Latest News
|^| Home -> Cover story -> ഒരു ഓണപ്പുലരിയുടെ പ്രതീക്ഷയ്ക്കായ്

ഒരു ഓണപ്പുലരിയുടെ പ്രതീക്ഷയ്ക്കായ്

Sathyadeepam


വെണ്ണല മോഹന്‍

ഏമ്പക്കം വിട്ടുകൊണ്ട് ഒരു മദ്ധ്യവയസ്ക്കന്‍ അകത്തുനിന്നും ഓടി വന്നു.

“ആരാ?”

അയാള്‍ ചോദിച്ചു.

“പിച്ചക്കാരന്‍” ഒരു കുട്ടി പറഞ്ഞു.

“ചോറു വേണോത്രേ.” മറ്റെക്കുട്ടി പറഞ്ഞു.

“ഹൗ! തിരുവോണമായിട്ടു ഭിക്ഷയോ? ശിവ! ശിവ!” അയാള്‍ അകത്തേക്കു കയറിപോയി.

“വര്വാ….”

വൃദ്ധ ദയയോടെ വിളിച്ച് എന്നെ വീടിന്‍റെ വടക്കുവശത്തേക്കു കൊണ്ടുപോയി….

ബാലചന്ദ്രന്‍ ചുള്ളിക്കാട് – ‘ചിദംബര സ്മരണ.”

വര്‍ത്തമാനകാലവും നെഞ്ചകത്തൊരു നെരിപ്പോടായി കൊണ്ടു നടന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 1978-ലെ തിരുവോണത്തെക്കുറിച്ചുള്ള ഓര്‍മ്മകളിലൊരു ഭാഗമാണിത്.

വീടുവിട്ടിറങ്ങി തന്‍റെ ജീവിതപാത സ്വയം വെട്ടിത്തെളിയിക്കാനിറങ്ങിയ ഒരു ചെറുപ്പക്കാരന്‍റെ കണ്ണീര്‍ത്തുള്ളി ചാലിച്ച വരികള്‍ക്കപ്പുറം ഓണത്തിന്‍റെ ചില വ്യഥകള്‍ കൂടി വരികള്‍ക്കിടയില്‍ ബാക്കി നില്‍ക്കുന്നു.

ഈ വര്‍ഷത്തെ ഓണം ദുരിതപേമാരിയിലെ പ്രളയദുരന്തത്തില്‍ കണ്ണീര്‍തുംഗത്തിലഭയം തേടിയവരുടേതു കൂടിയാണ്. പൂ വിളിയല്ല; മരണസാഗരത്തില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറാന്‍ ശ്രമിക്കുന്നവരുടെ നിലവിളിയാണ് കേള്‍ക്കുന്നത്. ആര്‍പ്പും കുരവയുമല്ല, നിലയില്ലാകയത്തില്‍ നിന്ന് അങ്കലാപ്പിന്‍റെ ആശങ്കയുടെ ശബ്ദമാണ് ഉയരുന്നത്. കളം നിറയുന്നത് കണ്ണീര്‍പൂക്കളാണ്.

എങ്കിലും ഓണം.

അല്ലെങ്കില്‍ത്തന്നെ – അമൃതതുല്യമായ പ്രാക്തനസ്മൃതികള്‍ കൊഴിഞ്ഞ് ഓണം ഇന്ന് കേരളത്തില്‍ ഒരപഹാസ്യ വിപണനോത്സവമായി മാറിക്കഴിഞ്ഞു.

മാവേലിയെപ്പോലും ആക്ഷേപഹാസ്യഗാനങ്ങളാക്കിയും കടകളിലെ പിരിവുകാരനാക്കിയും നടത്തുന്ന കാലം, ഉത്തരേന്ത്യയില്‍ നിന്നും പഴകോടികള്‍ ഓണക്കോടികളായി എത്തുന്ന കാലം.

സര്‍ക്കാര്‍ ജീവനക്കാരും മറ്റും ബോണസ് പ്രതീക്ഷയില്‍ ചടഞ്ഞിരിക്കുന്നത് ചിങ്ങമാസത്തെ തിരുവോണത്തെയാണ്.

“ഓ… അന്നത്തെ ഒരു കാലം. പത്തു ദിവസവും ഓണമാണ്. പത്തുദിവസത്തെ പൂക്കളങ്ങള്‍, പത്താം ദിവസം… തിരുവോണസദ്യ ഓണക്കോടി… ഊഞ്ഞാലാട്ടം ഹൊ… എന്തായിരുന്നു ആ കാലം. ഇന്നത് വല്ലതുമുണ്ടോ?”

എഴുപതുകഴിഞ്ഞ നാരായണി മുത്തശ്ശി വെറ്റില ചെല്ലമെടുത്ത് നാലും കൂട്ടി ഓര്‍മ്മകള്‍ മുറുക്കുന്നു.

ഇന്ന്-

ഓണത്തെക്കുറിച്ച് മുത്തശ്ശിമാര്‍ക്കും മുത്തശ്ശന്മാര്‍ക്കും ഓര്‍മ്മകള്‍ മാത്രമേ കൂട്ടിനൊള്ളൂ.

നഗരവത്ക്കരണത്തില്‍ തുമ്പയും തെച്ചിയും തുടങ്ങി ഗ്രാമപുഷ്പങ്ങള്‍ പോലും അന്യപ്പെട്ട് അപരിചിതവുമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

പൂക്കളം ഇന്ന് മത്സരവേദിയിലെ ഒരിനം മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഓര്‍ക്കിഡും ആന്തൂറിയവും അറക്കപ്പൊടിയും കളറുചേര്‍ത്ത തേങ്ങാപ്പീരയും ഇളിച്ചുകാട്ടുന്നു.

ഗ്രാമകലകളായ തുമ്പിതുള്ളലും കുമ്മാട്ടിയുമൊക്കെ ഐതിഹ്യത്തിന്‍റെ അനുബന്ധങ്ങളായി മാറിയിരിക്കുന്നു.

പ്രശസ്ത കഥാകൃത്തായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഓണത്തെക്കുറിച്ച് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു:

“സ്വപ്നത്തിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ് എന്നും ഓണം. പഴയകാലത്തും കുറച്ചുപേര്‍ക്കേ ഓണം ഉണ്ടായിരുന്നൊള്ളൂ. ഇന്നും അങ്ങനെതന്നെ. അവര്‍ ഓണം ഊഞ്ഞാലാടി തെക്കിനിയിലൊ മുറ്റത്തൊ കൈകൊട്ടിക്കളിച്ചു. സദ്യയുണ്ടു. പുതുമുണ്ടുടുത്തു.

ആര്?

ഏതാനും പേര്‍. മറ്റുള്ളവര്‍ പൊളിവചനവും കള്ളപ്പറയുമില്ലാത്ത സമൃദ്ധിയുടെ വരവുകാത്ത് ഒഴിഞ്ഞ വയറില്‍ കിടന്നുറങ്ങി.

ഇന്നും ഓണം വന്നെന്നു കേള്‍ക്കുന്നേ ഒള്ളൂ. ആരും ഓണം കാണുന്നില്ല. അഥവാ ഓണം ആരേയും കാണുന്നില്ല.

ഇന്ന്,

ചന്തയിലെ കൊളുത്തുകളില്‍ നൈറ്റിയായും സാരിയായും ചുരിദാറായും ഓണം തൂങ്ങിക്കിടക്കുന്നു. കടലാസു പൂക്കളില്‍ ഓണം ഒളിഞ്ഞിരിക്കുന്നു. ബോണസിന്‍റെ കുപ്പികള്‍ പൊട്ടി ഓണം തൊണ്ടകളിലേക്കൊഴുകുന്നു.

അപ്പോഴും.

കാണം ഇല്ലാത്തതിനാല്‍ കാണംവിറ്റ് ഓണം ഉണ്ണാത്ത പലരും മനപ്പായസം ഉണ്ട് കഴിയുന്നു.”

വര്‍ത്തമാനകാല ഓണത്തിന്‍റെ നഖചിത്രങ്ങള്‍ തെളിയുന്ന മുണ്ടൂരിന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമാണ്.

കള്ളകര്‍ക്കിടകത്തിന്‍റെ ദാരിദ്ര്യവും കണ്ണീരിന്‍റേയും വല്ലായ്മയുടെയും പെരുമഴയും പെയ്തുതീര്‍ന്നൊരു ചിങ്ങപ്പുലരി. സന്തോഷത്തിന്‍റെ ഓണനിലാവ്, വസന്തം തീര്‍ത്ത പൂക്കളം. ഇതെല്ലാം അക്ഷരത്താളില്‍ വ്യാകരണ പിശകായി കിടക്കുമ്പോള്‍ ഓണസദ്യ വരെ നമ്മെ എത്തിച്ച് കച്ചവടക്കാര്‍ നാണയകിലുക്കം സൃഷ്ടിക്കുന്നു.

വരുംകാലങ്ങളില്‍ ഓരോ വീടുകളിലും വന്ന് ഓണവും മറ്റ് ആഘോഷങ്ങളും ആഘോഷിച്ചു കൊടുക്കുന്ന കരാറുകാരുണ്ടായാല്‍പോലും അത്ഭുതപ്പെടാനില്ല!

എല്ലാ വസ്തുക്കളേയും നന്മയേയും നാം ഓണത്തോടു ചേര്‍ത്താണ് പറഞ്ഞിരുന്നത്. നിലാവിനെ ഓണനിലാവെന്നും പാട്ടിനെ ഓണപ്പാട്ടെന്നും തുമ്പിയെ ഓണത്തുമ്പിയെന്നും പൂക്കളെ ഓണപ്പൂക്കളെന്നും അങ്ങനെ…. അങ്ങനെ….

അതേപോലെ ഇന്നലെവരെ പടിക്കുപുറത്തു നിര്‍ത്തിയിരുന്ന മുക്കൂറ്റിയേയും കാക്കപ്പൂവിനേയും കണ്ണാന്തിയേയുമൊക്കെ നമ്മള്‍ മുറ്റത്ത് കൊണ്ടുവന്നു വിശിഷ്ടമാക്കിയതും എല്ലാറ്റിനും സമത്വവും പാവനത്വവും കണ്ടതും ഓണക്കാലത്തായിരുന്നു.

കൃഷിയെ ആശ്രയിച്ച് കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ ഗ്രാമീണ ജീവിതം നയിച്ചിരുന്ന നിഷ്ക്കളങ്ക കാലത്ത് മലയാളിക്ക് ഓണമുണ്ടായിരുന്നു.

ഒരു കൊയ്ത്തുകാല ഉത്സവമായി കോടിവസ്ത്രത്തിന്‍റെ കാലമായി വയര്‍ നിറയെ ഭക്ഷണം വിഭവസമൃദ്ധമായി കഴിക്കുന്ന നാളുകളായി നാടുവിട്ടവര്‍ ഒന്നിച്ചു വരുന്ന ദിവസങ്ങളായി ഓണമുണ്ടായിരുന്നു. പാടാന്‍ നാടന്‍ ശീലകളും കാണാന്‍ ഓണപ്പൂക്കളും ഉണ്ടായിരുന്നു. മന്നനെ വരവേല്‍ക്കാന്‍ കിളിനാദങ്ങളും കൂട്ടുകൂടി. ആമോദം പൂര്‍ണ്ണമാക്കാന്‍ മരക്കൊമ്പുകളിലെ ഊഞ്ഞാലുകള്‍ തിമിര്‍ത്താടി

ഇന്നോ-

ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടഭക്ഷണം. ആവശ്യത്തിന് വസ്ത്രം – ആര്‍ഭാടത്തിനും വേഷം. നാടുവിട്ടവര്‍ തോന്നുമ്പോള്‍ വരുമ്പോള്‍ ഉത്സവം.

പിന്നെ ഒന്നുണ്ട്-

ഫ്ളാറ്റു ജീവിതം തുടങ്ങിയ മലയാളിക്ക് കണികാണാന്‍ ഒരു ചിറ്റാട പൂപോലും ഉണ്ടാവില്ല. പുതു തലമുറയ്ക്ക് തുമ്പപൂവും കദളിപ്പൂവുമെല്ലാം അന്യം നിന്നുപോയിരിക്കുന്നു. മരങ്ങളില്ല, കിളികളില്ല, കൊമ്പുകളില്ല, ഊഞ്ഞാലില്ല.

ആകെ കച്ചവടമയം.

സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷക്കച്ചവടം. വ്യക്തികളുടെ തുണി, സദ്യ, മദ്യക്കച്ചവടം. സംഘടനകളുടെ സാംസ്കാരിക പരിപാടി കച്ചവടം – കമ്പനികളുടെ പാട്ട് രംഗത്ത് കച്ചവടം. കച്ചവടത്തിന്‍റെ പുതുമുഖം കാട്ടുകയാണിപ്പോള്‍ ഓണം.

കച്ചവടം ചെയ്യാന്‍ പരസ്യവാചകം പോലെ ഓരോരോ മേ മ്പൊടിക്കുറിമാനങ്ങള്‍.

മലയാളിയുടെ തനിമ നിലനിര്‍ത്തുന്ന ഓണം. മാവേലി മന്നനെ വരവേല്ക്കാനൊരുങ്ങുന്ന ഓണം. ഒരുമയുടെ ഉത്തുംഗതയിലേക്കെത്തിക്കുന്ന ഓണം…

എന്തിനിത്തരം പൊള്ളവര്‍ത്തമാനങ്ങള്‍. ജോലിയില്ലാത്ത നിത്യവൃത്തിക്കുപോലും കഷ്ടപ്പെടുന്ന സാധാരണക്കാര്‍ മറ്റുള്ളവരോടു മത്സരിക്കാന്‍ കടം കൊള്ളുന്ന കാലം കൂടിയല്ലേ ഓണം?!

സാംസ്കാരികത്തനിമയും കലാപൊലിമയും തേടിയെത്തുന്ന ടൂറിസ്റ്റുകളെപ്പോലും നാലാനകളെ കാണിക്കുന്ന വെള്ളാനകളും നിയോണ്‍ പ്രകാശത്തില്‍ ‘കോമാളിത്തരം’ കാണിക്കുന്ന ആധുനിക വിദൂഷകരും യഥാര്‍ത്ഥത്തില്‍ വിദേശികളെപ്പോലും സംസ്കാരത്തെ തെറ്റിദ്ധരിപ്പിച്ച് മഹനീയ സങ്കല്പത്തെ വ്യഭിചരിച്ച് സര്‍ക്കാര്‍ ഖജനാവ് വിഴുങ്ങുകയാണ്.

ഏതു ജനതയും സ്വയം പര്യാപ്തത കൈവരിക്കാത്ത കാലത്തോളം അവരുടെ സ്വത്വവും തനിമയും നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടി വരും, അധിനിവേശത്തില്‍ അതിജീവനം വളരെ കഠിനമേറിയതാണ്. നാം നമ്മുടെ സ്വത്വം നിലനിര്‍ത്താനെങ്കിലും നമ്മുടെ ഈ ഉത്സവത്തെ അതിന്‍റേതായ ഉള്‍ക്കാഴ്ചയോടെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

എന്താണ് നമ്മുടെ സ്വയം പര്യാപ്തത?! ഓണം നമ്മുടേതെന്നു പറയുമ്പോള്‍പ്പോലും – ഓണക്കോടി ഉത്തരേന്ത്യയില്‍നിന്ന് – പച്ചക്കറി തമിഴ്നാട്ടില്‍നിന്ന് – അരി ആന്ധ്രയില്‍നിന്ന്, പൂക്കളം തീര്‍ക്കാന്‍ പൂവ് കൊയമ്പത്തൂരില്‍നിന്ന് അങ്ങനെ എല്ലാമെല്ലാം ആശ്രയിച്ചിരിക്കുന്നത് അന്യരെ മാത്രം.

അടച്ചിട്ടമുറിയില്‍ കൃത്രിമ വെളിച്ചത്തിലിരുന്ന് മനസ്സിന്‍റെ ചൊല്‍പ്പടിക്ക് കംപ്യൂട്ടര്‍ സ്ക്രീനില്‍ ഓണസ്വപ്നങ്ങളെ വിരുത്തമാടിക്കുന്ന കുട്ടിയുടെ ചിത്രമാണ് മനസ്സില്‍ വര്‍ത്തമാനകാലത്ത് ഭീതിയുണര്‍ത്തി തെളിയുന്നത്. നിദ്രയുടെ നിലാതിളക്കത്തിലും ഉണര്‍വിന്‍റെ ഉന്മാദ വിഭ്രമങ്ങളിലും സ്വപ്നങ്ങളെ വിന്യസിക്കുവാന്‍ കഴിയാതെ പോകുന്ന തലമുറ തെച്ചിയുടേയും പിച്ചിയുടേയും അരളി കൊന്ന മന്ദാരങ്ങളുടേയും നറു മണവും നിറകൂട്ടും എങ്ങനെ അനുഭവിക്കാന്‍! സ്വപ്നങ്ങളില്‍ നിന്നാണ് കഥകളുണ്ടാകുന്നതെന്നും കഥയിലെ പൊരുളാണ് ശാസ്ത്രമായി വിരിഞ്ഞതെന്നും ആ വരവിലെ കവിതയുടെ പേരാണ് അഴകെന്നും അറിയാത്തവനെങ്ങനെ മനസ്സിലെ ഏഴു നിറങ്ങളെ ജീവിതത്തിലെ ചുവടുകളായി അളന്നെടുക്കും!! സ്വപ്നങ്ങളെ സ്വപ്നങ്ങളായി വിടരുവാന്‍ അതിനെ ചരടഴിച്ചു വിട്ട് മനസ്സിനെ പറക്കാന്‍ അനുവദിക്കണ്ടെ!

കേരളം തന്നെ എന്നാണുണ്ടായത്? പത്ത് അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ ആഘോഷം. ഈ പ്രദേശങ്ങള്‍ ഒന്നായി ചേര്‍ന്നപ്പോള്‍ കേരളത്തിലെ ദേശീയോത്സവമായി.

പഴയ ഓണക്കാലത്ത് നാടന്‍ കലകള്‍ക്കു മാത്രമല്ല ഓണക്കളികള്‍ക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. നാടന്‍ പന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഉപ്പുകളി, പകിടകളി, വള്ളം കളി, ഓണപ്പൂരം തുടങ്ങിയവ അക്കൂട്ടത്തില്‍ പ്പെടുന്നു.

ഈ നാടന്‍ കലകളേക്കാളും നാടന്‍ കളികളേക്കാളും ഗ്രാമീണജനങ്ങളെ ആകര്‍ഷിച്ചതും ഹരം പിടിപ്പിച്ചതും അന്നത്തെ ഓണപ്പാട്ടുകളായിരുന്നു.

നാവിലും ചുണ്ടിലും മനസ്സിലും മധുരം കോരി നിറയ്ക്കുന്നവയാണ് നമ്മുടെ ഓണപ്പാട്ടുകള്‍. പിറന്ന മണ്ണിന്‍റെ ഗന്ധവും സൗന്ദര്യവും അവയിലുടനീളം തങ്ങിനില്‍ക്കുന്നു.

തുമ്പപ്പൂവേ പുത്തിരുളേ
നാളേയ്ക്കൊരു വട്ടി പൂ തരുമോ….
ആയ്ക്കീല ഈയ്ക്കീല ഇളംകൊടി പൂക്കില
പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ
………………..

പൂ നുള്ളിക്കൊണ്ടിരിക്കുന്ന വേളയില്‍ ചോദ്യോത്തര രൂപത്തില്‍ കൂട്ടംചേര്‍ന്നു പാടിയിരുന്ന പാട്ടാണ് ഇത്. എന്നാല്‍ ഉത്തര കേരളത്തില്‍ പാടിയിരുന്ന ചില പാട്ടുകളില്‍ ജന്മികുടിയാന്‍ ബന്ധത്തിന്‍റെ അകല്‍ച്ച കാണിക്കുന്ന ചില പരാമര്‍ശങ്ങളുമുണ്ട്.

കര്‍ഷകത്തൊഴിലാളികള്‍ ഓണക്കാലത്തും പാടിയിരുന്ന ചില പാട്ടുകളില്‍ ഓണം വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആഹ്ലാദിരേകങ്ങളും ഓണം സമത്വത്തിന്‍റെ പ്രതീകമാണെന്ന ധ്വനിയും മുഴക്കുന്നുണ്ട്. അത്തരം ഒരു പാട്ടാണ്…

കാടായ കാടൊക്കെ പൂചൂടി നിന്നേ
തിതൈയ്യം തകതെയ്യം തിന്തിന്നം താരാ
കോമനും കോതയും കോടിയുടുത്തേ
തിത്തൈയ്യം തകതെയ്യംതിന്തിന്നം താരാ
എങ്ങക്കും നിങ്ങക്കും പൊന്നോണം വന്നേ
ചാപ്പന്‍റെ മുറ്റത്തു പൂക്കളം കണ്ടേ
തിത്തൈയ്യം തകതെയ്യം തിന്തിന്നം താരാ…

കോതയ്ക്കും കോമനും മാത്രമല്ല നാട്ടിലെല്ലാവര്‍ക്കും പൊന്നോണം വന്നിരിക്കുന്നു എന്നീ പാട്ട് വിളമ്പരം ചെയ്യുന്നു.

ഓണം വന്ന് ഓണം വന്നെന്നൊരാള്
എങ്ങനെയുണ്ണണം എന്നൊരാള്
ഇല വെച്ചിട്ടുണ്ണണമെന്നൊരാള്
കാണ്ണം വച്ചിട്ടുണ്ണണമെന്നൊരാള്…

ഓണസദ്യയുടെ കേമത്തം വിളമ്പുന്ന പാട്ടാണിത്. ഓണസദ്യയുടെ ഒരുക്കം പൂര്‍ത്തിയാകും മുമ്പ് ഓണം വന്ന സൗന്ദര്യപ്പിണക്കം കാണിക്കുന്നു.

“അമ്മാവന്‍ വന്നില്ല പത്തായം തുറന്നീല
എന്തെന്‍റെ മാവേലീ ഓണം വന്നേ…”
എന്നു തുടങ്ങുന്ന ഗാനം.
തുമ്പിതുള്ളലുമായി ബന്ധപ്പെട്ട പാട്ടാണ്.
“ഒന്നാനാം കുന്നിന്മേല്‍ ഓരിലകുന്നിന്മേല്‍
ഒന്നല്ലൊ മങ്കമാര്‍ന്ന പാലനട്ടു.” എന്ന ഗാനം.
ഓണത്തല്ലിനും പാട്ടുണ്ട്.
“അച്ചച്ചാ… തകിടമുറി
അച്ചച്ചാ…. പലതിലടി…
………..

ഹാസ്യത്തിന്‍റെ മേമ്പൊടിയുള്ള കുസൃതിപ്പാട്ടാണ്
നേന്ത്രപ്പഴം തിന്ന് തൃക്കാക്കരയപ്പന്‍റെ
കോന്ത്രപ്പല്ലൊക്കെ കൊഴിഞ്ഞു പോയേ….

തുടങ്ങി എത്രയെത്ര പാട്ടുകള്‍

ഓണത്തിന്‍റെ ഊടും പാവുമായിരുന്ന ഈ നാടോടിഗാനങ്ങള്‍ ഇന്നൊരു നഷ്ടവസന്തമാകുകയാണ്.

യഥാര്‍ത്ഥത്തില്‍ അല്പമെങ്കിലും ഓണം ഒരനുഭവമായി അനുഭൂതിയായി മാറുന്നത് കേരളം വിട്ടു ജീവിക്കുന്ന മലയാളികളാണ്. അവരില്‍ ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നു.

ഓണത്തെ വികലമായൊരു വിപണന തന്ത്രമാക്കി മാറ്റാതെ ഓണത്തെ ഓണമായി അനുഭവിക്കാന്‍ ഇനി ഏതു തലമുറയ്ക്കാണ് ഭാഗ്യമുണ്ടാകുക?

സോഷ്യലിസത്തിന്‍റെ ഐതിഹാവിഷ്ക്കരണവും തുല്യതയുടെ തുടികൊട്ടും നിഷ്ക്കളങ്കതയുടെ ഇടപെടലും വന്നാല്‍ സ്വത്വം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നമുക്കെന്നും ഓണമാവില്ലേ?

ഓണത്തിനുവേണ്ടി പാവന സങ്കല്പങ്ങള്‍, തനിമകള്‍, മൂല്യങ്ങള്‍ നമുക്കു വിതയ്ക്കാം. പ്രവര്‍ത്തിക്കൊണ്ടു വളര്‍ത്തിയെടുത്ത് കൊയ്യാം.

ഈ വര്‍ഷം കണ്ണീര്‍പൂക്കള്‍ കൊണ്ടാണ് ഓണമെങ്കിലും ആ സങ്കല്പത്തിനു മുന്നില്‍ ആശംസകള്‍… പ്രതീക്ഷയുടെ ഓണപ്പുലരിക്ക് പ്രാര്‍ത്ഥനകള്‍.

Leave a Comment

*
*