ഓണം നന്മയെക്കുറിച്ചുള്ള സ്വപ്നമാണ്

ഓണം നന്മയെക്കുറിച്ചുള്ള സ്വപ്നമാണ്

എം. തോമസ് മാത്യു

ആത്മബലിയേക്കാള്‍ വലിയ ബലി എന്തുണ്ട്? ആത്മബലിക്കു സന്നദ്ധനായതുകൊണ്ടാണ് ആ അസുരചക്രവര്‍ത്തി മഹാബലിയായത്. രണ്ടുതരത്തില്‍ ആ നാമം അന്വര്‍ത്ഥമാണ്. ഒന്ന്, വലിയ ബലിക്കു സന്നദ്ധനായവന്‍ എന്ന അര്‍ത്ഥത്തില്‍; ദുര്‍ബലന്മാര്‍ക്കു വിധിച്ചിട്ടുള്ളതല്ല ആത്മബലി. ആത്മബലത്തിന്‍റെ അങ്ങേയറ്റത്ത് എത്തിയവര്‍ക്കു മാത്രമേ അത് സാദ്ധ്യമാകൂ. ബലമേറുന്നതിനൊത്തു വിനയവും ഏറുമെന്നതു ലോകത്തിലെ സാമാന്യതത്ത്വം. ഉള്ളിന്‍റെയുള്ളില്‍ ദൗര്‍ബല്യവും ഭീരുത്വവും ഒളിപ്പിച്ചുവയ്ക്കുന്നവരാണു വീരസ്യം അഭിനയിക്കുന്നതും ധീരത കാട്ടുന്നതും. എന്നാല്‍ മഹാബലി ഏതു പ്രലോഭനത്തെയും ഏതു പ്രകോപനത്തെയും ഭയപ്പെടാതെ തന്‍റെ ഉദാത്തമായ ജീവിതശൈലിയെ വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധി അണിയിച്ചു. അതുകൊണ്ടാണ്, "തലയില്‍ ചവിട്ടുന്ന കാലിലീശനെക്കണ്ട ബലവദ് വിനയത്തിന്‍ സൗമ്യമൂര്‍ത്തി" എന്നു ബാലാമണിയമ്മ അദ്ദേഹത്തെ കൊണ്ടാടിയത്. ജീവിതത്തിലെ ഏത് അഗ്നിപരീക്ഷയും തന്‍റെ ആത്മഗുണങ്ങള്‍ സ്ഫുടീകരിക്കാനുള്ള അവസരം വിധാതാവ് ഒരുക്കിത്തരുന്നതാണെന്നു കരുതാനുള്ള വിനയം പൂണ്ട വിവേകം അദ്ദേഹം കാണിച്ചു. പരീക്ഷകളും വേദനകളും ദൈവം തരുന്ന ശിക്ഷ എന്നാണു പൊതുവില്‍ ആളുകള്‍ വിചാരിക്കാറുള്ളത് എന്നാല്‍ തനിക്കു കൂടുതല്‍ താനാകാന്‍, മഹത്ത്വത്തിന്‍റെ കൂടുതല്‍ ഉയര്‍ന്ന പടവുകളിലേക്കു പദം വയ്ക്കാന്‍, കനിവോടെ തരുന്ന അനുഗ്രഹമാണെന്നു കാണുന്നതാണു മഹത്ത്വത്തിന്‍റെ രീതി. മഹാബലി ആ രീതിയെയാണ് ഉദാഹരിച്ചത്. വലിയ ആത്മബലമുള്ളവന്‍ എന്നാണു മഹാബലിയുടെ രണ്ടാമത്തെ അര്‍ത്ഥം.

ഇങ്ങനെ ധീരനും വിനയാന്വിതനും വ്രതശീലനുമായ ഒരു ഭരണകര്‍ത്താവ് രാജ്യവിചാരം നടത്തുമ്പോള്‍ എവിടെയാണ് അനീതിക്ക് ഇടമുണ്ടാവുക? എവിടെയാണ് ഉച്ചനീചത്വങ്ങള്‍ സമൂഹത്തെ പല തട്ടുകളിലായി വിഭജിക്കുക? എവിടെയാണു കള്ളവും ചതിയും മായം ചേര്‍ക്കലും നടമാടുക? 'യഥാ രാജാ തഥാ പ്രജ' എന്നല്ലേ ചൊല്ല്. അതു പിഴയ്ക്കാത്ത ചൊല്ലാണ്. ധര്‍മ്മത്തില്‍ നിന്ന് ഇളകാത്ത, അധര്‍മ്മത്തെ പൊറുപ്പിക്കാത്ത അരചന്‍ നാടു വാഴുമ്പോള്‍ നാടാകെയാണു ധര്‍മ്മനിരതമാകുന്നത്. ധര്‍മ്മത്തിന്‍റെ പുഷ്പോത്സവകാലത്തെയാണ് ഓണം ആഘോഷമാക്കുന്നത്.

കേരള ഗ്രാമാന്തരീക്ഷത്തില്‍ അത്തം പുലരുമ്പോള്‍ തുടങ്ങുന്നു പൂവിളിയാഘോഷം. എല്ലാ ഗൃഹാങ്കണങ്ങളിലും പൂക്കളമൊരുങ്ങുന്നു. പൂവിനു സുമനസ്സ് എന്നു പര്യയമുണ്ടാക്കിയ മനസ്സ് എത്ര ഭാവനാസമ്പന്നമാണ്! മദമാത്സര്യങ്ങള്‍ക്ക് ഇടമില്ലാത്ത ശുദ്ധമായ മനസ്സുകളാണു പൂക്കളമൊരുക്കുന്നത്. ആ പൂക്കളങ്ങളുടെ നടുവില്‍ ശ്രദ്ധാപൂര്‍വം പ്രതിഷ്ഠിക്കുന്നതു മഹാബലിത്തമ്പുരാനെ! അര്‍ത്ഥം വളരെ വ്യക്തം. മഹിതമായ ഒരു ആദര്‍ശത്തെയാണ് ഇവിടെ ആഘോഷിക്കുന്നത്. സമൂഹം എങ്ങനെ ആയിരിക്കണം, എന്തെന്തു മൂല്യങ്ങളാണ് അവിടെ പൊലിമയോടെ പുലരേണ്ടത് എന്നാണു പൂക്കളങ്ങള്‍ പ്രഘോഷിക്കുന്നത്.

ഇങ്ങനെയൊരു രാജാവും ഇങ്ങനെയൊരു ധാര്‍മ്മികക്രമവും എന്നെങ്കിലും കേരളത്തില്‍ ഉണ്ടായിരുന്നുവോ എന്ന ചോദ്യം അപ്രസക്തമാണ്. എന്നോ ഉണ്ടായിരിക്കുകയും ഏതോ പാതാളഗര്‍ത്തത്തിലേക്കു പലായനം ചെയ്യിക്കുകയും ചെയ്ത ഒരു സുവര്‍ണകാലത്തിന്‍റെ സ്മരണയാണോ ഓരോ ഓണാഘോഷവും പുതുക്കുന്നത്? മിത്തുകള്‍ ഇന്നലത്തെ കഥ പറയുമ്പോള്‍ ഇന്നലെ എങ്ങനെ ആയിരുന്നു എന്നല്ല നാളെ എങ്ങനെ ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നാണു പറയുന്നത്. അതുകൊണ്ട് ഓരോ വര്‍ഷവും ഓണം വരുമ്പോള്‍ ഓമനയായ ഒരു സ്വപ്നത്തെ മങ്ങിപ്പോകാതെ പുതുക്കിയെടുക്കുകയാണു ചെയ്യുന്നത്. അങ്ങനെ ഓണം ഒരു ആദര്‍ശസ്വപ്നത്തിന്‍റെ ആഘോഷപൂര്‍ണമായ പുനഃപ്രതിഷ്ഠയായിത്തീരുന്നു.

ഏതു വ്യക്തിയും ഏതു സമൂഹവും ലോകം എങ്ങനെയായിരിക്കണം എന്ന ഒരു സങ്കല്പം സൂക്ഷിക്കുന്നു. ആ സങ്കല്പമില്ലാത്ത സമൂഹവും വ്യക്തിയും പതുക്കപ്പതുക്കെ കെട്ടുപോകും. പരിശ്രമങ്ങളോരോന്നും ഓരോ കാല്‍വയ്പും ആ സങ്കല്പത്തെ സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണോ അതോ ആദര്‍ശസ്വപ്നത്തില്‍ നിന്ന് അകലുന്നതാണോ എന്നു വിലയിരുത്തിക്കൊണ്ടിരിക്കണം. ആ വിലയിരുത്തലും മൂല്യവിചാരവും ഇല്ലെങ്കില്‍ യാത്ര വിപരീതദിശയിലേക്ക് ആയിപ്പോകും. സ്വര്‍ഗത്തിലേക്കെന്നു വിചാരിക്കുന്നതു നേരെ നരകത്തിലേക്കാകും. വഴി തെറ്റാതിരിക്കണമെങ്കില്‍ ദിശാബോധം ഉറയ്ക്കണം. മലയാളിയുടെ ദിശാബോധത്തിന്‍റെ വിളംബരമാണ് ഓണം. അല്ലാതെ, ഓണത്തല്ലും ഓണസദ്യയും ഓണക്കോടിയും പഴം കോടിയുടെ കിഴിവുകച്ചവടവുമല്ല.

ഓണത്തല്ലിന്‍റെ കാര്യം മാത്രം നോക്കുക. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ സദ്യവട്ടം കഴിഞ്ഞ് ഉറക്കം തൂങ്ങാതെ ഒരുമിച്ചുകൂടി വിനോദത്തിനുവേണ്ടി തല്ലു കൂടുന്നതാണ് ഓണത്തല്ല്. അതില്‍ പ്രതികാരം തീര്‍ക്കലോ പരിക്കേല്പിക്കലോ ഇല്ല. വെറും സൗഹൃദം ഉറപ്പിക്കല്‍ മാത്രം. നമ്മുടെ മത്സരങ്ങളും പിണക്കങ്ങളുമൊക്കെ ഇത്രയേയുള്ളൂ; അതൊക്കെ ജീവിതത്തിന്‍റെ, ജീവിതബന്ധങ്ങളുടെ രുചി കൂട്ടാനുള്ള ലാവണപ്രയോഗങ്ങള്‍ എന്ന് ഏറ്റുപറയലാണ്. ദ്വേഷം ഒട്ടുമില്ലാത്ത മനസ്സുമായി ആ ചങ്ങാതിമാര്‍ പിരിയുന്നു. ഓണത്തല്ല് ഒരു നാടന്‍ കലാപ്രകടനം മാത്രം. അങ്ങനെ എത്രയെത്ര നാടന്‍ കലാപ്രകടനങ്ങള്‍ക്കാണ് ഓണക്കാലം അവസരം ഒരുക്കുന്നത്. ഗ്രാമം മുഴുവന്‍ സ്വന്തം ആന്തരവൈഭവങ്ങളെ പുറത്തെടുത്തു മിനുക്കുന്നു, പൂര്‍ണശോഭയിലേക്ക് ആനയിക്കുന്നു.

മനുഷ്യരെ പല തട്ടുകളായി വിഭജിച്ചു തീണ്ടലും തൊടീലും കല്പിച്ച് അകറ്റിനിര്‍ത്തിയതിന്‍റെ കെടുതികള്‍ ഏറെ അനുഭവിച്ച നാടല്ലേ നമ്മുടേത്. അതുകൊണ്ടാകണം "മാനുഷരെല്ലാരും ഒന്നുപോലെ" എന്ന ആദര്‍ശത്തിന് ഇത്ര പ്രാധാന്യം കിട്ടിയത്. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാവരും ഒന്നുപോലെ" എന്നു നീട്ടിച്ചൊല്ലിക്കൊണ്ടാണ് ഓണവിശേഷങ്ങള്‍ ആരംഭിക്കുന്നതെന്ന കാര്യം ഓര്‍ക്കുക. അവിടെ മറ്റൊരു വിശേഷം ഒളിഞ്ഞിരിക്കുന്നതു കാണാതിരുന്നുകൂടാ. കേരളത്തില്‍ ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊണ്ടുവന്നത് ആര്യവത്കരണവും ചാതുര്‍വര്‍ണ്യവും സനാതനധര്‍മ്മവും എല്ലാം കൂടിയാണ്. ദ്രാവിഡഭൂമിയില്‍ ഈ വര്‍ണവ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പണിയെടുക്കുന്നവര്‍ കരിക്കാടി കുടിച്ചാല്‍ മതി, അമൃതേത്തുണ്ണാന്‍ സവര്‍ണ്ണന്‍ മതി എന്നു വ്യവസ്ഥപ്പെട്ടത് പില്ക്കാലത്താണ്. അതുകൊണ്ട് ആര്യന്‍റെ ഭരണമല്ല അസുരന്‍റെ ഭരണമാണ് നീതിയുക്തം എന്നു കേരളത്തിന്‍റെ ഉപബോധം കരുതിയിരുന്നു എന്നു വിചാരിക്കാമോ?

ആര്യവര്‍ഗത്തിന്‍റെ അധികാരസീമ കേരളത്തോളം എത്തിയതിനുശേഷമാണ് ഓണം തുടങ്ങിയത് എന്ന് ഇതിന് അര്‍ത്ഥമില്ല. ഓണത്തെ ചുറ്റിപ്പറ്റി വളര്‍ന്ന മിത്തുകളും ആചാരങ്ങളും ആദ്യംതൊട്ടേ ഉണ്ടായിരുന്നു എന്നു കരുതുന്നതും ശരിയല്ല. ആദ്യം അത് ഒരു വിളവെടുപ്പുത്സവം മാത്രം ആയിരുന്നിരിക്കാം. പഞ്ഞമാസം വിട പറയുകയും ആടിക്കാറ് പെയ്തൊഴിയുകയും ചെയ്യുമ്പോള്‍ സമൃദ്ധിയിലേക്ക് ഉണരുന്ന ഒരു ദേശത്തിന്‍റെ ഉത്സവം! അപ്പോഴും ഈ പഞ്ഞം പണിയെടുക്കുന്നവര്‍ക്കല്ലേയുള്ളൂ, കരുതിവയ്ക്കാന്‍ കഴിയുന്ന തന്ത്രശാലികള്‍ക്ക് എന്നും ഓണം തന്നെയല്ലേ എന്ന ചോദ്യം ഏതൊക്കെയോ മസ്തിഷ്കങ്ങളെ അലോസരപ്പെടുത്തിയിരിക്കാം. ആ അലോസരമാണു മനുഷ്യസമത്വത്തിന്‍റെ ഗാഥയായി ഉറവയെടുത്തത്. സുരന്മാരും ഭൂസുരന്മാരും ഭരണം നടത്തുമ്പോള്‍ സമത്വം ഉണ്ടാവുകയില്ല, അതിന് അസുരന്‍ വരണം എന്ന് ഉപബോധം ഉപദേശിച്ചിട്ടുണ്ടാകാം. മിത്തുകള്‍ക്കു വടിവു വന്ന് അവ ഉറയ്ക്കുന്നതിന്‍റെ രീതിശാസ്ത്രം അത്ര എളുപ്പത്തിലൊന്നും തെളിഞ്ഞുകിട്ടുകയില്ല എന്നതല്ലേ സത്യം. സമൂഹമനസ്സിന്‍റെ അടിത്തട്ടിലെ വ്യാപാരങ്ങള്‍ അതറിഞ്ഞാലേ അതു തിട്ടമായി തെളിയുകയുള്ളൂ.

എന്തുമാകട്ടെ; നാം ഓണം ആഘോഷിക്കുന്നു. പൂവിളികള്‍ കേള്‍ക്കാനില്ല, പൂവ് അന്യനാട്ടില്‍ നിന്നു വരണം. കൊയ്ത്തുപാട്ടുമില്ല, കേരളീയര്‍ കൃഷി നിര്‍ത്തിയിട്ടു കാലം എത്രയോ ആയി. കള്ളവും ചതിവും ആവശ്യത്തിനുണ്ടുതാനും. അതുകൊണ്ടു തീര്‍ച്ചയായും ഓണം ആഘോഷിക്കുകതന്നെ വേണം. കേരളത്തിന്‍റെ അടുക്കളകളില്‍ ഓണവിഭവങ്ങള്‍ പാകപ്പെടുന്ന കാലം തിരിച്ചുവരുമോ? അതോ എന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നുള്ള പകര്‍ച്ചയുണ്ട്, ടെലിവിഷന്‍ ചാനലുകള്‍ ഒരുക്കുന്ന ഓണക്കളികള്‍ കണ്ടു മയക്കത്തിലേക്കു ചായുന്ന ആഘോഷമായിരിക്കുമോ എന്നും ഉണ്ടായിരിക്കുക? എന്നാലും നമുക്ക് ഓണം വേണം. കാരണം, അതൊരു സ്വപ്നമാണ് – സ്നേഹവും ശാന്തിയും സമൃദ്ധിയും വിളയാടുന്ന ഒരു ജീവിതശൈലിയെക്കുറിച്ച്, ആ ശൈലി സാദ്ധ്യമാകുന്ന ഒരു സമൂഹത്തെക്കുറിച്ചു നാം സൂക്ഷിക്കുന്ന സ്വപ്നം. സ്വപ്നങ്ങള്‍ ഇല്ലാതായാല്‍ മനുഷ്യനില്ല. അതുകൊണ്ടു നമുക്ക് ഈ സ്വപ്നം സൂക്ഷിക്കാം. സുമനസ്സുകള്‍ നിരത്തി പൂക്കളം ഒരുക്കാം; അങ്ങനെ നമ്മുടെ മനസ്സും സുമനസ്സാകട്ടെ, അവിടെനിന്നു സൗരഭ്യം ഉതിരട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org