പാദങ്ങള്‍ കഴുകുക

പാദങ്ങള്‍ കഴുകുക

എം.ജെ. തോമസ് എസ്ജെ

നൂറ്റാണ്ടുകളായി നിയമങ്ങളും പാരമ്പര്യവും ഹൃദയമില്ലാത്ത അധികാരവും വിദേശ ദുര്‍ഭരണവും അടിമകളായി വച്ചിരുന്ന ഇസ്രായേല്‍ ജനം ഒരു രക്ഷകനെ കാത്തിരുന്നു. ശക്തനായ പ്രവാചകനായി നന്മ ചെയ്ത് യേശു ചുറ്റിസഞ്ചരിച്ചപ്പോള്‍ "ഇവനായിരിക്കാം രക്ഷകനെന്ന്" അവര്‍ കരുതി. ദൈവം എല്ലാവരുടെയും സ്നേഹപിതാവാണെന്നും എല്ലാവരും സഹോദരീസഹോദരന്മാരാണെന്നും 'സാബത്ത് മനുഷ്യനുവേണ്ടിയാണെ'ന്നും ഒരേയൊരു കല്പന സോദരസ്നേഹമാണെന്നുമുള്ള യേശുവിന്‍റെ പ്രബോധനം ഏറ്റവും നല്ലതായി അവര്‍ക്കനുഭവപ്പെട്ടു. യേശുവിനെ രാജാവാക്കാന്‍ അവര്‍ ആഗ്രഹിച്ചു. ദാവീദിനെപ്പോലെ ശക്തനും പ്രതാപവാനുമായ രാജാവായിരിക്കും യേശുവെന്ന് അവര്‍ കരുതി. യേശുവിന്‍റെ രാജ്യത്തില്‍ ഒന്നാമനും രണ്ടാമനുമാകാന്‍ യോഹന്നാനും അന്ത്രയോസും മോഹിച്ചതു മറ്റു ശിഷ്യന്മാര്‍ക്ക് അസഹ്യമായി. ഇങ്ങനെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കലഹിക്കുന്നു, സ്വാര്‍ത്ഥതയുടെയും അസൂയയുടെയും അന്തരീക്ഷത്തിലായിരുന്നു അന്ത്യഅത്താഴം.

ശിഷ്യന്മാര്‍തന്നെ മനസ്സിലാക്കിയില്ലല്ലോ, തന്‍റെ പാതയിലൂടെയല്ലല്ലോ അവര്‍ സഞ്ചരിക്കുന്നത് എന്നതു യേശുവിനെ ദുഃഖിപ്പിച്ചു കാണും. കാലുകഴുകല്‍ ശുശ്രൂഷ (യോഹ. 13:1-17) ശിഷ്യന്മാരെ തിരുത്തുവാനുള്ള ഒരന്തിമ ശ്രമമായിട്ടാണു ചില ബൈബിള്‍ പണ്ഡിതന്മാരും കരുതുന്നത്. പാദങ്ങള്‍ കഴുകുന്നതു വളരെ വാചാലവും പ്രവചനാത്മകവുമായ ഒരടയാളമാണ്. ഒന്നാമനായ യേശു അടിമയുടെ വേഷം (തോര്‍ത്ത്) ധരിച്ച് അടിമയുടെ വേല (അതിഥികളുടെ പാദം കഴുകുക) ചെയ്യുന്നു. വ്യക്തമായ സന്ദേശമിതാണ്: അടിമകളുടെ പാദങ്ങള്‍ കഴുകുവാനുള്ള സ്നേഹമുള്ളവനാണു ദൈവരാജ്യത്തിലെ ഒന്നാമന്‍. ശിഷ്യന്മാര്‍ ഗുരുവിനെപ്പോലെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നവനായിരിക്കണം.

യേശു ഈ സ്നേഹസേവനം ചെയ്തതു യേശുവിനു വളരെ ഭയക്കാനുള്ള ഘട്ടത്തിലാണെന്നോര്‍ക്കണം. കാരണം, ധീരവും പ്രവചനാത്മകവുമായ ദേവാലയ ശുദ്ധീകരണത്തിനു ദേവാലയാധികാരികള്‍ ശിക്ഷാനടപടികള്‍ എടുക്കുമെന്നത് ഉറപ്പായിരുന്നു. മാത്രമല്ല, ഈ ഘട്ടത്തില്‍ ശിഷ്യന്മാരാരും സ്നേഹിക്കുന്നവരോ സ്നേഹം അര്‍ഹിക്കുന്നവോ ആയിരുന്നില്ല. സ്നേഹം അര്‍ഹിക്കാത്തവരെ, സ്നേഹിക്കാന്‍ പ്രയാസമുള്ളപ്പോള്‍ സ്നേഹിക്കുന്നതാണല്ലോ യഥാര്‍ത്ഥ സ്നേഹം.

ഗുരുവും നാഥനുമായ യേശു അടിമയാകുന്നതിലൂടെ നിലവിലുള്ള സാമൂഹ്യക്രമം അട്ടിമറിക്കപ്പെട്ടു. ഇതു പത്രോസിന് ഒട്ടും സ്വീകാര്യമല്ല, പീഡകള്‍ സഹിക്കേണ്ടിവരുന്ന മിശിഹാ, അസ്വീകാര്യനായിരുന്നതുപോലെ. മഹത്ത്വത്തിലേക്കുള്ള വഴി സഹനത്തിലൂടെയും മരിക്കാനും തയ്യാറായ സ്നേഹത്തിലൂടെയുമാണെന്നു പത്രോസിനു പഠിക്കേണ്ടിയിരിക്കുന്നു. പാദങ്ങള്‍ കഴുകുന്നതിന്‍റെ പൊരുള്‍ മനസ്സിലാക്കാത്ത പത്രോസ് യേശുവിനെ തടയുന്നു, തന്നെ കുളിപ്പിച്ചോളൂ എന്നുപോലും പറയാന്‍ മറ്റു ശിഷ്യന്മാരുടെ നിലപാട് ഒട്ടും മെച്ചമല്ല. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്ന അവര്‍ യേശുവിനെ സഹായിക്കുന്നതിന്‍റെ സൂചനപോലുമില്ല. ഒന്നാംസ്ഥാനത്തു കയറിയിരിക്കുന്ന യോഹന്നാന്‍ അനങ്ങുന്നില്ല. യേശുവിന്‍റെ ക്രൂരമായ പീഡാസഹനത്തെപ്പറ്റിയും ഉത്ഥാനത്തെപ്പറ്റിയുമുള്ള ധ്യാനത്തിലൂടെയാണ് അവര്‍ യേശുവിനെ അറിയുക.

യേശുവിന്‍റെ ജനനവും ജീവിതവും മരണവും സ്നേഹത്തിന്‍റെ തെളിവുകളായിട്ടാണു യോഹന്നാന്‍ അവതരിപ്പിക്കുന്നത്. പാദങ്ങള്‍ കഴുകുന്നത് ഏറ്റവും പൂര്‍ണമായ (13:1) സ്നേഹത്തിന്‍റെ അടയാളമായും എളിമയുടെ അടയാളമായും ഇതിനെ കാണുന്നത് അത്ര ശരിയല്ല. 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കണം' എന്നതാണല്ലോ യേശുവിന്‍റെ സുവ്യക്തമായ ഒരേയൊരു കല്പന. സ്നേഹിക്കയെന്നാല്‍ എന്താണെന്നാണു പാദങ്ങള്‍ കഴുകുന്നതിലൂടെ യേശു പഠിപ്പിക്കുന്നത്. എന്‍റെ ശരീരവും രക്തവും നിങ്ങള്‍ക്കുവേണ്ടി എന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെ. 'നിങ്ങള്‍ ഇത് എന്‍റെ ഓര്‍മയ്ക്കായി ചെയ്യുക' എന്നതിനര്‍ത്ഥം നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണം. കുര്‍ബാനയുടെ അര്‍ത്ഥം മരിക്കാനും തയ്യാറായ സ്വയംദാനം, സ്നേഹം എന്നാണല്ലോ. പാദങ്ങള്‍ കഴുകുന്നതിലൂടെ ലിറ്റര്‍ജിയും പരസേവനവും അഭേദ്യമായി ബന്ധിപ്പിക്കപ്പെടുന്നു.

അന്ത്യ അത്താഴവേളയില്‍ യേശു കുര്‍ബാന സ്ഥാപിച്ചതായി യോഹന്നാന്‍ രേഖപ്പെടുത്തുന്നില്ല എന്നതു ശ്രദ്ധേയമാണ്. കുര്‍ബാനയും പാദങ്ങള്‍ കഴുകുന്നതും ഒരു ചടങ്ങാകാതിരിക്കട്ടെ, വെറും ആഘോഷമാകാതിരിക്കട്ടെ.

വാക്കുകളേക്കാള്‍ ശക്തം മാതൃകയാണ്. എങ്കിലും പാദങ്ങള്‍ കഴുകുന്നതിന്‍റെ സന്ദേശം ശിഷ്യന്മാര്‍ ശരിക്കും മനസ്സിലാക്കണമെന്നാഗ്രഹിച്ച യേശു 'ഞാന്‍ ചെയ്തതുപോലെ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണ'മെന്ന് (13:15) കല്പിക്കുന്നു. സന്തുഷ്ടിയുടെ സുനിശ്ചിതമാര്‍ഗവും ഇതുതന്നെയെന്നും (13:17). സ്നേഹസേവനം ചെയ്യുന്നവനാണു സന്തോഷവാന്‍. സന്തോഷമുള്ളവര്‍ക്ക് എപ്പോഴുംകൊടുക്കാനുണ്ടാകും. പൂര്‍ണ സ്വയംദാനമായ സ്നേഹത്തിലാണു ദൈവം അനുഭവമാകുന്നത്. അതിലാണു മറ്റുള്ളവര്‍ ദൈവത്തെ ദര്‍ശിക്കുന്നത്. 'പാദങ്ങള്‍ കഴുകുക' എന്നതല്ലേ സുപ്രധാനമായ ഒരേയൊരു കല്പന? ഇതല്ലേ എല്ലാറ്റിലും എപ്പോഴും പ്രകടമാകേണ്ടത്? എപ്പോഴും നിരുപാധികമായി സ്നേഹിക്കുന്നവര്‍ പാറമേല്‍ പണിത ഭവനംപോലെയാണ് (മത്താ. 7:24).

സ്വന്തം പാദങ്ങള്‍ യേശു കഴുകുന്ന അനുഭവവും ആ ഓര്‍മ മനസ്സില്‍ താലോലിച്ചതും അതിന്‍റെ വെല്ലുവിളിയുമൊക്കെയാണു ശി ഷ്യന്മാരെ മാനസാന്തരപ്പെടുത്തിയത്. അവര്‍ നിസ്വാര്‍ത്ഥരായി, മരിക്കാനും തയ്യാറുള്ളവരായി. ശിഷ്യന്മാരുടെ അനുഭവമില്ലാത്ത നമ്മള്‍ക്കു ഭാവനാധ്യാനത്തിലൂടെ ഇത് സ്വല്പമെങ്കിലും സ്വന്തമാക്കാന്‍ കഴിയും.

ഭാവനാധ്യാനം ചെയ്യാന്‍ ചില നിര്‍ദ്ദേശങ്ങള്‍. ഏകാന്തതയില്‍ കണ്ണുകളടച്ച് നിവര്‍ന്നിരിക്കുക. ശരീരം കഴിയുന്നതും സ്വസ്ഥമായിരിക്കട്ടെ. ധ്യാനിക്കാനുള്ള ബൈബിള്‍ സംഭവം വര്‍ത്തമാനത്തില്‍ സംഭവിക്കുന്നതുപോലെ ഭാവനയില്‍ കാണുക, കേള്‍ക്കാവുന്നതു കേള്‍ക്കുക, ഉചിതമായ സ്പര്‍ശനവും അനുഭവിക്കുക. യേശുപാദങ്ങള്‍ കഴുകുന്നതാണു ധ്യാനവിഷയമെങ്കില്‍, പാദങ്ങള്‍ കഴുകുവാന്‍ യേശു ഒരുങ്ങുന്നത്, വെള്ളം കൊണ്ടുവരുന്നത്, സ്വന്തം മുമ്പില്‍ യേശു കുനിഞ്ഞു നിന്നോ, ഇരുന്നോ കഴുകുന്നത് അനുഭവിക്കുക. പാദങ്ങളില്‍ വെള്ളം വീഴുന്നത്, യേശുവിന്‍റെ കരസ്പര്‍ശനം, സ്നേഹം ശ്രദ്ധയോടെ പാദങ്ങളിലെ അഴുക്ക് കഴുകിക്കളയുന്നത്, തുടയ്ക്കുന്നത്. ഇതിനിടെ യേശു ധ്യാനിയെ സ്നേഹപൂര്‍വം നോക്കിയോ, ധ്യാനിയോടെന്തെങ്കിലും പറഞ്ഞോ എന്നും. അതിനുശേഷം യേശു അഴുക്കുവെള്ളം ദൂരെ കളയുന്നത്. തിടുക്കം പാടില്ല. എല്ലാം സ്വാഭാവികമായിരിക്കണം.

തുടര്‍ന്നു യേശു വോറൊരാളുടെ പാദങ്ങള്‍ പൂര്‍ണസ്നേഹത്തോടെ കഴുകുന്നതും ശ്രദ്ധിക്കുക. അങ്ങനെ മറ്റെല്ലാവരുടെയും. ഇങ്ങനെ കൂടക്കൂടെ ധ്യാനിക്കുന്നത് ആരെയും സ്പര്‍ശിക്കും, മാറ്റങ്ങള്‍ വരുത്തും. ധ്യാനിക്കാന്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എത്ര സമയമെന്നു മുന്‍കൂട്ടി തീരുമാനിച്ച്, വിശ്വസ്തതയോടെ ചെയ്യണം.

ഏറ്റവും പ്രധാനപ്പെട്ടതു യേശുവിനെ കൂടുതല്‍ കൂടുതല്‍ വ്യക്തിപരമായി അടുത്തറിയുക, കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കുക, കൂടുതല്‍ ആത്മാര്‍ത്ഥമായി അനുഗമിക്കുക എന്നതാണ്. ശിഷ്യന്‍ ഗുരുവിനെപ്പോലെയാകണം. മറ്റുള്ളവര്‍ ഒരു ക്രിസ്ത്യാനിയെ കാണുമ്പോള്‍ യേശുവിനെ അനുസ്മരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org