Latest News
|^| Home -> Cover story -> ഒരേ മനോഭാവത്തില്‍ ഒന്നിച്ചു വളരേണ്ട ഭാരതം

ഒരേ മനോഭാവത്തില്‍ ഒന്നിച്ചു വളരേണ്ട ഭാരതം

Sathyadeepam

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ സാഹചര്യങ്ങളെ നിരീക്ഷിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാന്‍ സിമിതിയുടെ (സിബിസിഐ) അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സ്വതന്ത്ര ഇന്ത്യയുടെ സവിശേഷതകളെക്കുറിച്ചും മതന്യൂനപക്ഷങ്ങളുടെ ആശങ്കകളെക്കുറിച്ചും ദളിതരുടെ പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം അദ്ദേഹം തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പു കൂടിയായ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം നടത്തിയ അഭിമുഖത്തില്‍ നിന്ന്….

? ജനാധിപത്യ മതേതര റിപ്പബ്ലിക്കായ ഭാരതത്തിന്‍റെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ പിതാവ് എങ്ങനെ വിലയിരുത്തുന്നു?
ഭാരതം സ്വതന്ത്രമായതും ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതും നമ്മെ സംബന്ധിച്ചു വളരെ സുപ്രധാനമായ കാര്യമാണ്. ഒരു രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അതിന്‍റെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിച്ചേരുന്നതാണ് സ്വാതന്ത്ര്യത്തിന്‍റെ അനുഭവതലം. ഈ രാജ്യം സ്വന്തമായ നിയമങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരിക്കപ്പെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാണ് സ്വതന്ത്ര അധികാര വിനിയോഗത്തിന്‍റെ ഒരു ഭാവം. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയും ഫെഡറല്‍ സംവിധാനവും സവിശേഷമായ സംസ്ക്കാരവും എല്ലാം കൂടിച്ചേരുമ്പോഴാണ് ഭാരതമെന്ന മഹത്തായ യാഥാര്‍ത്ഥ്യം നമുക്കും ലോകം മുഴുവനും ആനന്ദകരമായിത്തീരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ അവര്‍ വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും അനേകര്‍ കരുതിയിരുന്നതുമായ ഒരു കാര്യം തമ്മിലടിച്ച് ഈ രാജ്യം നശിക്കും എന്നാണ്. എന്നാല്‍ നാട്ടുരാജ്യങ്ങളെല്ലാം ഒരു രാജ്യമായി രൂപാന്തരപ്പെട്ടതും വളര്‍ന്നതും അത്ഭുതകരമായ ഒരു ചരിത്രത്തിന്‍റെ ഭാഗമാണ്. ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗം നമ്മള്‍ നേര്‍ക്കാഴ്ചയായി കാണുന്നത് സ്വാതന്ത്ര്യാനന്തരമുള്ള കാര്യങ്ങളിലൂടെയാണ്. തനതായി നിന്നിരുന്ന ചെറുരാജ്യങ്ങള്‍ ഒരു രാഷ്ട്രമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചിത്രമാണ് ചരിത്രം കണ്ടത്.

പുതിയ സംഭവവികാസങ്ങളും ചിന്താരീതികളും നമ്മുടെ ദേശത്ത് ഉയര്‍ന്നുവരുമ്പോള്‍ എന്താണ് സ്വതന്ത്ര ഇന്ത്യയുടെ പ്രത്യേകത? എന്താണ് മതേതരത്വത്തിന്‍റെയും ജനാധിപത്യവ്യവസ്ഥിതിയുടെയും പ്രാധാന്യം? എന്താണ് നമ്മുടെ സംസ്ക്കാരത്തിന്‍റെ സമ്പന്നത? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്നേക്കാം. ഭാരതത്തിന്‍റെ ഈ സവിശേഷത കള്‍ ഇന്നും പ്രസക്തമാണ്. ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും ഇപ്പോള്‍, ഇന്ത്യയിലുള്ള കത്തോലിക്കാ വിശ്വാസസമൂഹത്തിന്‍റെ എളിയ ശുശ്രൂഷി എന്ന നിലയിലും ഒരു സഭാ സമൂഹത്തിന്‍റെ തലവന്‍ എന്ന നിലയിലും എനിക്കു പറയാന്‍ കഴിയുന്ന വസ്തുത, ഈ ഭാരതത്തിന് പകരംവയ്ക്കാന്‍ ലോകത്തില്‍ മറ്റൊരു രാജ്യമില്ല. ഏറെ വൈവിധ്യങ്ങളും അതിശയകരമായ യാഥാര്‍ത്ഥ്യങ്ങളുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഒരേ മനോഭാവത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന രാജ്യവുമാണിത്. അതിനു നേരിടേണ്ടിവരുന്ന വലിയ പ്രത്യക്ഷമായ ചില തടസങ്ങള്‍, അതിനു രാജ്യം കൊടുക്കേണ്ടിവരുന്ന വലിയ വില. ഇതെല്ലാം വളരെ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങളാണ്. ക്രിസ്തീയ വിശ്വാസത്തില്‍ നാമെല്ലാവരും പറയുന്നതും വിശ്വസിക്കുന്നതുമായ യാഥാര്‍ത്ഥ്യം കുറവുകളെ കൃപകൊണ്ടു നിറയ്ക്കുന്ന കര്‍ത്താവ് ആണ്. ആ കര്‍ത്താവ് നമ്മുടെ രാജ്യത്തിന്‍റെ കുറവുകളെ അവിടുത്തെ കൃപ കൊണ്ട് പരിഹരിക്കുകയും നിറയ്ക്കുകയും ചെയ്യട്ടെ എന്നാണ് ആമുഖമായി എനിക്കു പ്രാര്‍ത്ഥിക്കാനും ആശംസിക്കാനുമുള്ളത്.

? ഈ സാംസ്ക്കാരിക, മതേതര ജനാധിപത്യ സംവിധാനങ്ങളുടെ നടുവിലും ഭാരതത്തിലെ മത ന്യൂനപക്ഷങ്ങള്‍, വിശേഷിച്ചും ക്രൈസ്തവര്‍ ആശങ്കയിലാണ്. തങ്ങള്‍ അരക്ഷിതരാണെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്….?
ഭാരതത്തിന്‍റെ ഒരു സവിശേഷത എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും തുറന്ന മനസ്സോടെ കാണാന്‍ അതിനു കഴിയുന്നു എന്നതാണ്. അതിലെ ഒരു ഘടകമാണ് വിശ്വാസത്തിന്‍റേത്. യേശുവിന്‍റെ സുവിശേഷം ശിഷ്യന്മാര്‍ വഴി ലോകത്തു പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യദിനങ്ങളില്‍ തന്നെ അതു സ്വീ കരിക്കപ്പെട്ട മണ്ണാണ് ഭാരതത്തിന്‍റേത്. യേശുക്രിസ്തുവിലൂടെ ദൈവം അറിയിച്ച നല്ല വാര്‍ത്ത, ജീവിക്കാനുള്ള മാര്‍ഗ്ഗം, ഇരുകൈയും നീട്ടി സ്വീകരിച്ചത് ഇവിടെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങളാണ്. ഈ അടിസ്ഥാനം വിസ്മരിക്കാനാവില്ല. ഇതര മതസമൂഹങ്ങളൊക്കെ ഇവിടെ വന്നപ്പോഴും ഇതാവര്‍ത്തിക്കപ്പെട്ടു. വിശ്വാസപരവും ധാര്‍മ്മികവുമായ പുതിയ സിദ്ധാന്തങ്ങളെയും ആശയങ്ങളെയും ആളുകളെയും സ്വീകരിക്കുന്നതിന് ഈ ദേശം ഒരിക്കലും മടി കാട്ടിയിട്ടില്ല. ഇത് ഇന്ത്യയുടെ സംസ്ക്കാരത്തിന്‍റെ നേര്‍ക്കാഴ്ചയാണ്. അതിഥി ദേവോഭവ: എന്നു പറയുന്ന, അതിഥികളില്‍ ദൈവസാന്നിധ്യം കാണുന്ന സംസ്ക്കാരവും സമ്പ്രദായവുമാണത്. ജനാധിപത്യവ്യവസ്ഥിതിയില്‍ ഭാരതം മുന്നോട്ടു പോകുമ്പോഴും വോട്ടും വോട്ടിന്‍റെ ഏറ്റക്കുറച്ചിലുകളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് വിഷയമാണ്. ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നതിനോ, പദവികളില്‍ പ്രവേശിക്കുന്നതിനോ സാധിക്കാതെ വരുന്ന സാഹചര്യം ആര്‍ക്കെങ്കിലുമുണ്ടോ? എന്ന അന്വേഷണത്തില്‍ ഇവിടത്തെ മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍ ഇവയ്ക്കൊന്നും തിരഞ്ഞെടുപ്പിലൂടെ കടന്നുവരിക സാധ്യമല്ല എന്നു കണ്ടെത്തി. അവരെ എങ്ങനെ സംരക്ഷിക്കുമെന്നു ഭരണഘടനാ വിദഗ്ദ്ധരും ഉപജ്ഞാതാക്കളും ആലോചിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ ഭരണഘടനാപരമായ സംരക്ഷണമാണ് ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന പരിരക്ഷ. ഭരണഘടനാപരമായി ന്യൂനപക്ഷത്തില്‍ വരുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള കൃത്യമായ പദ്ധതിയാണത്. അത് ഇന്ത്യയുടെ സംസ്ക്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

ഈ ന്യൂനപക്ഷ സംരക്ഷണം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇവിടെ സംഭവിക്കുന്നത് രാജ്യത്തിനേല്ക്കുന്ന ആഘാതമാണ്. ക്രിസ്ത്യാനിക്കു കുഴപ്പം സംഭവിച്ചതുകൊണ്ട് ക്രൈസ്തവനായ ഞാന്‍ ഇതു പറയുന്നതാണ് എന്ന് ചുരുക്കം ചിലരെങ്കിലും കരുതാനിടയുണ്ട്. അതല്ല. ഇത് ഇവിടത്തെ മുസ്ലിങ്ങള്‍ക്കോ ഇതര ന്യൂനപക്ഷങ്ങള്‍ക്കോ സംഭവിച്ചാലും നമ്മുടെ നിലപാട് ഇതുതന്നെയാണ്. കാരണം, അതു ഭാരതത്തിന്‍റെ പൊതു സ്വഭാവത്തിനു വരുന്ന അപചയമായി ഇതിനെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഇവിടെയാണ് ഇപ്പോള്‍ നാം വന്നു നില്‍ക്കുന്നത്. ഇങ്ങനെ സംരക്ഷിക്കപ്പെട്ടുപോരുന്ന ജനവിഭാഗത്തിന് ആശങ്കകള്‍ ഏറുന്നുണ്ട്.

? ഇത് ആശങ്ക മാത്രമായി നില്‍ക്കുന്നതല്ല. നമുക്കു മുന്നില്‍ വ്യക്തമായി കാണാനാവുന്ന തെളിവുകള്‍ ഉണ്ട്. ഈ അടുത്ത് ക്രിസ്മസ് കാലത്ത് സത്നയില്‍ നടന്ന അതിക്രമങ്ങള്‍, ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ചുബിഷപ്പിനെതിരെയുള്ള നീക്കം, സാഗര്‍ രൂപതയിലെ സെന്‍റ് മേരീസ് കോളജില്‍ അരങ്ങേറിയ ആരതി…. ഇതെല്ലാം കരുതിക്കൂട്ടി നടത്തുന്ന ദ്രോഹമായി കാണേണ്ടതല്ലേ?
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇങ്ങനെയുള്ള കാഴ്ചകള്‍ ദൃശ്യമാണ്. പ്രത്യക്ഷമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍. പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം ഈയടുത്ത നാളുകളിലൊക്കെ അനുഭവിച്ച കാര്യങ്ങള്‍… ഇതിനൊക്കെ മറ്റു സാക്ഷ്യങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ഇതിന്‍റെ പേരില്‍ ഹൈന്ദവ സമൂഹം ക്രിസ്ത്യാനികളെ ആക്രമിക്കുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതു ശരിയുമല്ല. പൊതുവേ പറഞ്ഞാല്‍ ഹൈന്ദവസമൂഹം വളരെ തുറവോടെയാണ് ഇതര സമൂഹങ്ങളെ കാണുന്നത്. ഏതൊരു സമൂഹത്തിലെയും പോലെ വിഘടിതമായും വിപരീതമായും ചിന്തിക്കുന്ന ചില സമൂഹങ്ങള്‍ ഈ വലിയ സമൂഹത്തിനകത്തും ഉണ്ട്. അവരുടെ നേരിട്ടുള്ള ഇടപെടലാണ് ഇത്തരം അക്രമ സംഭവങ്ങള്‍ക്കു പിന്നിലുള്ളത്. അങ്ങനെ സംഭവിക്കുമ്പോഴും നാം ഏറെ ശ്രദ്ധയോടെ തന്നെയാണ് ഇതിനെ കാണേണ്ടതും വിലയിരുത്തേണ്ടതും. ചില സംഘടിത സമൂഹങ്ങള്‍ ഹൈന്ദവ ദര്‍ശനത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയും അധികാരത്തിനു വേണ്ടിയും മറ്റും മതത്തെ അവര്‍ ദുരുപയോഗിക്കുകയാണ്.

ഇതു രണ്ടും രണ്ടായി നമ്മള്‍ കാണണം. അപ്പോള്‍ നമുക്ക് യഥാര്‍ത്ഥ ചിത്രം കിട്ടും. ഹിന്ദു ഒരു ക്രിസ്ത്യാനിയെയും ആക്രമിക്കുന്നില്ല. തോമസിനെ ദാമോദരന്‍ മര്‍ദ്ദിച്ചു എന്നതിന് ഹിന്ദു ക്രിസ്ത്യാനിയെ മര്‍ദ്ദിച്ചു എന്നു പരി ഭാഷപ്പെടുത്താന്‍ പാടില്ല. എന്നാല്‍ സംഘടിതമായ ചില ശക്തികള്‍ രാജ്യത്തെ ഭരണത്തിന്‍റെ ആനുകൂല്യത്തിന്‍റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടാറുണ്ട്. സത്നയിലും സാഗറിലുമൊക്കെ കണ്ടത് അതാണ്. ഈ ആക്രമണപരമ്പരകള്‍ അരങ്ങേറുകയും നിസ്സഹായരായി എന്നതുപോലെ സംവിധാനങ്ങള്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി നമ്മുടെ രാജ്യത്തിന്‍റെ അരക്ഷിതാവസ്ഥയെക്കുറിച്ച് പൗരന്മാര്‍ എന്ന വിധത്തില്‍ നമുക്ക് സംസാരിക്കേണ്ടിവരും. അതു ചിലരെ അലോസരപ്പെടുത്തുമായിരിക്കാം. പക്ഷെ അതു വ്യക്തികള്‍ക്കെതിരല്ല, ഹിന്ദു സമൂഹത്തിനെതിരല്ല. നമ്മെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള എല്ലാവരോടുമാണ് മനസ്സാക്ഷിയുടെ ശബ്ദമായി നാം അതു പറയുന്നത്.

? ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്ന് അടുത്ത കാലത്ത് പിതാവ് പ്രസ്താവിക്കുകയുണ്ടായി….
പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ ഇക്കാര്യത്തില്‍ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നു എന്ന ചിന്തയിലല്ല അത്തരത്തില്‍ സംസാരിക്കുക. പക്ഷെ ആക്രമണ പരമ്പരകള്‍ ആവര്‍ത്തിക്കുകയും അസ്വസ്ഥതകള്‍ കൂടുതല്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തെ പൗരന്‍ എന്ന നിലയ്ക്ക് നാം ആരോടു സംസാരിക്കണം? അതു സംസാരിക്കേണ്ടത് എന്‍റെ രാജ്യത്തിലെ ബന്ധപ്പെട്ടവരോടാണ്. അവരോട് നാം പറയുന്നു, നമുക്ക് ആശങ്കകള്‍ ഏറുന്നു, അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. അതു പറയേണ്ടതല്ലേ? ഭരണപരമായ കാര്യസാധ്യത്തിനോ നേട്ടത്തിനോ അല്ല, ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിരുപാധികമായ പിന്തുണ നാം നല്‍കുകയുണ്ടായി. അതാരെയും ഭയപ്പെട്ടിട്ടല്ല. ക്രൈസ്തവ ശൈലിയുടെ പിന്‍ബലത്തില്‍ തന്നെ എല്ലാവരുമായി സഹകരണം വാഗ്ദാനം ചെയ്താണ് പുതിയ ഭരണമാറ്റത്തില്‍ നാം പങ്കാളികളായത്. അതിപ്പോഴും തുടരുന്നു. ഈ പിരിമുറുക്കത്തിന്‍റെ ഇടയിലും നമ്മുടെ ഒരു ശുശ്രൂഷയും നാം പിന്‍വലിച്ചിട്ടില്ലല്ലോ? ഈ രാജ്യത്തിന്‍റെ കെട്ടുറപ്പിനാവശ്യമായ സാമൂഹിക പ്രതിബദ്ധതയോടുകൂടിയ ആതുരശുശ്രൂഷയും വിദ്യാഭ്യാസവും ഗ്രാമങ്ങളുടെ വികസനവും പാവങ്ങളോടുള്ള കരുതലും എല്ലാം തുടരുകയാണ്. മാത്രമല്ല പുതിയ ശുശ്രൂഷാമേഖലകള്‍ നാം ഏറ്റെടുക്കുകയും ചെയ്യുന്നു. നമ്മള്‍ പറയുന്ന വാക്കില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്നു എന്നത് നമുക്ക് ആത്മവിശ്വാസം തരുന്നു. എന്നാല്‍ നമ്മെ സംരക്ഷിക്കേണ്ട ഭരണകൂടം ഇക്കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണം. ഈ രാജ്യത്ത് എന്തും ചെയ്തുകളയാം എന്ന ചിലരുടെ ധാര്‍ഷ്ട്യം – അതു ഭരണത്തെപ്പോലും ചിലപ്പോള്‍ അട്ടിമറിക്കും. സ്വതന്ത്ര ഭാരതത്തില്‍, റിപ്പബ്ലിക്കായ ഇന്ത്യയില്‍ ജനാധിപത്യത്തെ മാനിക്കുന്ന ഒരു ഭരണഘടനയുള്ളപ്പോള്‍ അതനുസരിച്ച് ആവശ്യമായ സംരക്ഷണം, ഇവിടത്തെ ഏറ്റവും ചെറിയ വിഭാഗത്തിനു പോലും കൊടുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്.

? സിബിസിഐ നേതൃത്വം സഭയുടെ ആശങ്കകളും അഭിപ്രായങ്ങളും രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മറ്റും പല ഘട്ടങ്ങളില്‍ നേരില്‍കണ്ട് അറിയി ച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരുടെ സമീപനവും താത്പര്യവും എങ്ങനെയാണ്?
പ്രസിഡന്‍റിനെ കണ്ടപ്പോള്‍ വലിയ വിശാലമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം സംസാരിച്ചത്. പ്രധാനമന്ത്രിയുമായി സംസാരിക്കുമ്പോഴും എല്ലാ സംരക്ഷണവും ഉറപ്പാക്കുന്ന തുറന്ന സമീപനം തന്നെയാണു പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്ന കാര്യം ഇതിനിടയില്‍ എന്താണു സംഭവിക്കുന്നത് എന്നതാണ്. ആരാണ് ഇതിനിടയില്‍ എല്ലാം തകിടം മറിക്കാന്‍ ശ്രമിക്കുന്നത്? അതില്‍ നമുക്ക് ആശങ്കയുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ രാജ്യത്തിന്‍റെ പരമോന്നത അധികാര ശ്രേണിയിലുള്ളവര്‍ ജാഗ്രതയോടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത്.

? മതപരിവര്‍ത്തനം ആരോപിച്ചാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പലതും അരങ്ങേറുന്നത്. ഇതില്‍ എത്രമാത്രം വാസ്തവമുണ്ട്?
വിശ്വസിക്കുന്നവന് ഏതു മത വും സ്വീകരിക്കാന്‍ അവകാശമുള്ള രാജ്യമല്ലേ നമ്മുടേത്. ഭരണഘടനയുടെ ഒരു ഭാഗം പറയുകയും മറുഭാഗം പറയാതിരിക്കുകയും ചെയ്യുന്നത് എന്തിനാണ്? ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കളുടെ ഇടമാണ്, മതേതരത്വം എന്ന പദം മാറ്റേണ്ടതാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ ഒറ്റപ്പെട്ടതാണെങ്കിലും ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അതുണ്ടാകുമ്പോള്‍ അത് ആശങ്കപരത്തും. മതപരിവര്‍ത്തനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ഭരണഘടന അനുവദിച്ചിട്ടുള്ള ചിലത് കൊള്ളാമെന്നും ചിലത് കൊള്ളുകയില്ലെന്നുമുള്ള രീതി പാടില്ല. ഇന്ത്യയില്‍ ജനിച്ചതുകൊണ്ട് സകല പൗരന്മാരും ഹിന്ദുക്കളായിക്കൊള്ളണം എന്നു ഭരണഘടന പറഞ്ഞിട്ടില്ലല്ലോ. ഞാന്‍ ക്രിസ്ത്യാനിയായിരിക്കുന്നത് എന്‍റെ രാജ്യ സ്നേഹത്തിനോ ഭാരതീയ സ്വത്വത്തിനോ കുറവുള്ള കാര്യമായി വരുന്നില്ല. ഭരണഘടന പറയുന്നത്, ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം എന്നാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. മനസ്സിന്‍റെ മാറ്റമാണ് എല്ലാ മാറ്റത്തിന്‍റെയും അടിസ്ഥാനം. ഇന്നലെ വരെ കോണ്‍ഗ്രസ്സുകാരനായവന്‍ ഇന്നു ബിജെപിയാകുന്നു, അല്ലെങ്കില്‍ കമ്യൂണിസ്റ്റായിരുന്ന വ്യക്തി കോണ്‍ഗ്രസ്സാകുന്നു…. അതിനു കുഴപ്പമില്ല. അതാരെയും അലോസരപ്പെടുത്തുന്നില്ല. മതത്തിന്‍റെ കാര്യം വരുമ്പോള്‍ തീവ്രമായ നിലപാടാകുന്നു. ഒരുകാലത്തും ആരും മറ്റൊരു മതം സ്വീകരിച്ചു കൂടാ. കളക്ടറുടെ അനുവാദം വാങ്ങി മതപരിവര്‍ത്തനം നടത്തണം എന്നൊക്കെ പറയുന്നതില്‍, ഒരുകാലത്തും അതു നടക്കരുത് എന്ന നിര്‍ബന്ധബുദ്ധിയാണുള്ളത്. ഇനി ഹിന്ദുമതത്തിലേക്കു പോകാന്‍ താത്പര്യപ്പെട്ടാല്‍ അതിനു കളക്ടറെ പോയി കാണണമോ? ഇങ്ങനെ സംരക്ഷിച്ചു നിറുത്തേണ്ട മതമാണോ ഹിന്ദുമതം. ഇതൊന്നും നമ്മുടെ സംസ്ക്കാരത്തിനോ ജനാധിപത്യത്തിനോ ചേരുന്നതല്ല. ഇത്രയും കാലം ഈ പരിവര്‍ത്തനം നടത്തിയെന്നു പറഞ്ഞിട്ട് 2.3 ശതമാനം ക്രൈസ്തവരും അതില്‍ 1.8 ശതമാനവും മാത്രമല്ലേ കത്തോലിക്കരുമായുള്ളൂ. അതില്‍ അത്ര ഭയപ്പെടാനുണ്ടോ? അന്യായമായ മാര്‍ഗ്ഗങ്ങള്‍, ഭീഷണി, പണം തുടങ്ങിയവയിലൂടെ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള വ്യവസ്ഥയുണ്ട്. അതു ശിക്ഷിക്കപ്പെടേണ്ടതുമാണ്.

? ദളിത് ക്രൈസ്തവരുടെ വിഷയങ്ങളില്‍ സഭ എക്കാലവും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അവരുടെ അവകാശ സമരങ്ങളില്‍ സഭ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നുവെന്നും പറയാം. പക്ഷെ ഇന്നും അവരോടുള്ള വിവേചനം തുടരുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്…..?
ഈ സമൂഹത്തെ നാം മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതുണ്ട്. സര്‍ക്കാരില്‍ നിന്നു ന്യായമായി അവര്‍ക്കു ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും തടസമില്ലാതെ കിട്ടേണ്ടതുണ്ട്. സഭയുടെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള ശ്രമങ്ങളും വേണം. നമ്മുടെ ബാംഗ്ലൂരിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ ദളിത് ക്രൈസ്തവര്‍ക്കും ആദിവാസികള്‍ക്കും 10 ശതമാനം സംവരണം ഉണ്ടായിരുന്നത് ഇപ്പോള്‍ 20 ശതമാനമാക്കിയിട്ടുണ്ട്. നമ്മുടെ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ അവര്‍ക്കു സീറ്റുകള്‍ നീക്കിവയ്ക്കുന്നുണ്ട്. അതു 100 ശതമാനവും പൂര്‍ണമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷെ അവരെ അര്‍ഹമായി പരിഗണിക്കേണ്ട ധാരാളം മേഖലകളുണ്ട്. മുമ്പത്തേക്കാള്‍ ശ്രദ്ധ അതിനു നല്‍കുന്നുണ്ട്.

കെസിബിസി തലത്തില്‍ ഇപ്പോള്‍ അവര്‍ക്കായി ഭവനനിര്‍മ്മാണ പദ്ധതിയുണ്ട്. എല്ലാ രൂപതകളിലും ദളിത് കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചില രൂപതകളില്‍ സഭയുടെ സമിതികളിലേക്ക് ഇവരെ തിരഞ്ഞെടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നാം പൂര്‍ണത കൈവരിച്ചിട്ടില്ല എന്നതു വാസ്തവമാണ്. പക്ഷെ ഈ വിഷയത്തില്‍ സഭ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നത് ശരിയല്ല.

സര്‍ക്കാരിന്‍റെ ഭാഗത്ത്, ഹിന്ദു ദളിതന് എല്ലാ ആനുകൂല്യങ്ങളും നല്‍കും ഹിന്ദു അല്ലാത്ത ദളിതന് ഒന്നുമില്ല എന്നു പറയുന്നത് ശരിയല്ല. അതു മനുഷ്യാവകാശ ലംഘനം തന്നെയാണ്. ക്രൈസ്തവനായ ദളിതന്‍ തിരിച്ചു ഹിന്ദുദളിതനായി മാറിയാല്‍ ആനുകൂല്യം കിട്ടും. ‘ഘര്‍വാപ്പസി’ക്കു വിധേയനായാല്‍ മതി. ഇതു ഭരണഘടനാ വിരുദ്ധമാണ്. ക്രിസ്ത്യന്‍ ദളിത് ഹിന്ദു ദളിത് എന്നതല്ല വിഷയമാകേണ്ടത്. അവന്‍ ദളിതാണോ എന്നതാണ്. ദാരിദ്ര്യത്തിനു ലേബല്‍ വയ്ക്കാതെ അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ് ശ്രദ്ധിക്കേണ്ടത്. ദളിതന്‍റെ ദാരിദ്ര്യത്തിന് കൊടിയുടെ നിറവും ജാതിയുടെ പേരും മതത്തിന്‍റെ തലക്കെട്ടും കൊടുത്ത് അവരെ പരിഗണിക്കുന്നതിനേക്കാള്‍ അവന്‍റെ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കാന്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

? ഭാരതത്തിലെ കത്തോലിക്കാ സഭയുടെ തലവന്‍ എന്ന വിധത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്നു നിരീക്ഷിച്ചിട്ടുണ്ടോ?
നമുക്കു ലഭിച്ച വിശ്വാസം അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും പ്രകടിപ്പിക്കാനും വിശ്വാസി സമൂഹം എന്ന നിലയില്‍ നമുക്കു കഴിയുന്നുണ്ടോ നമുക്കതില്‍ താത്പര്യമുണ്ടോ? ഇതു സഭ കൊടുക്കേണ്ട ഉത്തരമാണ്. കര്‍ത്താവും ദൈവവും രക്ഷിതാവുമായ യേശു ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍, പരസ്യമായി പ്രാര്‍ത്ഥിക്കാന്‍, സന്തോഷത്തോടെ അത് വ്യക്തിപരമായി എല്ലാവരുമായി പങ്കുവയ്ക്കാന്‍ നമ്മുടെ സമൂഹം ഇനിയും മുന്നോട്ടു വരണം എന്നുള്ളതാണ് എനിക്കു പോസിറ്റീവായി അവതരിപ്പിക്കാനുള്ളത്. കര്‍മ്മവും ക്രിയയും ആചാരങ്ങളുമൊക്കെയായി ചിട്ടവട്ടങ്ങളുടെ ആരാധനയോ ജീവിതമോ ഒന്നും നമുക്ക് ആത്മസംതൃപ്തി നല്‍കുന്നില്ല. വി. കുര്‍ബാന കേന്ദ്രീകൃതമായ ഒരു ആധ്യാത്മികതയും ആരാധനാകേന്ദ്രീകൃതമായ വിശ്വാസജീവിതത്തിന്‍റെ വളര്‍ച്ചയും കുടുംബം മുതല്‍ ഉണ്ടാകണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കുടുംബത്തിന്‍റെ മേശയ്ക്കു ചുറ്റുമിരുന്ന് ഈ രക്ഷയുടെ സന്തോഷത്തെക്കുറിച്ച് നാം പങ്കുവയ്ക്കാറുണ്ടോ? സഭയില്‍ ദൈവവിളികള്‍ ഉണ്ടായതിന്‍റെ പിന്നില്‍ നമ്മുടെ ഊണുമേശ വളരെ സഹായകമായിട്ടുണ്ട്. ശുശ്രൂഷകരായ മെത്രാന്മാരും സമര്‍പ്പിതരുമടക്കമുള്ളവരുടെ മനോഭാവത്തില്‍ ഈ രക്ഷയുടെ അനുഭവത്തെക്കുറിച്ച് എത്ര ആത്മവിശ്വാസത്തോടെ സംസാരിക്കാനും പങ്കുവയ്ക്കാനും നമുക്കു കഴിയുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ഭാരത സഭ നേരിടുന്ന വെല്ലുവിളി പ്രധാനമായും വിശ്വാസത്തിന്‍റെ സാക്ഷ്യം കൊടുക്കലിന്‍റേതാണ് എന്നു ഞാന്‍ കരുതുന്നു. അല്‍ഫോന്‍സാമ്മയും റാണി മരിയയും ചാവറ പിതാവും എവുപ്രാസ്യാമ്മയും തോമാശ്ലീഹായും അലോഷ്യസ് ഗാര്‍സിയയും മറ്റും ഈ വിശ്വാ സത്തിന്‍റെ പേരില്‍ മാത്രം വിശുദ്ധരായവരാണ്. നമ്മുടെ ജീവിതത്തിന്‍റെ ആധാരം യേശുവുമായുള്ള ബന്ധമാണ്. ഈ ബന്ധം ഭാരത സഭ മറ്റുള്ളവര്‍ക്കു കൊടുക്കുന്നതില്‍ കുറച്ചുകൂടി ഉത്തരവാദിത്വവും നീതിബോധവും കാണിക്കണം. നമുക്ക് സ്ഥാപനങ്ങളുണ്ട്, സ്വത്തുണ്ട്, അധികാരമുണ്ട് എന്നൊക്കെ പറയുമ്പോഴും ഒന്നാമതായി പറയേണ്ടത് യേശുക്രിസ്തു എന്നെ സ്വന്തമാക്കിയതാണ് എന്‍റെ ഏറ്റവും വലിയ ബലം എന്നാണ്.

രണ്ടാമത്തെ ഒരു വെല്ലുവിളി ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ബന്ധം ബലപ്പെടണം എന്നതാണ്. നമ്മള്‍ എന്തിന്‍റെ അടിസ്ഥാനത്തില്‍ വിഘടിച്ചു നില്‍ക്കുന്നു; അത് പിശാച് നമ്മെ ഉപയോഗിക്കുന്നതാണ്. അധികാരത്തിന്‍റെയോ പൈതൃക സംരക്ഷണത്തിന്‍റെയോ പേരു പറഞ്ഞ് നില്‍ക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ പിശാചിന്‍റെ തന്ത്രങ്ങളില്‍ നാം വീണു പോകുന്നു. യേശുക്രിസ്തുവിന്‍റെ സഭ, യേശുക്രിസ്തുവിന്‍റെ സഭയായിരിക്കണം. നിങ്ങള്‍ വിഭജിച്ചു നില്‍ക്കുക എന്നു കല്‍പിക്കുന്നത് യേശുവാണോ അതോ പിശാചോ? കുറച്ചു കൂടി എളിമപ്പെടലും വിനയവും ഈ മേഖലയില്‍ നമുക്കാവശ്യമാണ്. ആരും ആരുടെയും ദാസന്മാരല്ല. എന്നാല്‍ നാമെല്ലാവരും യേശുവിന്‍റെ ദാസന്മാരും ദാസികളുമാണ്. ഈ മനോഭാവത്തില്‍ ക്രിസ്തീയ സഭകള്‍ തമ്മിലുള്ള ബന്ധം കുറേക്കൂടി വളരണം. യോജിക്കാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മസാക്ഷ്യം ആവശ്യമാണ്.

2

Leave a Comment

*
*