പൈതൃകവും, പ്രതീകങ്ങളും

പൈതൃകവും, പ്രതീകങ്ങളും

ക്രിസ്തു ജനനത്തിലേക്ക് ഒരു ചുവടുവയ്പ് -2

25 നോമ്പിന്‍റെ നാള്‍വഴികളെ ദീപ്തമാക്കാന്‍

ബോബി ജോര്‍ജ്ജ്
ബാംഗ്ലൂര്‍

ക്രൈസ്തവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍ ക്രിസ്മസും ദുഃഖവെള്ളിയും ആണ്. എന്താണ് ഒരു ക്രൈസ്തവന്‍റെ പൈതൃകം എന്ന് ഇവ ഉറപ്പിക്കുന്നു. ക്രിസ്മസ് നമ്മെ കൊണ്ടു ചെല്ലുന്നതു നിസ്സഹായാവസ്ഥയിലുള്ള ഒരു കുടുംബത്തിലേക്കാണ്. ഒരു കുഞ്ഞിന് ജനിക്കുവാന്‍ സ്ഥലം കിട്ടാത്ത അവസ്ഥയില്‍ ഉള്ള ഒരു കുടുംബം. ദുഃഖവെള്ളി നമ്മെ എത്തിക്കുന്നത്, അങ്ങേയറ്റം നിസ്സഹായനായി മരിക്കുന്ന ഒരു മനുഷ്യന്‍റെ അടുത്തേക്കാണ്. ക്രിസ്തുമതത്തിന് ഒരു ഒറ്റ വരി നിര്‍വചനം ചോദിച്ചാല്‍ പറയാവുന്നത് അത് നിസ്സഹായന്‍റെ നിലവിളിയുടെ ഉത്തരം ആണെന്നാണ്. അതിന് അങ്ങനെ ആയേ പറ്റൂ. കാരണം അതിന്‍റെ പൈതൃകം അതാണ്.

സ്റ്റാലിനിസത്തെ മാറ്റി നിര്‍ത്തിയാല്‍, വിപ്ലവകരമായ അതിന്‍റെ തുടക്കത്തെ, ക്രിസ്തുമതത്തെപ്പോലെ വഞ്ചിച്ച വേറൊരു പ്രസ്ഥാനം ഇല്ല എന്ന് പറഞ്ഞത് ബ്രിട്ടീഷ് എഴുത്തുകാരന്‍ ആയ ടെറി ഈഗിള്‍ട്ടന്‍ ആണ്. പാവങ്ങളുടെയും, ദുര്‍ബലരുടെയും പക്ഷത്തുനിന്ന്, സമ്പന്നരുടെയും, ബലവാന്മാരുടെയും പക്ഷത്തേക്ക് ക്രിസ്തുമതം കൂറുമാറി എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ഓരോ ക്രിസ്മസ് രാവും, ശബ്ദഘോഷങ്ങള്‍ക്കിടയിലും നിസ്സഹായരായ കുടുംബങ്ങളുടെ നിലവിളി കേള്‍ക്കാന്‍ നമ്മുടെ ചെവികള്‍ തുറന്നിരിപ്പുണ്ടോ എന്ന് പരിശോധിക്കുന്ന ദിവസം ആണ്.

പുല്‍ക്കൂട് എന്ന പ്രതീകം
ഒരു ക്രൈസ്തവന് രണ്ടു പ്രതീകങ്ങള്‍ ആണുള്ളത്. അര്‍ത്ഥം നിറച്ചുവച്ചിരിക്കുന്ന രണ്ടു പ്രതീകങ്ങള്‍. പുല്‍ക്കൂടും, കുരിശും. ഈ ക്രിസ്മസ് ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പുല്‍ക്കൂട് നമ്മോടു പറയുന്നത് എന്തൊക്കെയാണ്? ഒന്നാമതായി അത് അനന്തസാധ്യതകളുടെ ഒരു ചിത്രമാണ്. ഒന്നുമില്ലാതെ ജനിച്ചവന്‍ ലോകത്തിന് ആവേശമായി മാറിയ കഥ. പരിധികള്‍ ഇല്ലാതെ സ്വപ്നം കാണാന്‍ ആണ് പുല്‍ക്കൂട് നമ്മെ പഠിപ്പിക്കുന്നത്. ഒട്ടും privileged അല്ലാത്ത ഒരു ജനനം ആണ് നാം ഓര്‍ക്കുന്നത്. ജനനം എങ്ങനെയും ആയിക്കോട്ടെ, ജീവിതം കൊണ്ട് വിപ്ലവം നടത്താന്‍, മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ തയ്യാര്‍ ആണോ എന്നതാണ് ചോദ്യം. ജനിച്ച സാഹചര്യങ്ങളെ പഴിച്ചു ഇരിക്കാന്‍ നമുക്ക് അവകാശം ഇല്ല തന്നെ.

കുട്ടികള്‍
തങ്ങളുടെ ദൈവത്തെ ജനനം മുതല്‍ കാണാന്‍ ഭാഗ്യം ലഭിച്ചവര്‍ ആണ് ക്രൈസ്തവര്‍. ക്രിസ്മസില്‍ നിറഞ്ഞു നില്‍ക്കുന്നത് ഉണ്ണിയേശു ആണ്. അതു കൊണ്ട് തന്നെ, കുട്ടികളെപ്പറ്റിയുള്ള ചിന്തകള്‍ക്ക് വലിയ പ്രസക്തി ഉണ്ട്. ഒരുപക്ഷെ ജീവിത വ്യഗ്രതകളില്‍ കുട്ടികള്‍ ഇത്രയും അവഗണിക്കപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്. ആഹ്ളാദം നന്നേ കുറഞ്ഞ ബാല്യങ്ങള്‍ ആണ് ചുറ്റും. കുട്ടികളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പുല്‍ക്കൂട് നമ്മോടു പറയുന്നുണ്ട്. മുതിര്‍ന്നവര്‍ വല്ലാണ്ട് കൈയ്യേറിയ ലോകം ആണിത്. യേശു നമ്മോടു പറഞ്ഞത് നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍ എന്നാണല്ലോ? അതുകൊണ്ട് തന്നെ ഇന്ന് ഉണ്ണിയേശു നമ്മെ നിര്‍ബ്ബന്ധിക്കുന്നത്, എല്ലാ ഉണ്ണികള്‍ക്കും വേണ്ടി ജീവിക്കാന്‍ ആണ്. ക്രിസ്മസിന്‍റെ സമാധാനം എന്ന് പറയുന്നത്, യുദ്ധം ഇല്ലായ്മ മാത്രം അല്ല, മറിച്ചു നമ്മുടെ കുഞ്ഞുങ്ങള്‍ കരയാതെ, സുരക്ഷിതരായി, വിശപ്പടക്കി ജീവിക്കുന്നതും കൂടിയാണ്. അതോടൊപ്പം കുട്ടികളുടെ കൗതുകവും, നിര്‍ഭയത്വവും, നിഷ്കളങ്കതയും സ്വന്തമാക്കാന്‍ പുല്‍ക്കൂട് നമ്മളെ നിര്‍ബ്ബന്ധിക്കുന്നു. സ്വന്തം ചെറുപ്പത്തെ മനസ്സിലാക്കാന്‍ പറ്റാത്തവര്‍ വലിയവര്‍ ആകില്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പറയും.

സന്തോഷവും അര്‍ത്ഥവും ഒന്നുചേരുമ്പോള്‍
ക്രിസ്മസ് ആഘോഷിക്കാന്‍ നാം തയ്യാറെടുക്കുമ്പോള്‍ സന്തോഷം എന്ന ആശയത്തെക്കുറിച്ചു ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. മനുഷ്യജീവിതത്തില്‍ എന്താണ് നാം പരമപ്രധാനം ആയി തേടുന്നത് എന്ന ഒരു ചോദ്യം ഉണ്ട്. അത് സന്തോഷം തേടല്‍ ആണെന്ന് ഫ്രോയിഡ് വിശ്വസിച്ചു. മനുഷ്യജീവിതത്തെ അധികാരം തേടിയുള്ള യാത്രയായി ആല്‍ഫ്രഡ് ആഡ്ലെര്‍ (Alfred Adler) അവതരിപ്പിക്കുന്നു. പക്ഷെ നമ്മുടെ ജീവിതം യഥാര്‍ത്ഥത്തില്‍ എന്താണ്? അത് അര്‍ത്ഥം തേടിയുള്ള യാത്രയാണ്. അര്‍ത്ഥം മാറ്റി നിര്‍ത്തുമ്പോള്‍, ജീവിതം സന്തോഷം മാത്രം തേടിയുള്ള നെട്ടോട്ടം ആയി മാറുന്നു. ഒരുപക്ഷെ ഈ ക്രിസ്മസിന് ഹാപ്പി ക്രിസ്മസ് ആശംസിക്കുമ്പോള്‍, അതോടൊപ്പം അര്‍ത്ഥപൂര്‍ണമായ ഒരു ക്രിസ്മസും നാം ആശംസിക്കേണ്ടതുണ്ട്. Wish you a happy and meaningful Christmas. സന്തോഷം മാത്രം മതിയെങ്കില്‍ നമ്മള്‍ മാത്രം വയറു നിറച്ചു ക്രിസ്മസ് വിരുന്നു കഴിച്ചാല്‍ മതിയാകും. പക്ഷെ അയല്‍വക്കത്തുള്ളവനും കഴിച്ചു എന്ന് ഉറപ്പുവരുത്തുമ്പോള്‍ അത് അര്‍ത്ഥപൂര്‍ണമായി മാറുന്നു. വേറൊരു അര്‍ത്ഥത്തില്‍ സന്തോഷം മാത്രം തേടുമ്പോള്‍ നമ്മള്‍ എടുക്കുന്നവരും, അര്‍ത്ഥം തേടുമ്പോള്‍ നമ്മള്‍ കൊടുക്കുന്നവരും ആകുന്നു.

കേരളത്തിന്‍റെ ക്രിസ്മസ്
ഒരു മഹാദുരന്തത്തിന്‍റെ മുറിപ്പാടുകള്‍ ഉണങ്ങുന്നതിനു മുമ്പാണ് നമ്മുടെ നാട്ടില്‍ ക്രിസ്മസ് എത്തുന്നത്. അതിന്‍റെ ഓര്‍മകളെ മാറ്റി നിര്‍ത്തി നമുക്ക് ഈ വര്‍ഷം ക്രിസ്മസ് ചിന്തകള്‍ ഇല്ല. സ്നേഹത്തിന്‍റെ പ്രചോദനം, നൂറുകണക്കിന് ജീവനുകളെ രക്ഷപെടുത്തിയത് നമ്മള്‍ കണ്ടു. പക്ഷെ ജീവന്‍ തിരിച്ചുകിട്ടിയ പലര്‍ക്കും ഇനിയും ജീവിതം തിരിച്ചു കിട്ടിയിട്ടില്ല. ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ട പൊന്നും മീറയും കുന്തിരിക്കവുമായി നാം കടന്നു ചെല്ലുന്നതും കാത്തിരിക്കുന്ന ഒരുപാടു മനുഷ്യര്‍ ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org