|^| Home -> Cover story -> ഓണം, സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഉത്സവം

ഓണം, സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഉത്സവം

Sathyadeepam

പെരുമ്പടവം ശ്രീധരന്‍

ദൂരെനിന്ന് ആ ഓണപ്പാട്ട് വീണ്ടും കേള്‍ക്കുന്നു:
“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.”

കര്‍ക്കിടകത്തേവരുടെ തേരു പോയി ആകാശം തെളിയുമ്പോള്‍ മലയാളികള്‍ ആഹ്ലാദത്തോടെ ഓര്‍ക്കുന്നു. പൊന്നിന്‍ചിങ്ങവും തിരുവോണവും പടിക്കലെത്തി. മുമ്പും പരിസരവും വൃത്തിയാക്കി നടുമുറ്റത്ത് ഓണപ്പൂവിടാന്‍ പൂത്തറയൊരുക്കി എല്ലാവരും ഉത്സാഹത്തിലാണ്. വഴിവക്കിലെ കാട്ടുതുമ്പകള്‍ പോലും പൂവിട്ട് മാവേലിയെ എതിരേല്ക്കാന്‍ കാത്തുനില്ക്കുന്നു. കാടുകളും തൊടികളും തോട്ടിറമ്പുകളും കുന്നിന്‍ ചെരിവുകളുമൊക്കെ പൂത്ത് കുടം ചൊരിഞ്ഞുനില്ക്കുന്നു. ഓണത്തിന്‍റെ കാലം അങ്ങനെയാണ്. കറുത്ത കര്‍ക്കിടകം പോയി പൊന്നിന്‍ ചിങ്ങം വന്നതിന്‍റെ സന്തോഷത്തിലാണ്. പ്രകൃതിയൊന്നാകെ ഓണവെയില്‍, ഓണനിലാവ്, ഓണക്കാറ്റ്. നോക്കുന്നിടത്തൊക്കെ ഓണത്തിന്‍റെ സമൃദ്ധി.

ഓണം ഓര്‍കളുടെ ഉത്സവമാണ്. അതു പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും ഉത്സവമാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളില്‍നിന്നു പുന്നെല്ലിന്‍റെ സുഗന്ധം കാറ്റില്‍ നിറയുന്നു. ഓണം കാര്‍ഷികോത്സവവുമാണ്. ഓണം ഐശ്വര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സമഭാവനയുടെയും ഉത്സവമാണ്. അതു ധര്‍മ്മവും നീതിയും കൊണ്ടു തിളങ്ങിയിരുന്ന ഒരു കാലമാണ്. ജാതിയുടെയോ മതത്തിന്‍റെയോ വേര്‍തിരിവുകളില്ലാതെ മലയാളികളെല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവമാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്.

ഓണത്തിന്‍റെ ഐതിഹ്യത്തിനു പിന്നില്‍ ഒരു രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ കാലത്തിന്‍റെയും ഓര്‍മയുണ്ട്. പണ്ടുപണ്ട് മഹാബലി എന്നു പേരുള്ള ഒരു ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നു. ഒരു ഐതിഹ്യകഥയാണത്. മഹാബലിയുടെ ഭരണകാലത്തു രാജ്യത്തു കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം. അന്ന് ആര്‍ക്കെങ്കിലും ആരൊക്കൊണ്ടെങ്കിലും ആപത്തുണ്ടായിരുന്നില്ല. അളവും തൂക്കവുമൊക്കെ കിറുകൃത്യം! ആധികളും വ്യാധികളും ഉണ്ടായിരുന്നില്ല. അന്നു ബാലമരണങ്ങളുണ്ടായിരുന്നില്ല. വിധവകളുടെ വിലാപങ്ങള്‍ കേട്ടിരുന്നില്ല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നല്ല മനുഷ്യര്‍ മാത്രം!

മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒരു കാലമാണ് ഓണക്കാലം. ജാതിയുടെയോ മതത്തിന്‍റെയോ വികാരം ഓണത്തിനില്ല. അതു കേരളീയരുടെ ഒരുത്സവമാണ്. പ്രകൃതിയും മനുഷ്യരും ഒന്നിച്ചാഘോഷിക്കുന്ന ഉത്സവം. അങ്ങനെയൊരു ഉത്സവം വേറെയില്ല.

പുതിയ മുണ്ടുടുത്തു പാലും പഴവും പായസവും കൂട്ടി ഊണ് കഴിച്ച് ഏമ്പക്കം വിട്ടു സംതൃപ്തിയടയുക എന്നുള്ളതാണോ ഓണത്തിന്‍റെ സന്ദേശം? അതിനപ്പുറത്ത് ഓണം നല്കുന്ന സന്ദേശം സ്നേഹത്തിന്‍റേതാണ്. ഒരുമയുടേതാണ്, ഐക്യത്തിന്‍റേതാണ്.

പ്രജകളെ അത്രയധികം സ്നേഹിച്ച് അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ജീവിച്ച മഹാബലി ചക്രവര്‍ത്തിയെ വാമനന്‍റെ വേഷം ധരിച്ചുവന്ന മഹാവിഷ്ണു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി. തനിക്കു തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണു യാചിച്ചാണു വാമനന്‍ വന്നത്. ദാനപ്രഭുവായ മഹാബലിയോട് എന്തു ചോദിച്ചാലും കിട്ടുമെന്ന് ഉറപ്പായിരുന്നു വാമനന്. തനിക്കു തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണു വേണമെന്നു വാമനന്‍ അപേക്ഷിച്ചപ്പോള്‍ അതിനു പിന്നിലെ ചതി മനസ്സിലാക്കാതെ ഇഷ്ടമുള്ളിടത്തു നിന്നു മൂന്നടി മണ്ണ് അളന്നെടുത്തു കൊള്ളാന്‍ മഹാബലി സമ്മതിച്ചു. പെട്ടെന്നു മഹാബലി ആകാശം മുട്ടെ വളര്‍ന്നു തന്‍റെ പെരുങ്കാലുകള്‍ വച്ചുരണ്ടടികൊണ്ടു ഭൂലോകവും ഭുവര്‍ ലോകവും സ്വര്‍ല്ലോകവും അളന്നു. അളന്നെടുക്കാന്‍ മൂന്നാമത്തെ അടിക്കു ഭൂമി എവിടെ എന്നു മഹാവിഷ്ണു ചോദിച്ചപ്പോള്‍ മഹാബലി സ്വന്തം ശിരസ്സ് താഴ്ത്തിക്കൊടുത്തു. മഹാവിഷ്ണു തന്‍റെ പെരുങ്കാല്‍വച്ചു മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ ഓണത്തിനു തന്‍റെ പ്രജകളെ കാണാന്‍ ഭൂമിയില്‍ വരുന്നതിനു മഹാബലിക്കു മാഹാവിഷ്ണു അനുമതി നല്കി.

ഐതിഹ്യത്തിന്‍റെ ഇരുള്‍മറകള്‍ക്കിടില്‍ മറഞ്ഞുകിടക്കുന്ന യാഥാര്‍ത്ഥ്യം പിന്നെ ആരും അന്വേഷിക്കാതെയായി. പക്ഷേ, ചോദ്യങ്ങള്‍ ഇല്ലെന്നു വരുന്നില്ല. പ്രജകള്‍ തന്‍റെ മക്കളെപ്പോലെ സ്നേഹിക്കുകയും അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്ത ഒരു ചക്രവര്‍ത്തിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതെന്തിന്?

പഴംപുരാണത്തിന് ഉത്തരമില്ല. എങ്കിലും ഒരു യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. ചവിട്ടിത്താഴ്ത്തപ്പെട്ടവന് ഒരു ഉയര്‍ത്തെഴുന്നേല്പുണ്ട്. ഓണം അങ്ങനെ ചിലത് ഓര്‍മിപ്പിക്കുന്നുണ്ട്.

പോട്ടെ, നമുക്ക് ആ ഐതിഹ്യത്തിലേക്കു മടങ്ങി വരാം.

മാനുഷരെല്ലാരും ഒന്നുപോലെ ആമോദത്തോടെ വസിച്ച ഒരു നല്ല കാലത്തിന്‍റെ ഓര്‍മക്കാലം. ഓണം നമ്മളൊക്കെ മനസ്സില്‍ വച്ചോമനിക്കുന്ന ഒരു സ്വപ്നത്തിന്‍റെ പേരാകുന്നു.

ചെവിയോര്‍ക്ക്, കുന്നിന്‍ചരിവില്‍ പാടത്തിന്‍റെ കരയില്‍ ഒരു വീട്ടുമുറ്റത്തു കയ്യില്‍ കവുങ്ങിന്‍ പൂക്കുല പിടിച്ചു ധ്യാനിച്ചിരിക്കുന്ന പെണ്‍കിടാവിന്‍റെ ചുറ്റും നിന്നു താളത്തില്‍ ചുവടുവച്ചു കളിക്കുന്ന കൂട്ടുകാരികള്‍ ചോദിക്കുന്നു:

“…എന്തേ തുമ്പീ തുള്ളാത്തൂ?
പൂവ് പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ
എന്തേ തുമ്പീ തുള്ളാത്തു…?

Leave a Comment

*
*