Latest News
|^| Home -> Cover story -> “പാവങ്ങളെ മറക്കരുത് “

“പാവങ്ങളെ മറക്കരുത് “

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി പതിനേഴു വര്‍ഷം സേവനം ചെയ്ത ശേഷം
മാണ്ഡ്യ രൂപതയുടെ അദ്ധ്യക്ഷനായി നിയമിതനാകുകയാണ് ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്.
പിതാവുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിക്കാന്‍ കാരണമായത്, കോണ്‍ക്ലേവില്‍ തനിക്കടുത്തിരുന്ന കാര്‍ഡിനല്‍ പറഞ്ഞ വാക്കുകളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. പാവങ്ങളെ മറക്കരുത് എന്നതായിരുന്നു അത്. ഇപ്പോള്‍ നന്ദി പറഞ്ഞുകൊണ്ടുള്ള കത്തില്‍ പിതാവും അതു പറയുന്നു, ‘പാവങ്ങളെ മറക്കരുത്’. ഇതുകൊണ്ട് പിതാവ് ഉദ്ദേശിക്കുന്നത് എന്തൊക്കെയാണ്?
എറണാകുളത്ത് സിറ്റി ഇവാഞ്ചലൈസേഷന്‍ എന്ന പരിപാടി ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ ആദ്യം ശ്രദ്ധിച്ചത് തെരുവോരങ്ങളില്‍ ഉണ്ടായിരുന്ന ആളുകളെയാണ്. പിന്നെ എയിഡ്സ് ബാധിതര്‍, ലൈംഗികതൊഴിലാളികള്‍ എന്നിവരെ കണ്ടു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന നിരവധി മനുഷ്യരെ കണ്ടു. നഗരത്തിലെ തുണിക്കടകളിലെ വില്‍പനക്കാരായ സ്ത്രീകളുടെ അവസ്ഥ പലപ്പോഴും കടകളില്‍ സാരി ചുറ്റി നിറുത്തിയിരിക്കുന്ന കോലങ്ങളുടേതു തന്നെയാണെന്നു വേദനയോടെ തിരിച്ചറിഞ്ഞു. അവര്‍ ആഹാരം കൊണ്ടു വരികയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല. കാരണം ജോലിക്കിടയില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. ബ്രോഡ്വേയിലൂടെ നടക്കുമ്പോള്‍ ഇവരുമായെല്ലാം സംസാരിക്കുമായിരുന്നു. അവരെല്ലാം എന്നും എന്‍റെ മനസ്സിലുണ്ട്. ഞങ്ങളുടേത് ഒരു കര്‍ഷകകുടുംബമാണ്. ഞാറു പറിക്കുന്ന ദിവസങ്ങളില്‍ സ്കൂളില്‍ പോകാന്‍ ഞങ്ങളെ അപ്പന്‍ അനുവദിക്കില്ല. പാടത്ത് പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ആഹാരം എത്തിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്.

വിശപ്പു തീര്‍ത്തിട്ടു മാത്രമേ ജോലി ചെയ്യിക്കാവൂ എന്നത് അപ്പന്‍റെ നിര്‍ബന്ധമായിരുന്നു. ധാരാളം കുട്ടികളും അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം കഴിക്കുമായിരുന്നു. വൈദികനായപ്പോള്‍ ഈ മനുഷ്യരെ ഞാന്‍ ഓര്‍ക്കുമായിരുന്നു. പുനെയില്‍ സെമിനാരി പഠനത്തിനിടെ ഗ്രാമങ്ങളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോകുമായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും പ്രത്യേക മണവുമായിരുന്നു ആ കുട്ടികള്‍ക്ക്. പിന്നെ മനസ്സിലായി, അവര്‍ കുളിക്കാറില്ല. കാരണം വെള്ളമില്ല. ആ മണം എന്‍റെ മൂക്കില്‍ കയറിയിട്ടുണ്ട്. വെള്ളം കിട്ടാത്ത മനുഷ്യരുടെ മണം. ഇവരെല്ലാം അനുഭവിക്കുന്ന ദാരിദ്ര്യമുണ്ട്. അതു സാമ്പത്തികമാണ്, മാനവീകമാണ്, സാംസ്കാരികമാണ്. മാറ്റിനിറുത്തപ്പെട്ട മനുഷ്യരാണ്. ഇങ്ങനെയുള്ള മനുഷ്യര്‍ എന്നും എന്‍റെ മനസ്സിലുണ്ട്. കാരണം ക്രിസ്തു അവര്‍ക്കു വേണ്ടിയാണു വന്നത്.

സഭയുടെ ഭാവി പാവപ്പെട്ടവരിലൂടെയാണ് എന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. അവരാണ് നമ്മെ പഠിപ്പിക്കേണ്ടത്. അവരാണു ദൈവരാജ്യത്തിന്‍റെ മക്കള്‍. യേശു പറഞ്ഞ സുവിശേഷം അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധം മൂലമോ ജീവിക്കേണ്ടി വരുന്ന മനുഷ്യരാണവര്‍. എന്‍റെ മനസ്സില്‍ എനിക്കേറ്റവും ആവേശം പകരുന്ന മനുഷ്യര്‍ പാവപ്പെട്ടവരാണ്.

സേവ് എ ഫാമിലി പ്രസ്ഥാനത്തിലെ പ്രവര്‍ത്തനപരിചയം പിതാവിന്‍റെ അജപാലനത്തെ എങ്ങനെയൊക്കെയാണു സ്വാധീനിച്ചത്?
ഞാനെടുത്തു പഠിച്ച സുവിശേഷം ലൂക്കായുടേതാണ്. ബന്ധിതര്‍ക്കു മോചനം പ്രഖ്യാപിക്കാനാണു താന്‍ വന്നതെന്ന് കര്‍ത്താവു സിനഗോഗില്‍ വന്നു പറയുന്നുണ്ടല്ലോ. മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ ധാരാളം കൂച്ചുവിലങ്ങുകളുടെ ലോകത്താണു കിടക്കുന്നത്. ഒരു വൈദികന്‍റെയോ മേല്‍പട്ടക്കാരന്‍റേയോ ഉത്തരവാദിത്വമെന്നത് സാധിക്കുന്ന രീതിയില്‍ ഈ ഭാരങ്ങള്‍ ഉയര്‍ത്തിക്കൊടുക്കുക എന്നതാണ്. പടിയറപ്പിതാവാണ് കാനഡയില്‍ പോയി സേവ് എ ഫാമിലി യുടെ ചുമതലയേല്‍ക്കണമെന്ന് എന്നോടു നിര്‍ദേശിച്ചത്. എനിക്കതിനോടു താത്പര്യമുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പ്രായമായിരിക്കുകയാണ് എന്നു ഞാന്‍ പിതാവിനോടു പറഞ്ഞു. അവര്‍ മരിക്കുകയാണെങ്കില്‍ താന്‍ അടക്കിക്കൊള്ളാം എന്നായിരുന്നു പിതാവിന്‍റെ മറുപടി. ആ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ആരംഭത്തില്‍ എല്ലാം ദുഷ്കരമായിരുന്നു. പക്ഷേ അവിടെ വിമോചനദൈവശാസ്ത്രം പഠിച്ച്, ആ സമ്പന്ന രാഷ്ട്രത്തില്‍ നിന്നു കൊണ്ടു തന്നെ നമ്മുടെ മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുന്ന ധാരാളം പേരെ ഞാന്‍ വൈദികരുടേയും സന്യസ്തരുടേയും ഇടയില്‍ കണ്ടു. ഫാ. മൈക്കിള്‍ റയന്‍. ഈയിടെ വിട പറഞ്ഞ ജോണ്‍ മൈക്കിള്‍ ഷെര്‍ലോംഗ് എന്നിങ്ങനെ നിരവധി പേര്‍. പാശ്ചാത്യലോകത്തു നിലനിന്നുകൊണ്ടു തന്നെ ആ വ്യവസ്ഥിതിയെ ചോദ്യം ചെയ്തിരുന്നവര്‍. പുതിയൊരു ദൈവശാസ്ത്രചിന്ത അവര്‍ എനിക്കു തന്നു. ടാപ് തിരിക്കുമ്പോള്‍ വെള്ളം വരും. കുട്ടിക്കാലത്തു നാം ചിന്തിക്കുക ആ ടാപ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് വെള്ളം കിട്ടുന്നു എന്നാണ്. എന്നാല്‍ അഞ്ചാം ക്ലാസിലെത്തുമ്പോള്‍ കുട്ടി മനസ്സിലാക്കും, ടാപ്പല്ല പ്രധാനം, പമ്പാണ്. ലോകത്തിലേയ്ക്കു ദൈവത്തിന്‍റെ കൃപ കൊണ്ടുവരുന്ന പമ്പ് പാവപ്പെട്ട മനുഷ്യരാണ്. നിസ്സഹായരുടെ നിലവിളിയാണ് അവരുടേത്. അച്ചന്മാരും സിസ്റ്റേഴ്സും പലപ്പോഴും പൊട്ടിയ ടാപ്പും പൈപ്പും ഒക്കെയാണ്. പാവപ്പെട്ടവരില്ലാതെ നമുക്കു മുന്നോട്ടു പോകാനാകില്ല. ഈ ചിന്ത അവരെനിക്കു പകര്‍ന്നതാണ്. ഇവിടെ മാമ്പിള്ളിയച്ചന്‍ അതിനു വ്യത്യസ്തമായ ദിശാബോധം നല്‍കി. കേരളസഭയിലെയും ഭാരതസഭയിലെയും വസന്തകാലമായിരുന്നു 80 കളും 90 കളും എന്നു ഞാന്‍ കരുതുന്നു. ആചാരാനുഷ്ഠാനങ്ങളേക്കാള്‍ ഇടവകയിലെയും സമൂഹത്തിലേയും പാവപ്പെട്ടവരിലേയ്ക്ക് ഇറങ്ങി ചെല്ലുകയാണു പ്രധാനമെന്നു സഭ ശക്തമായി ചിന്തിച്ച കാലമായിരുന്നു അത്. കോഴിക്കോട് മത്സ്യത്തൊഴിലാളി സമരം നടന്ന കാലം. പല ജനകീയസമരങ്ങളുടേയും ആദ്യരൂപമായിരുന്നു അത്.

ജനകീയസമരങ്ങളോടു അനുഭാവം പ്രകടിപ്പിച്ചിരുന്നല്ലോ അങ്ങ്. അത്തരം സമരങ്ങളോടു സഭയുടെ നിലപാട് എന്തായിരിക്കണം?
ഞാനിടപെട്ട ഒരു സമരം മൂലമ്പിള്ളിയായിരുന്നു. ബുള്‍ഡോസറുകള്‍ തങ്ങളുടെ താമസസ്ഥലങ്ങള്‍ ഇടിച്ചു നിരത്തുന്നതു കണ്ടു നില്‍ക്കേണ്ടി വന്ന ജനതയാണത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പത്തു വര്‍ഷം കഴിഞ്ഞിട്ടും കിട്ടാതെ പോയ ജനങ്ങള്‍. നീതിക്കു വേണ്ടിയുള്ള ഒരു സമരമായിരുന്നു അത്. അങ്ങനെയാണു ഞാനതിലേയ്ക്കു വരുന്നത്. മനുഷ്യര്‍ നിസ്സഹായരായി മാറുന്ന സമയത്താണ് ഇത്തരം സമരങ്ങള്‍ ഉണ്ടാകുന്നത്. ഭരണകൂടം കുറേ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ താത്കാലികമായി തണുപ്പിക്കുന്നുവെന്നല്ലാതെ പാലിക്കപ്പെടാറില്ല. വാഗ്ദാനങ്ങളുടെ സാക്ഷാത്കാരം ത്വരിതപ്പെടുത്താന്‍ ജനകീയസമരങ്ങളാണു ഇടയാക്കുന്നത്. സമരങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഭരണകൂടവുമായി സംഭാഷണം നടത്തുന്ന പ്രക്രിയയും നടക്കണം. ഇല്ലെങ്കില്‍ സമരങ്ങള്‍ ലക്ഷ്യം നേടുകയില്ല എന്ന അവസ്ഥയും ഞാന്‍ തിരിച്ചറിഞ്ഞു. അന്ന് അച്ചുതാനന്ദന്‍ സര്‍ക്കാരായിരുന്നു. സര്‍ക്കാരുമായുള്ള സംഭാഷണങ്ങളിലൂടെ മൂലമ്പിള്ളിക്കാര്‍ക്ക് കുറച്ചെങ്കിലും സ്ഥലവും മറ്റും നേടിയെടുക്കാന്‍ അന്നു സാധിച്ചു.

കേരളത്തിലെ ഏക മെട്രോ നഗരമാണ് കൊച്ചി. ബാംഗ്ലൂര്‍ എന്ന മെട്രോ നഗരം പിതാവിന്‍റെ അടുത്ത അജപാലനശുശ്രൂഷയുടെ പരിധിക്കുള്ളിലാണ്. അവിടുത്തെ അജപാലനത്തില്‍ സഭ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
മനോഹരമായ ഒരു സമന്വയമാണ് ഈ രൂപത. ഒന്ന് ബാംഗ്ലൂര്‍ നഗരം. തിരക്കുപിടിച്ചു പായുന്ന മനുഷ്യര്‍. മറ്റൊന്ന് 20-25 വര്‍ഷം മുമ്പത്തെ കേരളത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രദേശങ്ങള്‍. മാണ്ഡ്യ ബിഷപ്സ് ഹൗസിനു മുമ്പിലൂടെ കാളവണ്ടിയില്‍ വളരെ സന്തോഷത്തോടെ പാട്ടു പാടി പോകുന്ന മനുഷ്യര്‍. ഇതിന്‍റെ ഒരു സൗന്ദര്യം ഞാന്‍ തിരിച്ചറിയുന്നു. യുവജനങ്ങളെ സംഘടിപ്പിക്കുവാന്‍ വ്യത്യസ്തമായ ഒരു അജപാലനശൈലി ആവശ്യമുള്ള രൂപതയാണിത് എന്നു വൈദികരുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി. പള്ളികളോടു ചേര്‍ന്നു യുവജനസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ശൈലിക്കപ്പുറത്ത് നഗരത്തിലെ യുവജനങ്ങളെ സംഘടിപ്പിക്കാന്‍ വേറെന്തെങ്കിലും ചെയ്യേണ്ടതായി വരും. കുടുംബജീവിതത്തിലെ സംഘര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് കുടുംബങ്ങളുടെ അജപാലനത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ക്രിസ്തുശിഷ്യത്വത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യം മാമ്മോദീസയാണ്. ഇടവകജനത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു നേതൃത്വശൈലി വികസിപ്പിച്ച്, ജനങ്ങളെ കൂടി ഈ ശുശ്രൂഷയില്‍ പങ്കാളികളാക്കുക എന്നതാണ് ഇനിയുള്ള കാലം സഭയില്‍ ആവശ്യം. ജനങ്ങളെ സഹകരിപ്പിച്ചാല്‍ അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്നാണു ഞാന്‍ കരുതുന്നത്.

സന്യസ്തരെ സഹകരിപ്പിക്കുന്നതില്‍ വ്യത്യസ്തമായൊരു ശൈലി പിതാവ് എറണാകുളത്ത് സ്വീകരിച്ചു. പരമ്പരാഗതമായ സന്യാസസമൂഹങ്ങളിലെ സിസ്റ്റര്‍മാര്‍ പുതിയ കര്‍മ്മരംഗങ്ങളിലേക്കിറങ്ങി. ലൈംഗിക തൊഴിലാളികളുടേയും ട്രന്‍സ് ജെന്‍ഡര്‍മാരുടേയും ഇടയില്‍ അവര്‍ സേവനം ചെയ്തു. അതിനെക്കുറിച്ച്…
സന്യാസസമൂഹങ്ങളുടെ മേധാവികള്‍ വളരെ അനുഭാവപൂര്‍വകമായ സമീപനമാണു സ്വീകരിച്ചത്. സിസ്റ്റര്‍മാര്‍ ഇങ്ങനെയുള്ള മേഖലകളിലേയ്ക്കിറങ്ങുന്നതില്‍ റിസ്ക് ഉണ്ടായിരുന്നു. റിസ്ക് എടുക്കാം എന്നൊരു ചിന്തയിലേയ്ക്കു സിസ്റ്റര്‍മാര്‍ വന്നു. അവരുടെ ജീവിതം ദുരിതപൂര്‍ണമായി. അതേസമയം തന്നെ, അതിന്‍റെ മറുവശത്ത് വലിയ സംതൃപ്തിയും അവര്‍ അനുഭവിച്ചു. പതിനാറു വയസ്സില്‍ ജീവിതം വലിച്ചെറിഞ്ഞ് തങ്ങള്‍ മഠത്തിലേയ്ക്കു വന്നത് ഇത്തരം ആളുകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ്. ദൈവജനം ഈ സിസ്റ്റര്‍മാരെ പൊന്നുപോലെ കരുതി. പല പെണ്‍കുട്ടികളും ഇവരെ കണ്ട് സന്യസ്തരാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയുള്ള ചിന്തകളിലേയ്ക്കു സഭയെ നയിച്ചാല്‍ അതിനു പിന്നാലെ വരാന്‍ വിശ്വാസിസമൂഹം തയ്യാറാണ് എന്ന പാഠമാണ് അതില്‍ നിന്നു പഠിച്ചത്.

മാണ്ഡ്യ രൂപതയില്‍ പല ഭാഗത്തു നിന്നു വന്നു താമസിക്കുന്നവരാണല്ലോ. ഏതാണ്ട് ഒരേ പശ്ചാത്തലമുള്ളവരാണ് എറണാകുളം അതിരൂപതയിലെ ജനങ്ങള്‍. ആ വ്യത്യാസം പിതാവ് എങ്ങനെയാണു കാണുന്നത്?
അല്മായരുമായി നാം നിരന്തരം സംഭാഷണങ്ങള്‍ നടത്തണം. എന്‍റെ വീട്ടില്‍, സെമിനാരിയില്‍, രൂപതയില്‍ നിന്ന് ഞാന്‍ കൊണ്ടു വരുന്ന ചിന്തയുടെ ഒരു ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടില്‍ നിന്നുകൊണ്ടായിരിക്കും ഞാന്‍ കാര്യങ്ങള്‍ കാണുക. എന്നാല്‍ എല്ലാവര്‍ക്കും വളരെ വ്യത്യസ്തമായ ചട്ടക്കൂടുകളായിരിക്കും ഉണ്ടായിരിക്കുക. ഞാന്‍ മനസ്സിലുദ്ദേശിക്കുന്നത് എന്തെങ്കിലും പെട്ടെന്നു കാട്ടിക്കൂട്ടാതെ, സംഭാഷണങ്ങള്‍ നടത്തി ജനങ്ങളുടെ ചിന്താശൈലികള്‍ മനസ്സിലാക്കി ഞാനും അവരും കൂടി ചേരുന്ന ഒരു ചിന്താശൈലി രൂപപ്പെടുത്തി അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നാണു ഞാനാഗ്രഹിക്കുന്നത്. സിറ്റി ഇവാഞ്ചലൈസേഷന്‍ ഞാനിവിടെ നിന്നു പോയാലും ഇവിടെ തുടരും. വഴികള്‍ വെട്ടുക എന്നതായിരിക്കണം മെത്രാന്‍റെയും സന്യസ്തരുടേയും ഒക്കെ ജോലി.

മാണ്ഡ്യയില്‍ കരിയില്‍ പിതാവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പിന്തുടര്‍ന്ന അജപാലനശൈലി ജനങ്ങളിലേയ്ക്കു ചെല്ലുന്നതിന്‍റെയായിരുന്നു. അകന്നകന്നു കിടക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങളിലേയ്ക്കു കടന്നുചെന്ന്, അവരുമായി സംസാരിച്ച്, അവരെ മനസ്സിലാക്കി, അവരെ സഭയുടെ മാറോടു ചേര്‍ത്തു നിറുത്തുന്ന അജപാലനശൈലിക്കു കരിയില്‍ പിതാവ് വഴിതെളിച്ചിട്ടുണ്ട്. ഞാന്‍ ഇനി അതിലൂടെ നടന്നാല്‍ മതി.

പിതാവിനെക്കുറിച്ച് ആലഞ്ചേരിപ്പിതാവു പറഞ്ഞത് ജനപ്രിയ മെത്രാന്‍ എന്നാണ്. അങ്ങനെയൊരു ശൈലി പിതാവ് ബോധപൂര്‍വം വളര്‍ത്തിയെടുത്തതാണോ?
എന്‍റെ പ്രകൃതമാണത്. ആളുകളെ സമീപിക്കുവാന്‍, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, കുഞ്ഞുങ്ങളെ ആശീര്‍വദിക്കുവാന്‍, ജനങ്ങളോടൊപ്പമായിരിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. ആളുകളുടെ നടുവിലായിരിക്കാന്‍ എനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. സഭ എന്നും എന്‍റെ അമ്മയാണ്. രക്തസാക്ഷികള്‍ക്കും വിമോചനദൈവശാസ്ത്രത്തിലും വിപ്ലവാത്മകചിന്തകള്‍ക്കുമെല്ലാം ജന്മം കൊടുത്തത് ഈയമ്മയാണ്. എനിക്കു ലഭിച്ച ദര്‍ശനങ്ങളെല്ലാം സെമിനാരി അദ്ധ്യാപകരും സഹോദരവൈദികരും സിസ്റ്റര്‍മാരും വിശ്വാസിസമൂഹവും ചേര്‍ന്ന് എന്നെ പഠിപ്പിച്ചതാണ്. അവരെയെല്ലാം ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്കുവേണ്ടി സാദ്ധ്യമായ വിധത്തിലെല്ലാം ഞാന്‍ ഇടപെടാറുണ്ട്. ജനങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, അവരെന്നോടും വാത്സല്യം കാണിച്ചിട്ടുണ്ട്.

ഞാന്‍ എന്നെത്തന്നെ കാണുന്നത് ഒരു സാധാരണക്കാരനായിട്ടാണ്. പല വൈദികരോടും താരതമ്യപ്പെടുത്തുമ്പോള്‍ എനിക്കു വലിയ കഴിവുകള്‍ ഒന്നുമില്ല. വൈദികരുടെ കഠിനാദ്ധ്വാനം വച്ചു നോക്കുമ്പോള്‍ എന്‍റെ അദ്ധ്വാനം ഒന്നുമല്ല. സമൂഹത്തിലെ അനാഥരും അംഗഭംഗം വന്നവരും ദുഃഖിതരും ദ്രോഹിക്കപ്പെട്ടവരും ഒക്കെയാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ മുഖം നമുക്കു കാണിച്ചു തരിക എന്ന ആഴമേറിയ ബോദ്ധ്യം എന്നിലുണ്ടായിട്ടുണ്ട്. ഒരിടത്തു ചെല്ലുമ്പോള്‍ ആദ്യം എന്നെ കണ്ണുടക്കുക അത്തരം ആളുകളിലേയ്ക്ക് ആയിരിക്കും. അമ്മമാരെ കാണുമ്പോള്‍ വലിയ വാത്സല്യം തോന്നാറുണ്ട്. അവരൊക്കെയും നടന്നു പോകുന്ന വഴികള്‍ അത്ര സുരക്ഷിതമല്ലെന്നും അവര്‍ക്ക് ഒരുപാടു സങ്കടങ്ങളുണ്ടെന്നും അതൊന്നും പറയാന്‍ അവര്‍ക്കു ആരുമില്ലെന്നും ഉള്ള ബോദ്ധ്യം എന്നിലുള്ളതുകൊണ്ട് എന്‍റെ പ്രസംഗങ്ങളില്‍ അവരെല്ലാം വരും.

സഭയ്ക്കുള്ളിലെന്ന പോലെ മതേതര പൊതുസമൂഹത്തിലും പിതാവിനു വലിയ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച്…
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാവരുമായി സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരോടു കൂടി ആയിരിക്കുക എന്നതിനാണു ഞാന്‍ പ്രാധാന്യം കൊടുത്തത്. യേശു നമ്മെ പഠിപ്പിക്കുന്ന വലിയൊരു കാര്യം അവിടുത്തെ സാന്നിദ്ധ്യമാണ്. കര്‍ത്താവ് അവിടെ സന്നിഹിതനായിരുന്നു. വലിയ കാര്യങ്ങളൊന്നും അവിടെ ചെയ്യാനുണ്ടായിരുന്നു എന്നു വരില്ല. പക്ഷേ സാന്നിദ്ധ്യം അനുഗ്രഹപ്രദമാണ്. ക്രിസ്തുവിന്‍റെ അനുയായി എന്ന നിലയില്‍ പലപ്പോഴും മറ്റുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനെ അവര്‍ വിലമതിച്ചിട്ടുമുണ്ട്. എറണാകുളം നഗരത്തിലെ തെരുവുകളിലൂടെ കാല്‍നടയായി ഒരുപാടു സഞ്ചരിച്ചിട്ടുണ്ട്. അതിനിടയില്‍ ജാതിമതഭേദമെന്യേ അനേകരെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായി സംഭവിച്ചു പോയതാണ്.

പിതാവ് ഒരു ദിവസം പല പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഓരോന്നും വ്യത്യസ്തമായിരിക്കും. ഒരേ ദിവസത്തെ തന്നെ ആശയസമ്പുഷ്ടമായ പല പ്രസംഗങ്ങള്‍ ഒട്ടും ആവര്‍ത്തനമില്ലാതെ നടത്തുന്നതെങ്ങനെ? പിതാവിനെ സ്വാധീനിച്ച ദര്‍ശനങ്ങളും വ്യക്തിത്വങ്ങളും ഏവയാണ്?
ഫ്രാന്‍സിസ് അസ്സീസി എപ്പോഴും എന്‍റെ മനസ്സിലൊരു വിസ്മയമായി നില്‍ക്കുന്നു. ഓസ് കാര്‍ റൊമേരോ, മദര്‍ തെരേസാ എന്നിവരും. യാത്രയിലും വിശ്രമിക്കുമ്പോഴും ഞാന്‍ വായിച്ചുകൊണ്ടിരിക്കും. പങ്കെടുക്കുന്ന ചടങ്ങിന്‍റെ സത്തയുള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്. ഒരു സ്ഥലത്തു ചെന്നിറങ്ങുമ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാറുണ്ട്. പ്രസംഗം ആവര്‍ത്തിക്കുന്നതിനെക്കുറിച്ചോര്‍ക്കാറില്ല. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ ആ ജനത്തിനു കേള്‍ക്കേണ്ടതായ വചനത്തിന്‍റെ വാതില്‍ എനിക്കു തുറന്നു തരേണമേ എന്ന പ്രാര്‍ത്ഥന എപ്പോഴും ഉള്ളിലുണ്ട്. ചില സീസണുകളില്‍ പത്തും ഇരുപതും തിരുപ്പട്ടങ്ങളില്‍ പ്രസംഗം പറയേണ്ടി വന്നിട്ടുണ്ട്. ഓരോ പട്ടത്തിനും വ്യത്യസ്തമായ പ്രസംഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ ദൈവം തന്ന വരദാനങ്ങളായിട്ടാണു ഞാന്‍ കാണുന്നത്.

അടുത്തയിടെ പ്രചരിച്ച പിതാവിന്‍റെ ഒരു പ്രസംഗഭാഗം ഓര്‍മ്മ വരുന്നു. “എനിക്കു നീതി കിട്ടാതിരിക്കുമ്പോഴും ഞാന്‍ നീതിയോടെ പ്രവര്‍ത്തിക്കും.” എന്നതില്‍ പറയുന്നുണ്ട്. ദൈവനീതിയും മാനുഷികനീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടോ?
രണ്ടു വര്‍ഷം മുമ്പ് മറൈന്‍ ഡ്രൈവ് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ എന്‍റെ മനസ്സില്‍ പെട്ടെന്നു വന്ന ഒരു ചിന്തയാണിത്. വളരെയേറെ പാവപ്പെട്ട, ദുഃഖിക്കുന്ന, ദുരിതമനുഭവിക്കുന്ന മനുഷ്യരാണ് കണ്‍വെന്‍ഷനില്‍ വരിക. ദൈവം ഞങ്ങളെയൊക്കെ അയച്ചിരിക്കുക, എന്‍റെ കാര്യങ്ങളെല്ലാം കൃത്യമായി നടത്തിക്കിട്ടുക എന്നതിനേക്കാള്‍ ഞാനിടപെടുന്ന സ്ഥലങ്ങളില്‍ എന്‍റെ സംസാരം വഴിയോ, പ്രവൃത്തി വഴിയോ നയരൂപീകരണം വഴിയോ അവര്‍ക്കു നീതി നടത്തിക്കൊടുക്കാനായിട്ടാണ്. ഇത് ദൈവം എന്നോടാവശ്യപ്പെടുന്നു എന്ന ബോദ്ധ്യം എനിക്കുണ്ട്. ഞാനാഗ്രഹിക്കുന്ന വിധത്തില്‍ എനിക്കു നീതി നടത്തിക്കിട്ടിയാലും ഇല്ലെങ്കിലും പിറുപിറുത്തു മാറി നില്‍ക്കാതെ ഒരു ക്രിസ്തുശിഷ്യനെന്ന നിലയില്‍ എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം ഞാന്‍ നിറവേറ്റുമ്പോള്‍ അതിന്‍റെ ആനന്ദം നമുക്കനുഭവിക്കാനാകും. അനാഥരും രോഗികളുമായ കുറെ മനുഷ്യര്‍ക്കു നാം ആഹാരം വിളമ്പുന്നതു സങ്കല്‍പിക്കുക. വിളമ്പി കഴിയുമ്പോള്‍ നമുക്കു കഴിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല. എങ്കിലും നമ്മുടെ മനസ്സില്‍ ഒരു സംതൃപ്തിയുണ്ടാകും. പൗരോഹിത്യത്തിന്‍റെ ഒരു സംതൃപ്തിയാണത്.

വളരെ സങ്കീര്‍ണവും സങ്കടകരവുമായ ഒരവസ്ഥയിലൂടെയാണ് എറണാകുളം-അങ്കമാലി അതിരൂപത കടന്നുപോയത്. പിതാവ് അതിനെ സ്വീകരിച്ചതും അതിജീവിച്ചതും എങ്ങനെയാണ്?
അനേകായിരങ്ങള്‍ എന്നോടൊപ്പം എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അതെന്നെ ബലപ്പെടുത്തി. ചെങ്കടല്‍ കടന്നുപോകുന്ന ഒരനുഭവമായിരുന്നു ഇത്. ഭീതിപൂര്‍വകമായി തോന്നി. എന്നോടു അരമനയില്‍ നിന്നു മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മാറിയതിനെ കുറിച്ച് അനേകം മെത്രാന്മാര്‍ എന്നെ വിളിച്ചു പറഞ്ഞു, “അനുസരണത്തിന്‍റെ മനോഹരമായ ഒരു സാക്ഷ്യമാണത്.” ദൈവം നമ്മെ പലപ്പോഴും സാക്ഷികളാക്കി മാറ്റുന്നത് നാം പറയുന്ന കാര്യങ്ങള്‍ കൊണ്ടല്ല, മറിച്ചു വ്യക്തിപരമായ ജീവിതത്തില്‍ നാം കടന്നുപോകുന്ന ചില തിക്താനുഭവങ്ങളെ നാമെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ്. ഒരു ബലിയര്‍പ്പണത്തേക്കാള്‍ കൂടുതലായി, ചിലപ്പോള്‍ നാം തന്നെ ബലിയായി മാറുമ്പോള്‍ അതു ഫലദായകമാകും. കുരിശിലേയ്ക്കു കയറാന്‍ ചിലപ്പോള്‍ ദൈവം നമ്മോട് ആവശ്യപ്പെടും. ഘോരഘോരം പ്രസംഗിക്കുന്ന നാം ചിലപ്പോള്‍ അതു മാത്രം വേണ്ട എന്നു പറയും. പക്ഷേ അതു ചെയ്യുമ്പോഴാണ് നാം ആത്യന്തികമായി ഒരു ക്രിസ്തുശിഷ്യനായി മാറുക. ഇന്നു പിന്നോട്ടു നോക്കുമ്പോള്‍ മധുരതരമായ ഒരനുഭവമായി ഞാനതു കാണുന്നു. നിന്നോടു വിശ്വസ്തനായിരിക്കാന്‍ മാത്രമല്ല, നിന്നെ പ്രതി സഹിക്കാനുമുള്ള ഭാഗ്യം എനിക്കു നല്‍കപ്പെട്ടു എന്നു പൗലോസ് ശ്ലീഹാ നമ്മോടു പറയുന്നുണ്ട്. ഭാഗ്യം എന്ന വാക്കു വളരെ പ്രധാനപ്പെട്ടതാണ്. നാമിതിനെയൊക്കെ ദുരന്തമായി കാണും. എന്നാല്‍ ദുരന്തമല്ല ഇത്, ദൈവം വിളിച്ചേല്‍പിക്കുന്ന ഒരു നിയോഗമാണ്. അതിനെ കൈകാര്യം ചെയ്യുന്ന രീതി ആളുകളുടെ മനസ്സില്‍ നില്‍ക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് സന്തോഷകരമാണ്.

മാണ്ഡ്യയിലേയ്ക്കു പോകുമ്പോള്‍ മറ്റ് ആശങ്കകള്‍ എന്തെങ്കിലും?
ഞാന്‍ മിഷനില്‍ ജോലി ചെയ്തിട്ടില്ല. മിഷനു തനതായ ഒരു മിസ്സിയോളജി ഉണ്ടല്ലോ. കുറച്ചു ക്രൈസ്തവര്‍ മാത്രമുള്ള ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന വൈദികര്‍ അവിടെയുണ്ട്. അവര്‍ക്കു അജപാലനപരമായ സംതൃപ്തി പകരുന്നതിന് എങ്ങനെയുള്ള ചുവടുവയ്പുകളാണു നാം നടത്തേണ്ടതെന്നു ചിന്തിക്കണം. നഗരത്തില്‍ സന്യസ്തരാണ് പള്ളികള്‍ നടത്തുക. അവര്‍ക്കും തൃപ്തികരമായി കാര്യങ്ങള്‍ നടത്തണം. അതിനെക്കുറിച്ചുള്ള ആലോചനകളുണ്ട്. എങ്കിലും ഇതു കര്‍ത്താവിന്‍റെ ഒരു നിയോഗമാണ്. നമുക്ക് എന്തോ നല്‍കാനുള്ളതുകൊണ്ടാണ് ദൈവം നമ്മെ അങ്ങോട്ടയക്കുന്നത്. ഒന്നും യാദൃശ്ചികമായി ഞാന്‍ കരുതുന്നില്ല. നിയോഗമേറ്റെടുത്ത് സന്തോഷമായി പോകുന്നു.

Leave a Comment

*
*