“അടുത്ത ബെല്ലോടു കൂടി…”

“അടുത്ത ബെല്ലോടു കൂടി…”

ഫ്രാങ്ക്ളിന്‍ എം.

"അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുകയാണ്" – അമ്പലപ്പറമ്പിലും പള്ളിമുറ്റത്തും ഓഡിറ്റോറിയങ്ങളിലും അക്ഷമരായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിടുന്ന, തിരശ്ശീലയ്ക്കു പിന്നിലെ ഈ അനൗണ്‍സ്മെന്‍റ് നാടാകാസ്വാദകര്‍ക്ക് എന്നും ആവേശമാണ്. ടിവിയും സിനിമയും നിറഞ്ഞാടുമ്പോള്‍ പോലും ജനകീയ കലാരൂപമായ നാടകത്തിന്‍റെ പ്രസക്തിക്കു കാര്യമായി കുറവു വന്നിട്ടില്ലെന്ന സൂചനയാണ് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ നാടകം കാണാനെത്തുന്ന ആള്‍ക്കൂട്ടം വ്യക്തമാക്കുന്നത്.

നാടകം പോലെ ഒരുപക്ഷെ അതിനേക്കാള്‍ കൂടുതലായി ഗാനമേളകളും നമ്മുടെ നാട്ടില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. രണ്ടിന്‍റെയും സ്വീകാര്യതയ്ക്കു കാര്യമായി മങ്ങലേറ്റിട്ടില്ല. എന്നാല്‍ പണ്ടുണ്ടായിരുന്നത്ര നാടകവും നാടക സമിതികളും ഇന്നില്ല. ഈ രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പിന്‍വാങ്ങിയവരും പലവിധ കാരണങ്ങളാല്‍ റിസ്ക്കെടുക്കാന്‍ തയ്യാറാകാതെ അരങ്ങൊഴിഞ്ഞവരും നിരവധി യുണ്ട്. അതേസമയം, അല്‍പം പ്രയാസപ്പെട്ടാണെങ്കിലും നാടകമെന്ന കലാരൂപത്തെ അതിന്‍റെ പൈതൃകത്തിലും സംസ്ക്കാരത്തിലും ചേര്‍ത്തു പിടിച്ചു രംഗത്തവതരിപ്പിക്കുന്ന സമിതികള്‍ ഇനിയും കളം വിട്ടിട്ടില്ല. അവര്‍ക്ക് നാടകം ജീവനും ജീവിതവുമാണ്. സാമൂഹിക പ്രതിബദ്ധതതയുടെ ആവിഷ്ക്കാരവുമാണ്.

ഇത്തരത്തില്‍ നാടകത്തെ മൂല്യപ്രഘോഷണത്തിനായി പ്രയോജനപ്പെടുത്തി ജൈത്രയാത്ര തുടരുന്ന സമിതിയാണ് പാലാ കമ്മ്യൂണിക്കേഷന്‍സ്. 1996 ലാണ് ഇതിന്‍റെ ആരംഭം. പാലാ ബിഷപ്പായിരുന്ന മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്‍റെ അനുഗ്രഹാശിസ്സുകളോടെ ആരംഭിക്കപ്പെട്ട പാലാ കമ്യൂണിക്കേഷന്‍സ് ഇന്നു നാടക – ഗാനമേള രംഗത്ത് കേരളത്തില്‍ അറിയപ്പെടുന്ന ട്രൂപ്പാണ്. 1996 ആഗസ്റ്റ് 25 നാണ് പാലാ കമ്യൂണിക്കേഷന്‍സിന്‍റെ പ്രഥമ നാടകം അരങ്ങേറിയത് – കുടുംബനാഥന്‍. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തുടക്കം കുറിച്ച ആ യാത്ര അനുസ്യൂതം തുടരുന്നു. സമിതിയുടെ ഏറ്റവും പുതിയ നാടകം "ജീവിതം മുതല്‍ ജീവിതം വരെ" മികച്ച അഭിപ്രായം കൈവരിച്ചു അരങ്ങില്‍ കസറുകയാണ്. ഫാ. തോമസ് കടുകപ്പള്ളിയായിരുന്നു പാലാ കമ്യൂണിക്കേഷന്‍സിന്‍റെ ആദ്യ ഡയറക്ടര്‍. 23 വര്‍ഷങ്ങള്‍ക്കു ശേഷവും പാലാ കമ്യൂണിക്കേഷന്‍സ് നാടക – ഗാനമേള രംഗത്തു സജീവമായി സഭയുടെ സുവിശേഷവത്കരണ യത്നത്തില്‍ പങ്കുപറ്റുന്നു.

നാടകമെന്ന കാലരൂപത്തോട് ഇന്നും അഭിനിവേശമുള്ള അനവധി ആസ്വാദകരുണ്ടെന്ന് പാലാ കമ്യൂണിക്കേഷന്‍സിന്‍റെ ഇപ്പോഴത്തെ ഡയറക്ര്‍ ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ പറയുന്നു എന്നാല്‍ നാടകത്തേക്കാള്‍ പ്രിയം ഗാനമേളക്കാണ്. ക്ഷേത്രങ്ങളിലാണു കൂടുതല്‍ ബുക്കിംഗ് ഉള്ളത്. പള്ളികളില്‍ തിരുനാള്‍ സീസണ്‍ പരിമിതമായതിനാല്‍ കൂടുതല്‍ സ്റ്റേജുകള്‍ കിട്ടാറില്ലെന്ന് അച്ചന്‍ സൂചിപ്പിക്കുന്നു. നല്ല നാടകമാണെങ്കില്‍ വര്‍ഷത്തില്‍ 200 സ്റ്റേജുകള്‍ വരെ കിട്ടുമെന്ന് ഫാ. ജോയല്‍ പറയുന്നു. "നാടകം മോശമായാല്‍ നൂറു തികയ്ക്കാനാവില്ല. അമ്പതോ അറുപതോ കൊണ്ടു തൃപ്തിപ്പെടേണ്ടിവരും. അതു ഭീമമായ നഷ്ടത്തിലേ കലാശിക്കൂ."

നാടകത്തില്‍ നിന്നുള്ള ലാഭത്തേക്കാള്‍ ഈ കലാരൂപത്തിലൂടെയുള്ള മൂല്യ പ്രഘോണമാണ് പാലാ കമ്യൂണിക്കേഷന്‍സ് ലക്ഷ്യമിടുന്നത്. ലാഭം എന്ന ചിന്തയില്ല. ഒരു നാടകം രംഗത്തവതരിപ്പിക്കാന്‍ എട്ടൊമ്പതു ലക്ഷം രൂപ ചെലവാകും. 13 പേരുള്ള ടീമിന് ഓരോ വേദിയിലും 1,300 രൂപ മുതല്‍ 2,400 വരെ പ്രതിഫലം നല്‍കണം. ഇതെല്ലാം കഴിഞ്ഞാല്‍ മിച്ചം വയ്ക്കാന്‍ ഒന്നും കാണില്ല. രൂപതാ കേന്ദ്രത്തില്‍ നിന്നു മുന്‍കൂര്‍ പണം വാങ്ങിയാണ് ഓരോ വര്‍ഷവും നാടകങ്ങള്‍ രംഗത്തവതരിപ്പിക്കുന്നതെന്ന് ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ പറഞ്ഞു.

നാടകങ്ങളേക്കാള്‍ പാലാ കമ്യൂണിക്കേഷന്‍സിന്‍റെ ഗാനമേളയ്ക്ക് ഡിമാന്‍റുണ്ട്. ഏതു ട്രൂപ്പിന്‍റെയായാലും ഗാനമേളയ്ക്കു പ്രിയം കൂടുതലാണ്. കൂടുതല്‍ പ്രേക്ഷകരെ അതിനു കിട്ടും. പാട്ടുകളുടെ വ്യത്യസ്തതയും പാട്ടുകാരുടെ വ്യത്യസ്തതയുമൊക്കെ ഗാനമേളയെ കൊഴുപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഫാ. ജോയല്‍ വിശദീ കരിക്കുന്നു. പാലാ കമ്യൂണിക്കേഷന്‍സിന്‍റെ ഗാനമേള ട്രൂപ്പിന് ഒരു വര്‍ഷം 180 സ്റ്റേജുകള്‍ കിട്ടാറുണ്ട്. സമൂഹ്യ നാടകങ്ങള്‍ക്കു പുറമെ ബൈബിള്‍ നാടകങ്ങളും പാലാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ചു വരുന്നു. എന്നാല്‍ അതിനു പൊതുവേ വേദികള്‍ കുറവാണ്. നാടകത്തിനു വേദികള്‍ കിട്ടുക എന്നത് വലിയ വെല്ലുവിളിയാണെന്ന് അച്ചന്‍ പറയുന്നു. അതുപോലെ നടികളെ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നുണ്ട്. പ്രത്യേകിച്ചു യുവതികള്‍ നാടകത്തിലേക്കു കടന്നുവരാന്‍ മടിക്കുന്നു. മിനി സ്ക്രീനിലേക്കും സിനിമയിലേക്കും കടക്കാനാണ് എല്ലാവര്‍ക്കും താത്പര്യം.

അമ്പതോളം കലാകാരന്മാര്‍ പാലാ കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. സമിതിയുടെ സത്പേരും പൈതൃകവും പാലാ കമ്യൂണിക്കേഷനുമായി ചേര്‍ന്നു പോകാന്‍ കലാകാരന്മാര്‍ക്കു പ്രചോദനമാണെന്ന് കേരള ഡ്രാമാ ചേംബറിന്‍റെ വൈസ് പ്രസിഡന്‍റും ഭക്തിഗാന രചയിതാവുമായ ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ പറയുന്നു. ഗാനമേളയ്ക്കും നാടകങ്ങള്‍ക്കും പുറമെ ക്രിസ്തീയ ഗാനമേള, സുവര്‍ണ സംഗീത മേള, ഫ്യൂഷന്‍ വോയ്സ് എന്നീ സ്റ്റേജ് ഷോകളും പാലാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ചു വരുന്നു. ബൈബിള്‍ വചനാധിഷ്ഠിത മാജിക് ഷോയും രംഗത്തവതരിപ്പിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ജൂനിയര്‍ സിംഗേഴ്സ് ഗാനമേള, മ്യൂസിക് സ്കൂള്‍ എന്നിവയും റിക്കോര്‍ഡിംഗ് സ്റ്റുഡിയോയും പാലാ കമ്യൂണിക്കേഷന്‍സിന്‍റേതായുണ്ട്.

പുതിയ തലമുറ ഇന്നു കലാരംഗത്തേക്ക് കൂടുതലായി കടന്നു വരുന്നത് ആശ്വാസകരമാണെന്ന് ഫാ. പണ്ടാരപ്പറമ്പില്‍ നിരീക്ഷിക്കുന്നു. മക്കളെ കലാവാസനയുള്ളവരാക്കി വളര്‍ത്താന്‍, പാട്ടിനും നൃത്തത്തിനുമൊക്കെ വിടാന്‍ ഇന്നു മാതാപിതാക്കള്‍ താത്പര്യം കാണിക്കുന്നുണ്ട്. കലയുടെ വഴികളില്‍ പ്രശസ്തി നേടുന്നവരുടെ ജീവിതമാകാം അതിനു കാരണം, അതെന്തായാലും പഠനത്തിനു പുറമെ കലാവാസനകള്‍ വികസിപ്പിക്കാന്‍ കുട്ടികളും താത് പര്യം കാണിക്കുന്നുണ്ട്.

എന്നാല്‍ കലയുടെ പ്രോത്സാഹനത്തിനും കലാകാരന്മാരുടെ ക്ഷേമത്തിനും സഭയും സര്‍ക്കാരും വേണ്ടത്ര താത്പര്യമെടുക്കുന്നുണ്ടോ എന്നു ഫാ. ജോയല്‍ സംശയിക്കുന്നു. കേരള സംഗീത നാടക അക്കാദമി നടത്തുന്ന നാടകമത്സരത്തില്‍ പങ്കെടുത്തു സമ്മാനം കിട്ടിയാല്‍ അത് അംഗീകാരമാണ്. ആ വിധത്തില്‍ പാലാ കമ്യൂണിക്കേഷന്‍സിന്‍റെ നാടകങ്ങള്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കെസിബിസിയും നാടകമത്സരങ്ങള്‍ നടത്തി ഈ രംഗത്തെ പരിപുഷ്ടിപ്പെടുത്താന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്ഥായിയായ വിധത്തില്‍ നാടകത്തെയോ കലാകാരന്മാരെയോ വളര്‍ത്താനോ പ്രോത്സാഹിപ്പിക്കാനോ വേണ്ടത്ര ആസൂത്രണങ്ങളില്ല എന്നാണ് ഫാ. പണ്ടാരപ്പറമ്പില്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു നാടകങ്ങളിലൂടെ മൂല്യപ്രഘോഷണം നടത്തിവരുന്ന പാലാ കമ്യൂണിക്കേഷന്‍സിന്‍റേതുപോലെ ചില ട്രൂപ്പുകള്‍ ഇവിടെയുണ്ടെങ്കിലും നാടകത്തിന്‍റെ ജനകീയതയും സ്വീകാര്യതയും പ്രയോജനപ്പെടുത്തി, അന്യം നിന്നു പോകാതെ ഈ കാലാരൂപത്തെയും കലാകാരന്മാരെയും പരിരക്ഷിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതു തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org