കവിമാഷ് വിളമ്പുന്ന ഓണസദ്യ

കവിമാഷ് വിളമ്പുന്ന ഓണസദ്യ

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ഗ്രാമീണ സ്വാഭാവികതകൊണ്ടും നിഷ്‌കളങ്ക മായ നിരീക്ഷണം കൊണ്ടും പൂക്കളമിട്ട പി. കുഞ്ഞിരാമന്‍ നായരുടെ കവിതയാണ് – ഓണസദ്യ. തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓണപ്പരീക്ഷയ്ക്ക് മുമ്പായി കുറ്റമുക്കില്‍നിന്ന് വന്നിരുന്ന പി.കെ. നാരായണികുട്ടി ടീച്ചര്‍ പഠിപ്പിച്ച ഈ കവിത ഓണാവേശത്തിന് തുടക്കമിട്ടു. പിന്നെ ഓണപ്പരീക്ഷ, ഓണാവധി, പൂക്കളം, ഓണസദ്യ, പുലിക്കളി… ഓര്‍മ്മകളുടെ പ്രവാഹത്തില്‍ കാലം പിമ്പോട്ട് പായുന്നു.

തൃശ്ശൂര്‍ അങ്ങാടി കടന്ന് ചെറു ഓലക്കുടിലുകള്‍ക്കിടയിലൂടെ കടന്നു പോകുന്ന വയലും തോട്ടം തുടിയും അഴക് പകരുന്ന ഒരു ഗ്രാമക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ കണ്‍നിറയെക്കണ്ട് 'അഞ്ചു വയസ്സ് തികയാതുള്ള പിഞ്ചുകിടാങ്ങള്‍' ഒരുക്കുന്ന ഓണസദ്യയുടെ കലവറ തയ്യാറാക്കല്‍ ദൃശ്യങ്ങള്‍ കവിത പാരായണം ചെയ്യുമ്പോള്‍ ചലചിത്രത്തിലെന്നപോലെ ആസ്വദിക്കാന്‍ കഴിയും. ജനനം കൊണ്ട് കാഞ്ഞങ്ങാട്ടുകാരനാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്തിന്റെ 'എപ്പിസെന്റര്‍' മദ്ധ്യകേരളവും പ്രത്യേകിച്ച് ഗുരുവായൂരുമായിരുന്നു. നിളാതീരത്ത് നീലാകാശത്തിന്റെ കുടക്കീഴില്‍ ഭാരത പ്പുഴയുടെ ശാന്തമായ നിറവും ഒഴുക്കും തീരത്തെ ഹരിതവയലുകളും പൂര്‍ണ്ണമായും ആസ്വദിച്ച് കുറച്ച് കാലം കവി ജീവിച്ചത് ഹൃദയത്തില്‍ എന്നും നിറഞ്ഞു നിന്ന ആവേശകരമായ ഗ്രാമപ്രണയം തന്നെയായി രുന്നു. അല്ലെങ്കില്‍ ഗ്രാമത്തിലെ മാവിന്‍ചുവട്ടില്‍ ഒത്തുകൂടിയ കൊച്ചുകുട്ടികളുടെ സദ്യയൊരുക്കം ശ്രദ്ധയില്‍പ്പെടാതെ അദ്ദേഹം നടന്ന് നടന്ന് നീങ്ങുമായിരുന്നു.
തോട്ടിലൂടെ ഒഴുകുന്ന സ്ഫടികജലവും വെള്ളി നാണയങ്ങളെ വെല്ലുന്ന തുമ്പപ്പൂവും, ഇളംചൂടുള്ള ഓണവെയിലുമെല്ലാം പശ്ചാത്തലമാക്കിയാണ് ഈ കവിതയുടെ യവനിക ഉയരുന്നത്. കൃത്രിമ ജീവിത ത്തിന്റെ ചളിപറ്റി അഴക് മങ്ങാതെയുള്ള ഉത്രാടപ്പാച്ചി ലാണ് കവി ഓണശില്പം പോലെ കൊത്തിയെടുത്ത ഈ സൃഷ്ടിയില്‍ കാണുന്നത്. ഒരിക്കലും തിരിച്ചു വരാത്ത ഒരു കാഴ്ചയുടെ ആവിഷ്‌ക്കാരം! പ്രകൃതി കുട്ടികള്‍ക്കായി സൃഷ്ടിച്ച 'നാലുകെട്ടി'ന്റെ മുമ്പില്‍ അരങ്ങേറുന്ന ഈ കുട്ടിനാടക വിവരണം ഷേക്‌സ്പിയര്‍ കണ്ട ഗ്ലോബ് തിയറ്റര്‍ നാടകങ്ങളേക്കാള്‍ ചാരുതയോടെയാണ് കവി വര്‍ണ്ണിക്കുന്നത്. അമ്മ എന്ന ബാലികചേച്ചിക്കു നല്‍കുന്ന 'ഇത് കുട്ടിക്കളിയല്ല' എന്ന മുന്നറിയിപ്പ് കുട്ടികളുടെ പങ്കാളിത്തത്തിന്റെ തീവ്രചൈതന്യം വരച്ചിടുന്നു. എണ്ണിക്കൊടുത്ത പണ ത്തിനത്രയും വാങ്ങിക്കൊണ്ടുവന്ന അരിയില്‍ കല്ലു കാണുന്ന കൊച്ചമ്മിണിയുടെ പരാതി മലയാളഭാഷയും പാരമ്പര്യവും കൈവിട്ടുകൊണ്ടിരിക്കുന്ന മലയാളിയെപ്പോലും കരിപിടിച്ച അടുക്കളകളിലെത്തിക്കും. കല്യാണിയുടെ പരാതിയും മാവേലിമന്നന്റെ നീതിപീഠം വരെ എത്താന്‍ സാധ്യതയുണ്ട്! റൊക്ക മായി എണ്ണിക്കൊടുത്ത കാശിന് ലഭിച്ചത് 'കരിശ്ശര്‍ക്കര ഉപ്പേരി' വറക്കാനുള്ള കായയുടെ മൂപ്പും പഴനുറു ക്കിന്റെ പഴുപ്പും എല്ലാം പിഞ്ചുകുട്ടികള്‍ എത്ര വാക്ക് അടക്കത്തോടെയാണ് അരിഞ്ഞെടുക്കുന്നത്! ചെറിയ കല്ലുകള്‍ക്കൊണ്ടുള്ള ഉപ്പേരിക്കുന്നുകള്‍, നേന്ത്രക്കുലകളായി മാറിയ ഈന്തപ്പനയിലകള്‍, ചതി പിണഞ്ഞ് വാങ്ങിയ പോളയില്ലാത്ത പപ്പടം. കുട്ടികളുടെ ഭാവന വായനക്കാരെ ഓണസദ്യ വിളമ്പുന്ന ഇടത്തേക്ക് എത്തിച്ചുകഴിഞ്ഞു. അപ്പോഴേക്കും 'കൂമ്പുനാക്കില വെക്കുവിന്‍' എന്ന ഭാര്‍ഗ്ഗവിയുടെ ഉല്‍ക്കണ്ഠ നിറഞ്ഞ കൂവല്‍ ഉയര്‍ന്നുകഴിഞ്ഞു. മിന്നുന്ന മുത്തുക്കുടകളില്ലെങ്കിലും, പൊന്നുമെതിയടിയില്ലെങ്കിലും കുട്ടികള്‍ ഒരുക്കിയ തിരുവോണസദ്യയുണ്ണാന്‍ മാവേലി ഇതാ എഴുന്നെള്ളിക്കഴിഞ്ഞു. മാവേലിമന്നന് ഇവിടേക്ക് എങ്ങനെ വരാതിരിക്കാനാകും!
കാലത്തിന് ഒഴുകാതിരിക്കാനാകില്ല. പക്ഷെ, പാലടപ്രഥമന്റേയും പരിപ്പ് പായസത്തിന്റേയും, രുചിയോര്‍മ്മകള്‍ ഈ പ്രവാഹത്തെക്കുറച്ച് സമയത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താന്‍ ശക്തമാണ്. അല്ലെങ്കില്‍ സഹസ്രാബ്ദങ്ങളുടെ അകമ്പടിയോടെ പ്രജാ ക്ഷേമതല്പരനായ മാവേലി മന്നന്റെ എഴുന്നെള്ളത്ത് ഇന്നും സജീവമായി അനുസ്മരിക്കപ്പെടുമോ! ആധു നികതയുടെ പൊള്ളയായ വര്‍ണ്ണച്ചമയങ്ങള്‍ ജീവിത നാടകത്തിന് ഭാവപ്പകര്‍ച്ചകള്‍ പകരുമെങ്കിലും മാവേ ലിയോടൊപ്പം ഓണസദ്യയ്ക്ക് പി. കുഞ്ഞിരാമന്‍ നായരും എത്തും ലോകത്തിലെവിടെയെങ്കിലും ഒരു മലയാളിയെങ്കിലും അവശേഷിക്കുന്നതുവരെ.

അനുബന്ധം: തിരുവോണമാഘോഷിക്കാന്‍ വിദേശങ്ങളിലേക്ക് പറക്കുന്ന മലയാളി, നിന്റെ കയ്യിലെ കള്ളപ്പറയും ചെറുനാഴിയുമൊക്കെ ഇപ്പോള്‍ എവിടെപ്പോയി! തിരിച്ചുവരാം, കാപട്യം എള്ളോളമില്ലാത്ത നിഷ്‌കളങ്കത യുടെ ഓണപ്പൂക്കളത്തിലേക്ക്.

തട്ടിട്ട മാകന്ദവൃക്ഷം-നാലു
കെട്ടു ഭവനമായല്ലോ,
കാവിമണ്‍പുറ്റും ജലവും-കൊച്ചു
കോവിലുമാലും കുളവും,
വേണമവര്‍തന്നെ വീട്ടില്‍-തിരു
വോണവിഭവമൊരുക്കാന്‍,
തോട്ടി വലിച്ചമ്മ ചൊല്ലീ-യിതു
കുട്ടിക്കളിയല്ല ചേച്ചി.
ഓണത്തിരുവോണമെന്നു-ശരി
യ്‌ക്കോര്‍മ്മവെച്ചൊന്നു കളിപ്പിന്‍
പാദസരം മുകരുന്ന-പിതൃ
പാഠങ്ങള്‍ നീട്ടിയിരുന്നു.
കൊച്ചുമുറത്തില്‍ മണലു-ചേരി
കൊച്ചമ്മിണി പുലമ്പുന്നു:
'എത്ര ഞാനെണ്ണിക്കൊടുത്തു-പണ
മത്രയ്ക്കു കല്ലുണ്ടരിയില്‍'
പാറമലകമൊതുക്കി-കക്ക
വാരിക്കൂ മാരിയുരച്ചു;
'റൊക്കമായ് വെള്ളികൊടുത്തീ-ക്കരി-
ശ്ശര്‍ക്കര വാങ്ങിയതാരേ?'
കപ്പതന്‍ തണ്ടു മുറിച്ചു–വെച്ചു
കല്യാണി മന്ദം കടിച്ചു.
'ചേരുമിക്കായ കറിക്കു-മൂപ്പു
പോരാ പഴത്തിനാണെങ്കില്‍!'
ഒപ്പമായ്ക്കല്ലുകള്‍ കൂട്ടി-ജാനു
'വുപ്പേരിക്കുന്നുകള്‍ കണ്ടോ?'
ഈന്തിന്‍കുനുന്തുകളെല്ലാം-നെടു
നേന്ത്രക്കുലകളായ് മാറി.
ചെല്ലക്കരത്താല്‍ത്തഴുകി-ച്ചുള്ള
ലെല്ലാം പഴംനുറുക്കാക്കി.
പുത്തന്‍പിലാവില മുള്ളില്‍-ച്ചേര്‍ത്തു
കോര്‍ത്തുകൊണ്ടമ്മാളു ചൊല്ലി:
'പൊള്ളമില്ലിപ്പപ്പടത്തി-ന്നെടി
നല്ല ചതി പിണഞ്ഞല്ലോ!'
സ്വര്‍ണ്ണമലരിയെച്ചൂണ്ടീ-തങ്ക
'മെണ്ണകഴിഞ്ഞു വിളക്കില്‍!'
ഭാര്‍ഗ്ഗവി കൂവിയുച്ചത്തില്‍:-'ക്കൂമ്പു
നാക്കില വെക്കുവിന്‍ വേഗം.!
മിന്നുന്ന മുത്തുക്കുടക-ളില്ല,
പൊന്നുമെതിയടിയില്ല;
ഉച്ചവെയിലത്തു വാടി-ത്തളര്‍-
ന്നെത്തും മുഴുമതിപോലെ
പൈദാഹമാര്‍ന്നോണമുണ്ണാ-നിതാ
മാതേവരോടി വരുന്നു!

പി. കുഞ്ഞിരാമന്‍ നായര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org