ഓര്‍മ്മത്താരകളിലെ വഴിവിളക്കുകള്‍

ഓര്‍മ്മത്താരകളിലെ വഴിവിളക്കുകള്‍

സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനം. ഹൃദയംകൊണ്ടൊരു ഗുരുവന്ദനം.


പ്രിയ എ.എസ്.

മലയാളത്തിലെ പ്രമുഖ കഥാകൃത്തും എഴുത്തുകാരിയുമാണ് പ്രിയ എ.എസ്.
നിരവധി ചെറുകഥാ സമാഹാരങ്ങള്‍ക്കു പുറമെ ശ്രദ്ധേയമായ ബാലസാഹിത്യ കൃതികളും അനുഭവവിവരണങ്ങളും പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടേതുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പൂക്കാതിരിക്കാന്‍ എനിക്കാവതില്ല, മഞ്ഞമരങ്ങള്‍ ചുറ്റിലും, വയലറ്റ് പൂച്ചകള്‍ക്കു ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍, എന്തുപറ്റി എന്‍റെ നീലപ്പൂവിന്, മോഹജ്വാല, ഓര്‍മ്മയാണു ഞാന്‍, പ്രിയ എഎസിന്‍റെ കഥകള്‍, ചിത്രശലഭങ്ങളുടെ വീട്, അമ്മേം കുഞ്ഞുണ്ണീം കുഞ്ഞുണ്ണീം അമ്മേം, ഒഴുക്കില്‍ ഒരില, കഥ ബാക്കി, മായക്കാഴ്ചകള്‍ തുടങ്ങി ഇരുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്‍റെ അമ്മ പഠിപ്പിച്ചിരുന്ന അതേ മലയാളം മീഡിയം സ്കൂളിലായിരുന്നു എന്‍റെ സ്കൂള്‍ പഠനം.

അമ്മയുടെ സഹപ്രവര്‍ത്തകരായിരുന്നു എന്‍റെ സ്കൂള്‍ ടീച്ചേഴ്സ് മുഴുവനും.

അസുഖം കാരണം നിറയെ ക്ളാസുകള്‍ മിസ് ചെയ്യുന്ന കുട്ടി എന്ന എന്‍റെ ചരിത്രം മനസ്സിലാക്കാന്‍, അതുകൊണ്ടവര്‍ക്കാര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല.

ആ സ്കൂളും അവിടുത്തെ അദ്ധ്യാപകര്‍ ചൊരിഞ്ഞ സ്നേഹവും ഇല്ലായിരുന്നെങ്കില്‍ പത്താം ക്ളാസുപോലും മുഴുവനാക്കാതെ പഠനമവസാനിപ്പിക്കേണ്ടി വന്നേനെ ഞാന്‍ എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്.

ആ സ്കൂളില്‍ നിന്നു ഞാന്‍ സമ്പാദിച്ച ഗുരുത്വമാണെന്‍റെ ജീവിതത്തിന്‍റെ അടിത്തറ. നല്ലത് വല്ലതും ഈ ജീവിതം കൊണ്ട് നേടിയിട്ടുണ്ടെങ്കില്‍, അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇ.സി.ഇ.കെ. യൂണിയന്‍ ഹൈസ്കൂള്‍ എന്ന, നാഷ്ണല്‍ ഹൈവേയുടെ ഓരത്ത് നിലകൊള്ളുന്ന, ഇപ്പോഴത്തെ കൂറ്റന്‍ സ്കൂളുകള്‍ക്കു മുന്നില്‍ പണ്ടത്തെ പകിട്ടും പ്രൗഢിയും മങ്ങിപ്പോയ എന്‍റെയാ പാവം സ്കൂളിനും എന്നെ തലോടി കടന്നുപോയ അവിടുത്തെ ടീച്ചേഴ്സിനുമാണ്.

SSLC പഠനശേഷം, സെക്കന്‍റ് ഗ്രൂപ്പുകാരി പ്രീഡിഗ്രിക്കാരിയായി തൃക്കാക്കര ഭാരത് മാതാ കോളേജിലെത്തിയത്, സെക്കന്‍റ് ഗ്രൂപ്പിനോടോ ഭാരത് മാതാ കോളേജിനോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ല.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബാലപംക്തിയിലെ കഥയായ കഥയൊക്കെ വായിച്ച്, പിപ്പറ്റും ബ്യൂററ്റും ഹോസ്റ്റല്‍ ഡോമിട്രിയും ഇല്ലാതെ കഥയെഴുത്തസാദ്ധ്യം എന്ന കുട്ടിത്ത ധാരണ ഉള്ളില്‍ കയറിപ്പറ്റിയതു കൊണ്ടുമാത്രം സംഭവിച്ച ഒരു ഏടായിരുന്നു അത്. ഞാനന്നേ കഥയെഴുത്തുകാരിയാകാന്‍ നിശ്ചയിച്ചിരുന്നവളായിരുന്നല്ലോ!

ചേര്‍ത്തലയിലെയും എറണാകുളത്തെയും കോളേജുകളില്‍ പ്രവേശനം നേടാന്‍ തക്ക വിധം ഉയര്‍ന്ന മാര്‍ക്ക് SSLC-ക്കുണ്ടായിട്ടും ദൂരെയുള്ള കോളേജ് മതി പ്രീഡിഗ്രി പഠനത്തിന് എന്നു തീരുമാനിച്ചത് ഹോസ്റ്റലില്‍ നില്‍ക്കാന്‍ വേണ്ടിയാണ്. അതായത് കഥയെഴുത്തിനു വേണ്ടിയുള്ള 'പിപ്പറ്റ് -ഡോമിട്രി' പശ്ചാത്തലമൊരുക്കാന്‍ വേണ്ടി എന്നു ചുരുക്കം. കോളേജിന്‍റെ പരിസരത്ത്, കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ദയാഭവന്‍ എന്ന ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരിയായി താമസിച്ച ഒരാഴ്ചക്കുള്ളില്‍ത്തന്നെ എനിക്ക് കടുത്ത ഹോം സിക്നസ് പിടിപെട്ടു എന്നത് വേറൊരു സത്യം.

അവിടങ്ങനെ താമസിക്കുമ്പോള്‍, 'സീനിയേഴ്സ്' എന്ന സെക്കന്‍ഡ് ഇയര്‍ പ്രീഡിഗ്രിക്കാര്‍ പറഞ്ഞു, 'ഇംഗ്ളീഷ് കിട്ടാന്‍ വലിയ പാടാണ്.' ഇംഗ്ളീഷ് പരീക്ഷ കടന്നുകിട്ടാന്‍ വലിയ പാടാണ് എന്നാണവര്‍ പറഞ്ഞത് എന്നു മനസ്സിലായി വരവേ, ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി പലരും നടത്തി- മലയാളം മീഡിയത്തില്‍ പഠിച്ചുവന്നവരുടെ കാര്യം മഹാപോക്കാണ്. എനിക്കത് കേട്ട് പേടിയായി.

ക്ളാസിലെ കൂടുതല്‍ പേരും സാധാരണ കുട്ടികളായിരുന്നുവെങ്കിലും ഇംഗ്ളീഷ് ചറുപറെ പറയുന്ന രണ്ട് സെന്‍ട്രല്‍ സ്കൂള്‍ കഥാപാത്രങ്ങള്‍ ലിസിയും മേരിയും, ഇംഗ്ളീഷിനോടുള്ള എന്‍റെ പേടി കൂട്ടി.

ആദ്യത്തെ ഇംഗ്ളീഷ് ക്ളാസില്‍ ഒരു ഫാദര്‍ വന്നു വെളുത്ത ഉടുപ്പും മൃദുവായ സംസാരവും ലളിതമായ നടപ്പും നിറഞ്ഞ ചിരിയുമായി. ഫാദറിന്‍റെ പേര് അഗസ്റ്റിന്‍ തേനായന്‍. ഞാനാദ്യമായാണ് ഒരച്ചനെ ആദ്യമായി അത്ര അടുത്തു കാണുന്നത്. എനിക്ക് കൗതുകം തോന്നി. കഥയാണ് ആദ്യത്തെ പാഠം. A.G. Gardiner എഴുതിയ All About A Dog.

മെല്ലെ മെല്ലെ, ഓരോ ക്ളാസും പുരോഗമിച്ചു. ബ്രിട്ടനിലാണ് കഥ നടക്കുന്നത്. ഒരു സ്ത്രീ, അവരുടെ പട്ടിക്കുട്ടിയെയും (Pekinese Dog) കൊണ്ട് ഡബിള്‍ഡക്കര്‍ ബസില്‍ ഒരു രാത്രിനേരത്ത് കയറുന്നു. കണ്ടക്റ്റര്‍, ടിക്കറ്റ് വിതരണത്തിനു വരുമ്പോഴാണ് ബസില്‍ പട്ടിയുടെ സാന്നിദ്ധ്യം അറിയുന്നത്. മൃഗങ്ങള്‍ ബസില്‍ അനുവദനീയമല്ല എന്നു കണ്ടക്റ്റര്‍ കടുത്ത നിലപാടെടുക്കുന്നു. യാത്രക്കാര്‍ കൂടി പങ്കാളികളാവുന്ന ഒരുപാട് വാദപ്രതിവാദങ്ങള്‍ക്കുശേഷം കണ്ടക്റ്റര്‍ ആ സ്ത്രീയെ തത്ക്കാലം ആ ബസില്‍ പക്ഷേ അതിന്‍റെ രണ്ടാമത്തെ നിലയില്‍ യാത്ര തുടരാനനുവദിക്കുന്നു. ചൂളം കുത്തുന്ന തണുത്ത കാറ്റിന് കേറിവരാനെളുപ്പമാണ് രണ്ടാം നിലയിലെ ജനലില്‍ക്കൂടി എന്നും അതുകൊണ്ടുതന്നെ ന്യൂമോണിയ പിടിക്കാനുള്ള സാദ്ധ്യതയിലേക്കാണ് കയറിപ്പോകുന്നത് എന്നും അറിയാമവര്‍ക്ക്. വഴക്കു തുടര്‍ന്നാല്‍ മറ്റു യാത്രക്കാരും പെരുവഴിയിലാകും എന്നും ഇനി ഒരു ബസും ആ വഴിയേ വരാനില്ലെന്നും മനസ്സിലാക്കിയതു കൊണ്ടാവാം അവര്‍ ആ രണ്ടാം നില എന്ന ഒത്തുതീര്‍പ്പിനു തയ്യാറാവുന്നത്.

നിയമങ്ങള്‍ മനുഷ്യനു വേണ്ടിയാണ്, അല്ലാതെ മനുഷ്യന്‍ നിയമങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടതല്ല എന്നുദ്യോതിപ്പിച്ച് അവസാനിക്കുന്ന ആ പാഠം, ഫാദര്‍ വിശദീകരിക്കുമ്പോള്‍ എനിക്കതു മുഴുവന്‍ മുന്നില്‍ നടക്കുന്നതെന്നപോലെ അനുഭവപ്പെട്ടു. അത്രയ്ക്ക് ഞാനാസ്വദിച്ചു ആ കഥാക്ളാസ്.

അങ്ങനെ ശ്രദ്ധ കൂര്‍പ്പിച്ചിരുന്ന് കേട്ടതിനു പിന്നില്‍, 'ഇംഗ്ളീഷിന് മലയാളം മീഡിയം കുട്ടികള്‍ തോല്ക്കാറാണ് പതിവ്' എന്ന ഹോസ്റ്റലില്‍ കേട്ടു ശീലിച്ച വായ്ത്താരിയുമുണ്ടായിരുന്നു എന്നത് ഒരു ചെറിയ കാരണം മാത്രമായിരുന്നു.

അതിനിടെ, സ്കൂളില്‍ എന്‍റെ തൊട്ടു സീനിയറും സെന്‍റ് തെരേ സാസില്‍ പ്രീഡിഗ്രിക്കാരിയുമായ ജയശ്രീച്ചേച്ചിയുടെ ഇംഗ്ളീഷ് നോട്ട് ബുക്ക്, എന്‍റെ അമ്മ എനിക്കു സംഘടിപ്പിച്ചു തന്നു. 'Annotation' എന്ന സന്ദര്‍ഭം വിവരിച്ചു വ്യക്തമാക്കല്‍ എന്ന ചോദ്യോത്തരകലയുടെ ഒരേകദേശ ധാരണ ക്ളാസ് നോട്സിലൂടെ കിട്ടിയിരുന്നുവെങ്കിലും അനോട്ടോഷന്‍റെ ഘടന മനോഹരമായി മനസ്സില്‍ പതിഞ്ഞത് ജയശ്രീച്ചേച്ചിയുടെ നോട്ട്ബുക്ക് വഴിയാണ്. അപ്പോഴേയ്ക്ക് ആദ്യത്തെ ക്ളാസ് ടെസ്റ്റ് എത്തി. All about A dog എന്ന പാഠത്തെ അധികരിച്ചു നടത്തിയ ആ ടെസ്റ്റ്, ഫാദറിന്‍റെ നോട്സും സെയിന്‍റ് തെരേസാസ് നോട്സും എന്‍റെ തന്നെ പിടിച്ചെടുക്കലുകളും ചേര്‍ത്ത് ഞാന്‍ നന്നായെഴുതി എന്ന് എനിക്കു തോന്നി. ആദ്യമായി stubborn എന്ന വാക്ക് ഉപയോഗിച്ചതന്നാണെന്ന് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ മര്‍ക്കടമുഷ്ടിക്കാരന്‍ കണ്ടക്ടറെ വിശേഷിപ്പിക്കാനായിരുന്നു അത്. ആ പാഠം പഠിക്കും വരെ എനിക്കാ വാക്കറിയില്ലായിരുന്നു.

അടുത്ത ക്ളാസില്‍, പേരു വിളിച്ച് മാര്‍ക്കും ചേര്‍ത്തു പറഞ്ഞ് ആന്‍സര്‍ പേപ്പറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി ഫാദര്‍. കുറേ ആയിട്ടും എന്‍റെ പേരു വിളിക്കുന്നില്ല. ഏറ്റവും കുറവു മാര്‍ക്കുള്ള കുട്ടിയായിരിക്കുമോ ഞാന്‍ എന്ന് എനിക്ക് പേടിയായി. ഞാന്‍ വിളറി വെളുത്ത് ഒരു പരുവമായി. ഇനി എന്‍റെ ഉത്തരക്കടലാസ് കളഞ്ഞു പോയിരിക്കുമോ എന്നു ഞാന്‍ പേടിക്കും വിധം, ഉത്തരക്കടലാസ് വിതരണം നിര്‍ത്താനുള്ള മട്ടിലേക്കു ഫാദര്‍ പ്രവേശിച്ചതോടെ എനിക്കെന്തു ചെയ്യണമെന്നറിയാതെയായി. അപ്പോഴുണ്ട് ഫാദര്‍, തന്‍റെ സ്വതസിദ്ധമായ ഒതുക്കമുള്ള നേര്‍ത്ത ശബ്ദത്തില്‍ മെല്ലെ ചോദിക്കുന്നു. Who is Priya? ഞാന്‍ കിലുകിലാ വിറച്ചു കൊണ്ട് എഴുന്നേറ്റു. 19 out of 20 എന്നു പറഞ്ഞ് 'ആഹാ, ഈ പതുങ്ങിയിരിക്കലുകാരിയാണോ പ്രിയ?'എന്നു ചോദിച്ച് ഫാദറെന്നെ അഭിനന്ദിച്ചപ്പോള്‍ സ്വപ്നസമാനമായി തോന്നി. സെന്‍ട്രല്‍ സ്കൂള്‍ ലിസി മാത്യൂവും മേരി സാമുവലും എന്നെ 'ഞങ്ങളേക്കാള്‍ കൂടുതല്‍ മാര്‍ക്കോ?' എന്ന് അവിശ്വസനീയതയോടെ നോക്കി.

അന്നു ഫാദറിന്‍റെ കണ്ണില്‍പ്പെട്ടതോടെ ഫാദറെന്നെ വളരെ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. ഫാദറിന്‍റെ പ്രിയപ്പെട്ട കുട്ടിയായിത്തീര്‍ന്ന സ്ഥിതിക്ക്, എന്നോടുള്ള ഫാദറിന്‍റെ പ്രിയം നിലനിര്‍ത്തുക എന്നതെനിക്ക് പ്രിയതരമായൊരു കാര്യമായിത്തീരുകയും ഇംഗ്ളീഷ് പാഠപുസ്തകം നിലത്തുവയ്ക്കാതെ കൊണ്ടുനടന്ന് ഞാന്‍ ആസ്വദിച്ച് പഠിക്കുകയും ചെയ്തു പിന്നീടോരോ ദിവസവും. എന്നും എനിക്കു തന്നെയായി ക്ളാസ് ടെസ്റ്റില്‍ കൂടുതല്‍ മാര്‍ക്ക്. ഇംഗ്ളീഷിനെ സംബന്ധിച്ച എന്‍റെ ആത്മവിശ്വാസം കൂടി.

ഇംഗ്ളീഷിനെ ആത്മാവിനോടു ചേര്‍ത്തു വച്ചു പ്രണയിക്കാന്‍ നിമിത്തമായത്, ഇരുപതില്‍ പത്തൊമ്പത് മാര്‍ക്ക് കിട്ടിയ ആ ആദ്യ ക്ളാസ് ടെസ്റ്റാണ്. അന്ന് ആ ഉയര്‍ന്ന മാര്‍ക്കുകാരിയെ ഒരു കഥപോലെ സസ്പെന്‍സു നിലനിര്‍ത്തി തിരഞ്ഞുപിടിക്കാനും അഭിനന്ദിക്കാനും ഫാദര്‍ തേനായന്‍ കാണിച്ച ക്ഷമ, അതാണ് എന്‍റെ ഇംഗ്ളീഷ് പഠനത്തിന്‍റെ അടിത്തറ.

പിന്നീട് ഫസ്റ്റ് ഇയര്‍ എക്സാമില്‍ കോളേജ് ഫസ്റ്റായി ഞാന്‍, ഇംഗ്ളീഷ് പരീക്ഷയില്‍.

വേറൊരു ഇംഗ്ളീഷ് പാഠപുസ്തകം കൂടിയുണ്ടായിരുന്നു പ്രീഡിഗ്രിക്ക്. അതു പഠിപ്പിച്ചിരുന്ന എം.ടി. തോമസ് സാറിന്, തെറ്റിത്തെറിച്ചു നില്‍ക്കുന്ന നീളന്‍ തലമുടിയുണ്ടായിരുന്നതിനാല്‍ ചാള്‍സ് രാജകുമാരന്‍റെ ഛായ എന്നു കുട്ടികള്‍ സങ്കല്പ്പിച്ചു. അങ്ങനെ കുട്ടികള്‍ക്കിടയില്‍, സാറിന് 'ചാള്‍സ്' എന്നു പേരു വീണു. When I was in petticoats എന്നു തുടങ്ങുന്ന Dr. Samuel Johnson ലേഖനം, സര്‍ പഠിപ്പിച്ചത് ഇപ്പോഴുമോര്‍മ്മയില്‍. കഥകളായിരുന്നില്ല, ലേഖനങ്ങളായിരുന്നു, ആ പുസ്തകത്തില്‍. ലേഖനങ്ങള്‍ എന്ന മടുപ്പും ചാള്‍സ് സാറിന്‍റെ പൊതുവേയുള്ള നിര്‍വികാരഭാവവും കൂടിയായപ്പോള്‍ സാറിനെ ശ്രദ്ധിക്കുന്നതില്‍ പൊതുവേ കുട്ടികള്‍ അലംഭാവം കാണിച്ചുപോന്നു. പക്ഷേ എന്തുകൊണ്ടോ ഞാന്‍, സാറിന്‍റെ ക്ളാസും നന്നായി ശ്രദ്ധിച്ചു. ഒരു പാരഗ്രാഫ് ഇംഗ്ളീഷില്‍ ആദ്യം എക്സ്പ്ളെയിന്‍ ചെയ്യുക, പിന്നെ അത് തത്തുല്യമായ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് അവതരിപ്പിക്കുക എന്ന സാറിന്‍റെ രീതി എനിക്കിഷ്ടമായിരുന്നു.

ആ രീതി പിന്‍തുടര്‍ന്ന്, പഠിക്കാനുള്ളതെല്ലാം ഇംഗ്ളീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കല്‍ എന്ന രസത്തില്‍ ഞാന്‍ ഇടയ്ക്കൊക്കെ മുഴുകി. ആ പാത പിന്‍തുടര്‍ന്നാണ് വേഡ്സ് വര്‍ത്തിന്‍റെ 'സോളിറ്ററി റീപ്പറി'നെ 'ഏകാകിയായ കൊയ്ത്തുകാരി'യായി വിവര്‍ത്തനം ചെയ്ത്, ഇംഗ്ളീഷ് പഠനത്തില്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്ന ചില ഹോസ്റ്റല്‍ കുട്ടികള്‍ക്ക് ഞാന്‍ പഠിക്കാന്‍ കൊടുത്തത്. അന്ന് തോമസ് സാറിന്‍റെ ക്ളാസെടുക്കല്‍ രീതിയില്‍ നിന്നു വിവര്‍ത്തന കലയോടു തോന്നിയ ഇഷ്ടമായിരിക്കാം എന്നെ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വരെ പിന്നീട് എത്തിച്ചത്.

ഒരുവിധം അറിവു വച്ചപ്പോള്‍ തുടങ്ങി കൂട്ടുവന്ന, മലയാളം മെയിന്‍ എടുത്ത് ബി.എക്കു പഠിച്ചാലോ എന്ന ആലോചനയില്‍ നിന്ന് ഞാന്‍ വഴിമാറിനടക്കാന്‍ തുടങ്ങിയതിന് പ്രധാന കാരണം ഫാദര്‍ തേനായനും തോമസ് സാറും നിറഞ്ഞുനിന്ന ആ പ്രീഡിഗ്രിക്കാലമാണ്. ഭാരത് മാതാ കോളേജിലെ ഇംഗ്ളീഷ് ക്ളാസുകളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇംഗ്ളീഷ് സാഹിത്യം പഠിക്കാമെന്നു തീരുമാനിക്കില്ലായിരുന്നു, ഇംഗ്ളീഷ് ലിറ്ററേച്ചര്‍ പഠനത്തിന്‍റെ കൂടെ കൂടിയിരുന്നില്ല എങ്കില്‍ ഞാന്‍ വിവര്‍ത്തന മോഹത്തിലെത്തുകയുമില്ലായിരുന്നു.

ചില നല്ല അദ്ധ്യാപകര്‍ അവരറിയാതെ തന്നെ നമുക്കു വഴിവിളക്കുകളാവും. അവര്‍ നമ്മളെ മറന്നാലും നമുക്കവരെ മറക്കാനേ പറ്റുകയില്ല.

എന്നും മനസാ നമിക്കുന്ന രണ്ടദ്ധ്യാപകരാണ് തോമസ് സാറും ഫാദര്‍ തേനായനും. ജീവിതമെത്ര മാറിപ്പോയി അവര്‍ ജീവിതത്തിന്‍റെ ക്ളാസ്മുറിയിലേക്കു കടന്നുവന്നപ്പോള്‍!

തോമസ് സാറിനോടും ഫാദര്‍ തേനായനോടും ഞാന്‍ അടുത്ത കാലത്ത് അവരുടെ ഫോണ്‍ നമ്പറൊക്കെ സംഘടിപ്പിച്ച് സംസാരിക്കുകയുണ്ടായി. അവര്‍ക്കെന്നെ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നു തോന്നിയില്ല. എത്രയോ പേരെ പഠിപ്പിച്ചു വിട്ട ജന്മമാണവരുടേത്! സദാ ഒതുങ്ങി, ഒച്ചയും ബഹളവുമില്ലാതെ നടന്നിരുന്ന ഒരു കുട്ടിയെ അവരെങ്ങനെ ഓര്‍ത്തെടുക്കാന്‍!

ആ രണ്ടദ്ധ്യാപകരെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മയ്ക്ക് ഗുരുത്വം എന്നാണ് പേര്.

ഞാനിവിടെ വരെയൊക്കെ എത്തിയെങ്കില്‍ അത് ആ മൂന്നക്ഷരത്തിന്‍റെ വലിപ്പം കൊണ്ടുമാത്രമാണ്.

എണ്‍പതു വയസ്സും കഴിഞ്ഞ് ആരോഗ്യവാനായി അങ്കമാലിയ്ക്കടുത്ത് എടക്കുന്നില്‍ St. Paul's Priest Home-ല്‍ വിശ്രമജീവിതം നയിക്കുന്നു എന്‍റെ ഫാദര്‍ തേനായന്‍. തോമസ് സര്‍, എറണാകുളത്തുണ്ട്. സെന്‍ട്രല്‍ സ്കൂള്‍കാരികളില്‍ മേരി ജോര്‍ജ് യു.എസില്‍ ഹോമിയോ ഡോക്ടറാണ്. ലിസി മാത്യു, സെന്‍റ് തെരേസാസില്‍ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റില്‍ അദ്ധ്യാപികയാണ്. ഞാനും ലിസിയും, വല്ലപ്പോഴും പരസ്പരം കാണാറുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്നോസിസില്‍ പ്രൊഫസറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റും ആണ്, തന്‍റെ St. Teresa's നോട്ട്ബുക്ക് എനിക്ക് തന്ന, മുത്തുമണി അക്ഷരക്കാരി ജയശ്രിച്ചേച്ചി.

ഇടയ്ക്കിടെ ഞാന്‍ വിചാരിക്കാറുണ്ട്, തോമസ് സാറിനെയും ഫാദര്‍ തേനായനെയും എനിക്ക് വീണ്ടുമൊന്നു കാണണം, എന്നിട്ട് പഴയ പ്രീഡിഗ്രിക്കാരി പതുങ്ങലുകാരി പെണ്‍കുട്ടിയാവണം. അതിനി എന്നാണാവോ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org