആശ്രയിക്കുന്നത്. കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള ഹോം നഴ്സുമാരെ പരിശീലനം കൊടുത്തു ക്രിസ്തീയഭവനങ്ങളിലേക്കു ലഭ്യമാക്കുന്ന ഒരു സംവിധാനത്തെക്കുറിച്ചും സഭ ചിന്തിക്കേണ്ടിയിരിക്കുന്നു. സാമാന്യം വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതരായ ചെറുപ്പക്കാരെ ആകര്‍ഷിക്കത്തക്കവിധ ഹോം നഴ്സിങ്ങ് ആന്‍റ് ഹോം കീപ്പിങ്ങ് എന്ന പഠനവിഷയം രൂപപ്പെടുത്തി ഏതാനും മാസത്തെയെങ്കിലും പരിശീലനം നല്കുന്നതില്‍ സഭ മുന്‍കയ്യെടുത്താല്‍ ഒരു പരിധിവരെയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org