Latest News
|^| Home -> Cover story -> പാക് ജനത പുരോഹിതരെ ആദരിക്കുന്നു

പാക് ജനത പുരോഹിതരെ ആദരിക്കുന്നു

Sathyadeepam

പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി സേവനം ചെയ്ത ശേഷം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ് ആര്‍ച്ചുബിഷപ് എവറിസ്റ്റ് പിന്‍റോ. ഗോവയിലാണ് അദ്ദേഹം ജനിച്ചത്. കറാച്ചി അതിരൂപതയ്ക്കു വേണ്ടി 1968-ല്‍ വൈദികനും 2000-ല്‍ കറാച്ചി അതിരൂപത സഹായമെത്രാനുമായി. 2004-ല്‍ ആര്‍ച്ചുബിഷപ്പാകുകയും 2012-ല്‍ 75-ാം വയസ്സില്‍ വിരമിക്കുകയും ചെയ്തു. ആര്‍ച്ചുബിഷപ് പിന്‍റോയുമായി സത്യദീപം ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? പൗരോഹിത്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണല്ലോ അങ്ങ്. പാക്കിസ്ഥാനില്‍ ഒരു പുരോഹിതനായി ജീവിച്ചതിന്‍റെ ആഹ്ലാദങ്ങളും വെല്ലുവിളികളും എന്തൊക്കെയായിരുന്നു?

പാക്കിസ്ഥാനില്‍ വൈദികരോടു വലിയ ആദരവുണ്ട്. ജനങ്ങള്‍ പുരോഹിതരെ ശരിക്കും സ്നേഹിക്കുന്നവരാണ്. നഗരങ്ങളില്‍ നിന്നുള്ളവരായാലും ഗ്രാമങ്ങളില്‍ നിന്നുള്ളവരായാലും പുരോഹിതരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ പാക്കിസ്ഥാനിലും ഉണ്ട്. ന്യൂനപക്ഷങ്ങളോടുള്ള വിവേചനവും ഒരു പരിധിവരെ ഉണ്ട്. എങ്കിലും അതിനെ മതപീഡനം എന്നു വിളിക്കാന്‍ കഴിയില്ല. വിവേചനപരമായ ചില നയങ്ങള്‍ ഉണ്ടെന്നതു വാസ്തവമാണ്. എങ്കിലും വിദ്യാഭ്യാസം, മനുഷ്യാവകാശം, ആതുരസേവനം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളില്‍ രാജ്യത്തിനു ക്രൈസ്തവര്‍ നല്‍കിയ സംഭാവനകളെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. അതേസമയം അനുദിനജീവിതത്തില്‍ ഞങ്ങള്‍ ചില വെല്ലുവിളികളും നേരിടുന്നുണ്ട്.

? പാക്കിസ്ഥാനിലെ ആദ്യത്തെ അതിരൂപതയാണോ കറാച്ചി?
അല്ല. ലാഹോറാണ്. അത് ഇന്ത്യയിലെ ആഗ്ര അതിരൂപതയുടെ ഭാഗമായിരുന്നു. ഞങ്ങള്‍ മുംബൈ അതിരൂപതയുടെയും. സ്വാതന്ത്ര്യത്തിനു ശേഷമാണ് പാക്കിസ്ഥാനില്‍ പുതിയ രൂപതകള്‍ സ്ഥാപിതമായത്. ഞങ്ങള്‍ക്ക് എല്ലാം ഒന്നില്‍ നിന്നു തുടങ്ങേണ്ടിയിരുന്നു. എങ്കിലും ഇവിടത്തെ സഭാസമൂഹം വളരെ സ്നേഹസമ്പന്നരായിരുന്നു. പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചു ഞങ്ങള്‍ക്കു വളരാന്‍ കഴിഞ്ഞു.

? പുരോഹിതനെന്ന നിലയില്‍ അങ്ങേയ്ക്ക് ഏറ്റവും ആനന്ദം നല്‍കിയിരുന്നത് എന്താണ്?
ജനങ്ങളുടെ സ്നേഹം ലഭിച്ചതു തന്നെയാണ് വലിയ ആനന്ദം. ധാരാളം നല്ല സ്നേഹിതരുണ്ടായി.

? പാക്കിസ്ഥാനിലെ ജനങ്ങള്‍ പുരോഹിതരില്‍ ഏറ്റവുമിഷ്ടപ്പെടുന്നത് എന്താണ്?
പ്രാര്‍ത്ഥിക്കുന്നവരായി, ദൈവത്തിന്‍റെ മനുഷ്യരായി പുരോഹിതരെ കാണാനാണ് ജനം ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് വൈദികവസ്ത്രങ്ങള്‍ അവിടെ വളരെ പ്രധാനമാണ്. പുരോഹിതരെ ളോഹ ധരിച്ചു കാണാനാണ് ജനം ഇഷ്ടപ്പെടുന്നത്.

? ബിബ്ലിക്കല്‍ തിയോളജിയിലാണല്ലോ താങ്കളുടെ ഡോക്ടറേറ്റ്. ബിരുദാനന്തരബിരുദം നേടിയത് ബൈബിള്‍ പഠനത്തിലാണ്. ഇതു സേവനമേഖലയില്‍ എപ്രകാരം സഹായകരമായി?
ബൈബിള്‍ പഠിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. വൈദികനായാലും മെത്രാനായാലും ആദ്യ കടമ പ്രഘോഷിക്കുക എന്നതാണല്ലോ. ഒരു മണിക്കൂര്‍ പ്രഘോഷിക്കുകയോ പഠിപ്പിക്കുകയോ ചെയ്യണമെങ്കില്‍ 6 മണിക്കൂര്‍ പഠിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കരുടെ കൈകളിലേയ്ക്കു ബൈബിള്‍ വച്ചു കൊടുത്തു. ഈ സാഹചര്യത്തില്‍ ബൈബിള്‍ പഠിക്കാന്‍ കഴിഞ്ഞത് വളരെ സഹായകരമായി. വിശ്വാസികളെ പഠിപ്പിക്കുന്നതിനും പ്രബോധിപ്പിക്കുന്നതിനും അതു പ്രയോജനകരമായി.

? ഭരണകാര്യങ്ങളില്‍ അതു സഹായിച്ചോ?
വൈദികരും മെത്രാന്മാരും ഒക്കെ ആകുമ്പോള്‍ നമ്മള്‍ ഒരു സംവിധാനത്തിന്‍റെ ഭാഗമാകുക കൂടിയാണ് ചെയ്യുന്നത്. ഭരണപരമായ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. തീരുമാനങ്ങളെടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും വേണ്ടിവരും. അവിടെയെല്ലാം ബൈബിള്‍ പഠനം സഹായകരമായിരുന്നു.

? പാക്കിസ്ഥാനില്‍ ബൈബിള്‍ പഠിക്കാനും മറ്റും അല്മായര്‍ വലിയ താത്പര്യമെടുക്കുന്നതായി അറിയാനിടയായി. ഇതിനെ താങ്കള്‍ എപ്രകാരമാണ് പ്രോത്സാഹിപ്പിക്കുന്നത്?
ഇന്ത്യയില്‍ നിന്നു വന്ന ഇംഗ്ലീ ഷ് സംസാരിക്കുന്ന വിശ്വാസികളാണ് ഞങ്ങളുടെ കൂടെയുള്ള കുറേ പേര്‍. അവര്‍ വിശുദ്ധരുടെ നൊവേനകള്‍ പോലുള്ള വിവിധ തരം ഭക്താഭ്യാസങ്ങള്‍ കൊണ്ടു തൃപ്തരാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും പഞ്ചാബില്‍ നിന്നു വന്നവരും പ്രൊട്ടസ്റ്റന്‍റ് പശ്ചാത്തലം ഉള്ളവരുമാണ്. പഞ്ചാബി ആണ് അവരുടെ ഭാഷ. ദൈവവചനത്തിനായുള്ള ദാഹം അവരില്‍ വളരെ പ്രകടമാണ്. ബൈബിള്‍ കൈയിലെടുത്താലുടനെ അവര്‍ തല മറയ്ക്കുകയും വലിയ ആദരവ് ദൈവവചനത്തോടു പ്രകടിപ്പിക്കുകയും ചെയ്യും. അവരിലെ നിരക്ഷരരായ ആളുകള്‍ മറ്റുള്ളവരെ കൊണ്ടു ബൈബിള്‍ വായിച്ചു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ദൈവവചനം സ്വീകരിക്കാനുള്ള വലിയ സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു.

? ദൈവവചനത്തോടുള്ള ഈ താത്പര്യം അതു ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള താത്പര്യം എത്രത്തോളം അവരിലുണ്ടാക്കിയിരുന്നു?
വിവിധ സംസ്കാരങ്ങളുടെ സ്വാധീനവും അധിനിവേശവും ഇവിടെയുണ്ട്. പാശ്ചാത്യസംസ്കാരത്തിന്‍റെ സ്വാധീനമുണ്ട്. എങ്കിലും സഭയുടെ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കുന്നു. യുവജനങ്ങളുടെ സഹകരണമൊക്കെ വളരെയധികം പ്രോത്സാഹനജനകമാണ്.

? യുവതലമുറയെ താങ്കള്‍ എപ്രകാരം വിലയിരുത്തുന്നു?
അവര്‍ ജീവിക്കുന്ന രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടില്‍ ധാരാളം അഴിമതിയും അനീതിയും ഉണ്ട്. എങ്കിലും, യുവജനങ്ങള്‍ നമ്മോടൊപ്പമുണ്ട്. സഭയുടെ എല്ലാ പരിപാടികള്‍ക്കും അവരുടെ പങ്കാളിത്തമുണ്ട്. സഭയുടെ സത്പേര് അതിനൊരു കാരണമാണ്. യുവജനങ്ങളെ ഇപ്പോള്‍ സഭയോടു ചേര്‍ത്തു നിറുത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നീടൊരിക്കലും അതിനു കഴിയുകയുമില്ല.

? യുവജനങ്ങള്‍ക്ക് അവരുടെ വിശ്വാസം പ്രകടിപ്പിക്കാന്‍ എന്തൊക്കെ വേദികളാണ് പാക് രൂപതകള്‍ നല്‍കുന്നത്?
ഇടവകകളില്‍ സണ്‍ഡേ സ്കൂളുകളുണ്ട്. ലീജിയന്‍ ഓഫ് മേരി, സെ. വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുണ്ട്. കൂടാതെ ജീസസ് യൂത്തും പ്രവര്‍ത്തിക്കുന്നു. സണ്‍ഡേ സ്കൂളുകളില്‍ യുവജനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വേണ്ടത്ര മതബോധന കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. കൂടാതെ ഞങ്ങളുടെ വിശ്വാസം ആധുനിക സങ്കേതങ്ങളുപയോഗിച്ച് ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ അവതരിപ്പിക്കാനും വേദികള്‍ അവരുപയോഗിക്കുന്നുണ്ട്. കറാച്ചിയില്‍ ഇതെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

? ജീസസ് യൂത്ത് പാക്കിസ്ഥാനിലുണ്ടാക്കിയ ചലനമെന്താണ്?
ധാരാളം യുവജനങ്ങള്‍ക്ക് ജീസസ് യൂത്ത് പ്രചോദനം നല്‍കി. ജീസസ് യൂത്തിന്‍റെ ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ വലിയ വിജയമാണ്. ശ്രീലങ്ക, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കെല്ലാം മിഷണറിമാരായി യുവജനങ്ങള്‍ പോകുന്നു. പാക്കിസ്ഥാനിലും ആശുപത്രികളിലും ഗ്രാമങ്ങളിലും മറ്റും സേവനങ്ങള്‍ ചെയ്യുന്നു. ക്രിസ്തുവിനെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സംസാരിക്കാന്‍ കൂടുതല്‍ പേര്‍ ഇന്നു താത്പര്യപ്പെടുന്നു.

? വൈദികപരിശീലനത്തെക്കുറിച്ചു എന്തു പറയുന്നു?
മെത്രാനായപ്പോള്‍ എനിക്കു കിട്ടിയ ഒരു ചുമതല മൈനര്‍ സെമിനാരികളിലെല്ലാം പോയി സാഹചര്യങ്ങള്‍ വിലയിരുത്തുക എന്നതായിരുന്നു. വൈദികപരിശീലനം സെമിനാരികളില്‍ മാത്രം നടക്കേണ്ട ഒന്നല്ല. പാക് സഭ ഇക്കാര്യങ്ങള്‍ക്കു മതിയായ ഗൗരവം ഒരു കാലത്തു നല്‍കിയിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഞങ്ങള്‍ക്ക് ആവശ്യമായ യോഗ്യതകളുള്ള ആളുകള്‍ പരിശീലന രംഗത്തു വേണ്ടത്ര ഉണ്ടായിരുന്നില്ല എന്നതും സത്യമാണ്. വൈദികപരിശീലനം വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.

? വൈദിക പരിശീലനത്തില്‍ അല്മായരെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?
വളരെ നല്ല കാര്യമാണ്. പങ്കാളിത്ത സഭയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഇതാവശ്യമാണ്. വൈദികര്‍ അദ്ധ്യക്ഷപദവിയില്‍ ഇരിക്കേണ്ടവരല്ല. ജനങ്ങള്‍ക്കിടയിലായിരിക്കണം. യൂറോപ്യന്‍ മാതൃകയെയല്ല നാമിവിടെ അനുകരിക്കേണ്ടത്.

? താങ്കള്‍ക്ക് അനേകം ഭാഷകള്‍ അറിയാമെന്ന് മനസ്സിലാക്കാനായി. അതേക്കുറിച്ച്…
സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് 8 വര്‍ഷം ഞാന്‍ ജോലി ചെയ്തിരുന്നു. പ്രാദേശികഭാഷകള്‍ പഠിക്കാന്‍ അത് അവസരമായി. കറാച്ചിയില്‍ അന്നു ഗുജറാത്തി ഭാഷ സാധാരണമായിരുന്നു. അതു പഠിച്ചു. മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ പഞ്ചാബി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതിനാല്‍ ആ ഭാഷ പഠിച്ചു. മേജര്‍ സെമിനാരിയില്‍ ബംഗ്ലാദേശികളായ വിദ്യാര്‍ത്ഥികളുണ്ടായി. അങ്ങനെ ബംഗാളി പഠിച്ചു. അങ്ങനെയൊക്കെയാണ് പുതിയ ഭാഷകള്‍ പഠിക്കാനിടയായത്. ഭാഷകളേക്കാള്‍ സംസ്കാരങ്ങളുടെ പഠനമാണ് പ്രധാനം. എല്ലാ സംസ്കാരങ്ങളിലും സുവിശേഷം അവതരിപ്പിക്കുക. ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല.

? പൗരോഹിത്യത്തില്‍ അമ്പതു വര്‍ഷങ്ങളും മെത്രാന്‍ പദവിയില്‍ 17 വര്‍ഷങ്ങളും പിന്നിടുന്ന താങ്കള്‍ ഇപ്പോഴും സെമിനാരി പരിശീലനത്തില്‍ സജീവമാണ്. കറാച്ചിയിലെ സഭയ്ക്ക് താങ്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനകള്‍ എന്താണെന്നാണ് വ്യക്തിപരമായി താങ്കള്‍ കരുതുന്നത്?
ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പഠിപ്പിക്കുന്നതിലും സെമിനാരി പരിശീലനത്തിലും ജോലി ചെയ്തിട്ടുണ്ട്. രണ്ട് ഇടവകകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലൊക്കെ വ്യത്യസ്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. ചില മാറ്റങ്ങള്‍ക്കും വിശ്വാസവര്‍ദ്ധനയ്ക്കും വിത്തു പാകാനേ സാധിച്ചിട്ടുള്ളൂ. അറിയാമല്ലോ, ഭാരതത്തില്‍ നിന്നു വിഭജിക്കപ്പെട്ടതിനു ശേഷമുള്ള 70 വര്‍ഷത്തിന്‍റെ വിശ്വാസ വളര്‍ച്ച അത്ര വലുതല്ല.

? കഴിഞ്ഞ 40 വര്‍ഷമായി താങ്കള്‍ കറാച്ചി അതിരൂപതയുടെ മുഖപത്രമായ ക്രിസ്ത്യന്‍ വോയ്സില്‍ എഴുതുന്ന ആളു കൂടിയാണല്ലോ. ഞങ്ങളുടെ വാരികയായ സത്യദീപം ഇപ്പോള്‍ പ്രസിദ്ധീകരണത്തിന്‍റെ 91-ാം വര്‍ഷത്തിലാണ്. കത്തോലിക്കാ മാധ്യമങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് എന്തു കരുതുന്നു?
ആദ്യം തന്നെ സത്യദീപത്തിന് എന്‍റെ അനുമോദനങ്ങള്‍ നേരുന്നു. അച്ചടി മാധ്യമങ്ങള്‍ക്ക് എപ്പോഴും പ്രസക്തിയുണ്ട്. നാം പറയുന്ന കാര്യങ്ങള്‍ എപ്പോഴും ആളുകള്‍ ശ്രദ്ധിച്ചു എന്നു വരികയില്ല. എന്നാല്‍ എഴുതുന്ന കാര്യങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ആ ളുകളിലേയ്ക്ക് എത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് അച്ചടി മാധ്യമങ്ങള്‍ അവയുടെ ദൗത്യം തുടരട്ടെ.

Leave a Comment

*
*